ഗുണ്ടർട്ടിന്റെ രണ്ടാം വരവിന് നിമിത്തമായ മനീഷി; ഡോ. ഫ്രെൻസിന് വിട

രണ്ടാം ലോക മഹായുദ്ധകാലത്ത് നിലനിന്നിരുന്ന ദഹൗ പീഡനകേന്ദ്രത്തിലെ ഭയാനകമായ കാഴ്ച്ചകൾ കണ്ട് ബോധത്തിൽ ആഘാതമേറ്റ് സ്റ്റുട്ഗർട്ടിലെ ഡോ. അൽബ്രെഹ്ത് ഫ്രെൻസിന്റെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ രാത്രി പത്തു മണി കഴിഞ്ഞിരുന്നു. അത്താഴവുമായി അദ്ദേഹം കാത്തിരിക്കുന്നു. കേരളീയ ശൈലിയിൽ കഞ്ഞി. അദ്ദേഹം ചോദിച്ചു: എങ്ങനെ ഉണ്ടായിരുന്നു? ശബ്ദം പൊങ്ങിയിരുന്നില്ല: ആലോചിക്കാൻ പോലും വയ്യ. പതിവുപോലെ അങ്ങേയറ്റം ശാന്തനായിരുന്നു അദ്ദേഹം. പിന്നെ പറഞ്ഞു: ആലോചിക്കരുത്. സംഭവിച്ചതെല്ലാം ചരിത്രമാണ്. What happened is history.
പ്രത്യാശ കൈവിടുമ്പോഴെല്ലാം ഓർത്തെടുത്തു. അതെ, ഇന്നലെ എന്നത് ചരിത്രമാണ്. അതിൽ മുങ്ങിക്കിടന്നിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. പക്ഷെ, ആ ഇന്നലെകളിൽ മുങ്ങിത്തപ്പി, ചരിത്രത്തിന്റെ ഉള്ളറകളിലേക്കു കടന്നുചെന്ന് മലയാളിക്ക് മലയാളമുള്ള കാലത്തോളം കാത്തുസൂക്ഷിക്കാൻ അനർഘമായ ഭാഷാനിധി വീണ്ടെടുത്തുകൊടുത്ത മഹാമനീഷിയായിരുന്നു ഡോ. അൽബ്രെഹ്ത് ഫ്രെൻസ്. മലയാളം തരിമ്പുപോലും പിടികൊടുത്തില്ലെങ്കിലും മലയാള ഭാഷാചരിത്രത്തിലെ അപ്രത്യക്ഷമായ കണ്ണികളെ വീണ്ടെടുത്തു പുതുതലമുറയ്ക്കു തിരിച്ചുകൊടുത്ത ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ ഇൻഡോളജിസ്റ്റ്.
മുപ്പതു വർഷത്തിലധികം നീണ്ട ഭാഷാസേവനത്തിനു ശേഷം 1859-ലാണ് ഡോ. ഹെർമ്മൻ ഗുണ്ടർട്ട് സ്വദേശമായ ജർമ്മനിയിലേക്കു തിരിച്ചുപോവുന്നത്. ഇന്ത്യ വിടുന്നതിനു മുമ്പേ അദ്ദേഹത്തിന്റെ പുസ്തകശേഖരവും മറ്റും ജർമ്മനിയിൽ എത്തിക്കഴിഞ്ഞിരുന്നു. ശേഷിച്ചവ തൊട്ടടുത്ത വർഷം ഭാര്യയും മകളും എന്നെന്നേക്കുമായി ഇന്ത്യ വിടുമ്പോൾ കൊണ്ടുപോവുകയും ചെയ്തു. ഇവിടെ തീരുകയായിരുന്നു ഹെർമ്മൻ ഗുണ്ടർട്ടും മലയാളികളും തമ്മിലുള്ള ഭാഷാബന്ധം. വർഷങ്ങളോളം നീണ്ട ആ ഇഴയടുപ്പത്തിലൂടെ മലയാളത്തിലെ ആദ്യ നിഘണ്ടുവും ആദ്യപത്രവും ചരിത്രഗ്രന്ഥങ്ങളും ഒട്ടേറെ പാഠപുസ്തകങ്ങളും പിറവിയെടുത്തു കഴിഞ്ഞിരുന്നു. ശേഷം ഗുണ്ടർട്ടിനെന്തു സംഭവിച്ചു? ഗുണ്ടർട്ട് ഇവിടെനിന്നു കൊണ്ടുപോയ ഏറ്റവും വിലപിടിപ്പുള്ള രേഖകൾ എവിടെപ്പോയി?
