വായന ഒരു സാമൂഹിക മുന്നേറ്റമാണ്, കബ്ബണ്‍ പാര്‍ക്കില്‍ വായന ഒരു വിപ്ലവവും!

#നിവിന്‍ തൈക്കണ്ടി
കബ്ബൺ പാർക്കിലെ വായനക്കാർ
കബ്ബൺ പാർക്കിലെ വായനക്കാർ

ബംഗളുരു നഗരത്തിന്റെ ശ്വാസകോശങ്ങളിലൊന്ന്, എന്ന് വിളിക്കാവുന്നയിടമാണ് മുന്നൂറ് ഏക്കറില്‍ പരന്നുകിടക്കുന്ന കബ്ബണ്‍ പാര്‍ക്ക്.
നൂറ്റാണ്ടിനുമേല്‍ പ്രായമുള്ള മുത്തച്ഛന്‍ മരങ്ങളും അതിനെയൊക്കെ ആശ്രയിച്ച് ജീവിക്കുന്ന അനേകം ചെറുജീവികളുമടങ്ങിയ സമൃദ്ധമായൊരു ആവാസസമ്പത്ത് അവകാശപ്പെടാനുണ്ട് ഈ പാര്‍ക്കിന്.

എല്ലാ ശനിയാഴ്ചകളിലും രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ വായന ഇഷ്ടപ്പെടുന്ന നൂറുകണക്കിനാളുകള്‍ കബ്ബണ്‍ പാര്‍ക്കില്‍ പുസ്തകങ്ങളുമായി ഹാജരുണ്ടാവും. നഗരത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന ഈ വായനക്കാരില്‍ വായനയുടെ ലോകത്തേക്ക് പിച്ചവച്ച് തുടങ്ങുന്ന കുഞ്ഞുങ്ങള്‍ മുതല്‍ വിശ്രമജീവിതം നയിക്കുന്ന മുതിര്‍ന്നവര്‍വരെയുണ്ടാവും.

''കബ്ബണ്‍ ONG' എന്ന ഈ വായനാക്കൂട്ടായ്മയെ ആകര്‍ഷകമാക്കുന്നത് ആളുകളുടെ വ്യക്തിസ്വാതന്ത്യത്തെ അങ്ങേയറ്റം മാനിച്ചുകൊണ്ടുള്ള അതിന്റെ സംഘടനാ സ്വഭാവം തന്നെയാണ്. യാതൊരു തരത്തിലുള്ള നിയമാവലികളുമില്ല. അംഗത്വമോ വരിസംഖ്യയോ ഇല്ല. വരികയും പോവുകയും ചെയ്യുന്ന ആളുകളുടെ പേരുവിവരങ്ങള്‍ ശേഖരിക്കപ്പെടുന്നില്ല. നിര്‍ബന്ധിതമായ പരിചയപ്പെടുത്തലുകളില്ല. ഔപചാരികമായ ചര്‍ച്ചകള്‍ ഇല്ല. ഇഷ്ടമുള്ളപ്പോള്‍ വരാം, ഇഷ്ടമുള്ളപ്പോള്‍ പോകാം, ഇഷ്ടമുള്ളിടത്തിരിക്കാം ഇഷ്ടമുള്ളത് വായിക്കാം. എല്ലാത്തരം ആളുകളെയും ഉള്‍ക്കൊള്ളുന്ന, സ്വാഗതം ചെയ്യുന്ന ഒരിടം. 

2022 ഡിസംബറില്‍ ശ്രുതി, ഹര്‍ഷ് എന്നീ രണ്ടു സുഹൃത്തുക്കള്‍ വാരാന്ത്യങ്ങളില്‍ കബ്ബണ്‍ പാര്‍ക്കിലേക്ക് സൈക്കിള്‍ സവാരി നടത്തുകയും അത് കഴിഞ്ഞുള്ള ഏതാനും മണിക്കൂറുകള്‍ പാര്‍ക്കിലെ മരങ്ങളുടെ തണലില്‍ പുസ്തകങ്ങള്‍ വായിക്കാനായി മാറ്റിവയ്ക്കുകയും ചെയ്തു. ഈ ചിത്രങ്ങള്‍ ഇന്‍സ്റ്റ്ഗ്രാമിലൂടെ പങ്കുവച്ചത് കണ്ട് ഇരുവരുടെയും സുഹൃത്തുക്കള്‍കൂടി അടുത്തയാഴ്ച വായനയില്‍ പങ്കുചേര്‍ന്നു. ഇന്‍സ്റ്റഗ്രാമിലൂടെ കണ്ടറിഞ്ഞ് തൊട്ടടുത്ത ആഴ്ചകളില്‍ കൂടുതല്‍ സുഹൃത്തുക്കള്‍ എത്തിത്തുടങ്ങി. പിന്നീടങ്ങോടുള്ള ശനിയാഴ്ചകളില്‍ അപരിചിതരായ നിരവധിയാളുകള്‍ പുസ്തകവുമായെത്തുന്ന കാഴ്ചയ്ക്കാണ് കബ്ബണ്‍ പാര്‍ക്ക് സാക്ഷ്യം വഹിച്ചത്. 'കബ്ബണ്‍ ONG' എന്നു പേരിട്ട വായനക്കാരുടെ ഈ കൂട്ടായ്മയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി ട്വിറ്ററില്‍ പങ്കുവെച്ചതോടുകൂടിയാണ് ഇതൊരു സാമൂഹിക മുന്നേറ്റമായി ദേശീയ ശ്രദ്ധയാകര്‍ഷിച്ചത്. പ്രധാന ദേശീയ മാധ്യമങ്ങളെല്ലാം വാര്‍ത്തയേറ്റുപിടിച്ചു.

