'പറഞ്ഞറിയിക്കാനാകാത്ത എത്രയോ കാര്യങ്ങളുണ്ട് ജീവിതത്തില്‍, അവയ്ക്കുവേണ്ടി കൂടിയാണ് സാഹിത്യം'

ഒ.വി. വിജയന്‍ സാഹിത്യപുരസ്‌കാരം എഴുത്തുകാരന്‍ പി.എഫ്. മാത്യൂസിന് സമര്‍പ്പിച്ചു. ഞായറാഴ്ച ഹൈദരാബാദില്‍ വെച്ച് നടന്ന ചടങ്ങില്‍ ജ്ഞാനപീഠ ജേതാവായ കൊങ്കണി എഴുത്തുകാരന്‍ ദാമോദര്‍ മൗസോയാണ് പി.എഫ്. മാത്യൂസിന് പുരസ്‌കാരം സമര്‍പ്പിച്ചത്. സി.ആര്‍. നീലകണ്ഠന്‍, എഴുത്തുകാരനും മാതൃഭൂമി ആഴ്ചപ്പതിപ്പ് അസിസ്റ്റന്റ് എഡിറ്ററുമായ സുഭാഷ് ചന്ദ്രന്‍ എന്നിവര്‍ പുരസ്‌കാരദാനച്ചടങ്ങില്‍ പങ്കെടുത്തു.
ഖസാക്കിന് ശേഷമുള്ള കാലത്ത് എഴുതിത്തുടങ്ങിയ ആളാണ് താനെന്നും മൂന്നരക്കോടിയോളം മനുഷ്യര്‍ സംസാരിക്കുന്ന ഭാഷയിലാണ് താന്‍ എഴുതുന്നത് എന്നുള്ളത് വലിയൊരു ബലമാണെന്നും പി.എഫ്. മാത്യൂസ് പറഞ്ഞു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത എത്രയോ കാര്യങ്ങളുണ്ട് ജീവിതത്തില്‍, അവയ്ക്കുവേണ്ടികൂടിയാണ് സാഹിത്യമെന്നും കലയും സാഹിത്യവും നമ്മുടെ ജീവിതത്തെ കുറച്ചുകൂടി മെച്ചപ്പെടുത്തും എന്നുള്ള കാര്യത്തില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒ.വി. വിജയന്‍ സാഹിത്യ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് പി.എഫ്. മാത്യൂസ് നടത്തിയ പ്രസംഗത്തിന്റെ ചുരുക്കം അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം;
ഇത്രയും പ്രബുദ്ധമായ സദസ്സിനെ സാക്ഷിയാക്കി കേരളത്തിലെ ഏറ്റവും പ്രതിഭാശാലിയായ എഴുത്തുകാരന്റെ പേരിലുള്ള പുരസ്‌കാരം ഏറ്റുവാങ്ങാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയൊരു നിമിഷമാണ്. എന്റെ എഴുത്തില്‍ എന്നും സന്ദേഹിയായിരുന്നു ഞാന്‍. അതുകൊണ്ടാണ് 'മുഴക്കം' എന്ന കഥാസമാഹാരത്തിന്റെ മുന്‍കുറിപ്പായി ഒരു വാചകം എഴുതിയത്. മലയാളസാഹിത്യത്തില്‍ എന്റെ കഥകള്‍ക്ക് കൂടി ഇടമുണ്ടോ? ഉണ്ടെങ്കില്‍ അവയുടെ സ്ഥാനം എവിടെയാണ് എന്ന്. ഖസാക്കനന്തര കാലത്ത് എഴുതിത്തുടങ്ങിയ ഒരാളാണ് ഞാനും. പതിമൂന്നാം വയസ്സ് മുതല്‍ ഞാന്‍ പിന്തുടരുന്ന പ്രതിഭയാണ് ഒ.