റിപ്പർ ചന്ദ്രനെ കാണാനെത്തിയ സുകുമാർ അഴീക്കോട്..!

#പി.വി

സിനിമകളിലും വെബ്ബ്‌സീരീസുകളിലും ക്രൈം നോവലുകളിലും സീരിയൽ കൊലപാതകികൾ നിരന്തരം കഥാപാത്രങ്ങളായി വരുന്ന സമയമാണിത്. മുപ്പത് വർഷം മുമ്പ് കൊലയുടെ പര്യായം പോലെ ജീവിക്കുകയും ഒട്ടേറെ മനുഷ്യരെ നരകതുല്യമായ ജീവിതാവസ്ഥയിലേക്ക് അടിച്ചിടുകയും ചെയ്ത കാസർഗോഡുകാരനായൊരു സീരിയൽ കില്ലർ ഓർമയുടെ ചോരത്താളകളിൽ പിക്കാസും ഉയർത്തിപ്പിടിച്ച് ചിരിക്കുന്നുണ്ട്. മുതുകുറ്റി ചന്ദ്രൻ എന്ന റിപ്പർ ചന്ദ്രൻ. നടുക്കുന്ന ഓർമയായി മാറിയ ഒരു പേര്. മലബാറിന്റെ ഉറക്കം കെടുത്തിയ കേരളത്തിലെ ആദ്യത്തെ സിരീയൽകില്ലർ..! എൺപതുകളിൽ ഉത്തരകേരളത്തെ വിറപ്പിച്ച കുപ്രസിദ്ധനായ മരണവാഹി. കല്ല് പോലെ മനസ്സുള്ള, കല്ല് തലക്കിട്ട് കൊല്ലുന്നതിൽ രസം കണ്ടെത്തിയ ചന്ദ്രൻ കൊന്നത് 14 പേരെ..!

രാത്രികളിൽ ഇരുട്ടിന്റെ മറവിൽ ആയുധവും കൈയ്യിലേന്തി വരുന്ന മരണദൂതനെ ഭയന്ന് കാസർഗോഡിലെയും കണ്ണൂരിലെയും തെക്കൻ കർണാടകയിലെയും ജനങ്ങൾക്ക് ഉറക്കം നഷ്ടമായി. അയാളൊരു ജാലിവിദ്യക്കാരനാണെന്നും പലയിടങ്ങളിലും ഒരേ നേരത്തയാൾ പ്രത്യക്ഷപ്പെടുമെന്നും കഥയിറങ്ങി. റിപ്പർ വരുമെന്ന് പേടിപ്പിച്ച് ഉറങ്ങാതെ ശാഠ്യം പിടിച്ച കുഞ്ഞുങ്ങളെ രക്ഷിതാക്കൾ വേഗത്തിലുറക്കി. വിലക്കയറ്റമോ സർക്കാറിന്റെ ഭരണമോ ഒന്നും മലബാറിലെ ജനങ്ങൾക്കിടയിൽ അന്ന് ചർച്ചയായില്ല. നേരം കിട്ടുമ്പോഴെല്ലാം അവർ റിപ്പർ ചന്ദ്രനെക്കുറിച്ച് മാത്രം പറഞ്ഞു. റിപ്പർ ചന്ദ്രൻ കൊലപ്പെടുത്തിയത്, കവർച്ച നടത്തിയത്, ബലാൽസംഗം ചെയ്തത്...

ആളുകൾ ആയുധങ്ങളുമായി സംഘം ചേർന്നുനിന്ന് ചന്ദ്രനെ പിടികൂടുന്നതിനായി ജാഗ്രതയോടെ ഇരുന്നു. യുവജനസംഘടനകളിലെ ചെറുപ്പക്കാരും കണ്ണിൽ ഉറക്കമില്ലായ്മയുടെ എണ്ണയൊഴിച്ച് കാത്തിരുന്നു. എല്ലാവരെയും കബളിപ്പിച്ചുകൊണ്ട് ചന്ദ്രൻ ക്രൂരതയുടെ ഹിംസവഴികളിലൂടെ അഹങ്കാരത്തോടെ നടന്നു.

1950-ൽ കാസർഗോഡ് ജില്ലയിലെ കരിന്തളത്തെ മുതുകുറ്റിയിൽ പാറ്റയുടെയും കുഞ്ഞമ്പുവിന്റെ മകനായിട്ടാണ് ചന്ദ്രന്റെ ജനനം. കള്ളിൽ ചേർക്കാനുള്ള 'കുരുന്ന്' കാട്ടിൽ നിന്ന് ശേഖരിച്ച് ഉണക്കിപ്പൊടിച്ച്, നീലേശ്വരം ചന്തയിൽ കൊണ്ടുപോയി വിറ്റാണ് ചന്ദ്രന്റെ കുടുംബം ഉപജീവനത്തിനുള്ള വഴി കണ്ടെത്തിയിരുന്നത്. പത്താമത്തെ വയസ്സിൽ അച്ഛൻ മരിച്ചു. കുട്ടിക്കാലത്ത് തന്നെ തന്നിഷ്ടത്തിന്റെ വഴിത്തെറ്റുകൾ ചന്ദ്രനുണ്ടായിരുന്നു. പതിനാലാം വയസ്സിൽ ചന്ദ്രൻ നാടുവിട്ടു. പല നാടുകളിലും അലഞ്ഞുതിരിഞ്ഞ് വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് തിരിച്ചെത്തുമ്പോൾ കള്ളത്തരത്തിന്റെയും ക്രൂരതകയുടെയും പടവുകളേറെ കയറികഴിഞ്ഞിരുന്നു ചന്ദ്രൻ.

1977-ൽ മോഷണക്കേസിൽ കാസർഗോഡ് വെച്ചാണ് ആദ്യമായി ചന്ദ്രൻ അറസ്റ്റ് ചെയ്യപ്പെടുന്നത്. ജയിലിൽ നിന്നിറങ്ങി, ചന്ദ്രൻ നേരെ പോയത് കർണാടകത്തിലേക്ക്. ചന്ദ്രനൊപ്പം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട്, പിന്നീട് വെറുതെ വിട്ട തിമ്മ ചന്ദ്രന്റെ കൂട്ടാളിയാവുന്നത് അവിടെവെച്ചാണ്.

റിപ്പർ മോഡൽ കവർച്ചയിലേക്ക് ചന്ദ്രൻ ചുറ്റികയുമായിറങ്ങുന്നത് 1985 സപ്തംബർ 10-ന്. ചെമ്മനാട് കൈന്താറിലെ രമണിയുടെ വീട്ടിലേക്ക് പാതിരാത്രിയിൽ ഇരുട്ടിന്റെ മുഖംമൂടിയണിഞ്ഞെത്തിയ ചന്ദ്രൻ ദയയേതുമില്ലാതെ രമണിയുടെ തലയിൽ ചുറ്റിക കൊണ്ട് ആഞ്ഞടിച്ച് എല്ലാം കവർന്നെടുത്ത് തിരിച്ചുപോയി. ജീവൻ മാത്രം ബാക്കിയായി രമണിയിൽ.

എളുപ്പം അകത്തുകയറാവുന്ന കൊച്ചുക്കുടിലുകളിലും ചെറ്റപ്പുരകളിലും ചെന്ന് കിടന്നുറങ്ങുന്നവരെ തലയ്ക്കടിച്ച് ബോധം കെടുത്തി ആഭരണങ്ങളും പണവും കവർന്നെടുക്കുന്ന രീതിയായിരുന്നു ചന്ദ്രന്. കവർച്ച നടത്തി എളുപ്പം രക്ഷപ്പെടാൻ കഴിയുന്ന റെയിലോരങ്ങളും നാഷണൽ ഹൈവേയിലുമുള്ള വീടുകളാണ് അയാൾ കവർച്ചയ്ക്ക് തിരഞ്ഞെടുത്തു.

1985 ഒക്ടോബർ 15- മഞ്ചേശ്വരത്ത് ബെങ്കാരെ എന്ന ഗ്രാമം. അവിടെ പാണ്ടെയും ഭാര്യ പുഷ്പയും രാത്രി 8-ന് ഉറങ്ങാൻ കിടന്നു. മൂത്തകുട്ടി ബാല, കല ,അരുന്ധതി- ചാവടിയിലാണ് കിടന്നത്. പുറത്ത് ജോലിക്കാരൻ അനന്തനും. പിക്കാസിലേക്ക് മരണം ചേർത്തുവെച്ച് ചന്ദ്രൻ അവിടേക്ക് വന്നു. അനന്തനും പാണ്ടെയും പുഷ്പയും ചന്ദ്രന്റെ പിക്കാസിന്റെ പ്രഹരത്താൽ മരണമടഞ്ഞു.

ചിത്താരിയിലെ മണി, കുഡ്‌ലുവിലെ ചാവുഗോളിയിലെ പുഷ്പയും ബന്ധു ഗോപാലകൃഷ്ണയും, ചാമുണ്ഡിക്കുന്നിലെ കുട്ട്യൻ, മഞ്ചേശ്വരം ഓമഞ്ചൂരിലെ നരസപ്പ ഹാൻഡെ, വേലക്കാരൻ വിശ്വനാഥൻ, കർണാടകയിലെ ഹവെഞ്ചിയിലെ ബാലൻ, ഹരിയടുക്കയിലെ കമല... ചന്ദ്രന്റെ കൊടുംക്രൂരതയിൽ മരണം വലിച്ചുകൊണ്ടുപോയവർ.

ആദ്യമൊന്നും പോലീസിന് പ്രതിയെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. കൊലപാതകത്തിലെയും കവർച്ചയിലെയും സമാനതകൾ പ്രതി ഒരാൾ തന്നെയാകുമെന്ന് പോലീസിനുറപ്പായി. പോലീസ് ചന്ദ്രനെ തേടിപരക്കം പാഞ്ഞു. ചന്ദ്രനെ പ്രതി പേടി നാടാകെ പടർന്നു. പോലീസുദ്യോഗസ്ഥർ പോലും കുടുംബത്തെ രഹസ്യസ്ഥാനങ്ങളിലേക്ക് മാറ്റിയോ പെട്രോളിങ്ങിന് രാത്രികളിലിറങ്ങുമ്പോൾ കൂടെ കൂട്ടുകയോ ചെയ്യുന്ന സ്ഥിതി വരെയുണ്ടായി.

ഇംഗ്ലണ്ടിൽ അനേകം പേരെ തലക്കടിച്ച് കൊലപ്പെടുത്തിയ 'ജാക്ക് ദ റിപ്പർ' എന്ന സീരിയൽ കില്ലറുടെ ആക്രമണരീതിയായിരുന്നു ചന്ദ്രന്റേതും. അങ്ങനെ മുതുകുറ്റി ചന്ദ്രൻ റിപ്പർ ചന്ദ്രനായി. 42 പേരെ കൊലപ്പെടുത്തിയ രാമൻ രാഘവനെന്ന മഹാരാഷ്ട്രക്കാരനായ സീരിയൽ കില്ലർക്ക് ശേഷം റിപ്പർ ചന്ദ്രനും. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത 'രാമൻ രാഘവ് 2.0' എന്ന സിനിമ രാമൻ രാഘവിന്റെ ജീവിതം അടിസ്ഥാനപ്പെടുത്തിയായിരുന്നു.

മാതൃഭൂമി ദിനപ്പത്രം, 02.06.1987

അങ്ങനെയൊരിക്കൽ ചന്ദ്രൻ പോലീസ് പിടിയിലായി. സംശയാസ്പദമായ സാഹചര്യത്തിൽ നടക്കുന്നവരെ അറസ്റ്റ് ചെയ്യുന്ന കൂട്ടത്തിൽ ചന്ദ്രനും പെട്ടു. തളിപ്പറമ്പ് സ്റ്റേഷനിൽ അറസ്റ്റ് ചെയ്ത് ഫിംഗർപ്രിന്റെടുത്തു. അന്ന് രാത്രിയിൽ സമരക്കാരായ ആൾക്കാരെയും കസ്റ്റഡിയിലെടുത്തിരുന്നു. അവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ട കൂട്ടത്തിൽ ചന്ദ്രനും പെട്ടു. ചന്ദ്രനിൽ പോലീസുകാർക്ക് പ്രത്യേകിച്ച് സംശയമൊന്നും തോന്നാത്തതായിരുന്നു വിടാൻ കാരണം. പുറത്ത് പോയി 24 മണിക്കൂർ കഴിഞ്ഞില്ല, തളിപ്പറമ്പിനടുത്ത് ഒരു സ്ത്രീ ആക്രമിക്കപ്പെട്ടു. ആ വീട്ടിലുപേക്ഷിച്ച മദ്യക്കുപ്പിയിലെ വിരലടയാളവും കസ്റ്റഡിയിലായിരിക്കെ എടുത്ത വിരലടയാളവും ഒന്നായിരുന്നു.

ഫിബ്രവരി 11-ന് പറശ്ശിനിക്കടവിലെ രാമന്റെ കുടിലാലിയുരുന്നു ചന്ദ്രന്റെ അവസാനഅപഹരണം. 1986 ഫെബ്രവരി 27-ന് ചിക്കമംഗ്ലൂരിലെ കൊട്ടിഗെ ഹാരെയിൽ വെച്ച് ചന്ദ്രൻ പിടിയിലായി.

1987-ൽ കോടതി റിപ്പർ ചെയ്ത കൊടുംക്രൂരതകൾക്ക് വധശിക്ഷ വിധിച്ചു. കൂട്ടാളിയായ തിമ്മയെ വെറുതെ വിട്ടു.
പതിനാല് കൊലപാതകങ്ങളിൽ ദമ്പതിമാരെ കൊലപ്പെടുത്തിയ ഒരു കേസിൽ മാത്രമാണ് റിപ്പർ ചന്ദ്രന് വധശിക്ഷ ലഭിച്ചത്. മറ്റുള്ള കേസുകളിൽ ജീവപര്യന്തവും. അപ്പീലുകളുടെ പുറത്ത് നാല് വർഷത്തോളം ചന്ദ്രൻ കണ്ണൂർ സെൻട്രൽ ജയിലിലെ 6411-ാം നമ്പർ ഏകാന്ത തടവുകാരനായി. ജയിലിലെ ആദ്യ നാളുകൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജീവനക്കാരെ വിറപ്പിച്ചയാളാണ്. ഒരിക്കൽ ജഡ്ജി ജയിലിൽ പരിശോധനയ്ക്കെത്തിയപ്പോൾ രോഷാകുലനായ ചന്ദ്രൻ അദ്ദേഹത്തിന്റെ മുഖത്ത് തുപ്പി. പിന്നെപ്പിന്നെ എഴുത്തും വായനയും പഠിച്ച് പുസ്തകവായന ആരംഭിച്ചു. അമ്മ പാറ്റയ്ക്ക് ചന്ദ്രൻ കത്തെഴുതുമായിരുന്നു. സാഹസികജീവിതം നയിച്ചവരുടെ കഥകളോടായിരുന്നു തുടക്കത്തിൽ താത്പര്യം. പിന്നീട് ആത്മീയപുസ്തകങ്ങളിലേക്ക് മാറി. ഭയങ്കര ഭക്തനായി അയാൾ മാറി. മുമ്പും ചന്ദ്രൻ ദൈവവിളിക്കാരനായിരുന്നു. രമേശൻ പൂജാരിയെന്ന് സ്വയം പേരിട്ട് കല്ല് വിഗ്രഹമാക്കി പൂജ നടത്തിയിരുന്നു ചന്ദ്രൻ. അവിടെ പ്രാർത്ഥിക്കാൻ ഒട്ടേറെ പേർ എത്തുകയും ചെയ്തിരുന്നു.
വധശിക്ഷ ഉറപ്പായിട്ടും ജീവിക്കാനുള്ള അടങ്ങാത്ത ആഗ്രഹമുണ്ടായിരുന്നു റിപ്പർ ചന്ദ്രന്. ചെയ്ത അപരാധങ്ങൾ ഇടയ്ക്കിടെ ഏറ്റുപറഞ്ഞു, വൈകാരിക പിന്തുണ നേടാനും ശ്രമിച്ചു. സുകുമാർ അഴീക്കോടിനെ കാണണമെന്ന് വധശിക്ഷ കാത്തുകിടന്ന ബാലകൃഷ്ണനും റിപ്പർ ചന്ദ്രനും സൂപ്രണ്ടിനെ അറിയിച്ചു. സുകുമാർ അഴീക്കോട് ജയിലിൽ എത്തിയപ്പോൾ വധശിക്ഷ ജീവപര്യന്തമാക്കാൻ ഇടപെടണമെന്ന് ഇരുവരും അഭ്യർത്ഥിച്ചു. സുപ്രീംകോടതി ശിക്ഷ ശരിവെക്കുകയും രാഷ്ട്രപതി ദയാഹർജി തള്ളുകയും ചെയ്തതോടെ തനിക്കൊന്നും ചെയ്യാൻ കഴിയില്ലെന്ന് സുകുമാർ അഴീക്കോട് പറഞ്ഞു. മരണത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും സുകുമാർ അഴീക്കോട് റിപ്പർ ചന്ദ്രനോട് സംസാരിച്ചിരുന്നുവെന്ന് അന്നത്തെ ജയിൽ സൂപ്രണ്ടായിരുന്ന കരുണാകരൻ പിന്നീട് മാതൃഭുമിയോട് ഓർമ പങ്കിടുകയുണ്ടായി.

മാതൃഭൂമി ദിനപ്പത്രം, 07.07.1991

തൂക്കിലേറ്റുമ്പോൾ 41 വയസ്സാണ് ചന്ദ്രന്റെ പ്രായം. 1991 ജൂലൈ 6-ന്റെ പുലർച്ചെ 4.55-ന് ചന്ദ്രനെ തൂക്കിലേറ്റിയത്. തലേദിവസം ഭക്ഷണം കഴിച്ചില്ല. ഉറങ്ങിയതുമില്ല. പുലർച്ചെ മൂന്നിന് കുളിപ്പിച്ച് പുതിയ വസ്ത്രം ധരിപ്പിച്ചു. അവസാനത്തെ ആഗ്രഹം എന്തെങ്കിലുമുണ്ടോയെന്ന് സൂപ്രണ്ട് കരുണാകരൻ ചോദിച്ചപ്പോൾ 'ഒന്നുമില്ലെ'ന്ന് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. തുടർന്ന് ജയിലിലെ ഇടനാഴിയിലൂടെ നേരേ തൂക്കുമരത്തിലേക്ക് ശാന്തതയോടെ നടന്നു. കൈകൾ പിറകിലേക്ക് കെട്ടി മുഖംമൂടി ധരിപ്പിച്ചു. തൂക്കിലേറ്റാൻ ആരാച്ചാർ ഉണ്ടായിരുന്നില്ല. ജയിലിന് പുറത്തുള്ള രണ്ടുപേരും ജയിൽ ജീവനക്കാരും സൂപ്രണ്ടും ചേർന്ന് നടപടിക്രമങ്ങളിലേക്ക് കടന്നു. തൂക്കിലേറ്റാൻ ഒരുമിനിറ്റ് മാത്രം ബാക്കി നിൽക്കെ, കനത്ത നിശ്ശബ്ദത.

റിപ്പർ ചന്ദ്രന്റെ ഹൃദയമിടിപ്പ് അരികിലുള്ളവർക്ക് വ്യക്തമായി കേൾക്കാം.

സമീപത്തെ ഉദ്യോഗസ്ഥരുടെ നെഞ്ചിടിപ്പും കൂട്ടിക്കൊണ്ടിരുന്നു. ആരും പരസ്പരം നോക്കുകപോലും ചെയ്തില്ല. കോടതി വിധി നടപ്പാക്കാൻ പോകുകയാണെന്ന് മുഴുവൻ ധൈര്യവും സംഭരിച്ച് സൂപ്രണ്ട് കരുണാകരൻ പറഞ്ഞു.

നേർത്ത സ്വരത്തിൽ ചന്ദ്രൻ പറഞ്ഞു: 'ഞാൻ തയ്യാറാണ് സാർ...'

മനിലയിൽനിന്നാണ് തൂക്കുകയർ എത്തിച്ചത്. തൂക്കിലേറ്റുന്നയാളുടെ രണ്ടിരട്ടി ഭാരം താങ്ങാൻ ശേഷിയുള്ള കയറിൽതീർത്ത കുരുക്ക് കഴുത്തിൽ മുറുക്കി. ലിവർ വലിച്ചതോടെ നിമിഷാർധത്തിൽ ചന്ദ്രൻ തൂങ്ങിയാടി. 

മൃതദേഹം കരിന്തളത്ത് അച്ഛനെ സംസ്‌കരിച്ചയിടത്ത് അടക്കം ചെയ്യണമെന്ന് ചന്ദ്രന്റെ അന്ത്യാഭിലാഷം നടപ്പിലായില്ല. മൃതദേഹം കൊണ്ടുപോകാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കാമെന്ന് ജയിലധികാരികൾ ഏറ്റതായിരുന്നു. ജനരോഷം ഭയന്ന് മൃതദേഹം ഏറ്റുവാങ്ങാൻ സഹോദരൻ ചാണ്ടി ജയിലിൽ എത്തിയില്ല.

[object Object]

സിബി മലയിൽ സംവിധാനം ചെയ്ത 'സദയം' എന്ന സിനിമയിൽ റിപ്പർ ചന്ദ്രൻ തടവിൽ കഴിഞ്ഞിരുന്ന ജയിൽമുറി കടന്നുവന്നിട്ടുണ്ട്. എം.ടി.ക്ക് മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത സദയത്തിന്റെ കുറേഭാഗം ചിത്രീകരിച്ചത് കണ്ണൂർ സെൻട്രൽ ജയിലിൽ വെച്ചായിരുന്നു. മുഖ്യകഥാപാത്രമായ സദാനന്ദനായി അഭിനയിച്ച മോഹൻലാലിന്റെ ജയിൽജീവിതം റിപ്പർ ചന്ദ്രൻ കഴിഞ്ഞിരുന്ന ജയിൽമുറിയിലായിരുന്നു ചിത്രീകരിച്ചത്. ചിത്രത്തിലെ അവസാനരംഗത്ത് മോഹൻലാലിന്റെ കഴുത്തിൽ അണിയിച്ച കയർ, പതിമൂന്ന് വർഷം മുമ്പ് ഒരാളെ തൂക്കിലേറ്റാൻ ഉപയോഗിച്ചതായിരുന്നു. അഞ്ചാംപാതിരയിൽ ഇന്ദ്രൻസിന്റെ കഥാപാത്രം ഉണ്ടായത് റിപ്പർ ചന്ദ്രനിൽ നിന്ന്. കഥകളിലും നോവലുകളിലും മറുപേരുകളിൽ മറുസ്ഥലങ്ങളിൽ റിപ്പർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Content Highlights: Ripper Chandran was a notorious serial killer active in Northern Kerala during the 1980s., He was known for his brutal 'Ripper' style attacks, using a pickaxe or hammer to kill victims., He was arrested in 1986 and sentenced to death in 1987 for his multiple crimes., He was executed at Kannur Central Jail on July 6, 1991