'ഒരുപക്ഷേ അരങ്ങേറിയാല്‍ സ്‌കൂള്‍ പൂട്ടും': മഹാകവിയും യുവജനോത്സവവും!

#എം.കുഞ്ഞിരാമന്‍
മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ (ഫയല്‍ഫോട്ടോ)
മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍ (ഫയല്‍ഫോട്ടോ)

കാഞ്ഞങ്ങാട്: 'തങ്കക്കാല്‍ത്തള നാദമിണങ്ങി ഞങ്ങള്‍ വരുന്നു മലനാട്ടില്‍...' മഹാകവി പി.യുടെ വരികള്‍ കേരളത്തിലങ്ങോളമിങ്ങോളം യുവജനോത്സവവേദികളില്‍ നൃത്തച്ചുവടുകളായി മാറിയ കാലം.. ഈ നൃത്തച്ചുവടുകളുടെ തുടക്കം കൂടാളി സ്‌കൂളില്‍നിന്നായിരുന്നു.

പ്രഥമാധ്യാപകനാണ് സ്‌കൂളിലെ 'കവിമാഷാ'യിരുന്ന പി. കുഞ്ഞിരാമന്‍ നായരോട് യുവജനോത്സവത്തിനായി ഒരു പാട്ട് വേണമെന്ന് പറയുന്നത്. പാട്ട് പറ്റില്ല, പാടാന്‍ പറ്റിയ കവിത തരാമെന്ന് പി., മതിയെന്ന് പ്രഥമാധ്യാപകന്‍. ഒരുകാര്യം; പി. ആലോചനയിലായി. കാര്യമെന്താണെന്ന് പ്രധാനാധ്യാപകന്‍.' 'ഒരുപക്ഷേ അരങ്ങേറിയാല്‍ സ്‌കൂള്‍ പൂട്ടും'- പി.യുടെ മറുപടി. കവിയുടെ വാക്കുകള്‍ യാഥാര്‍ഥ്യമായി.

സംസ്ഥാനതലത്തില്‍ നൃത്തം ഒന്നാം സ്ഥാനം നേടിയതിനെത്തുടര്‍ന്ന് സ്‌കൂളിന് ഒരു ദിവസം അവധി നല്‍കി.

കൂടാളിയില്‍ ബന്ധുവിന്റെ കല്യാണത്തിനെത്തിയ കവിയെ സ്‌കൂള്‍ മാനേജരായിരുന്ന കെ.ടി. കുഞ്ഞിക്കമ്മാരന്‍ നമ്പ്യാര്‍ മലയാളം അധ്യാപകനായി നിയമിച്ചത് പെട്ടെന്നായിരുന്നു.

1947 മുതല്‍ 1961 വരെയുള്ള കാലത്താണ് കവി കൂടാളിക്കാരനായി മാറിയത്. തുടക്കത്തില്‍ മകന്‍ വി. രവീന്ദ്രന്‍ നായരുമൊന്നിച്ച് സ്‌കൂളിനടുത്തുള്ള മുറിയിലും പിന്നീട് ഒന്നര കിലോമീറ്റര്‍ മാറിയുള്ള കുംഭത്തെ വയിലിനോട് ചേര്‍ന്ന വാടകവീട്ടിലുമായിരുന്നു.

വാടകവീട്ടില്‍ ഭാര്യ കുഞ്ഞുലക്ഷ്മി അമ്മയും മക്കളായ ലീലയും രാധയും കൂട്ടുണ്ടായിരുന്നു. രവീന്ദ്രന്‍നായരും രാധയും കുറച്ചുകാലം കൂടാളി സ്‌കൂളിലെ വിദ്യാര്‍ഥികളായിരുന്നു. മകനെ എട്ടാംതരത്തില്‍ കവി പഠിപ്പിക്കുകയും ചെയ്തിരുന്നു.

മുപ്പതോളം പുസ്തകങ്ങള്‍ എഴുതിയ കാലം

കളിയച്ഛന്‍ എന്ന കവിതയുടൈ പിറവി കൂടാളിയിലെ താമസകാലത്താണ്. സ്‌കൂള്‍ മാനേജരായ കൂടാളി നമ്പ്യാരില്‍നിന്നാണ് കളിയച്ഛന്റെ ആശയം കവിക്ക് ലഭിച്ചതെന്നും പറയുന്നു.

പൂമ്പാറ്റകള്‍, മണിവീണ, വാസന്തിപ്പൂക്കള്‍ എന്നീ കവിതാസമാഹാരങ്ങളും വിചാരവിഹാര (ഗദ്യം -രണ്ട് ഭാഗങ്ങളായി)വും പ്രസിദ്ധീകരിക്കുന്നത് കൂടാളിയിലെ ജീവിതകാലത്താണ്.

എന്നാല്‍, തന്റെ കാവ്യദേവതയെ തേടിയുള്ള യാത്രയില്‍ മനസ്സിനെ ഉണര്‍ത്തുന്ന ഒന്നും കൂടാളിയില്‍നിന്ന് കിട്ടിയില്ല എന്ന നിരാശ കവി ഒരു അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്.

ഈ വര്‍ഷത്തെ മഹാകവി പി.സ്മാരക ട്രസ്റ്റ് പി. ചരമവാര്‍ഷികദിന അനുസ്മരണവും കവിതാപുരസ്‌കാരസമര്‍പ്പണവും നടക്കുന്നത്

കൂടാളി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ്. 27-ന് രാവിലെ 10-ന് നടക്കുന്ന പരിപാടിയില്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.ജയകുമാര്‍ ദിവാകരന്‍ വിഷ്ണുമംഗലത്തിന് പുരസ്‌കാരം സമ്മാനിക്കും. ഇ.പി.രാജഗോപാലന്‍ പുരസ്‌കാരജേതാവിനെ പരിചയപ്പെടുത്തും.

കവി ആലങ്കോട് ലീലാകൃഷ്ണന്‍ പി. അനുസ്മരണപ്രഭാഷണം നടത്തും.

ഡോ. വിജയന്‍ ചാലോട് രചിച്ച 'ഉടഞ്ഞു ചിതറിയ നിലക്കടലഭരണി' എന്ന പുസ്തകം കെ. ജയകുമാര്‍ പ്രൊഫ. ബി.മുഹമ്മദ് അഹമ്മദിന് കൈമാറി പ്രകാശനം ചെയ്യും.


 

Content Highlights: mahakavi p kunjiraman nair 46 death anniversary