തലശേരിയിൽനിന്നു കോഴിക്കോട്ടേക്കുള്ള 1994-ലെ യാത്രയിൽ അൽബ്രെഹ്ത് ഫ്രെൻസ് പറഞ്ഞു തുടങ്ങി: ഏതോ ഒരുൾവിളി പോലെ ഇന്ത്യ എന്നെ എക്കാലവും ആകർഷിച്ചുകൊണ്ടേയിരുന്നു. ഒരു പക്ഷേ, എന്റെ ചെറുപ്പകാലത്ത് മാക്‌സ് മുള്ളറെ പോലെയുള്ള ഇന്തോ-ജർമ്മൻ പണ്ഡിതരുടെ വൈജ്ഞാനികതയിൽ ആകർഷിക്കപ്പെട്ടു പോയതാവാം. ഇന്ത്യ എനിക്ക് മറ്റൊരു സ്വപ്‌നലോകമായിരുന്നു. 1970-ലാണ് ആദ്യമായി ഇന്ത്യയിൽ എത്തുന്നത്. മധുര കാമരാജ് സർവ്വകലാശാലയിൽ ജർമ്മൻ അധ്യാപകനായി. ആയിടെയാണ് ഞാൻ വിവാഹിതനാവുന്നത്. സ്റ്റുട്ഗർട്ട് നഗരത്തിൽനിന്നുള്ള ഗർത്രൗദിനെ. ഞങ്ങൾ മധുരയിൽ താമസമാക്കി. ആദ്യത്തെ മകൾ ജനിക്കുന്നതു മധുരയിൽവെച്ചാണ്. പക്ഷെ, അപ്പോഴും കേരളമോ മലയാളമോ എന്റെ ചിന്തയിൽ കൂടുകൂട്ടിയിരുന്നില്ല.
നൂറു വർഷത്തിനു ശേഷം മറ്റൊരു യാത്രാപഥം ആവർത്തിക്കുകയായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലണ്ടനിൽനിന്ന് യാത്ര തുടങ്ങിയ കപ്പലിലെ യാത്രക്കാരൻ മദ്രാസ്, കൊൽക്കത്ത, കന്യാകുമാരി വഴി കേരളത്തിലെത്തിയതുപോലെ. എല്ലാവരാലും തെറ്റിദ്ധരിക്കപ്പെട്ടതുപോലെ പ്രേഷിതപ്രവർത്തനവുമായി ഇന്ത്യയിൽ വന്നതായിരുന്നില്ല ഹെർമ്മൻ ഗുണ്ടർട്ട്. ലണ്ടനിൽവെച്ചു പരിചയപ്പെട്ട ബാസൽ മിഷൻ പ്രവർത്തക ജൂലി ഡുബോയ്‌സുമായുള്ള അഗാധപ്രണയത്തിൽ കുടുങ്ങി അവർക്കു പിന്നാലെ ഇന്ത്യയിലേക്കു കപ്പൽ കയറുകയായിരുന്നു ഗുണ്ടർട്ട്. കപ്പലിൽവെച്ചാണ് ജോലി ശരിയാവുന്നത്. ഇന്ത്യയിൽ ഈസ്റ്റ് ഇന്ത്യ കമ്പനിക്കുവേണ്ടി സൈനികവൃത്തി ചെയ്യുന്ന ഒരാളുടെ കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കേണ്ട ചുമതല. കുട്ടികളുടെ കയ്യിലിരിപ്പുകാരണം ആ ജോലി വളരെ പെട്ടെന്നുതന്നെ അവസാനിച്ചു. അപ്പോഴേക്കും ഗുണ്ടർട്ടിന്റെ മനസ്സിൽ രണ്ടാം പ്രണയമായി ഇന്ത്യ കുടിയേറിക്കഴിഞ്ഞിരുന്നു. ആദ്യപ്രണയത്തെ സ്വന്തമാക്കണമെങ്കിൽ, രണ്ടാം പ്രണയത്തിൽ ഇഴുകിച്ചേരണമെങ്കിൽ ബാസൽ മിഷനിലെ പാസ്റ്റർ ജോലി നിർബന്ധിതമായി.
