മകളുടെ വിവാഹദിനം മറന്നുപോയ കവിയച്ഛന്‍!

#ലീല അമ്മാള്‍ വി.
മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍
മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍

മലയാളത്തിന്റെ മഹാകവിയായ പി. കുഞ്ഞിരാമന്‍ നായരെക്കുറിച്ച് അദ്ദേഹത്തിന്റെ മൂത്തമകള്‍ ലീല മാതൃഭൂമി വാരാന്തപ്പതിപ്പില്‍ എഴുതിയ ഓര്‍മയില്‍ നിന്നും ഒരു ഭാഗം.

സഹപ്രവര്‍ത്തകരെയോ സാഹിത്യകാരന്മാരെയോ ബന്ധുക്കളെയോ ഒന്നും വീട്ടില്‍ കൂട്ടിക്കൊണ്ടുവന്ന് സത്കരിക്കുന്ന ഒരു സ്വഭാവം അച്ഛനുണ്ടായിരുന്നില്ല. കല്യാണം കഴിഞ്ഞ ആദ്യം കുറച്ചു നാളുകളിലൊഴികെ. അമ്മയും അങ്ങനെ പറഞ്ഞുകേട്ടിട്ടില്ല. പൊതുവേ ആരോടെങ്കിലും കുറെനേരം അങ്ങനെ സംസാരിച്ചിരിക്കുന്ന ശീലവുമില്ലായിരുന്നു അച്ഛന്. അച്ഛനറിയാതെ, അച്ഛന്റെ രീതികളും പെരുമാറ്റവും ഒക്കെ ശ്രദ്ധിക്കുന്ന ഒരു സ്വഭാവം എനിക്കുണ്ടായിരുന്നു -വീട്ടില്‍നിന്ന് അച്ഛനിറങ്ങിയാല്‍ കണ്‍വെട്ടത്തുനിന്ന് മറയുംവരെ ഞാന്‍ നോക്കിനില്‍ക്കും; അച്ഛന്റെ ശ്രദ്ധയില്‍പ്പെടാതെ. കതിരണിഞ്ഞ പാടത്തൂടെയോ, വിരിഞ്ഞുനില്‍ക്കുന്ന കതിരുകള്‍ക്കിടയിലൂടെയോ ആണ് നടത്തമെങ്കില്‍, കാലുകള്‍ മുന്നോട്ട് എടുത്തുവെക്കാന്‍പോലും അച്ഛന്‍ മറന്നുപോകുന്നുണ്ടോ എന്നെനിക്ക് തോന്നിപ്പോകാറുണ്ട്. അതുപോലെ കൂടാളി സ്‌കൂളില്‍ അച്ഛന്‍ പഠിപ്പിച്ചിരുന്ന സമയത്ത് ഞാനും കുറച്ചുനാള്‍ ആ സ്‌കൂളില്‍ത്തന്നെ ജോലിചെയ്തിരുന്നു. അച്ഛനും മകളും എന്നും ഒന്നിച്ച് സ്‌കൂളില്‍ പോകുന്ന കഥ പറഞ്ഞ് ഞാനും അമ്മയും ചിരിക്കാറുണ്ട്. 
സ്‌കൂളിലേക്ക് പാടവരമ്പത്തൂടെ നടക്കാന്‍ തുടങ്ങുമ്പോള്‍ ഒന്നുകില്‍ പശുവിനെ കാണും; അല്ലെങ്കില്‍ കൂട്ടംകൂട്ടമായെത്തുന്ന പക്ഷികളെ... തീര്‍ന്നു കഥ..! അച്ഛനതും നോക്കി ഒറ്റ നില്‍പ്പാവും. വിളിച്ചാല്‍പ്പോലും അറിയില്ല. പതുക്കെ അച്ഛനെ കടന്ന് ഞാന്‍ വേഗം സ്‌കൂളിലേക്ക് നടക്കും. കവി എന്ന പരിഗണന അച്ഛന് മാത്രല്ലേ കിട്ടൂ, എനിക്ക് കിട്ടില്ലല്ലോ.

