‘ഉദ്ഭവിക്കുകയും തിരോഭവിക്കുകയും ചെയ്യുന്ന കാലത്തെ അനന്തമായി രേഖപ്പെടുത്തുന്ന കഥകള്‍’

എഴുത്തുകാരന്‍ കെ.പി. രാമനുണ്ണിയുടെ പുതിയ കഥകളെ ആധാരമാക്കിയുള്ള പഠനം വായിക്കാം.
കെ.പി. രാമനുണ്ണി എഴുതുമ്പോള്‍ പല തലമുറകള്‍ അതില്‍ അടവിരിഞ്ഞു പുറത്തുവരുന്നു. ചരിത്രവും മനുഷ്യജീവിതവും ബഹുസ്വരപാഠങ്ങളായും പാഠകരൂപങ്ങളായും പരിണമിക്കുന്നു. പാരമ്പര്യ പ്രവാഹത്തിന്റെ ചിന്നിപ്പുകള്‍ അതില്‍ ചിതറുന്നു. കാലത്തിന്റെ അതിര്‍വരമ്പുകളെ പല ചുറ്റുകളുള്ള ചുഴികണക്കെ മുറിച്ചു കടക്കുന്നു. വരാനിരിക്കുന്ന സങ്കീര്‍ണതകളെ, അപായമുന്നറിയിപ്പു നല്‍കുന്ന കുഴല്‍വിളിക്കാരനെപ്പോലെ അടയാളപ്പെടുത്തുന്നു. ആഖ്യാനത്തിലും രസസ്വരൂപപരികല്പനകളിലും വിനിമയ ഘടകങ്ങളിലും പരസ്പരം സംഘര്‍ഷത്തിലകപ്പെടുന്ന പോര്‍മുഖങ്ങളെ സാംസ്‌കാരികശൃംഖലകളുമായി ബന്ധിപ്പിക്കുന്നു.
അനുനിമിഷം വളര്‍ന്നുകൊഴുക്കുന്ന ബഹുരാഷ്ട്ര മുതലാളിത്തത്തിന്റെ നീരാളിപ്പിടുത്തം, ഭൂമിയുടെ നിലനില്‍പ്പിനെ സമ്മര്‍ദത്തിലാക്കുന്ന പ്രകൃതി പ്രതിഭാസങ്ങള്‍, കാര്‍ണിവല്‍ സ്വഭാവമാളുന്ന രാഷ്ട്രീയം ഫാസിസമായി പരിണമിക്കുന്ന സ്ഥിതിവിശേഷം, ടെക്‌നോളജിയുടെ സൂപ്പര്‍ഹൈവേകളിലും വേരറ്റുപോകാത്ത വരേണ്യ-കീഴാള സംഘര്‍ഷം, സാങ്കേതികവിദ്യയുടെ അമിതത്വത്തില്‍ ഉരുണ്ടുകൂടുന്ന തലമന്ദിക്കല്‍, കുടുംബബന്ധത്തിലെ കിരാതസ്വഭാവമാര്‍ന്ന കൃത്രിമത്വം, സ്ത്രീ-പുരുഷ സംസര്‍ഗങ്ങളിലെ പിരിയന്‍ ഗോവണികളും ചവിട്ടിയൊതുക്കലുകളും, അറിവിന്റെ കച്ചവടവല്‍ക്കരണം അസ്തപ്രജ്ഞമാക്കുന്ന ജ്ഞാനവ്യവസ്ഥ... ഇവയെല്ലാം കൂടിച്ചേര്‍ന്ന ആവാസവ്യവസ്ഥയിലാണ് രാമനുണ്ണിയുടെ കഥകള്‍ അതിന്റെ ഭാവനകളെ ഉരുക്കിവിളക്കുന്നത്. സംസ്‌കാരവും സാമ്രാജ്യത്വവും തലകുത്തിനിന്ന് ചവിട്ടിപ്പൊക്കിയ ആഗോളമൂലധനത്തിന്റെ ഹിംസാത്മകതയെ വെളിച്ചത്തിന്റെ ഹൃദയംകൊണ്ട് അഭിമുഖീകരിക്കാന്‍ നടത്തുന്ന ക്രീയാകര്‍ത്തൃത്വം രാമനുണ്ണിക്കഥകളുടെ ജൈവതന്തുക്കളിലുണ്ട്. കാലപ്രമാണങ്ങളെ ഭേദിച്ച് വര്‍ത്തമാനകാലത്തിനു മുന്നേ സഞ്ചരിക്കുന്ന ഭാവനയുടെ ഭാവിപ്രകാശം.
സര്‍വൈലന്‍സ്(ഹൈന്ദവം) എന്ന കഥ വിവരസാങ്കേതികതയുടെ ഭാവി വിദ്യകളുടെ പരിപ്രേക്ഷ്യത്തില്‍, 'നോട്ട'ത്തേയും 'കാണലി'നേയും അതിനുള്ളിലകപ്പെട്ട വ്യക്തിയുടെ സ്വകാര്യസംഘര്‍ഷങ്ങളേയും പ്രത്യക്ഷമാക്കുന്നു. കഥയിലെ മാധ്യമരംഗപടങ്ങളും അതിനു സഹായകമായ സാങ്കേതികാതിപ്രസരത്തിന്റെ നീരാളിത്തങ്ങളും കഥയെ പ്രവചനസ്വഭാവമുള്ള കലാവസ്തുവാക്കി മാറ്റുന്നു. 'വെര്‍ച്ച്വല്‍ റിക്കവറി ഓഫ് പാസ്റ്റ്' എന്നത് ഏതൊരാളുടെയും ഭൂതകാല ജീവിതസന്ദര്‍ഭങ്ങള്‍ വീഡിയോയാക്കി മാറ്റാന്‍ കഴിയുന്നതാണ്. ഡീപ്പ് സ്‌കിന്‍ സര്‍വൈലന്‍സും, ഫേക്ക് റിക്കഗ് നിഷന്‍ പ്രോജക്ടും സയന്റ്റിസ്റ്റുകളുടെ അഗാധശാസ്ത്രാവബോധത്തില്‍ വെളിപ്പെടുന്ന സര്‍ഗ്ഗക്രിയകളാണ്. അതേനിമിഷം അത് കഥാകൃത്തിന്റെ ഭാവനാപ്രകിയയാണ്. 'വെര്‍ച്ച്വല്‍ റിക്കവറി ഓഫ് പാസ്റ്റ്' എന്നതിനു സമമാണ്, ഉറൂബ് എന്ന ആംബുലന്‍സ് ഡ്രൈവര്‍ (മാതൃഭൂമി ആഴ്ചപ്പതിപ്പ്) എന്ന കഥയിലെ ഡിജിറ്റല്‍ ഇന്‍കാര്‍നേഷന്‍ ടെക്‌നോളജി. ശാസ്ത്രം കഥാഭാവനയില്‍ അടയാളം ചെയ്ത സൈബര്‍ സ്‌പേസ് പിന്നീട് യാഥാര്‍ത്ഥ്യമായത്, ഇത്തരം ഭാവാത്മകതയില്‍ നിന്നാണ്.
തലമുറപ്പിരിവുകള്‍ കെ.പി. രാമനുണ്ണിയുടെ പുതിയ കഥകളുടെ രസ-രാസപ്രവേഗത്തിന്റെ അടിപ്പടവുകളാണ്. ജെന്‍സി മുതല്‍ ആല്‍ഫ വരെയുള്ളവരുടെ മൂല്യവ്യവസ്ഥ, ധര്‍മ്മാധര്‍മ്മം, മൂല്യാമൂല്യം എന്നിവയെ ആന്തരികമായി രാമനുണ്ണിയുടെ പുതിയകഥകള്‍ സംബോധനചെയ്യുന്നുണ്ട്. അവരുടെ സമീപനങ്ങളും അഭിരുചികളും ആസ്വാദനരീതികളും വിഭിന്നമാണ്. നിമിഷംപ്രതി പുതിയ വൈബുകള്‍ കൊമ്പുകോര്‍ക്കുന്നു. ബഹുസ്വരാത്മകത (Polyphonic)യിലേക്കുള്ള അഴിഞ്ഞുവീഴലാണത്. 'മുറ'കളും 'മറ'കളും മാറിമിറിയുകയാണ്. നവലോകവ്യവസ്ഥയുടെയും അതിന്റെ ഘടനാപ്രകൃതത്തിന്റെയും 'ആന്തലി'ല്‍ നിന്ന് പൊട്ടിച്ചിനയ്ക്കുതാണ് തലമുറപ്പിരിവുകളില്‍ നിലീനമായിട്ടുള്ള മനോഭാവവ്യതിയാനങ്ങള്‍. അതിനെ വിമര്‍ശനാത്മകമായി ഏറ്റുപിടിക്കുന്നിടത്താണ് മൂല്യാമൂല്യങ്ങളുടെ ഉടുത്തുകെട്ടുകള്‍ ചിതറുന്നത്. അത് സാംസ്‌കാരികശൃംഖലകളുടെ ചിതറലുകള്‍ തന്നെയാണ്. ഏതൊരു സാംസ്‌കാരികനിര്‍മ്മിതിയുടെയും മൂര്‍ത്തത അതാതുകാലത്തെ ചരിത്രജീവിതത്തെ പ്രത്യക്ഷമാക്കുന്നു. ആ നിലയില്‍ മൂല്യസംഘര്‍ഷത്തിന്റെ ഭാവാഖ്യാനം കഥയ്ക്കുള്ളില്‍ വിടരുന്ന ചരിത്രമാണ്.
മാറുന്ന കാലത്തിന്റെയും അവ്യവസ്ഥമാകുന്ന തലമുറകളുടെയും ഇടയില്‍ പ്രവഹിക്കുന്ന ജീവിതത്തില്‍ ആടിത്തീര്‍ക്കുന്ന കഥാപാത്രങ്ങളുടെ വംശാവലികളെ രാമനുണ്ണിയുടെ കഥകളില്‍ കണ്ടെത്താന്‍ കഴിയുന്നു. അതില്‍ ഏറ്റവും പ്രബലമാകുന്നത് മനുഷ്യര്‍, മനുഷ്യത്വം എന്ന കല്‍പ്പനയുടെ പരിണാമമാണ്. അതിന്റെ സാമൂഹികപ്രേരണ വികസിപ്പിക്കുന്ന ഇക്കോ സിസ്റ്റം കഥകളില്‍ പാശ്ചാത്തലപ്രമേയമായി നിലനില്‍ക്കുന്നു. ബഹുരൂപിയായ മനുഷ്യജീവിതത്തെ വിഭിന്നങ്ങളായ പ്രമേയങ്ങളിലൂടെയും പശ്ചാത്തലങ്ങളിലൂടെയും വിശകലനം ചെയ്യുന്നവയാണ് രാമനുണ്ണിയുടെ കഥകള്‍. അത്യന്തഭിന്നമായ ആശയലോകങ്ങളിലും അനുഭൂതിവിശേഷങ്ങളിലും കാമനാപൂരണങ്ങളിലും പടയോട്ടം നടത്തുന്ന മനുഷ്യര്‍ക്ക് ഏതെങ്കിലും സവിശേഷകാലത്തിന്റെ കെട്ടുപാടുകളില്‍ താഴ്‌നുന്നുപൂകാന്‍ സാധിക്കില്ല. പുതുകാലജീവിതത്തെയും അതിന്റെ തിളനിലകളേയും അനുഭൂതിസാന്ദ്രമായി ആഖ്യാനം ചെയ്യുന്നവയാണ് രാമനുണ്ണിയുടെ കഥകള്‍.
ഇടശ്ശേരിയെന്ന മഹാപൈതൃകം
വികാരങ്ങളുടെയും വിചാരങ്ങളുടെയും മാതൃകാവ്യതിയാനങ്ങള്‍ അടപടലെ സംഭവിക്കുന്ന കലത്ത്, പഴയത് പുതിയതും പുതിയത് പഴയതുമായി വഴിപിരിയലുകള്‍ സംഭവിക്കുന്നു. വിപണിയുടെ ആധിപത്യസ്വഭാവം എവിടെയും പ്രകടമാണ്. പഴയ മോഡല്‍ വാഹനങ്ങളോട് കമ്പമേറിയ കാലത്ത്, വിശേഷിച്ച് അമ്പതുകളിലേയും അറുപതുകളിലെയും, തുരുമ്പ് കയറിയ, ആന്തരിക അവയവങ്ങള്‍ മാറ്റി ഹോണ്ട എന്‍ജിനും ഓട്ടോമാറ്റിക് ഗിയറും സ്ഥാപിച്ച് കാറുകള്‍ നിരത്തിനെ വിറപ്പിച്ചു പായുന്ന കാലത്ത്, 2024-ല്‍, ഇടശ്ശേരിയുടെ മകന്‍ ദിവാകരന്റെ ചിത്രകാരനായ മകന്‍ സചീന്ദ്രന് ഇടശ്ശേരി ഉപയോഗിച്ചിരുന്ന കാര്‍ പുതുക്കി ഉപയോഗിക്കണം എന്ന തോന്നല്‍ ഉണ്ടായി. അത് വെറുമൊരു പൂതിയായല്ല കഥയില്‍ ആഖ്യാനം ചെയ്യുന്നത്. 'ഇടശ്ശേരിക്കവിതയിലെ അതിസൂക്ഷ്മമായ അരാജകത്വം സാംശീകരിച്ച' ആര്‍ട്ടിസ്റ്റ് ആണ് ഈ ചെറുമകന്‍ എന്നത് പ്രധാനമാണ്. പഴയ കാര്‍ പുതുക്കി ഓടിക്കുന്ന ഫാഷന്‍ പകര്‍ത്താന്‍ അല്ലാതെ 'പഴയതിന് നമ്മള്‍ വിചാരിക്കുന്നതിലും വലിയ ഗുണഗണങ്ങള്‍ ഉണ്ട്' എന്ന മൗലികചിന്തയിലാണ് അയാള്‍ ആ കാര്‍ പുതുക്കി ഉപയോഗിക്കാന്‍ തീരുമാനിച്ചത്.
