''മഹാകവി പിയെക്കുറിച്ച് പലരും പലതും പറഞ്ഞുനടന്നു; ഉറച്ചതുപോലെയുള്ള ഓരോ ധാരണകള്‍...''

#കെ. ഉണ്ണികൃഷ്ണന്‍
മഹാകവി പി. കുഞ്ഞിരാമൻ നായരുടെ മൂത്ത മകൾ ലീല അമ്മാളും മകൾ ജയശ്രീയും
മഹാകവി പി. കുഞ്ഞിരാമൻ നായരുടെ മൂത്ത മകൾ ലീല അമ്മാളും മകൾ ജയശ്രീയും

കൊച്ചി : ''പലരും പലതും പറഞ്ഞുനടന്നു. സിനിമയും വന്നു. പലര്‍ക്കും പല രീതിയിലും വളച്ചൊടിക്കാവുന്ന ഒരു കഥപോലെ ആയിരുന്നു ആ ജീവിതം. പക്ഷേ, ഞങ്ങള്‍ അറിഞ്ഞ മഹാകവി സ്‌നേഹരൂപനായിരുന്നു''- തൃപ്പൂണിത്തുറ ലോട്ടസ് ഗാര്‍ഡന്‍ അപ്പാര്‍ട്ട്മെന്റിലിരിക്കേ മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ മൂത്ത മകള്‍ ലീല അമ്മാള്‍ തെല്ലു മൗനത്തിലായി. ''കുടുംബം നോക്കാത്ത ആളായിരുന്നു എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട്. പറഞ്ഞുപറഞ്ഞ് ഉറച്ചതുപോലെയുള്ള ഓരോ ധാരണകള്‍...''

ഒരു വര്‍ഷമായി കൊല്ലം അമൃതപുരിയിലെ അമൃതാനന്ദമയി ആശ്രമത്തില്‍ താമസിക്കുന്ന ലീല കുറച്ചുനാളേക്ക് തൃപ്പൂണിത്തുറയില്‍ മകന്‍ ജയദേവന്റെ അടുത്തുവന്നതാണ്. ലീലയും മകള്‍ ജയശ്രീ വടയക്കളവും ചേര്‍ന്നെഴുതിയ പി.യെ കുറിച്ചുള്ള പുസ്തകം 'ഓര്‍മകളിലെ കവിയച്ഛന്‍' പ്രകാശനം ചെയ്യുകയാണ്. 28-ന് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിലാണ് ചടങ്ങ്.

''ദീര്‍ഘയാത്രകള്‍ക്കു ശേഷം അച്ഛന്‍ പടി കടന്നെത്തുമ്പോഴേ ഞാന്‍ ഓടിച്ചെല്ലും. കുപ്പായക്കീശയില്‍ കൈയിട്ട് കപ്പലണ്ടി മിഠായിയും മുന്തിരിങ്ങയും കല്‍ക്കണ്ടവുമെല്ലാം എനിക്കുനേരേ നീട്ടി പുഞ്ചിരിക്കും. പിന്നെയുമുണ്ട് ഓര്‍മകള്‍.

കൊടുവായൂരില്‍ ടീച്ചേഴ്‌സ് ട്രെയിനിങ്ങിനു കൊണ്ടുപോയി ചേര്‍ത്തത്, ബ്ലൗസും പാവാടയും വാങ്ങിത്തന്നത്...പെണ്‍കുട്ടികള്‍ക്ക് അതൊന്നും അത്ര പതിവില്ലാത്ത കാലമായിരുന്നു അത്.''

ഗവ. സ്‌കൂളില്‍ അധ്യാപികയായിരുന്നു ലീല. ജയശ്രീ കേരള ഗ്രാമീണ്‍ ബാങ്ക് റിട്ട. മാനേജരും. കവിയച്ഛന്റെയും എഴുത്തുകാരികൂടിയായ കുഞ്ഞുലക്ഷ്മിയുടെയും ആദ്യത്തെ കുഞ്ഞിന് ലീലയെന്ന് കവി പേരിട്ടത് കുമാരനാശാന്റെ ഖണ്ഡകാവ്യം മനസ്സിലോര്‍ത്താണ്. പിന്നത്തെ കുട്ടിക്ക് ടാഗോറിന്റെ ഓര്‍മയ്ക്ക് രവീന്ദ്രനെന്നായിരുന്നു പേര്.

''സ്‌കൂളില്‍ പഠിക്കുമ്പോള്‍ മുത്തച്ഛനെ കുറിച്ച് കൂട്ടുകാര്‍ പലരും കളിയാക്കും, നാടുനീളെ കല്യാണംകഴിച്ചു നടക്കുന്നയാള്‍ എന്ന്. സങ്കടപ്പെട്ട് വീട്ടില്‍ വരുമ്പോള്‍ മുത്തശ്ശിയോട് ഞാന്‍ അതെല്ലാം പറയും'' - ജയശ്രീ പറയുന്നു. '' അവരുടെ മറുപടി ഇന്നും ഞാനോര്‍ക്കുന്നു. സ്‌നേഹത്തിന് എപ്പോഴും കണ്ടോണ്ടിരിക്കണമെന്നില്ല. എന്റെ മനസ്സില്‍ അദ്ദേഹവും ആ മനസ്സില്‍ ഞാനുമാണ്. അതെനിക്കറിയാം...''

നിളയും പെരിയാറും പിന്നിട്ട് പലകുറിയുള്ള യാത്രകള്‍, നാടായ കാഞ്ഞങ്ങാടു മുതല്‍ പട്ടാമ്പിയും പാലക്കാടും ഗുരുവായൂരും കൊച്ചിയും തിരുവനന്തപുരവുമെല്ലാം കടന്നുള്ള അലസ സഞ്ചാരം.

നിനച്ചിരിക്കാതെയെത്തുന്ന കവിക്കായി മലപ്പുറം പൊന്മള വടയക്കളത്ത് കുഞ്ഞുലക്ഷ്മിയുടെ വീടിന്റെ മുകള്‍നിലയിലെ എഴുത്തുമേശയും കസേരയും കാത്തിരിക്കുന്നുണ്ടാകും. ജനലിലൂടെ പ്രകൃതിയെ നോക്കി മഴയും പച്ചപ്പും കണ്ട് കവി എഴുതിത്തുടങ്ങും.

മഹാകവിയുടെ വിയോഗത്തിന്റെ 46-ാം വര്‍ഷമാണിത്. നിത്യസഞ്ചാരിയായ കവി 1978 മേയ് 27-ന് തിരുവനന്തപുരത്തെ സി.പി. സത്രത്തിലാണ് അന്തരിച്ചത്.

Content Highlights: mahakavi p kunhiraman nair daughter leela memoir with jayasree vadayakkalam