വേലാശ്വരം സ്‌കൂളില്‍നിന്ന് വെള്ളിക്കോത്തേക്ക് മാറിയപ്പോള്‍ മഠത്തില്‍ വളപ്പുവീട്ടില്‍ തന്നെയായിരുന്നു പിന്നെയും താമസം. രവി ദുര്‍ഗാ ഹൈസ്‌കൂളില്‍ ക്ലാര്‍ക്കായി ജോലിചെയ്യുകയായിരുന്നു. ഞങ്ങള്‍ രണ്ടുപേരും എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരമാവുമ്പോള്‍ കൂടാളിക്ക് പുറപ്പെടും. അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക്. ആ സമയത്താണ് പെരളത്ത് പനയന്തട്ട ശ്രീധരന്‍ നായരുമായുള്ള എന്റെ വിവാഹം നടക്കുന്നത്. അച്ഛന്റെ താവഴിയിലുള്ള മരുമകന്‍ തന്നെയാണ് ശ്രീധരേട്ടന്‍. ആലോചനയുമായി കൂടാളിയിലേക്ക് വന്നത് അദ്ദേഹത്തിന്റെ മൂത്ത ഏട്ടന്‍ നാരായണേട്ടനാണ്. രണ്ടുതവണ വന്നപ്പഴും അച്ഛനില്ലായിരുന്നു. മൂന്നാമത്തെ തവണ വന്നപ്പോള്‍ അച്ഛനെ കണ്ടു. കാര്യങ്ങള്‍ സംസാരിച്ചു. ''കാഞ്ഞങ്ങാട്ടുചെന്ന് അമ്മയോടുംകൂടി കാര്യങ്ങള്‍ പറയൂ... അമ്മ തീരുമാനിക്കട്ടെ. അതുപോലെ ചെയ്യാം.'' എന്ന് അച്ഛന്‍ പറഞ്ഞു. കുടുംബങ്ങള്‍ തമ്മിലുള്ള സ്‌നേഹവും ബന്ധുതയും കണക്കിലെടുത്ത് കാര്യങ്ങളേതാണ്ട് ഉറപ്പിച്ച മട്ടില്‍ തന്നെയാണ് ഏട്ടന്‍ തിരിച്ചുപോയത്.

കല്യാണം ഗുരുവായൂര്‍ വെച്ചായിരുന്നു. അതിനുള്ള ഏര്‍പ്പാടുകളൊക്കെ മുത്തശ്ശിയും കുഞ്ഞികൃഷ്‌ണെളേപ്പനും (ചെറിയച്ഛനെ അങ്ങനെയാണിവിടെ വിളിക്കാറ്) തന്നെയാണ് ചെയ്തത്. അമ്മമ്മയെയും അമ്മാവന്‍മാരെയും ചെറിയമ്മമാരെയും ഒക്കെ ചെന്നുകണ്ട് അനുഗ്രഹം വാങ്ങിക്കണം. കൂടാതെ കല്യാണത്തിന് വരുന്ന എല്ലാവരെയും നേരെ ഗുരുവായൂര്‍ക്ക് ടാക്‌സിയില്‍ കൊണ്ടുപോകാനുള്ള ഏര്‍പ്പാടുകളും ചെയ്യണം എന്നെല്ലാം ഒരാഴ്ച മുമ്പുതന്നെ അച്ഛന്‍ പറഞ്ഞിരുന്നു. കാഞ്ഞങ്ങാട്ടേക്ക്, മുത്തശ്ശിയെ കണ്ട് കാര്യങ്ങളൊക്കെ സംസാരിക്കാന്‍ പോയതായിരുന്നു അച്ഛന്‍. തിരിച്ചെത്തിയ അന്നുതന്നെ പൊന്മള തറവാട്ടിലേക്ക് പുറപ്പെടാന്‍ ഞങ്ങളോട് പറഞ്ഞു.

''ഇനി അമാന്തിക്കണ്ട. മൂന്നുനാലു ദിവസം കൂടിയല്ലേ ഉള്ളൂ. എനിക്ക് ഒന്നുരണ്ട് റേഡിയോ പരിപാടി ഉണ്ട്. ഇന്നുതന്നെ പോകണം. തലേന്ന് വൈകുന്നേരമാവുമ്പഴേക്ക് ഗുരുവായൂര്‍ക്ക് എത്തിക്കൊള്ളാം. വിവാഹമോതിരം ഞാന്‍ അമ്മയുടെ കൈയിലേല്‍പ്പിച്ചിട്ടുണ്ട്.'' അച്ഛന്‍ പറഞ്ഞു.