ഹോണ്ടയുടെ ഭാഗങ്ങള്‍ തിരുകിക്കയറ്റി മുത്തച്ഛന്റെ കാര്‍ ഓടിക്കേണ്ടാ എന്ന് അയാള്‍ ഉറപ്പിച്ചു. ''ജീവിതത്തില്‍ ഒട്ടും വ്യാജമല്ലാത്ത മനുഷ്യനായിരുന്നു എന്റെ മുത്തച്ഛന്‍. അദ്ദേഹം പോയി വന്നിരുന്ന കാറിനെ പറ്റേ മിമിക്രി ആക്കേണ്ട, എത്ര പ്രയാസപ്പെട്ടാലും ഇതിന്റെ എന്‍ജിനും ഗിയറും മറ്റും റിപ്പയര്‍ ചെയ്ത് കണ്ടീഷന്‍ ആക്കിയാല്‍ മതി.'' പ്രായോഗികതയെക്കാള്‍ മൗലികതയ്ക്കായിരുന്നു ഊന്നല്‍. ''ആദ്യന്തം മനുഷ്യോന്മുഖവും സ്‌നേഹോന്മുഖവും ജീവിതോന്മുഖവും'' ആയ കാലത്തിന്റെ നിലപാടാണത്. ''മനുഷ്യന്മാര്‍ മൗലികമായി നന്മ നിറഞ്ഞവരല്ലേ? സുന്ദരികളും സുന്ദരന്മാരും അല്ലേ? അതീവ വശ്യമായിരിക്കില്ലേ അമ്പതുകളുടെയും അറുപതുകളുടെയും വായുശ്വസിച്ചുള്ള മരണം പോലും?'' എന്നതാണ് കാഴ്ചപ്പാട്. അതുകൊണ്ടുതന്നെ രാമന്‍മേനോന്‍ വക്കീലിന്റെയും ഇടശ്ശേരി ഗോവിന്ദന്‍ നായരുടെയും ഉറൂബ് എന്ന പി.സി. കുട്ടികൃഷ്ണന്റെയും അരുമയോര്‍മ്മകള്‍ തികട്ടി വന്നു. ''ഗോവിന്ദാരെ, കക്ഷികളുടെ പണം സൂക്ഷിച്ചു കൈകാര്യം ചെയ്യണേ'' എന്ന് ഉപദേശിച്ചിരുന്ന ഗാന്ധിയനായ രാമന്‍ മേനോന്‍ വക്കീല്‍. എട്ടുമക്കളുമായി പട്ടിണിയിലും പരിവട്ടത്തിലും കഴിയുമ്പോഴും കേസിന് വരുന്നവര്‍ തരുന്ന അണാപൈസ കണക്ക് തെറ്റാതെ സൂക്ഷിച്ചിരുന്ന ആധാരം എഴുത്തുകാരനായിരുന്നു ഗോവിന്ദന്‍.
അദ്ദേഹം ചെറുമനോടും നമ്പൂര്യോടും മാപ്പിളയോടും പക്ഷഭേദമില്ലാതെ പെരുമാറി. ''എത്ര മനുഷ്യോപദ്രവങ്ങള്‍ സഹിച്ചാലും എ.വി. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ രാത്രി മലര്‍ന്നു കിടന്നു നക്ഷത്രങ്ങള്‍ എണ്ണി പ്രകാശമയം തന്നെ പ്രപഞ്ചമെന്ന് ആശ്വസിച്ചിരുന്ന പി.സി. കുട്ടികൃഷ്ണന്‍... ഹാ.'' (ഇടശ്ശേരിക്കാര്‍ എഴുതുമ്പോള്‍ ഉറൂബ് എന്ന ആംബുലന്‍സ് ഡ്രൈവര്‍ എന്ന കഥയുടെ രൂപഘടന കഥാകൃത്തിന്റെ മനസ്സില്‍ രൂപപ്പെട്ടിട്ടുണ്ടാകണം.) നൂതന സാങ്കേതികവിദ്യകളും അതിന്റെ അല്‍ഗോരിതങ്ങളും പ്രവര്‍ത്തിക്കുന്ന നിര്‍മ്മിതബുദ്ധിയുടെ കാലത്തേക്ക് അമ്പത്തുകളെയും അറുപതുകളെയും മുഖാമുഖം നിര്‍ത്തുകയാണ്. കമ്പ്യൂട്ടര്‍ പ്രോഗ്രാം എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് എഴുതിവച്ചിട്ടുള്ള കല്‍പ്പനകള്‍ (കമാന്റുകള്‍) ആയ അല്‍ഗോരിതങ്ങള്‍ സൃഷ്ടിച്ചെടുക്കുന്ന 2024-ലേക്കാണ്, വിട്ടുവീഴ്ചകളില്ലാതെ ജീവിച്ച മനുഷ്യരുടെ ജീവിതകല്പനകളേയും ഭാവനകളേയും കടത്തിക്കൊണ്ടുവരുന്നത്. അക്കാലത്തിന്റെ വിഭാവനകള്‍ക്ക് (imaginations) ഇക്കാലത്തിന്റെ കുരുക്കുകള്‍ അഴിക്കാനും ഊര്‍ജ്ജം പകരാനും സാധിക്കും എന്നതിലേക്ക് കഥ വികസിക്കുന്നു. അതാകട്ടെ അക്കാലത്തെ, പുതിയ കാലത്തിലേക്ക് ഗുണാത്മകമായി ചരിത്രവല്‍ക്കരിക്കുന്ന രീതി ശാസ്ത്രത്തിലേക്ക് വികസിക്കുന്നു.
ഇടശ്ശേരിക്കാര്‍ സചീന്ദ്രന്‍ ഓടിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ അയാളില്‍ ഒരു പുതിയ വൈബ് രൂപപ്പെടുകയാണ്. പാവം സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു പാഞ്ഞ ടെമ്പോ ട്രാവലറിനെ കുറുക്കിട്ടു പിടിച്ച് ഡ്രൈവറെ പിടികൂടി. മാത്രമല്ല പരിക്കേറ്റയാളെ ആശുപത്രിയിലുമാക്കി. ഫോര്‍ച്യൂണറിനുള്ളില്‍ ചില കശ്മലന്മാരാല്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ രക്ഷിച്ചെടുത്തു.
ഈ രണ്ടു സംഭവങ്ങളെയും പറ്റിയുള്ള സചീന്ദ്രന്റെ വിചാരം ഇപ്രകാരമാണ്: ''ചിത്രകാരന്റെ പണി ചിത്രംവര മാത്രമാണെന്ന് വിശ്വസിച്ചിരുന്ന, ആക്ടിവിസ്റ്റുവഴികള്‍ പറ്റേ അവഗണിച്ചിരുന്ന എന്നെക്കൊണ്ട് പഴങ്കാറ് ചെയ്യിപ്പിച്ച പണികളേയ്?''
സചീന്ദ്രനില്‍ തന്തവൈബ് അയാളറിയാതെ, മുത്തച്ഛനുമായി ബന്ധപ്പെട്ട് രൂപപ്പെട്ടു. സചീന്ദ്രന്റെ അച്ഛനിലും അത് അഭിമാനം വിതച്ചു. ധര്‍മ്മനിഷ്ഠയുടെ ജീന്‍ തള്ളി; ദിവാകരന്റെ അന്തരംഗം അഭിമാനംകൊണ്ടു. ''അവന്‍ എന്റെ മോനല്ലേ.'' ജീനിനെപ്പറ്റിയുള്ള പ്രഖ്യാപനം ഇടശ്ശേരിയുടെ വിഖ്യാതകാവ്യശകലത്തെ മുഖാമുഖം നിര്‍ത്തുന്നു: ''ഇത്തറവാടിത്തഘോഷണത്തെക്കാള്‍ വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയില്‍''- (കറുത്ത ചെട്ടിച്ചികള്‍). ഈ വൈരുദ്ധ്യത്തെ കഥാകൃത്ത് കഥയ്ക്കുള്ളില്‍ വികസിക്കുന്ന മറ്റൊരു കഥയായി മാറ്റുകയല്ല, വര്‍ത്തമാനകാലജീവിതത്തെ വിഴുങ്ങിയിരിക്കുന്ന വൈരുദ്ധ്യമായി നേര്‍ക്കുനേര്‍ നിര്‍ത്തുകയാണ്.
ഇടശ്ശേരിക്കാറിന്റെ സാമീപ്യം കാഴ്ചയെയും കാഴ്ചപ്പാടിനെയും മാറ്റിമറിക്കുന്നതായി സചീന്ദ്രന് തോന്നി. ''അന്‍പതുകളുടെയും അറുപതുകളുടെയും ചില്ലിലൂടെ നോക്കുന്നതുകൊണ്ടായിരിക്കാം, എല്ലാറ്റിലും നല്ല ഗുണദോഷവിചിന്തനം നടക്കുന്നു.'' മാന്യന്മാരായി നടക്കുന്നവരിലെ പീറത്തരം, ബസ് സ്റ്റാന്‍ഡില്‍ തിരക്ക് കൂട്ടുന്നവരില്‍ വികൃതപ്പെടുന്ന സ്വാര്‍ത്ഥത, സര്‍വ്വരിലും പൊന്തുന്ന പേപ്പട്ടിവിരളി - ഇവയെല്ലാം സചീന്ദ്രനെ മനുഷ്യത്വത്തെപ്പറ്റിയുള്ള തുലനത്തില്‍ എത്തിച്ചു. ''ഇവന്മാരെക്കാള്‍ മനുഷ്യത്വമില്ലേ കാഴ്ചബംഗ്ലാവിന് മുന്നില്‍ തെരുവ് നായ്കള്‍ക്ക് ഭക്ഷണം കൊടുക്കുന്ന പിച്ചക്കാരന്?''. സചീന്ദ്രന് ബോധ്യമായി, കാറ് കൂടെയുള്ള കാലത്തോളം സ്വന്തം തലമുറക്കാരുടെ ''ഹൂ കെയേഴ്‌സും'' ''ഗെറ്റ് ലോസ്റ്റും'' തനിക്ക് വഴങ്ങില്ലെന്ന്. അയാളുടെ ചിത്രരചനയുടെ വീക്ഷണകോണുകളില്‍ മാറ്റം വന്നു. മുറിവേറ്റ് നെടുമ്പാതയില്‍ പിടയുന്നവന്റെ, വണ്ടിയില്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നവളുടെ, എച്ചില്‍മേശ തുടക്കുന്നവരുടെ, പട്ടിണി കിടക്കുന്നവരുടെ, ആട്ടിയോടിക്കപ്പെടുന്നവരുടെ എല്ലാം ത്രസിപ്പുകള്‍ വരകളിലും വര്‍ണ്ണങ്ങളിലും പുതുതായി നീണ്ടു നിവര്‍ന്നു.
ആര്‍ട്‌സ് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ പ്രോജക്ട് പ്രൊപ്പോസല്‍ സര്‍വ്വസ്വീകാര്യമായി തയ്യാറാക്കാന്‍ സാധിച്ചത്, ആ പഴങ്കാറ്റിന്റെ എന്‍ജിന്‍ പരപ്പില്‍നിന്ന് തെറിച്ച അക്ഷരകണങ്ങളില്‍ നിന്നാണെന്ന് സചീന്ദ്രന് തോന്നി. പിന്നീടുണ്ടായ പ്രതിസന്ധികളില്‍ അയാള്‍ ശകടത്തിന്റെ സ്റ്റിയറിങ്ങില്‍ തല വച്ചുമുട്ടി. പഴങ്കാറ് തനിയെ റെയ്‌സ് ആയി-പ്രതിവിധി ഉണ്ടായി! നിലപാടുകള്‍ ഉറച്ചു. പുതുപുത്തന്‍ ഇന്നോവയ്ക്കടുത്ത് നില്‍ക്കുന്ന പഴങ്കാറിനെ സൂക്ഷിച്ചു നോക്കിയപ്പോള്‍ സചീന്ദ്രന്‍ കണ്ടു: ബോണറ്റില്‍ പ്രസരിക്കുന്ന ആത്മവിശ്വാസം, ബമ്പറില്‍ ചുനയ്ക്കുന്ന ഏകാഗ്രത, അരയിഞ്ച് കട്ടി ബോഡിക്കുള്ള പേശീബലം. മനുഷ്യഭാവിയെ സംബന്ധിച്ച എല്ലാ വിഷയങ്ങളിലും സചീന്ദ്രന്‍ ശോഭപരത്തി. എല്ലാം ഇടശ്ശേരിക്കാറിന്റെ വൈബായിരുന്നു. അതാകട്ടെ നീളന്‍ ജുബ്ബ ധരിച്ച് ലളിതനായി നടന്ന ആധാരമെഴുത്തുകാരന്റെ നവോത്ഥാനദര്‍ശനങ്ങളുടെ ഉണര്‍ച്ചയായിരുന്നു. ഇടശ്ശേരിയുടെ ജീവിതദര്‍ശനം പുതുപുത്തന്‍ ചിന്തകരെ കവച്ചുവച്ചു. അത് സചീന്ദ്രന്‍ അനുഭവിച്ചറിഞ്ഞു. ഒടുവില്‍ ഇടശ്ശേരിക്കാര്‍ അപകടത്തില്‍പ്പെട്ടു. ''കയ്യും കാലും കഴുത്തും കണ്ണും പലവഴിക്ക് ചിതറിയ മനുഷ്യശരീരമായി.'' അവയവഭാഗങ്ങള്‍ ഒന്നും പാഴാക്കരുതേ... പെറുക്കിയെടുക്കണേ... പഴയ കാറുകാരെ കണ്ടെത്തി ദാനം ചെയ്യണേ... എന്നുള്ള മരണാസന്നന്റെ പിറുപിറുപ്പ് ആ അപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട സചീന്ദ്രന്‍ കേട്ടു. അയാള്‍ അവശിഷ്ടങ്ങള്‍ പെറുക്കിയെടുത്ത് പോക്കറ്റിലിട്ടു. പക്ഷേ, പോക്കറ്റ് നിറയുന്നില്ല.
ദ്രവീകരിക്കുന്ന വസ്തുക്കളെപ്പോലെ അകത്തേക്കകത്തേക്ക് സ്വീകരിക്കപ്പെടുകയാണ്. കാലാകാലം സൂക്ഷിച്ചു വയ്‌ക്കേണ്ട മൂല്യങ്ങളുടെയും ചിന്തകളുടെയും ആത്മഭാഗങ്ങള്‍. ഇരുട്ടിന്റെ ലോകത്തിനുനേരെ പിടിക്കുന്ന മനുഷ്യത്വത്തിന്റെ പൊന്നാനിമഹിമയായി ഇടശ്ശേരി ഈ കഥയില്‍ പുനര്‍ജ്ജനിക്കുകയാണ്. വിപണിയുടെയും ആര്‍ത്തിപ്പണ്ടാരത്തത്തിന്റെയും കിരാതത്വമൂല്യസംഹിതകളെ മനുഷ്യത്വംകൊണ്ട് നേരിടാനാകുമെന്ന ഉറച്ചബോധ്യമാണ് ഇടശ്ശേരിക്കാറ് എന്ന കഥ. (ഈ കഥയില്‍ ഇടശ്ശേരി കാറിന്റെ രൂപത്തിലാണ് പുനരവതരിച്ചതെങ്കില്‍ 'ഉറൂബ് എന്ന ആംബുലന്‍സ് ഡ്രൈവര്‍' എന്ന കഥയില്‍ ഉറൂബ് പുനര്‍ജനിക്കുകതന്നെയാണ്. അദ്ദേഹം അന്വേഷിച്ച് കണ്ടെത്താന്‍ ശ്രമിക്കുന്നതും മനുഷ്യത്വമാണ്.) കഥയില്‍ ഇടശ്ശേരി സാംസ്‌കാരികപൈതൃകമായി മാറുകയാണ്. കാലാകാലം സൂക്ഷിച്ചുവയ്‌ക്കേണ്ട മൂല്യങ്ങളെയും ചിന്തകളുടെയും പൈതൃകം.
