ആശാന്റെ മൃതശരീരത്തോടൊപ്പം നനഞ്ഞുകുതിര്‍ന്നു, കടലാസുകള്‍!

എഴുത്തില്‍ പെര്‍ഫെക്ഷനിസ്റ്റായിരുന്നു മഹാകവി കുമാരനാശാന്‍. എഴുതിയും വെട്ടിയും തിരുത്തിയും തനിക്കു പൂര്‍ണത തോന്നിയാലേ ആശാന്‍ തന്റെ കവിതകള്‍ പ്രസിദ്ധീകരിച്ചിരുന്നുള്ളൂ. പ്രസിദ്ധീകൃതമാവാതെ ആശാന്റെ നോട്ടുപുസ്തകത്തില്‍ ശേഷിച്ച രണ്ടു കാവ്യങ്ങളെക്കുറിച്ചാണ് ഈ കുറിപ്പ്.
നോട്ടുബുക്കുകളില്‍ കവിതകള്‍ കുറിക്കുകയും പ്രസിദ്ധീകരണത്തിനുമുന്‍പ് തരംകിട്ടുമ്പോഴൊക്കെ അവ തിരുത്തിവെടിപ്പാക്കുകയും ചെയ്യുക എന്നതായിരുന്നു കുമാരനാശാന്റെ എഴുത്തുശീലം. കവിതകള്‍ എഴുതാന്‍ ഉപയോഗിച്ചുപോന്ന നോട്ടുബുക്ക് എവിടെപ്പോകുമ്പോഴും അദ്ദേഹം കൂടെക്കൊണ്ടുനടന്നു. പല്ലനയിലെ ജലശയ്യയില്‍ അവസാനിച്ച അന്തിമയാത്രയിലും അദ്ദേഹത്തിന്റെ കൈയില്‍ ഒരു നോട്ടുബുക്ക് ഉണ്ടായിരുന്നു; ശ്രീബുദ്ധചരിതത്തിന്റെ അഞ്ചാംകാണ്ഡത്തിന്റെയും കരുണയുടെയും കൈയെഴുത്തുപ്രതികള്‍ ആ നോട്ടുബുക്കിലാണുണ്ടായിരുന്നത്. ആശാന്റെ മൃതശരീരത്തോടൊപ്പം കണ്ടെടുത്ത അവശേഷിപ്പുകളില്‍ നനഞ്ഞുകുതിര്‍ന്നനിലയില്‍ ആ നോട്ടുബുക്കുമുണ്ടായിരുന്നു. കരുണ അതിനുമുന്‍പുതന്നെ അച്ചടിക്കായി കൊല്ലത്തെ ഒരു മുദ്രണാലയത്തില്‍ നല്‍കിയിരുന്നു.
1923 ജൂണ്‍ 24-ന് എഴുതിപ്പൂര്‍ത്തിയാക്കിയെങ്കിലും ശ്രീബുദ്ധചരിതം ആശാന്‍ തിരുത്തിക്കൊണ്ടിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. വീണ്ടുകിട്ടിയ അവശിഷ്ടങ്ങളില്‍, മലയാളത്തിന്റെ ഭാഗ്യം, ബുദ്ധചരിതം വലിയ പരിക്കേല്‍ക്കാതെ കിടപ്പുണ്ടായിരുന്നു. 'പരമസുഖാവഹമാം മൃതിയെന്നുമല്ല' എന്നുകഴിഞ്ഞുള്ള ഒരു വരിയെമാത്രമേ പല്ലനത്തോട്ടിനു ഭക്ഷിക്കാനായുള്ളൂ.
