ഷിബു ഷണ്മുഖം: ഒരു നിസ്സംഗമൃതിയുടെ ചെരിഞ്ഞുകിടപ്പ്

#ബിജു സി.പി.
ഷിബു ഷണ്മുഖം
ഷിബു ഷണ്മുഖം

കുനുകുനാ അക്ഷരങ്ങളുള്ള ആ പുസ്തകത്തിന്റെ പുറംചട്ട അടര്‍ന്ന് ബൈന്‍ഡിങ് പൂര്‍ണമായും വേര്‍പെട്ടിരുന്നു. അരികുകളില്‍ ചിതലുകളുടെ പടയോട്ടം ബാക്കിവെച്ച തേരുരുള്‍പ്പാടുകള്‍. പുസ്തകത്തില്‍ പലയിടത്തും നീലമഷികൊണ്ട് അത്ര ശ്രദ്ധയൊന്നുമില്ലാത്ത അടിവരകള്‍. ഈ ലോഡ്ജില്‍ ആരാണ് ഇത്ര കൂലങ്കഷമായി കാള്‍ മാര്‍ക്‌സിനെക്കുറിച്ചുളള തത്ത്വശാസ്ത്ര പുസ്തകം വായിക്കുന്നത് എന്ന അതിശയമാണ് ഷിബു ഷണ്‍മുഖത്തിലേക്ക് എത്തിച്ചത്. കാലം 1997. കോഴിക്കോട് ചാലപ്പുറത്തെ റോഷ്‌നി ലോഡ്ജ്. പഴയ മട്ടില്‍ മാളിക പോലുള്ള ലോഡ്ജാണ്. പണ്ടുപണ്ടൊരു കാലത്ത് എസ്.കെ. പൊറ്റക്കാട്ടും എന്‍.പി. മുഹമ്മദുമൊക്കെ അവിടെ പതിവുകാരായിരുന്നു എന്ന് പറഞ്ഞിരുന്നത് ലോഡ്ജുടമയും ചാലപ്പുറത്തെ പഴയ മുസ്ലിം തറവാട്ടുകാരനുമായിരുന്ന മൊയ്തൂട്ടിക്കാ. 

വലിയങ്ങാടിക്കു സമീപം ചെറിയ രണ്ടുമുറികളിലായിട്ടാണ് ഗള്‍ഫ് വോയ്‌സ് മാസിക പ്രവര്‍ത്തിച്ചിരുന്നത്. ടി.വി. കൊച്ചുബാവ പ്രവാസം മതിയാക്കി നാട്ടിലെത്തി വൈകാതെ ഗള്‍ഫ് വോയ്‌സില്‍ കുടിയേറിയിരുന്നു. ബാവക്കയുടെ മാസികയിലേക്ക് ഏതുസമയത്തും ഏതുതരം ലേഖനവും എഴുതി സപ്ലൈ ചെയ്യാന്‍ കുട്ടിഎഴുത്തുകാരുടെ വലിയൊരു നിരയുണ്ടായിരുന്നു തൊട്ടടുത്ത കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന മാതൃഭൂമിയില്‍. ഡെസ്‌കിലെ ജോലിക്ക് വൈകുന്നേരം എത്തിയാല്‍ മതിയെങ്കിലും ട്രെയിനികളും തുടക്കക്കാരുമൊക്കെയായ ഞങ്ങള്‍ പലരും ഉച്ചയ്ക്ക് ഊണുകഴിക്കാന്‍ കാന്റീനില്‍ എത്തുമായിരുന്നു. പിന്നെ ഇടയ്ക്ക് ഒന്നു പുറത്തിറങ്ങുമ്പോള്‍ പലപ്പോഴും ചെന്നുകയറുക ഗള്‍ഫ് വോയ്‌സിന്റെ ഓഫീസിലാണ്. 

