പരുഷമായ ഭാഷയില്‍ സത്യങ്ങള്‍ വിളിച്ചുപറഞ്ഞ ഒരു നേതാവ്

മനുഷ്യ സമൂഹത്തിന്റെ നവീകരണത്തിനായി ജീവിതകാലം മുഴുവന്‍ ചെലവഴിച്ച സാമൂഹ്യ പരിഷ്‌കര്‍ത്താവായിരുന്നു സഹോദരന്‍ അയ്യപ്പന്‍. ഒരു ജാതി ഒരു മതം മനുഷ്യന് എന്ന ശ്രീനാരായണഗുരുവിന്റെ വാക്യങ്ങളെ സാക്ഷാത്കരിക്കാന്‍ ശ്രമിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ശീനാരായണ ഗുരുവിന്റെ മനുഷ്യദര്‍ശനത്തെ, ശാസ്ത്രീയതയുടെയും യുക്തിചിന്തയുടെയും അടിസ്ഥാനത്തില്‍ വിപുലീകരിച്ച് രാഷ്ട്രീയ പ്രയോഗമാക്കി മാറ്റുകയായിരുന്നു സഹോദരന്‍ അയ്യപ്പന്‍.
1889 ഓഗസ്റ്റ് 22ന് എറണാകുളം ജില്ലയിലെ ചെറായിയിലായിരുന്നു ജനനം. ഈഴവ സമുദായത്തില്‍ ജനിച്ച അദ്ദേഹം, തൊട്ടുകൂടാത്തവരായി അവഗണിക്കപ്പെട്ടിരുന്ന ദളിതരെ ചേര്‍ത്ത് മിശ്രഭോജനം നടത്തി. 1917 മെയ് 29നായിരുന്നു ആ ചരിത്രസംഭവം. ശ്രീ നാരായണഗുരുവിന്റെ 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ' എന്ന പ്രശസ്തമായ ആപ്തവാക്യം ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്, എന്ന് അദ്ദേഹം ഭേദഗതി വരുത്തി.
1917ലാണ് സഹോദരന്‍ അയ്യപ്പന്‍ സഹോദര സംഘം സ്ഥാപിച്ചത്. മിശ്രവിവാഹവും മിശ്രഭോജനവും വഴി ജാതി നശീകരണമായിരുന്നു സംഘത്തിന്റെ ലക്ഷ്യം. 'സഹോദര പ്രസ്ഥാനം' വഴി അയ്യപ്പന്‍ കേരളത്തില്‍ പരിവര്‍ത്തനത്തിന്റെ കൊടുങ്കാറ്റ് സൃഷ്ടിച്ചു. അദ്ദേഹം സഹോദരന്‍ അയ്യപ്പന്‍ എന്നറിയപ്പെട്ടത് ഈ കാരണങ്ങളാലാണ്. 1919 ല്‍ അദ്ദേഹം മട്ടാഞ്ചരിയില്‍ നിന്ന് 'സഹോദരന്‍' പത്രം ആരംഭിച്ചു. ഈ പത്രം 1956 വരെ നിലനിന്നു. കേരളീയപത്രപ്രവര്‍ത്തന ചരിത്രത്തില്‍ ഉജ്ജ്വലമായൊരു അദ്ധ്യായമാണ് 'സഹോദരന്‍' പത്രത്തിന്റെ പ്രവര്‍ത്തനം. കേള്‍ക്കുന്ന സമയത്തുമാത്രമേ പ്രസംഗങ്ങള്‍ക്ക് ആളുകളുടെ ഇടയില്‍ സ്വാധീനം ചെലുത്തുവാന്‍ കഴിയുകയുള്ളുവെന്നും സാവധാനത്തില്‍ അത് കെട്ടടങ്ങുമെന്നും അയ്യപ്പനറിയാമായിരുന്നു. വ്യക്തികളുടെ ചിന്തയില്‍ സ്ഥായിയായ മാറ്റങ്ങള്‍ ഉണ്ടാവണമെങ്കില്‍ അത് പ്രസിദ്ധീകരണത്തിലൂടെ മാത്രമേ സാധിക്കുകയുള്ളു എന്ന തിരിച്ചറിവാണ് പത്രം തുടങ്ങാനായി അയ്യപ്പനെ പ്രേരിപ്പിച്ചത്.
