സെന്‍സസ് കോളത്തില്‍ ഹിന്ദു എന്നെഴുതിയിട്ടുള്ള മാന്യമഹാജനങ്ങളേ, ഇങ്ങനെയാണ് ഹിന്ദുവാകേണ്ടത്!

ലോകഗുരുവായ ശ്രീനാരായണഗുരുവിനെ ഏതെങ്കിലും മതക്കാരനോ സമുദായക്കാരനോ മാത്രമായി ചുരുക്കാന്‍ ശ്രമിക്കുന്ന വിഭാഗീയവാദികളെ ചെറുക്കാനാണ് അദ്ദേഹം ഒരു ഹിന്ദുസന്ന്യാസിയൊന്നുമല്ലെന്ന് പുരോഗമനവാദികള്‍ പറയാറുള്ളത്. നേരേമറിച്ച് ഗുരു ഹിന്ദുസന്ന്യാസിതന്നെയെന്ന് പറയുകയും ഏത് ഹിന്ദുവെന്ന ചോദ്യം ഉയര്‍ത്തുകയുമാണ് സത്യത്തില്‍ വേണ്ടത്. തുടര്‍ന്ന് ആ ഹിന്ദുവിനെ പരിചയപ്പെടുത്തിക്കൊടുക്കുകയുംചെയ്യണം. അല്ലെങ്കില്‍ സദുദ്ദേശ്യം വൃഥാവിലാകും. വ്യത്യസ്ത ജാതികളില്‍പ്പെട്ട ഹിന്ദുസമൂഹത്തിന് ആശ്രയിക്കാവുന്ന വിളക്കുമാടം ഒരേയൊരു പുകമഞ്ഞില്‍ മറഞ്ഞുപോകും.
ക്ഷേത്രാരാധന ചര്യയാക്കിയ ഭൂരിപക്ഷഹിന്ദുക്കള്‍ക്ക്, നാല്‍പ്പതില്‍പ്പരം വിഗ്രഹപ്രതിഷ്ഠ നടത്തുകയും മുപ്പതിലധികം ശിവ, സുബ്രഹ്‌മണ്യ, ദേവീ, ഗണപതി, കൃഷ്ണ സ്തുതികള്‍ രചിക്കുകയും ചെയ്തിട്ടുള്ള ശ്രീനാരായണഗുരു ഹിന്ദുതന്നെ. വിഗ്രഹാരാധനയെ അതിവര്‍ത്തിക്കുന്ന ഹൈന്ദവതത്ത്വജ്ഞാനികള്‍ക്ക്, പ്രണവപ്രതിഷ്ഠ നടത്തുകയും അമ്പലങ്ങള്‍ വേണ്ടെന്നു പറയുകയുംചെയ്ത ഗുരുദേവനും ഹിന്ദുതന്നെ. ഹിന്ദുമതമെന്നൊരു മതമില്ലാത്തതിനാല്‍ തനിക്ക് മതമില്ലെന്ന് പ്രഖ്യാപിച്ച നാണുആശാനും ഹിന്ദുതന്നെ.
