'പൊളവൻ'; മനുഷ്യന്റെ ആന്തരിക ചോദനകളെയും സാമൂഹികമായ കപടനാട്യങ്ങളെയും വിചാരണ ചെയ്യുന്ന കഥ

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ആഷ് അഷിതയുടെ 'പൊളവൻ' എന്ന കഥയെക്കുറിച്ച്;
സാഹിത്യം എന്നത് കേവലം വാക്കുകളുടെ ഭംഗിയുള്ള വിന്യാസമല്ല, മനുഷ്യജീവിതത്തിന്റെ സങ്കീർണമായ ആന്തരികതലങ്ങളിലേക്കും, ആന്തരിക രഹസ്യങ്ങളിലേക്കും തുറന്നുപിടിച്ച കണ്ണാടിയാണ്. ഒരു നല്ല കഥ വായനക്കാരനെ രസിപ്പിക്കുകയല്ല, മറിച്ച് അസ്വസ്ഥനാക്കുകയാണ് ചെയ്യുന്നത്. വേറിട്ട ഒരു ശബ്ദം കേൾപ്പിക്കും നല്ല സാഹിത്യമേതും എന്ന് ചുരുക്കം. പുറമെയുള്ള ലോകത്ത് നാം കെട്ടിയുയർത്തുന്ന സദാചാരബോധത്തിന്റെയും വിശുദ്ധിയുടെയും മതിൽക്കെട്ടുകളെ തകർത്ത്, ഉള്ളിലെ ഇരുണ്ട ഇടനാഴികളിലേക്ക് വെളിച്ചം വീശാൻ ഉത്തരാധുനിക കഥകൾക്ക് സാധിക്കാറുണ്ട്. മനുഷ്യന്റെ അടിച്ചമർത്തപ്പെട്ട കാമനകൾ, ലൈംഗികത, പാപബോധം, മതാധികാരം എന്നിവയുടെ കപടനാട്യങ്ങളെ കീറിമുറിക്കുന്ന ഒരുകഥയാണ് പൊളവൻ.
മൈസൂർ മല്ലിക വായിച്ചതിന്റെ ഓർമ ഇപ്പോഴും മനസ്സിൽ തങ്ങിനിൽക്കെ, ആഷ് അഷിതയുടെ മറ്റൊരു കഥയിലേക്ക് എത്തിയിരിക്കുന്നു. മൈസൂർ മല്ലികയിൽ അവർ മനുഷ്യമനസ്സിന്റെ ഏറ്റവും ഇരുണ്ടതും സൂക്ഷ്മവുമായ മടക്കുകളെ തൊട്ടെടുത്തത് പോലെ, ‘പൊളവനി’ലും അതേ ധൈര്യത്തോടെയും ഭാഷയുടെ അപൂർവ ചാരുതയോടെയും അടിച്ചമർത്തപ്പെട്ട വേദനകളിലേക്കും പാപബോധത്തിലേക്കും ഇറങ്ങിച്ചെല്ലുന്നു.
പൊളവൻ എന്ന കഥ ഗ്രാമീണ പശ്ചാത്തലത്തിലുള്ള അവിഹിതബന്ധത്തിന്റെയോ പ്രണയപ്പകയുടെയോ ആഖ്യാനമല്ല, മനുഷ്യന്റെ ആന്തരിക ചോദനകളെയും സാമൂഹികമായ കപടനാട്യങ്ങളെയും മതപരമായ അധികാരഘടനകളെയും അത്യന്തം സൂക്ഷ്മമായി കീറിമുറിക്കുന്ന ഒരു തീക്ഷ്ണപാഠമാണ് കഥ മുന്നോട്ട് വെയ്ക്കുന്നത്. കഥയുടെ ശീർഷകം സൂചിപ്പിക്കുന്നതുപോലെ, ജലപ്പരപ്പിൽ വെട്ടിത്തിളങ്ങി പിടിതരാതെ പുളഞ്ഞുപോകുന്ന മീൻവേഗതയുള്ള 'പൊളവൻ' എന്ന രൂപകം തന്നെയാണ് ഇതിന്റെ മജ്ജ. മനുഷ്യന്റെ ബാഹ്യമായ വ്യക്തിത്വവും ആന്തരികമായ സത്യങ്ങളും തമ്മിലുള്ള വമ്പിച്ച അകലത്തെയാണ് കഥ ഉടനീളം അവതരിപ്പിക്കുന്നത്. കഥാകൃത്ത് നിർമിച്ചെടുക്കുന്ന ഈ സങ്കീർണമായ ലോകത്തെ വിവിധ അടരുകളിലൂടെ പരതിനോക്കുമ്പോൾ, ഒന്നിനോടൊന്ന് പിണഞ്ഞുകിടക്കുന്ന മനുഷ്യസത്യങ്ങളുടെ വലിയൊരു കാൻവാസ് രൂപപ്പെടുന്നു.
