'സംസ്‌കൃതത്തെ അവഗണിക്കുന്നതിന്റെ ഭവിഷ്യത്തുകള്‍ ഇന്ന് സമൂഹത്തില്‍ പ്രകടമായി കാണുന്നു'

ആനോ ഭദ്രാഃ ക്രതവോയന്തു വിശ്വതഃ
'എല്ലാ ദിശകളില്‍നിന്നും ഉദാത്തമായ ചിന്തകള്‍ നമ്മിലേക്ക് വരട്ടെ' -(ഋഗ്വേദം 1.89.1)
സംസ്‌കൃത സാഹിത്യത്തില്‍, ചന്ദനത്തിന്റെ ഗന്ധം എന്താണെന്ന് അറിയാതെ അത് ചുമന്നു കൊണ്ടു പോകുന്ന കഴുതയുടെ മനോഹരമായ ഒരു ചിത്രമുണ്ട്! കഴുതയെ സംബന്ധിച്ചിടത്തോളം, ഏതൊരു ഭാരവും ഒരുപോലെയാണ്, കാരണം അതിന് ആ ഭാരവുമായി യാതൊരു ബന്ധവുമില്ല. മനുഷ്യരുടെ കാര്യം അങ്ങനെയല്ലെ. നമ്മുടെ പൈതൃകം ഉള്‍പ്പെടെ, നമ്മുടെ കൈവശമുള്ള എല്ലാറ്റിന്റെയും മൂല്യം നാം അറിഞ്ഞിരിക്കണം. അവയില്‍ ഒന്നായ സംസ്‌കൃത ഭാഷ, ഇക്കാലത്ത്പല കാരണങ്ങളാല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നു. അവ ശരിയാകാം തെറ്റാകാം പക്ഷേ അതു സംസ്‌കൃതത്തിന്റെ പ്രശ്‌നമാണോ? തീര്‍ച്ചയായും അല്ല.
സംസ്‌കൃതം ഇന്ന് മറ്റു ഭാരതീയ ഭാഷകളെപ്പോലെ, പലരുടെയും മാതൃഭാഷയല്ല. സ്‌കൂള്‍, കോളേജ്, വീട് അല്ലെങ്കില്‍ ഒരു പാഠശാലയില്‍ നമ്മള്‍ പഠിക്കുന്ന ഒരു രണ്ടാം ഭാഷയാണ്. പക്ഷേ ഇപ്പോഴും ഈ ഭാഷയില്‍ ആശയവിനിമയം നടത്തുന്ന ആളുകളുണ്ട്. ജനങ്ങള്‍ സംസാരിച്ചാല്‍ മാത്രമേ ഒരു ഭാഷയെ ജീവനുള്ളതായി കണക്കാക്കൂ. ഭാഷ എന്ന പദത്തിന്റെ അര്‍ത്ഥം തന്നെ അതാണ് (ഭാഷ്യതേ അനേന ഇതി ഭാഷ ). ഓരോ ഹിന്ദു മതവിശ്വാസിയും സംസ്‌കൃതത്തില്‍ കുറച്ചു പ്രാര്‍ത്ഥനകളെങ്കിലും അറിയുന്നവരാണ്. ഓരോ പാഴ്‌സി മതവിശ്വാസിയും ഇപ്പോള്‍ ആരും സംസാരിക്കാത്ത അവെസ്തന്‍ ഭാഷയിലുള്ള സോറസ്ട്രിയന്‍ പ്രാര്‍ത്ഥനകള്‍ അറിഞ്ഞിരിക്കുന്നതു പോലെ. കൗതുകകരമെന്നു തോന്നാം, പക്ഷെ വൈദിക സംസ്‌കൃതത്തിനോടു വളരെ അടുത്തു നില്‍ക്കുന്നു അവെസ്തന്‍. എന്നാല്‍ വാസ്തവത്തില്‍ ഇന്ന് എത്ര പേര്‍ക്ക് സംസ്‌കൃതം മനസ്സിലാകുന്നു? എന്തിനാണ് ഈ പഴയ ഭാഷ നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ടത്?