മാതൃഭൂമിയിലെ ട്രെയിനികളുടെ മുഖ്യ വാസസ്ഥലങ്ങളിലൊന്നായിരുന്നു ചാലപ്പുറത്തെ റോഷ്‌നി ലോഡ്ജ്. സുഭാഷ് ചന്ദ്രനും കെ. ഉണ്ണികൃഷ്ണനും വി. ഹരിഗോവിന്ദനും വിനോയ് മാത്യുവും ഉള്‍പ്പെടെ ഞങ്ങളുടെ ഒരു പട തന്നെയുണ്ടായിരുന്നു റോഷ്‌നിയില്‍. ഏതാനും വര്‍ഷക്കാലം അവിടെ ഷിബുവും താമസിച്ചിരുന്നു. മികച്ച വായനക്കാരനാണെന്ന എന്റെ നാട്യത്തെ തട്ടിത്തകര്‍ത്തു കളഞ്ഞ ഒരാളാണ് ഷിബു ഷണ്‍മുഖം. തകര്‍ന്നുതകര്‍ന്ന് പിന്നെ ആ നാട്യം പറ്റെ ഇല്ലാതായെങ്കിലും ഷിബുവിന്റെ വായന അന്ന് വലിയ അതിശയമായിരുന്നു. അന്നാണെങ്കിലും പിന്നെയാണെങ്കിലും ഹെഗലിനെയൊക്കെ വായിക്കാന്‍ ശ്രമിച്ച് പല്ലിളകിയതല്ലാതെ വലിയ ഫലമൊന്നുമുണ്ടായിട്ടില്ല. അവിടെയാണ് ഷിബു ഷണ്‍മുഖം എന്ന വലിയ വായനക്കാരന്‍ ഒരു മഹാമേരു പോലെ നിന്നത്. മദ്രാസിലെയും ബോംബെയിലെയും തെരുവോര പുസ്തകക്കൂനകളില്‍ നിന്ന് ഇത്തരം ഫിലോസഫി പുസ്തകങ്ങള്‍ തപ്പിയെടുക്കുന്നതിനെക്കുറിച്ച് ഒരിക്കല്‍ തികഞ്ഞ നിസ്സംഗതയോടെ ഷിബു പറഞ്ഞിട്ടുണ്ട്. 

പില്‍ക്കാലത്ത് നൊസ്റ്റാള്‍ജിയ എന്ന പേരില്‍ ഒരു മാസിക നടത്തിപ്പില്‍ മുഖ്യപങ്കു വഹിച്ചിരുന്ന ഷാജി പത്മനാഭനും പിന്നീട് ഗോകുലം ശ്രീയുടെ പത്രാധിപരായ ദീപേഷും ഒക്കെയാണ് അന്ന് ഗള്‍ഫ് വോയ്‌സില്‍ ഉണ്ടായിരുന്നത്. ഗള്‍ഫ് വോയ്‌സിലെ പതിവ് എഴുത്തുകാരിലൊരാളായിരുന്നു ഷിബു ഷണ്‍മുഖം. മറ്റൊരാള്‍ അജിത് ആയഞ്ചേരി ആയിരുന്നു. ഗുരുതരമായി വായിക്കുകയും അരാജകവാദിയുടെ അപകട ജീവിതം ജീവിക്കുകയും ചെയ്ത ഒരാളായിരുന്നു ഷിബു ഷണ്‍മുഖം. ബാലചന്ദ്രന്‍ ചുള്ളിക്കാടും മാധവിക്കുട്ടിയും സുകുമാര്‍ അഴീക്കോടും ഉള്‍പ്പെടെ അക്കാലത്ത് സാഹിത്യത്തിലെ വമ്പന്‍ സ്രാവുകളെയൊക്കെ മെരുക്കിയ അഭിമുഖങ്ങള്‍ നടത്തിയിട്ടുണ്ട് ഷിബു ഷണ്‍മുഖം. ചിട്ടയായി എന്തെങ്കിലും ചെയ്യാനോ അച്ചടക്കത്തോടെ ഒരു പുസ്തകം എഴുതി പൂര്‍ത്തിയാക്കാനോ കഴിയാത്ത പ്രകൃതമായിരുന്നു ഷിബുവിന്റേതെന്ന് അന്ന് ഒപ്പമുണ്ടായിരുന്ന ഷാജിയും ദീപേഷും പറയുന്നു. 