'ഇരുള്‍ മൂടിക്കെട്ടിയ കൂറ്റന്‍ ലോറി'യാണ് ആ കാര്‍ ഇടിച്ചു തകര്‍ത്തത്. നവകാലത്തെ മുടിയ ഇരുട്ടിന്റെ ആക്രമണം. വര്‍ത്തമാനകാലത്ത് പെരുകുന്ന മനുഷ്യ ത്വഹീനമായ പ്രവൃത്തികളെ തടയിടാന്‍ ഇടപെടുന്ന കര്‍തൃത്വങ്ങള്‍ ഉണ്ടാകണം. ഉറച്ച നിലപാടുകളുടെ അഭാവം സൃഷ്ടിക്കുന്ന ചാഞ്ചല്യങ്ങള്‍ മറികടക്കാന്‍ പാകമായ ബുദ്ധിവൈഭവം ഉണ്ടാകണം. അതെല്ലാം നമ്മുടെ തന്നെ ഈടുവയ്പുകളില്‍ ഉണ്ട്. വര്‍ത്തമാനകാലത്തിന്റെ അവ്യവസ്ഥകളെ മറികടക്കുവാന്‍ ഭൂതകാലനന്മകളെ തിരികെ കൊണ്ടുവരിക. പുതിയ കാലത്തിന്റെ മൂല്യ/ഗുണരാഹിത്യം-പഴയകാലത്തിന്റെ മൂല്യ/ഗുണസമൃദ്ധി-ഇവ തമ്മിലുള്ള ഉരസല്‍ കഥയുടെ അഭിസംക്രമണഘടനയെ രൂപപ്പെടുത്തുന്നു. എന്തുകൊണ്ട് അമ്പതുകള്‍ - അറുപതുകള്‍? ഉത്തരം കഥയിലുണ്ട്.
- കക്ഷികള്‍ തരുന്ന പണം സൂക്ഷിച്ചു കൈകാര്യം ചെയ്യണം എന്ന് ഉപദേശിച്ചിരുന്ന രാമന്‍മേനോന്‍ വക്കീലും പട്ടിണിയിലും പരിവട്ടത്തിലും ആയിരുന്നിട്ടും അണാപൈസ കണക്കു തെറ്റാതെ സൂക്ഷിച്ചിരുന്ന ഗോവിന്ദന്‍ എന്ന ആധാരമെഴുത്തുകാരനും പ്രതിനിധാനം ചെയ്യുന്നത് സാമ്പത്തിക ക്രമക്കേടില്ലാത്ത സംവിധാനത്തെയാണ്. അത് മനുഷ്യോന്മുഖമായ ഒന്നാണ്. പ്രായോഗികതയല്ല, മൗലികതയാണ് അന്ന് പ്രധാനമായിരുന്നത്.
- ജാതിമതഭേദമില്ലാതെ എല്ലാവരെയും ചേര്‍ത്തുനിര്‍ത്തി സ്‌കൂള്‍ ഗ്രൗണ്ടില്‍ നക്ഷത്രങ്ങള്‍ എണ്ണി പ്രകാശമയം തന്നെ പ്രപഞ്ചമെന്ന് വിശ്വസിച്ച ഉറൂബ് എന്ന ബിംബം അക്കാലത്തിന്റെ സ്‌നേഹോന്മുഖവും ജീവിതോന്മുഖവുമായ പ്രതിനിധാനമാണ്. എങ്ങനെയും പണം ഉണ്ടാക്കണം എന്ന പുതിയ കാലത്തിന്റെ ആര്‍ത്തിനിറഞ്ഞ ആഭിചാരങ്ങളെ ഇത് പ്രതിരോധിക്കുന്നു. മനുഷ്യനെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍തിരിക്കുന്ന നവകാലവര്‍ഗീയഭ്രാന്തുകള്‍ക്ക് ബദല്‍ കാണിച്ചുതരുന്നു. ഭാവി വാര്‍ത്തെടുക്കുന്ന വിദ്യാലയമുറ്റത്ത് കിടന്നുകൊണ്ടാണ് നക്ഷത്രങ്ങളെണ്ണി പ്രപഞ്ചം പ്രകാശമയമെന്ന് ഉറൂബ് ഉറപ്പിച്ചത്. പ്രകാശം നിറഞ്ഞ ആ കാലത്തു നിന്നാണ് ഇടശ്ശേരിക്കാര്‍ ഇക്കാലസന്തതിക്ക് ഊര്‍ജ്ജം പകര്‍ന്നു നല്‍കിയത്. ആ പ്രകാശം നിറഞ്ഞ കാലത്തെയാണ് ഇരുള്‍ മൂടിക്കെട്ടിയ കൂറ്റന്‍ ലോറി ഇടിച്ചു ചിതറിച്ചത്. പ്രകാശം-ഇരുട്ട് എന്ന ദ്വന്ദ്വത്തെ കഥാകൃത്ത് മുഖാമുഖം നിര്‍ത്തുന്നു. ആത്യന്തികമായി സമകാലികമായ മൂല്യസംഘര്‍ഷത്തെ നേര്‍ക്കുനേര്‍ ആവിഷ്‌കരിച്ചിരിക്കുന്നു. പുതിയ വൈബുകളുടെ കാലത്തെ വിപരീതങ്ങളെയും മൂല്യാമൂല്യങ്ങളെയും കഥ പ്രത്യക്ഷപ്പെടുത്തുന്നു. അത് ആഖ്യാനത്തിന്റെ ആന്തരികഘടനയില്‍ ഹെമിംങ് വേയെപ്പോലെ ഗദ്യത്തിന്റെ പരിമിതികള്‍ ലംഘിക്കുംവിധം ഭാഷയുടെ ബഹുസൂക്ഷ്മതലങ്ങളെയും, മറ്റുചിലപ്പോള്‍ വി.കെ.എന്‍. കെട്ടിപ്പൊക്കിയ പദലീലകളെയും സമന്വയിപ്പിക്കുന്ന കലാതന്ത്രം സ്വീകരിച്ചാണ് വികസ്വരമാകുന്നത്.
സംഹാരതയുടെ സ്ത്രീസ്വത്വവിചാരം
മനുഷ്യനന്മയെ കേന്ദ്രപ്രമേയമായി ആവിഷ്‌കരിക്കുകയാണ് ഇവാക്വേറ്റ്, ഇവാക്വേറ്റ്, ഇവാക്വേറ്റ് എന്ന കഥ. എയര്‍ ഹോസ്റ്റസായ സുനിഷയുടെ ദുരന്തജീവിതമാണ് കഥാബീജം. സര്‍വ്വവിനാശത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കാന്‍ പോംവഴി മനുഷ്യരാശിയെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കിയാല്‍ മതി എന്ന കാഴ്ചപ്പാട് കഥയില്‍ വികസിക്കുന്നു. ''ഭൂലോകം പോലെ തന്നെ നശിച്ച അവസ്ഥയിലാണല്ലോ താനും ഉള്ളത്'' എന്ന തിരിച്ചറിവ് സുനിഷയ്ക്ക് ലഭിക്കുന്നത് ബ്രൂണോ ലാത്തൂരിന്റെ 'ഹ്യൂമന്‍ ഷുഡ് ഇവാക്വേറ്റ് ദ ഗ്ലോബ്' എന്ന, മനുഷ്യരാശിയെ വിചാരണ ചെയ്യുന്ന പുസ്തകത്തിലൂടെയും അവളുടെ തന്നെ ജീവിതത്തിന്റെ അയവിറക്കലിലൂടെയുമാണ്. തന്റെയും ഭൂമിയുടെയും അവസ്ഥ ഒന്നു തന്നെയാണെന്ന തിരിച്ചറിവിലാണ്, കാലാവസ്ഥാ വ്യതിയാനത്താല്‍, പെട്ടെന്ന് ഉരുണ്ടുകൂടിയ ഗജ കേസരികള്‍ക്കുസമമായ മേഘകൂമ്പാരങ്ങളില്‍ ഇടിച്ച, അറേബ്യന്‍ സമുദ്രത്തിനു മുകളില്‍ക്കൂടി പറക്കുകയായിരുന്ന യാത്രാവിമാനത്തില്‍ നിന്നുള്ള ഇവാക്വേഷന്‍, ജലനിരപ്പില്‍ എത്തുന്നതിനുമുമ്പ്, അതായത് വായുമധ്യത്തില്‍ വച്ചുതന്നെ വാതില്‍ തുറക്കാന്‍, ക്യാപ്റ്റന് മുന്നേത്തന്നെ അവള്‍ നിര്‍ദ്ദേശം നല്‍കിയത്. 'അതിലൂടെ അവള്‍ ഉള്‍പ്പെടെ വിമാനത്തിലെ 179-മനുഷ്യരും ആവിപ്പെട്ടു.'' ബ്രൂണോ ലാത്തൂരിന്റെ സിദ്ധാന്തം അവളാല്‍ കഴിയും വിധം സഫലീകരിച്ചു. അതാകട്ടെ ഇതര ജീവികള്‍ സമാധാനത്തോടെ, സന്തോഷത്തോടെ, ഭൂമിയില്‍ പുലരാന്‍ വേണ്ടിയാണ്. ''മനുഷ്യ നാമത്തിന് അര്‍ഹത നഷ്ടപ്പെട്ട മനുഷ്യരുടെ വേദിയൊഴിയലില്‍ ആനന്ദപ്പെട്ടാണ് സുനിഷയപ്പോള്‍ സമുദ്രത്തിലേക്ക് പതിച്ചത്.'
ഇത്തരമൊരു ആനന്ദത്തിലേക്ക് അവള്‍ എത്തിച്ചേര്‍ന്നതിന്റെ പശ്ചാത്തലം ആഖ്യാനത്തിലുടനീളം രാമനുണ്ണി കൊണ്ടുവന്നിട്ടുണ്ട്. പ്രണയിച്ചു വിവാഹം കഴിച്ച, പ്രണയം- സ്‌നേഹം-എന്താണെന്ന് എല്ലാ അര്‍ത്ഥത്തിലും സമ്പൂര്‍ണ്ണതപ്പെടുത്തിയ മാതാപിതാക്കളുടെ മകളാണ് അവള്‍. വിവാഹശേഷം, പതിനേഴാം വര്‍ഷം, ക്യാന്‍സര്‍ ബാധിതയായ അമ്മയെ തികഞ്ഞ ആത്മാര്‍ത്ഥതയോടെ പരിചരിച്ച അച്ഛന്‍ പെട്ടെന്ന് കുഴഞ്ഞുവീണു മരിച്ചു. അച്ഛന്റെ മരണമുണ്ടാക്കിയ ബാധ്യതകള്‍ തീര്‍ക്കാനും അമ്മയുടെ കീമോയ്ക്കും, പഠിക്കാന്‍ മിടുക്കുള്ള സഹോദരനെ മെഡിസിന് ചേര്‍ക്കാനും, വീടിന്റെ അറ്റകുറ്റപ്പണികള്‍ നടത്താനും പണം വേണ്ടതിനാല്‍ ജോലി അനിവാര്യമായി. സ്ത്രീ എന്ന നിലയില്‍ എപ്രകാരമാണ് തന്റെ തൊഴിലിടത്ത് പരിഗണിക്കപ്പെടുന്നത് എന്നതിനെപ്പറ്റി അവള്‍ ബോധവതിയായിരുന്നു.
''സമൃദ്ധമായ തീന്‍മേശ പോലെയാണ് സുനിഷ തന്റെ പ്രതിബിംബത്തെ ആള്‍ക്കണ്ണാടിക്ക് മുമ്പില്‍ നോക്കിക്കണ്ടത്.'' അതാകട്ടെ, ആ തീന്‍മേശ ക്യാപ്റ്റന്‍മാര്‍ക്കും ഓഫീസേഴ്‌സിനും പാസഞ്ചേഴ്‌സിനും സമര്‍പ്പിക്കാനുള്ളതാണെന്ന് തനിക്ക്, സ്ത്രീക്ക്-ചുറ്റും തുറിച്ചു നില്‍ക്കുന്ന കാമനയുടെ - ആസക്തിയുടെ നോട്ടങ്ങളെയാണ്-പ്രത്യക്ഷമാക്കുന്നത്. ആകാശ സുന്ദരിയുടെ വിപണനമൂല്യം ആ ജോലിയുടെ തിരഞ്ഞെടുപ്പില്‍ത്തന്നെയുണ്ട്. ''ബോഡിമാസ് ഇന്‍ഡക്‌സ്'' കൃത്യമായിരിക്കണം. ആകെമൊത്തം ലാവണ്യം ഉള്ള ഓരോരോ അവയവവും സുന്ദരമായിരിക്കണം. പാസഞ്ചര്‍ ''വേണ്ടാതീനം'' കാട്ടിയാല്‍ പെട്ടെന്ന് പ്രതികരിക്കാന്‍ പാടില്ല. യാത്രക്കാരുടെ ഇളകിയാട്ടങ്ങളോ കുഴമറിച്ചിലുകളോ തുടയ്ക്കു തലോടലുകളോ കാലില്‍ ചൊറിയലുകളോ ഉള്‍പ്പെടെ എന്തിനോടും സംയമനം പാലിക്കണം. നിവൃത്തികേടുകൊണ്ട് പ്രതികരിച്ചു പോയാല്‍ ''പ്രശ്‌നക്കാരി'' എന്ന പട്ടം കിട്ടും.
എയര്‍ഹോസ്റ്റസിന്റെ ജോലിയില്‍, അധികം പറക്കല്‍നേരം കിട്ടിയാല്‍ ഉണ്ടാകുന്ന സാമ്പത്തികലാഭത്തിനു വേണ്ടതുകൂടി അവള്‍ ചെയ്തിരുന്നു. ഇതിനിടയില്‍ സ്‌നേഹം നടിച്ച് പിന്നാലെ കൂടിയ ക്യാപ്റ്റനോട് അവള്‍ക്ക് പ്രണയം തോന്നി. എന്നാല്‍ അയാള്‍ പുതിയ ''ക്യാബിന്‍ ക്രൂ''വിന്റെ പിന്നാലെ പോയി. തന്നിലെ എന്തോ അരുചിയാണ് ആ ഭക്ഷണപ്രിയനെ മുഖം തിരിപ്പിച്ചതെന്ന് തോന്നി. ഇതിനിടയില്‍ അവള്‍ക്ക് ആശ്രയമായ അമ്മ മരിച്ചു. അതോടെ അവളുടെ ആത്മാവ് ചത്തുപോയി. മൊത്തത്തില്‍ പൊളിഞ്ഞ-തകര്‍ന്ന ജീവിതം. അപ്പോഴാണ് മനുഷ്യരാശിയെ വിചാരണ ചെയ്യുന്ന പുസ്തകത്തിലെ കണ്ടെത്തലുകളിലേക്ക് അവള്‍ ചെന്നെത്തുന്നത്. അവിടം മുതല്‍ കഥാഖ്യാനത്തിന്റെ കാതല്‍ പുതുവലയങ്ങളില്‍ ചുറ്റിത്തിരിഞ്ഞു കയറുന്നു. ബ്രൂണോ ലാത്തൂരിന്റെ മൂന്ന് ആശയങ്ങള്‍: അതില്‍ ആദ്യത്തേത് മറ്റു ജീവജാലങ്ങള്‍ അവരുടെ സ്വത്വം അനായാസം കൈവരിക്കുമ്പോള്‍, അതായത് പൂച്ച മാര്‍ജ്ജാരകത്വവും പശു ഗോത്വവും എളുപ്പം കൈവരിക്കുമ്പോള്‍ മനുഷ്യര്‍ അങ്ങനെയൊന്നും മനുഷ്യത്വത്തില്‍ എത്തുന്നില്ല.