പ്രതീകാത്മകമായ തുടക്കവും പൗരോഹിത്യത്തിന്റെ ആന്തരിക സംഘർഷങ്ങളോടെയുമുള്ള കഥയുടെ ശക്തമായതും പ്രതീകാത്മകമായ തുടക്കം, ശാരീരികപ്രവൃത്തിയോടെയാണ്. അപ്പൻ നട്ട പുളിമരച്ചുവട്ടിൽ മൂത്രമൊഴിക്കുന്ന ഡേവിഡിന്റെ ചിത്രം വെറുമൊരു ജൈവപ്രക്രിയയല്ല, അയാളുടെ ഉള്ളിൽ വേരാഴ്ന്നുനിന്ന പിതൃധികാരത്തിനെതിരെയുള്ള അബോധ പ്രതികാരമാണ്. സ്വന്തം തന്തയെ കൊല്ലാൻ ആഗ്രഹിക്കാത്ത ആൺമക്കളുണ്ടാവില്ലെന്ന പൊളവന്റെ നിരീക്ഷണത്തെ പത്തുവട്ടം ശരിവയ്ക്കുന്ന ഡേവിഡ്, തന്റെ പരീക്ഷപ്പരാജയങ്ങൾക്കും സിനിമകാണലുകൾക്കും മരത്തിൽ കെട്ടിയിട്ട് തല്ലിയ അപ്പന്റെ കറുപ്പും വെളുപ്പും ചിത്രം കനാലിലേക്ക് എറിഞ്ഞുകളഞ്ഞാണ് ആ പ്രതികാരം പൂർത്തിയാക്കുന്നത്. എന്നാൽ, അപ്പന്റെ വാശിയിൽ പുരോഹിതനായി മാറിയ ഡേവിഡ് യഥാർത്ഥത്തിൽ പീഡിതനിൽ നിന്ന് പീഡകനിലേക്കുള്ള ദൂരം തന്നെയാണ് സഞ്ചരിച്ചത്. മറ്റുള്ളവരുടെ ശരീരങ്ങളെയും ആത്മാവിനെയും നിയന്ത്രിക്കാൻ ചുമതലപ്പെട്ട ഒരു വ്യവസ്ഥിതിയുടെ പ്രതിനിധിയായി മാറുമ്പോഴും അയാളിലെ ജൈവികമായ ആണുടൽ അടിച്ചമർത്തപ്പെട്ട കാമനകളാൽ വിഭജിക്കപ്പെട്ടിരുന്നു.
അടിച്ചമർത്തപ്പെട്ട കാമനകളുടെ പൊട്ടിത്തെറിക്കൽ പുളവനിൽ പ്രസ്ക്തമാണ്. ഡേവിഡിന്റെ ഉള്ളിലെ ഇദ്ദും (Id) സാമൂഹികമായ സൂപ്പർ ഈഗോയും (Super-Ego) തമ്മിലുള്ള നിരന്തരമായ യുദ്ധമാണ് കഥാന്തരീക്ഷം. റോസയെ ആദ്യമായി തട്ടുകടയിൽ കണ്ട നാളിൽ തന്റെ ചപലഹൃദയം അവളെ മണത്തു എന്ന് ഡേവിഡ് ഓർക്കുന്നുണ്ട്. ഇവിടെ ദർശനത്തിനപ്പുറം ഘ്രാണശക്തിക്ക് നൽകുന്ന പ്രാധാന്യം ജൈവപരമായ മൃഗീയ ആകർഷണത്തെയാണ് അടയാളപ്പെടുത്തുന്നത്.