കവിതയില്‍ കൈവിഷം കിട്ടിയവരായിരുന്നു ഷിബുവിന്റെ കുടുംബമൊന്നാകെ എന്നാണ് കേട്ടിരുന്നത്, അച്ഛനും ചേട്ടന്മാരുമൊക്കെ എഴുതിയിരുന്നു. അത്ര ഗുരുതരമായി വായിക്കുമെങ്കിലും എഴുതുന്ന കാര്യത്തില്‍ തികഞ്ഞ മടിയനായിരുന്നു ഷിബു. അത്രമേല്‍ അത്യാവശ്യമായി വരുന്ന നിവൃത്തിയില്ലായ്മകളിലേ ഷിബു എന്തെങ്കിലും എഴുതിയിരുന്നുള്ളൂ. സൗഹൃദങ്ങളോടൊക്കെ ഒരു തരം ദാര്‍ശനിക വിപ്രതിപത്തിയുണ്ടായിരുന്ന ഷിബു എനിക്കും അത്രയടുപ്പമുള്ള സുഹൃത്തൊന്നുമായിരുന്നില്ല. വര്‍ഷങ്ങളോളം ഒരുമിച്ച് ഒരു മുറിയില്‍ താമസിച്ചിരുന്ന സുഹൃത്തുക്കളോടും ഷിബുവിന് വൈകാരികതയുടെ പശിമയുറ്റ ബന്ധങ്ങളായിരുന്നില്ല. 

ഷിബുവിനെക്കൊണ്ട് എഴുതിക്കാന്‍ ശ്രമിച്ചിരുന്ന പലര്‍ക്കും പറയാനുള്ളത് ആള്‍ തികഞ്ഞ മടിയനായിരുന്നു എന്നാണ്. എന്നാല്‍ ഷിബു വായിക്കുന്നതു പോലെ ആഴമാര്‍ന്ന വായന മടിയന്മാര്‍ക്കു പറ്റുന്ന കാര്യമേയല്ല. ചോദിക്കുന്നതെന്തും അപ്പപ്പോള്‍ എഴുതിക്കൊടുക്കാന്‍ പറ്റുന്ന തരം പത്രപ്പണി അയാള്‍ക്ക് പറ്റിയിരുന്നില്ല. എന്നാല്‍ ആരും ആവശ്യപ്പെടാതെ പലതും എഴുതിയിരുന്നു. ഇന്ന് ഓണ്‍ലൈനില്‍ ഷിബു ഷണ്മുഖത്തെ അന്വേഷിക്കുമ്പോള്‍ 2017ല്‍ അഴിമുഖം പോര്‍ട്ടലില്‍ കേസരിയെക്കുറിച്ച് എഴുതിയ ഒരു ലേഖനവും 2020ല്‍ ട്രൂകോപ്പിയില്‍ എഴുതിയ ഒരു സി.പി.എം. വിമര്‍ശന ലേഖനവുമേ കാണാനുള്ളൂ. ട്രൂ കോപ്പിയിലും കെ.സി.ബി.സി. ന്യൂസിലും പ്രസിദ്ധീകരിച്ച രണ്ടോ മൂന്നോ കവിതകളും. പഴയ ഗള്‍ഫ് വോയ്‌സിന്റെ ലക്കങ്ങള്‍ അഥവാ ആരെങ്കിലും സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ മികവുറ്റ ഒട്ടേറെ അഭിമുഖങ്ങളുണ്ടാകും അവയില്‍. പക്ഷേ അതൊക്കെ ആരു സൂക്ഷിക്കാന്‍! 