ആ മഹാനായ ഹിന്ദുവിനെ ഇന്നത്തെ ഹിന്ദുസമുദായത്തിലെ അഴുക്കുവന്നവര്‍ക്ക് മുന്നില്‍ ഉത്തമ മാതൃകയായി ഉയര്‍ത്തിപ്പിടിക്കേണ്ടത് ഒരു ജീവന്മരണപ്രശ്‌നമാണ്. എന്താണ്, ഏതാണ് ഹിന്ദുവെന്ന് മാലോകര്‍ അറിയേണ്ടതും അത്യാവശ്യമാണ്. അല്ലെങ്കില്‍ മറ്റുള്ളവരെ തല്ലാനും കൊല്ലാനും നടക്കുന്ന പിശാചുവര്‍ഗമാണ് അവരെന്ന് തെറ്റിദ്ധരിക്കപ്പെടും. കീഴാളതയുടെ ഗതികേടുകള്‍ നല്ലവണ്ണം അനുഭവിച്ചവനായിരുന്നല്ലോ ശ്രീനാരായണഗുരു. അപശൂദ്രാധികരണ, വര്‍ണാശ്രമധര്‍മവിഷയങ്ങളില്‍ ശങ്കരാചാര്യര്‍ക്ക് തെറ്റുപറ്റിയെന്ന് അദ്ദേഹം പച്ചയ്ക്ക് പറഞ്ഞിട്ടുമുണ്ട്. (പ്രമാണം-കുറ്റിപ്പുഴ കൃഷ്ണപ്പിള്ളയുടെ സ്മരണാഞ്ജലി) എന്നാല്‍, 'ബ്രാഹ്‌മണന്‍ തൊട്ട് അശുദ്ധമാക്കിയോ' എന്ന സംശയത്താല്‍ ഗുരുദേവന്‍ ആദിശങ്കരന്റെ അദ്വൈതത്തെ തിരസ്‌കരിച്ചതേയില്ല. വേദാന്തവിഷയത്തില്‍ ശങ്കരന്‍ പറഞ്ഞതുതന്നെ നമുക്കും സ്വീകാര്യം എന്നായിരുന്നു ഗുരുഭാഷ്യം (വേഡ് ഓഫ് ഗുരു- നടരാജഗുരു) അങ്ങനെ വ്യക്തിയുടെ ജാതിനോക്കി തെറ്റും ശരിയും നിര്‍ണയിക്കുന്ന ബ്രാഹ്‌മണപ്രത്യയശാസ്ത്രം അദ്ദേഹം പുനരുത്പാദിപ്പിച്ചതേയില്ല. മധുരപ്രതികാരമെന്നോണം ആ മഹാനുഭാവന്‍ ടി.കെ. മാധവന്‍ എസ്എന്‍ഡിപി സെക്രട്ടറിയായിരുന്ന കാലത്ത്, നമ്പൂതിരിമാരെയടക്കം യോഗത്തില്‍ മെമ്പര്‍മാരായി ചേര്‍ക്കുകയുംചെയ്തു.
അതേപോലെ, തന്റെ രോഗബാധിതനായ ആത്മമിത്രം, അബ്ദുള്‍ ഖാദര്‍ മൗലവിയെ വീട്ടില്‍ച്ചെന്നുകണ്ടു. സ്ഥിരതാമസത്തിനായി ശിവഗിരിയിലേക്ക് ക്ഷണിച്ചു. പ്രാര്‍ഥനാസൗകര്യത്തിനായി പള്ളിപണിയാമെന്നുവരെ വാക്കുകൊടുത്തെന്നാണ് കേള്‍വി. നാട്ടില്‍ പൊങ്ങിവരുന്ന മുസ്ലിം-ക്രിസ്ത്യന്‍ പള്ളികള്‍ക്കുനേരേ ഒരിക്കലുമദ്ദേഹം മുഖം കറുപ്പിച്ചില്ല. പകരം പരമേശപവിത്രപുത്രനെന്ന് ക്രിസ്തുവിനെയും കരുണാവാന്‍ നബി മുത്തുരത്‌നമെന്ന് മുഹമ്മദിനെയും പുകഴ്ത്തിപ്പാടി.