പ്രകടിപ്പിക്കാനാകാത്ത പ്രേമം മനുഷ്യനെ വിലകെട്ട ഭീരുവാക്കുമെന്ന തിരിച്ചറിവ് ഡേവിഡിനെ വേട്ടയാടുന്നുണ്ട്. ഈ അടിച്ചമർത്തപ്പെട്ട ലൈംഗികത ഒടുവിൽ റോസയുടെ തീവ്രമായ ചുംബനത്തിൽ അണപൊട്ടിയൊഴുകുമ്പോൾ, ആയുസ്സുമുഴുവൻ ഹൃദയത്തിൽ ചുമന്ന ഭൂതകാലത്തിന്റെ ഭാരമപ്പാടെ ചോർന്നുപോകുന്നതായി അയാൾ അനുഭവിക്കുന്നു. എന്നാൽ, ഈ ആനന്ദം നിലനിൽക്കുമ്പോഴും കുമ്പസാരക്കൂടിനെ ലൈംഗികാസ്വാദനത്തിനുള്ള ഇടമാക്കി മാറ്റിയെന്ന കുറ്റബോധം അയാളെ ഉള്ളിൽ നിന്ന് തുരക്കുന്നുണ്ട്.
സമൂഹത്തിലെ ആന്തരിക ജീർണതയുടെ പ്രതീകങ്ങളും കപടസദാചാരത്തിന്റെ പൊളിച്ചു പണിയലും കഥയുടെ ഉള്ളിലൂടെ നടക്കുന്നുന്നത് ആലോചനാമൃതമാണ്. പൊളവന്റെ ശരീരത്തിലെ സോറിയാസിസ് എന്ന രോഗം ഈ ആന്തരിക ജീർണതയുടെ ബാഹ്യപ്രതീകം മാത്രമാണ്. പുറംതൊലി പാമ്പുതൊലിപോലെ ഉരിഞ്ഞുപോകുമ്പോഴും പൊളവൻ ഉള്ളിൽ സത്യസന്ധനായിരുന്നു. ''എനിക്ക് തൊലിപ്പുറമേയുള്ളൂ, മിക്കവർക്കും ഉള്ളിലാണ് ചൊറി'' എന്ന പൊളവന്റെ വിഖ്യാതമായ വാചകം കഥയുടെ കാതലായ നിരീക്ഷണമാണ്. പകൽവെട്ടത്തിൽ യോഗ്യന്മാരായി നടക്കുന്ന മനുഷ്യരുടെ ആന്തരികമായ കാപട്യത്തെയാണ് ഈ ചൊറികൊണ്ട് കഥാകൃത്ത് വിശേഷിപ്പിച്ചത്. മസിലൻ ബോഡിയും കള്ളഹൃദയവുമായി ഡേവിഡ് എന്തിനാണ് അച്ചനാകാൻ പോയതെന്ന റോസയുടെ ചോദ്യം പൗരോഹിത്യത്തിന്റെ വിശുദ്ധ വസ്ത്രത്തിനുമേൽ പതിക്കുന്ന കനത്ത പ്രഹരമാണ്. കുമ്പസാരം എന്ന കത്തോലിക്കാ സങ്കല്പത്തെ തന്നെ കഥ ഇവിടെ അപനിർമിക്കുന്നുണ്ട്. മറ്റുള്ളവരുടെ പാപങ്ങൾ കേൾക്കാൻ അധികാരമുള്ള പുരോഹിതന് സ്വന്തം രഹസ്യങ്ങൾ തുറന്നുപറയാൻ ഒരിടവുമില്ല.
പാതിരാത്രിയുടെ നിശ്ശബ്ദതയിൽ ഡേവിഡിനോട് വേണമെങ്കിൽ ഇപ്പോൾ കുമ്പസാരിക്കാം എന്ന് പൊളവൻ പറയുമ്പോൾ, ദൈവത്തിന്റെയും മനുഷ്യന്റെയും ഇടയിലെ മധ്യവർത്തി എന്ന നിലയിൽ നിന്നും ഡേവിഡ് വെറുംസാധാരണ പാപിയായി നിപതിക്കുന്നു.