കന്യാകുമാരി, കൊച്ചി വഴി തീരമണഞ്ഞ് തലശേരിയിൽ സ്ഥിരതാമസമാക്കിയതോടെ ഗുണ്ടർട്ടിന്റെ ജീവിതത്തിലെ 'നിയോഗം' തെളിഞ്ഞു. അതിനായി വർഷങ്ങൾ നീണ്ട പരിശ്രമമാണ് ഗുണ്ടർട്ട് നടത്തിയത്. തലശേരി കോടതിയും കോഴിക്കോട് ഹജൂർ കച്ചേരിയും കയറിയിറങ്ങി. തലശേരിയിലെയും കോഴിക്കോട്ടെയും വടകരയിലെയും കണ്ണൂരിലെയും ചന്തകളിൽ പതിവുസന്ദർശകനായി. ഓരോ യാത്രയിലും ഒരുകെട്ട് കയ്യെഴുത്തുപ്രതികളുമായി തലശേരിയിലെ നെട്ടൂരിലെ ബംഗ്ലാവിൽ തിരിച്ചെത്തി. അതിൽ മുങ്ങിനിവർന്നു. കേരളപ്പഴമ മുതൽ അസംഖ്യം പുസ്തകങ്ങൾ. രാജ്യസമാചാരം മുതൽ അനവധി മാധ്യമങ്ങൾ, അക്ഷരമാല മുതൽ ഒട്ടേറെ പാഠപുസ്തകങ്ങൾ. അതിൽ കാലം കാത്തുവെച്ചത് മലയാളത്തിലെ ആദ്യനിഘണ്ടു. കർമ്മകാണ്ഡത്തിനൊടുവിൽ ജർമ്മനിയിലേക്കു തിരിച്ചുപോയി.
കാലം കറങ്ങിത്തിരിഞ്ഞപ്പോൾ സ്റ്റുട്ഗർട്ടിനു സമീപമുള്ള കാൽവിലെ ഭാര്യയുടെ കുടുംബവീട്ടിൽ ഒരു സന്ദർശനത്തിനു പോയതായിരുന്നു അൽബ്രെഹ്ത് ഫ്രെൻസ്. ഗുണ്ടർട്ടിന്റെ മകൻ ഫ്രീദറീഹിന്റെ പരമ്പരയിൽപ്പെട്ടതാണ് ഗെർത്രൗദ്. അവിടെ 1960-ലെ ഒരു ചടങ്ങിന്റെ ഒട്ടേറെ ഫോട്ടോകൾ കിടപ്പുണ്ടായിരുന്നു. ഉദ്ഘാടകൻ അന്നത്തെ ഇന്ത്യൻ അംബാസഡർ പാറക്കാട്ട് അച്യുതമേനോൻ. ഗുണ്ടർട്ടിനെ കുറിച്ച് അദ്ദേഹം നീണ്ട ഒരു പ്രഭാഷണം നടത്തിയതായി കാൽവിലെ പ്രാദേശികപത്രം റിപ്പോർട്ട് ചെയ്തതിന്റെ പത്രക്കട്ടിങ് ഒപ്പമുണ്ടായിരുന്നു. നാലു തലമുറകൾക്കു മുമ്പ് തങ്ങളുടെ കുടുംബത്തിൽ മഹാമാന്ത്രികനെപ്പോലെ ജീവിച്ച ഒരാളെ കുറിച്ച് അക്കാലത്തെ ജർമ്മൻകാർ കേട്ടിട്ടുപോലുമില്ലാത്ത ഒരു ദേശത്തെ ഒരാൾ വന്ന പ്രകീർത്തിച്ചു സംസാരിച്ചത് ഡോ. ഫ്രെൻസിന്റെ ചിന്തയിലുടക്കിനിന്നു. പരമ്പരാഗതമായി തനിക്കു കൈമാറി കിട്ടിയ വലിയ പെട്ടികൾ കൊച്ചുമകളുടെ പണ്ഡിതനായ ഭർത്താവിനെ ഏൽപ്പിച്ച് കുടുംബത്തിലെ കാരണവസ്ത്രീ പറഞ്ഞു, ഇതെന്താണെന്ന് എനിക്കറിയില്ല. വായിക്കാനും പറ്റുന്നില്ല. ഒരു പക്ഷെ, നിനക്ക് ഉപകാരപ്പെട്ടേക്കാം.