ഹിന്ദുക്കളില്‍ അന്ന് നിലനിന്ന ജീര്‍ണത മുതലെടുത്ത് മറ്റു മതക്കാര്‍ തങ്ങളെ കടത്തിവെട്ടുമോ എന്ന ഭീതി അദ്ദേഹം പുലര്‍ത്തിയില്ല. ന്യൂനപക്ഷങ്ങള്‍ സ്വമതത്തെ പ്രചരിപ്പിക്കുന്നതില്‍ കുശുമ്പുമെടുത്തില്ല. പകരം സ്വന്തം സമുദായത്തെ നന്നാവാന്‍ പ്രേരിപ്പിച്ചു. അവരുടെ ആത്മോന്നതിക്കായി ആദ്യം അമ്പലങ്ങള്‍ പണിഞ്ഞുകൊടുത്തു. പിന്നെ ദൈവദശകംപോലുള്ള തത്ത്വചിന്താപരമായ ഭക്തികാവ്യങ്ങള്‍ രചിച്ചു. ഒടുവില്‍ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, ഒരു യോനി ഒരാകാരം ഒരു ഭേദവുമില്ലതില്‍ എന്ന ഉദ്ബോധനത്തോടെ സര്‍വമതമൂല്യത്തിന്റെ വെളിവിലേക്ക് മാലോകരെ ക്ഷണിക്കാനും ശ്രമിച്ചു.
തുടക്കംമുതലേ മദമത്സരപ്രതീകങ്ങളായ ക്ഷുദ്രദേവതകളെ അദ്ദേഹം കടപുഴക്കി യെറിഞ്ഞിരുന്നു. സാത്വിക ഗുണവര്‍ധനയ്ക്കായി ശിവ, ദേവീ, സുബ്രഹ്‌മണ്യ പ്രതിഷ്ഠകള്‍ നടത്തുകയുംചെയ്തിരുന്നു. മൂന്ന് ശ്രീകൃഷ്ണസ്തുതികളും രചിച്ചിട്ടുണ്ട്. അതായത് ബ്രാഹ്‌മണവിദ്വേഷംകൊണ്ട് അവന്‍ കുടിക്കുന്ന പാലുതൊടരുതെന്നും പഴയ കള്ളുതന്നെ തുടരണമെന്നും അദ്ദേഹം ആരെയും ഉപദേശിച്ചില്ലെന്നര്‍ഥം.
ആത്മീയമായ ഉയര്‍ച്ചയ്‌ക്കൊപ്പം ഭൗതികമായ പുരോഗതിക്കും ഗുരു പ്രാധാന്യം കൊടുത്തു. ഒരു സന്ന്യാസിയുടെ അധികാരപരിധി വിട്ട് വിവാഹവീടുകളില്‍ ഇടിച്ചുകയറി കെട്ടുകല്യാണവും തിരണ്ടുകല്യാണവും പുളികുടിയും കള്ളുകുടിയും നിര്‍ത്തലാക്കി. മൃഗബലികള്‍ വിലക്കി. നവസംരംഭകനെപ്പോലെ വ്യവസായശാലകള്‍ പ്രോത്സാഹിപ്പിച്ചു. എന്തിന്, ഫാക്ടറി ഉത്പന്നങ്ങളുടെ എക്‌സിബിഷന്‍വരെ എസ്എന്‍ഡിപി രണ്ടാം സമ്മേളനത്തില്‍ ശിവഗിരിയില്‍വെച്ച് നടത്തി.
വിജ്ഞനും വിവേകശാലിയുമായ ഗുരുദേവന്‍ അതിബുദ്ധിമാന്‍കൂടിയായിരുന്നു. ചളിക്കുണ്ടില്‍ നിന്നെടുക്കുമ്പോള്‍ ഏതുമാണിക്യത്തിലും മാലിന്യംപറ്റുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ആദിശങ്കരനും മറ്റും കൈകാര്യംചെയ്ത അദ്വൈതവേദാന്തത്തില്‍ അക്കാലത്തെ ജാതിച്ചേറ് മാത്രമല്ല, കുതര്‍ക്ക മാലിന്യവും ഒട്ടിയിരിക്കാവുന്നതാണല്ലോ. അതുകൂടി നീക്കംചെയ്യാനാണ് മനുഷ്യകുലത്തിലെ ഏറ്റവും ഉന്നതനായ ആ ഹോമോസാപ്പിയന്‍ 1924-ല്‍ ആലുവാ മണപ്പുറത്ത് സര്‍വമതസമ്മേളനം നടത്തിയതും, വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ഇതെന്ന് എഴുതിവെപ്പിച്ചതും.
