‘ക്ലാസിൽ ശബ്ദമുയർത്താൻ കഴിയാത്ത എന്നെ കുട്ടികൾ സ്ഥിരമായി കൂവി, കുറെ കഴിഞ്ഞപ്പോൾ മനസ്സിലായി, അവർ പരാജയപ്പെടുമെന്ന്’

#കെ. രഘുനാഥന്‍
ഒ.വി വിജയന്‍ / ഫോട്ടോ: ടി.കെ പ്രദീപ്കുമാര്‍
ഒ.വി വിജയന്‍ / ഫോട്ടോ: ടി.കെ പ്രദീപ്കുമാര്‍

മിഠായിത്തെരുവിലൂടെ പതിവുള്ള സായാഹ്നയാത്രയ്ക്കിടയിലാണ്, കോഴിക്കോട് കിളിയനാട് മലബാർ ക്രിസ്ത്യൻ കോളേജിലെ ചരിത്ര പ്രൊഫസർ എം.പി. ശ്രീധരൻ സഹാധ്യാപകനും ആത്മസുഹൃത്തുമായ വിജയനെ പ്രിൻസിപ്പലച്ചന്റെ കയ്ക്കുന്ന ദൂതറിയിക്കാൻ ആദ്യം തീരുമാനിച്ചത്. ധാരാളം ആവലാതികൾ വിജയനെക്കുറിച്ച് കിട്ടിയിരിക്കുന്നു. ക്ലാസെടുക്കാനറിയില്ല, വിജയന്റെ പക്ഷിശബ്ദം രണ്ടാം ബെഞ്ചിലേക്കുപോലും എത്തുന്നില്ല. പലപ്പോഴും അവനവനോടുതന്നെയാണ് വിജയൻ സംസാരിക്കുന്നത്. ഒരു മണിക്കൂർ പിരീഡിൽ അരമണിക്കൂർപോലും ലക്ചർ ചെയ്യുന്നില്ല. വിദ്യാർഥികളുടെ സംശയങ്ങൾ തീർത്തുകൊടുക്കാൻ കഴിയുന്നില്ല...

സ്വന്തം പരിമിതികൾ വിജയനും അറിയാമായിരുന്നു. 1909-ൽ വിദേശ പ്രൊട്ടസ്റ്റന്റ് മിഷണറിമാർ സ്ഥാപിച്ച മലബാർ ക്രിസ്ത്യൻ കോളേജ് ക്ലാസിൽ വിജയൻ പഠിപ്പിച്ച ഇന്നു ജീവിച്ചിരിക്കുന്ന ഏക വിദ്യാർഥി എഴുത്തുകാരനായ മേലാറ്റൂർ രാധാകൃഷ്ണനാവാം.

1955 ജൂൺമുതൽ 1956 മാർച്ചുവരെയുള്ള വിദ്യാഭ്യാസവർഷം ഒൻപതുമാസമാണ് വിജയൻ അവിടെ ഇംഗ്ലീഷ് അധ്യാപകനായി ജോലിചെയ്തത്. വിജയന് പ്രശസ്തരായ രണ്ട് മുൻഗാമികളുണ്ടായിരുന്നു. എം.ആർ. നായർ എന്ന സാക്ഷാൽ സഞ്ജയനും പിന്നീട് മജീഷ്യനായി അറിയപ്പെട്ട പ്രൊഫസർ ഭാഗ്യനാഥും. എല്ലാ മജിഷ്യന്മാരും പ്രൊഫസർക്കോട്ട് കടംവാങ്ങി ജന്മാവകാശംപോലെ ധരിക്കുമ്പോൾ ഭാഗ്യനാഥിന് അത് ബിരുദവശാൽ സ്വന്തമായി ഉണ്ടായിരുന്നു.