അമ്മയും രവിയും ഞാനും കൂടി അപ്പോള്‍ത്തന്നെ പൊന്മളയ്ക്ക് പുറപ്പെട്ടു. പൊന്മളയില്‍നിന്ന് കല്യാണത്തലേന്നുതന്നെ എല്ലാവരും ഗുരുവായൂരെത്തി. അപ്പുട്ടമ്മാമ, കുട്ടിമാമ, ജാനകിച്ചെറിയമ്മ, മീനാക്ഷിച്ചെറിയമ്മ, സരസ്വതിച്ചെറിയമ്മ പിന്നെയും ഒന്നു രണ്ടു പേര്‍. ആരൊക്കെയാണെന്ന് വ്യക്തമായി ഓര്‍ക്കുന്നില്ല. അമ്മമ്മ പ്രായാധിക്യത്തിന്റെ അസ്വസ്ഥതകള്‍ കാരണം വന്നില്ല. കാഞ്ഞങ്ങാട്ടുനിന്ന് മുത്തശ്ശിയും ചെറിയച്ഛനും ഒരാഴ്ചമുമ്പുതന്നെ ഗുരുവായൂരെത്തിയിരുന്നു. ശ്രീധരേട്ടന്റെ ബന്ധുക്കള്‍ ഒരുപാടു പേരുണ്ട്. എല്ലാവരും തലേന്നുതന്നെ എത്തി. അച്ഛന്‍ മാത്രമില്ല. കല്യാണദിവസം എല്ലാവരും മുഹൂര്‍ത്തമാവുമ്പോഴേക്കെങ്കിലും അച്ഛന്‍ വരും എന്നുകരുതി നടയില്‍ കാത്തുനില്‍ക്കയാണ്. അച്ഛന്‍ വന്നില്ല. കുറച്ചുനേരംകൂടി കാത്തുനിന്നശേഷം മുഹൂര്‍ത്തം തെറ്റേണ്ട എന്ന് മുത്തശ്ശി പറഞ്ഞതനുസരിച്ച് താലികെട്ട് നടത്തി, സദ്യയും കഴിഞ്ഞു. വന്നവരെല്ലാം തിരിച്ചു നാട്ടിലെത്തി. രണ്ടുമൂന്നു ദിവസം കഴിഞ്ഞ് ഞാനും ശ്രീധരേട്ടനും കൂടാളിയിലേക്ക് ചെന്നു അച്ഛനെയും അമ്മയെയും കാണാന്‍. ഞങ്ങളെ കണ്ടപാടേ അച്ഛന്‍, മുഖത്തെ ജാള്യത മറയ്ക്കാന്‍ പാടുപെട്ടുകൊണ്ട്, ചെറിയൊരു ചിരിയോടെ ''ങാ... മറന്നുപോയി... എത്താന്‍ കഴിഞ്ഞില്ല.'' എന്ന് ശ്രീധരേട്ടനെ നോക്കി പറഞ്ഞു. എന്നിട്ട് ഉത്സാഹത്തോടെ അങ്ങുമിങ്ങും നടന്നുകൊണ്ട്, ''ലക്ഷ്മീ ... ഇവര്‍ക്ക് എന്താ വേണ്ടതെന്വെച്ചാ കൊടുക്വ... കുടിക്കാനോ കഴിക്കാനോ ഒക്കെ'' എന്ന് പറയുന്നുണ്ടായിരുന്നു. അതിനിടയില്‍ എന്നെ ഒറ്റയ്ക്ക് കിട്ടിയപ്പൊ ഒരു സ്വകാര്യവും പറഞ്ഞു: ''മീന്‍ കഴിക്കുന്ന ശീലമുണ്ടോന്ന് അറിയില്ലല്ലോ നമുക്ക്. നീ എങ്ങനെയാ ഉണ്ടാക്കിക്കൊടുക്വ...!'' എനിക്കത് കേട്ടപ്പോഴുള്ള വെപ്രാളം അസ്ഥാനത്തായിരുന്നെന്ന് അധികം വൈകാതെ മനസ്സിലായി. പെരളത്തെ വീട്ടില്‍ മീനോ ഇറച്ചിയോ പാകം ചെയ്യുന്നത് ഞാന്‍ കണ്ടിട്ടേ ഇല്ല.