സാമൂഹികവും സാംസ്കാരികവുമായ തലങ്ങളിൽ, കേരളീയ ഗ്രാമീണ ക്രിസ്തീയ സമുദായത്തിലെ സദാചാര നാട്യങ്ങളെയും രോഗങ്ങളോടുള്ള ക്രൂരമായ മനോഭാവത്തെയുമാണ് കഥ വിചാരണ ചെയ്യുന്നത്. ശരീരത്തിന് കണിശമായ വിശുദ്ധി കൽപ്പിക്കുന്ന മതം, അതേ ശരീരം രോഗബാധിതമാകുമ്പോൾ അതിനെ അശുദ്ധമെന്ന് വിളിച്ച് അപരവൽക്കരിക്കുന്നു. സ്വന്തം അമ്മ പോലും പൊളവനെ ഉപയോഗശൂന്യമായ സാധനങ്ങൾ തള്ളുന്ന മുറിയിൽ ഒളിപ്പിക്കുകയും പിന്നീട് മകളുടെ വീട്ടിലേക്ക് രക്ഷപ്പെടുകയും ചെയ്യുന്നത് ഈ സാമൂഹിക ബഹിഷ്കരണത്തിന്റെ തെളിവാണ്. അതേസമയം, സഭ ഡേവിഡിന്റെ ലൈംഗികാരോപണങ്ങളെ ഒതുക്കിത്തീർക്കാനും, നല്ല നടപ്പാണെങ്കിൽ മറ്റേതെങ്കിലും ദൂരദേശത്ത് വീണ്ടും അച്ചനായി പുനരധിവസിപ്പിക്കാനും ശ്രമിക്കുന്നത് സ്ഥാപനവത്കരിക്കപ്പെട്ട മതത്തിന്റെ അധികാര സംരക്ഷണ രാഷ്ട്രീയത്തെയല്ലേ കാണിക്കുന്നത്?
പുരുഷാധിപത്യപരമായ ദ്വന്ദ്വഭാവവും രാത്രിയുടെ സമാന്തര സംസ്കാരവും കഥയിൽ പ്രാധാന ധാരയായി ഒഴുകുന്നുണ്ട്. ഇതോടൊപ്പം സ്ത്രീശരീരത്തെ നോക്കിക്കാണുന്ന പുരുഷാധിപത്യപരമായ ദ്വന്ദ്വഭാവവും കഥയിൽ പ്രകടമാണ്. റോസയെ ആനക്കൊമ്പുള്ള മട്ടിൽ അഹങ്കാരനടപ്പുള്ളവൾ എന്നും വെണ്ണപ്പശു എന്നും വിശേഷിപ്പിക്കുന്ന പുരുഷന്മാർ അവളെ വെറുമൊരു ഭോഗവസ്തുവായി മാത്രമാണ് നിർവ്വചിക്കുന്നത്. പെണ്ണിന് ചന്തക്കൂടുതലുണ്ടെങ്കിൽ ആമ്പിറന്നവൻ തിണ്ണമിടുക്ക് കാണിക്കണമെന്ന കുട്ടിയപ്പന്റെ ഉപദേശം പുരുഷകേന്ദ്രീകൃതമായ ഉടമസ്ഥതാബോധത്തിന്റെ നഗ്നമായ പ്രഖ്യാപനമാണ്. എന്നാൽ, രാത്രിയുടെ സമാന്തര സംസ്കാരത്തെക്കുറിച്ച് സംസാരിക്കുന്ന പൊളവൻ പകൽവെട്ടത്തിലെ എല്ലാ നന്മകളുടെയും പൊള്ളത്തരം തുറന്നുകാട്ടുന്നുണ്ട്. പകൽ യോഗ്യന്മാരായി നടക്കുന്നവർ രാത്രിയിൽ മതിൽചാടുന്നതും, ബിരിയാണിക്കടയ്ക്ക് തീവയ്ക്കുന്നതും, കനാലിൽ ചാടി മരിക്കാൻ ഒരുങ്ങുന്നതുമെല്ലാം രാത്രിയുടെ സാക്ഷിയായ പൊളവന് അറിയാം.