കേസരിയെ ജാഗ്രതയോടെ പുനര്‍വായിക്കാനുള്ള ശ്രമങ്ങള്‍ കേരളത്തില്‍ സജീവമായിരുന്ന വേളയിലാണ് ഷിബുവിന്റെ ഉജ്വലപഠനം അഴിമുഖത്തില്‍ പ്രസിദ്ധീകരിച്ചിരുന്നത്. ഗാന്ധിജിയെയും ഗാന്ധിജിയുടെ ആത്മധാരണകളെയും എങ്ങനെയൊക്കെയാണ് കേസരി ഡീകണ്‍സ്ട്രക്റ്റ് ചെയ്യുന്നതെന്ന് ഷിബു വിശദമാക്കുന്നുണ്ട് ആ ലേഖനത്തില്‍. വിക്രമാദിത്യന്‍ ത്രിഭുവന മല്ലന്‍ എന്ന കേസരിയുടെ പഴയൊരു കൃതി കണ്ടെടുത്ത് അവതരിപ്പിക്കുന്നുമുണ്ട്. കേസരിയെക്കുറിച്ച് ഒട്ടേറെ മികച്ച പഠനങ്ങള്‍ അടുത്ത കാലത്തുണ്ടായിട്ടുണ്ടല്ലോ. അവയ്‌ക്കൊപ്പം നില്‍ക്കുന്ന മികച്ച രചനയാണ് ഷിബുവിന്റേതും. 

ഹെഗല്‍ എന്ന പേരില്‍ ഒരു നീണ്ട കാവ്യം 2024 ഫെബ്രുവരിയില്‍ ട്രുകോപ്പിയില്‍ പ്രസിദ്ധീകരിച്ചിരുന്നു. മേഘസന്ദേശം എന്നൊരു കവിത 2023ലും. കെ.സി.ബി.സി. ന്യൂസില്‍ 2020 ഡിസംബറിലാണ് ഈ സ്‌നേഹം എന്നൊരു കവിത വന്നതായി കാണുന്നത്. കെ.സി.ബി.സി. ന്യൂസില്‍ ഷിബു ഷണ്മുഖത്തിന്റെ കവിത എന്നത് കൗതുകകരമാണ്. ഒരു പക്ഷേ, പാശ്ചാത്യ ദാര്‍ശനികതയില്‍ അഗാധജ്ഞാനമുള്ള ക്രൈസ്തവ പുരോഹിതര്‍ ആരെങ്കിലും ഷിബുവിന്റെ സുഹൃദ്‌വലയത്തില്‍ ഉണ്ടായിരുന്നിരിക്കാം. 

കിട്ടുന്ന ഏതാനും കവിതകളുടെ മാത്രം വെളിച്ചത്തില്‍ വ്യക്തമായും നമുക്കു ബോധ്യപ്പെടും, മറ്റൊരു ഭാഷയും മറ്റൊരു പദയോഗവുമാണ് ആ കവിതകളിലുള്ളതെന്ന്. ദാര്‍ശനികതയുടെ ശക്തമായ അടിയൊഴുക്ക് ആ കവിതകളുടെ പ്രവാഹത്തിനാകെ ഒരു കാട്ടാറഴകു പകരുന്നുണ്ട്. അര്‍ധരാത്രിയുടെ ഒത്ത നടുവിലും പരമശാന്തനായി ഇരിക്കുന്ന മനുഷ്യനെപ്പോലെയാണ് ഈ സ്‌നേഹം മറ്റുള്ളവരെ ഭയപ്പെടുത്തുന്നത്...എന്ന ഷിബുവിന്റെ കവിത. 

ഗള്‍ഫ് വോയ്‌സിനു വേണ്ടി കെ.പി.അപ്പനെ ഇന്റര്‍വ്യൂ ചെയ്യാന്‍ പോയതിനെക്കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്. ഷിബുവിന്റെ അച്ഛനും കവിയും അധ്യാപകനുമായിരുന്ന ഷണ്മുഖം സാര്‍ അപ്പന്റെ സുഹൃത്തായിരുന്നു. ലോകസാഹിത്യത്തിലെ ചില രചനകളെക്കുറിച്ചും എഴുത്തുകാരെക്കുറിച്ചും പറഞ്ഞുപറഞ്ഞ് ഷിബുവും അപ്പനും സംവാദത്തിലായി. സംവാദം വഴിമാറി. ഹിമശൈല ധവളമായ ശാന്തമന്ദഹാസത്തില്‍ നിന്ന് അപ്പന്‍ ഒരു ഹിമപാതത്തിലെന്നോണം പൊട്ടിയടര്‍ന്നു. കടുത്ത വൈകാരിക വിക്ഷോഭത്തോടെ കെ.പി. അപ്പന്‍ ജ്വലിച്ചു. ഏതായാലും ആ അഭിമുഖം പ്രസിദ്ധീകരിച്ചു വന്നില്ലെന്നാണ് തോന്നുന്നത്. 

