‘സിമിയുടെ പരിപാടിയുണ്ടല്ലോ’; വധശിക്ഷയുടെ തീയതി കേട്ടപോലെ വിജയൻ അസ്വസ്ഥനായി

മാതൃഭൂമിയിലേക്കു കയറിവന്ന ഒ.വി. വിജയൻ കാർട്ടൂണിസ്റ്റായ ബി.എം. ഗഫൂറിന്റെ മുന്നിലാണിരുന്നത്. അവിടെയിരുന്ന് എരിയുന്ന സിഗരറ്റിന്റെ ചൂടിൽ അദ്ദേഹം വരച്ചുതുടങ്ങി...
അന്ന് വൈകീട്ടുള്ള ഷിഫ്റ്റിനു ചെല്ലുമ്പോൾ അതാ വിജയൻ ഹെഡ്ഡാപ്പീസിന്റെ വലിയ മരക്കോണി ബദ്ധപ്പെട്ട് കയറുന്നു. പിറകെച്ചെന്ന് കയറാൻ സഹായിച്ചു. പാരമൗണ്ടിനുമുന്നിലെ തിരക്കേറിയ വഴിയും രണ്ടാം ഗേറ്റ് റെയിൽവേ ക്രോസും വിജയൻ എങ്ങനെ ഒറ്റയ്ക്ക് തരണംചെയ്തു എന്നു ഞാൻ അതിശയിച്ചു. എത്രനേരം കാത്തുനിന്നുകാണും. ദൈവം റോഡ് വിജനമാക്കിക്കൊടുത്തോ? സഹായി ഷൺമുഖനെ കാണാനില്ല.
''എവിടെ ഷൺമുഖൻ?''
''ഉച്ചയ്ക്ക് സിനിമ കാണാൻപോയതാണ്. പിന്നെ തിരിച്ചുവന്നിട്ടില്ല''- വിജയൻ പറഞ്ഞു.
''ഗാന്ധിജി വന്നപ്പോൾ കയറിയ കോണിപ്പടികളാണിത്'' - ഞാൻ പറഞ്ഞു
പിൻഗാമികൾക്ക് ആരോഹണംചെയ്യാൻ കഴിയാത്ത പടികൾ; ചരിത്രത്തിന്റെ ഉപഹാസം!
വിജയൻ ഒന്നുനിന്നു. ആയാസപ്പെട്ടു കയറിയ പിൻപടവുകളിലേക്ക് തിരിഞ്ഞുനോക്കി മന്ദഹസിച്ചു...''വേറെ വല്ല വഴിയുമുണ്ടോ?''-വിജയൻ ചോദിച്ചു
''നമുക്കെത്തേണ്ടിടത്തേക്ക് ഈയൊരു വഴിമാത്രം''
''എന്നാൽ കൈ വിടരുത്''- മുകളിലേക്കു നോക്കാതെ വിജയൻ വീണ്ടും കയറിത്തുടങ്ങി, കൈ വിടാതെ ഞാനും
1934 ജനുവരി 13-നാണ് ഗാന്ധിജി ഈവഴി വന്നത്. കേരളത്തിൽ ഗാന്ധിജിയുടെ നാലാം സന്ദർശനം. ഗാന്ധിജി കേരളത്തിൽ സന്ദർശിച്ച ഏക പത്രസ്ഥാപനം മാതൃഭൂമിയാണ്. അന്ന് കോഴിക്കോട് ടൗൺഹാളിൽ കോൺഗ്രസ് നേതാവും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ കെ. മാധവൻ നായരുടെ ഛായാപടം ഗാന്ധിജി അനാവരണംചെയ്തു. പിന്നെ ഒരെണ്ണം മാതൃഭൂമി ആപ്പീസിലും.
വിജയന്റെ ജന്മനാടായ വിളയൻചാത്തന്നൂരിൽ ഗാന്ധിജി വന്നിട്ടുണ്ട്.