''കാരുണ്യം, ദയ, പരക്ലേശവിവേകം എന്നിവ പരിപാലിക്കാന്‍ മനുഷ്യനാഗരികത അമ്പേ പരാജയപ്പെട്ടതാണ് മഹാമാരികള്‍ക്കും കാലാവസ്ഥാ വ്യതിയാനത്തിനും ആഗോളതാപനത്തിനും വഴിവെയ്ക്കുന്നത്. അതിനാല്‍ പാന്‍ഡമിക്കുകളും ഫ്‌ളഡുകളും ഡ്രോട്ടുകളും ആവര്‍ത്തിച്ചുകൊണ്ടിരിക്കും.'' രണ്ടാമത്തേത് മനുഷ്യസൃഷ്ടമായ ദുരിതങ്ങള്‍ മനുഷ്യനെ മാത്രമല്ല, മറ്റു ജീവ ജാലങ്ങളെയും മാരകമായി ബാധിക്കുന്നു. മൂന്നാമത്തെ ആശയമാണ്, മനുഷ്യനുവേണ്ടി ഭൂമിയിലെ കോടിക്കണക്കിനു ജീവജാലങ്ങളുടെ ജീവിതാഭിലാഷം നിഷേധിക്കണോ എന്നത്. മനുഷ്യ നില്ലാതായാല്‍ മാത്രമേ അവയ്ക്ക് അതിജീവനമുള്ളു എന്ന സ്ഥിതി. എങ്കില്‍ ഭൂലോകത്തെ മനുഷ്യ നിര്‍മുക്തമാക്കുക. ബ്രൂണോ ലാത്തൂരിനെ വായിച്ച് സുനിഷയിലെ നിരാശ തിടം വച്ചു. താന്‍ അകപ്പെട്ടിരിക്കുന്നത് മനുഷ്യത്വമില്ലാത്തവരുടെ ഇടയിലാണ്. തനിക്കുചുറ്റുമുള്ളവര്‍ സൃഷ്ടിച്ച ദുരിതം തന്നെ മാരകമായി ബാധിച്ചിരിക്കുന്നു. അവരെ ഇല്ലായ്മചെയ്യുക. വിവേകരഹിത നിലയിലുള്ള മനുഷ്യ ഇടപെടലുകള്‍ മനുഷ്യാസ്ഥിത്വത്തെയും ഭൂമിയുടെ നിലനില്‍പ്പിനെയും ഒരുപോലെ ബാധിക്കുന്നു. ഭോഗാസക്തി നിറഞ്ഞ മൂലധന-വിപണിസംസ്‌കാരം എല്ലാ വിധത്തിലുമുള്ള സുസ്ഥിരസങ്കല്പത്തെയും അട്ടിമറിക്കുന്നു. മാറുന്നലോകത്തിന്റെ ദുരന്തങ്ങളെ കഥ ആഖ്യാനം ചെയ്യുകയും ഭൂമിയുടെയും സ്ത്രീയുടെയും സത്തയ്ക്കു മീതെയുള്ള കടന്നുകയറ്റത്തെ സര്‍ഗ്ഗാത്മക ചാതുര്യത്തോടെ അവതരിപ്പിക്കുകയും ചെയ്യുന്നു.
മനുഷ്യരില്‍ അനിവാര്യമായും രൂപപ്പെടേണ്ടതാണ് മനുഷ്യത്വം. അതിന്റെ അഭാവം സസ്യങ്ങളിലും ജന്തുക്കള്‍ക്കളിലും മാറ്റം വരുത്തുക മാത്രമല്ല, ഭൂമിയുടെ സര്‍ഗ്ഗശക്തി ക്ഷയിപ്പിക്കുകയും ചെയ്തു. മനുഷ്യത്വഹീനമായ ഇടപെടലുകളുടെ ഫലമായി സുനിഷയുടെ സര്‍ഗ്ഗശക്തി സംഹാരാത്മകമായി മാറി. ആര്‍ട്ടിഫിഷ്യല്‍ ഇന്റജന്‍സിലേക്കുവരെ മനുഷ്യഭാവന വികസിച്ചു. എന്നാല്‍ മനുഷ്യബന്ധങ്ങള്‍ കൃത്രിമമായി. മനുഷ്യരാശിയ്ക്ക് പ്രാപഞ്ചികയാത്രയില്‍ പല കാലങ്ങളിലായി സംഭവിച്ച ച്യുതിയില്‍നിന്ന് ഉയരാന്‍ കഴിഞ്ഞിട്ടില്ല. മനുഷ്യപ്രകൃതി നിശ്ചല യാഥാര്‍ത്ഥ്യമല്ല. അത് ചലനാത്മകതയാണ്. അതിന്റെ കര്‍തൃസ്ഥാനം കൈയാളുന്ന മനുഷ്യനില്‍ അനിവാര്യമായും 'മനുഷ്യത്വം' ഉറയ്‌ക്കേണ്ടതായിരുന്നു. അതിന്റെ സ്ഥാനത്ത് പൗരുഷരൂപമാര്‍ന്ന ഭോഗാതുരതയാണ് നിലനില്ക്കുന്നതെന്ന് ഈ കഥ പറയുന്നു.
അമ്മയുടെ മരണത്തോടെയാണ് സുനിഷ നിരാലംബതയുടെ പടുകുഴിയിലേക്ക് നിപതിക്കുന്നതും നിസ്സംഗതയിലേയ്ക്ക് പ്രവേശിക്കുന്നതും. അവിടെനിന്നാണ് അവളിലെ ഭൂമിചിന്ത വികസിച്ചത്. ഭൂമി അമ്മയാണ്. സ്ത്രീസത്തയാണ്. ഭൂമിയ്‌ക്കെതിരെയുള്ള അതിക്രമം സ്ത്രീയ്ക്ക് എതിരെയുള്ളതാണ്. മാതൃകേന്ദ്രിതമായ പ്രപഞ്ചസങ്കല്പത്തെയാണ് അവള്‍ സ്വയം ആവിഷ്‌കരിച്ചത്. മേല്‍കൈ നേടുന്നത് പുരുഷ കേന്ദ്രിതജീവിതമാണ്. അവിടെ അവള്‍ക്ക് അര്‍ഹമായ സ്വീകാര്യത ലഭിക്കുന്നില്ല. അങ്ങനെ അവള്‍ ഇവാക്വേറ്റ് ചെയ്യുന്നത്, പുരുഷമൂല്യ ഘടനകളെക്കൂടിയാണ്.
നവരാഷ്ട്രീയത്തിന്റെ വിചാരമാതൃകകള്‍
ഹിംസാത്മകതയുടെയും വിഭജനത്തിന്റെയും വര്‍ഗീയതയുടെയും മൂല്യസങ്കല്പങ്ങളെയും വിചാര മാതൃകകളുടെയും സ്ഥാനത്ത്, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, അഖണ്ഡമായ രാഷ്ട്രീയജീവിതം വിഭാവന ചെയ്യുന്നതാണ് ബാപ്പുജിയും നേതാജിയും എന്ന കഥ. ഏകശിലാസ്വഭാവമല്ല, നാനാത്വത്തിലെ ഏകത്വത്തെയും, കേന്ദ്രീകരണത്തിനു പകരമായി വികേന്ദ്രീകരണത്തെയും ഈ കഥ ശിരസ്സാവഹിക്കുന്നു. ആത്യന്തികമായി മനുഷ്യാവസ്ഥയെ സംഗീതാത്മകമാക്കുക എന്നതിനാണ് ഊന്നല്‍. മഹേഷ് മേനോന്‍ എന്ന ചലച്ചിത്രസംവിധായകന്‍ പറയുന്നു: ''പ്രിയപ്പെട്ടവരേ എങ്ങനെയെങ്കിലും ബാപ്പുജിയേയും നേതാജിയെയും തിരികെ കൊണ്ടുവരണം. അല്ലെങ്കില്‍ നമ്മള്‍ നശിക്കും, നമ്മുടെ രാജ്യം നശിക്കും. രാജ്യത്തെ ജീവജാലങ്ങളും പ്രകൃതിയും നശിക്കും.'' സമകാലികരാഷ്ട്രീയം നാശോന്മുഖമാണെന്നും അത് വലിയ വിനാശങ്ങള്‍ സൃഷ്ടിക്കുമെന്നുമുള്ള ഉത്കണ്ഠ ഇവിടെയുണ്ട്. തന്റെ ശവശരീരത്തിന് മുകളിലൂടെ മാത്രമേ ഇന്ത്യ വിഭജിക്കപ്പെടൂ എന്ന നിലപാടായിരുന്നു ഗാന്ധിജിക്ക് ഉണ്ടായിരുന്നത്. നേതാജി ജീവിച്ചിരുന്നെങ്കില്‍ ഇന്ത്യാവിഭജനത്തെ ഗാന്ധിജിക്കൊപ്പം നിന്ന് തടയുമായിരുന്നു. അങ്ങനെ പതിനായിരക്കണക്കിന് ജനങ്ങളുടെ നരകീയമരണം ഒഴിവാക്കാമായിരുന്നു. വര്‍ഗീയത രാജ്യത്ത് ഇല്ലാതാകുമായിരുന്നു. അഖണ്ഡഭാരതം ലോകോത്തര ശക്തിയായി ഉയരുമായിരുന്നു. ഇത്തരം രാഷ്ട്രീയ ആശയങ്ങള്‍ കഥയുടെ ആന്തരികതയില്‍ മുറുകുന്നുണ്ട്. പുത്തന്‍ ഇന്ത്യയെക്കുറിച്ചുള്ള ചിന്തകള്‍ മഹേഷ് മേനോന്‍ ചലച്ചിത്രമായി സംവിധാനം ചെയ്യുന്നു.
നേതാജി പ്ലെയിന്‍ ക്രാഷില്‍ മരിക്കുന്നില്ല. ഗാന്ധിജിയും നേതാജിയും ഒന്നുചേര്‍ന്ന് അഖണ്ഡഭാരതം സംരക്ഷിക്കുന്നു. രാഷ്ട്രപിതാവായ ഗാന്ധിജി, നെഹ്‌റുവിന് പകരം ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയായി നേതാജിയെ നിയോഗിക്കുന്നു. അത് പുതിയ ഒരു ഇന്ത്യയായിരുന്നു. ചലച്ചിത്രം കണ്ട് ജനങ്ങള്‍ ആവേശഭരിതരായി. ചലച്ചിത്രം അവസാനിച്ചിട്ടും അവര്‍ സിനിമക്കൊട്ടകയ്ക്കുള്ളില്‍ നിന്നു കൈയടിച്ചു. പുറത്തേക്കിറങ്ങാന്‍ വിമുഖരായി. കലയിലൂടെ ജനങ്ങള്‍ രാജ്യത്തെ പുതുക്കിപ്പണിയാന്‍ പോകുന്നു എന്ന ചിന്ത. വര്‍ത്തമാനകാലജീവിതത്തെ മൂടിയിരിക്കുന്ന ഇരുട്ടിനെ വകഞ്ഞു മാറ്റാന്‍, ഭൂതകാലത്തിലെ മഹാബിംബങ്ങള്‍ക്കും അവര്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്കും സാധിക്കുമെന്ന പ്രമേയമാണ് ഇവിടെയും പ്രത്യക്ഷമാകുന്നത്. ഇത് കഥയില്‍ രാഷ്ട്രീയമായി പുതിയ വൈബ് ആണ് സൃഷ്ടിക്കുന്നത്.
ബീജസങ്കലനത്തിലെ അട്ടിമറിരാഷ്ട്രീയം
നൂറ്റാണ്ടുകളായി രൂപപ്പെട്ട പുരുഷകേന്ദ്രിതവും വരേണ്യബദ്ധവുമായ സാമൂഹ്യഘടനയില്‍ 'മനുഷ്യത്വ'ത്തെ, വര്‍ണ്ണ-വര്‍ഗ്ഗ-ജാതി രഹിതമായ സത്തയെ, സൃഷ്ടിച്ചെടുക്കാനുള്ള വിത്തുപാകല്‍ പ്രക്രിയയാണ് ആയുഷ്മാന്‍ ഭവ എന്ന കഥ. സുനിഷയുടെ വിധ്വംസകത അല്ലെങ്കില്‍ ഭജ്ജനസ്വഭാവം ഇതിലെ സബിത ഭട്ടതിരിയ്ക്കും ഉണ്ട്. വിവാഹിതയും എല്‍.കെ.ജിക്കാരിയുടെ അമ്മയും ജീനോമിക്‌സില്‍ ബാംഗ്ലൂരിലെ ഉന്നതശാസ്ത്രസ്ഥാപനത്തില്‍ ഗവേഷകയുമായ (ഉന്നതകുലജാതയായ) സബിത തന്റെ അതേമേഖലയില്‍ ഗവേഷകനായ, പനിയാറി ഗോത്രവിഭാഗത്തില്‍പ്പെട്ട പുനീത്കുമാറിന്റെ ബീജം ''ലൈംഗികബന്ധത്തിലൂടെ'' സ്വീകരിച്ച് പുതുചരിത്രം നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്. കുമാരനാശാന്റെ ദുരവസ്ഥ എന്ന കാവ്യത്തിലെ സാവിത്രിക്ക് ചെയ്യാന്‍ സാധിക്കാത്തത് തനിക്ക് ചെയ്യാന്‍ കഴിയും എന്ന തീരുമാനം. ''ചാത്തനെ പഠിപ്പിക്കുകയും പരിഷ്‌കരിക്കുകയും അല്ലാതെ അവന്റെ നിഷ്‌കളങ്കമായ വിത്ത് തന്നിലൂടെ മുളപ്പിച്ചെടുക്കാന്‍ അവള്‍ക്ക് കഴിഞ്ഞിട്ടില്ലല്ലോ' എന്ന് സബിത ഓര്‍ക്കുന്നു. സബിത ചെയ്യുന്നത്, ''നൂറ്റാണ്ടുകളായി നശിപ്പിക്കപ്പെട്ട കീഴാളജനിതകത്തെ കരുതലോടെ ഉദരത്തില്‍ പേറുക... ദീര്‍ഘായുസ്സിലേക്ക് പരിപോഷിപ്പിച്ചു വളര്‍ത്തുക''- ഇതാണ് അവളുടെ ദൗത്യം. ഇത്തരമൊരു മനോനിലയിലേക്ക് സബിത എന്തുകൊണ്ട് എത്തിച്ചേര്‍ന്നു എന്നത് ആഖ്യാനത്തില്‍ പ്രത്യക്ഷമാണ്. അതില്‍ പ്രധാനം, സോഫ്റ്റ്‌വെയർ എന്‍ജിനീയറായ ഭര്‍ത്താവ് അശ്വിന്‍ നമ്പൂതിരിക്ക് തന്റെ ''ലാപ്‌ടോപ്പ് ആവശ്യങ്ങളുടെ'' നൂറിലൊന്നിനുപോലും ഭാര്യയെ ആവശ്യമില്ല എന്നതാണ്.