ഇന്ന് ജീവിച്ചിരിക്കുന്ന ഭാഷകളില്‍ ഏറ്റവും പഴക്കം ചെന്ന ഒന്നായി സംസ്‌കൃതം കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും അത് ഒരു പൂര്‍ണ്ണമായ ഭാഷയാണ്. തികച്ചും ഘടനാപരമായ വ്യാകരണത്തോടു കൂടിയ ഒന്ന്. (ശരിക്കും ഒന്നിലേറെ വ്യാകരണങ്ങള്‍ അതിനുണ്ട്). സംസ്‌കൃതത്തില്‍ ഒരു വലിയ സാഹിത്യശേഖരം നമുക്ക് സ്വന്തമാണ്. വേദരാശി തുടങ്ങി ആധുനിക സാഹിത്യം വരെ അത് പരന്നു കിടക്കുന്നു.
സംസ്‌കൃതത്തില്‍ രചിക്കപ്പെട്ട ശാസ്ത്രഗ്രന്ഥങ്ങളെ അനുദിനം അപകീര്‍ത്തിപ്പെടുത്തുന്ന കാഴ്ച ഇന്ന് സാധാരണമാണ്. ഈ പുരാതനമായ ഭാഷയില്‍ അവ രചിക്കപ്പെട്ടിരിക്കുന്നു എന്ന ഒറ്റക്കാരണത്താലാണത്. ഈ ലോകത്തു ഭാരതീയരെപ്പോലെ സ്വന്തം സാംസ്‌കാരിക പൈതൃകത്തെ പരസ്യമായി നിരാകരിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന മറ്റൊരു ജനത ഉണ്ടോ എന്ന കാര്യം സംശയമാണ്.
പുനരുജ്ജീവന ശേഷിയുള്ള (regenerative capacity) ഒരു ഭാഷയാണ് സംസ്‌കൃതം. ഈ ഭാഷയുടെ പരിണാമ സമയത്തുണ്ടായിരുന്ന മനുഷ്യന്റെ ബൗദ്ധിക നിലവാരത്തെ അത് വെളിപ്പെടുത്തുന്നു. സംസ്‌കൃത വ്യാകരണ ഗ്രന്ഥമായ അഷ്ടാദ്ധ്യായിയില്‍ വ്യാകരണത്തെ സൂത്രങ്ങളായി ക്രമീകരിച്ച പാണിനി, ഈ ഭാഷ നിലവില്‍ വന്നതിനു നിരവധി നൂറ്റാണ്ടുകള്‍ക്കു ശേഷമാണു ജീവിച്ചത്. അദ്ദേഹം തന്നെ, തനിക്ക് മുന്‍പേ വന്ന പല വൈയ്യാകരണന്മാരെയും ഉദ്ധരിച്ചിരിക്കുന്നു. ഇതു ബിസി ഏഴാം നൂറ്റാണ്ടിലാണെന്നു വിശ്വസിക്കപ്പെടുന്നു.