''എനിക്കന്ന് നാലു വയസ്സാണ്''- വിജയൻ പറഞ്ഞു. ''ചിറ്റൂർ കൊടുവായൂർ തേങ്കുറിശ്ശി വഴിയാണ് ഗാന്ധിജി വന്നത്. വിപ്ലവകാരിയായ മുത്തച്ഛൻ (തച്ചമ്മൂച്ചിക്കൽ ചാമി) ഗാന്ധിജിയെ കാണാൻപോയിരുന്നു''
ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളും ഭഗവദ്ഗീതാ വ്യാഖ്യാനമായ അനാസക്തിയോഗവും തർജമചെയ്തു പ്രസിദ്ധീകരിക്കാൻ ഗാന്ധിജി മാതൃഭൂമിക്ക് അനുവാദംനൽകി; ഒരു കോൺട്രാക്ടുമില്ലാതെ.
കോവണികയറി മുകൾവരാന്തയിലെത്തിയപ്പോൾ വിജയൻ ചോദിച്ചു: ''കുഞ്ഞമ്മാന്റെ മുറി എവിടെ?''
കാർട്ടൂണിസ്റ്റ് ബി.എം. ഗഫൂറിനെയാണ് വിജയൻ ഉദ്ദേശിക്കുന്നത്. കുഞ്ഞമ്മാൻ ഗഫൂറിന്റെ പോക്കറ്റിലാണല്ലോ.
കയറിച്ചെല്ലുന്നത് റിപ്പോർട്ടിങ് സെക്ഷനാണ്. അതിലൂടെ വേണം പിന്നിലെ ചെറിയ ജനാലമുറിയിലെത്താൻ. അവിടെയാണ് വലിയ ശരീരവും സദാ പൊട്ടിച്ചിരിയുമുള്ള ബി.എം. ഗഫൂർ ഒരു പോക്കറ്റ് കാർട്ടൂൺപോലെ തിക്കിഞെരുങ്ങി കുടികൊള്ളുന്നത്. കോൺവെക്സ് കണ്ണാടിയിൽ കാണുന്നപോലെയാണ് ഗഫൂറിന്റെ രൂപഭംഗി. വർണശബളമായ അയഞ്ഞ ഷർട്ടുകൾ. കൈകൾ ആഞ്ഞാഞ്ഞ് വീശി നടത്തം.
വിജയനെ അപ്രതീക്ഷിതമായി കണ്ടതോടെ വരച്ചുകൊണ്ടിരുന്ന ഗഫൂർ എഴുന്നേറ്റു. ഗുരോ എന്ന് അതിശയത്തോടെ പറഞ്ഞ് തൊഴുതു. ''കോഴിക്കോട്ട് വരുന്ന വിവരം അറിഞ്ഞിരുന്നു'' - ഗഫൂർ അറിയിച്ചു.
റിപ്പോർട്ടർമുറിയുടെ വാൽക്കഷണമായ ഈ ചെറിയ ജനാലമുറിയിൽ ഗഫൂറിന്റെ ഒരേയൊരു കസേരമാത്രമാണ് മേശയ്ക്കുപിന്നിലുള്ളത്. ടർക്കി ടവലുകൊണ്ട് മൂടിയ കറങ്ങുന്ന പഴയ കരകരകസേരയിൽ ഗഫൂർ വിജയനെ പിടിച്ചിരുത്തി. എന്നിട്ട് മേശയിൽ കൈയൂന്നി ശിഷ്യനെപ്പോലെ അരികത്തുതന്നെ നിന്നു. എന്താണ് പരിപാടിയെന്ന് ആംഗ്യത്തിൽ എന്നോടു ചോദിച്ചു.
''കണ്ണൂർ എക്സ്പ്രസ്സിനു രാവിലെയെത്തി. പാരമൗണ്ടിലാണ്. സിമിയുടെ പരിപാടിയുണ്ടല്ലോ''
''അറിഞ്ഞു. അറിഞ്ഞു. നാളെ...'' -ഗഫൂർ ചിരിച്ചു. വധശിക്ഷയുടെ തീയതി കേട്ടപോലെ വിജയൻ അസ്വസ്ഥനായി.