ആ നിമിഷത്തെ ഡോ. ഫ്രെൻസ് തിരിച്ചറിഞ്ഞത് പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ്. പിന്നീടുണ്ടായത് ചരിത്രത്തിന്റെ മറ്റൊരാവർത്തനം. എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് നാം കരുതിയ പയ്യന്നൂർ പാട്ട് അടക്കമുള്ള 'നഷ്ടപ്പെട്ട കണ്ണികളുടെ' വീണ്ടെടുപ്പ്. ഡോ. സ്‌കറിയ സക്കറിയയുമായി ചേർന്ന് തന്റെ കൈവശവും ട്യുബിങ്ങൻ സർവ്വകലാശാലയെ ഗുണ്ടർട്ട് തന്നെ ഏൽപ്പിച്ച ചരിത്രസഞ്ചയത്തിലൂടെയുമുള്ള യാത്ര. ഹെർമ്മൻ ഗുണ്ടർട്ടിനോടെന്ന പോലെ ഡോ. അൽബ്രെഹ്ത് ഫ്രെൻസിനോടും നാം കടപ്പെട്ടിരിക്കുന്നു. ഒരുപാടൊരുപാട്. അദ്ദേഹത്തിന്റെ നിരന്തരസപര്യയിലൂടെ, ഡോ. സ്‌കറിയ സക്കറിയയോടൊപ്പം നിന്ന് അതെല്ലാം മലയാളത്തിൽ വീണ്ടും പ്രസിദ്ധീകരിക്കപ്പെട്ടു.
................................................................................
ഡോ. ഫ്രെൻസ് ലഘുജീവരേഖ
ജർമ്മനിയിലെ ഷ്വാബിഷ്ഹാളിൽ 1937 മെയ് രണ്ടിന് ജനനം.
കിഴക്കൻ ജർമ്മനിയിലെ ബാദൻ വ്യൂട്ടംബെർഗ് സംസ്ഥാനത്തെ കാർഷിക കുടുംബത്തിൽ കുട്ടിക്കാലം. കർഷകനായി പരിശീലനം.
ഇൻഡോളജി, കംപാരറ്റീവ് റിലീജിയൻ, ആർക്കിയോളജി, പ്രൊട്ടസ്റ്റന്റ് തിയോളജി എന്നിവയിൽ ഹംബുർഗ്, മാൾബുർഗ് സർവ്വകലാശാലകളിൽ പഠനം. സിസ്റ്റമാറ്റിക് അനാലിസിസ് ഓഫ് വെർബ്‌സ് ഇൻ ജൈമീനിയ ബ്രാഹ്‌മണ എന്ന വിഷയത്തിൽ 1966-ൽ പിഎച്ച്.ഡി.
1969-ൽ വ്യൂട്ടംബെർഗിലെ പ്രൊട്ടസ്റ്റന്റ് സഭയിൽ വൈദികനായി ഓദ്യോഗിക ജീവിതത്തിനു തുടക്കം.
1970-ൽ ഹെർമൻ ഗുണ്ടർട്ടിന്റെ അഞ്ചാം തലമുറയിൽപ്പെട്ട ഗർത്രൗദുമായി വിവാഹം. നാലു മക്കൾ. മാർഗ്‌റെറ്റ്, ക്രിസ്റ്റൊഫ്, അംമ്രായ്, സ്റ്റെഫാൻ.
1974-77ൽ മധുര കാമരാജ് സർവ്വകലാശാലയിലും തമിഴ്‌നാട് തിയോളജിക്കൽ സെമിനാരിയിയിലും ജർമ്മൻ ഭാഷാധ്യാപകൻ.
1977 മുതൽ 2000 വരെ ഉൽമ്, സ്റ്റുട്ഗർട്ട്, ഗെയ്‌സ്‌ലിങ്ങൻ, എന്നിവടങ്ങളിൽ വൈദികനായി സേവനം.