സംസ്‌കൃതത്തില്‍, ഇന്നും മനുഷ്യബുദ്ധിക്ക് പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു കൂട്ടം ഗ്രന്ഥങ്ങള്‍ ലഭ്യമാണ്. അവയിലടങ്ങിയിരിക്കുന്ന അറിവുകള്‍ നമുക്ക് സ്വായത്തമാക്കണമെങ്കില്‍ കഠിനമായ പരിശ്രമം നമ്മുടെ ഭാഗത്തു നിന്നും ഉണ്ടായേ മതിയാകൂ. നീതി, ആചാരങ്ങള്‍ രാഷ്ട്രതന്ത്രം, യുദ്ധം, കല, ശാസ്ത്രം, പ്രകൃതി, ജ്യോതിശാസ്ത്രം, ജ്യോതിഷം, ആരാധന, സാമ്പത്തികശാസ്ത്രം, തത്ത്വചിന്ത, എന്നിങ്ങനെ എന്തിനെയും കുറിച്ച് അത് അറിവ് നല്‍കുന്നു. ചില രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ ഈ ഭാഷയെ പിന്തുണയ്ക്കുന്നതു കൊണ്ടോ ഒരു പ്രത്യേക മതവിശ്വാസത്തിന്റെ ഗ്രന്ഥങ്ങള്‍ ഈ ഭാഷയില്‍ രചിക്കപ്പെട്ടിരിക്കുന്നതു കൊണ്ടോ സംസ്‌കൃതത്തിനെ വിമര്‍ശിക്കുന്നതു ന്യായമല്ല. ഭാഷ അതിരുകളില്ലാത്ത ഒന്നാണ്. ഇന്ന് നിലവിലുള്ള ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തെക്കാളും ഏതൊരു മതത്തേക്കാളും പഴക്കമുള്ള ഒന്നാണ് സംസ്‌കൃത ഭാഷ. കൂടാതെ സംസ്‌കൃതത്തെ വിമര്‍ശിക്കുന്ന ആരും അതിന്റെ മഹത്വമോ ഗാംഭീര്യമോ മനസ്സിലാക്കാന്‍ തക്കവണ്ണം അത് പൂര്‍ണമായും പഠിച്ചവരാകാനുള്ള സാധ്യതയും നന്നേ കുറവാണ്.
ഒരു കാലത്ത് ഹീബ്രു ഭാഷയ്ക്കും സംസ്‌കൃതത്തിന്റെ സ്ഥിതി നേരിടേണ്ടി വന്നു. ഇസ്രയേലിന്റെ ഈ പുരാതന ഭാഷ പുരോഹിതന്മാരുടെ ഭാഷയായി ചുരുങ്ങി നാശത്തിന്റെ വക്കില്‍ എത്തി നില്‍ക്കുകയായിരുന്നു. ജനങ്ങള്‍ ഇതിനെ ആശയവിനിമയത്തിനുള്ള മാധ്യമമായി ഉപയോഗിക്കുന്നത് നിര്‍ത്തി. അന്ന് ഈ ഭാഷയെ സ്‌നേഹിക്കുന്ന ചുരുക്കം ചിലരുടെ, പ്രത്യേകിച്ച് എലിയേസര്‍ ബെന്‍-യെഹൂദയുടെ ത്യാഗവും പരിശ്രമവുമാണ് അതിനെ ഇന്ന് കാണുന്ന സ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ഇന്ന് ഹീബ്രു ഇസ്രായേലിന്റെ ഔദ്യോഗിക ഭാഷയാണ്. 1948-ല്‍ ആണ് ഇത് സംഭവിച്ചത്. ഇസ്രായേല്‍ ജനത ഈ ഭാഷയെ സ്വീകരിക്കുകയും അത് നല്‍കിയ നിധിയുടെ മൂല്യം മനസ്സിലാകുകയും ചെയ്തു. ഭാരതത്തിലാകട്ടെ, ഡോ. ബി. ആര്‍.അംബേദ്കറുടെ സംസ്‌കൃതത്തിനെ ഔദ്യോഗിക ഭാഷയാക്കണമെന്ന നിര്‍ദേശത്തെ നമ്മള്‍ തള്ളിക്കളയുകയാണുചെയ്തത്. അനേകം വര്‍ഷങ്ങള്‍ക്കുശേഷവും ഈ ഭാഷയുടെ മൂല്യവും മഹത്ത്വവും മനസ്സിലാക്കുവാന്‍ നമക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് നിര്‍ഭാഗ്യകരമാണ്.
