വൈകാരികതയ്ക്കുപകരം പരിഹാസവും നിസ്സഹായതയും കൃതികളില്‍ നിറച്ച കുന്ദേര

1968-ല്‍ സോവിയറ്റ് യൂണിയന്റെ സൈന്യം ചെക്കോസ്ലൊവാക്യയുടെ നിയന്ത്രണം പിടിച്ചെടുത്തപ്പോള്‍ മിലാന്‍ കുന്ദേരയ്ക്ക് ജീവനോപാധികളെല്ലാം നഷ്ടമായി. പലരും അദ്ദേഹത്തെ സഹായിക്കാന്‍ ശ്രമിച്ചു. ഒരു നാടക സംവിധായകന്‍ ദസ്തയേവ്സ്‌കിയുടെ 'ഇഡിയറ്റ്' എന്ന നോവല്‍ നാടകരൂപത്തിലാക്കാന്‍ പറ്റുമോ എന്നു ചോദിച്ചു. അദ്ദേഹത്തിനതിന് കഴിയുമായിരുന്നില്ല. റഷ്യക്കാരോടുള്ള വിരോധം റഷ്യന്‍ സാഹിത്യത്തിലേക്ക് കടന്നുചെന്നിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. പക്ഷേ, ദസ്തയേവ്സ്‌കി സത്യത്തിനും മൂല്യത്തിനും മീതെ വൈകാരികതയെ പ്രതിഷ്ഠിക്കുന്നത് കുന്ദേരയ്ക്ക് ഇഷ്ടമായിരുന്നില്ല.
ഈ അതിവൈകാരികതയുടെ അഭാവമാണ് കുന്ദേരയുടെ സൃഷ്ടികളുടെ അന്തസ്സത്ത. നോവലിസ്റ്റിനെ കവിയോട് മാത്രമേ താരതമ്യം ചെയ്യാന്‍ കഴിയൂ എന്ന് 'തിരശ്ശീല' (The Curtain) എന്ന പുസ്തകത്തില്‍ അദ്ദേഹം പറയുന്നുണ്ട്. പക്ഷേ, അപ്പോഴും വൈകാരികതയെ അയാള്‍ തന്റെ രചനകളില്‍ ആധിപത്യം സ്ഥാപിക്കാനനുവദിക്കരുത്. നാടുകടത്തലിന്റെ സംഘര്‍ഷങ്ങളെയും വേദനകളെയും കുന്ദേര അതിജീവിച്ചത് ഈ നിര്‍മമതയിലൂടെ ആയിരിക്കാം.
1929-ല്‍ ചെക്കോസ്ലൊവാക്യയിലെ ക്രാലോവോ പോളിലാണ് കുന്ദേര ജനിച്ചത്. ഒരു പിയാനിസ്റ്റായിരുന്നു അദ്ദേഹത്തിന്റെ അച്ഛന്‍. ചെറുപ്പത്തില്‍ കുന്ദേരയും സംഗീതം അഭ്യസിച്ചിരുന്നു. സംഗീതത്തിന്റെ ഓര്‍മപ്പെടുത്തലുകള്‍ അദ്ദേഹത്തിന്റെ കൃതികളില്‍ ധാരാളമായി കാണാന്‍ കഴിയും. ആദ്യകാലത്ത് കമ്യൂണിസ്റ്റായിരുന്ന അദ്ദേഹത്തിന് ഏകാധിപത്യവിരുദ്ധ നിലപാടുകള്‍ കാരണം പാര്‍ട്ടിയിലെ സ്ഥാനം നഷ്ടപ്പെട്ടു. ചെക്കോസ്ലൊവാക്യയിലെ റഷ്യന്‍ അധിനിവേശത്തെത്തുടര്‍ന്ന് അദ്ദേഹം രാജ്യംവിട്ട് ഫ്രാന്‍സില്‍ താമസമാക്കി. The Joke, Life is Elswhere, The Unbearable Lightness of Being, The Book of Laughter and Forgetting എന്നീ പുസ്തകങ്ങള്‍ അദ്ദേഹത്തെ ലോകപ്രശസ്തനാക്കി.
നോവലിസ്റ്റും ചെറുകഥാകൃത്തും ഉപന്യാസകാരനുമായ കുന്ദേരയെ എല്ലാവര്‍ക്കുമറിയാം. പക്ഷേ, കുന്ദേര ഒരു നാടകമെഴുത്തുകാരന്‍ കൂടിയായിരുന്നു. 'ഷാക്കും അവന്റെ യജമാനനും' (Jacques and his Master) എന്ന പേരില്‍ ഒരു നാടകം അദ്ദേഹം എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നോവലുകളിലും കഥകളിലും കാണുന്നതുപോലെ ജീവിതത്തിന്റെ പരിഹാസ്യമായ നിസ്സാരതതന്നെയാണ് നാടകത്തിലും ആവിഷ്‌കരിച്ചിട്ടുള്ളത്. ഫ്രഞ്ച് എഴുത്തുകാരനായ ദെനി ദിദെറോ(Denis Diderot)യുടെ വിധിവിശ്വാസിയായ ഷാക്കും അവന്റെ യജമാനനും(Jacques the Fatalist and his Master) എന്ന നോവലിന്റെ പുനരാവിഷ്‌കാരംകൂടിയാണ് ഈ നാടകം.