അവനിവനെന്നറിയുന്നതൊക്കെ
യോര്‍ത്താലവനിയിലാദിമമായൊരാത്മരൂപം...
അതെ, മനുഷ്യനും മറ്റു ജീവജാലങ്ങളും പ്രകൃതിയും തമ്മിലുള്ള അഭേദം അദ്വൈതിയായ ഗുരു അപ്പോഴേക്ക് 'റിയലൈസ്' ചെയ്തുകഴിഞ്ഞിരുന്നു. പിന്നെ, സ്‌നേഹം, കാരുണ്യം, അപരപ്രിയത്വം... അതുമാത്രമേ ശേഷിച്ചിരുന്നുള്ളൂ. സത്യത്തെക്കാള്‍ സ്‌നേഹത്തിനാണ് ആ അപരപ്രിയന്‍ പ്രാമുഖ്യം നല്‍കിയിട്ടുള്ളതെന്ന് പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. പാവം, ശ്രീലങ്കായാത്രയില്‍ കപ്പല്‍ ആടിയുലഞ്ഞപ്പോള്‍, പേടിത്തൊണ്ടന്മാരോട്, തനിക്കും പേടിയുണ്ടെന്നും ധീരരോട്, തനിക്ക് പേടിയില്ലെന്നും മാറിമാറിപ്പറഞ്ഞ് ഏവരുമായും അദ്ദേഹം ഐക്യപ്പെട്ടു, സ്‌നേഹപ്പെട്ടു.
അതിനാല്‍, സെന്‍സസിന്റെ കോളത്തില്‍ ഹിന്ദു എന്ന് എഴുതിയിട്ടുള്ള മാന്യമഹാജനങ്ങളേ, ഇങ്ങനെയാണ് ഹിന്ദുവാകേണ്ടതെന്ന് നിങ്ങള്‍ മനസ്സിലാക്കുക. മറ്റു മതവിശ്വാസികളായ സഹോദരരേ, ഗുരുദേവന്‍ സാക്ഷാത്കരിച്ചിട്ടുള്ളത് നിങ്ങളുടെയും മതമൂല്യങ്ങള്‍തന്നെയെന്ന് മനസ്സിലാക്കുക. ലോകമാസകലമുള്ള ന്യൂജെന്‍ മക്കളേ, വംശ, ദേശ, വര്‍ഗ, ലിംഗ ഭേദമെന്യേ എല്ലാ ഗൈസിനും കെട്ടിപ്പിടിച്ച് ഉമ്മവെക്കാവുന്ന ഒരേയൊരു ചങ്ക് ഗുരു വാണെന്ന് നിങ്ങളും മനസ്സിലാക്കുക.
ഈ സാഹചര്യത്തില്‍ പശ്ചാത്യ ആധുനികതയുടെ വക്താക്കളായ ബുദ്ധിജീവി കള്‍ക്ക് ഇങ്ങനെയൊരു ഇഞ്ചികടി തോന്നാവുന്നതാണ്.