കഥയുടെ പരിസമാപ്തിയിലെ അപ്രതീക്ഷിതമായ ട്വിസ്റ്റ് (Twist) നിർണായകമാണ് വായനക്കാരനും പൊളവനും ഒരുപോലെ വിശ്വസിച്ചിരുന്നത് റോസയുടെ ആസക്തിയുടെ കേന്ദ്രം ഓട്ടോ ഡ്രൈവറായ സോളമൻ ആണെന്നാണ്. എന്നാൽ സോളമനെ കുത്താൻ ആഞ്ഞടിക്കുന്ന പൊളവന് മുന്നിലേക്ക് കയറിനിന്ന് 'സോളമനെയല്ല നീ കുത്തേണ്ടത്' എന്ന് ഡേവിഡ് പറയുമ്പോൾ, കഥയുടെ മുഴുവൻ ഘടനയും തലകീഴായി മറിയുന്നു. റോസയുടെ മനസ്സിലെ രഹസ്യങ്ങൾ കുമ്പസാരത്തിലൂടെ ചോർത്തിയെടുക്കാൻ പൊളവനെ ഉപദേശിച്ച ഡേവിഡ്, യഥാർത്ഥത്തിൽ സ്വന്തം വഴിയിലെ തടസ്സങ്ങളെ നീക്കാനാണ് ശ്രമിച്ചത്. സോളമനല്ല, മറിച്ച് റോസയുടെ ഉടലിനെയും ആത്മാവിനെയും മാനസികമായി വഞ്ചിച്ച യഥാർത്ഥ കുറ്റവാളി താൻ തന്നെയാണെന്ന തിരിച്ചറിവിലാണ് ഡേവിഡ് ആ കുത്ത് സ്വന്തം നെഞ്ചിലേക്ക് വാങ്ങുന്നത്. ഇത് സാധാരണ കൊലപാതകമല്ല, കുറ്റബോധത്തിൽ വെന്തുരുകിയ ഒരു പുരോഹിതന്റെ ആത്മബലിയും സ്വയംശിക്ഷാവിധിയുമാണ്. ഇരുട്ടിനെ മുറിച്ചുകൊണ്ട് തിളങ്ങിയ പൊളവന്റെ കത്തി സത്യത്തിന്റെ വെളിപ്പെടലായി മാറുന്നു.
കുരിശുലോക്കറ്റ് കടിച്ചുപിടിച്ചുകൊണ്ട് ചുംബിക്കുന്ന റോസയുടെ ചിത്രം ആത്മീയതയുടെ വിശുദ്ധ പ്രതീകങ്ങളെ ലൗകിക കാമനകളുടെ ഉപകരണങ്ങളാക്കി മാറ്റുന്നതിന്റെ മികച്ച ദൃശ്യാവിഷ്കാരമാണ്. ഒടുവിൽ, നെഞ്ചിൽ വീണ തുളയുമായി കനാലിലെ ഇരുണ്ട ജലത്തിലേക്ക് ഡേവിഡ് താണുപോകുമ്പോൾ കേൾക്കുന്ന അപ്പന്റെ ശബ്ദം - 'നീ സ്വർഗ്ഗത്തിനെതിരായും എനിക്കെതിരായും പാപം ചെയ്തു'' - ക്രിസ്തീയ പാപബോധത്തിന്റെ മാഞ്ഞുപോകാത്ത ഭാരത്തെയാണ് ഓർമിപ്പിക്കുന്നത്. ബൈബിളിലെ ധൂർത്തപുത്രന്റെ ഉപമയെ അനുസ്മരിപ്പിക്കുന്നതാണെങ്കിലും ഈ പുത്രന് തിരിച്ചുവരവില്ലാത്ത നാശമാണ് സംഭവിക്കുന്നത്.