വി. വിജയന്‍. അദ്ദേഹം വിടവാങ്ങിയ സമയത്ത് എന്‍.എസ്. മാധവന്‍ ഇങ്ങനെ എഴുതി; മാറ്റം വരുത്തുന്ന സാഹിത്യം വായനക്കാരോട് ഒത്തുതീര്‍പ്പിന് പോകാറില്ല. കിഴിവുകള്‍ പ്രഖ്യാപിക്കാറില്ല. തുടക്കത്തില്‍ വായനക്കാര്‍ക്ക് വിജയന്റെ എഴുത്ത് അപരിചിതമായി തോന്നി, തിരിച്ചറിയുവാന്‍ സമയമെടുത്തു. എന്നാല്‍ എല്ലാ വലിയ എഴുത്തുകാരോടും എന്നതുപോലെ വായനക്കാര്‍ അദ്ദേഹത്തോടും ഇണങ്ങി. വിജയനെ വായിച്ച് തുടങ്ങിയതിനുശേഷം ഞാന്‍ ഒരു തീരുമാനമെടുത്തു. വായനക്കാര്‍ക്ക് കിഴിവും ഡിസ്‌കൗണ്ടും പ്രഖ്യാപിക്കുന്ന സാഹിത്യം എഴുതേണ്ടതില്ല എന്ന്. വായനക്കാരെ വളരെ ഉയര്‍ന്ന പീഠത്തിലാണ് ഞാന്‍ കാണുന്നത്. അതുകൊണ്ടുതന്നെ എനിക്ക് അവരുടെ ഉയരത്തിലേക്ക് എത്തുകയാണ് വേണ്ടത്, ഞാന്‍ താഴേക്ക് വരികയല്ല. എനിക്കറിയാം എന്റെ വായനക്കാര്‍ എണ്ണത്തില്‍ വളരെ കുറവാണെന്ന്. പക്ഷേ ആ വായനക്കാരുടെ തേളൊപ്പം നില്‍ക്കാനും ചിലപ്പോള്‍ തോളില്‍ ചേര്‍ത്തുപിടിച്ച് ചങ്ങാതിമാരാക്കുവാനും കഴിഞ്ഞേക്കും. കാരണം ആ വായനക്കാരും കൂടി ചേര്‍ന്നാണ് ഞാന്‍ കൃതികള്‍ എഴുതുന്നത്. ഒരു എഴുത്തുകാരന്‍ ഒന്നും തനിയെ എഴുതുന്നില്ല. അയാളുടെ എഴുത്തില്‍നിന്ന് ഒരു വായനക്കാരന്‍ സൃഷ്ടിച്ചെടുക്കുമ്പോഴാണ് കഥ പൂര്‍ത്തിയാകുന്നത്. വെറും 10% പേര്‍ സംസാരിക്കുന്ന, Nynorsk ഭാഷയില്‍ എഴുതിയ ജോണ്‍ ഫോസെക്ക് ഇത്തവണ നോബല്‍ സമ്മാനം കിട്ടി. പറയാനാകാത്തവയെ വാക്കുകളിലൂടെ ആവിഷ്‌കരിച്ചതിനാണ് അദ്ദേഹത്തിന് ഈ ബഹുമതി. പറഞ്ഞറിയിക്കാന്‍ പറ്റാത്ത എത്രയോ കാര്യങ്ങളുണ്ട് ജീവിതത്തില്‍, അവയ്ക്കുവേണ്ടി കൂടിയാണ് സാഹിത്യം നിലകൊള്ളുന്നത്. ജോണ്‍ ഫോസെയുടെ കുറേ കഥകള്‍ വായിക്കാന്‍ ഇടയായി. ഞാന്‍ ആദ്യം പറഞ്ഞതുപോലെ വായനക്കാര്‍ക്ക് കിഴിവുകള്‍ അനുവദിക്കാത്ത നാടകീയതയും സങ്കീര്‍ണതകളും ഇല്ലാത്ത കൊച്ചുകൊച്ചു കഥകളാണ് ഞാന്‍ വായിച്ചത്. ഇന്നലെവരെ തുടര്‍ന്ന പല കഥാ സങ്കല്‍പ്പങ്ങളും