ജൂനിയർ ഇന്റർമീഡിയറ്റ് ക്ലാസിൽ മൈനർ പോയംസ് ആണ് വിജയൻ പഠിപ്പിച്ചിരുന്നത്. കോമ്പോസിഷൻ ക്ലാസും എടുത്തിരുന്നു. വിശദമായ വ്യാഖ്യാനത്തോടെ നോട്സ് കൊടുക്കും. പാഠത്തിലില്ലാത്ത കവിതകളും ചിലപ്പോൾ ക്ലാസിൽ ചൊല്ലും... 88-കാരനായ മേലാറ്റൂർ ഓർക്കുന്നു. വേർഡ്‌സ്‌വർത്തും ബൈറനും വൈലോപ്പിള്ളിയുമായിരുന്നു ഇഷ്ടകവികൾ. ഇരുപത്തിയഞ്ച് വയസ്സാണ് അന്ന് വിജയന്. നൂറ്റൻപത് വിദ്യാർഥികളുടെ മൈതാനാരവമുള്ള നിബിഡമായ ക്ലാസ്മുറി. ദലമർ മരംപോലെ മന്ദ്രസ്ഥായി ശബ്ദവും സ്‌ത്രൈണഭാവവും ക്രോപ്പുചെയ്ത മുടിയും മേൽമീശയും. പാന്റ്സും ഷർട്ടും ടൈയും ഓവർകോട്ടും തടിച്ച ഫ്രെയിമുള്ള കണ്ണടയും... ഒരു ഇംഗ്ലീഷ് പ്രൊഫസറുടെ ഇറക്കുമതി യൂറോപ്യൻ വേഷഭൂഷകൾ ഗ്രാമീണ സാധുഭാവമുള്ള വിജയന് വധശിക്ഷയായിത്തോന്നും!

ഫുട്ബോൾ ഗാലറിപോലെ കലമ്പുന്ന ക്ലാസുകൾക്ക് പുറത്തുകടന്നാലാണ് യഥാർഥ വിജയനാവുന്നതെന്ന് ശിഷ്യൻ മേലാറ്റൂരിന് അനുഭവമുണ്ട്. എൻ.വി. കൃഷ്ണവാരിയരും എം. ഗോവിന്ദനും എ.കെ. ഗോപാലനും (എ.കെ.ജി.) പി.ടി. ഭാസ്‌കരപ്പണിക്കരുമായുള്ള സൗഹൃദം സംഭാഷണത്തിൽ എവിടെനിന്നെങ്കിലും കടന്നുവരും. ക്ലാസിനുപുറത്ത് വിജയനും ഒരു വിദ്യാർഥിയായിരുന്നു. കോഴിക്കോട്ടു നടക്കുന്ന സാഹിത്യ സമ്മേളനങ്ങൾക്ക് താത്പര്യമുള്ള വിദ്യാർഥികളെ ക്ഷണിച്ച് കൂട്ടിക്കൊണ്ടുപോകും. ഉറൂബ്, ഇടശ്ശേരി, മാരാർ, എസ്.കെ., ചെറുകാട്, തിക്കോടിയൻ എന്നിവരെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി. എൻ.