നീയെൻ സർഗ്ഗസൗന്ദര്യമേ...

#ഷിബു ചക്രവര്‍ത്തി

ജൂലായ് 30- മലയാളികളുടെ പ്രിയസംവിധായകൻ ഭരതൻ ഓർമയായിട്ട് 28 വർഷം. ഗാനരചയിതാവ് ഷിബു ചക്രവർത്തിയുടെ ഭരതൻ ഓർമ.

'കാതോടു കാതോര'ത്തെക്കുറിച്ച് ഇന്നു ചിന്തിക്കുമ്പോൾ കുറെ ചിതറിയ ഓർമകളാണ് മനസ്സിൽ വന്നു നിറയുന്നത്. കാരണം, ഞാൻ അലസമായി നടന്നു തീർത്ത എന്റെ സിനിമാജീവിതത്തിന്റെ തുടക്കവും അക്കാലത്താണ്. നിറക്കൂട്ടും ശ്യാമയും റിലീസായ കാലം.

'ഞാനൊരു സ്ത്രീയായിരുന്നെങ്കിൽ മമ്മൂട്ടിയെ പ്രണയിക്കുമായിരുന്നെ'ന്ന് മലയാളത്തിന്റെ കഥാകാരൻ ടി. പത്മനാഭൻ പറഞ്ഞത് ഈയിടെയാണ്. പക്ഷേ, വർഷങ്ങൾക്കുമുമ്പ് 'കാതോടു കാതോര'ത്തിന്റെ സംഗീതം കേട്ട് ഞാനിത് ഔസേപ്പച്ചനോട് പറഞ്ഞിട്ടുണ്ട്.

നൊമ്പരത്തിന്റെ തണുത്ത വിരലുകൾ കവിളിൽ തലോടുന്നതുപോലെ 'കാതോടു കാതോര'ത്തിന്റെ സംഗീതം എന്നെ അന്ന് വല്ലാതെ ഉലച്ചു. പൊട്ടിയ ചില്ലിന്റെ കൂർത്ത മുന ഹൃദയത്തിലേക്ക് കുത്തിക്കയറുംപോലെ എന്തൊരു വേദനയായിരുന്നു വയലിനിന്റെ ആ സംഗീതത്തിന്! പിന്നീട് ആ പാട്ടിന്റെ ഈണം കേൾക്കുമ്പോഴെല്ലാം ഒഴുകാതെ നിറഞ്ഞുനിന്ന സരിതയുടെ ആ വലിയ കണ്ണു കൾ മനസ്സിൽ തെളിയുമായിരുന്നു. ചിത്രത്തിലുടനീളം ഉപയോഗിച്ച പശ്ചാത്തല സംഗീതത്തിന്റെ ഈണം ഞാനും ഔസേപ്പച്ചനും ചേർന്നു ചെയ്ത ആദ്യഗാനമായി. ജോഷിയുടെ 'വീണ്ടും' എന്ന ചിത്രത്തിലെ 'ദൂരെ മാമലയിൽ....' എന്ന ഗാനം.

'കാതോട് കാതോരം' സിനിമയിൽ നിന്ന്

'കാതോടു കാതോര'ത്തിനുമുമ്പേ ഭരതേട്ടനെ അറിയാമായിരുന്നു. 'പ്രയാണം', 'ആരവം', 'പറങ്കിമല', 'രതിനിർവേദം', 'ചാമരം' 'മർമരം', 'പാളങ്ങൾ', 'സന്ധ്യ മയങ്ങുംനേരം', 'തകര' പോലുള്ള ചിത്രങ്ങൾ ചെയ്ത ഭരതേട്ടനെ അന്ന് കോളേജിൽ പഠിച്ചിരുന്ന ഞങ്ങൾ അറിയാതിരുന്നാലല്ലേ അദ്ഭുതമുള്ളൂ. ഭരതേട്ടന്റെ ഓരോ സിനിമയ്ക്കുവേണ്ടിയും കാത്തിരുന്ന കാലം. വ്യത്യസ്തമായ കഥകൾ.... പശ്ചാത്തലങ്ങൾ! കാപട്യമില്ലാത്ത ദൃശ്യസമ്പന്നത.

സിനിമയോടുള്ള അഭിനിവേശമുണ്ടാക്കിയത് ഭരതേട്ടന്റെ അത്തരം ചിത്രങ്ങളായിരുന്നു. 'ശ്യാമ'യെല്ലാം കഴിഞ്ഞ് സിനിമയിൽ തെല്ല് സജീവമാകാൻ തുടങ്ങുന്ന കാലത്താണ് 'കാതോടു കാതോരം' വരുന്നത്. ഭരതേട്ടനോട് അടുത്തിടപഴകാൻ തുടങ്ങുന്നതും അന്നാണ്. സംസാരിക്കാനും ചർച്ചചെയ്യാനും ഒന്നിൽക്കൂടുതൽ വിഷയങ്ങൾ ഞങ്ങൾക്കെല്ലാമുണ്ടായിരുന്നു. അതിൽ ഏറ്റവും പ്രധാനം പാട്ടും സംഗീതവും തന്നെയായിരുന്നു.