സംസ്‌കൃതം പഠിക്കുന്നതിന്റെ ഗുണങ്ങള്‍ പലതാണ്. ആധുനിക കമ്പ്യൂട്ടിങ്, സംസ്‌കൃതത്തിനെ അതിന്റെ പ്രവര്‍ത്തനത്തിന് ഏറ്റവും അനുയോജ്യമായ ഭാഷയായി കണക്കാക്കുന്നു. സംസ്‌കൃത മന്ത്രങ്ങളുടെയും ശ്ലോകങ്ങളുടെയും ദൈനംദിന ജപത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചു വൈദ്യശാസ്ത്രം ധാരാളം ഗവേഷണം നടത്തിയിട്ടുണ്ട്. പക്ഷെ ഭാരതത്തിന്റെ തത്ത്വചിന്ത ഈ ഉപയോഗ്യതയിലധിഷ്ഠിതമായ രീതിയില്‍ വിദ്യാഭ്യാസത്തെ കാണുന്നില്ല എന്നതാണ് രസകരമായ വസ്തുത. ആത്മജ്ഞാനത്തിനുതകുന്ന ഒന്നായതു കൊണ്ട് മാത്രം സംസ്‌കൃത പഠനം നടത്തിയിരുന്ന ഒരു ജനത ഈ മണ്ണില്‍ ജീവിച്ചിരുന്നു. ഭഗവദ്ഗീത ഇത് നമ്മളെ ഓര്‍മിപ്പിക്കുന്നതു പോലെ: 'ഉദ്ധരേത് ആത്മനാത്മാനം' (സ്വന്തം പ്രയത്നത്താല്‍ തന്നെത്താന്‍ ഉയര്‍ത്തുക') (ഭ.ഗീത 6.5).
സംസ്‌കൃതത്തിനെ അവഗണിക്കുന്നതിന്റെ ഭവിഷ്യത്തുകള്‍ നമ്മള്‍ ഇന്ന് സമൂഹത്തില്‍ പ്രകടമായി കാണുന്നു, എല്ലാ ഭാരതീയ ഭാഷകളും ഇന്ന് ആംഗലവത്ക്കരിക്കപ്പെടുന്നു. ഇംഗ്ലീഷ് നമുക്ക് വളരെയധികം ഉപയോഗപ്രദമായ ഭാഷയാണ്, അതില്‍ സംശയമില്ല. അതിന്റെ പഠനം പുതിയ സാധ്യതകള്‍ തുറന്നു തരുന്നു എന്നതും ശരിയാണ്. പലദേശക്കാരെയും ഭാഷകള്‍ സംസാരിക്കുന്നവരെയും അത് ഒന്നിപ്പിക്കുന്നു. പക്ഷെ സ്വന്തം ഭാഷയെ മറന്ന് ഇംഗ്ലീഷ് സ്വീകരിക്കുന്ന പ്രവണത അപകടകരം തന്നെ. കാലക്രമേണ ഭാഷകള്‍ പരിണമിക്കുന്നു എങ്കിലും സ്വന്തം വേരുകളില്‍ നിന്നു അകലുന്നത് ഒരു ഭാഷയ്ക്കും ഗുണം ചെയ്യില്ല. സംസ്‌കൃതത്തില്‍ നിന്നും നമ്മള്‍ അകലുമ്പോള്‍ നമ്മള്‍ നമ്മുടെ മാതൃഭാഷയില്‍ നിന്നും കൂടി അകലുന്നു. കാരണം ഇന്ന് സംസ്‌കൃതത്തിനെ അതിന്റെ പദാവലിയില്‍ നിന്നും പൂര്‍ണമായും നീക്കം ചെയ്താല്‍ പല ഭാരതീയ ഭാഷകള്‍ക്കും സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയില്ല എന്നത് ഒരു വസ്തുതയാണ്, അത് ദ്രാവിഡ ഭാഷയായാല്‍ പോലും. ക്ലാസിക്കല്‍ സംസ്‌കൃതത്തില്‍, ദ്രാവിഡ ഭാഷകളില്‍ നിന്നും കടം വാങ്ങിയ പദങ്ങള്‍ ഉള്ളത് പോലെ ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ പല സംസ്‌കൃത പദങ്ങള്‍ ഉപയോഗത്തിലുണ്ട്. ഇവയുടെ ഉറവിടം ഇന്ന് നിലവിലില്ലാത്ത പ്രോട്ടോ ഇന്തോ യൂറോപ്യന്‍ ഭാഷാ കുടുംബത്തിലെ പദസമ്പത്താണ് എന്ന് ഭാഷാ ശാസ്ത്രജ്ഞന്മാര്‍ കരുതുന്നു.