മാസത്തില്‍ അധികദിവസവും അയാള്‍ ഔദ്യോഗിക യാത്രകളിലാണ്. മറ്റൊന്ന്, അവളിലെ ഭട്ടതിരിത്വവും പുനീതിലെ ദളിതത്വവും. അവള്‍ ഓര്‍ക്കുന്നുണ്ട്, കുട്ടിക്കാലത്ത്, പുരോഗമന ബ്രാഹ്‌മണരായിരുന്നതിനാല്‍ ഭട്ടതിരീസ് കോട്ടേജിലേക്ക് ലക്ഷംവീട്ടിലെ ചെറുമക്കുട്ടികള്‍ ശങ്കയില്ലാതെ കടന്നുവന്നിരുന്നത്. ക്രിക്കറ്റ് ഭ്രാന്ത് മൂത്ത്, ജ്യേഷ്ഠന്മാര്‍ ഉപേക്ഷിച്ച പാവം അനിയത്തിയുമായി അവര്‍ കൂട്ടുകൂടി. ഭവ്യതയോടെയും ശങ്കയോടെയും കൂടി നമ്പൂതിരി പെണ്‍കുട്ടികളോട് അവര്‍ സംസാരിക്കുകയും ചൂണ്ടിക്കാണിക്കുന്ന ചാമ്പക്കയും നെല്ലിക്കയും പറിച്ചു കൊടുക്കുകയും മണ്ണപ്പം ചുടാന്‍ ചിരട്ട പെറുക്കി കൊടുക്കുകയും അച്ഛനും അമ്മയും കളിക്കാന്‍ ഒപ്പം ചേര്‍ന്നിരിക്കുകയും ചെയ്തിരുന്നു. അതിന്റെ ആവര്‍ത്തനം അവളുടെ ജീവിതത്തില്‍ തുടരുന്നു. ഇല്ലത്തെ പെണ്‍കുട്ടികളോട് കുട്ടിക്കാലത്ത് ജ്യേഷ്ഠസഹോദരന്‍ കാണിച്ച അതേ അവഗണനയാണ് വിവാഹശേഷം അശ്വിന്‍ നമ്പൂതിരി, സബിതയോട് പുലര്‍ത്തിക്കൊണ്ടിരുന്നത്.
കുട്ടിക്കാലത്ത് ഇല്ലത്തെ പെണ്‍കുട്ടികളോട് ചെറുമക്കുട്ടികള്‍ കാണിച്ച അതേ പരിഗണന തന്നെയാണ് പുനീത്കുമാര്‍ ഇപ്പോള്‍ അവളോട് പുലര്‍ത്തുന്നതും. സഹോദരന്മാരില്‍നിന്നും പിന്നീട് ഭര്‍ത്താവില്‍നിന്നും ഉണ്ടായ അവഗണന- ആ രണ്ട് ഘട്ടത്തിലും അവള്‍ക്ക് കീഴാളരായവരില്‍നിന്നു കിട്ടിയ പരിഗണന- ഈ ദ്വന്ദ്വത്തിലാണ് കഥ നിലകൊള്ളുന്നത്. ഓരോ സ്ത്രീയും തന്റെ ഉള്ളില്‍ ഒരു പുരുഷനെ ഉള്‍ക്കൊണ്ടാണ് ജീവിക്കുന്നത്. അതില്ലാതെ വരുമ്പോഴാണ് ഭിന്നതകള്‍ രൂപപ്പെടുന്നത്. സവിശേഷപ്രവൃര്‍ത്തികളില്‍ കേന്ദ്രീകരിക്കുന്ന പുരുഷസത്തയ്ക്ക്, പലപ്പോഴും സ്ത്രീ ആഗ്രഹിക്കുന്ന സ്‌നേഹവും പരിഗണനയും സംരക്ഷണവും നല്‍കാന്‍ കഴിയുന്നില്ല.
നൈമിഷികമായ അനുഭൂതികളുടെ ലോകത്തുനിന്ന്, സ്ത്രീയെ ആഹ്ലാദിപ്പിക്കാന്‍ കഴിയുന്ന സ്ഥായിയായ വൈകാരികത സൃഷ്ടിക്കാന്‍ പുരുഷന് സാധിക്കുന്നില്ല. ആ കരുതലില്ലായ്മയെ മുറിച്ച് കടക്കുവാന്‍, അതിലൂടെ തന്റെ കാലഘട്ടത്തിലെ മനുഷ്യത്വമില്ലായ്മയ്ക്ക് ആഘാതചികിത്സ നല്‍കാനാണ് സബിത ശ്രമിക്കുന്നത്. അതിനവള്‍ സ്വീകരിച്ച മാര്‍ഗ്ഗമാണ്, തന്നിലെ ഭട്ടതിരിത്വത്തിലേക്ക് കീഴാളബീജത്തെ സ്വീകരിക്കുക എന്നത്. അതിന് ബ്രാഹ്‌മണ്യമേല്‍ക്കോയ്മ ലൈംഗികമായി കീഴാളജനതയോടു ചെയ്തിരുന്ന ദുരാചാരങ്ങള്‍ കഥയില്‍ ആവിഷ്‌കരിക്കുന്നു. ശരണ്‍കുമാര്‍ ലിംബാളയുടെ അക്കര്‍മാശി എന്ന നോവലിനെ ഒരു ഉപപാഠമായി കഥയില്‍ സ്വീകരിക്കുന്നു.
പനിയാറി ഗോത്രം അനുഭവിച്ച വിശപ്പിന്റെ ഘോരവഴികളാണ് അത്. അതിനെ അതിജീവിച്ച്, ശാസ്ത്രജ്ഞന്മാരും പ്രൊഫസര്‍മാരും ആയിട്ടുള്ളത് പുനീതിനെപ്പോലെ ചുരുക്കം ചിലര്‍ മാത്രമാണ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യോളജി നടത്തിയ പഠനത്തില്‍ തെളിഞ്ഞ വസ്തുത ഇവിടെ പ്രാധാന്യം അര്‍ഹിക്കുന്നു. ഇന്ത്യയിലെ മൊത്തം ഷെഡ്യൂള്‍ഡ് ട്രൈബുകളില്‍ ഏറ്റവും ആയുസ്സ് കുറഞ്ഞത് പനിയാറി വര്‍ഗ്ഗമാണ്. മറ്റ് ട്രൈബുകളുടെ ആയുര്‍ദൈര്‍ഘ്യം മുന്നാക്കക്കാരന്റെ 60% ആണെങ്കില്‍ പനിയാറികളുടെത് വെറും 30%. എന്താണ് കാരണം? നൂറ്റാണ്ടുകളായി നിലനിന്ന നിഷ്ഠൂരാചാരത്തിന്റെ ഫലം.
പനിയാറി പുരുഷന്‍ വിവാഹം കഴിച്ചാല്‍ ആദ്യരാത്രി വധു ബ്രാഹ്‌മണന്റേതാകണം. ആ ബന്ധപ്പെടലില്‍ ഉണ്ടാകുന്ന കുട്ടികള്‍ ജാതിഭ്രഷ്ഠരാണ്. അവരാണ് അക്കര്‍മാശികള്‍. പനിയാറികള്‍ അക്കര്‍മാശികളെ അത്യന്തം നിന്ദയോടെയാണ് കണ്ടിരുന്നത്. അത്തരം കുട്ടികള്‍ പിറക്കാതിരിക്കാന്‍ ജാതിയിലെ എല്ലാ നവവധുക്കള്‍ക്കും അവര്‍ വീര്യമേറിയ പച്ചമരുന്നുകള്‍ നല്‍കി. അതിന്റെ പ്രത്യാഘാതമാണ് പനിയാറികള്‍ക്കിടയിലെ വര്‍ദ്ധിച്ചതോതിലുള്ള ഗര്‍ഭമലസലും ആയുസ്സിന്റെ കുറവും. സബിതയും പുനീതും പുനരുല്പാദനത്തിനുവേണ്ടി താമസിക്കാന്‍പോയ റിസോര്‍ട്ടിന്റെ ഇടനാഴിയില്‍ വംശനാശം സംഭവിക്കുന്ന ജന്തുക്കളുടെ ചിത്രങ്ങള്‍ കണ്ട് സബിത മന്ദഹസിച്ചതിന്റെ പൊരുള്‍ ഉറഞ്ഞിരുക്കുന്നത് ഈ ചരിത്രത്തിനുള്ളിലാണ്.
സ്വന്തം സ്ത്രീത്വത്തിനോടും കീഴാളസ്ത്രീത്വത്തോടും ബ്രാഹ്‌മണ്യം നടത്തിയ ഹിംസാത്മകമായ ആധിപത്യത്തോടുമുള്ള പ്രതികാരനിര്‍വഹണമായി മാറുന്നു, പനിയാറി പുരുഷനില്‍നിന്ന് ലൈംഗികതയിലൂടെത്തന്നെയുള്ള ബീജധാരണം. ആ ബീജവര്‍ഷത്തില്‍ കീഴാളകര്‍ത്തൃത്വത്തിന്റെ പ്രതിഷ്ഠാപനവും പുളയ്ക്കുന്നുണ്ട്.''തന്റെ ഗര്‍ഭപാത്രത്തില്‍ പാഞ്ഞെത്തുന്ന പുരുഷബീജത്തെപ്രതി സബിത ഉണര്‍ന്നപ്പോള്‍ അവളില്‍ വിതയ്ക്കുന്ന സ്വവിത്തിന്റെ ഭാവിയോര്‍ത്താണ് പുനീത്കുമാര്‍ ഇടിച്ചിടിച്ചു കയറിയത്. തൊലിപ്പുറത്ത് വറ്റാതെ, പിറവി സ്വപ്നങ്ങളില്‍ ജ്വലിക്കുന്ന മൈഥുനം എത്ര അനുഭൂതിപ്രദം'' എന്ന് കഥാകൃത്ത് എഴുതുന്നു. സ്‌ത്രൈണപുരുഷ കാമനകള്‍ക്കതീതമായ ചരിത്രദൗത്യമായി മൈഥുനം മാറുകയാണ്. അത് പുതിയൊരു ചരിത്രനിര്‍മ്മിതിക്കു വേണ്ടിയാണ്.
കീഴാളബീജധാരണത്തെ കഥ സ്വയം വ്യാഖ്യാനിക്കുന്നുണ്ട്: ''പുനീത് ഇതൊരു ചാപല്യമായി ഒരിക്കലും കാണരുത്. ചരിത്രത്തിന്റെ പ്രായശ്ചിത്തക്രിയയാണിത്. ആയുസ്സുപോലും കവരപ്പെട്ട കീഴാളജീവനെ ഏറ്റെടുക്കുന്ന പ്രായശ്ചിത്തക്രിയ.'' അതിന് സബിതയ്ക്ക് കുടുംബവും കുട്ടിയും തടസ്സമല്ല. അവള്‍ ഓര്‍ക്കുന്നുണ്ട്, കല്യാണനാള്‍ മുതല്‍ അശ്വിന്‍ നമ്പൂതിരി ''നോണ്‍ ഇന്റര്‍ഫിയറിങ് ഹസ്ബന്‍ഡായിരുന്നു''എന്നത്. ''പ്രേമിക്കലും കാമിക്കലുമെല്ലാം, അപ്പോഴത്തേത് അപ്പോഴത്തേക്കു മാത്രം''എന്നതായിരുന്നു. എന്നാല്‍ കീഴാളന്റെ വിത്ത് വരേണ്യതയില്‍ മുളപ്പിക്കലും വളര്‍ത്തലുമൊന്നും അത്ര എളുപ്പമല്ലെന്ന യാഥാര്‍ത്ഥ്യത്തെക്കൂടി കഥ അടയാളം ചെയ്യുന്നു.
ഐ.ടി. കമ്പനിയിലെ സഹപ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തിന്റെ പിരിമുറുക്കത്തില്‍നിന്ന് രക്ഷനേടാന്‍ അശ്വിന്‍ സബിതയെത്തേടി എത്തുകയാണ്. അയാളുടെ രക്ഷനേടല്‍, അവളുമായുള്ള ലൈംഗികബന്ധവുമാണ്. സഹപ്രവര്‍ത്തകരോടുള്ള അടങ്ങാത്ത ദേഷ്യം അയാളില്‍നിന്ന് ''ഐ വോണ്ട് കോംപ്രമൈസ്, ഐ വോണ്ട് കോംപ്രമൈസ്'' എന്ന് മുഴങ്ങി. ആഭാസകരമായ ബലാത്സംഗ അവയവങ്ങളായി അയാള്‍ പരിണമിച്ചുകൊണ്ടിരുന്നു. മിഴിച്ചു നോക്കിയപ്പോള്‍ ഐ.ടി. പ്രൊഫഷണലിന്റെ സ്ഥാനത്ത് ''കുടുമയും കുറിയും പേറിയ'' ഒരു മനുഷ്യനെയാണ് സബിതയ്ക്ക് കാണാനായത്. അവള്‍ക്കെല്ലാം വ്യക്തമായി. അവള്‍ ദുരവസ്ഥയിലെ സാവിത്രിയോട് പറഞ്ഞു, ''പ്രിയപ്പെട്ട സാവിത്രി മുത്തശ്ശീ, പുലയനൊപ്പം പന്തിഭോജനം നടത്താം. അവന് അക്ഷരമധുരം പകരാം, അവനില്‍ അഭയം തേടാം. അവന്റെ കുടിലില്‍ ചേക്കാറാം. അവനൊപ്പം പാര്‍ക്കുകളിലും മാളുകളിലും ചുറ്റിക്കറങ്ങാം. എന്നാല്‍ ആ വിത്ത് മുളപ്പിക്കലും വളര്‍ത്തലും എളുതല്ലെന്ന് നിര്‍ണ്ണയം.'' ചാത്തന്റെ വിരലുകള്‍ ഈയക്കോലുപോലെ തണുത്തിരുന്നുവെന്ന് കുമാരനാശാന്‍ പറഞ്ഞു. അതിന്റെ കാരണക്കാരില്‍, ''പൗരാണികനുണ്ട്, ആധുനികനുണ്ട്, എന്റെ ഈ ഐ.ടി.എന്‍ജിനീയര്‍ പോലുമുണ്ട്'' എന്ന ചരിത്രസത്യം സബിതയില്‍ മുറുകി. ആ പുരുഷമുന്നേറ്റത്തില്‍ നിന്ന്, അവള്‍ അടിവയറിനെ സൂക്ഷിച്ചു.