'മനുഷ്യന്റെയും മനുഷ്യത്വത്തിന്റെയും പ്രതീകമായി നാരായണഗുരുവിനെ കണ്ടാല്‍ പോരേ? ജാതിയും മതവുമായി കൂട്ടിക്കെട്ടണോ'
തമാശ പറയരുത് സുഹൃത്തുക്കളേ, ഇമ്മാനുവല്‍ കാന്റും വോള്‍ട്ടയറുമെല്ലാം പ്രബോധിപ്പിച്ച ശുദ്ധമാനവികത പ്രചരിപ്പിച്ച്, രാജ്യത്തെ സാംസ്‌കാരിക യാഥാര്‍ഥ്യങ്ങളോട് മുഖംതിരിപ്പിച്ച്, ഇന്ത്യയിലെ വിപ്ലവപ്രസ്ഥാനത്തെ നിങ്ങള്‍ മുരടിപ്പിച്ചത് ഓര്‍മ്മയുണ്ടല്ലോ. ഭൂരിപക്ഷം ജനവിഭാഗങ്ങളുടെ ജീവിതശൈലിയെ അഭിസംബോധനചെയ്യിക്കാന്‍വേണ്ടിയാണ് ഹൈന്ദവതയുമായി ഗുരുദേവന്‍ ബന്ധിപ്പിച്ചത്.
ഒരു വ്യക്തിക്കായാലും രാജ്യത്തിനായാലും പുരോഗതി സാധ്യമാകണമെങ്കില്‍ സ്വന്തത്തില്‍ കടുകുമണിയോളമെങ്കിലും നന്മ കണ്ടെത്തേണ്ടിവരുമെന്നാണ് സിഗ്മണ്ട് ഫ്രോയിഡെല്ലാം പറയുന്നത്. ഭൂതകാലചരിത്രത്തിലെ നല്ലത് പൊലിപ്പിച്ച്, തീയ്യത് വിട്ടുകളയുന്ന ആ പ്രക്രിയയാണ് ലൈഫ് ഇന്‍സ്റ്റിങ്റ്റ്. ഭൂതകാലത്തുനിന്ന് ചീത്തമാത്രം ചികഞ്ഞെടുക്കുന്നത് ഡെത്ത് ഇന്‍സ്റ്റിങ്റ്റും. ഡെത്ത് ഇന്‍സ്റ്റിങ്റ്റ് വ്യക്തിക്കായാലും രാഷ്ട്രത്തിനായാലും വിനാശകരമാണ്. എഴുത്തച്ഛന്‍ തെറ്റ്, കുമാരനാശാന്‍ തെറ്റ്, രാജ്യത്തെ കള്‍ച്ചറല്‍ ഐക്കണ്‍സെല്ലാം തെറ്റ്, ഇന്ത്യമൊത്തം തെറ്റ് എന്നാണെങ്കില്‍ 'നമ്മളെ നന്നാക്കിയവന്റെ' ബ്രിട്ടനിലേക്ക് വിസയെടുക്കേണ്ടിവരും. ഗുരുദേവന്‍ ചെയ്തപോലെ ചീത്ത തിരസ്‌കരിച്ച് നല്ലത് സ്വീകരിച്ചാലേ രാഷ്ട്രത്തെ പുലര്‍ത്താനാകൂ. അക്കാരണത്താലാകാം ഒക്ടോബര്‍ വിപ്ലവകാലത്ത് റഷ്യ മഹത്തായൊരു രാഷ്ട്രമാണെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചുപറഞ്ഞ് ലെനിന്‍ ജനങ്ങളെ പ്രചോദിപ്പിച്ചത്, അവരില്‍ ലൈഫ് ഇന്‍സ്റ്റിങ്റ്റ് വളര്‍ത്തിയത് (അല്ലെങ്കില്‍ സാര്‍ ചക്രവര്‍ത്തിമാരുടെ രാഷ്ട്രത്തിന് എന്തു മഹത്ത്വം!)
ഏതായാലും ഇന്നത്തെ അവസ്ഥാവിശേഷത്തില്‍, ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ദുര്‍ലഭനന്മയായി ഗുരുദേവനെ ഉയര്‍ത്തിപ്പിടിച്ച്, ഏത് ഇന്ത്യക്കാരന്‍, ഏത് ഹിന്ദു എന്ന ചോദ്യത്തിന് മഹാത്മാവിനെ മറുപടിയാക്കുകയേ ഈ രാജ്യത്തിന് രക്ഷയുള്ളൂ.