ആശാന്റെ നോട്ടുബുക്കുകളില്‍ പലതും നഷ്ടപ്പെട്ടുപോയി. അശാന്തവും അസ്വസ്ഥവും അസംതൃപ്തവുമായ കാവ്യചേതനയുടെ സംഘര്‍ഷത്തിന് വഴിപ്പെട്ട് രചനകളില്‍ ആശാന്‍ വരുത്തിയ നിരന്തരമായ തിരുത്തലുകള്‍, ഇപ്പോള്‍ ലഭ്യമായ നോട്ടുബുക്കുകളില്‍ കാണാം. പരിപൂര്‍ണതയിലേക്ക് എത്തിച്ചേരാനുള്ള ഒരു പെര്‍ഫക്ഷനിസ്റ്റിന്റെ ഒരിക്കലുമടങ്ങാത്ത അഭിവാഞ്ഛയുടെ പ്രകാശനങ്ങളാണ് ആ തിരുത്തലുകള്‍. നോട്ടുപുസ്തകങ്ങളില്‍മാത്രമല്ല പ്രസിദ്ധീകരിച്ചുകഴിഞ്ഞ കൃതികളുടെ തുടര്‍പ്പതിപ്പുകളിലും ചിലപ്പോഴൊക്കെ ആശാന്റെ തിരുത്തലുകള്‍ കാണാം. അതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ലീല.
ആഖ്യാനഘടന പൂര്‍ണമായും വരികള്‍ അവിടവിടെയായും പരിഷ്‌കരിച്ചനിലയിലാണ് ലീലയുടെ രണ്ടാംപതിപ്പ് ആശാന്‍ പ്രസിദ്ധീകരിച്ചത്. ആദ്യപതിപ്പില്‍ ലീലയ്ക്ക് ഒരു നാടകത്തിന്റെ ഘടനയോടാണ് സാദൃശ്യമുണ്ടായിരുന്നത്. സംഭാഷണങ്ങള്‍ക്കുമുന്നില്‍ സഖി, ലീല എന്നിങ്ങനെ കഥാപാത്രങ്ങളുടെ പേരുകള്‍ നാടകത്തിലേതുപോലെ നല്‍കിയിരുന്നതും സ്വാഭിപ്രായത്തിനുമുന്നില്‍ കവി എന്നും കഥാപ്രസ്താവത്തിനുമുന്നില്‍ കഥ എന്നും രേഖപ്പെടുത്തിയിരുന്നതും രണ്ടാംപതിപ്പില്‍ ആശാന്‍ ഉപേക്ഷിച്ചുകളഞ്ഞു.
"വിലസി നറുനിലാവെഴും ലതാ
വലയമതിന്റെ വെറുംനിലത്തിലായ്
വിലയ പരവശാംഗി വീണപൂ
കുലയതുപോലെ കിടന്നൊരോമലാള്‍"
എന്നായിരുന്നു ആദ്യപതിപ്പില്‍ ഒന്നാം സര്‍ഗത്തിലെ നാലാംശ്ലോകം ഉണ്ടായിരുന്നത്. തിരുത്തലിന്റെ ബലം അവിടെനിന്നൂഹിക്കാം. തിരുത്തല്‍പോലെത്തന്നെ പ്രധാനമാണ് കവിതകളുടെ കാര്യത്തില്‍ ആശാന്റെ ഉപേക്ഷയും.
സാഹിത്യസംബന്ധമായ വാര്‍ത്തകളും ലേഖനങ്ങളും അഭിമുഖങ്ങളും വായിക്കാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ
ആശാന്റെ നോട്ടുപുസ്തകങ്ങളില്‍ അപൂര്‍ണസ്ഥിതിയില്‍ ഉപേക്ഷിക്കപ്പെട്ട അനേകം കവിതകളുണ്ട്. ആശാന്റെ മരണശേഷം ഭാനുമതി അമ്മ പ്രസിദ്ധീകരിച്ച വനമാലയില്‍ അവയില്‍ ചിലത് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവയിലൊന്നും ഉള്‍പ്പെടാത്ത രണ്ടു പരിശ്രമങ്ങളെക്കുറിച്ചാണ് ഈ കുറിപ്പ്.
ആദ്യത്തേത് ഒരു ഒറ്റശ്ലോകമാണ്: ഏഴുതിത്തീര്‍ന്നപ്പോള്‍ ആശാന്‍തന്നെ ആ കവിതയ്ക്ക് ചരമഗതിവിധിച്ചു, എഴുതിയതത്രയും കവിതന്നെ വെട്ടിയില്ലാതാക്കി. ആശാന്‍ സ്വയമേവ വേണ്ടെന്നുവെച്ചതിനാലാവണം ഭാനുമതി അമ്മയുടെ പ്രസിദ്ധീകരണത്തില്‍ അത് ഉള്‍പ്പെടാതെപോയത്. എങ്കിലും നോട്ടുപുസ്തകത്തില്‍ വെട്ടിവെട്ടിയില്ലാതാക്കിയനിലയിലും ആ ഒറ്റശ്ലോകത്തിന് വല്ലാത്തൊരു അഴകുണ്ട്. സൈക്കിളിനെക്കുറിച്ചാണ് ആ കവിത. സൈക്കിളിനെക്കുറിച്ച് മലയാളത്തില്‍ ആദ്യമായി രചിക്കപ്പെട്ട കവിതയാണത്. കവിയാല്‍ ഉപേക്ഷിക്കപ്പെട്ടത് എന്നറിഞ്ഞുകൊണ്ടുതന്നെ അത് വായിക്കപ്പെടേണ്ടതുണ്ട്.
താന്‍ സൈക്കിള്‍ ചവിട്ടാന്‍ പരിശീലിക്കുന്നതിനെക്കുറിച്ച് കുമാരനാശാന്റെ ഡയറിയില്‍ 1913 ജൂലായ് 13-ന് ഒറ്റവരിയില്‍ ഒരു പരാമര്‍ശമുണ്ട്: 'ബിഗാന്‍ റ്റു പ്രാക്റ്റീസ് സൈക്ലിങ്' എന്നാണത്. സൈക്കിള്‍ ചവിട്ടാന്‍ പരിശീലിച്ച ആ നാളുകളില്‍ ആശാന്‍ കൂടെക്കൊണ്ടുനടന്ന നോട്ടുബുക്കിലാണ് തീയതി രേഖപ്പെടുത്താതെ സൈക്കിളിനെക്കുറിച്ചുള്ള ശ്ലോകം എഴുതിയിട്ടത്. ഇങ്ങനെയാണത്:
"അതിരസമായദോഷമായും
ക്ഷിതിയിതിലിങ്ങനെ വാഹനങ്ങളുണ്ടോ
അതുലജവമൊടെപ്പൊഴും ഗമിപ്പാന്‍
ചതുരതയാര്‍ന്ന ചവിട്ടുവണ്ടിപോലെ!"
കാഴ്ചക്കാരില്‍ അതികൗതുകംനിറയ്ക്കുന്ന വാഹനമായിരുന്നു തിരുവിതാംകൂറില്‍ അന്ന് ചവിട്ടുവണ്ടി എന്ന ബൈസിക്കിള്‍. തിരുവിതാംകൂറില്‍ അദ്ഭുതമായിത്തീര്‍ന്ന സിംഹത്തെയും കപോതപുഷ്പത്തെയും കാവ്യോചിതമായ കൗതുകത്തോടെക്കണ്ട ആശാന്റെ കണ്ണുകള്‍ സൈക്കിളിനെയും ഉദാരമായി കടാക്ഷിച്ചതിന്റെ ഫലമാണ് ശീര്‍ഷകംപോലും കൊടുക്കാതെ ഉപേക്ഷിച്ചുകളഞ്ഞ ആ കവിത. അതിരസം, അദോഷം, അതുലജവം: രസമേറെ, ദോഷമൊന്നുമില്ല, നല്ല വേഗവും-മഹാകവിയുടെ ദൃഷ്ടിയിലെ സൈക്കിള്‍യാത്രയായി. മലയാളത്തില്‍ ചവിട്ടുവണ്ടിക്കു ലഭിച്ച ആ പ്രഥമ പ്രശംസ ചിരസ്ഥായിയായിത്തീരാതിരുന്നതിനു കാരണമെന്താണാവോ!