ബഹുനിലക്കെട്ടിടം ഇടിഞ്ഞുപൊളിഞ്ഞ് വീഴും പോലെയായിരുന്നു അശ്വിന്‍ നമ്പൂതിരി അവസാനം സബിതയെ അമുക്കാന്‍ ശ്രമിച്ചത്. അവള്‍ പക്ഷേ, ഒഴിഞ്ഞുമാറി. ''കംസന്റെ കൈയില്‍നിന്ന് വഴുതിയ യോഗമായയായി പൊങ്ങി''. കട്ടിലിലും മേശമേലും ചാടിക്കയറി. ശരിക്കും ഉന്നതസ്ഥാനീയയായി. ഭര്‍ത്തൃശരീരം ചവിട്ടിത്താഴെയിട്ടു. എഴുന്നേല്‍ക്കാന്‍ സമ്മതിക്കാതെ നെഞ്ചില്‍ കയറി മെതിച്ചു. ''ഐ അപ്പോളജൈസ്'', കിടന്നകിടപ്പില്‍ അയാള്‍ പറഞ്ഞു. ''യൂ പീപ്പിള്‍ അപ്പോളജൈസ്''. അവള്‍ അരക്കിട്ടുറപ്പിച്ചു. അപ്പോള്‍ ക്ലോക്കില്‍ ഋണാത്മകതയില്‍ നിന്ന് മടിച്ചു മടിച്ചു പൂജ്യത്തില്‍ എത്തിയ കാലം ഒന്ന് അന്തം വിട്ടശേഷം ധനാത്മകഥയിലേക്ക് മിടിച്ചു. യൂറിന്‍ പ്രഗ്‌നന്‍സി ടെസ്റ്റ് പോസിറ്റീവായി. അതിനെ സബിത സ്വയം വിശേഷിപ്പിച്ചത്, ''വരേണ്യന്റെ കൈയിലെ കൊള്ളാവുന്നതെല്ലാം കീഴാളന്റേത് അടിച്ചു മാറ്റിയതല്ലേ'' എന്നാണ്. അനേകം അടരുകള്‍ ഉള്ള ബൃഹദ്പാഠം (text) ആണ് അതിലൂടെ കഥ നിവര്‍ത്തുന്നത്.
എത്രയോ ബ്രാഹ്‌മണസ്ത്രീകള്‍ കീഴാളവിഭാഗത്തില്‍പ്പെട്ട പുരുഷന്മാരെ സ്വീകരിച്ചിട്ടുണ്ട്. ഇതിഹാസത്തില്‍നിന്നും ചരിത്രത്തില്‍നിന്നും അതിന്റെ എത്രയെത്ര ഉദാഹരണങ്ങള്‍ നിരത്താം. അതിനെയെല്ലാം ഈ കഥ വിസ്മരിക്കുകയാണോ എന്ന ചോദ്യം വരാം. വിസ്മരിക്കുന്നതല്ല. പക്ഷേ നവോത്ഥാനങ്ങളെത്ര കഴിഞ്ഞിട്ടും മേലാള-കീഴാള ചേരികള്‍ നിലനിര്‍ത്തുന്ന മൂല്യസംഹിതകള്‍ ഐ.ടി. യുഗത്തിലും പ്രബലമാകുന്നു. അതിനെ തച്ചുടയ്ക്കാന്‍ സബിതയ്ക്കും സബിതയെപ്പോലുള്ള സ്വയം നിര്‍ണ്ണയാധികാരശേഷി നേടിയവര്‍ക്കും മാത്രമേ സാധിക്കൂ എന്ന പാഠമാണ് കഥ നെയ്‌തെടുത്തത്. സമത്വം അതിന്റെ ശരിയായ നിലയില്‍ രൂപപ്പെടാത്തതിന്റെ ഉത്കണ്ഠ കഥയുടെ ആന്തരിക വ്യനസമായി നിലകൊള്ളുന്നു.
സവിശേഷ കഥാപാത്രസൃഷ്ടിയാണ് സബിത ഭട്ടതിരിപ്പാടിന്റേത്. എന്തുകൊണ്ട് അവള്‍ അങ്ങനെ പെരുമാറുന്നു എന്നതിന്റെ യുക്തികള്‍ കഥയിലുടനീളം പ്രത്യക്ഷമാണ്. കഥാപാത്രത്തിന്റെയും കഥാവസ്തുവിന്റെയും സാംസ്‌കാരികഭൂമികയുടെ നിലയും നിലപാടും കഥയില്‍ അന്തഃസന്നിവേശം ചെയ്തിട്ടുണ്ട്. കഥ മാത്രമല്ല, കഥയുടെ രാഷ്ട്രീയ സൗന്ദര്യശാസ്ത്രവും ആഖ്യാനം ചെയ്തിട്ടുണ്ട്. നിരൂപകരെയോ വ്യാഖ്യാതാക്കളെയോ ഈ കഥയ്ക്ക് അനിവാര്യമല്ല. വായനക്കാരന് വേണ്ടതെല്ലാം കഥ തന്നെ പറഞ്ഞു കൊടുക്കുന്നു. കഥാപാത്രത്തിന്റെ ബോധനിലവാരത്തിനനുസരിച്ചുള്ള പ്രവൃത്തികളാണ് പ്രധാനമായിരിക്കുന്നത്. സ്വയം നിര്‍ണയാധികാരമുള്ള സ്ത്രീസ്വത്വത്തിലേക്കുള്ള സബിത ഭട്ടതിരിയുടെ പരിണാമം വ്യക്തമാണ്. ആ സ്വയം നിര്‍ണയാധികാരമാണ്, പരപുരുഷനുമായുള്ള ലൈംഗികവേഴ്ചയിലേക്കും ഗര്‍ഭധാരണത്തിലേക്കും സബിതയെ മാറ്റുന്നത്. അവിടെ അവള്‍ കൊണ്ടാടി വന്ന സദാചാര-ധാര്‍മികസങ്കല്പങ്ങള്‍ ഉടച്ചുകളയുകയാണ്. പുരുഷക്കോയ്മകളാല്‍ അപമാനിതയാകുന്ന സ്ത്രീ തന്റെ സ്വത്വപൂര്‍ത്തിയ്ക്കായി ലൈംഗികതയെ സ്വയം സ്വീകരിക്കുകയാണ്. (''ചില പ്രത്യേകസാഹചര്യങ്ങളില്‍ പരസ്ത്രീ പരപുരുഷബന്ധങ്ങള്‍, അവര്‍ നിയമദൃഷ്ട്യാ വ്യഭിചാരം എന്ന പേര്‍ അര്‍ഹിക്കുന്നുണ്ടെങ്കിലും, ധര്‍മ്മാനുഷ്ഠിതമാണെന്നുവരാം.
ഉദാഹരണത്തിന് ഭര്‍ത്താവിന്റെ ദുഷ്ടതയും ക്രൂരതയും സഹിക്കാനാവാതെ നിരാശയിലാണ്ട ഒരു സ്ത്രീ തന്റെ കുഞ്ഞുങ്ങളുടെ നന്മയെ ചൊല്ലി മാത്രം അയാളെ വിട്ട് ഓടിപ്പോകാതിരിക്കുന്നു. തകര്‍ന്ന സ്‌നേഹബന്ധത്തെ പുനഃസ്ഥാപിക്കുക സാധ്യവുമല്ല. അങ്ങനെയിരിക്കെ അവിവാഹിതനായ ഒരു പുരുഷനുമായി അവള്‍ പരിചയപ്പെടുന്നു. ക്രമേണ അവര്‍ സ്‌നേഹബദ്ധരാകുന്നു. മരണത്തെ സ്വയം വരിക്കാതിരിക്കാനും ജീവിതത്തിന്റെ നിഷ്ഠുരതകളെ നേരിടാനും അവള്‍ക്ക് ധൈര്യം പകര്‍ന്നു കൊടുക്കുന്ന ഒരേയൊരു ശക്തി ഈ പുത്തന്‍ സ്‌നേഹബന്ധമാണ്. ഇരുവരുടെയും അതുപോലെ പ്രശ്‌നത്തോടു ബന്ധപ്പെട്ട മറ്റുള്ളവരുടെയും നന്മയ്ക്ക് ഈ ബന്ധം പുലര്‍ത്തിക്കൊണ്ടു പോകുന്നതല്ലാതെ വേറൊരു മാര്‍ഗ്ഗവും ഇല്ലെങ്കില്‍ അതിനെ അധാര്‍മികമെന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ല. കാരണം ഇവിടെ വിവാഹലംഘനത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ല. വിവാഹത്തിന്റെ കാതലായ പരസ്പരസ്‌നേഹം ഏറെ മുമ്പേ നിലച്ചു പോയതുകൊണ്ട്.'' (സെബാസ്റ്റ്യന്‍ കാപ്പന്‍, കാപ്പന്റെ സമ്പൂര്‍ണ്ണ കൃതികള്‍, വാല്യം 1, പുറം 163, ഡി.സി.ബുക്‌സ്, കോട്ടയം). ഒരു സ്ത്രീക്ക് സ്ത്രീയായിരിക്കാന്‍ സാധിക്കുന്നത് അവളുടെ ലൈംഗികത ഉള്‍പ്പെടെയുള്ള ഇഷ്ടാനിഷ്ടങ്ങളിലും സ്വയം നിര്‍ണയാവകാശം ഉണ്ടാകുമ്പോഴാണ്. പുരുഷകാമനകളില്‍ കേന്ദ്രീകരിക്കുന്ന ദാമ്പത്യം അതിനു ബഹുമാനം നല്‍കുന്നില്ലെന്നു മാത്രമല്ല അതിനെ ഹനിക്കുകയാണ് ചെയ്യുന്നത്.
രതിപാലനത്തിന്റെ മാധവിക്കുട്ടി ഇഫക്റ്റ്
വീടിന്റെയും, അത് നൂറ്റാണ്ടുകളായി രൂപപ്പെടുത്തുത്തിയ പൗരുഷമൂല്യങ്ങളെയും, അതിന്റെ വിചാരമാതൃകകളെയും പൊളിക്കുന്നത്, പലപ്പോഴും സ്ത്രീ മുന്‍കൈയെടുത്ത് സാധ്യമാക്കുന്ന വിവാഹ മോചനത്തിലൂടെയാണ്. അതിന് ആവശ്യമായ സാധ്യതകളെക്കുറിച്ച് വിദ്യകൊണ്ടും ധനംകൊണ്ടും പ്രൗഢയായ സ്ത്രീകള്‍ ബോധവതികളുമാണ്. കമ്പൈന്‍ഡ് ഡൈവോഴ്‌സ് പെറ്റീഷന്‍ തയ്യാറാക്കുക, അതില്‍ ഒപ്പിടാന്‍ വിസമ്മതിച്ചാല്‍ ഭര്‍ത്താവിനെ നിലക്ക് നിര്‍ത്താന്‍ ആവശ്യമായ ഗാര്‍ഹികപീഡനപരാതി, അവന്റെ എണ്ണമറ്റ പരസ്ത്രീഗമനങ്ങളുടെ തെളിവുകള്‍, പലപ്പോഴായി തട്ടിയെടുക്കുന്ന സ്വത്തുക്കളുടെയും ഡിപ്പോസിറ്റുകളുടെയും രേഖകള്‍, കൊമ്പന്‍സേഷനും ചൈല്‍ഡ് സപ്പോര്‍ട്ട് പേയും വാഗ്ദാനം ചെയ്യിപ്പിച്ച് അവനെക്കൊണ്ട് ഒപ്പിടിക്കേണ്ട മുദ്രപത്രം അങ്ങനെ പലതും. മാധവിക്കുട്ടി എന്ന കഥയിലെ, മാധവിക്കുട്ടിയാകട്ടെ ഈ പറഞ്ഞതു കൂടാതെ, ഡൈവോഴ്‌സ് പെറ്റീഷന്‍ ഒപ്പിടാന്‍ എത്തുന്ന ഭര്‍ത്താവുമായി ഉയരാവുന്ന തര്‍ക്കവിതര്‍ക്കങ്ങള്‍ക്കിടയില്‍ അവനെങ്ങാനും വയലന്റ് ആയാല്‍ അതു നേരിടാന്‍ ആത്മരക്ഷയ്ക്കായി പിസ്റ്റള്‍ കൂടെ കൈയില്‍ കരുതിയിട്ടുള്ള ആളാണ്. ഒരു തരത്തിലും അവള്‍ക്ക് ഭര്‍ത്താവുമായി ഒത്തുപോകാനാകാത്ത സാഹചര്യം ആഖ്യാനത്തില്‍ പ്രത്യക്ഷമാണ്.
ആദ്യരാത്രിയിലെ സംഭോഗവേളതന്നെ വിചിത്രമായി അവള്‍ക്ക് അനുഭവപ്പെട്ടു. ആ നേരങ്ങളില്‍ പുതുമണവാളന്‍ കന്നടത്തിലെയും മലയാളത്തിലെയും പച്ചത്തെറി പുലമ്പി. ''വെറും തെറി മാത്രമല്ല ആഭാസന്മാര്‍ മാത്രം പറയുന്ന മുഴുത്തതെറി.'' അവളുടെ ഗര്‍ഭകാലത്ത് അവന്റെ പ്രധാനലീലകള്‍ കണ്ടിടത്തെല്ലാം ചെന്നിരുന്നു കള്ളുകുടി, അല്ലെങ്കില്‍ കണ്ടവരെ എല്ലാം വിളിച്ചുവരുത്തി കള്ളുകുടി, അവളുടെ അക്കൗണ്ടില്‍ നിന്ന് പണം എടുക്കല്‍, വിവാഹസമ്മാനമായി കിട്ടിയ കാറിന്റെ വില്‍പ്പന-അങ്ങനെ നീണ്ടു. പ്രസവശേഷം, ചില സാധനങ്ങള്‍ എടുപ്പിക്കാന്‍ ഫ്‌ലാറ്റിലേക്ക് ആളെ അയച്ച അവള്‍ക്ക്, വാതില്‍പ്പുറത്ത് കിടക്കുന്ന ലേഡീസ് ചപ്പലുകളുടെ ചരിതവും കേള്‍ക്കേണ്ടി വന്നു. മകന്‍ പ്ലസ് ടു പഠിക്കുന്ന ഘട്ടമെത്തിയിട്ടും അവന്റെ ലീലകള്‍ക്ക് വിരാമം ഉണ്ടായില്ല. ഒടുവിലാണ് വിവാഹമോചനത്തില്‍ എത്തിയത്. അപ്പോഴാണ്, മാധവിക്കുട്ടി തന്റെ മുത്തശ്ശിയുടെ പഴയ ഡയറികള്‍ വായിച്ചത്. അവരുടേതും സമാനമായ ദാമ്പത്യം ആയിരുന്നു. അവരുടെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടി ആയിരുന്നതിനാലാണ് കൊച്ചുമകള്‍ക്ക് ആ പേരിട്ടതും. ഡയറിയില്‍ വായിച്ചപ്പോഴാണ് മാധവിക്കുട്ടിയുടെ സമാഹാരങ്ങളില്‍ ചേര്‍ക്കാത്ത മൃഗപാലനം എന്ന കഥയിലെ കഥാപാത്രത്തെപ്പോലെ മുത്തശ്ശി തന്റെ ഭര്‍ത്താവിനെ മെരുക്കിയ കഥ വായിച്ചത്. ''പുരുഷവേഴ്ചയില്‍ മുഷ്‌കന്‍ ഭര്‍ത്താവിനെയും വച്ച് സ്ത്രീക്ക് എങ്ങനെ ജീവിതം പൂവണിയിക്കാം എന്നതിന്റെ വേദമാണിത്. സ്വന്തമായാണ് ഓരോരുത്തരും ജീവിതം കരുപ്പിടിപ്പിക്കുന്നതെന്ന പാഠവും വേദത്തിലുണ്ട്.''