വി. കൃഷ്ണവാരിയർ ക്രിസ്ത്യൻ കോളജിനടുത്തുതന്നെയായിരുന്നു താമസം. അവിടേക്ക് ഒരുദിവസം മേലാറ്റൂരിനെയും നാലഞ്ചു വിദ്യാർഥികളെയും കൊണ്ടുപോയി സംഭാഷണം ചെയ്യിച്ചു. കോളേജിൽ 'ചുമർ' എന്നൊരു കൈയെഴുത്തു പത്രം തുടങ്ങിയത് വിജയനാണ്. അതിൽ വിദ്യാർഥികളുടെ കഥയും കവിതയും ലേഖനവും കാർട്ടൂണും പ്രസിദ്ധീകരിച്ചു. വിജയന്റെ കാർട്ടൂണുകൾക്ക് ചുമരിന്റെ ഭൂതകാലമുണ്ടായിരുന്നു. ക്ലാസിനുപുറത്തെ വിജയൻ മറ്റൊരു വിജയനായിരുന്നു. കോളേജ് വാർഷികത്തിന് മലയാള കവിത നൂറ്റാണ്ടിലൂടെ എന്നൊരു ദൃശ്യവത്കരണം വിജയൻ എഴുതി വിദ്യാർഥികളെക്കൊണ്ട് അവതരിപ്പിച്ചു. ഒരു ദിവസം സ്വന്തം കഥ കേൾപ്പിക്കാൻ ചില വിദ്യാർഥികളെ കോളേജിനടുത്തുതന്നെയുള്ള വാടകവീട്ടിലേക്ക് വിജയൻ ക്ഷണിച്ചു. കുനുകുനാ വാക്കുകളിൽ ചുവന്ന മഷിപ്പരിക്കുകളോടെ ശീർഷകമില്ലാത്ത കൈയെഴുത്തു പ്രതി മേശപ്പുറത്തുനിന്ന് എടുത്തുതന്നു. കഥ കേൾക്കുകയല്ല; വായിക്കുകയാണ് വേണ്ടത്. അതിലെ ആദ്യവാക്യങ്ങൾ 'പാഴുതറയിൽ ചെമ്പനെന്നൊരു മനുഷ്യനുണ്ട്. അനാഥനായ ചെമ്പനെ പള്ളിയാണ്ടൻ പുരയ്ക്കൽ ചാമി എന്ന പങ്ങുണ്ണിയാണ് എടുത്തുവളർത്തിയത്.' എന്നായിരുന്നു. 'നഴ്സറിച്ചട്ടികളിൽ ശുശ്രൂഷിച്ചു വളർത്തുന്ന റോസാപ്പൂക്കൾപോലുള്ള ജൈവീകഭാഷ' എന്നാണ് നിരൂപകൻ എ.പി.പി. നമ്പൂതിരിയുടെ ഭാഷ്യം. ഈ ഭാഷ ആദ്യകഥകളിൽ വിത്തുരൂപത്തിൽ ശയിക്കുന്നതു കാണാമായിരുന്നു. വിജയന്റെ കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒരു യുദ്ധത്തിന്റെ ആരംഭം എന്നപേരിൽ അച്ചടിച്ചുവന്നു. കഥയുടെ തീയതിപോലും മേലാറ്റൂരിന് ഓർമ്മയുണ്ട് -9.10.1956.

