പുത്തേഴത്ത് രാമന്‍ മേനോനും മലയാളഭാഷയും ഭാവനയും

ഉപന്യാസകാരന്‍, ചെറുകഥാകൃത്ത്, നോവലിസ്റ്റ്, ജീവചരിത്രകാരന്‍, ഹാസസാഹിത്യകാരന്‍, തിരക്കഥാകൃത്ത് തുടങ്ങി സര്‍ഗാത്മകതയുടെ ഒട്ടുമിക്ക മേഖലകളിലും മുദ്ര പതിപ്പിച്ച പ്രതിഭയാണ് പുത്തേഴത്ത് രാമന്‍ മേനോന്‍. ഹിന്ദുമതവും സംസ്‌കാരവും, സഹസ്രകിരണനായ ടാഗോര്‍ എന്നീ പഠന ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെ ഗവേഷണഗ്രന്ഥങ്ങളാണ്. 'ചതുരാധ്യായി' എന്ന നോവല്‍ ആദ്യകാലമലയാള നോവല്‍ ആഖ്യാനങ്ങളിലെ മികവുറ്റ കൃതികളില്‍ ഒന്നാണ്. കേരളത്തെ അറിയുക, തൃശ്ശൂര്‍- ട്രിച്ചൂര്‍ എന്നീ ഉപന്യാസങ്ങള്‍ പുത്തേഴത്തിന്റെ ചരിത്രാവബോധവും ഭാഷാനൈപുണ്യവും പ്രകടമാക്കുന്നവയാണ്. 'കുട്ടികളെ നിങ്ങള്‍ ഈ ആളെ അറിയുമോ?' എന്ന കൃതിയാണ് ബാലസാഹിത്യത്തില്‍ അദ്ദേഹത്തിന്റെ പ്രധാന സംഭാവന. മലയാളഭാഷയ്ക്ക് നൂറോളം കൃതികള്‍ അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്. ശക്തന്‍ തമ്പുരാന്‍ എന്ന ഗ്രന്ഥം അദ്ദേഹത്തിന്റെ മികവുറ്റ ചരിത്രാന്വേഷണങ്ങളുടെ ഉത്തമഉദാഹരണമാണ്.
തൃശ്ശൂര്‍ ജില്ലയിലെ മണലൂര്‍ എന്ന പ്രദേശത്തു കൊട്ടയ്ക്കാട്ടു പരമേശ്വര മേനോന്റെയും പുത്തേഴത്ത് പാപ്പു അമ്മയുടെയും മകനായി 1891 ഒക്ടോബര്‍ 19-നാണ് രാമന്‍ മേനോന്‍ ജനിച്ചത്. വളരെ ചെറുപ്പത്തില്‍ തന്നെ പിതാവ് മരണമടഞ്ഞതിനാല്‍ അമ്മാവന്‍ പുത്തേഴത്ത് കുഞ്ഞുണ്ണി മേനോന്റെ രക്ഷാകര്‍തൃത്വത്തിലായിരുന്നു അദ്ദേഹം വളര്‍ന്നത്. കൊച്ചി രാജ്യത്തെ സര്‍വ്വാധികാര്യക്കാരന്‍, ജില്ലാ ജഡ്ജി, ഹൈക്കോടതി ജഡ്ജി തുടങ്ങി നിരവധി ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചിരുന്നു.
മലയാളത്തില്‍ നാലാമതായി ഇറങ്ങിയ ശബ്ദചിത്രമാണ് നിര്‍മല. തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചത് പുത്തേഴത്ത് രാമന്‍ മേനോന്‍ ആണ്. ജ്ഞാനപീഠം ജേതാവ് മഹാകവി ജി. ശങ്കരക്കുറുപ്പ് ഗാനരചന നിര്‍വഹിച്ച ഏക ചലച്ചിത്രമാണ് നിര്‍മല. അതുവഴി മലയാളത്തിലെ ആദ്യഗാനരചയിതാവ് എന്ന പട്ടം കൂടി ജി. ശങ്കരക്കുറുപ്പിന് മേല്‍ ചാര്‍ത്തപ്പെട്ടു. മലയാളചലച്ചിത്രമേഖലയില്‍ ആദ്യമായി ഒരു മലയാളി സംവിധായകന്‍ ഉദയം ചെയ്യുന്നതും നിര്‍മലയിലൂടെയാണ്; പി.വി കൃഷ്ണയ്യര്‍. പി.ജെ. ചെറിയാന്‍ ആദ്യമായി നിര്‍മിച്ച മലയാളം സിനിമയായിരുന്നു നിര്‍മല.