1993-ൽ ഹെർമ്മൻ ഗുണ്ടർട്ട് സൊസൈറ്റിക്ക് രൂപം നൽകി. സൊസൈറ്റിയുടെ സഹോദരപ്രസ്ഥാനമായി ചങ്ങനാശേരിയിലെ അസോസിയേഷൻ ഫോർ കംപാരറ്റീവ് സ്റ്റഡീസ്.
ഗുണ്ടർട്ടിന്റെ മലയാളം കൃതികളെ ആധാരമാക്കി ഡോ. സ്‌കറിയ സക്കറിയയുമായി ചേർന്ന് ഒട്ടേറെ കൃതികൾ മലയാളത്തിലും ജർമ്മനിലുമായി പ്രസിദ്ധീകരിച്ചു. ഗുണ്ടർട്ടിന്റെ സമ്പൂർണ ജീവചരിത്രത്തിന്റെ രചയിതാവ്.
ഇന്ത്യയ്ക്കും ജർമ്മനിക്കുമിടയിൽ സാംസ്‌കാരിക വിനിമയത്തിനു വേണ്ടി നടത്തിയ സേവനങ്ങൾക്ക് 2006-ൽ ടാഗോർ പുരസ്‌കാരം.
ഇന്ത്യയെ കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി ഇന്ത്യൻ സംസ്‌കാരത്തെ കുറിച്ചും ഇന്ത്യൻ കലകളെ കുറിച്ചും യോഗയെ കുറിച്ചും ജർമ്മനിയിലുടനീളം നിരവധി പ്രഭാഷണങ്ങൾ നടത്തി.
2023 ഡിസംബർ 21-ന് മരണം. 2024 ജനുവരി 11-ന് സംസ്‌കാരച്ചടങ്ങ്.
.................................................................................
അവിടെവെച്ച് ഡോ. ഫ്രെൻസിന് വിശ്രമിക്കാമായിരുന്നു. അങ്ങനെ സംഭവിച്ചില്ല. അദ്ദേഹം കേരളത്തിന്റെ ജൂതപാരമ്പര്യത്തിലേക്കു തിരിഞ്ഞു. ഇസ്രയേലിൽ ജീവിച്ചിരിപ്പുള്ള മലയാളികളെ കണ്ടെത്തി. അവരിൽനിന്നു ശേഖരിച്ച പഴയ പാട്ടുകളെ കുറിച്ചുള്ള പുസ്തകം രചിച്ചു. കേരളീയക്ഷേത്രങ്ങളിലെ ചുവർച്ചിത്രകലയെ കുറിച്ച് സചിത്രപുസ്തകം പിന്നാലെ വന്നു. അതോടൊപ്പം നടപ്പുലോകത്തിന്റെ സാംസ്‌കാരിക കൈമാറ്റത്തിനായി കേരളവുമായി കൈകോർത്തു. അതിനായി മുന്നിട്ടിറങ്ങി. ഗുണ്ടർട്ടിന്റെയും കൊച്ചുമകൻ വിഖ്യാത നോവലിസ്റ്റ് ഹെർമ്മൻ ഹെസ്സെയുടെയും ഗ്രാമമായിരുന്ന കാൽവിനെയും തലശേരിയെയും പരസ്പരം ബന്ധിപ്പിച്ചു. ഇരട്ടനഗരമെന്ന പദവി നേടിക്കൊടുത്തു. 1993-ൽ ഗുണ്ടർട്ടിന്റെ നൂറാം ചരമവാർഷികവും ഹെർമ്മൻ ഹെസ്സെയുടെ നൂറ്റമ്പതാം ജന്മവാർഷികവും കാൽവിൽ ആഘോഷമായി കൊണ്ടാടി. കേരളത്തിൽനിന്നുള്ള വലിയൊരു സാമൂഹികപരിച്ഛേദത്തിനു മുന്നിൽ ഗുൺർട്ടിന്റെ ശിഷ്ടകാല ജീവിതം ഒരിക്കൽകൂടി തെളിഞ്ഞു. ഇന്ന് കാൽവ് സന്ദർശിക്കുന്നവർക്ക് ഗുണ്ടർട്ടിന്റെ സ്മാരകസ്തൂപത്തിനൊപ്പം ഹെർമൻ ഹെസ്സെ മ്യൂസിയത്തിലെ ഗുണ്ടർട്ട് വിഭാഗത്തിലെ ശേഷിപ്പുകളും കാണാം. കേരളത്തിൽനിന്നുള്ള ഏതൊരതിഥിയേയും സ്വീകരിക്കാൻ കാൽവിന് ഇപ്പോൾ സന്തോഷം മാത്രം. അതിനകം ഹെർമ്മൻ ഗുണ്ടർട്ട് സൊസൈറ്റിക്ക് രൂപം നൽകിയിരുന്നു. ജർമ്മനിയിലും കേരളത്തിലുമായി ഇന്നും അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുന്ന സാംസ്‌കാരികവിനിമയത്തിനു തുടക്കമിട്ടു കഴിഞ്ഞിരുന്നു.
