കപില വാത്സ്യായന്‍; സ്വന്തം നിബന്ധനകളില്‍ ജീവിതം നയിച്ച വ്യക്തിത്വം

#ശ്രീകല ശിവശങ്കരന്‍
കപില വാത്സ്യായന്‍/ ഫോട്ടോ: മാതൃഭൂമി
കപില വാത്സ്യായന്‍/ ഫോട്ടോ: മാതൃഭൂമി

ഇന്ത്യന്‍ ക്ലാസിക്കല്‍ കലകളുടെയും കലാചരിത്രത്തിന്റെയും വാസ്തുവിദ്യയുടെയും സുവര്‍ണരേഖകളില്‍ അടയാളപ്പെടുത്തപ്പെട്ട പേരാണ് കപില വാത്സ്യായന്റേത്. ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദ ആര്‍ട്‌സിന്റെ സ്ഥാപകഡയറക്ടറും പാര്‍ലമെന്റ് അംഗവും പണ്ഡിതയുമായിരുന്ന കപില വാത്സ്യായനെക്കുറിച്ച് ശ്രീകല ശിവശങ്കരന്‍ എഴുതുന്നു. 

ജീവിച്ചകാലമത്രയും പ്രതിഭ കൊണ്ടും വ്യക്തിത്വം കൊണ്ടും ജനമനസ്സുകളില്‍ നിറഞ്ഞുനിന്ന കപില വാത്സ്യായന്‍ ഓര്‍മയായിട്ട് നാലുവര്‍ഷം.  ഒരുജ്ജ്വല പൊതുവ്യക്തിത്വമായിരുന്ന കപില വാത്സ്യായന്റെ വ്യക്തിപരമായ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്ന ഒരു ഡോക്യുമെന്ററിയോ അഭിമുഖമോ ഇല്ല. വ്യക്തിജീവിതത്തെക്കുറിച്ചു സംസാരിക്കാന്‍ അവര്‍ താത്പര്യപ്പെട്ടിരുന്നില്ല. ജ്യോതി സബര്‍വാള്‍ തയ്യാറാക്കിയ ജീവചരിത്ര സംഗ്രഹം ആ പൊതുവ്യക്തിത്വം എങ്ങനെ ഉരുത്തിരിഞ്ഞു എന്ന് അന്വേഷിക്കുന്നുണ്ട്. പൂര്‍വ്വികരുടെ ശ്രീനഗറിലെ ജീവിതകാലം, ഡല്‍ഹിയിലെ ജനനവും വളര്‍ച്ചയും, വീട്ടിലും സമൂഹത്തിലും കഠിന പ്രയത്‌നത്തിലൂടെ വികസിക്കുന്ന വ്യക്തിത്വം,  ഒരേ സമയം പണ്ഡിതയും, കലാകാരിയും, മികച്ച ഭരണാധികാരിയും, എല്ലാത്തിനുമുപരി, സാമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തകയുമായിരുന്നു കപിലാ വാത്സ്യായന്‍. നമ്പര്‍ വണ്‍ ജന്‍പഥ് റോഡിലെ സെന്‍ട്രല്‍ വിസ്ത മെസ് എന്ന ചെറിയ വെളുത്ത കെട്ടിടം ഇന്ത്യയിലെ സാംസ്‌കാരിക വിജ്ഞാന സ്വരൂപണത്തിന്റെ ദന്തഗോപുരമാക്കിയ ചക്രവര്‍ത്തിനി. അതിന്റെ ശക്തി ദൗര്‍ബല്യങ്ങള്‍...

ഓര്‍മ്മ ഒരു വലിയ കലവറയാണ്. ചാലക ശക്തിയാണ്. നമുക്ക് വളരെയേറെ പ്രചോദനം നല്‍കുന്ന ഒരു ജീവിതം. അവരെ വളരെയടുത്തറിയുകയും അടുത്ത് പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ വലിയ ആദരവോടും നന്ദിയോടും കൂടി ഞാനവരെ ഓര്‍ക്കുന്നു.