പേര്‍ഷ്യന്‍ ഭാഷയിലും സംസ്‌കൃതത്തിലുമുള്ള പദങ്ങളുടെ ധാതുക്കളുടെ സമാനതയും, അവെസ്തയും വൈദിക സംസ്‌കൃതവും തമ്മിലുള്ള അടുപ്പവും ഈ ഭാഷകളുടെ പൊതുവായ പൈതൃകത്തിലേക്കു വിരല്‍ ചൂണ്ടുന്നു. ഈ രണ്ടു ഭാഷകളുടെയും മാതാവ്, ഇന്ന് നമുക്ക് നഷ്ടമായ പ്രോട്ടോ- ഇന്തോ -യൂറോപ്യന്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ഭാഷകളില്‍ കാണപ്പെടുന്ന ബന്ധങ്ങളെയും സംഖ്യകളെയും സൂചിപ്പിക്കുന്ന വാക്കുകളുടെ സമാനതയില്‍ നിന്നും ഇത് വ്യക്തമാണ്. വേദങ്ങളില്‍ നിന്നും അവെസ്തയില്‍ നിന്നുമുള്ള ശേഷിക്കുന്ന തെളിവുകളെ അടിസ്ഥാനമാക്കി ഭാഷാ ശാസ്ത്രജ്ഞാന്മാര്‍ ഇത് പുനര്‍നിര്‍മിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
സംസ്‌കൃതത്തില്‍ നമ്മള്‍ പിതാ അല്ലെങ്കില്‍ പിതൃ എന്ന് പറയുമ്പോള്‍ പേര്‍ഷ്യന്‍ ഭാഷയില്‍ അത് പെദാര്‍ എന്നാകുന്നു. സംസ്‌കൃതത്തിലെ ഭ്രാതാ (സഹോദരന്‍) പേര്‍ഷ്യനില്‍ ബെരാതര്‍ എന്നും, സംസ്‌കൃതത്തിലെ അംഗുഷ്ഠ: (തള്ളവിരല്‍) പേര്‍ഷ്യനില്‍ അംഗോഷ്ട് എന്നുമായി മാറുന്നു. ഏകം (ഒന്ന്) എന്നത് യെക് എന്നും ദശ (പത്ത്) എന്നത് ദഹ എന്നും പറയുന്നു. ഇത് സത്യത്തില്‍ രണ്ടു ഭാഷകളാണോ എന്ന് പോലും നമുക്ക് സംശയം തോന്നാം. വേദങ്ങള്‍ ഉദ്‌ഘോഷിക്കുന്നത് പോലെ 'ഏകം സദ് വിപ്രാ : ബഹുധാ വദന്തി' (ഒന്നിനെ ജ്ഞാനികള്‍ പലതെന്നു പറയുന്നു)
ദ്രാവിഡ ഭാഷാ കുടുംബത്തില്‍പ്പെട്ട തമിഴ് പുരാതന ഭാഷകളില്‍ ഒന്നാണ്. അത് ലോകത്തിന്റെ തന്നെ പൈതൃകമാണ്. സംസ്‌കൃതം പ്രോത്സാഹിക്കപ്പെടുകയോ സംരക്ഷിക്കപെടുകയോ ചെയ്യുമ്പോള്‍, തമിഴോ മറ്റു ദ്രാവിഡഭാഷയോ അവഗണിക്കപ്പെടുകയോ തരംതാഴ്ത്തപ്പെടുകയോ ചെയ്യുന്നുവെന്ന് ഒരു തെറ്റിദ്ധാരണയുണ്ട്. ഭാഷകള്‍ക്ക് സഹവര്‍ത്തിക്കാന്‍ കഴിയും എന്നുള്ളത് സംശയമില്ലാത്ത ഒരു വസ്തുതയാണ്. നൂറ്റാണ്ടുകളായി അവര്‍ അതു മനോഹരമായി