അപ്പപ്പോള്‍ അത്യാവശ്യത്തിന് കുറച്ചു പൈസ കിട്ടാന്‍ വേണ്ട ചില പണികള്‍ ചെയ്യാം എന്നതൊഴിച്ചാല്‍ മറ്റു സമയങ്ങളിലൊക്കെ വായിക്കുക മാത്രമാണ് ഷിബു ചെയ്തിരുന്നത്. മലയാളത്തില്‍ മനോഹരമായി എഴുതിയിരുന്നു അദ്ദേഹം. എന്നാല്‍ ആ ഭാഷാശേഷി പോലെയായിരുന്നില്ല ഇംഗ്ലീഷില്‍ ഷിബുവിന്റെ മികവ്. ദാര്‍ശനികാഴവും കാവ്യഭംഗിയുടെ തിളക്കവുമുള്ളതായിരുന്നു ഷിബുവിന്റെ ഇംഗ്ലീഷ്. വായിച്ച പുസ്തകങ്ങളോടൊന്നും ഒരു തരത്തിലുള്ള തരള വൈകാരികതയും ഉണ്ടായിരുന്നതായി തോന്നിയിട്ടില്ല. 

ഒട്ടും ചിട്ടപ്രധാനമായിരുന്നില്ല ഷിബു ഷണ്‍മുഖത്തിന്റെ ജീവിതാലാപനം. രാത്രി വൈകി കോഴിക്കോട്ടെ തീയേറ്ററുകളില്‍ നിന്നിറങ്ങി രണ്ടുമൂന്ന് കിലോമീറ്ററോളം അകലെയുള്ള ചാലപ്പുറത്തെ ലോഡ്ജിലേക്കു നടക്കുമ്പോള്‍ ജഗതിയുടെ തട്ടുപൊളിപ്പന്‍ തമാശകളെക്കുറിച്ച് പിന്നെയും പറഞ്ഞ് ചിരിക്കുകയും രസിക്കുകയും ചെയ്യുമായിരുന്നു ഷിബു. അതീവഗഹനമായ ദാര്‍ശനിക രാഷ്ട്രീയഗ്രന്ഥങ്ങള്‍ വായിച്ച് സ്വയം മറന്ന് ഉച്ചയൂണു പോലും ഒഴിവാക്കി ഇരിക്കുകയും ചെയ്തിരുന്നു. പാതിരാത്രി സിനിമ കഴിഞ്ഞ് നടക്കുന്നതിനും ഉച്ചയൂണ് ഒഴിവാക്കേണ്ടി വരുന്നതിനും മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു, പൈസ ഇല്ല എന്നത്. 

ഒരു ചിട്ടകളും പാലിക്കാതെ, ഒരു നാട്ടുവിചാരങ്ങളും മൈന്‍ഡ് ചെയ്യാതെ ജീവിച്ച ഷിബു ഷണ്മുഖത്തിന്റെ മരണവും അതേ മട്ടിലായിരുന്നു എന്നാണ് കേട്ടത്. രാത്രി ലാപ്‌ടോപ്പില്‍ എന്തോ ചെയ്തു കൊണ്ടിരുന്ന ഷിബു രാവിലെ കസേരയോടെ മറിഞ്ഞു വീണു കിടക്കുന്നതാണ് കണ്ടത് എന്ന്. കാലില്‍ നിന്ന് ചെരിപ്പു പോലും അഴിഞ്ഞു പോകാതെ തികച്ചും നിസ്സംഗമായ ഒരു മരിച്ചുകിടപ്പ്. പത്രങ്ങളിലെ ചരമക്കോളത്തില്‍ പോലും വന്നിരുന്നില്ലെന്നാണ് തോന്നുന്നത് ആ ചരമവാര്‍ത്ത. 