ഇന്ത്യയിലെ കലാ-സാംസ്‌കാരിക- രാഷ്ട്രീയ മേഖലകളിലെ സ്ത്രീ നേതൃത്വത്തിന്റെ പ്രമുഖ ഉദാഹരണം. അവര്‍ നേരിട്ട വെല്ലുവിളികള്‍. അവര്‍ ഉയര്‍ത്തിയ വെല്ലുവിളികള്‍.

 'ദി ആര്‍ട്‌സ് ഓഫ് കേരള ക്ഷേത്രം' എന്ന പുസ്തകത്തിന്റെ പുന:പ്രസിദ്ധീകരണം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററിലെ 
(ഐ.ഐ.സി, ന്യൂഡല്‍ഹി) അവരുടെ ചെറിയൊരു തീപ്പെട്ടി പോലുള്ള ക്യാബിനില്‍ ഞങ്ങള്‍ ഒരുമിച്ച് കാപ്പിയും ലഘുഭക്ഷണവും കഴിച്ചു. ഞാന്‍ പറഞ്ഞു:  'പ്രിയപ്പെട്ട കപിലാജി, ഇപ്പോളെനിക്ക് നിങ്ങളില്‍ നിന്ന് ഒരു ചുംബനം മോഷ്ടിക്കണം!' അവര്‍ ഉറക്കെ പൊട്ടിചിരിച്ചു. 'തീര്‍ച്ചയായും', കപിലാജി പറഞ്ഞു. ഞാനെഴുന്നേറ്റ് അവരുടെ ചിരിക്കുന്ന മുഖത്ത് ചുംബിച്ചു. നെറ്റിയിലെ ധിഷണയുടെ ചുഴികള്‍, തിളങ്ങുന്ന വെള്ളത്തലമുടിനാരുകള്‍, ചിന്തയുടെ നിതാന്ത സാഗരം. മനോഹരമായ ഓര്‍മ്മ.

ഫോട്ടോ: ശ്രീകല ശിവശങ്കരന്‍

കപില വാത്സ്യായന്‍ മികവില്‍ വിശ്വസിച്ചു. നിരവധി വെല്ലുവിളികള്‍ക്കിടയിലും ആരംഭിച്ച ജോലി പൂര്‍ത്തിയാക്കിയ സംതൃപ്തിയുടെ നിമിഷങ്ങളായിരുന്നു അവ. സന്തോഷകരമായ നിമിഷങ്ങള്‍. ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സില്‍ (ഐ.ജി.എന്‍.സി.എ, ന്യൂഡല്‍ഹി) വിഷ്വല്‍ ആര്‍ട്സ് സ്റ്റഡീസ് വിഭാഗം തലവനായിരിക്കെ ആര്‍. നന്ദകുമാര്‍ ആരംഭിച്ചതാണ് 'ദി ആര്‍ട്സ് ഓഫ് കേരള ക്ഷേത്രം' എന്ന പുസ്തക പദ്ധതി. നന്ദകുമാര്‍ സ്ഥാപനം വിട്ട് പോകുകയും താമസിയാതെ ആ ജോലി എനിക്ക് കൈമാറുകയും ചെയ്തു. എന്നാലതിന്റെ പ്രവര്‍ത്തനത്തിന് സ്ഥാപനത്തിനുള്ളില്‍ നിന്ന് അപ്പോഴേക്കും അധികമൊന്നും പിന്തുണ ലഭിച്ചില്ല.

 കപില വാത്സ്യായന്‍ തന്നെ മുന്‍കൈയെടുത്താണ് പിന്നീടത് ചെയ്തത്. കേരള സാംസ്‌കാരിക വിജ്ഞാന മണ്ഡലത്തില്‍ ഇനിയും വികസിക്കാനുള്ള ധാരാളം ഗവേഷണ ശാഖകള്‍ക്ക് ഒരു രൂപരേഖ തയ്യാറാക്കുകയായിരുന്നു ആ പദ്ധതിയുടെ ലക്ഷ്യം.

 അത്തരം കഴിവുകളുടെയും മികവിന്റെയും മാതൃകയായി കപിലാ വാത്സ്യായന്‍ തുടര്‍ന്നു. സ്ഥാപനത്തിന് പുറത്തു നിന്ന് അവര്‍ ഫലങ്ങള്‍ ഉണ്ടാക്കി. വ്യക്തിഗത കാന്തികത കൊണ്ട് അവര്‍ ചുറ്റുമുള്ളവരെ പ്രചോദിപ്പിച്ചു.

ഇന്ത്യയിലെ കലകളെയും സംസ്‌കാരത്തെയും കുറിച്ചുള്ള ഗവേഷണത്തിന്റെ രീതികളും മാതൃകകളും കപില വാത്സ്യായന്‍ പുനര്‍നിര്‍വ്വചിച്ചു. വിഘടനത്തിനും (fragmentation) വേര്‍തിരിച്ചുള്ള അന്വേഷണങ്ങള്‍ക്കും പകരം സമഗ്രതയും (holism) പരസ്പര ബന്ധവുമാണ് (inter connectedness) അവരുടെ ഗവേഷണത്തെ നയിച്ചത്. 'ചരിത്ര- ഭൂമിശാസ്ത്രപരമായ context എന്ന അര്‍ത്ഥത്തില്‍ മാത്രമല്ല, വൈവിധ്യമാര്‍ന്ന ജീവിത പാരമ്പര്യങ്ങള്‍ക്ക് വളരാനും വികസിക്കാനും പരസ്പരം ഇടപഴകാനും കഴിയുന്ന മണ്ഡലത്തിന്റെ സമഗ്രതയാണ് 'context' എങ്കില്‍ കപില വാത്സ്യായന്റെ സപര്യയെ കലയുടെ അത്തരത്തിലുള്ള 're-contextualisation' എന്ന് വിളിക്കാം.' - ഇന്‍ഡോളജിസ്റ്റ് ബെറ്റിന ബൗമര്‍ നിരീക്ഷിക്കുന്നു (ആര്‍ട്ട്: ദി ഇന്റഗ്രല്‍ വിഷന്‍, 1994, പേജ് 111).

 പി.എച്ച്.ഡി ബിരുദത്തിനായി അമേരിക്കയിലേക്ക് പോയ ഉടന്‍ തന്നെ അവര്‍ ഗൗരവമായി തുടങ്ങിയ അന്വേഷണമായിരുന്നു അത്. ഫെലോഷിപ്പ് ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങാന്‍ അവര്‍ തീരുമാനിച്ചു. കപിലാജിയുടെ തന്നെ വാക്കുകളില്‍: 'വിപുലമായ വിദ്യാഭ്യാസം നേടിയിട്ടും, എന്റെ അജ്ഞത എത്ര അഗാധമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എന്റെ സംസ്‌കാരത്തെക്കുറിച്ച് ഞാന്‍ അജ്ഞയാണെന്ന് എനിക്ക് തോന്നി; അത് എനിക്കറിയേണ്ടതുണ്ടായിരുന്നു.' (ഉത്തര കൂര്‍ലവാലയുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്, ഡാന്‍സ് റിസര്‍ച്ച് ജേര്‍ണല്‍, vol. 32, no. 1, 2000). സ്വത്വാന്വേഷണപരമായ യാത്രയുടെ തുടക്കമായിരുന്നത്. മധുര, കന്യാകുമാരി മുതല്‍ പാലക്കാട് വരെ കാല്‍നടയായും ബസുകളിലും യാത്ര ചെയ്ത അവര്‍ കേരള കലാമണ്ഡലത്തിലെത്തി. അവരുടെ കേരളത്തിലെ യാത്രകളെ തീര്‍ത്ഥാടനം എന്നാണ് അവര്‍തന്നെ വിശേഷിപ്പിച്ചിട്ടുള്ളത്. (കേരള ക്ഷേത്രത്തിന്റെ കലകള്‍, 2015, പേജ് 25).

കേരള കലാമണ്ഡലവുമായും കാലടി സംസ്‌കൃത സര്‍വകലാശാലയുമായും ഓംചേരി എന്‍.എന്‍.പിള്ള, ജി. ശങ്കരപ്പിള്ള, ലീലാ ഓം ചേരി, കെ.ജി. പൗലോസ്, തുടങ്ങിയ നിരവധി പ്രമുഖരുമായും ചേര്‍ന്ന് ഡല്‍ഹിയില്‍ അവര്‍ കേരള പഠനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി.