കഥയുടെ അവസാന വരിയായ 'കനാലിലെ പൊളവന്മാർ പുളച്ചുതുടങ്ങി' എന്നത് മനുഷ്യന്റെ ബോധമനസ്സിന് ഉൾക്കൊള്ളാൻ കഴിയാത്തവിധം അടിത്തട്ടിൽ ഒളിഞ്ഞുകിടക്കുന്ന പാപങ്ങളുടെയും കാമനകളുടെയും ഹിംസകളുടെയും സാർവ്വലൗകിക പ്രതീകമായി മാറുന്നു. പുറമെയുള്ള രോഗമല്ല, ഉള്ളിൽ ഒളിച്ചുവെച്ചിരിക്കുന്ന രഹസ്യങ്ങളും വഞ്ചനകളുമാണ് മനുഷ്യനെ പൂർണമായി ഇല്ലാതാക്കുന്നത് എന്ന കഠിനമായ ദർശനത്തോടെയാണ് കഥ പൂർണമാകുന്നത്. വിശുദ്ധനും പാപിയും, രോഗിയും ആരോഗ്യവാനും തമ്മിലുള്ള അതിർവരമ്പുകളെ പൂർണമായി തകർത്തുകൊണ്ട്, ഭാഷയുടെ തീക്ഷ്ണതയിലൂടെയും പ്രതീകങ്ങളുടെ ആഴത്തിലൂടെയും മനുഷ്യാത്മാവിന്റെ ഇരുണ്ട വഴികളെ അനാവരണം ചെയ്യാൻ ഈ കഥയ്ക്ക് സാധിക്കുന്നുണ്ട്. കഥ പ്രമേയപരമായി തീക്ഷ്ണവും ദൃഢവും ആധുനികവുമാണ്. പരമ്പരാഗതമായ രേഖീയ (Linear) കഥാകഥന ശൈലികളെ പൂർണമായി റദ്ദാക്കിക്കൊണ്ട്, ഉത്തരാധുനിക സാഹിത്യത്തിന്റെ സങ്കേതങ്ങളെ ഗ്രാമീണ തനിമയുള്ള ഭാഷയുമായി സമന്വയിപ്പിക്കാൻ ആഷ് അഷിതക്ക് കഴിഞ്ഞിട്ടുണ്ട്.
കഥയുടെ ഏറ്റവും വലിയ സവിശേഷതയായി കാണേണ്ടത്, ആത്മകഥനാത്മകമായ ആഖ്യാനവും അവിശ്വസനീയനായ കഥാകാരനും (Unreliable Narrator) എന്ന രൂപത്തിലാണ് വികസിക്കുന്നത് എന്നതാണ്. ഡേവിഡ് എന്ന മുൻ പുരോഹിതന്റെ കാഴ്ചപ്പാടിലൂടെയും ശബ്ദത്തിലൂടെയുമാണ് (First-person narrative) വികസിക്കുന്നത്. സിനിമാറ്റിക് ദൃശ്യാവിഷ്കാരവും ടൈം-ലാപ്സ് ശൈലിയും കഥയുടെ വായനക്കും ആകാംക്ഷക്കും ശക്തി പകരുന്നുമുണ്ട്. കഥയുടെ ആഖ്യാനത്തിന് വലിയൊരു ദൃശ്യഭംഗിയുണ്ട്. വർത്തമാനകാലത്തിൽ നിന്നും ലളിതമായി ഭൂതകാലത്തിലെ ഒരു തട്ടുകടയിലേക്കും, പള്ളിപ്പെരുന്നാളിന്റെ രാത്രിയിലേക്കും കഥ സഞ്ചരിക്കുന്നു. കനാലിന്റെ വക്കത്തിരിക്കുന്ന രണ്ട് മനുഷ്യരിൽ നിന്നും വായനക്കാരൻ പെട്ടെന്ന് എത്തിപ്പെടുന്നത് ചൂടുപറക്കുന്ന പൊറോട്ടയും പോത്തിറച്ചിയും വിൽക്കുന്ന ഒരു ഗ്രാമീണ ചന്തയിലേക്കാണ്. ഫ്ളാഷ്ബാക്കുകൾ കൃത്യമായ ഇടവേളകളിൽ വന്ന് വർത്തമാനകാലത്തെ കഥാപാത്രങ്ങളുടെ മാനസികാവസ്ഥയ്ക്ക് അടിവരയിടുന്നു. പ്രകൃതിയെയും രാത്രിയെയും മഞ്ഞിനെയും കഥാകൃത്ത് വെറും പശ്ചാത്തലമായല്ല, മറിച്ച് കഥയിലെ ജീവനുള്ള കഥാപാത്രങ്ങളായാണ് ദൃശ്യവത്കരിച്ചിരിക്കുന്നത് ശ്രദ്ധേയമായി തോന്നി.
