ജൈവരാഷ്ട്രീയത്തിന്റെ പടർച്ചകൾ

മലയാള കവിതയെ പരമ്പരാഗതമായ ഇടങ്ങളിൽനിന്ന് മോചിപ്പിച്ച കവിയാണ് മേതിൽ രാധാകൃഷ്ണൻ. ആധുനികാനന്തര ഭാവുകത്വത്തിന്റെ സങ്കീർണ്ണതകളിലേക്ക് നയിച്ച പ്രമുഖ എഴുത്തുകാരനുമാണ് മേതിൽ. അദ്ദേഹത്തിന്റെ 'എന്റെ രാഷ്ട്രീയം' എന്ന കവിത, മനുഷ്യൻ എന്ന കേന്ദ്രീകൃതസ്വത്വത്തെ തകർക്കുകയും പ്രകൃതിയും സാങ്കേതികവിദ്യയും തമ്മിലുള്ള അവിഭാജ്യമായ ബന്ധത്തെ രാഷ്ട്രീയമായി അടയാളപ്പെടുത്തുകയും ചെയ്യുന്ന ഒരു 'Post-human'മാനിഫെസ്റ്റോയാണ്.
ഈ കവിത പടർച്ചകളെ അഭിമുഖീകരിക്കുന്നു. അധികാരശ്രേണികളിൽ കാണപ്പെടുന്ന ഏകകേന്ദ്രീകൃതമായ മേൽപുകൾച്ച അല്ല മേതിലിന്റെ രാഷ്ട്രീയം. അത് മണ്ണിനടിയിലൂടെ അദൃശ്യമായി പടരുന്ന വിത്തുപോലെയോ ഞാഞ്ഞൂളു പോലെയോ ആണ്. 'മണ്ണിനടിയിൽ അതിനു വഴിയറിയാം' എന്ന് കവി പറയുമ്പോൾ, അത് വ്യവസ്ഥാപിതമായ പാതകളിൽ (Striated space) നിന്നുള്ള തെന്നിമാറലിനേയും പുതിയ വിതാനങ്ങളുടെ രൂപവത്കരണത്തേയും സൂചിപ്പിക്കുന്നു. കവി തന്നെ ഘടനയില്ലാത്ത ശരീരമായിമാറുന്നു.
ഓരോ പാമ്പും തന്റെ ശ്വാസമാണെന്നും, ഓരോ പെണ്ണും തന്റെ പൊക്കിൾക്കൊടിയാണെന്നും പറയുന്നതിലൂടെ മനുഷ്യൻ എന്ന സ്വത്വം ഭേദിച്ച് ഇതര ജീവനുകളിലേക്ക് പടരുന്ന സ്ഥിരാന്തര പ്രക്രിയ ഇവിടെ പൂർണ്ണമാകുന്നു.
മനുഷ്യൻ ഒരു സാങ്കേതിക ജീവിയാണെന്നുകൂടി മേതിൽ ഇവിടെ സൂചിപ്പിക്കുന്നുവെന്നതാണ് ഈ പ്രക്രിയയിലെ മറ്റൊരർഥം.മനുഷ്യന്റെ ജൈവപരിണാമത്തേക്കാൾ വേഗത്തിൽ അവന്റെ സാങ്കേതിക പരിണാമം നടക്കുന്നു. 'ഇരുമ്പയിരിൽനിന്ന് ഉലയിലേക്കും ആയുധത്തിലേക്കും പടരുന്നു' എന്ന സൂചനയിൽ പ്രകൃതിദത്തമായ പദാർഥം മനുഷ്യന്റെ അധ്വാനത്തിലൂടെയും സാങ്കേതികതയിലൂടെയും ഒരു 'ഉപകരണമായി' മാറുന്നത് കാണാം.
രാഷ്ട്രീയം എന്നത് വെറും ആശയമല്ല. അത് ആയുധങ്ങളും ഉപകരണങ്ങളും ചേർന്ന ഭൗതികമായ ഒരു പ്രക്രിയ കൂടിയാണെന്ന് മേതിൽ പറയുന്നു. കവിതയിലെ 'ആത്മാവും വിശപ്പും തമ്മിലുള്ള വിവാഹം' എന്നത് ഇതിലെ 'Individuation' പ്രക്രിയയുമാണ്. വിശപ്പ് എന്ന ജൈവികമായ ആവശ്യവും ആത്മാവ് എന്ന ആന്തരിക ബോധവും ഒന്നുചേരുമ്പോൾ മാത്രമാണ് മനുഷ്യൻ ഒരു രാഷ്ട്രീയ ജീവിയായി പൂർണ്ണതയിൽ എത്തുന്നത്.
ഈ രാഷ്ട്രീയ ദർശനം സമകാലീന പരിസ്ഥിതിക സിദ്ധാന്തങ്ങളുടെ പ്രഖ്യാപനം കൂടിയാണ്. മാനുഷിക നിർമിതികളായ 'രാഷ്ട്രങ്ങൾ' ഇലകൾ പോലെ കൊഴിഞ്ഞുവീണേക്കാം. അവ താല്ക്കാലികമായ സാമൂഹിക കരാറുകൾ മാത്രമാണ്. എന്നാൽ 'ഒരൊറ്റ പുഴുവിന്റെ അവകാശത്തിന് വേണ്ടി അത് തുടർന്നുകൊണ്ടിരിക്കും' എന്നിടത്ത് മനുഷ്യകേന്ദ്രീകൃതമായ രാഷ്ട്രീയത്തിന് മേൽ ജൈവരാഷ്ട്രീയത്തിന് (Biopolitics) മുൻഗണന നൽകുന്നു. അധികാരത്തിന്റെ വലിയ മിനാരങ്ങളേക്കാൾ പ്രധാനം പ്രകൃതിയിലെ ഏറ്റവും നിസ്സാരമായ ജീവന്റെ അതിജീവനമാണ്. ഇത് മനശ്ശാസ്ത്രം, സമൂഹം, പരിസ്ഥിതി എന്നിവ ചേർന്ന ത്രീ ഇക്കോളജീസ് എന്ന ദർശനത്തെ ഉൾക്കൊള്ളുന്നു.
ഓരോ മൗനവും തന്റെ മരണമാണെന്ന് പറയുന്നതിലൂടെ അനീതിയോടുചേർന്നുനില്ക്കുന്ന നിശബ്ദത രാഷ്ട്രീയമായ ആത്മഹത്യയാണെന്നും ഓർമിപ്പിക്കുന്നു. ഓരോ മനുഷ്യന്റെയും മുഷ്ടി തന്റെ മുഷ്ടിയാണെന്ന് പറയുന്നതിലൂടെ വ്യക്തിപരമായ ഉടലിനെ ഒരു സംഘസംയുക്തമാക്കിമാറ്റുന്നു. അതുകൊണ്ടുതന്നെ മേതിൽ രാധാകൃഷ്ണന്റെ 'എന്റെ രാഷ്ട്രീയം' എന്ന കവിത കേവലം ഒരു കവിതയല്ല. അത് മനുഷ്യനെ, പ്രകൃതിയുടെയും സാങ്കേതികവിദ്യയുടെയും അവിഭാജ്യ ഘടകമായി കാണുന്ന ഒരുദാർശനികഭൂപടമാണ്. റൈസോമും സാങ്കേതിക പരിണാമവും ഇക്കോസഫിയുടെ ജൈവബോധവും ഒത്തുചേരുന്ന ഈ കവിത മലയാള കവിതയിലെ ഏറ്റവും മികച്ച ആധുനികാനന്തര പാഠങ്ങളിൽ ഒന്നാണ്.