പതിവില്‍നിന്ന് വ്യത്യസ്തമാണ് അച്ഛന്റെ പല രീതികളും. മുണ്ട് അരയിലല്ല, മാറത്ത് ചേര്‍ത്താണ് ഉടുക്കാറ്. കാലന്‍കുട എപ്പോഴും കക്ഷത്തിലാണ്. കൈയില്‍ പിടിച്ചുനടക്കുന്നത് അപൂര്‍വം. കുത്തി നടക്കാറും ഇല്ല. വേഷ്ടി ചുമലില്‍ രണ്ടു വശത്തേക്കുമായി ഇടും. എപ്പഴോ ഒരിക്കല്‍ വെള്ളിക്കോത്ത് 
സ്‌കൂളില്‍വെച്ച് പ്രസംഗിക്കാന്‍ സ്റ്റേജില്‍ കയറിയപ്പോ വേഷ്ടി അരയില്‍ കെട്ടിയതായും കണ്ടിട്ടുണ്ട്.

അമ്മവീടായ പൊന്മള, വടയക്കളം തറവാട്ടില്‍ അച്ഛന് എഴുതാന്‍ പ്രത്യേകമായി ഒരു മുറി തന്നെ ഉണ്ടായിരുന്നു. കൈ അധികം നീളമില്ലാത്ത ഒരു ചാരു കസാരയും വെച്ചെഴുതാന്‍ മരംകൊണ്ടുണ്ടാക്കിയ വലിയൊരു പലകയും. 'ജനലിലൂടെ പുറത്തേക്ക് നോക്കി, പ്രകൃതി ഭംഗി ആസ്വദിച്ചാണ് അച്ഛന്‍ എഴുതാറ്' എന്ന് ചെറിയമ്മമാര് പറഞ്ഞുകേട്ടിട്ടുണ്ട്. എഴുതാനറിയാത്തവര്‍ പോലും ഈ പ്രകൃതി സൗന്ദര്യത്തില്‍ ലയിച്ചങ്ങെഴുതിപ്പോകുമല്ലോ എന്ന് പറഞ്ഞ് ചിരിക്കുമത്രേ. ഞാന്‍ ചെറിയ കുട്ടിയായിരുന്നു അന്ന്.

മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ മക്കളായ
രവീന്ദ്രന്‍ നായര്‍, രാധമ്മ, ലീല അമ്മാള്‍
 

''മോള് മച്ചിലേക്കൊന്നും പോകണ്ട. അച്ഛന്‍ അവിടെ എഴുതുകയല്ലേ. ശല്യപ്പെടുത്തരുത്'' എന്ന് അമ്മമ്മ ഇടയ്ക്കിടെ വിളിച്ചുപറയുന്നുണ്ടാവും. കാര്യമൊന്നും പിടികിട്ടിയില്ലെങ്കിലും ഞാനങ്ങോട്ട് പോകാറില്ലായിരുന്നു. ശാന്തമായിരുന്ന് എഴുതാന്‍ അച്ഛന്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത് പൊന്മളയിലെ വടയക്കളം തറവാട്ടുവീട് തന്നെയായിരുന്നു എന്ന് അമ്മയും പറഞ്ഞുകേട്ടിട്ടുണ്ട്.