മൂന്നു യുദ്ധങ്ങൾ എന്ന സമാഹാരത്തിൽ പിന്നീട് ഈ കഥ ചേർത്തപ്പോൾ 'അപ്പനില്ലാത്ത, നന്നേ ചെറുപ്പത്തിൽ അമ്മ ചത്തുപോയ' എന്നൊരു വിശേഷണംകൂടി വിജയൻ എഴുതിച്ചേർത്തു. പാലക്കാട് പശ്ചാത്തലമാക്കി കർഷകസംഘട്ടനത്തിന്റെ കഥയാണത്... പക്ഷേ, ക്ലാസ്മുറിയിൽ പകൽനക്ഷത്രത്തെപ്പോലെ നിഷ്പ്രഭനായിരുന്ന വിജയനെക്കുറിച്ചുള്ള പരാതി ഫയൽ പ്രിൻസിപ്പലച്ചൻ എം.പി. ശ്രീധരനെ കാണിച്ചു. ക്രിസ്ത്യൻ കോളേജിന്റെ മഹനീയ പാരമ്പര്യം നിലനിർത്തിയേ പറ്റൂ. ഇയാൾക്കുവേണ്ടി അതിൽ വിട്ടുവീഴ്ച വയ്യ...

ഇക്കാര്യം വിജയനെ അറിയിക്കാൻ ശ്രീധരനെ ഏൽപ്പിക്കുകയും ചെയ്തു. ഇംഗ്ലീഷ് ഡിപ്പാർട്ടുമെന്റിലെ ആർക്കും വിജയനുമായി ആത്മബന്ധമില്ല. അതിനാലാണ് ചരിത്രപുരുഷനായ ശ്രീധരനെ ചുമതലപ്പെടുത്തുന്നത്. അന്നു മിഠായിത്തെരുവിലൂടെ വിജയനൊപ്പമുള്ള സായാഹ്നനടത്തത്തിനിടെ എം.പി. ശ്രീധരൻ ചിന്തിച്ചത് എങ്ങനെ ഇക്കാര്യം വിജയനോട് അവതരിപ്പിക്കുമെന്നാണ്. ആശയക്കുഴപ്പത്തിന്റെ ഭീകരതയെക്കാൾ ഭേദം, തെറ്റിപ്പോയാലും ഒരു തീരുമാനം എടുക്കുന്നതാണ്. പക്ഷേ, എന്തിനാണത് എന്നെ ഏൽപ്പിച്ചത്? എന്തിനാണ് ഞാൻ ഏറ്റെടുത്തത്? പ്രിൻസിപ്പലച്ചനുതന്നെ നിർവികാരമായി അതു പറഞ്ഞുകൂടായിരുന്നോ? താനതു പറഞ്ഞാൽ വിജയനുമായുള്ള സൗഹൃദം ഇവിടെവെച്ച് മരിക്കും. മിഠായിത്തെരുവിലെ മുഴുവൻ മധുരിമ ഉരുളയൂട്ടിയാലും അതിന്റെ കയ്പ് ശമിക്കില്ല. ദൂതിന്റെ ആഘാതത്തിൽ അയാൾ എന്തുചെയ്യുമെന്ന് പ്രവചിക്കാനും കഴിയില്ല. തെരുവിൽ കരിമ്പുനീരെടുക്കുന്ന തിരിച്ചക്രത്തിൽ തലകടത്തി ഗില്ലറ്റിൻ മരണം വരിച്ചേക്കാം. ആ പാപംകൂടി ഞാൻ ഏറ്റെടുക്കേണ്ടിവരില്ലേ. ഞാനൊന്നും പറയാൻ പോകുന്നില്ല. പ്രിൻസിപ്പലച്ചൻതന്നെ പറയട്ടെ. ആ തീരുമാനത്തോടെ ശ്രീധരനു മനഃസ്വാസ്ഥ്യമായി. പക്ഷേ, വിജയന്റെ മുഖം മ്ലാനമായിരുന്നു.

''എന്നെപ്പറ്റി എന്താണ് ശ്രീധരന്റെ തുറന്ന അഭിപ്രായം?'' -നടത്തത്തിനിടെ അപ്രതീക്ഷിതമായി വിജയൻ ചോദിച്ചു. എന്നുവെച്ചാൽ താനെന്ന അധ്യാപകനെപ്പറ്റി.

പ്രിൻസിപ്പലച്ചൻ ഏൽപ്പിച്ച ഫയലാണല്ലോ ഈ ചോദ്യം. ശ്രീധരൻ ഒന്നു നടുങ്ങി... വിജയന് മനസ്സറിയുന്ന മന്ത്രമുണ്ടോ? വിജയൻ വീണ്ടും ചോദിക്കുന്നു: ''ശ്രീധരനും ക്ലാസിലെ കുട്ടികളുടെ അഭിപ്രായം തന്നെയാണോ?''

സാഹചര്യങ്ങൾക്ക് ഏതാണ്ടരികിൽ വിജയൻ എത്തിയിരിക്കുന്നതായി ശ്രീധരനു തോന്നി.

മൗനം പാലിക്കുന്ന ആത്മസ്‌നേഹിതനും ക്ലാസിലെ കൂവുന്ന കുട്ടികൾക്കൊപ്പമാണെന്ന് വിജയന് തോന്നിയിരിക്കാം... പരിഭവശബ്ദത്തിൽ വിജയൻ പറഞ്ഞു:

''ശ്രീധരാ... ഞാൻ മാത്രമേ സംസാരിക്കുന്നുള്ളുവല്ലോ...''

വിജയൻ ഒരു മറുപടി മാത്രമല്ല സാന്ത്വനമാണ് പ്രതീക്ഷിക്കുന്നുണ്ടാവുക.

''വിജയാ... A ship is always safe at shore. But that is not what it's built for'' -ശ്രീധരൻ വല്ലവിധവും പറഞ്ഞു.

വാക്യം വിജയനെ സ്‌നാനപ്പെടുത്തുകയല്ല ചെയ്തത്. വിജയൻ കരയിൽ കിടക്കാനുള്ള കപ്പലല്ല എന്നു പറഞ്ഞാൽ അർഥം ഇപ്പോൾ കിടക്കുന്നത് കരയിലാണ്; ഇനി വെള്ളത്തിലിറങ്ങണമെന്നല്ലേ...