അത്യുജ്വലമായ എന്തെല്ലാമോ ശേഷികളുണ്ടായിരുന്ന, പ്രതിഭാശാലിയായിരുന്ന ഒരാള്‍. അവനവനെപ്പോലും ഗൗനിക്കാതെ കേവലമായ ഒരു 'ജീവി ജീവിതം' നയിച്ച് കടന്നു പോയ ഒരാള്‍. അടയിരുന്നതിന്റെ ചൂടോ പൊഴിച്ചിട്ട തൂവലുകളോ കാര്യമായൊന്നും ബാക്കിവെക്കാതെ പോയ ഒരാള്‍. പക്ഷേ, ഇവിടെയുണ്ടായിരുന്നു ഷിബു ഷണ്മുഖം. ഉജ്വലനായ ഒരു ധിഷണാ ജീവി. 

കവിത 
ഷിബു ഷണ്മുഖം

1. ഈ സ്‌നേഹം

എത്ര അക്രമാസക്തം
എത്രമേല്‍ ദുര്‍ബ്ബലം
എത്രയോ തരളം
എത്രമാത്രം ആശയറ്റത്

ഈ സ്‌നേഹം
ആകാശം പോലെ മനോഹരം
കാലാവസ്ഥ മോശമാകുമ്പോള്‍
കൊള്ളാതാകുന്ന കാലാവസ്ഥ പോലെ

ഈ സ്‌നേഹം എത്ര സത്യം
ഈ സ്‌നേഹം എത്രയോ സുന്ദരം
എത്രയാ സന്തോഷം
എത്രയാ തുള്ളി തുളുമ്പുന്നത്
എത്രയോ കഷ്ടാല്‍ കഷ്ടതരം

ഇതട്ടിലായിപ്പോയ ഒരു കുട്ടിയെ പോലെ പേടിച്ചു വിറച്ചുകൊണ്ടിരിക്കുകയാണ്
അര്‍ദ്ധരാത്രിയുടെ ഒത്തനടുവിലും പരമശാന്തനായി ഇരിക്കുന്ന ഒരു മനഷ്യനെപ്പോലെയാണ്

2. ഈ സ്‌നേഹം മറ്റുള്ളവരെ ഭയപ്പെടുത്തുന്നത്

അവരെ കൊണ്ട് പറയിപ്പിക്കുന്നത്
അവരെ മ്‌ളാനരാക്കുന്നത്
നമ്മള്‍ അതിനെ കണ്ണിലെണ്ണയൊഴിച്ച്
കാക്കുന്നതു കൊണ്ട്
ഈ സ്‌നേഹം സശ്രദ്ധം നിരീക്ഷിക്കപ്പെടുകയാണ്

നമ്മളതിനെ ഇടിച്ചുതകര്‍ത്തും ചവുട്ടിമെതിച്ചും നിലംപരിശാക്കിയും നിഷേധിച്ചും മറന്നും പോകുന്നതു കൊണ്ട്
ഇടിയേറ്റ് പരിക്കേറ്റ് ചതഞ്ഞരഞ്ഞ് മുടിഞ്ഞ് പുറംതളളപ്പെട്ട് മറക്കപ്പെടുകയാണത്
ഈ മുഴുവന്‍ സ്‌നേഹമാകെ
എത്ര ചുറുചുറുക്കോടെ ഇപ്പോഴും
എത്ര വെളിച്ചമുള്ളത്
അത് നിന്റേതാണ്
അത് എന്റേതാണ്
അത് ഈ പുതിയ കാര്യമായി തീര്‍ന്നുകൊണ്ടേയിരിക്കുകയാണ്  എപ്പോഴും
അത് മാറിയിട്ടേയില്ല

ഒരു ചെടി പോലെ അത്രയും സത്യം
വിറകൊള്ളുകയാണ് ഒരു പക്ഷിയെപ്പോലെ


 

Content Highlights: Shibu Shanmugam poet