കൂടാളിയില്‍ താമസിക്കുന്ന കാലത്ത് വാടകവീട്ടിലെ, മുകളിലത്തെ നിലയിലുള്ള മുറിയില്‍ എഴുതാനിരുന്നാല്‍ ഇടയ്ക്കിടെ ശക്തമായ ദീര്‍ഘനിശ്വാസങ്ങളും തലയിട്ടടിക്കുന്ന ഒച്ചയും വാതില്‍ ശക്തമായി അടയ്ക്കുന്ന ശബ്ദവുമൊക്കെ കേള്‍ക്കാറുണ്ടായിരുന്നു. താഴെനിന്ന് കേള്‍ക്കുമ്പോള്‍ മുകളില്‍നിന്നുള്ള ചെറിയ ഒച്ചപോലും ഭീകരമായിത്തോന്നും. എനിക്ക് പേടിയാവും. അമ്മയോടുചോദിച്ചാല്‍ അമ്മ പറയും: ''വാഗ്ദേവത പ്രസാദിച്ചാലേ അച്ഛന് എഴുതാന്‍ വയ്ക്കൂ. ചിലപ്പൊ എഴുത്ത് വരില്ല... അതോണ്ടാ ഈ അസ്വസ്ഥത'' എന്നും പറഞ്ഞ് അമ്മ പടിഞ്ഞാറ്റയിലേക്ക് നടക്കും. സഹസ്രനാമജപമൊക്കെ കഴിഞ്ഞ് ഒരുപാട് നേരമാവും അമ്മ തിരിച്ചുവരാന്‍. അപ്പഴേക്കും മുകളില്‍ നിന്നുള്ള കോലാഹലങ്ങളൊക്കെ ഏതാണ്ടവസാനിച്ചിട്ടുണ്ടാകും. അച്ഛന്‍ എഴുതിത്തീരുന്നതുവരെ അമ്മ പൂജാമുറിയിലെ വിളക്ക് കെടുത്തില്ല. അമ്മയുടെ ഈ രീതി അച്ഛന് നല്ലപോലെ അറിയാം.

കൂടാളിയില്‍ താമസിക്കുന്ന കാലത്ത് കാഞ്ഞിരോടുള്ള ഒരു കടയില്‍നിന്ന് സാധനങ്ങളൊക്കെ വാങ്ങിക്കൊള്ളാന്‍ അച്ഛന്‍ പറയും. മാസാവസാനം ശമ്പളം കിട്ടുന്ന സമയത്ത് സ്‌കൂളില്‍നിന്ന് വരുന്ന വഴി പറ്റ് തീര്‍ക്കും. എല്ലാമാസവും മിക്കവാറും ഒരേ സംഖ്യ തന്നെയായിരിക്കും. ഒട്ടും കൂടുതലാവാന്‍ അമ്മ സമ്മതിക്കില്ല. അച്ഛന് ഊണിനൊപ്പം ഇലയില്‍ മധുരം വിളമ്പണം. അതു കൊണ്ടുതന്നെ എന്നും പായസമുണ്ടാവും. പായസത്തിനുവേണ്ട കൂട്ടങ്ങള്‍ തീര്‍ന്നുപോയാല്‍, ഇലയുടെ അറ്റത്ത് ഒരു കഷണം ശര്‍ക്കരയും തേങ്ങാപ്പൂളും വെക്കണം. ഇലയടയൊക്കെ ഉണ്ടാക്കണമെങ്കിലും ശര്‍ക്കര വേണം. ശര്‍ക്കര ഏറ്റവും കൂടുതല്‍ വേണ്ടി വരുന്നത് ഉറുമ്പുകള്‍ക്ക് തിന്നാന്‍ കൊടുക്കാനാണ്. അച്ഛന്‍ ഇരിക്കുന്ന മുറിയുടെ രണ്ടു വശത്തും ജനലുണ്ട്. ശര്‍ക്കര ജനല്‍പ്പടിയിലും വെക്കും; നിലത്ത് കൂട്ടിയിട്ട പുസ്തകങ്ങള്‍ക്കൊപ്പവും ഉണ്ടാവും. അച്ഛന്റെ കട്ടിലിലേക്ക് ഇഴഞ്ഞു കയറുന്ന ഉറുമ്പുകളെ കാണുമ്പോള്‍ എനിക്ക് വിഷമം തോന്നും, അതൊക്കെ അച്ഛനെ കടിക്കുമല്ലോ എന്നോര്‍ത്ത്. പക്ഷേ, അച്ഛന് അതൊന്നും ഒരു പ്രശ്‌നമേ അല്ലായിരുന്നു. ഇടയ്ക്ക് മുട്ടയും കടയില്‍നിന്ന് വാങ്ങും. പാമ്പുകള്‍ക്ക് കഴിക്കാന്‍ (പാമ്പ് തന്നെയാണോ അത് തിന്നാറുള്ളത് എന്നറിയില്ല. അടുത്തദിവസം ചെന്നുനോക്കിയാല്‍ മുട്ട ജനലോരത്ത് കാണാറില്ല) അങ്ങനെ എപ്പോഴെങ്കിലും കണക്കിലധികം സാധനം വാങ്ങിയതായി അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടാലുടന്‍ വേറെ ഏതെങ്കിലുമൊരു സാധനം വാങ്ങുന്നത് ചുരുക്കിയിട്ട്, ചെലവ് കൂടാതെ നോക്കും. ഒരു കണക്കും അമ്മ എഴുതി വെക്കുന്നത് കണ്ടിട്ടില്ല. എല്ലാം മനക്കണക്ക്. പക്ഷേ, മാസാവസാനം കടക്കാരന്റെ കണക്കു പുസ്തകത്തില്‍ അക്കം കൂടാറില്ല. ഞാനിത് കണ്ട് പലപ്പോഴും അദ്ഭുതപ്പെട്ടിട്ടുണ്ട്.