പാടെ തെറ്റിച്ചുകൊണ്ടാണ് ആ എഴുത്ത്. പക്ഷേ നല്ല സാഹിത്യം നമുക്ക് നല്‍കുന്നതെല്ലാം ഈ കഥകളും നമുക്ക് നല്‍കുന്നു. മറ്റൊരു ലോകത്ത് മറ്റൊരു കാലത്തില്‍ നമ്മളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ മറ്റൊരു ജീവിതം ജീവിക്കുന്ന മനുഷ്യരെക്കുറിച്ച് വ്യത്യാസപ്പെട്ട അനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നു നല്ല സാഹിത്യം. കലയും സാഹിത്യവും നമ്മുടെ ജീവിതത്തെ കുറച്ചുകൂടി മെച്ചപ്പെടുത്തും എന്നുള്ള കാര്യത്തില്‍ എനിക്ക് സംശയമില്ല. ഇവിടെ കൂടിയിരിക്കുന്നവരടക്കം മൂന്നരക്കോടിയോളം മനുഷ്യര്‍ സംസാരിക്കുന്ന ഭാഷയിലാണ് ഞാന്‍ എഴുതുന്നത് എന്നുള്ളത് വലിയൊരു ബലമാണ്. എഴുത്തുകാരന്റെ ഒരേയൊരു ആയുധം അയാളുടെ ഭാഷ തന്നെയാണല്ലോ. ആ ഭാഷയില്‍ തന്നെ ചെറുകഥ എന്ന സാഹിത്യ ശാഖയില്‍ എഴുതപ്പെട്ട 11 കഥകള്‍ക്കാണ് എനിക്ക് ഈ ബഹുമതി നല്‍കിയിരിക്കുന്നത്. മലയാളത്തില്‍ പ്രതിവര്‍ഷം രണ്ടായിരത്തോളം ചെറുകഥകള്‍ അച്ചടിച്ച് വരുന്നുണ്ട് എന്നാണ് ഒരിക്കല്‍ ഒരു മുതിര്‍ന്ന എഴുത്തുകാരന്‍ കണ്ടെത്തിയത്. മിക്കവാറും മലയാളത്തിലെ വലിയ നോവലിസ്റ്റുകളെല്ലാം ചെറുകഥയില്‍ നിന്നാണ് തുടക്കംകുറിച്ചിരിക്കുന്നത്. ചെറുകഥയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മഹാകവി അക്കിത്തത്തിന്റെ ഒരു വരി കൂട്ടി വായിക്കാന്‍ തോന്നും. 'ഓരോരോ നിമിഷത്തിനുള്ളിലും കുടിപ്പാര്‍ക്കാം ഓരോരോ നൂറ്റാണ്ടിന്.'ഈ വരികള്‍ ചെറുകഥാകാരന് വേണ്ടിയാണെന്ന് തോന്നിയിട്ടുണ്ട്. ഒരു നിമിഷത്തെ വലിച്ചുനീട്ടി അനന്തമാക്കിയിരിക്കുകയാണ് ഇവിടെ. ഈ ഒരു ആശയം വിപുലമാക്കിക്കൊണ്ട് ബോര്‍ഹസ് ഒരു ഗംഭീര കഥ തന്നെ എഴുതിയിട്ടുണ്ട് മലയാളത്തില്‍ നിഗൂഢമായ ദിവ്യാത്ഭുതം എന്ന പേരില്‍ പണ്ട് എന്റെ പ്രിയപ്പെട്ട കഥാകാരന്‍ വി.