'മഴമുകിലൊളിവർണൻ ഗോപാലകൃഷ്ണൻ....' ഞങ്ങളുടെ സായാഹ്നസദസ്സു കളുടെ ഈണമായിരുന്നു. പിന്നെ ഞങ്ങളുടെ ഇഷ്ട വിഷയം വരകളും വർണ ങ്ങളുമായിരുന്നു. സിനിമാപരസ്യങ്ങൾ ചെയ്യുന്ന 'ഗായത്രി'യിൽ ലേഔട്ട് ആർട്ടി സ്റ്റായിരിക്കുമ്പോൾ മുതൽ ഭരതേട്ടൻ വല്ലപ്പോഴും ചെയ്യുന്ന സിനിമാപോസ്റ്ററു കൾ ഞങ്ങൾ ശ്രദ്ധിക്കുമായിരുന്നു. പെയിന്റിങ്ങിനോട് തൊട്ടടുത്തുനിൽക്കുന്നതായിരുന്നു ഭരതേട്ടന്റെ പോസ്റ്ററുകൾ. 'ചാട്ട'യ്ക്കുവേണ്ടി വരച്ച പള്ളി വാളെടുത്തു തുള്ളിനിൽക്കുന്ന സ്ത്രീയുടെ മൾട്ടികളർ പോസ്റ്റർ ഇന്നും മനസ്സിലുണ്ട്. ഓർമയുടെ ചെപ്പിൽ അത്തരം കുറെ ദൃശ്യങ്ങൾക്ക് ഇന്നും മങ്ങലേറ്റിട്ടില്ല; ഭരതേട്ടനും.

ദൃശ്യസൗന്ദര്യത്തിൽ ഡേവിഡ് ലീനെ ഓർമപ്പെടുത്തുന്ന ഭരതേട്ടൻ ചിത്രമാണ് 'കാതോടു കാതോരം'. വിധിയുടെ ക്രൂരതയും സരിതയുടെ മകന്റെ നിഷ്‌കളങ്കതയും 'മാഷേ' എന്ന അവന്റെ വിളിയും ഓരോ തവണ കാണുമ്പോഴും കണ്ണു നനയിച്ച ചിത്രം....

ഞങ്ങൾ 'അങ്കിൾ' എന്നു വിളിക്കുന്ന ജോൺ പോളിനോട് എന്നും തെല്ല് അസൂയ മനസ്സിലുണ്ടായിരുന്നു. കാരണം അന്ന് ഇറങ്ങിയിരുന്ന നല്ല ചിത്രങ്ങളുടെയെല്ലാം പുറകിൽ 'അങ്കിളു'മുണ്ടാകും. 'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം', 'ഓർമയ്ക്കായി', 'കാതോടു കാതോരം'.... അങ്ങനെ എത്രയെത്ര ചിത്രങ്ങ ളാണ്! ഒപ്പം 'അതിരാത്രം'പോലുള്ള മെഗാ കൊമേഷ്യൽ ചിത്രങ്ങളും....! അങ്കിളി ന്റെ പ്രത്യേകതയും അതുതന്നെയായിരുന്നു. ഇംഗ്ലീഷിൽ പറഞ്ഞാൽ ഢലൃമെശേഹശ്യേ. ഏതു വിഷയവും ഒരുപോലെ കൈകാര്യം ചെയ്യാനുള്ള കഴിവ്! ഇത്ര വൈവിധ്യ മാർന്ന വിഷയങ്ങൾ വിജയകരമായി കൈകാര്യംചെയ്ത അധികം എഴുത്തുകാർ നമുക്കില്ല.

കാലം ചെല്ലുമ്പോൾ ഫിലിംപ്രിന്റുകൾ നിറംമങ്ങിപ്പോകാറുണ്ട്. പക്ഷേ, മനസ്സിൽ നിറംമങ്ങാതെ നിൽക്കുന്ന അപൂർവം ചിത്രങ്ങളിൽ ഒന്നാണ് 'കാതോടു കാതോരം'. അതിന് ഒരുപാട് കാരണങ്ങളുമുണ്ട്. 'കാതോടു കാതോര'ത്തിന്റെ ഓരോ ഫ്രെയിമിലും ഭരതേട്ടനെ നമുക്ക് കാണാം. ഭരതേട്ടന്റെ പ്രകൃതിയോടുള്ള സ്‌നേഹം, മനസ്സിന്റെ നിഷ്‌കളങ്കത.... കാൻവാസിൽ വരച്ചിട്ട എണ്ണഛായാ ചിത്രംപോലുള്ള ദൃശ്യങ്ങൾ കണ്ടെത്തുന്ന ഒരു പെയിന്ററുടെ മനസ്സ്.... എല്ലാം നമുക്ക് 'കാതോടു കാതോര'ത്തിൽ കാണാം.... അതെ, നിഷ്‌കളങ്കതയും നൈർമല്യവുംകൊണ്ടൊരു ചിത്രം!

ആ നിഷ്‌കളങ്കത തന്നെയാണ് നമ്മളെ നൊമ്പരപ്പെടുത്തുന്നതും! വില്ലനായിട്ടു വരുന്ന ഇന്നെസന്റിനെപ്പോലും നമുക്ക് വെറുക്കാൻ കഴിയുന്നില്ലല്ലോ.... ഭരതേട്ടന്റെ മനസ്സാണത്, ഭരതേട്ടൻതന്നെ....! ആ ഭരതേട്ടനെ നമുക്ക് സ്‌നേഹിക്കാൻ മാത്രമല്ലേ കഴിയൂ!

(ജോൺ പോളിന്റെ 'എന്റെ ഭരതൻ തിരക്കഥകൾ' എന്ന പുസ്തകത്തിൽ നിന്ന്്)

Content Highlights: Commemorating the 28th death anniversary of iconic director Bharathan., Lyricist Shibu Chakravarthy recounts the creative process behind the film Kathodu Kathoram., Exploration of Bharathan's unique visual style and artistic approach to cinema., Insights into the collaboration with Ouseppachan and John Paul., Reflections on the enduring legacy of Bharathan's storytelling and aesthetic vision.