നിശബ്ദം ഇരുന്നുവായിക്കാനായി അറുനൂറോളം ആളുകള്‍ കബ്ബണ്‍ പാര്‍ക്കിലേക്ക് ഒഴുകിയെത്തി. ഏതാനും മാസങ്ങള്‍ കൊണ്ട് ഇന്ത്യയ്ക്കകത്തും പുറത്തുമായി അറുപതിലധികം നഗരങ്ങളില്‍ കബ്ബണ്‍ റീഡ്മിന്റെ ചാപ്റ്ററുകള്‍ തുറക്കപ്പെട്ടു. കേരളത്തിനകത്ത് ''ട്രിവാന്‍ഡ്രം OIA' 'കൊച്ചി റീഡ്‌സ്'' ''തൃശൂര്‍ IAG, ''കാലിക്കറ്റ് റീഡ്‌സ്'' എന്നീ ചാപ്റ്റുകള്‍ നിലവില്‍ വന്നു. കബ്ബണ്‍ റീഡ്‌സിലെ വായനക്കാരിലൊരാള്‍ പറയുന്നതിങ്ങനെ; ''വായിക്കാന്‍ വേണ്ടി മാത്രമായി ഈ സമയം നീക്കിവെക്കുന്നത് കൊണ്ട് മറ്റുകാര്യങ്ങളിലേക്ക് ശ്രദ്ധ തിരിയാന്‍ സാധ്യത കുറവാണ്. വായന പൂര്‍ത്തിയാക്കിയിട്ടുമാത്രമേ തിരികെ പോവുകയുള്ളൂ.''കര്‍ശന നിയമാവലികള്‍ ഒന്നുമില്ലെങ്കിലും പൊതുവായി മുന്നോട്ടുവയ്ക്കുന്ന ചില നിര്‍ദ്ദേശങ്ങളുണ്ട്, ഈ കൂട്ടായ്മയ്ക്ക്. അത് സഹവായനക്കാര്‍ക്ക് നല്ലൊരു വായനാന്തരീക്ഷം ഉറപ്പുവരുത്താന്‍ മാത്രം ഉദ്ദേശിച്ചുള്ളവയാണ്. അതില്‍ ഒന്നാമത്തെ കാര്യമാണ് വാണിജ്യ ലക്ഷ്യങ്ങളോടുകൂടിയുള്ള വില്‌നകളും പ്രമോഷനുകളും ഈ കൂട്ടായ്മക്കകത്തേക്ക് കൊണ്ടുവരാതിരിക്കല്‍. കൂടാതെ, വായനയില്‍ മുഴുകിയിരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കുക, മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കുക തുടങ്ങിയ ചില പ്രാഥമികമായ പെരുമാറ്റ മര്യാദകള്‍ വായനക്കാര്‍ ഉത്തരവാദിത്വത്തോടെ പാലിച്ചുവരുന്നുണ്ട്.  

വായനക്കാരില്‍ അന്തര്‍മുഖരോ സോഷ്യല്‍ ആങ്‌സൈറ്റി ഉള്ളവരോ ഉണ്ടാകാം. അതുകൊണ്ടുതന്നെ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതിനേക്കാള്‍ വായിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തിലൂന്നി അതൊരു ജീവിതശൈലിയായി വളര്‍ത്തിക്കൊണ്ടുവരിക എന്നതാണ് പ്രസക്തി. വായനയ്ക്കിടെ സ്വാഭാവികമായി ഉരുത്തിരിഞ്ഞുവരുന്ന ചര്‍ച്ചകളും സൗഹൃദങ്ങളും തീര്‍ച്ചയായുമുണ്ടാവും. പക്ഷേ, അവയെല്ലാം വ്യക്ത്യധിഷ്ഠിതമായിരിക്കുമെന്ന് മാത്രം. ഏകദേശം ഉച്ചയ്ക്ക് ഒന്നര മണിയോടടടുപ്പിച്ച് നടക്കുന്ന ''ബുക്ക് സ്റ്റാക്കിങ്ങ്'' എന്നൊരു ചടങ്ങിനുമാത്രമാണ് അല്‍പ്പമെങ്കിലും ഔപചാരികതയുടെ നിറമുള്ളത്. അന്നത്തെ ദിവസം വായിച്ച പുസ്തകങ്ങളൊക്കെ കൂട്ടിവെച്ച് ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കും. അതിനുശേഷം ഓരോ പുസ്തകത്തിന്റെയും പേര്‍ വിളിച്ചുപറഞ്ഞു ഉടമസ്ഥന് തിരികെക്കൊടുക്കും. ബംഗളുരു പോലെ ഒരു നഗരത്തില്‍ സ്വന്തം മാതൃഭാഷയില്‍ വായിക്കുന്നവരെ തിരിച്ചറിയാനും ഈ ''വിളിച്ചുപറയല്‍ ചടങ്ങ്'' സഹായകമാണ്. ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് മുപ്പത്തി അയ്യായിരത്തോളം ആളുകളാണ് കബ്ബണ്‍ റീഡ്‌സിന്റെ ഇന്‍സ്റ്റഗ്രാം പേജ് പിന്തുടരാനെത്തിയത്, പുതിയ തലമുറയെ വായനയില്‍ നിന്ന് അകറ്റുന്നതിന് കാരണമായെന്ന പേരില്‍ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കേണ്ടിവന്ന സാമൂഹികമാധ്യമം തന്നെയാണ് ഒരു വലിയ സാമൂഹിക മുന്നേറ്റമായി ഈ ആശയം കത്തിപ്പടരാന്‍ കാരണമായത് എന്നതാണ് മനോഹരമായ വൈരുദ്ധ്യം. 

Content Highlights: readers gathering revolution in bangaluru cubbon park