''എനിക്കൊരു വൃക്ഷമായാൽ മതി. ആരെയും ദ്രോഹിക്കാതെ കാലങ്ങളോളം വളർന്നാൽ മതിയെന്ന് ഒരു പോയട്രിയിൽ പറയും. അത്രയെങ്കിലും അത്യാഗ്രഹംപോലും ഇപ്പോഴെനിക്കില്ല.'' -വിജയൻ നിരൂപിച്ചു.

പിന്നീട് കാലാന്തരേ സാമൂതിരിയുടെ സമ്മാനം എന്ന ലേഖനത്തിൽ വിജയൻ വിലപിച്ചു... 'ഞാൻ കോഴിക്കോട്ട് താമസമാക്കാൻ കാരണം മലബാർ ക്രിസ്ത്യൻ കോളേജിൽ ഒരു ഇംഗ്ലീഷ് മാഷിന്റെ പാവപ്പെട്ട ജോലി കിട്ടി എന്നതായിരുന്നു. ക്ലാസിൽ ശബ്ദമുയർത്താൻ കഴിയാത്ത എന്നെ കുട്ടികൾ സ്ഥിരമായി കൂവി. കുറെ കഴിഞ്ഞപ്പോൾ എനിക്കു മനസ്സിലായി, കുട്ടികൾ പരാജയപ്പെടുമെന്ന്... കൂവിവിളിക്കാൻ ഇനി ഞാനുണ്ടാവില്ലെന്ന്. ആ വേനലിന് കോളേജ് പൂട്ടിയപ്പോൾ അവർ എന്നെ പിരിച്ചുവിട്ടു (മാതൃഭൂമി വാരാന്തം 2004 ഡിസംബർ 5)

ഇത് വിജയന് കൂവലിനെക്കാൾ ക്ഷതം സൃഷ്ടിച്ചു. വിശ്വാസം നഷ്ടപ്പെട്ടെങ്കിൽ രാജിവെക്കാൻ പറഞ്ഞാൽ മതിയായിരുന്നില്ലേ. അതു ചെയ്യുമായിരുന്നു. പക്ഷേ, നിർദാക്ഷിണ്യം പുറത്താക്കുകയാണ്. അതിനു വിജയൻ പ്രതികാരംചെയ്തത് ഹാസസാഹിത്യത്തിന് പുതിയൊരു ദിശാനിർണയം നടത്തിയാണ്. മലബാർ ക്രിസ്ത്യനിലെ പ്രിൻസിപ്പലച്ചൻമുതൽ അധ്യാപകർക്കെല്ലാം പോസ്റ്റ്കാർഡുകൾ എഴുതി. മേൽവിലാസ കരിമരുന്നു പ്രയോഗത്തിനുവേണ്ടി മാത്രം.

ഗീവറുഗീസ്,

മലബാർ ക്രിസ്ത്യൻ കോളേജ്

C/o കോയയുടെ മുറുക്കാൻകടയ്ക്ക് മുൻവശം

കിളിയനാട്, കോഴിക്കോട്

ഇങ്ങനെയായിരുന്നു കോളേജിന്റെ ഓരോ മേൽവിലാസവും.

കേശസംഹാരം ബാർബർ ഷാപ്പിനു കിഴക്ക്, പഞ്ചായത്ത് ചവറുകൂനയ്ക്കു സമീപം, ഉണക്കമീൻ സ്റ്റാളിന് ഓപ്പോസിറ്റ്, ഇസ്തിരിക്കടയ്ക്ക് പിന്നിൽ... ഇങ്ങനെ ഓരോ കെയറോഫിൽ മാത്രം നിലനിന്നുപോകുന്ന കോളേജ് എന്നാണ് വിജയന്റെ ആ പൊള്ളുന്ന പരിഹാസം. ഇതൊരു അഭിജാതമായ നവമാർഗപരിഹാസമാണ്. കാർട്ടൂൺ ശൈലിയിൽ ശത്രുവിനെ എത്രത്തോളം ചെറുതാക്കാം എന്ന വിപരീതവിശേഷണം.