''നീയൊരു പേപ്പർ പിൻ ചെയ്യ്'' -മുട്ടയിടാനുള്ള പിടക്കോഴിയുടെ കൊക്കിപ്പരക്കം ഭാവിച്ച് സൗഹൃദസംഭാഷണത്തിനൊന്നും തുനിയാതെ വിജയൻ ആവശ്യപ്പെട്ടു. ''ഇങ്കോ പെൻസിലോ എന്തായാലും മതി''. അക്കാലം മാതൃഭൂമി പത്രത്തിൽ ആഴ്ചയിൽ രണ്ട് കാർട്ടൂണുകൾ വിജയൻ വരയ്ക്കുന്നുണ്ട്. മേശപ്പുറത്തെ ചെരിക്കാവുന്ന ഡ്രോയിങ് പാഡിൽ ഗഫൂർ എ-ഫോർ വലുപ്പമുള്ള കട്ടിക്കടലാസ് പിൻചെയ്തുകൊടുത്തു. അതിൽ വിജയൻ ഔട്ട്ലൈനിടുന്നതുകണ്ട് ഗഫൂർ ചോദിച്ചു: ''ഇന്നു വരച്ചുകൊടുക്കേണ്ടതാണോ.''
''വരയ്ക്കാൻ പറ്റുമോ എന്ന് ആദ്യം നോക്കട്ടെ...'' - ആശയത്തെ വിരൽപിടിച്ച് നടത്താനുള്ള ബദ്ധപ്പാടോടെ വിജയൻ പറഞ്ഞു. ''നിന്റെ കുഞ്ഞമ്മാനെവിടെ?''
''കഴിഞ്ഞിട്ടില്ല. ഒരു ക്യാച്ച് വേഡ് നോക്കുകയാണ്''
''നോക്കട്ടെ'' -ഗഫൂർ വരച്ച ഷീറ്റ് വിജയൻ വാങ്ങിനോക്കി. ''നെനക്ക് കൊപ്രക്കച്ചോടാ നല്ലത്'' -ചെറുചിരിയോടെ വിജയൻ കമന്റ് ചെയ്തു. ആദ്യാനുഭവമല്ലാത്തതുകൊണ്ടാവാം ഗഫൂർ അഡ്ജസ്റ്റുചെയ്തു ചിരിച്ചു. കാതരമായ നാസികാ ശബ്ദത്തിലാണെങ്കിലും ഉച്ചഭാഷിണിയുടെ ഭാവാഘാതമാണ് വിജയന്റെ ഫലിതങ്ങൾക്ക്. അവിടെ നാലാമതൊരാൾ ഇല്ലാതിരുന്നതിനാൽ അത് പ്രതിധ്വനിച്ചില്ലെന്നുമാത്രം.
''ങ്ങള് മ്മളെ സുയിപ്പാക്കാതെ മര്യാദയ്ക്കിരുന്ന് വരയ്ക്ക് വിജയേട്ടാ...'' ഗർജനശബ്ദമാണെങ്കിലും ഗഫൂർ ഗുരുപരിഗണനയോടെത്തന്നെ ഉപചരിച്ചു.
വിജയനുമായി ഡൽഹി ബന്ധമുള്ള എഡിറ്റർ വി.പി. രാമചന്ദ്രൻ മാതൃഭൂമിവിട്ട സമയമാണ്. വി.പി.ആറും വി.കെ. മാധവൻകുട്ടിയുമാണ് വിജയന്റെ കാർട്ടൂണുകൾ മാതൃഭൂമിയിൽ നിർബന്ധമാക്കിയിരിക്കുന്നത്. വിജയൻ എത്തിയതറിഞ്ഞ് ചില റിപ്പോർട്ടന്മാരും സബ് എഡിറ്റർമാരും ജനാലമുറിയിലെത്തി. സിമി ബന്ധമുള്ള സബ് എഡിറ്റർ നിർഭാഗ്യവശാൽ അതിലില്ല.