പേരറിയാത്ത ഒരു സ്ഥലത്തുകൂടി പോവുകയാണ് വേലക്കാരനായ ഷാക്കും അവന്റെ യജമാനനും. തങ്ങളുടെ പ്രണയസാഹസങ്ങള്‍ വിവരിച്ചുകൊണ്ടാണ് അവരുടെ യാത്ര. പ്രണയ സാക്ഷാത്കാരങ്ങളെക്കാള്‍ പ്രണയവഞ്ചനകളാണ് അവരുടെ കഥകളിലുള്ളതെന്നു മാത്രം. അക്കാര്യത്തില്‍ വേലക്കാരന്‍ യജമാനനെക്കാള്‍ കേമനാണ്.
യജമാനന്റെ കാമുകിയെ മറ്റൊരുത്തന്‍ തട്ടിയെടുക്കുകയായിരുന്നെങ്കില്‍ സുഹൃത്തിന്റെ പ്രണയഭാജനത്തെ അവനറിയാതെ സ്വന്തമാക്കിയവനാണ് വേലക്കാരന്‍. പക്ഷേ, അവരുടെ കഥപറച്ചില്‍ പരസ്പരമുള്ള ഇടപെടലുകള്‍കൊണ്ട് കലങ്ങിമറിഞ്ഞതാണ് പലപ്പോഴും. കൂടാതെ, അവരുടെ ആഖ്യാനത്തിലെ കഥാപാത്രങ്ങളും കൂടക്കൂടെ കടന്നുവന്ന് നാടകത്തെ അവരുടേതാക്കിമാറ്റുന്നു.
വഴിയില്‍ അവരൊരു സത്രത്തിലെത്തുന്നു. സത്രമുടമയായ സ്ത്രീയും കഥപറച്ചിലുകാരിയാണ്. പ്രണയവഞ്ചനയുടെ മറ്റൊരു കഥ അവളവരെ കേള്‍പ്പിക്കുന്നു. ഇവിടെയും കഥാപാത്രങ്ങള്‍ ഇടയ്ക്കിടെ കഥയുടെ ഒഴുക്ക് മുറിച്ചുകൊണ്ട് കയറിവരുന്നുണ്ട്. ഷാക്കിനും യജമാനനും ഒരു കാര്യമുറപ്പാണ്: ആരുടെയോ കഥാപാത്രങ്ങളാണ് തങ്ങള്‍. ആ കഥയെഴുത്തുകാരനെ തരംകിട്ടുമ്പോഴൊക്കെ ശപിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുമുണ്ട് ഇരുവരും. നാടകത്തിന്റെ ഒടുവില്‍ തങ്ങളെങ്ങോട്ടാണ് പോകുന്നതെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് അവര്‍.
ഷാക്ക്: നമ്മളെങ്ങോട്ടാണ് പോകുന്നതെന്നു പറയൂ.
യജമാനന്‍: ഈ ലോകത്തില്‍ ആര്‍ക്കെങ്കിലും അറിയാമോ അവരെങ്ങോട്ടാണ് പോകുന്നതെന്ന്?
ഷാക്ക്: എങ്കില്‍ യജമാനന്‍ എന്നെ മുന്നോട്ടു നയിക്കൂ.
യജമാനന്‍: പക്ഷേ, എവിടെയാണ് ഈ മുന്നോട്ട്?
ഷാക്ക്: ഞാനൊരു വലിയ രഹസ്യം പറയട്ടെ? മുന്നോട്ട് എന്നുപറയുന്നത് എങ്ങോട്ടു വേണമെങ്കിലുമാകാം.
മുന്നോട്ടുകയറിവന്ന് തന്റെ രാജ്യത്തെ കീഴടക്കിയ റഷ്യയെ പരിഹസിക്കുകയാണ് കുന്ദേര. കാരണം, അധിനിവേശത്തിന്റെ മൂന്നാംദിവസം കുന്ദേരയെ തടഞ്ഞ ഒരു റഷ്യന്‍ സൈനികോദ്യോഗസ്ഥന്‍ പറഞ്ഞതിങ്ങനെ: ''ഇതൊരു തെറ്റിദ്ധാരണ മാത്രമാണ്. കാരണം, ഞങ്ങള്‍ ചെക്കോസ്ലൊവാക്യക്കാരെ സ്‌നേഹിക്കുന്നു.'' പക്ഷേ, ആ സ്‌നേഹം മനസ്സിലാക്കിത്തരാന്‍ ടാങ്കുകള്‍ വേണ്ടിവന്നെന്ന് കുന്ദേര പരിഹാസത്തോടെ തുടര്‍ന്നെഴുതുന്നു. മനുഷ്യന്‍ ഏറ്റവും വൃത്തികെട്ട കാര്യങ്ങള്‍ ചെയ്യുന്നത് സ്‌നേഹത്തിന്റെ പേരിലാണെന്നുകൂടി അദ്ദേഹം പറയുന്നുണ്ട്.
തോക്കുകള്‍കൊണ്ട് സ്‌നേഹം പഠിപ്പിക്കുന്നിടത്ത് വികാരങ്ങളില്‍ വഞ്ചനമാത്രമേ ഉണ്ടാകൂ. അതായിരിക്കാം, തന്റെ കൃതികളില്‍ വൈകാരികതയ്ക്കുപകരം പരിഹാസവും നിസ്സഹായതയും കുന്ദേര നിറച്ചത്. നിലനില്‍പ്പിന്റെ അസഹ്യമായ ലാഘവത്തില്‍ മുന്നോട്ട് എന്നുപറയുന്നത് ദിശയറിയാത്ത ഒരു കടന്നുപോകല്‍ മാത്രമാണെന്ന് ആ എഴുത്തുകള്‍ വിരല്‍ചൂണ്ടാതെ പറയുന്നു. ജീവിതദര്‍ശനങ്ങളുടെ മായാത്ത കൈയൊപ്പ്...
Content Highlights: Milan Kundera, Czech-born French novelist, Vakkolam by Jayakrishnan