പുസ്തകങ്ങള്‍ നിങ്ങളെപ്പറ്റി വിധി പറയില്ല; ജീവിതത്തിലും മരണത്തിലും...

#ജയകൃഷ്ണന്‍
ലൂയിസ് ഗ്ലിക്ക് | AFP
ലൂയിസ് ഗ്ലിക്ക് | AFP

അന്തരിച്ച അമേരിക്കന്‍ കവിയും നൊബേല്‍ സമ്മാന ജേതാവുമായ ലൂയിസ് ഗ്ലിക്കിനെക്കുറിച്ച് ജയകൃഷ്ണന്‍ എഴുതുന്നു. 

'തീവണ്ടി നില്‍ക്കുമ്പോള്‍ നിനക്കതില്‍ കയറാനാകും'- സ്ത്രീ പെണ്‍കുട്ടിയോടു പറഞ്ഞു. 'പക്ഷേ ഇതാണ് ഞാന്‍ പോകേണ്ട വണ്ടിയെന്ന് എങ്ങനെ തീര്‍ച്ചയാക്കും?' പെണ്‍കുട്ടി ചോദിച്ചു. 'നിന്റെ വണ്ടി ഇതു തന്നെയാണ്.കാരണം കൃത്യസമയത്താണ് ഈ വണ്ടി എത്തിയിരിക്കുന്നത്'- സ്ത്രീ മറുപടി പറഞ്ഞു. തീവണ്ടി സ്റ്റേഷനിലെത്തി. പുകക്കുഴലില്‍ നിന്ന് ചാരനിറമാര്‍ന്ന പുകയുയര്‍ന്നു. എത്രമാത്രം ഭയചകിതയാണു താന്‍! മുത്തശ്ശിക്കു കൊടുക്കാന്‍ കൈയില്‍ കരുതിയ മഞ്ഞടൂലിപ്പ് പൂക്കള്‍ മുറുകെപ്പിടിച്ചു കൊണ്ട് പെണ്‍കുട്ടി വിചാരിച്ചു. പിന്നെ ഒന്നും മിണ്ടാതെ അവള്‍ തീവണ്ടിയില്‍ കയറി. വണ്ടിയില്‍ നിന്ന് അസാധാരണമായ ഒരു ശബ്ദമുയര്‍ന്നു. അത് അവള്‍ സംസാരിക്കുന്ന ഭാഷയായിരുന്നില്ല; ഒരു കരച്ചിലോ ഞരക്കമോ പോലുള്ള ഒന്നായിരുന്നു.

 സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം നേടിയ ലൂയിസ് ഗ്ലിക്കിന്റെ 'ഉട്ടോപ്യ' എന്ന കവിതയില്‍ നിന്നുള്ള വരികളാണിത്. മര്‍ക്കേസിന്റെ പ്രശസ്തമായ ചെറുകഥയായ 'ചൊവ്വാഴ്ചത്തെ ഉച്ചമയക്ക'ത്തിലെ (Tuesday's Siesta) കഥാപാത്രങ്ങളെ അനുസ്മരിക്കുന്ന എന്തോ ഒന്ന് ഈ കവിതയിലുണ്ട്. ഭാഷ അന്യവും അപര്യാപ്തവുമായ ഒരു ജഡവസ്തുവായി മാറുന്നു. സ്‌ത്രൈണതയും ഭാഷയും തമ്മിലുള്ള  തീവ്രവും സങ്കീര്‍ണവുമായ ഈ ക്രയവിക്രയങ്ങളാണ്   ഗ്ലിക്കിന്റെ കവിതകളെന്നു പറയാം. സത്തയെ പ്രതിഫലിപ്പിക്കുന്നതും എന്നാല്‍ ഒട്ടും തന്നെ വ്യക്തിപരമല്ലാത്തതുമായ ഒന്നാണ് ആ കവിതകള്‍.  

വിശപ്പ് ഗ്ലിക്കിന്റെ കവിതകളില്‍ പലപ്പോഴും കടന്നുവരുന്നു. Epithalamium എന്ന കവിതയില്‍ അവര്‍ ഇങ്ങനെ എഴുതുന്നു:

ലോകത്തില്‍ അനേകം വേദനകളുണ്ട്- 
ശരീരത്തിന്റെ രൂപരഹിതമായ വ്യാകുലതകള്‍, 
വിശപ്പാണ് അതിന്റെ ഭാഷ.

ഇവിടെ വിശപ്പ് ശാരീരികം മാത്രമല്ല; അതുകൊണ്ടാണ് പെട്ടിയിലടയ്ക്കപ്പെട്ട പനിനീര്‍പ്പൂക്കള്‍ അവ്യവസ്ഥയെയാണ് സൂചിപ്പിക്കുന്നതെന്ന് അവര്‍ തുടര്‍ന്നെഴുതുന്നത്.