രണ്ടു ശ്ലോകങ്ങള്‍ മാത്രമെഴുതി ആശാന്‍ ഉപേക്ഷിച്ചുകളഞ്ഞ മറ്റൊരു പരിശ്രമം ഒരു മഹാകാവ്യത്തിന്റെ നിര്‍മാണമായിരുന്നു. മഹാകാവ്യമെഴുതാതെ മഹാകവിയായിത്തീര്‍ന്നു എന്നത് ആശാനെക്കുറിച്ചുള്ള പ്രശംസാവചനങ്ങളില്‍ ഒന്നാണല്ലോ. എഴുതിക്കൊണ്ടിരുന്ന മഹാകാവ്യം വേണ്ടെന്നുവെക്കുകയായിരുന്നു ആശാന്‍. വഞ്ചിരാജവംശം എന്നായിരുന്നു തന്റെ മഹാകാവ്യത്തിന് ആശാന്‍ നിശ്ചയിച്ച ശീര്‍ഷകം. പേര് സൂചിപ്പിക്കുന്നതുപോലെ തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രാവലിയായിരുന്നു പ്രമേയം. ആശാന്‍ ഒരു മഹാകാവ്യത്തിന്റെ രചനയ്ക്ക് കോപ്പുകൂട്ടിയിരുന്നു എന്ന വൃത്താന്തം ആദ്യമായി പുറത്തുവരുന്നത് അദ്ദേഹത്തിന്റെതന്നെ പത്രാധിപത്യത്തിലുള്ള വിവേകോദയത്തിലൂടെയാണ്.
കൊല്ലവര്‍ഷം 1089 ധനു-മകരം (1913 ഡിസംബര്‍-ഫെബ്രുവരി) ലക്കം വിവേകോദയത്തില്‍ വഞ്ചിരാജവംശത്തെക്കുറിച്ച് ഒരു അറിയിപ്പുണ്ട്. ഇതില്‍ വഞ്ചിരാജാക്കന്മാരെ സംബന്ധിച്ച് ഏറ്റവും പുരാതനകാലംമുതല്‍ക്കുള്ള പ്രധാനസംഭവങ്ങള്‍ തുടങ്ങി ചിത്തിരത്തിരുനാള്‍ കൊച്ചുതിരുമേനിയുടെ അവതാരംവരെയുള്ള കഥകള്‍ അടങ്ങിയിരിക്കുന്നു എന്ന് മഹാകാവ്യത്തിന്റെ വിഷയസീമ വിവേകോദയത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 'കലപ്പയുടെയും ഒലക്കയുടെയും അകത്തുകൂടിയൊക്കെ കവിത കടന്നുപോകുന്നതുകണ്ടാല്‍ പലര്‍ക്കും അദ്ഭുതവും കൗതുകവും തോന്നും' എന്ന് പന്തളം കേരളവര്‍മയുടെ രുഗ്മാംഗദചരിതത്തിന്റെ നിരൂപണത്തിലും(1913 ഓഗസ്റ്റ്-ഒക്ടോബര്‍) 'ശബ്ദാലങ്കാരധോരണികൊണ്ട് ഈ കാവ്യത്തില്‍ പലഘട്ടങ്ങളും സുകുമാരബുദ്ധികളായ വായനക്കാര്‍ക്ക് എന്നുതന്നെയല്ല ധൃതഗതിക്കാരായ ഇക്കാലത്തെ ശിക്ഷിതബുദ്ധികള്‍ക്കുതന്നെയും സുഗമമല്ലെന്നുതോന്നുന്നു' എന്ന് ഉള്ളൂരിന്റെ ഉമാകേരളത്തിന്റെ നിരൂപണത്തിലും (1913 ഡിസംബര്‍-ജനുവരി) മഹാകാവ്യങ്ങളിലെ കെട്ടുകാഴ്ചകളോടുള്ള അനിഷ്ടം ആശാന്‍ പ്രകടമാക്കിക്കഴിഞ്ഞിരുന്നു.
സാഹിത്യസംബന്ധമായ വാര്‍ത്തകളും ലേഖനങ്ങളും അഭിമുഖങ്ങളും വായിക്കാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ.