''ഇന്നല്ലേ സിമിയുടെ മീറ്റിങ്?'' -ആരോ ചോദിച്ചു. വിജയൻ കൺകോണിലൂടെ ആ സാഡിസ്റ്റിനെ നോക്കി.
''ഇന്നല്ല. നാളെ വൈകീട്ട്...''-ചീഫ് റിപ്പോർട്ടർ വി. പ്രഭാകരൻ (സാക്ഷാൽ വാഗ്ഭടാനന്ദന്റെ മകൻ) പറഞ്ഞു. ''വലിയ പബ്ലിസിറ്റിയാണ് വിജയനെവെച്ച് അവർ കൊടുക്കുന്നത്...''
വരക്കടലാസിൽ ഹാർഡ് ബ്ലാക്ക് പെൻസിൽവെച്ച് സശ്രദ്ധം വരകളിടുമ്പോഴും ഇടയ്ക്കിടെ വിജയൻ സംഭാഷണങ്ങൾ ശ്രദ്ധിക്കുന്നുണ്ട്, തല ഉയർത്തുന്നില്ലെങ്കിലും.
''മീറ്റിങ്ങിന് അത്ര ആളുണ്ടാവുമോ?''- വിജയൻ ചോദിച്ചു.
''കോഴിക്കോട്ട് എന്തു മീറ്റിങ്വെച്ചാലും ആളുണ്ടാവും. വിജയൻസാർ ആദ്യമായി വരുന്നതല്ലേ. അതിനൊരു എക്സ്ട്രാ തിരക്കുണ്ടാവും. സിമിയും അതാണല്ലോ ഉദ്ദേശിക്കുന്നത്...''-ചുറ്റും നിന്നവരിൽ ഒരു ശബ്ദം പറഞ്ഞു.
''വിജയേട്ടൻ ടൗൺഹാളിൽ മുൻപു വന്നിട്ടുണ്ടല്ലോ''
'ക്രിസ്ത്യൻ കോളേജിലുണ്ടായിരുന്നപ്പോൾ സദസ്യനായി വന്നിട്ടുണ്ട്. എം.പി.എസിനൊപ്പം (പ്രൊ. എം.പി ശ്രീധരൻ)' -വിജയൻ ഓർത്തു...
പ്രധാനമന്ത്രി രാജീവ് ഗാന്ധിയെയാണ് വിജയൻ വരക്കടലാസിലേക്ക് ആവാഹിക്കുന്നത്, മൂക്ക് ആവുന്നത്ര നീട്ടി അഗ്രം വളയ്ക്കുന്നു. യൂക്ലിഡിയൻ ജ്യോമട്രിയുമായി വിജയന്റെ കാർട്ടൂണുകൾക്കുള്ള സമാനത അന്ന് ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്.
''ഒരു സിഗററ്റ് കിട്ടുമോ?'' വിജയൻ അന്തരീക്ഷത്തിലേക്ക് ചോദിച്ചു. കിട്ടാനിടയില്ലെന്ന് എനിക്കറിയാമായിരുന്നു -പുതിയ പത്രപ്രവർത്തകരിൽ വിചിത്രമായ ഒരു കണക്കുണ്ട്. അവരിൽ പുകവലിക്കാർ കുറവാണ്. മദ്യം കഴിക്കുന്നവരുടെ പത്തു ശതമാനംപോലും വരില്ല. ഇതു മുൻകൂട്ടിക്കണ്ട് ഒരു ഫുൾ പാക്കറ്റ് ഗോൾഡ്ഫ്ളേക്ക് എന്റെ പോക്കറ്റിലുണ്ടായിരുന്നു, ലൈറ്ററും (അന്ന് മാതൃഭൂമിയിൽ പുകവലി നിരോധനം വന്നിട്ടില്ല). ബ്രാൻഡ് വിജയന് പ്രശ്നമല്ലെന്ന് തീവണ്ടിയിൽവെച്ചുതന്നെ ബോധ്യപ്പെട്ടതാണല്ലോ. വീണ്ടും ഒരെണ്ണം ഞാനെടുത്ത് നീട്ടി. വിജയൻ അതു വാങ്ങിച്ചു ചുണ്ടിൽവെച്ചു. തീ പ്രതീക്ഷിച്ചുകൊണ്ട് അതങ്ങനെയിരുന്നു. പലതരം വർണനിബ്ബുകൾ നിറച്ച് സമൃദ്ധമായ ഗഫൂറിന്റെ ആയുധപ്പുരയിൽക്കടന്ന് രണ്ടു കൈയും പ്രയോഗിച്ചാണ് വിജയന്റെ കാർട്ടൂൺ യജ്ഞം. ഇടംകൈയിൽ ബ്ലാക്ക് പെൻസിലും വലംകൈയിൽ വൈറ്റ്നറും.