മധുരയിൽനിന്ന് മലയാളത്തിലേക്കുള്ള ഡോ. ഫ്രെൻസിന്റെ ചുവടുമാറ്റം അപ്രതീക്ഷിതമായിരുന്നു. പിന്നീടതിനു വിരാമമുണ്ടായില്ല. നാലു മക്കളിൽ രണ്ടു പേർ നിരന്തരം കേരളവുമായി ബന്ധം പുലർത്തുന്നു. മകൾ ഡോ. മാർഗ്‌റെറ്റ് ഫ്രെൻസ് പിഎച്ച്.ഡി. തീസിസിനുള്ള വിഷയമായി എടുത്തത് പഴശ്ശിരാജയുടെ കാലത്തെ സാമ്പത്തികക്രമങ്ങളെ കുറിച്ച്. പിതാവിനു വഴങ്ങാതെ പോയ മലയാളം മാർഗ്‌റെറ്റിനു മുന്നിൽ കീഴടങ്ങി. മകൻ ക്രിസ്‌റ്റൊഫ് ഫ്രെൻസ് ബിരുദപഠനത്തിനു മുമ്പുള്ള സാമൂഹികസേവനത്തിന് ഒരു വർഷം തിരഞ്ഞെടുത്തത് ആലപ്പുഴയുടെ തീരമേഖലയെ. ഹെർമ്മൻ ഗുണ്ടർട്ട് സൊസൈറ്റിയുടെ ഇപ്പോഴത്തെ പ്രസിഡന്റും ക്രിസ്റ്റൊഫ് ഫ്രെൻസ്. അദ്ദേഹത്തിന്റെ മകനും ഗുണ്ടർട്ട് തലമുറയിലെ ഏഴാം കണ്ണിയുമായ മകൻ നോളി കേരളത്തിലെത്തിയത് കോവിഡ് കാലത്തിനു തൊട്ടുമുമ്പ്. അനുസ്യൂതം തുടരുന്ന ബന്ധം.
ഇതിനിടയിൽ ഒട്ടേറെ തവണ ഫ്രെൻസും കുടുംബവും തനിച്ചും അതിഥികളുമായും കേരളത്തിൽ വന്നുപോയി. ഗുണ്ടർട്ടിന്റെ വഴികളിൽ ഒരിക്കൽക്കൂടി അല്ലാവരും കടന്നുപോയി. അഞ്ചരക്കണ്ടിയിലെ പഴയ ജാതിക്കാത്തോട്ടത്തിലും തലശേരിയിലെ ഗുണ്ടർട്ട് ബംഗ്ലാവിലും ബർണശേരിയിലെയും കോഴിക്കോട്ടെയും സി.എസ്.ഐ. പള്ളികളിലും. എടുത്തുപറയേണ്ടത് തലശേരി നെട്ടൂരിലെ ഗുണ്ടർട്ട് ബംഗ്ലാവിനെയാണ്. ഗുണ്ടർട്ടിനു ശേഷം ഏറെക്കാലം വിസ്മൃതിയിലായിരുന്ന കെട്ടിടം പിന്നീട് നെട്ടൂർ ടെക്‌നിക്കൽ ട്രെയിന്ങ് ഫൗണ്ടേഷൻ കോളേജ് പ്രിൻസിപ്പൽമാരുടെ ഔദ്യോഗിക വീടായി. പിന്നീട് കേരള സർക്കാർ ഏറ്റെടുത്ത കെട്ടിടത്തിന്റെ പുതുക്കിപ്പണിയലിൽ ഏറെ ഉത്സുകനായിരുന്നു ഡോ. ഫ്രെൻസ്. കാൽവിലെ ഗുണ്ടർട്ട് മ്യൂസിയവുമായി നെട്ടൂരിലെ ഗുണ്ടർട്ട് മ്യൂസിയത്തെ എന്തെങ്കിലും തരത്തിൽ ബന്ധിപ്പിക്കാനാവുമോ എന്നാരാഞ്ഞു. ഡോ. ഫ്രെൻസ് ജർമ്മനിൽ പ്രസിദ്ധീകരിച്ച ഗുണ്ടർട്ട് സംബന്ധിയായ എല്ലാ പുസ്‌കങ്ങളുടെയും കോപ്പികൾ മ്യൂസിയത്തിനു കൈമാറി.