മുത്തശ്ശിയുടെ വാക്കുകള്‍ വായിച്ചതോടെ അവള്‍ക്ക് എന്തോ ഉണര്‍വ് അനുഭവപ്പെട്ടു. ഭര്‍ത്താവിന് വേണ്ടതെല്ലാം കൊടുത്തേക്കുക. അവന്റെ പിന്നാലെ കൂടി സ്വന്തം ജീവിതാനന്ദം ഇല്ലാതാക്കാതിരിക്കുക. അവര്‍ വീടുവിട്ട് യാത്ര ചെയ്യുകയാണ്. ഭര്‍ത്താവ് കൂടെ വരുന്നെങ്കില്‍ വന്നോട്ടെ. വന്നാല്‍ത്തന്നെ അയാളെ ഇഷ്ടത്തിന് വിട്ടേക്കുക. അതായിരുന്നു മുത്തശ്ശിയുടെ തന്ത്രം. അങ്ങനെ നീര്‍ത്തെടുത്ത ഏകാന്തസന്ദര്‍ഭങ്ങളില്‍ അവര്‍ക്ക് സ്വയം ഒരു കൂട്ടിനെ കിട്ടുകയാണ്. അത് അവരുടെ ഉള്ളില്‍ തന്നെയുള്ള പുരുഷനാകാം; ഫാന്റസിയാകാം; യാഥാര്‍ത്ഥ്യമാകാം. ഏതായാലും അവര്‍ക്ക് ആ സൗഹൃദത്തില്‍ നിന്ന് ഒരിക്കലും കിട്ടിയിട്ടില്ലാത്ത ആനന്ദം ലഭിച്ചു. കൊടൈക്കനാലില്‍ വച്ച് മഞ്ഞില്‍ തുള്ളിച്ചാടി; താഴ്വരയില്‍ കിടന്നുറങ്ങി; പൂക്കളില്‍ തേന്‍ നുകര്‍ന്നു. ക്ഷീണിതയായപ്പോള്‍ അവന്‍ മാറിടത്തിലേക്ക് അടുപ്പിച്ചു. ചേതോഹരസ്പര്‍ശം; അവാച്യസുഗന്ധം. സംഗീതസാന്ദ്രമായ ഹൃദയസ്പന്ദനം. ''എന്തൊരു സുഖം'' എന്നാണ് മുത്തശ്ശിയുടെ ഡയറിയിലെ അനുഭവവിവരണം.
കന്യാകുമാരിയില്‍ വച്ചും അവര്‍ അവനെ കണ്ടു. തീരദേശവാസിയുടെ വസ്ത്രത്തിലും. ചോദിക്കുന്നതിനു മുമ്പ് വിരലുകള്‍ അവര്‍ അവനു നല്‍കി. പരസ്പരം പുണര്‍ന്ന് കടലിലേക്ക് ഇറങ്ങി. ചുഴറ്റിക്കളിച്ചു. ആലോലം മുങ്ങി. കടല്‍ ജലത്തിന് രുചി പകരുന്ന ഉപ്പുകൂനകളായി ഇരുവരും അലിഞ്ഞു. തിരുനെല്ലിയില്‍ ഉണ്ടായ സംഗമത്തില്‍ കാട്ടുതാറാവുകളുടെ, കാട്ടാടുകളുടെ, കാട്ടുകുതിരകളുടെ, കാട്ടാനകളുടെ രൂപത്തിലേക്ക് പരിവര്‍ത്തിച്ചു, ലീലാവിലാസങ്ങള്‍. അവന്‍ പറഞ്ഞത്, ''നരനാകുക എന്നുവെച്ചാല്‍ സര്‍വ്വജീവികളിലൂടെയും കടന്നെത്തി നാരായണനാകലാണ് പ്രിയേ'' എന്നാണ്. മുത്തശ്ശിയുടെ അതിജീവനങ്ങള്‍ മാധവിക്കുട്ടിക്ക് ജീവിതത്തെ സംബന്ധിച്ച പൊതുബോധം സമ്മാനിച്ചു. അതോടെ വിവാഹമോചനം വേണ്ടെന്നായി. തീറ്റകൊടുത്ത് മൃഗസൊല്ല ഒഴിവാക്കും പോലെ, ഭര്‍ത്താവിനെ അവള്‍ കൈകാര്യം ചെയ്തു. അടുത്ത ആഴ്ച മുതല്‍ അവള്‍ യാത്രയ്ക്കിറങ്ങി. ഈ യാത്ര എവിടേയ്‌ക്കെന്നാല്‍ മുത്തശ്ശിപോയ ഇടങ്ങളിലേക്കു തന്നെ. ഒരു സ്ത്രീക്ക് അവളുടെ സ്‌ത്രൈണകാമനകളില്‍ ജീവിക്കാനായാല്‍ മറ്റൊന്നും അവളെ ബാധിക്കുകയില്ല. തൃഷ്ണാജീവിതത്തിന്റെ പൂര്‍ത്തി. അത് സ്ത്രീക്ക് അനിവാര്യമാണ്. അത് നിര്‍വാഹകശേഷിയുള്ള സ്ത്രീകര്‍ത്വനിര്‍മ്മിതിയുടെ കാതലാണ്.
വിവാഹിതയായ സ്ത്രീയുടെ അവകാശാധികാരങ്ങളിലേക്കുള്ള ആദ്യത്തെ കടന്നുകയറ്റമായിരുന്നു സംഭോഗവേളകളില്‍ അവളുടെ കാതുകളിലേക്ക് പുലമ്പി വീണ പച്ചത്തെറികള്‍. പക്ഷേ അവള്‍ ആഗ്രഹിച്ചത് സംഗീതസാന്ദ്രമായ സ്‌നേഹവീചികള്‍ ആയിരുന്നു. ചേര്‍ത്തുപിടിക്കലായിരുന്നു. യഥാര്‍ത്ഥ സംയോഗം എങ്ങനെയാണെന്ന് മുത്തശ്ശിയുടെ ഡയറിയില്‍ നിന്ന് അവള്‍ വായിക്കുന്നുണ്ട്. ''സ്വപ്നസന്നിഭമായ അനുഭവത്തിനു പിന്നിലെ സത്യത്തില്‍ ഞാന്‍ അന്തിച്ചുപോയി. കിട്ടിയ നേരംകൊണ്ട് അവനെ എന്നില്‍ അലിയിക്കാന്‍ അണച്ചുപിടിച്ചു. മിഴിനീരാല്‍ മാറിടം മുഴുവന്‍ മെഴുകിയെടുത്തു.'' അവളും അതാണ് ആഗ്രഹിക്കുന്നത്. അതിലേക്കുള്ള കുതിപ്പായിരുന്നു യാത്ര. പുരുഷന്റെ ഹിംസാപൂര്‍ണ്ണമായ രതിപ്രഭുതകളെ ഭേദിക്കുന്ന സ്വയം നിര്‍ണ്ണയാധികാരത്തിന്റെ യാത്ര. പുരുഷന്മാരുടെ ഇരപിടിയന്‍ കാമാതുരതയെ അത് വക വയ്ക്കുന്നില്ല. കുടുംബപാരമ്പര്യം ഉറപ്പിക്കുന്നതിനുള്ള ഉപകരണം മാത്രമായി സ്ത്രീയും ലൈംഗികതയും മാറുന്നതിനോടുള്ള ചെറുത്തുനില്‍പ്പും അതിലുണ്ട്. പരസ്പരപൂര്‍ത്തീകരണത്തിനും സ്‌നേഹാവിഷ്‌കാരത്തിനുമുള്ള ഉപാധിയാണ് ലൈംഗികത.
വൈജ്ഞാനിക സമ്പദ്ഘടനയിലെ കോമളിനാടകങ്ങള്‍
സാങ്കേതികതയുടെ രംഗത്ത് അനുനിമിഷം ഉണ്ടായിക്കൊണ്ടിരിക്കുന്ന നൂതനങ്ങളായ കണ്ടുപിടുത്തങ്ങളുടെ ഗതിവേഗം ധ്വനിപ്പിക്കാന്‍ സാങ്കേതികവിസ്‌ഫോടനം എന്ന് പ്രയോഗിക്കുന്നു. അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയായിക്കൊണ്ടിരിക്കുന്ന കാലമാണിത്. എ.ഐയുടെ വരവോടെ തൊഴില്‍ മേഖലയില്‍, നേരിട്ടുള്ള മനുഷ്യാദ്ധ്വാനത്തിന്റെ ന്യൂനീകരണം സംഭവിക്കുന്നു. സാങ്കേതികവിദ്യയെ തിരസ്‌കരിച്ചുകൊണ്ട് ഒരാള്‍ക്കും മുന്നോട്ടുപോകാന്‍ സാധിക്കുകയില്ല. പുതിയതരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെങ്കിലും പരമ്പരാഗത മനുഷ്യവിഭവം(വൈഭവം) പഴയപോലെ ആവശ്യമായി വരികയില്ല. ഇത് സൃഷ്ടിക്കുന്ന സംഘര്‍ഷം പുതിയ പ്രതിഭാസമല്ല. ട്രാക്ടര്‍ വന്നപ്പോഴും, കമ്പ്യൂട്ടര്‍ വന്നപ്പോഴും ഉയര്‍ന്ന പ്രതിഷേധങ്ങള്‍ അത്തരം സംഘര്‍ഷങ്ങളില്‍ നിന്നും രൂപപ്പെട്ട സമ്മര്‍ദ്ദത്തിന്റെ ഫലമായിരുന്നു. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്ന മനുഷ്യരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിവര്‍ത്തിക്കുക എന്നതിനു തൊഴില്‍ അനിവാര്യമാണ്. എല്ലാ തൊഴില്‍രഹിതര്‍ക്കും ക്ഷേമപെന്‍ഷന്‍ നല്‍കി പരിപാലിക്കുക എന്നതിന് ഭരണകൂടപരിമിതിയുണ്ട്. അതേസമയം പുത്തന്‍ സാങ്കേതിക വിദ്യകള്‍ പ്രദാനം ചെയ്യുന്ന സാധ്യതകളെയും സൗകര്യങ്ങളെയും ഉപേക്ഷിക്കാനും സാധിക്കില്ല. എന്നാല്‍ ഇത് സൃഷ്ടിക്കുന്ന പ്രതിസന്ധികളെ സാങ്കേതികവിദ്യയുടെ ശക്തികൊണ്ട് മറികടക്കാന്‍ സാധിക്കുമോ? സാങ്കേതികവിദ്യകളുപയോഗിച്ചുകൊണ്ടുള്ള ആസൂത്രണങ്ങളാല്‍, അതുമൂലമുണ്ടാകുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരമാകുമോ എന്ന ആലോചന പ്രധാനമാണ്.
ആസ്ഥാന, അല്ല, അസ്ഥാനകവി എന്ന കഥ ഇന്ന് നമ്മുടെ സമൂഹത്തില്‍, വിശേഷിച്ച് വിജ്ഞാനസമ്പദ്ഘടനയുടെ നിലനില്‍പ്പിന്റെയും അതിജീവനത്തിന്റെയും യാഥാര്‍ത്ഥ്യങ്ങളെ പ്രശ്‌നവല്‍ക്കരിക്കുന്നു. ആദ്യത്തേത്, മലയാളഭാഷയിലും സാഹിത്യത്തിലും ഉറച്ചുകൊണ്ടുള്ള ഉന്നതവിദ്യാഭ്യാസം, വൈജ്ഞാനികസമ്പദ് വ്യവസ്ഥയില്‍ എങ്ങനെയാണ് അറിവിന്റെ വിപണനത്തിലൂടെ മൂലധനം സ്വരൂപിക്കുന്നത് എന്ന ചോദ്യമാണ് ഉന്നയിക്കുന്നത്.
ഉന്നതവിദ്യാഭ്യാസം വിശേഷിച്ച് ബിരുദ-ബിരുദാനന്തരപഠനവും ഗവേഷണവും ആശയങ്ങള്‍ ഉല്പാദിപ്പിക്കുന്നു എന്നതിനാണ് ഊന്നല്‍ നല്‍കുന്നത്. ഉല്പാദിപ്പിക്കുന്ന ആശയങ്ങള്‍ക്ക് പലനിലകളില്‍ മൂല്യമുണ്ട്. അതിലൊന്ന് ദീര്‍ഘകാലഗവേഷണങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാനപ്രമാണങ്ങള്‍ രൂപകല്‍പ്പനചെയ്യുക എന്നതാണ്. അതിന് പെട്ടെന്നൊന്നും വ്യാവസായികഗുണഫലം കിട്ടിയെന്നുവരില്ല. മറ്റൊന്ന്, പെട്ടെന്നുതന്നെ വ്യാവസായികഫലം കിട്ടുന്നവ. അതിന് മാധ്യമങ്ങളില്‍ വാര്‍ത്താപ്രാധാന്യം ലഭിക്കും. നിരന്തരം അത്തരം വാര്‍ത്തകള്‍ വരുമ്പോള്‍ ഗവേഷണം അതാണെന്ന് പൊതുസമൂഹം ധരിക്കും. വ്യവസായികസാധ്യതകളില്‍നിന്ന് സമ്പത്ത് നേടിയെടുക്കാനും സാധിക്കും. ഇത് അറിവുല്പാദിപ്പിച്ച്, വിറ്റുപണമാക്കുന്ന സമ്പ്രദായമാണ്. അത്തരം സമ്പദ് വ്യവസ്ഥയിലൂടെ വേണം സര്‍വ്വകലാശാലകള്‍ ഉള്‍പ്പെടെയുള്ള ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത് എന്നതാകുന്നു നയം. പ്രയോജനരഹിതമായ-പണം സ്വരൂപിക്കാന്‍ പ്രാപ്തിയില്ലാത്ത-പഠനവകുപ്പുകള്‍ പൂട്ടുക എന്നതാണ് ലക്ഷ്യം. വരുമാനമില്ലാത്ത എന്തിനെയും കൊന്നുകളയുക എന്ന കച്ചവടയുക്തി. ഈ യുക്തികൊണ്ടല്ല ഇന്നു നാം കാണുന്ന പൊതുസമൂഹം രൂപപ്പെട്ടത്. ലാഭകരമല്ലാത്ത സ്ഥാപനങ്ങള്‍ പൂട്ടിയിരുന്നെങ്കില്‍, പൊതുഗതാഗത സംവിധാനവും അതിലൂടെ പാവപ്പെട്ട മനുഷ്യര്‍ക്ക് ലഭിക്കുന്ന യാത്രാസൗകര്യവും നിലനില്‍ക്കുകയില്ല.