മഹാകാവ്യവിമര്‍ശനത്തിന്റെ വിശ്വരൂപം പ്രകടമായത്, പക്ഷേ, വള്ളത്തോളിന്റെ ചിത്രയോഗത്തെ നിരൂപണംചെയ്യുമ്പോഴാണ്'രണ്ടു പാദങ്ങളുടെ മധ്യത്തിലായിത്തന്നെ പദങ്ങളുടെ കഴുത്തുകളെ നിര്‍ദയമായി പിരിച്ചും ഒടിച്ചും ജുഗുപ്‌സാവഹമായവിധത്തില്‍ സന്ധിചെയ്തിരിക്കുന്നത് കണ്ടാല്‍ ഭാഷാപ്രണയികള്‍ക്ക് ദയമാത്രമല്ല ചിലപ്പോള്‍ ക്രോധവും തോന്നും' എന്നിങ്ങനെ വള്ളത്തോളിനുനേരേയുള്ള നിര്‍ദയമായ പ്രഹരമായിരുന്നു ആ നിരൂപണം. ചിന്താവിഷ്ടയായ സീതയുടെ രചനയ്ക്കുപയോഗിച്ച നോട്ടുബുക്കിലാണ് മഹാകാവ്യത്തിന്റെ രണ്ടുശ്ലോകങ്ങള്‍ എഴുതിയിരിക്കുന്നത്.
ഓരോ രചനയുടെയും കാലം, തീയതി സഹിതം, അതതു രചനകളുടെ കൈയെഴുത്തുപ്രതിയില്‍ കുമാരനാശാന്‍ കുറിച്ചുവെക്കാറുണ്ട്. പക്ഷേ, വഞ്ചിരാജവംശത്തിലെ ശ്ലോകങ്ങള്‍ എഴുതിയത് എന്നാണെന്ന് രേഖപ്പെടുത്തിയിട്ടില്ല. ചിന്താവിഷ്ടയായ സീതയുടെ രചനയ്ക്കുപയോഗിച്ച നോട്ടുബുക്കില്‍ 1914 മുതലുള്ള രചനകളാണുള്ളത് എന്നതും വിവേകോദയത്തിലെ അറിയിപ്പും കണക്കിലെടുക്കുമ്പോള്‍ വഞ്ചിരാജവംശം എന്ന മഹാകാവ്യത്തിന്റെ രചന ആരംഭിച്ചത് 1914-ലായിരിക്കണം എന്നനുമാനിക്കാം.
ശ്ലോകങ്ങള്‍ ഇപ്രകാരമാണ്:
ശ്രീമാനായെപ്പൊഴും ലോക:-
ക്ഷേമം ദീക്ഷിച്ചു വാഴ്കയാല്‍
ഹാ! രാജാവീശ്വരന്‍ ഭൂവി-
ലാരാധിപ്പിന്‍ ജനങ്ങളേ!
വിശ്വത്തെ നിലനിര്‍ത്തുന്ന
വലുതാം മൂലവൈഭവം
നില്‍ക്കുന്നുണ്ടു നിജാംശത്താല്‍
നിത്യമീ മന്നില്‍ മന്നരില്‍
ഈ ശ്ലോകങ്ങളില്‍ പിന്നീടൊരിക്കലും ആശാന്‍ ഒരക്ഷരംപോലും കൂട്ടിച്ചേര്‍ത്തില്ല. വിവേകോദയത്തിലെ അറിയിപ്പിന്റെ പിടിയില്‍നിന്ന് സ്വയം രക്ഷപ്പെട്ട് ആശാന്‍ ആ കാവ്യരചന എന്നേക്കുമായി ഉപേക്ഷിച്ചു. ആശാന്റെ കൃതികളില്‍ സാര്‍വത്രികമായി കാണുന്ന ദ്വിതീയാക്ഷരപ്രാസമോ ആശാന്റേത് എന്ന് വ്യവേച്ഛദിച്ചറിയാവുന്ന ശയ്യാഗുണമോ ഈ ശ്ലോകങ്ങളിലില്ല എന്നത് ശ്രദ്ധയാകര്‍ഷിക്കുന്നു. ആശാന്റേതെന്നു പറയാവുന്ന ഒരു മുദ്രയും ഈ വരികളിലില്ല. പക്ഷേ, വായനക്കാര്‍ക്ക് അവയെ ഉപേക്ഷിക്കാന്‍ പറ്റുമോ? കുമാരനാശാന്‍ എഴുതിത്തുടങ്ങിയ വഞ്ചിരാജവംശമഹാകാവ്യത്തിലെ ആദ്യശ്ലോകങ്ങള്‍ എന്ന ചരിത്രപരമായ പ്രാധാന്യം അവയ്ക്കുണ്ടല്ലോ.
Content Highlights: Write up on two unpublished works of Kumaranasan by Dr. Rajendran Edathumkara