പ്രതീകങ്ങളുടെയും രൂപകങ്ങളുടെയും ശക്തമായ വിന്യാസം, വാക്കുകൾ കൊണ്ടുള്ള പ്രതീകാത്മക പ്രപഞ്ചം സൃഷ്ടിക്കൽ എന്നിവയും ഈ കഥ പറച്ചിലിന് ഉപയുക്തമാക്കിയിരിക്കുന്നു. കഥയിലെ ഓരോ ഘടകവും ഒന്നിലധികം അർത്ഥങ്ങൾ ഒളിപ്പിച്ചുവെച്ചിട്ടുള്ളവയാണ്: ഉദാഹരണമായി,
-പൊളവൻ (മീൻ): ജലപ്പരപ്പിൽ പിടിതരാതെ പുളഞ്ഞുപോകുന്ന മീൻ, മനുഷ്യന്റെ അടിച്ചമർത്തപ്പെട്ട കാമനകളുടെയും ആന്തരിക സത്യങ്ങളുടെയും പ്രതീകമാണ്.
-പുളിമരച്ചുവട്ടിലെ മൂത്രമൊഴിക്കൽ: പിതൃധികാരത്തോടുള്ള ലംഘനവും ഉടലിന്റെ സ്വാതന്ത്ര്യപ്രഖ്യാപനവും.
-ചൊറി (സോറിയാസിസ്): പുറമെയുള്ള രോഗത്തേക്കാൾ ഭയാനകമായ മനുഷ്യന്റെ ആന്തരിക കാപട്യത്തിന്റെ രൂപകം.
-കുരിശുലോക്കറ്റ് കടിച്ചുപിടിച്ചുള്ള ചുംബനം: ആത്മീയതയുടെയും ലൗകികതയുടെയും അതിർവരമ്പുകൾ മാഞ്ഞുപോകുന്ന അവസ്ഥ.
-കനാൽ: നിഗൂഢതകളും പാപബോധവും ഒളിപ്പിച്ചുവെച്ച അവബോധമനസ്സിന്റെ പ്രതീകമായും വിന്യസിച്ചിരിക്കുന്നു.
തീക്ഷ്ണതയുള്ള സംഭാഷണങ്ങലിലെ പ്രാദേശിക ഭാഷാശുദ്ധിയും പുളവന്റെ മാറ്റ് വർധിപ്പിക്കുന്നു. കഥയിലെ സംഭാഷണങ്ങൾ മൂർച്ചയുള്ളവയും സ്വാഭാവികത നിറഞ്ഞതുമാണ്. തെക്കൻ കേരളത്തിലെ (കോന്നി, പത്തനംതിട്ട പശ്ചാത്തലം സൂചിപ്പിക്കുന്ന) ക്രൈസ്തവ ഗ്രാമീണ ഭാഷാശൈലിയാണ് കഥാപാത്രങ്ങൾ സംസാരിക്കുന്നത്.
മാപ്പിളേ, ചൊറിച്ചില്, പെമ്പറന്നോത്തി, ചിക്കിലി തുടങ്ങിയ പ്രയോഗങ്ങൾ കഥയ്ക്ക് വലിയ പ്രാദേശിക തനിമ നൽകുന്നു. അനാവശ്യമായ ദാർശനിക വർത്തമാനങ്ങളില്ലാതെ തന്നെ, കഥാപാത്രങ്ങളുടെ കൊച്ചുവർത്തമാനങ്ങളിലൂടെ വലിയ മാനസികസത്യങ്ങളെ പുറത്തെടുക്കാൻ സംഭാഷണങ്ങൾക്ക് കഴിയുന്നുണ്ട്. ഒഴുക്കുള്ളതും എന്നാൽ ഉള്ളിൽ കനലൊളിപ്പിച്ചതുമായ ഭാഷയാണിത്.