ലാഭകരമല്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂട്ടുകയും സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുമതി നിഷേധിക്കുകയും ചെയ്തിരുന്നെങ്കില്‍, കേരളം ഇന്നത്തെ നിലയില്‍ സാക്ഷര-വൈജ്ഞാനിക സമൂഹമായി പരിവര്‍ത്തിക്കുകയില്ലായിരുന്നു. യാഥാര്‍ത്ഥ്യം ഇതായിരിക്കെ ഉല്പാദിപ്പിക്കുന്ന അറിവിന്റെ വില്പനയെ മുന്‍നിര്‍ത്തി പഠനവകുപ്പുകള്‍ പ്രവര്‍ത്തിക്കുക എന്ന സങ്കല്പവും അതിന്റെ നടത്തിപ്പും നാളിതുവരെ ആര്‍ജ്ജിച്ച അറിവധികാരത്തെ സ്വയം നിഷ്‌കാസനം ചെയ്യലാണ്. ഇത്തരം ചിന്തകളെ കഥ അഭിസംബോധന ചെയ്യുന്നു. ഭാഷാപഠന വകുപ്പിലേക്ക്, ''പൊയറ്റ് ഇന്‍ റസിഡന്റായി'', ജനപ്രിയമഹാകവിയെ നിയമിക്കുകയും, അദ്ദേഹത്തിന്റെ കവിതാലാപനത്തിനും പ്രഭാഷണത്തിനും സര്‍വ്വകലാശാലയില്‍ നാളിതുവരെയില്ലാത്ത ആള്‍ക്കൂട്ടം ഉണ്ടാവുകയും ചെയ്തപ്പോഴും, അദ്ദേഹത്തിന്റെ നിയമനംകൊണ്ട് സര്‍വ്വകലാശാലയ്ക്ക് എത്രമാത്രം മൂലധനം സ്വരൂപിക്കാന്‍ സാധിച്ചു എന്ന ചോദ്യം പ്രസക്തമായി ശേഷിക്കുന്നു. ബുക്കര്‍ പ്രൈസോ, ജെ.സി.ബി. അവാര്‍ഡോ ഒന്നും വേണ്ടാ, ഏറ്റവും ചുരുങ്ങിയത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രാദേശികബഹുമതികളെങ്കിലും എവിടെ? വാരികകളില്‍ ചറപറ പ്രത്യക്ഷപ്പെടുന്ന രചനകള്‍ എവിടെ? ആളുകള്‍ നല്ലവരായാല്‍പ്പോരാ, വയറുനിറയണം. അയാളുടെ സാഹിത്യവ്യവഹാരത്തെക്കാള്‍ ഗുണപ്രദമായത് അയാളുടെ മേല്‍നോട്ടത്തില്‍ ആരംഭിച്ച നായപരിപാലനം ആയിരുന്നു. അതുകാണാന്‍ ഇതര സര്‍വകലാശാലകളില്‍ നിന്നുവരെ ആളുകള്‍ എത്തി. ആ പ്രോഗ്രാം ജനശ്രദ്ധയാകര്‍ഷിച്ചത് ഒരു റിസള്‍ട്ട് ആയി പെര്‍ഫോര്‍മന്‍സ് ഷീറ്റില്‍ എച്ച്.ഓ.ഡി. എഴുതിച്ചേര്‍ത്തു. ഇതാണ് ഇപ്പോഴത്തെ ഔട്ട് കം ബേസ്ഡ് വിദ്യാഭ്യാസം.
സാധാരണജനങ്ങളുടെ ഹൃദയവായ്പുകള്‍ സാഹിത്യഭാവനയില്‍ ലയിപ്പിച്ച കവിക്ക് സര്‍വകലാശാലയിലെ പാവപ്പെട്ട കീഴ്ജീവനക്കാരുടെ തൊഴില്‍പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിഞ്ഞില്ല. ശാസ്ത്ര-വിവരസാങ്കേതികവിദ്യയുടെ ഫലസാധ്യതകള്‍ സര്‍വ്വകലാശാലകളിലും കലാലയങ്ങളിലും കാലോചിതമായി പ്രയോഗിക്കുന്ന സന്ദര്‍ഭമാണ്. മിനിസ്ട്രി ഓഫ് ടെക്‌നോളജിയുടെ ഫണ്ടോടുകൂടി ക്യാമ്പസിനെ റോബോട്ടുവല്‍ക്കരിച്ചപ്പോള്‍, ദിവസക്കൂലിക്ക്, ക്ലീനിങ് ആന്‍ഡ് ഗാര്‍ഡനിംഗ് ജോലികള്‍ ചെയ്തുപോന്ന മുപ്പതോളം സ്ത്രീകളുടെ പണി നഷ്ടമായി. റോബോട്ടുകള്‍ പണി ചെയ്തുതീര്‍ത്തപ്പോള്‍ മുപ്പതിന്റെ സ്ഥാനത്ത് രണ്ടോ മൂന്നോ ആളുകളേ ആവശ്യമുള്ളൂ. എന്നാല്‍ ജനപ്രിയ കവി അവരുടെ ജീവിത പ്രതിസന്ധി ഉള്‍ക്കൊണ്ട് നല്‍കിയ റിപ്പോര്‍ട്ട്, ഒറ്റജീവനക്കാരിയെയും ഒഴിവാക്കരുത് എന്നായിരുന്നു. അവരെ പിരിച്ചുവിടാതിരിക്കാന്‍ അദ്ദേഹം സര്‍വ്വകലാശാലാ കവാടത്തില്‍ സമരവും നടത്തി. ഒടുവില്‍ സര്‍വകലാശാല സംവിധാനമാണ് വിജയിച്ചത്. പ്രയോജനരഹിതമായതൊന്നിനേയും പരിപാലിക്കേണ്ടതില്ല. ഇത് ഉന്നതവിദ്യാഭ്യാസത്തിലും, തൂപ്പുതുടപ്പ് ജീവനക്കാരുടെ കാര്യത്തിലും ഒരുപോലെ ബാധകം. രണ്ടുകൂട്ടരും സാങ്കേതിക വിദ്യാധിഷ്ഠിതമായ വൈജ്ഞാനിക-തൊഴില്‍ സമ്പദ് വ്യവസ്ഥയില്‍ ഒരുപോലെ അരികുവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു.
പിന്‍കുറിപ്പ്
കാലം മുന്നോട്ടു കുതിക്കുമ്പോള്‍ നഷ്ടമാകുന്ന മൂല്യങ്ങളെ തിരിച്ചുപിടിക്കാനും സംരക്ഷിക്കാനും ഉള്ള അഭിവാഞ്ചയില്‍ നിന്നാണ് കെ.പി. രാമനുണ്ണിയുടെ പുതിയ ഓരോ കഥയും രൂപപ്പെട്ടത്. മനുഷ്യകേന്ദ്രീകൃത രാഷ്ട്രീയത്തിന്റെ അസ്തിവാരത്തിലാണ് അത് പടുത്തുയര്‍ത്തിയിട്ടുള്ളത്. ആശയം എഴുതിവച്ചാല്‍ കഥയാകില്ല. സവിശേഷമായ പശ്ചാത്തലസൃഷ്ടി നടത്തുകയും കഥാപാത്രങ്ങളെ നിര്‍മിക്കുകയും അനുയോജ്യമായ ആഖ്യാനം രൂപപ്പെടുത്തുകയും ചെയ്യണം. അതെല്ലാം അതിന്റെ കലാപൂര്‍ണ്ണതയില്‍ വിഭവപ്പെടുത്തുവാന്‍, സമകാലികകഥയില്‍ മറ്റാരും ചെയ്യാത്ത വിധം മൗലിക പദരചനയാല്‍ രാമനുണ്ണിക്ക് സാധിച്ചിട്ടുണ്ട്. താന്‍ ജീവിക്കുന്ന കച്ചവട മുതലാളിത്തത്തിന്റെ ആവാസ വ്യവസ്ഥകളെ ഉള്‍ക്കൊള്ളുമ്പോള്‍ത്തന്നെ, അത് സമൂഹത്തില്‍ സൃഷ്ടിച്ചിട്ടുള്ള തിന്മകളെ ഏതെല്ലാം മാര്‍ഗത്തിലൂടെ ഇല്ലായ്മ ചെയ്യണമെന്ന ആലോചന. ആ നിലയില്‍ കഥ സാംസ്‌കാരികപ്രവര്‍ത്തനവും സാമൂഹികചികിത്സാപദ്ധതിയുടെ ഭാഗവുമായി തീരുന്നു. കലയ്ക്ക് അത്തരം ചില കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ഉണ്ടെന്ന് ഈ കഥാകൃത്ത് വിശ്വസിക്കുന്നു.
മനുഷ്യചരിത്രത്തിനൊപ്പം കഥകളുണ്ട്. മനുഷ്യരാശിക്ക് കഥകള്‍ കേള്‍ക്കാനും പറയാനുമുള്ള കൗതുകമുണ്ട് എന്നതിനപ്പുറം, അവയില്‍ യാഥാര്‍ത്ഥ്യത്തിന്റെ വിഭിന്നതലങ്ങള്‍ അടങ്ങിയിരിക്കുന്നു എന്നത് വാസ്തവമാണ്. കഥ അതതുകാലത്തെ വെളിച്ചപ്പെടുത്തുന്നു.
ഉദ്ഭവിക്കുകയും തിരോഭവിക്കുകയും ചെയ്യുന്ന കാലത്തെ കഥ അനന്തമായി രേഖപ്പെടുത്തുന്നു. ആ നിലയില്‍ ഇന്ന് നാം ജീവിക്കുന്ന ലോകത്തിന്റെ സമ്മര്‍ദങ്ങള്‍ രാമനുണ്ണിയുടെ കഥയുടെ ആന്തരികതയില്‍ ഉണ്ട്. ആഗോളമൂലധനശക്തികളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള നെറ്റ്വര്‍ക്ക് ഒരുവശത്ത്. അതിനെ പ്രതിരോധിക്കാന്‍ പ്രാപ്തിയില്ലാത്തതും, എന്നാല്‍ പ്രതിലോമതകളെ ദൃഢീകരിക്കുന്നതുമായ മൂലധന ശക്തികള്‍ക്ക് വിധേയപ്പെട്ടതുമായ രാഷ്ട്രീയശക്തികള്‍ മറുവശത്ത്. ഇതിനിടയില്‍ ചക്രശ്വാസം വലിക്കുന്ന തദ്ദേശീയജനതയും, അവര്‍ പോലും അറിയാത്ത അവരുടെ അന്യവല്‍ക്കരണവും. ബദലുകള്‍ അപ്രസക്തമായിക്കൊണ്ടിരിക്കുന്നു എന്ന പ്രലപനങ്ങള്‍ ഉണ്ടാകുമ്പോള്‍ കലയ്ക്കും നിര്‍വഹിക്കാനുണ്ട് ചില പ്രതിരോധതന്ത്രങ്ങള്‍ എന്ന തിരിച്ചറിവ് പ്രധാനമാണ്.
ജീവിതത്തില്‍ നിന്ന്, അതിന്റെ സാകല്യതയില്‍ നിന്ന് ആട്ടിയോടിക്കുന്നവരെ, അശരണരും അനാഥരുമായവരെ ചേര്‍ത്തു നിര്‍ത്തുന്ന തത്വശാസ്ത്രത്തിന്റെ ബലപ്പെടലിന് സാഹിത്യത്തിന് എന്തുചെയ്യാന്‍ കഴിയും എന്ന ചോദ്യം പ്രസക്തമാണ്. സര്‍ക്കാരുകള്‍ കാലാകാലങ്ങളില്‍ നിര്‍മിച്ചെടുക്കുന്ന നിയമങ്ങള്‍ എല്ലാ മനുഷ്യരെയും, പ്രകൃതിയെ ആകെത്തന്നെയും ഉള്‍ക്കൊള്ളുന്ന വിധത്തിലാണോ എന്ന ചോദ്യം പ്രസക്തമാണ്. നിശ്ചിതമായ താല്പര്യങ്ങള്‍ക്കും രാഷ്ട്രീയനിലനില്‍പ്പിനും വേണ്ടി വാര്‍ത്തെടുക്കുന്ന നിയമങ്ങള്‍ പൗരരെ അവരുടെ അടിസ്ഥാന ജീവിതാവസ്ഥകളില്‍ ശകലിതരാക്കുന്ന സ്ഥിതിയുണ്ടാവുമ്പോള്‍ ബദല്‍ എന്നത് അപ്രാപ്യമായി മാറുന്നു.
സിലിക്കണ്‍വാലികള്‍ ഉള്‍പ്പെടെയുള്ള നെറ്റ്‌വര്‍ക്കുമുതലാളിത്തത്തിന്റെ പുത്തന്‍വ്യവസായ മേഖലകളില്‍ നിന്ന് രൂപപ്പെട്ട ധനാധിപത്യത്തിന്റെ കൊഴുപ്പുകളും ജീവിതശൈലികളും, പരമ്പരാഗതമായി ആധിപത്യം ചെലുത്തിപ്പോന്ന പുരുഷാധിപത്യ അധികാരഘടനകളെയും, വീടിനെയും സ്ത്രീയെയും ദാമ്പത്യസങ്കല്പങ്ങളെയും ഇളക്കി പ്രതിഷ്ഠിച്ചു. ഖരത്തിന്റെ കഠിനതയില്‍ നിന്ന് ദ്രവത്തിന്റെ അയവിലേക്കുള്ള മാറ്റമാണിത്. പക്ഷേ അതിന് എത്രമാത്രം ഒഴുകിപ്പരക്കാന്‍ സാധിച്ചു എന്നത് പ്രധാനമാണ്. ആ ഒഴുകലിന്റെ, മാറി സഞ്ചരിക്കലിന്റെ സംഘര്‍ഷങ്ങള്‍ ജീവിതത്തില്‍ പുതിയ സമ്മര്‍ദങ്ങളും വിസ്‌ഫോടനങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. ആധുനികജീവിതത്തിന്റെ, അതിന് ആധാരമായ രാഷ്ട്രീയത്തിന്റെ, ഘടനാരൂപങ്ങളും അധികാരകേന്ദ്രങ്ങളും (ശ്രേണീകരണങ്ങളും) ശിഥിലമായിക്കൊണ്ടിരിക്കുന്നു. അതിനെ പൂര്‍വസ്ഥിതിയില്‍ ഉറപ്പിക്കാനുള്ള വ്യഗ്രത തിടമ്പേറുന്നുമുണ്ട്. ജനങ്ങള്‍ക്ക് ഭരണത്തില്‍ സ്വയംഭരണശേഷിയില്ലാത്ത സ്ഥിതി. ധര്‍മ്മാധര്‍മ്മങ്ങളില്‍ അധര്‍മ്മത്തെ ധര്‍മ്മമായും, മൂല്യാമൂല്യങ്ങളില്‍ മൂല്യമല്ലാത്തതിനെ മൂല്യമായും വ്യാഖ്യാനിക്കുകയും പറഞ്ഞുറപ്പിക്കുകയും ചെയ്യുന്ന, 'റീലു'കളിലേക്ക് വികസിക്കുന്നു സാങ്കേതികവിദ്യ. ഇതെല്ലാം കൂടിച്ചേര്‍ന്ന ഇക്കോസിസ്റ്റത്തില്‍ ആറാടി നില്‍ക്കുന്ന ജീവിതത്തെയാണ്, മൂലധനസംവിധാനത്തെയാണ് കെ.പി. രാമനുണ്ണി തന്റെ പുതുകഥകളില്‍ സംബോധനചെയ്യുന്നത്. തികഞ്ഞ രാഷ്ട്രീയബോധ്യങ്ങള്‍ അതിന്റെ അടിപ്പടവുകളില്‍ തീപടര്‍ത്തുന്നുണ്ട്.
(കേരള സര്‍വ്വകലാശാലയിലെ മലയാളവിഭാഗത്തില്‍ അധ്യാപകനാണ് ലേഖകന്‍)
Content Highlights: Explore KP Ramanunni`s thought-provoking new stories, analyzed by Dr. TK Santhosh Kumar. Delve into themes of tradition, technology, and societal shifts.