ചെയ്തിട്ടുമുണ്ട്. കാളിദാസന്റെ അഭിജ്ഞാന ശാകുന്തളത്തിലും മറ്റു പല കൃതികളിലും സംസ്‌കൃതവും പ്രാകൃതവും ഒന്നിച്ച് ഉപയോഗിച്ചിരിക്കുന്നു. മലയാളവും സംസ്‌കൃതവും കൂടിച്ചേര്‍ന്നപ്പോള്‍ മണിപ്രവാളം എന്ന സുന്ദരമായ ഭാഷ ഉടലെടുത്തു. ഇന്നും ഭാരതീയ ഭാഷകള്‍ ജര്‍മന്‍, ഫ്രഞ്ച് തുടങ്ങിയ വിദേശ ഭാഷകള്‍ക്കൊപ്പം സഹവസിക്കുന്നു. കാലാകാലങ്ങളായി അവയെല്ലാം നമ്മുടെ കുഞ്ഞുങ്ങള്‍ തിരഞ്ഞെടുത്തു പഠിക്കുന്നു. ഇംഗ്ലീഷ് ഭാഷ ഭാരതത്തില്‍ പ്രചരിക്കുന്നതിനു മുന്‍പ് പല ഭാഷകള്‍ സംസാരിക്കുന്ന പണ്ഡിതന്മാര്‍ ഒത്തു കൂടുമ്പോള്‍ അവര്‍ ആശയവിനിമയം നടത്തിയിരുന്നത് സംസ്‌കൃതത്തില്‍ ആയിരുന്നു. ഒരര്‍ത്ഥത്തില്‍ നമ്മെയെല്ലാം ഒന്നിപ്പിച്ചിരുന്ന ഭാഷയായിരുന്നു സംസ്‌കൃതം. നമ്മുടെ അവഗണന ഒന്ന് കൊണ്ട് മാത്രമാണ് അതിന് ഇന്നത്തെ സ്ഥിതി വന്നു പെട്ടത്.
ഭാഷാപരവും വൈദ്യശാസ്ത്രപരവുമായ ഗവേഷണങ്ങള്‍ സ്ഥിരീകരിക്കുന്നത് പോലെ ഒന്നിലേറെ ഭാഷകള്‍ പഠിക്കുന്നത് മനസ്സിനെ വിശാലമാക്കുന്നു. നമ്മുടെ കാഴ്ച്ചപ്പാടിനെ അത് മാറ്റുന്നു. നമ്മുടെ കുട്ടികള്‍ക്ക് ഭാരതത്തില്‍ നിരവധി പുരാതന ഭാഷകള്‍ എളുപ്പത്തില്‍ പഠിക്കാനുള്ള സുവര്‍ണ്ണാവസരം ഉണ്ട്. അതുമൂലം ഒന്നിലധികം ഭാഷകളില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്ന സമ്പന്നമായ സാംസ്‌കാരിക പൈതൃകം സ്വാംശീകരിക്കാന്‍ അവര്‍ പ്രാപ്തരാകുന്നു. ഇളങ്കോ അടികളുടെ ചിലപ്പതികാരം ശുദ്ധമായ സംഘതമിഴില്‍ വായിക്കുന്നതിന്റെ ആനന്ദം കാളിദാസന്റെ മേഘദൂതം സംസ്‌കൃതത്തില്‍ വായിക്കുന്നതിനേക്കാള്‍ ഒട്ടും കുറവല്ല. രാമായണം നമ്മുടെ സാഹിത്യത്തെ അലങ്കരിക്കുന്നതിനു സമാനമായി തിരുക്കുറലും ഉന്നതമായ സ്ഥാനം അലങ്കരിക്കുന്നു. ഇവ രണ്ടിനെയും ആഴത്തില്‍ പഠിക്കുന്നത് ഈ രണ്ടു കൃതികളുടെയും രചയിതാക്കളുടെയും ചിന്തകള്‍ എത്ര സമാനമായിരുന്നു എന്ന് നമ്മളെ ബോധിപ്പിക്കുന്നു.