ആഖ്യാനത്തെ കൂടുതൽ സമ്പന്നമാക്കാൻ ബൈബിൾ മിത്തുകളെ കഥാകൃത്ത് മനോഹരമായി ഉപയോഗിച്ചിരിക്കുന്നു. യേശുവിനെ സംശയിച്ച തോമസിന്റെ പേരാണ് പൊളവനുള്ളത്. എന്നാൽ അവൻ സംശയിച്ചത് തന്റെ ഭാര്യയെയാണ്. അതുപോലെ കഥയുടെ ഒടുവിൽ കേൾക്കുന്ന അപ്പന്റെ ശബ്ദം ലൂക്കാസിന്റെ സുവിശേഷത്തിലെ ധൂർത്തപുത്രന്റെ ഉപമയെ ഓർമിപ്പിക്കുന്നു. എൻ.എസ്. മാധവന്റെ 'ഹിഗ്വിറ്റ' എന്ന വിഖ്യാത കഥയിലെ പള്ളീലച്ചന്റെ കിക്കിനെക്കുറിച്ച് ഡേവിഡ് ചിന്തിക്കുന്നത് കഥയിൽ കാണാം. ഈ സാഹിത്യസൂചനകൾ കഥയെ വെറുമൊരു സാധാരണ ആഖ്യാനത്തിനപ്പുറം ഉയർന്ന വായനാതലത്തിലേക്ക് എത്തിക്കുന്നു.
ആകാംഷ നിലനിർത്തുന്ന ആഖ്യാനവേഗതയും വൃത്താവർത്തനവും (Circular Structure)എടുത്തുപറയേണ്ട സവിശേഷതയായി അനുഭവപ്പെടുന്നു. കഥ ആരംഭിക്കുന്നത് കനാലിന്റെയും പിതൃവീടിന്റെയും പശ്ചാത്തലത്തിലാണ്; അവസാനിക്കുന്നതും അതേ കനാലിലെ ഇരുണ്ട ജലാശയത്തിലേക്കുള്ള വീഴ്ചയിലാണ്. കഥ ഒരു വൃത്തം പൂർത്തിയാക്കുന്നതുപോലെ അവസാനിക്കുന്നു. ആദ്യത്തെ വീഴ്ചയിൽ ഡേവിഡിനെ രക്ഷിക്കാൻ പൊളവനുണ്ടായിരുന്നുവെങ്കിൽ, അവസാനത്തെ വീഴ്ചയിൽ പൊളവൻ തന്നെയാണ് ഡേവിഡിന്റെ അന്തകനാകുന്നത്. തുടക്കം മുതൽ ഒടുക്കം വരെ വായനക്കാരനെ പിടിച്ചിരുത്തുന്ന ആഖ്യാനവേഗതയും നാടകീയതയും ഈ കഥപറച്ചിലിന്റെ വലിയൊരു ഗുണമാണ്.
ചുരുക്കത്തിൽ, അടിച്ചമർത്തപ്പെട്ട കാമനകളുടെ മനഃശാസ്ത്രത്തെ ഇത്രത്തോളം ദൃശ്യാത്മകമായും പ്രതീകാത്മകമായും നൽകി ആവിഷ്കരിക്കാൻ കഴിഞ്ഞു എന്നതിലാണ് 'പൊളവൻ' എന്ന കഥയുടെ ആഖ്യാനവിജയം. പുറത്തുപറയുന്ന വാക്കുകളേക്കാൾ വരികൾക്കിടയിലെ നിശബ്ദതകൊണ്ടാണ് ഈ കഥ വായനക്കാരനോട് സംവദിക്കുന്നത്.
Content Highlights: Deconstruction of religious power structures and hypocrisy., Exploration of repressed human desires and internal psychological conflict., Symbolic use of 'Polavan' (fish) to represent elusive human truths., Analysis of the unreliable narrator and cinematic narrative style., Insight into the critique of moral dualism in rural Christian communities.