 ഇരയും വേട്ടക്കാരനും ഒരേ അസ്തിത്വത്തിന്റെ രണ്ടു മുഖങ്ങളാണ് ഗ്ലിക്കിന്റെ കവിതകളില്‍. 'നായാട്ടുകാര്‍' എന്ന കവിതയില്‍ പൂച്ച എലിയെ വേദനിപ്പിക്കുന്നതിന്റെ ഒരു ചിത്രമുണ്ട്. എലിയുടെ തൊണ്ടയില്‍ നിന്ന് ഒരു രോദനമുയരുന്നു. ആ കരച്ചില്‍ ഒരു ഭൂപടമാണ്. എലിയുടെ തൊണ്ടയെവിടെയെന്ന് അത് അടയാളപ്പെടുത്തുന്നു. കഴുത്ത് കൃത്യമായി കടിച്ചുമുറിക്കാന്‍ അത് പൂച്ചയെ സഹായിക്കുന്നു. തെരുവുനിറയെ എലികളുടെ കരച്ചിലാണ്. താനാണെങ്കില്‍ കിടക്കയില്‍ കിടക്കുകയാണ്, അതു നന്നായി. കാരണം, ഇവിടെ പ്രണയത്തിന്റെ രോദനങ്ങളേയുള്ളൂ. പ്രണയം പോലും ഇരയാണെങ്കില്‍ ആരാണ് വേട്ടക്കാരന്‍ എന്നാണ് കവി ചോദിക്കുന്നത്.

 കാഴ്ചയുടെ അപ്പുറത്തുള്ള ലോകങ്ങള്‍ കവിയെ വ്യാകുലപ്പെടുത്തുന്നുണ്ട്. മനുഷ്യര്‍ ഇരുട്ടിനെ പഴിക്കുന്നു. കാണാനാകാത്ത ലോകങ്ങള്‍ ഇല്ലെന്ന് അവര്‍ കരുതുന്നു 'വവ്വാലുകള്‍' എന്ന കവിതയില്‍ ഗ്ലിക്ക് തന്റെ സന്ദേഹത്തെ ഇങ്ങനെയാണ് അടയാളപ്പെടുത്തുന്നത്.  അല്ലെങ്കിലും കാണാനാവാത്ത ലോകങ്ങളെക്കുറിച്ചുള്ള സ്വപ്നങ്ങളും വ്യാകുലതകളുമാണല്ലോ കവിതകള്‍.

ഇന്നലെ അന്തരിച്ച അമേരിക്കന്‍ എഴുത്തുകാരി ലൂയിസ് ഗ്ലിക്കിന് നൊബേല്‍ പുരസ്‌കാരം ലഭിച്ചപ്പോള്‍ 2020 ഒക്ടോബര്‍ 9 ന് മാതൃഭൂമി പത്രത്തില്‍ എഴുതിയതാണിത്. ഇപ്പോള്‍ ഗ്ലിക്കിന്റെ അവസാനത്തെ കവിതാ സമാഹാരമായ Winter Recipes from the Collective വായിക്കുമ്പോള്‍, മരണത്തെപ്പറ്റിയുള്ള അവരുടെ ചിന്തകള്‍ കൂടി മുന്നിലെത്തുന്നു:

''ആത്യന്തികമായി എല്ലാം മരിക്കുന്നു./ ഇലകള്‍ നഷ്ടപ്പെട്ടവയെപ്പറ്റി ഞാന്‍ കൂടുതല്‍ ചിന്തിച്ചു,/ പായലുകളിലും കല്ലുകളിലും ആ ഇലകള്‍ കൂമ്പാരമായിക്കിടന്നു-/ മരങ്ങള്‍ ചെറുരൂപങ്ങള്‍ മാത്രം/ പക്ഷേ ചെറുരൂപങ്ങളിലെ മരണം പോലെ മറ്റൊന്നുമില്ല. മഞ്ഞിലൂടെ നിഴലുകള്‍ നീങ്ങിയകലുന്നു/ കാലൊച്ചകള്‍ അടുത്തു വരുന്നു, അകന്നു പോകുന്നു./ കല്ലുകളില്‍ കരിയിലകള്‍ വീണുകിടക്കുന്നു/ കാറ്റൊന്നുമേയില്ല അവയെയുയര്‍ത്താന്‍.'

'പുസ്തകങ്ങള്‍ നിങ്ങളെപ്പറ്റി വിധി പറയില്ല.' എന്ന് ഗ്ലിക്കിന്റെ  Marigold and Rose എന്ന കഥയില്‍ ഒരു കുട്ടി പറയുന്നുണ്ട്. ലൂയിസ് ഗ്ലിക്കിന്റെ പുസ്തകങ്ങളും ആരുടെയും വിധി പറയുന്നില്ല. പക്ഷേ ആത്യന്തികമായ മറ്റൊരു വിധിയെപ്പറ്റി ആ കവിതകള്‍ എപ്പോഴും ചിന്തിക്കുന്നു; ജീവിതത്തിലും മരണത്തിലും.

Content Highlights: Louise Gluck, Obituary, Jayakrishnan, Mathrubhumi