പി. ശിവകുമാര്‍ അത് വിവര്‍ത്തനം ചെയ്തിട്ടുമുണ്ട്. ഒരു നിമിഷത്തിന്റെ വിസ്താരമാണ് മിക്കവാറും വലിയ കഥകള്‍. പണ്ട് തുര്‍ഗനവ് പറഞ്ഞു ഗോഗോളിന്റെ ഓവര്‍കോട്ടില്‍ നിന്നാണ് നമ്മളെല്ലാം ജനിച്ചതെന്ന്. അതൊരു വലിയ സത്യമാണുതാനും. കഥയില്‍ നിന്ദിതരും പീഡിതരും നിസ്സാരരുമായ മനുഷ്യര്‍ കടന്നുവന്നത് ഓവര്‍കോട്ടിലൂടെയാണ്. നമ്മുടെ ചെറുകഥയുടെ പശ്ചാത്തലം എടുത്തുനോക്കിയാല്‍ മലയാള സാഹിത്യത്തിന് ഭാവുകത്വ മാറ്റം കൊണ്ടുവന്ന ഓവര്‍ കോട്ട് സൃഷ്ടിച്ചത് നമ്മുടെ ഏറ്റവും വലിയ എഴുത്തുകാരില്‍ ഒരാളായ വൈക്കം മുഹമ്മദ് ബഷീര്‍ ആണ്. ലക്ഷണമൊത്ത മലയാള ചെറുകഥകളുടെ സ്രഷ്ടാവായ കാരൂര്‍ നീലകണ്ഠ പിള്ളയെയും ഞാന്‍ ഇവിടെ ഓര്‍ക്കട്ടെ. അവസാനമായി ഈ അവാര്‍ഡിന് അര്‍ഹമായ 'മുഴക്കം'എന്ന കഥയിലേക്ക് വരാനുണ്ടായ കാരണംകൂടി പറയേണ്ടതുണ്ട്. എറണാകുളത്തെ കോമ്പാറ മുക്കിനടുത്തുള്ള തണ്ടാശ്ശേരി കോളനിയിലായിരുന്നു എന്റെ കുട്ടിക്കാലം. അര നൂറ്റാണ്ടിനുശേഷം അതുവഴി കടന്നുപോയപ്പോള്‍ ആ കോളനിയില്‍ ഞാന്‍ ജീവിച്ചിരുന്ന വീട് കണ്ട് അത്ഭുതപ്പെട്ടു പോയി. അത് ഒരു ചായക്കടയായി മാറിയിരിക്കുന്നു. അവിടെ കേറി ഒരു ചായ കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ 50 ആണ്ടിനപ്പുറമുള്ള ബാല്യകാലം മുഴുവനും എന്നെ വന്ന് തൊടുന്നതായി അനുഭവപ്പെട്ടു. അറുപതുകളിലെ ആ ബാലന്റെ ഊര്‍ജ്ജസ്വലമായ ആ കാലത്തുനിന്ന് നോക്കിയപ്പോള്‍ തലയും താടിയും നരച്ച ഓര്‍മ്മ മങ്ങിത്തുടങ്ങിയ ഒരു വൃദ്ധനെ കണ്ടു. ആ നരച്ച മനുഷ്യന്‍ സന്തോഷം മറന്നുകഴിഞ്ഞിരുന്നു. അയാളുടെ മനസ്സില്‍ കുതിച്ചുചാട്ടങ്ങള്‍ ഉണ്ടായിരുന്നില്ല. ഒന്നും സ്പര്‍ശിക്കാത്ത നിശ്ചലതയെ ആ കുട്ടി ഒരു വസ്തുവിനെ എന്നതുപോലെ നോക്കി നിന്നു. ആ അനുഭവത്തെ വിവരിക്കുവാന്‍ കഴിയില്ലായിരുന്നു. ഒരു മനുഷ്യന്‍ മരിക്കുന്നതിനുമുമ്പ് എത്രയോ മരണങ്ങള്‍ മരിക്കുന്നു. അതിനുശേഷമാണ് 'മുഴക്കം' എന്ന കഥ എഴുതുവാന്‍ കഴിഞ്ഞത്. കാണാതായ അച്ഛനെ വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുപിടിച്ച് വീട്ടിലെത്തിക്കുന്ന ഒരു മകള്‍. ആ രാത്രി തീരും മുമ്പേ മുറിയില്‍ നിന്ന് പുറത്തു വന്നിട്ട് മകളോട് അമ്മ പറയുന്നു അത് നമ്മുടെ ആരുമല്ല എന്ന്. അത് എന്നാണ് പറയുന്നത്. മനുഷ്യന്‍ എന്നല്ല. എഴുത്തിനിടയില്‍ വന്നുചേര്‍ന്നതാണ് അത് എന്ന വാക്ക്. ആ വാക്ക് അവിടെ വന്നില്ലായിരുന്നുവെങ്കില്‍ ആ കഥ മറ്റൊന്നാകുമായിരുന്നു. ജീവിതത്തിലെ നിമിഷങ്ങളെ അതേപടി പകര്‍ത്തിയാല്‍ അത് കഥയായി മാറുകയില്ലെന്ന് നമുക്കറിയാം. വെറും ഒരു അനക്‌ഡോട്ട് അല്ലെങ്കില്‍ ഡോക്യുമെന്റേഷന്‍. അത് ഒരു എഴുത്തുകാരന്റെ കാഴ്ചപ്പാടിലൂടെ മാറിമറിയുമ്പോള്‍ സാഹിത്യമായി മാറിയേക്കാം. നമ്മള്‍ കലയിലേക്ക് നോക്കുന്നത് ഒരു നാടകീയ സംഭവത്തിന് വേണ്ടിയോ സമകാലീന രാഷ്ട്രീയ സാമൂഹ്യ ആശയങ്ങള്‍ക്ക് വേണ്ടിയോ പുതിയ വിവരങ്ങള്‍ക്ക് വേണ്ടിയോ അല്ല. അതുവരെയുണ്ടാകാത്ത ഒരു അനുഭവം, അനുഭൂതി, അതാകാം ചിലപ്പോള്‍ നല്ല കല അല്ലെങ്കില്‍ സാഹിത്യം പ്രദാനം ചെയ്യുന്നത്. ഒരു എഴുത്തുകാരന്‍ അയാള്‍ക്ക് മാത്രം സാധിക്കാവുന്ന സ്വന്തമായ ഒരു ലോകം സൃഷ്ടിക്കുന്നുണ്ട്. ഭാഷയ്ക്കുള്ളിലെ ഭാഷയിലൂടെ വിവരിക്കുമ്പോഴാണ് ആ ലോകം നിലവില്‍ വരുന്നത്. അങ്ങനെയാണ് നമുക്ക് ചുറ്റുമുള്ള ലോകം കുറച്ചുകൂടി പൂര്‍ത്തിയാകുന്നത്. കഥ എഴുതുന്നയാള്‍ വിവരിക്കുന്നത് അയാളും നമ്മളും കണ്ട ലോകമല്ല. പ്രതലത്തിനപ്പുറത്തേക്ക് കാണാവുന്നതും വ്യാഖ്യാന സാധ്യതകളുള്ളതുമായ ഒരു ലോകമാണ്. അത് മനുഷ്യജീവിതത്തെക്കുറിച്ച് പുതിയൊരു കാഴ്ചപ്പാട് നല്‍കിയെന്നും വരാം. എഴുതപ്പെട്ട ഒരു പ്രത്യേക ശാസ്ത്രത്തിന്റെ ആവര്‍ത്തിച്ചുറപ്പിക്കല്‍ ആ കഥയില്‍ കണ്ടെന്നുവരില്ല. കൊളംബസിനെ പോലെ അയാളാ പഴയ ലോകത്തെ പുതിയ ലോകമായി എഴുതുമ്പോള്‍ കാണുകയാണ്. വായിക്കുമ്പോള്‍ വായനക്കാരനും ആ പുതിയ പ്രദേശത്തെ കണ്ടെത്തുകയാണ്. ഈ അവാര്‍ഡ് എനിക്ക് സമ്മാനിച്ച ഹൈദരാബാദിലെ ഭാഷാ സ്‌നേഹികളായ നവീന സാംസ്‌കാരിക കലാകേന്ദ്രത്തിന് ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞുകൊണ്ട് നിര്‍ത്തുകയാണ്.
Content Highlights: P.F. Mathews, O.V. Vijayan literary award