രാഷ്ട്രീയജീവിതത്തിലും അദ്ദേഹം മായാത്ത വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കൊച്ചിയില്‍ ഉത്തരവാദിത്തഭരണവും പ്രായപൂര്‍ത്തി വോട്ടവകാശവും വ്യക്തിസ്വാതന്ത്ര്യവും സ്ഥാപിക്കുന്നതിനു വേണ്ടി അക്ഷീണയത്‌നം ചെയ്ത നേതാക്കന്മാരിലൊരാളാണ് അദ്ദേഹം. 1928ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ തെക്കേ ഈഴവ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായാണ് അയ്യപ്പന്‍ മത്സരിച്ചത്. അദ്ദേഹത്തെ എതിര്‍ക്കാന്‍ ആരുംതന്നെ മുന്നോട്ടുവന്നില്ല. അത്രയ്ക്ക് ജനപ്രീതി അദ്ദേഹം സമ്പാദിച്ചിരുന്നു. 1931-ലെ തിരഞ്ഞെടുപ്പിലും അതേ മണ്ഡലത്തില്‍ നിന്നു തന്നെയാണ് മത്സരിച്ചു വിജയിച്ചത്, അത്തവണയും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. കൊച്ചി നിയമസഭയില്‍ ഏറെക്കാലം അദ്ദേഹം അംഗമായിരുന്നു. രണ്ടുതവണ ജനകീയ മന്ത്രിസഭയില്‍ അംഗവുമായി. ഗാന്ധിയന്‍ ആശയങ്ങളോട്് വിയോജിപ്പുകള്‍ ഉണ്ടായിരുന്നുവെങ്കിലും മഹാത്മാഗാന്ധിയെ അദ്ദേഹം ഏറെ ബഹുമാനിച്ചിരുന്നു.
കേരളത്തിലെ ആധുനികമായ പ്രസംഗ സമ്പ്രദായത്തിന്റെ പിതാവ് സഹോദരന്‍ അയ്യപ്പനാണെന്ന് പ്രൊഫ. എം.കെ.സാനു എഴുതിയിട്ടുണ്ട്. അലങ്കാര സമ്പുഷ്ടമായ ഭാഷാശൈലിയോ നെടുനെടുങ്കന്‍ വാക്യങ്ങളോ പ്രാസപ്രയോഗങ്ങളോ ഇല്ലാത്ത, ഹൃദയത്തില്‍നിന്ന് ഹൃദയത്തിലേക്കിറങ്ങുന്നതായിരുന്നു അയ്യപ്പന്റെ പ്രസംഗങ്ങളെന്ന് അദ്ദേഹം വിവരിക്കുന്നു. പി.കേശവദേവിന്റെ ആത്മകഥയായ എതിര്‍പ്പില്‍ സഹോദരന്റെ പ്രസംഗം ആലുവ ശിവരാത്രിനാളില്‍ കേട്ടതിനെപ്പറ്റി പറയുന്നുണ്ട്. 'അയിത്തത്തിനും ജാതിക്കും എതിരായ അത്യുജ്ജ്വലമായ സമരപ്രസംഗമായിരുന്നു. ഓരോ വാക്കും സമരകാഹളം. ഓരോ ചലനവും വാള്‍ വീശലായിരുന്നു. തമ്മിലടിച്ചു തല കീറുന്ന മനുഷ്യനെ മനുഷ്യനാക്കാന്‍ ജാതിക്കോട്ട തകര്‍ത്ത് തരിപ്പണമാക്കാനുള്ള ആഹ്വാനത്തോടെ ആ പ്രസംഗക്കൊടുങ്കാറ്റ് അവസാനിച്ചു. 'അതാര് എന്ന് ചോദിച്ചപ്പോള്‍ പുലയന്‍ അയ്യപ്പന്‍ എന്ന മറുപടിയാണ് കിട്ടിയത്.' (മിശ്രഭോജനം നടത്തിയതിന് സവര്‍ണര്‍ അദ്ദേഹത്തെ വിളിച്ചിരുന്നത് പുലയന്‍ അയ്യപ്പനെന്നും പുലയച്ചോവന്‍ എന്നൊക്കെയായിരുന്നു).
ഒടുവിലത്തെ 15 വര്‍ഷത്തോളം സജീവമായ പൊതുപ്രവര്‍ത്തനത്തില്‍ നിന്നും വിരമിച്ച് വായനയ്ക്കും എഴുത്തിനുമായി അദ്ദേഹം സമയം വിനിയോഗിച്ചു. 1968 മാര്‍ച്ച് 6-ന് ഹൃദ്രോഗബാധിതനായി അദ്ദേഹം അന്തരിച്ചു. സഹോദരന്‍ അയ്യപ്പന്‍ അന്തരിച്ചപ്പോള്‍ മാതൃഭൂമി ഇങ്ങനെ മുഖപ്രസംഗം എഴുതി: അയ്യപ്പന്റെ വാക്കുകള്‍ ചിലപ്പോള്‍ പരുഷങ്ങളായിരിക്കും. അതിന് സത്യത്തിന്റെ തീക്ഷ്ണത കൂടിയുണ്ടാകുമ്പോള്‍ അത് മര്‍മ്മം തുളഞ്ഞുകയറും. അതിന്റെ പിന്നില്‍ സദുദ്ദേശ്യമല്ലാതൊന്നുമുണ്ടായിരുന്നില്ല.'
Content Highlights: Sahodaran Ayyappan Birth Anniversary
Content Highlights: