'ഞങ്ങളുടെ പലായനക്കഥകള്‍ നിങ്ങള്‍ക്ക് വായിച്ച് സഹതപിക്കാനുള്ള സാഹിത്യസൃഷ്ടികള്‍ മാത്രമാണോ?'

#മായ കടത്തനാട്
ഫോട്ടോ: എ.എഫ്.പി
ഫോട്ടോ: എ.എഫ്.പി

പലസ്തീനിയന്‍- അമേരിക്കന്‍ സാഹിത്യവിമര്‍ശകന്‍ എഡ്വാര്‍ഡ് സെയ്ദ് തന്റെ 'റിഫ്‌ളക്ഷന്‍സ് ഓണ്‍ എക്‌സൈല്‍' എന്ന പുസ്തകത്തില്‍ പലസ്തീന്‍ സാഹിത്യത്തെ 'ഏജ് ഓഫ് റഫ്യൂജീസ്' എന്നാണ് വിശേഷിപ്പിക്കുന്നത്. പതിനെട്ട് മുതല്‍ ഇരുപതാം നൂറ്റാണ്ടുവരെയുള്ള സാഹിത്യത്തില്‍ സംസ്‌കാരത്തിനുമേല്‍ സാമ്രാജ്യത്വം ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് സംസ്‌കാരവും സാമ്രാജ്യത്വവും (Culture and Imperialism) എന്ന പുസ്തകത്തില്‍ അദ്ദേഹം വിശദമായി പ്രതിപാദിക്കുന്നുണ്ട്. പൗരസ്ത്യവാദസിദ്ധാന്തങ്ങളുടെ ഉണര്‍ച്ചയിലേക്കായിരുന്നു യഥാര്‍ഥത്തില്‍ ഈ പുസ്തകം നയിച്ചത്. ആധുനിക പാശ്ചാത്യനാഗരികതയും കൊളോണിയല്‍ പ്രദേശങ്ങളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന അന്വേഷണവും സെയ്ദ് നടത്തുന്നുണ്ട്. ബ്രിട്ടീഷ് സാമ്രാജ്യം പടുത്തുയര്‍ത്തുന്നതില്‍ ജെയ്ന്‍ ഓസ്റ്റിന്‍, ജോസഫ് കൊണ്‍റാഡ്, ഇ. എം ഫോസ്റ്റര്‍, റുഡിയാര്‍ഡ് കിപ്ലിങ് തുടങ്ങിയ നോവലിസ്റ്റുകള്‍ വഹിച്ച പങ്കിനെക്കുറിച്ച്  വിശദമാക്കുന്ന സെയ്ദ് നാടുകടക്കുന്നവര്‍ സാഹിത്യത്തിനു നല്‍കിയതെന്ത് എന്ന് അര്‍ഥഗര്‍ഭമായി സൂചിപ്പിക്കുന്നു. 

ബ്രിട്ടീഷ് നോവലിസ്റ്റുകളായ ജെയ്ന്‍ ഓസ്റ്റിന്‍, ജോസഫ് കോണ്‍റാഡ്, ഇ.എം.ഫോര്‍സ്റ്റര്‍, റുഡ്യാര്‍ഡ് കിപ്ലിംഗ് എന്നിവര്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സ്ഥാപനത്തിലും പരിപാലനത്തിലും ചെലുത്തിയ സ്വാധീനവും കോളനിവല്‍ക്കരണം, സാമ്രാജ്യത്വ വിരുദ്ധത, അപകോളനിവല്‍ക്കരണം തുടങ്ങിയവ പാശ്ചാത്യരെ എങ്ങനെ സ്വാധീനിച്ചുവെന്നും സംസ്‌കാരവും സാമ്രാജ്യത്വവും എന്ന പുസ്തകം ഉദാഹരണങ്ങളോടെ ചര്‍ച്ച ചെയ്യുന്നുണ്ട്. 1719ല്‍ പ്രസിദ്ധീകരിച്ച ഡാനിയല്‍ ഡിഫോയുടെ നോവല്‍ റോബിന്‍സണ്‍ ക്രൂസോ പാശ്ചാത്യ സാഹിത്യത്തിലെ അത്തരം ആശയങ്ങള്‍ക്ക് മാതൃകയാണെന്ന് കൃതിയുടെ തുടക്കത്തില്‍ സെയ്ദ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഗാസ പച്ചയ്ക്കുനിന്നു കത്തുന്ന സാഹചര്യത്തില്‍ സാഹിത്യത്തിലെ കോളനിവല്‍ക്കരണം വീണ്ടും ചര്‍ച്ചയാവുകയാണ്. ഇസ്രയേലിന്റെ അധിനിവേശമാണ് പലസ്തീനില്‍ പതിറ്റാണ്ടുകളായി നടന്നുകൊണ്ടിരിക്കുന്നത് എന്ന് ആരോപിക്കുന്നു പലസ്തീനിയന്‍ എഴുത്തുകാര്‍. 2023 ഒക്ടോബര്‍ ഏഴിന് നടന്ന സംഭവത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ഇന്ത്യ ഇസ്രയേലിനെ പിന്തുണക്കുന്നു എന്നാരോപിച്ചുകൊണ്ട് ഇന്ത്യയോട് ചരിത്രത്തെ മറക്കരുത് എന്ന ഓര്‍മപ്പെടുത്തലാണ് പലസ്തീനിയന്‍- അമേരിക്കന്‍ എഴുത്തുകാരിയും മനുഷ്യാവകാശപ്രവര്‍ത്തകയുമായ സൂസന്‍ അബ്ദുള്‍ഹാവ ഇന്ത്യയ്ക്ക് നല്‍കിയത്. സെയ്ദ് വിശേഷിപ്പിച്ച 'ഏജ് ഓഫ് റഫ്യൂജീസ്' കാലഘട്ടത്തില്‍ നിന്നും ഒരടി മുന്നോട്ടുനീങ്ങാനാവുന്നില്ല എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഗാസയില്‍ ചിതറിത്തെറിച്ച ആയിരക്കണക്കിന് ജീവനുകള്‍. 

പലസ്തീനിയന്‍- അമേരിക്കന്‍ എഴുത്തുകാരിയും മനുഷ്യാവകാശപ്രവര്‍ത്തകയുമായ സൂസന്‍ അബ്ദുള്‍ഹാവയുടെ പ്രഥമ നോവലായ 'മോണിങ്‌സ് ഇന്‍ ജെനിന്‍' മുപ്പത്തിരണ്ട് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതാണ്. ഒരു മില്യണ്‍ കോപ്പികള്‍ വിറ്റഴിഞ്ഞ ഈ നോവല്‍ സൂസന്‍ അബ്ദുള്‍ഹാവയെ 
ഏറ്റവും വിശിഷ്ടയായ പലസ്തീന്‍ എഴുത്തുകാരിയായി വാഴ്ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. പ്രകാശനത്തിനുമുമ്പേ തന്നെ 19 ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ മറ്റൊരു നോവലായ 'ദ ബ്ലൂ ബിറ്റ്വീന്‍ സ്‌കൈ ആന്‍ഡ് വാട്ടര്‍' എന്ന നോവലിലൂടെ വിശ്വസാഹിത്യത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി മാറാന്‍ സൂസനെ സഹായിച്ചു. പതിമൂന്നാം വയസ്സില്‍ അമേരിക്കയിലേക്ക് കുടിയേറിയ സൂസന്‍ തന്റെ എഴുത്തിന്റെ റോ മെറ്റീരിയലുകളായി സ്വീകരിച്ചതത്രയും ജന്മനാടിന്റെ വേവലാതികളായിരുന്നു. 

ഗാസയുടെ ദുരിതം മുപ്പത്തിരണ്ട് നാള്‍ പിന്നിടുമ്പോള്‍ സൂസന്‍ അബുള്‍ഹാവ  ഇന്ത്യ ടുഡെ എഡിറ്റര്‍ രാജ് ദീപ് സര്‍ദേശായിയുമായി നടത്തിയ സംവാദത്തിന്റെ സംക്ഷിപ്തം ഇതാണ്: 

''ഹമാസ് അപ്രതീക്ഷിതമായി നടത്തിയ ആക്രമണത്തെ ന്യായീകരിക്കനാവില്ല. പക്ഷേ ഗാസയിലെ നിഷ്‌കളങ്കരായ ജനങ്ങള്‍ എന്തുപിഴച്ചു? പക്ഷേ എന്നെ അദ്ഭുതപ്പെടുത്തുന്നതാണ് ഇന്ത്യയുടെ പ്രതികരണം. നെഹ്രുവിന്റെ കാലത്തെ ഇന്ത്യയില്‍ നിന്നും എത്രയോ ദൂരം വഴിമാറിയാണ് നിങ്ങള്‍ സഞ്ചരിക്കുന്നത്. ഇന്ത്യ ഇങ്ങനെ മാറിപ്പോയതില്‍ വളരെയധികം ഖേദിക്കുന്നു. എങ്ങനെയാണ് നിങ്ങള്‍ക്ക് കണ്ണടച്ച് ഇസ്രയേലിനെ പിന്തുണയ്ക്കാന്‍ കഴിഞ്ഞത്? 
നിങ്ങള്‍ ഇപ്പോള്‍ കണ്ട ആക്രമത്തെയാണ് അപലപിക്കുന്നത്. എന്നാല്‍ എല്ലാ ദിവസവും ഇസ്രയേല്‍ സൈന്യം ഓരോ പലസ്തീന്‍ വീടും ലക്ഷ്യമാക്കി 
ആക്രമണങ്ങള്‍ നടത്തിക്കൊണ്ടേയിരിക്കുകയായിരുന്നു എന്ന സത്യത്തിനുനേരെ നിങ്ങള്‍ കണ്ണടച്ചുകളഞ്ഞു. ഓരോ ദിവസവും പലസ്തീനികളെ എല്ലാത്തരതത്തിലും നാമാവശേഷമാക്കിക്കൊണ്ടിക്കുകയാണ് ഇസ്രയേല്‍. ഒരു തരത്തിലുള്ള വര്‍ണവെറിയാണ് നടന്നുകൊണ്ടിരിക്കുന്നത്. വംശഹത്യയാണ് ഗാസയില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഗാസയിലെ സ്‌കൂളുകള്‍, ക്ലിനിക്കുകള്‍, യൂണിവേഴ്‌സിറ്റികള്‍, ആശുപത്രികള്‍ എല്ലാം അവര്‍ തകര്‍ത്തുതരിപ്പണമാക്കി. 
ഭക്ഷണനിര്‍മാണശാലകള്‍ ബോംബിട്ട് നശിപ്പിച്ചു. വെള്ളവും വെളിച്ചവുമില്ല. ഇന്ധനങ്ങളില്ല, വാഹനസംവിധാനങ്ങള്‍ എല്ലാം തകര്‍ക്കപ്പെട്ടു. ഗാസയിലെ കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ നിങ്ങള്‍ കാണുന്നില്ലേ? കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം എത്രയെന്ന് നിങ്ങള്‍ക്കറിയാമോ? ഒരു കുഞ്ഞിന്റെ വിയോഗം സഹിക്കാന്‍ കഴിയുമോ നമുക്ക്? കൊല്ലപ്പെട്ട മാതാപിതാക്കളുടെ കുഞ്ഞുങ്ങളെത്തേടി ആരും ഇറങ്ങിയിട്ടില്ല, എത്രപേര്‍ ജീവനോടെ ഉണ്ടെന്നറിയില്ല. 

പാശ്ചാത്യം എഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയോട് ചെയ്തതെല്ലാം എത്ര എളുപ്പത്തിലാണ് നിങ്ങള്‍ മറന്നുകളഞ്ഞത്? ഇപ്പോള്‍ നിങ്ങള്‍ ഒരു 
പാശ്ചാത്യകൊളോണിയല്‍ രാജ്യത്തിന് ഓശാനപാടുകയാണ് ചെയ്യുന്നത്. നിങ്ങള്‍ പലസ്തീനിലേക്ക് ഒന്നു കണ്ണുതുറന്നുനോക്കൂ. ഞങ്ങളുടെ പലായനക്കഥകള്‍ നിങ്ങള്‍ക്ക് വായിച്ച് സഹതപിക്കാനുള്ള സാഹിത്യസൃഷ്ടികള്‍ മാത്രമാണോ? 

മാനുഷികപ്രതിസന്ധി എന്നുപറഞ്ഞ് ഇൗ പ്രശ്‌നത്തെ ചെറുതാക്കി കാണിക്കരുത്. ഇത് വംശവെറിയില്‍ നിന്നുടലെടുത്ത വംശഹത്യയാണ്. മാനുഷിക പ്രതിസന്ധികള്‍ വല്ലപ്പോഴും സംഭവിക്കുന്നതും പരിഹരിക്കപ്പെടുന്നതുമായ ഒന്നാണ്. ഇത് കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്നു. പലസ്തീനെ ഇസ്രയേല്‍ തന്റെ കോളനിയാക്കി അടക്കിവെക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പലസ്തീന്‍ അത് അനുവദിച്ചുകൊടുക്കുകയില്ല. 

വര്‍ഷങ്ങളായി പലസ്തീന്‍ ജനത അനുഭവിച്ചുകൊണ്ടിരുന്ന ദുരിതങ്ങളുടെ സ്‌ഫോടനമാണ് ഒക്ടോബര്‍ ഏഴിന് സംഭവിച്ചത്. ഒരു നൂറ്റാണ്ടുകാലം കോളനിവത്ക്കരിക്കപ്പെട്ടുകഴിയേണ്ടി വന്ന ഇന്ത്യയ്ക്ക് പലസ്തീന്റെ കോളനിദുരിത ജീവിതം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല എന്നത് ഖേദകരമാണ്. ഹമാസ് പലസ്തീന്‍ വിമോചന മുന്നണിപ്പോരാളികളാണ്. അവര്‍ തദ്ദേശീയരാണ്. പിതാവും മാതാവും മക്കളും പങ്കാളികളും ബന്ധുക്കളും സുഹൃത്തുക്കളും നഷ്ടമായവരുടെ കൂട്ടത്തിലാണ് അവര്‍. സ്വന്തം രാഷ്ട്രത്തിനുവേണ്ടിയുള്ള നിസ്സഹായരുടെ എതിര്‍ത്തുനില്‍പ്പിന്റെ കണ്ണീരാണ് നിങ്ങള്‍ കാണുന്നത്. നിഷ്‌കളങ്കരായ ജനങ്ങളാണ് ഇരയായിരിക്കുന്നത്. എത്രയെത്ര കുഞ്ഞുങ്ങള്‍, കണ്ണുതുറന്നുനോക്കൂ, ഇസ്രയേല്‍ നടത്തുന്നു രാസായുധാക്രമണത്തില്‍ കരിഞ്ഞുവീഴുന്ന മക്കളെ നോക്കി പലസ്തീന്‍ മാതാപിതാക്കള്‍ കണ്ണുനീര്‍ വറ്റി ഇരിക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ? 

സൂസന്‍ അബുള്‍ഹാവ

നിങ്ങളെ സംബന്ധിച്ചിടത്തോളം പലസ്തീന്‍ ചരിത്രം തുടങ്ങുന്നത് ഈ ഒക്ടോബര്‍ ഏഴിനാണ്. അതുവരെയുള്ള പലസ്തീന്‍ ചരിത്രമോ ജീവിതമോ നിങ്ങളുടെ വിഷയമേ ആകുന്നില്ല. ഞങ്ങളുടെ സമ്പത്ത്, സംസ്‌കാരം, അഖണ്ഡത, വിദ്യാഭ്യാസം...എല്ലാം ഈ ദുരിതത്തില്‍ ഒടുങ്ങിപ്പോവുകയാണ്. ഇസ്രയേലിന് എന്ത് അധികാരമാണ് പലസ്തീന്‍ ജനതയ്ക്കുമേല്‍ ഉള്ളത്? എക്കാലവും അടിച്ചമര്‍ത്തപ്പെട്ട ഒരു രാജ്യം തന്റെ സഹനം മറക്കുന്നത് സ്വാഭാവികമാണ്. പ്രതിഷേധത്തിന്റെ ഭാഷയെക്കുറിച്ച് ഞാന്‍ പറയേണ്ടതില്ല. 

രണ്ട് രാജ്യങ്ങളിലെയും നിസ്സഹായരായ ജനങ്ങള്‍ കൊല്ലപ്പെടുന്നതിനെക്കുറിച്ച് അപലപിക്കുന്നവരോടാണ്- അമിതാധികാരം, അധികം മിലിറ്ററി പവര്‍, കരുത്തുറ്റ സാമ്പത്തികഭദ്രത, അമിതപിന്തുണ...ഇതൊക്കെയാണ് ഒരു രാജ്യത്തെ കണ്ണടച്ചു പിന്തുണയ്ക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍. എതിര്‍വശത്തുള്ള രാജ്യം സ്വന്തമായി നില്‍ക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് എന്ന കാര്യം നിങ്ങള്‍ സൗകര്യപൂര്‍വം മറക്കുന്നു. യുദ്ധമുഖരിതമായ ജീവിതം മടുത്ത് പലരും സ്വന്തം രാജ്യത്തെ ഉപേക്ഷിച്ച് പോകുകയാണ്. മറ്റൊരിടത്തില്‍ അഭയാര്‍ഥികളായി അവര്‍ കാലം കഴിച്ചുകൂട്ടുന്നു. നോക്കൂ എന്തൊരു ദുരന്തമാണിത്. ഇതിന് ഒരു അവസാനമുണ്ടാകാന്‍ ആരായാലും ആയുധമെടുത്ത് പ്രതിരോധിക്കില്ലേ? അതല്ലേ ഹമാസ് ചെയ്തത്?

ഇസ്രയേല്‍ ഇത്ര കാലമായി നടത്തിക്കൊണ്ടിരുന്ന അതിക്രൂരമായ ആക്രമണങ്ങളെക്കുറിച്ച് ഞാന്‍ നിങ്ങള്‍ക്ക് തെളിവ് സഹിതം വിവരിച്ചുതരാം. സമാധാനം പുനഃസ്ഥാപിക്കാന്‍ ഇനിയെന്തുചെയ്യണം എന്നാലോചിക്കൂ എന്ന് എല്ലാവരും പറയുന്നു. ഞങ്ങള്‍ക്ക് എല്ലാം നഷ്ടപ്പെട്ടില്ലേ? ഞങ്ങളുടെ കൈയില്‍ ഒന്നുമില്ല. സാമ്പത്തികമോ സമാധാനമോ ഒന്നും... ഇരുരാജ്യങ്ങള്‍ക്കിടയില്‍ സമാധാനത്തിന്റെ പാലം നിര്‍മിക്കാന്‍ ഞങ്ങള്‍ക്കാവില്ല. അക്രമവും പ്രതികാരവും രക്തവുമാണ് ഇവിടെ അധികാരികളായിട്ടുള്ളത്. ഈ വംശഹത്യ തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ അന്താരാഷ്ട്രസമൂഹം നോക്കിയിരിക്കുന്നതെന്താണെന്ന് മനസ്സിലാവുന്നില്ല. ഞങ്ങള്‍ ഒരു ജീവിതം അര്‍ഹിക്കുന്നു, ഒരു കുടുംബം അര്‍ഹിക്കുന്നു. ഒരു വീട് അര്‍ഹിക്കുന്നു, ഒരു സമൂഹം അര്‍ഹിക്കുന്നു, ഒരു രാജ്യം അര്‍ഹിക്കുന്നു. അന്തസ്സോടെ മാതൃരാജ്യത്ത് ജീവിക്കാന്‍ ഞങ്ങള്‍ക്ക് അര്‍ഹതയുണ്ട്. സാര്‍വത്രിക അന്തസ്സും സ്വാതന്ത്ര്യവും ഞങ്ങള്‍ അര്‍ഹിക്കുന്നു. മൃഗങ്ങളെപ്പോലെ പീഡിപ്പിക്കുന്ന ഒരു കോളനിയില്‍ നിന്നാണ് ഞങ്ങള്‍ക്ക് മോചനം വേണ്ടത്. സ്വന്തം രാജ്യം മറ്റൊരു രാജ്യത്തിന്റെ കോണ്‍ണ്‍ട്രേഷന്‍ ക്യാംപാവുന്ന അവസ്ഥയില്‍ നിന്നും ഞങ്ങള്‍ക്ക് മോചനം വേണം. യുദ്ധമില്ലാത്ത, രക്തച്ചൊരിച്ചിലില്ലാത്ത, ഭക്ഷണവും വെള്ളവും വിദ്യാഭ്യാസവുമുള്ള രാജ്യത്തെയാണ് ഞങ്ങള്‍ക്ക് തിരികെ വേണ്ടത്. ഞങ്ങള്‍ക്കും സ്വപ്‌നങ്ങളുണ്ട്. അന്താരാഷ്ട്ര സമൂഹത്തോടാണ് ഞങ്ങള്‍ ഇതെല്ലാം ആവശ്യപ്പെടുന്നത്. ഒക്ടോബര്‍ ഏഴിന് 
എന്താണ് സംഭവിച്ചതെന്ന് ചോദിക്കുന്നവരോട് തിരിച്ചുചോദിക്കുകയാണ്, അതുവരെ സംഭവിച്ചുകൊണ്ടിരുന്നതെന്താണെന്ന് പറഞ്ഞുതരാമോ? ഇപ്പോള്‍ 
ഗാസയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്താണെന്നും പറഞ്ഞുതരാമോ? ''

അഭയാര്‍ഥി സാഹിത്യത്തെക്കുറിച്ച് അക്കാദമിക ചര്‍ച്ചകളും സെമിനാറുകളും യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലും യാതൊരു മുടക്കുമില്ലാതെ നടന്നുകൊണ്ടിരിക്കുമ്പോള്‍ സൂസന്‍ അബുള്‍ഹാവയുടെ ചോദ്യങ്ങള്‍ക്കുമുമ്പില്‍ ഇന്ത്യമാത്രമല്ല, ലോകരാജ്യങ്ങളൊന്നാകെ ഉത്തരം മുട്ടുകയാണ്. ഐക്യരാഷ്ട്രസഭയ്ക്ക് ഒതുങ്ങാത്ത ഇസ്രയേല്‍ ഗാസയില്‍ വര്‍ഷിക്കുന്ന ബുള്ളറ്റുകള്‍ ജീവനും സംസ്‌കാരവും തുളച്ച് മുന്നേറുമ്പോള്‍ 'അപലപിക്കുക' എന്ന വാക്കിന്റെ ഏറ്റവും ദുര്‍ബലമായ അവസ്ഥയാണ് ഐക്യരാഷ്ട്രസഭയ്ക്കു നേരിടേണ്ടി വരുന്നത്. 

പ്രതിരോധിക്കാന്‍ ആഹ്വാനം ചെയ്യുന്ന ദാരീന്‍ ടാറ്റൂര്‍

പലസ്തീന്‍ കവിയും മനുഷ്യാവകാശപ്രവര്‍ത്തകയും ഫോട്ടോഗ്രാഫറുമായ ദാരീന്‍ ടാറ്റൂര്‍ 2015 ഒക്ടോബര്‍ പതിനൊന്നിന് വീട്ടുതടങ്കലിലാക്കപ്പെട്ടത് മതതീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ചായിരുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ അക്രമോത്സുകമായ വാക്കുകള്‍ പടച്ചുവിടുന്നു എന്നായിരുന്നു അവര്‍ക്കെതിരെയുള്ള ഇസ്രയേല്‍ പോലീസിന്റെ കുറ്റാരോപണം. 2015 ജനുവരി വരെ വീട്ടുതടങ്കലിലാക്കപ്പെട്ടു ദാരീന്‍. ഇസ്രയേലിലെ ഏറ്റവും വലിയ പലസ്തീന്‍ അറബ് സിറ്റിയായ നസ്രേത്തില്‍ വെച്ചായിരുന്നു ദാരീന്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. രണ്ടുമില്യന്‍ പലസ്തീന്‍ അറബി ജനത ഉദ്യോഗത്തിലും കച്ചവടത്തിലും ഏര്‍പ്പെട്ട് ജീവിക്കുന്ന ഇസ്രയേലില്‍ നിന്നുകൊണ്ടുതന്നെ പലസ്തീന്‍വാദം സാമൂഹികമാധ്യമങ്ങളിലൂടെ ആളിക്കത്തിച്ചു എന്നതായിരുന്നു ദാരീനെതിരെയുള്ള ആരോപണം. 

Resist, My people, resist Them
Until Evict them from my land.
I cast them aside for a coming time.
Resist, my people, resist them. 