''ഇനിയെങ്കിലും ആരോഗ്യകാര്യങ്ങളൊക്കെ ശ്രദ്ധിച്ച് നിനക്കീ നാട്ടില്‍ത്തന്നെ നിന്നൂടെ കുഞ്ഞീ...'' എന്ന് മുത്തശ്ശി ചോദിക്കുമായിരുന്നു. ''അതെ... വേണം... വേണം...'' എന്ന് ചെറുചിരിയോടെ അച്ഛന്‍ പറയും. കുറെ നാളുകള്‍ കഴിഞ്ഞ് -മുത്തശ്ശിയുടെ മരണശേഷം, വെള്ളിക്കോത്തെ ശ്രീലക്ഷ്മി എന്ന വീട്ടില്‍ വരുമ്പോഴൊക്കെ, ''ഈ അലച്ചിലൊക്കെ നിര്‍ത്തി ഇനിയെങ്കിലും സ്വസ്ഥമായിരുന്നൂടെ..?'' എന്ന് അമ്മയും പലതവണ ചോദിച്ചിരുന്നു .

''അതു തന്നെയാണാലോചിക്കുന്നത്... കുറച്ചു നാളത്തേക്കെങ്കിലും ഇവിടെത്തന്നെ കഴിയണം.'' എന്നും പറഞ്ഞ് അച്ഛന്‍ പല്ലില്ലാത്ത മോണകാട്ടി വാ നിറയെ ചിരിക്കും; ''ഇത് പതിവ് പല്ലവിയല്ലേ'' എന്നും പറഞ്ഞ് അമ്മയും.

''ആഗ്രഹമില്ലാഞ്ഞിട്ടല്ല; ഒന്നും വിചാരിച്ചപോലെ നടക്കുന്നില്ല അതുകൊണ്ടാണ്.'' എന്നുപറഞ്ഞ് അച്ഛന്‍ നീണ്ട ഒരു നെടുവീര്‍പ്പിടും.

പ്രകൃതിയുടെ മടിത്തട്ടില്‍...

അച്ഛനും ഞാനും എന്നും ഒന്നിച്ച് സ്‌കൂളില്‍ പോകുന്ന കഥ പറഞ്ഞ് ഞാനും അമ്മയും ചിരിക്കാറുണ്ട്. സ്‌കൂളിലേക്ക് പാടവരമ്പത്തൂടെ നടക്കാന്‍ തുടങ്ങുമ്പോള്‍ ഒന്നുകില്‍ പശുവിനെ കാണും; അല്ലെങ്കില്‍ കൂട്ടം കൂട്ടമായെത്തുന്ന പക്ഷികളെ... തീര്‍ന്നു കഥ..! അച്ഛനതും നോക്കി ഒറ്റ നില്‍പ്പാവും. വിളിച്ചാല്‍പ്പോലും അറിയില്ല.
 

Content Highlights: Mahakavi P Kunhiraman Nair, Leela Ammal, Mathrubhumi