ബൗദ്ധ ജൈനമതങ്ങളുടെ ഗ്രന്ഥങ്ങളില്‍ പാലി അര്‍ദ്ധ-മാഗധി, പ്രാകൃത് തുടങ്ങിയ ഭാഷകള്‍ക്ക് പുറമെ സംസ്‌കൃതവും ഉപയോഗിച്ചിരുന്നു. സംസ്‌കൃതത്തെക്കുറിച്ചുള്ള അറിവില്ലാതെ അവ മനസ്സിലാക്കാനും സംരക്ഷിക്കാനും നമുക്ക് കഴിയില്ല. കൈയെഴുത്തുപ്രതികളുടെ രൂപത്തിലുള്ള ഈ വിലയേറിയ കൃതികളെ ഭാവി തലമുറയുടെ പ്രയോജനത്തിനായി സംരക്ഷിക്കേണ്ടത് നമ്മുടെ കര്‍ത്തവ്യമാണ്. ഇതിനായി പല പദ്ധതികളും ലോകമെമ്പാടും നടന്നു കൊണ്ടിരിക്കുന്നു. ഈ നിധികളെ അവയുടെ യഥാര്‍ത്ഥ രൂപത്തില്‍ ഭാവിതലമുറകള്‍ക്കു കൈമാറേണ്ട ഉദാത്തമായ കടമയായിരിക്കണം നമ്മുടെ ലക്ഷ്യം. ഇസ്ലാം മതവിശ്വാസിയായിരുന്ന മുഗള്‍ രാജകുമാരന്‍ ദാരാ ഷുക്കോ സംസ്‌കൃതം പഠിക്കുകയും ഭഗവദ്ഗീതയും 51 ഉപനിഷത്തുകളും പേര്‍ഷ്യന്‍ ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യുകയും ചെയ്തത് ഈ മഹത്തായ ഉദ്ദേശ്യത്തോടെയാണ്.
ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള പണ്ഡിതന്മാര്‍ ഈ ഭാഷ പഠിക്കാന്‍ ഭാരതത്തില്‍ എത്തിയിരുന്നു. ഇന്നും വിദേശത്ത് നിന്നും വിദ്യാര്‍ത്ഥികള്‍ നമ്മുടെ സര്‍വ്വകലാശാലകളിലും അവശേഷിക്കുന്ന പാഠശാലകളിലും എത്തിച്ചേരുന്നു. ഇന്നും പല വിദേശ സര്‍വ്വകലാശാലകളിലും സംസ്‌കൃതം പഠിപ്പിക്കപ്പെടുന്നു. എന്നാല്‍ സംസ്‌കൃതം ഇപ്പോഴും ഒരു ജീവനുള്ള ഭാഷയായി ഭാരതത്തില്‍ നിലനില്‍ക്കുന്നു. അതിനാല്‍ മറ്റു രരാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ അത് പഠിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും, സംരക്ഷിക്കുന്നതിലും, ഭാരതീയര്‍ക്ക് സവിശേഷമായ സ്ഥാനമുണ്ട്. ഭാഷകളെച്ചൊല്ലി പോരാടുന്നതിനു പകരം, നമ്മള്‍ ഒരു നിമിഷം ചിന്തിക്കേണ്ടതല്ലേ? ഈ മഹത്തായ നിധി നമ്മുടേതാണ്, വിലപെട്ടതും. അത് നഷ്ടമായതിനു ശേഷം കണ്ണുനീര്‍ വാര്‍ത്തിട്ടെന്തു പ്രയോജനം? എല്ലാ ദിശകളില്‍ നിന്നും ഉദാത്തമായ ചിന്തകള്‍ മാത്രം നമ്മിലേക്ക് വരട്ടെ'
(പുണെയില്‍ വേദാന്താദ്ധ്യാപികയായ ലേഖിക മുന്‍ ഇന്ത്യ റവന്യു സര്‍വ്വീസ് ഉദ്യോഗസ്ഥയായിരുന്നു)
Content Highlights: Explore the significance of Sanskrit, its rich history, connection to other languages