ഭാര്യ മരിച്ചു പോയ അരയന്‍ ശങ്കരന്‍ തന്റെ മക്കളായ നിര്‍മ്മലയെയും വിമലയെയും സഹോദരി കല്യാണിയുടെ സഹായത്തോടെ വളര്‍ത്തിക്കൊണ്ടു വരുന്നു. ഒരു നാള്‍ കടലില്‍ പോയ ശങ്കരന്‍ കൊടുങ്കാറ്റില്‍ പെട്ട് മരണമടഞ്ഞു. നിത്യവൃത്തിക്കായി മൂത്തമകള്‍ നിര്‍മ്മല മത്സ്യക്കച്ചവടം ആരംഭിക്കുന്നു. പക്ഷേ കാമഭ്രമം ബാധിച്ചവരുടെ ശല്യം സഹിക്കവയ്യാതെ മത്സ്യവില്‍പ്പന നിര്‍ത്തി ഒരു കട തുടങ്ങുവാന്‍ അവള്‍ നിര്‍ബന്ധിതയാകുന്നു. എന്നാല്‍ ഇളയ സഹോദരിയായ വിമല ഒരു ആഡംബരഭ്രമക്കാരിയായാണ് വളര്‍ന്ന് വരുന്നത്. അടുത്തുള്ള വസ്ത്രശാലയിലെ ഒരു സാരി വിമലയെ ഏറെ ആകര്‍ഷിക്കുന്നു. ആ സാരി കിട്ടാനായി അവള്‍ ചേച്ചിയോട് നിരന്തരം നിര്‍ബന്ധം പിടിച്ചുകൊണ്ടേയിരുന്നു. അനിയത്തിയുടെ ആഗ്രഹം സാധിക്കാനാവാതെ നിര്‍മ്മല ധര്‍മസങ്കടത്തിലാവുന്നു. അനാഥരായ തങ്ങളുടെ ജീവിതാവസ്ഥ അനിയത്തി തിരിച്ചറിയാത്തതില്‍ ഖേദിക്കുമ്പോഴും ഒരു സാരി സ്വന്തമായി ലഭിക്കാനുള്ള അവളുടെ ആഗ്രഹത്തെ നിര്‍മ്മല ചെറുതാക്കി കാണുന്നില്ല. അങ്ങനെയിരിക്കെ ഒരു ആഘോഷപരിപാടിയില്‍ പങ്കെടുത്തു മടങ്ങി വരുന്ന വേളയില്‍ വേഗത്തില്‍ ഓടി വരുന്ന കാര്‍ കണ്ട് ഭയന്ന വിമല കുഴിയില്‍ വീഴുന്നു. അതേത്തുടര്‍ന്ന് കഠിനമായ പനി പിടിപെട്ട് അര്‍ധബോധാവസ്ഥയിലായിരിക്കുമ്പോഴും വിമല സാരി, സാരി എന്നാണ് ഉരുവിട്ടു കൊണ്ടിരുന്നത്. സാരി കിട്ടിയാല്‍ സഹോദരിക്ക് രോഗശമനം ലഭിക്കുമെന്ന് കരുതിയ നിര്‍മ്മല അതിനായി വസ്ത്രശാലയിലെത്തുന്നു. എന്നാല്‍ വലിയ വിലയുള്ള സാരി പണം നല്‍കി വാങ്ങുവാന്‍ സാധിക്കില്ലെന്നു മനസ്സിലാക്കിയ നിര്‍മ്മല അതു മോഷ്ടിക്കുകയും പോലീസ് പിടിയിലാകുകയും ചെയ്യുന്നു. നിര്‍മ്മലയ്ക്ക് തടവുശിക്ഷ ലഭിച്ചെങ്കിലും അവളുടെ മോഷണശ്രമത്തിന്റെ കാരണം മനസ്സിലാക്കിയ പോലീസ് ഇന്‍സ്‌പെക്ടര്‍ രഘുവിന് അവളോട് അലിവ് തോന്നുന്നു. വിമലയ്ക്ക് ഇഷ്ടപ്പെട്ട സാരി രഘു അവള്‍ക്കു വാങ്ങിക്കൊടുത്തു. പക്ഷേ കുറച്ചു ദിനങ്ങള്‍ക്കകം രോഗം മൂര്‍ച്ഛിച്ച് വിമല മരണമടഞ്ഞു. തടവുശിക്ഷ കഴിഞ്ഞ് പുറത്തുവന്ന നിര്‍മ്മല തന്റെ സഹോദരിയുടെ അന്ത്യാഭിലാഷം സാധിച്ചു കൊടുത്ത രഘുവുമായി അടുപ്പത്തിലാകുന്നു. തുടര്‍ന്ന് നിര്‍മ്മലയുടെ ജീവിതം മറ്റൊരു സങ്കീര്‍ണതയിലേക്ക് നയിക്കപ്പെടുകയാണ്.
സാമ്പത്തികമായി അത്ര വിജയം കൈവരിക്കാന്‍ നിര്‍മ്മലയ്ക്ക് കഴിഞ്ഞില്ല. 1984-ല്‍ രണ്ടു ലക്ഷമാണ് സിനിമയ്ക്ക് സംഭവിച്ച നഷ്ടം. പക്ഷേ തിരക്കഥാകൃത്തായ പുത്തേഴത്ത് രാമന്‍ മേനോന്റെ പ്രതിഭാത്വത്തിലേക്ക് വലിയ സംഭാവനയാണ് നിര്‍മ്മലയുടെ തിരക്കഥ നല്‍കിയത്. സാമൂഹിക പ്രസക്തമായ വിഷയം ഇല്ലായ്മയുടെയും അരക്ഷിതാവസ്ഥയുടെയും അനാഥത്വത്തിന്റെയും മേമ്പൊടിയോടെ പറയുക വഴി പുത്തേഴത്ത് രാമന്‍ മേനോന്‍ തന്റെ അമ്പത്തിയേഴാം വയസ്സിലെഴുതിയ ആദ്യ തിരക്കഥ മലയാള സിനിമാചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടു. പുത്തേഴത്ത് രാമന്‍ മേനോന്‍ എന്ന പേര് ബാലസാഹിത്യവും, ഗദ്യവും പദ്യവും കടന്ന് ജനപ്രിയ മാധ്യമത്തിലേക്ക് കടന്നുവെങ്കിലും സാമ്പത്തികമായ തിരിച്ചടികള്‍ കാരണം രണ്ടാമതൊരു തിരക്കഥയെഴുതാന്‍ അദ്ദേഹം മിനക്കെട്ടില്ല.
കേരള ചരിത്രത്തില്‍, പ്രത്യേകിച്ച് കൊച്ചി നാട്ടുരാജ്യത്തിന്റേയും തൃശ്ശൂരിന്റേയും, സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്‍കി. കേരളസാഹിത്യ അക്കാദമിയുടെ അദ്ധ്യക്ഷനായും പ്രവര്‍ത്തിച്ചിരുന്നു. മൂത്തേടത്ത് ജാനകിയമ്മയായിരുന്നു ഭാര്യ.അഞ്ച് ആണ്മക്കളും അഞ്ച് പെണ്മക്കളുമായി പത്ത് മക്കളാണുണ്ടായിരുന്നത്. 1973 സെപ്തംബര്‍ 22- ന് എണ്‍പത്തി രണ്ടാമത്തെ വയസ്സില്‍ അന്തരിച്ചു.
Content Highlights: Puthezhath Raman Menon, Mathrubhumi, film Nirmala