ദാരീന്‍ ടാറ്റൂര്‍

ദാരീന്‍ അറസ്റ്റുചെയ്യപ്പെടാനിടയായ തീപ്പൊരി വരികളാണിവ. മൂന്നുവര്‍ഷക്കാലം വീട്ടുതടങ്കലിലാക്കി ഇസ്രയേല്‍ പോലീസ് ദാരീനെ. മാതൃഭാഷയായ അറബിക്കിലാണ് ദാരീന്റെ എഴുത്ത്. തന്റെ യൂട്യൂബ് ചാനലിലൂടെ പ്രകോപനപരവും തീവ്രപലസ്തീന്‍ വികാരമുണര്‍ത്തുന്നതുമായ കവിതകള്‍ വീഡിയോ സഹിതം പോസ്റ്റുചെയ്യുകയും രാജ്യത്തിനകത്ത് നിന്നുകൊണ്ട് ആന്റി ഇസ്രയേല്‍ സെന്റിമെന്റ്‌സ് വളര്‍ത്താന്‍ സഹായിക്കുകയും ചെയ്തു എന്ന കുറ്റം ആരോപിച്ചുകൊണ്ട് 2018-ല്‍ ദാരീന്‍ വീണ്ടും അറസ്റ്റിലായി. വിചാരണയ്ക്കുശേഷം അഞ്ചുമാസം തടവ് വിധിച്ചു. തീവ്രവാദ സംഘടനകളെ പരിപോഷിപ്പിക്കുന്നു എന്നതായിരുന്നു ദാരീനെതിരെ ചുമത്തിയ കുറ്റം. കവിതയല്ലേ, സാഹിത്യമല്ലേ എന്ന ഇളവ് അപ്പീലായി പരിഗണിക്കുകയും ദാരീന്‍ സ്വതന്ത്രയാവുകയും ചെയ്തു. പിറ്റെ വര്‍ഷം ഓക്‌സ്ഫഡ് നോവിബ് പെന്‍ ഫോര്‍ ഫ്രീഡം ഓഫ് എക്‌സ്പ്രഷന്‍ അവാര്‍ഡ് നേടിയാണ് ദാരീന്‍ ഇസ്രയേല്‍ ഭരണകൂടത്തിനുമുമ്പില്‍ സ്വയം തെളിയിച്ചത്. വിചാരണവേളയില്‍ ദാരീന്റെ കവിതകള്‍ വിശദമായി പരിശോധിച്ച നസ്രേത്ത് ജില്ലാകോടതി കവി എന്ന നിലയില്‍ ദാരീനുള്ള സാമൂഹിക സ്വീകാര്യതയെ ഉള്‍ക്കൊണ്ടുകൊണ്ട് സര്‍ഗാത്മകതയ്ക്കുനല്‍കേണ്ടതായ സ്വാതന്ത്ര്യത്തെക്കുറിച്ച് ഭരണകൂടത്തെ ബോധവത്ക്കരിക്കുകയായിരുന്നു ചെയ്തത്. 

ഗാസ വീണ്ടും ബോംബാക്രമണത്തില്‍ കത്തിച്ചാരമാവുമ്പോള്‍ ദാരീന്റെ കവിതകള്‍ വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒക്ടോബര്‍ പതിമൂന്നിന് ദാരീന്‍ ട്വീറ്റ് ചെയ്ത Bombardment എന്ന കവിതയാണിത്. 

Bombardment 
You, sadness and I 
I have naught
For in my own country I've lost it all
Leaving behind me a mother gone mad 
Looking for my shreds
To lay me to rest  
And have a tomb of my own like any departed human should

സ്വന്തമായി തങ്ങള്‍ക്കിനിയുള്ളത് ശവകുടീരം മാത്രമാണെന്ന് ലോകത്തെ ഓര്‍മപ്പെടുത്തുകയാണ് ദാരീന്റെ വരികള്‍. ഒരു രാജ്യം, ഒരു സംസ്‌കാരം, പതിനായിരക്കണക്കിന് ജീവനുകള്‍, പ്രതീക്ഷകള്‍, സന്തോഷങ്ങള്‍...ഇവയെല്ലാം നിമിഷങ്ങളുടെ ഇടവേളകള്‍കൊണ്ട് ശവക്കോട്ടകളായി മാറുകയാണ്. പ്രതിരോധിക്കുന്ന വിരലുകള്‍ക്ക് ജീവനുണ്ടെങ്കിലല്ലേ അക്ഷരങ്ങള്‍ക്ക് പിറവിയുള്ളൂ.

Content Highlights: Refugee Literature, Susan Abulhawa, Dareen Tatour, Mathrubhumi