2015-ലാണ് ഡോ. ഫ്രെൻസ് അവസാനമായി കേരളം സന്ദർശിച്ചത്. മരണതീരത്തേക്ക് അടുക്കുകയാണെന്ന ഉൾബോധം അദ്ദേഹം സ്വീകരിച്ചു. 2016-ൽ ഗുണ്ടർട്ടിന്റെ ജീവചരിത്രം ജർമ്മനിൽനിന്ന് പരിഭാഷപ്പെടുത്തി മലയാളം സർവ്വകലാശാല പ്രസിദ്ധീകരിച്ചപ്പോൾ അദ്ദേഹത്തിന്റെ രണ്ടു മക്കളും പ്രകാശനച്ചടങ്ങിന് എത്തിയിരുന്നു. 2019-ൽ സ്റ്റുട്ഗർട്ടിലെ വീട്ടിൽവെച്ച് അദ്ദേഹത്തെ കണ്ടപ്പോൾ, യോഗയെ കുറിച്ച്, ഇന്ത്യൻ കലകളെ കുറിച്ച്, ഇന്ത്യൻ സംസ്‌കാരത്തെ, കേരളത്തിന്റെ ജൂതപാരമ്പര്യത്തെ കുറിച്ച്, കേരളത്തിന്റെ വൈജ്ഞാനിക സമ്പത്തിനെ കുറിച്ച് ഒട്ടേറെ പുസ്തകങ്ങൾക്കിടയിൽനിന്ന് തന്റെ ഏറ്റവും പ്രിയപ്പെട്ട പുസ്തകമായി അദ്ദേഹം എടുത്തുകാട്ടിയത് മലയാളത്തിൽ ഇറങ്ങിയ ഈ പുസ്തകമായിരുന്നു.
സ്റ്റുട്ഗർട്ടിലെ ആ ചെറിയ വീട്ടിൽ മൂന്ന് സന്ദർശക പുസ്തകങ്ങളുണ്ട്. വന്നുപോയ അതിഥികളുടെ കയ്യൊപ്പോടെ. അതിലൂടെ കണ്ണോടിച്ചു പോകുമ്പോൾ മുന്നിൽ തെളിഞ്ഞത് മലയാളത്തിലെ ഉന്നതരായ പ്രതിഭകളുടെ വാക്കുകൾ. ചൂടൻ കഞ്ഞിക്കുള്ള നന്ദി തൊട്ട് ഔപചാരികച്ചുവയുള്ള കൃതജ്ഞത വരെ. ഇനിയും നമ്മുടെ ഓർമ്മകളിൽനിന്നു മാഞ്ഞിട്ടില്ലാത്ത ഹെർമ്മൻ ഗുണ്ടർട്ടിന്റെ നാൾവഴികളിലേക്ക് ഡോ. അൽബ്രഹ്ത്ത് ഫ്രെൻസ് സ്വന്തം പേരു കൂടി എഴുതിച്ചേർത്തിരിക്കുന്നു.
ഡോ.ആല്‍ബ്രഷ്ട് ഫ്രന്‍സ്; ഗുണ്ടര്‍ട്ടിനെ വീണ്ടെടുത്ത ഗവേഷക പ്രതിഭ- സി.പി. ബിജു എഴുതിയ ലേഖനം
Content Highlights: Memoir on Dr. Albrecht Frenz, who reinvented Dr. Hermann Gundert