ചുണ്ടിൽ തീ കാത്തിരുന്ന സിഗരറ്റ് നനഞ്ഞുതുടങ്ങിയതുകണ്ട് ഞാൻ ലൈറ്റർ കത്തിച്ചു. അല്പമൊന്നു തെറ്റിയാൽമതി വിജയന്റെ ട്രേഡ്മാർക്ക് ആട്ടിൻതാടി കരിയാൻ. പക്ഷേ, ആ സിഗററ്റിന് വലിക്കപ്പെടാനല്ല, ചുണ്ടിലിരുന്ന് ചാരമിടാനായിരുന്നു വിധി.
ഞാനോർക്കുകയായിരുന്നു മണിക്കൂറുകളുടെ ചിന്തയും അദ്ധ്വാനവും പുകച്ച് വരയ്ക്കുന്ന കാർട്ടൂണുകൾ പത്രത്തിൽ അച്ചടിച്ചുവരുന്നതോടെ ഒന്നോ രണ്ടോ മിനിറ്റിന്റെ മന്ദഹാസത്തിലൊടുങ്ങുന്നു. അതിന്റെ ഹ്രസ്വമായ ആയുസ്സിനെപ്പറ്റി വിജയൻ തീവണ്ടിയിൽവെച്ചു പറഞ്ഞിരുന്നു. വരയ്ക്കാനെടുക്കുന്ന സമയംപോലും അത് ജീവിച്ചിരിക്കുന്നില്ല. കാർട്ടൂണുകളുടെ ഒറിജിനലിന്റെ അവസ്ഥയും ആയുസ്സും ഇതിനെക്കാൾ ദയനീയമായിരുന്നു. ഡസ്ക് വഴി പ്രസ്സിൽച്ചെന്ന് പ്രിന്റെടുത്തു കഴിയുന്നതോടെ അതിന്റെ പിണ്ഡംവെക്കുന്നു. ആരെ, എന്തിനെ വിമർശിച്ചോ അത്തരം വാർത്തകൾക്കും ഫോട്ടോകൾക്കുമൊപ്പം മൂലയിലെ വലിയ ചൂരൽക്കൊട്ടയിൽ ചെന്നുവീഴും. രാത്രിഷിഫ്റ്റുകാർ എല്ലാം വാരിക്കൂട്ടി ഒടിച്ചുമടക്കി ഒരു കവറിലിട്ട് ട്രേയിലേക്കെറിയും. പിറ്റേന്ന് ഉച്ചതിരിയുംവരെ മോർച്ചറിയിലെന്നോണം കിടന്ന് ഫോട്ടോലൈബ്രറി ഷിഫ്റ്റ് തുടങ്ങുമ്പോൾ അവിടെക്കൊണ്ടിടും. ഭാവിയുണ്ടെന്നുതോന്നുന്നവ ഒരുപക്ഷേ, റിസർച്ച് ലൈബ്രറിക്കാർ മാറ്റിവെക്കും. കാർട്ടൂണുകളൊന്നും അതിൽപ്പെടാറില്ല. ബാക്കിയുള്ളവ വീണ്ടും അവരുടെ മുറിയിലെ ചൂരൽക്കൊട്ടയിൽ പതിക്കും. വെളുപ്പിന് അടിച്ചുവാരാനെത്തുന്നവർ കൊട്ടയെടുത്ത് വേസ്റ്റ് എന്നെഴുതിയ ചാക്കിലിട്ട് ഗോഡൗണിന്റെ അന്ധകാരത്തിൽ കൊണ്ടിടും. അടുത്തദിവസങ്ങളിൽ ലോറിയിലോ പെട്ടിവണ്ടിയിലോ കയറി ശിവകാശി പടക്കമാകാൻ പുറപ്പെടും (ഡിജിറ്റൽ യുഗം ഇതൊക്കെ പഴയങ്കഥയാക്കി) അങ്ങനെ പത്രത്തിൽ നിറഞ്ഞ് ചർച്ചയും വിമർശനവും കത്തിച്ച എത്രയോ കാർട്ടൂണുകളും ഇലസ്ട്രേഷനുകളും ഉത്സവപ്പറമ്പിൽ പടക്കമായി പൊട്ടിത്തെറിച്ചിരിക്കുന്നു. ആർട്ടിസ്റ്റ് നമ്പൂതിരി പറയും; കഥയ്ക്കും നോവലിനും വരച്ച എന്റെ എത്രയോ ഇലസ്ട്രേഷനുകൾ ലോറികയറിപ്പോകുന്നത് വഴിയോരത്തുനിന്ന് ഞാൻ കണ്ടിരിക്കുന്നു. ചിലത് പറന്നുതെറിച്ച് അഴുക്കുചാലിൽ വീഴുന്നതു കണ്ടിട്ടുണ്ട്. പക്ഷേ, ബി.എം. ഗഫൂർ വ്യത്യസ്തനായിരുന്നു. ഓരോ കാർട്ടൂണും ഗഫൂർ അന്നന്നുതന്നെ തിരികെപ്പിടിച്ചു. വിജയന്റെ കാർട്ടൂൺമൂല്യം അറിയാവുന്നതിനാൽ കുറെയൊക്കെ സംരക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും ശിവകാശി കണ്ടതിൽപ്പെടും.
എന്തിന് കാർട്ടൂണുകൾ മാത്രം, പല വിഖ്യാതകൃതികളുടെയും കൈയെഴുത്തു പ്രതികൾ ഇങ്ങനെ പടക്കമായിട്ടുണ്ട്, വിജയന്റെ ഖസാക്കിന്റെ ഇതിഹാസം ഉൾപ്പെടെ. നല്ലൊരു കാർട്ടൂൺ/കൈയെഴുത്തു മ്യൂസിയം നിർമിക്കപ്പെടേണ്ടതായിരുന്നു. കൈയെഴുത്തു ഗവേഷണത്തിനും പഠനത്തിനും പലതും ലഭ്യമല്ല. കൈയെഴുത്തു നിലച്ച് ഒരേ മുഖമുള്ള ടൈപ്പ്സെറ്റിലേക്ക് കാലം മാറുമ്പോൾ കാല്പനികതനിറഞ്ഞ കൈയക്ഷരങ്ങൾ മാത്രമല്ല ഗ്രാഫോളജി എന്ന ശാസ്ത്രശാഖപോലുമാണ് അപ്രത്യക്ഷമാവുന്നത്. പക്ഷേ, കൈയെഴുത്തുദിനം അമേരിക്കൻ സ്വാതന്ത്ര്യപ്രഖ്യാപനത്തിൽ ഒപ്പുവെച്ച ജോൺ ഹാൻകോക്കിന്റെ ജന്മദിനമായ ജനുവരി 23-ന് മുടങ്ങാതെ നടക്കുന്നുമുണ്ട്. പേനയും കംപ്യൂട്ടറും അന്നുമാത്രം ഒരേ ഇലയിൽനിന്ന് സദ്യയുണ്ണുന്നു!
(തുടരും)