 'കേരള ക്ഷേത്രത്തിന്റെ കലകള്‍' എന്ന പുസ്തകം തയ്യാറാക്കുമ്പോള്‍, ക്ഷേത്രം എന്ന പദത്തിന്റെ സമഗ്രമായ അര്‍ത്ഥം ഞങ്ങള്‍ പരിഗണിച്ചിരുന്നു. ഒരു ക്ഷേത്രത്തില്‍ നിന്ന്, ഒരു സാംസ്‌കാരിക മണ്ഡലത്തിലേക്ക് - അത്തരത്തിലുള്ള ഒരു പഠനശാഖയിലേക്ക്. കല, വാസ്തുവിദ്യ, സംസ്‌കാരം, പ്രകൃതി എന്നീ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന, ആ മണ്ഡലങ്ങളുടെ മുഴുവന്‍ ശ്രേണിയുമുള്‍ക്കൊള്ളുന്ന ഇടം സൃഷ്ടിക്കുന്നതിന്റെ സവിശേഷത പരിഗണിച്ച്, അതില്‍ നിര്‍വചിക്കേണ്ട പാരിസ്ഥിതിക ഘടകങ്ങളില്‍, പരമ്പരാഗത ഊന്നല്‍ നല്‍കിക്കൊണ്ട് ആയുര്‍വേദത്തിന്റെയും, വിശ്വകര്‍മ്മ സമുദായത്തിന്റെയും ശബ്ദകോശങ്ങളുടെ പ്രസക്തിയെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ശാസ്ത്ര - പ്രയോഗ നൈരന്തര്യത്തില്‍, കാലികമായി, പദങ്ങളുടെ സത്തയെ ഉള്‍ക്കൊള്ളിച്ചുള്ള ശേഖരം വരുംതലമുറയ്ക്ക് ഉപയോഗപ്രദമായ രീതിയില്‍ സംരക്ഷിച്ചു വെയ്‌ക്കേണ്ടതിന്റെ ആവശ്യകതയും പല വിജ്ഞാന സ്വരൂപണങ്ങളിലുമുള്ള പദാവലികള്‍ എങ്ങനെ ഫലപ്രദമായി പുനര്‍നിര്‍വ്വചിക്കാന്‍ കഴിയുമെന്നതും ഒരു വലിയ പ്രശ്‌നമേഖലയാണ്.

കപില വാത്സ്യായൻ സഹോദരങ്ങളായ കേശവ് മാലിക്, സുഭാഷ് ചന്ദ്ര മാലിക്, മാതാപിതാക്കളായ
സത്യവതി, രാം ലാൽ മാലിക്  എന്നിവരോടൊപ്പം. (ഫോട്ടോ കടപ്പാട്: സുഭാഷ് ചന്ദ്ര മാലിക്)

അവര്‍ കേരളത്തെ സ്‌നേഹിക്കുകയും കേരളീയരോട് തല്‍ക്ഷണം അടുക്കുകയും ചെയ്തു. കേരളത്തിന്റെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പാരമ്പര്യവും സ്ത്രീപ്രധാനമായ ദേവതാസങ്കല്പനങ്ങളും വേണ്ടവിധം വിലയിരുത്തപ്പെട്ടിട്ടില്ല എന്നവര്‍ തിരിച്ചറിഞ്ഞു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ എല്ലാ അര്‍ത്ഥത്തിലും വേറിട്ടുനില്‍ക്കുന്ന, പ്രസക്തമായ സാംസ്‌കാരിക കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ച നെഹ്റുവിയന്‍ സോഷ്യലിസ്റ്റ് ചിന്താധാരയുടെ ഭാഗമായിരുന്നു കപില വാത്സ്യായന്‍. അരുണ ആസഫ് അലി, കമലാ ദേവി ചതോപാദ്ധ്യായ, രുക്മിണി ദേവി അരുണ്‍ഡേല്‍, ഗ്രേസ് ലൂയിസ് മക്കാനെ മോര്‍ലി തുടങ്ങി അന്നത്തെ ബൗദ്ധിക - സാംസ്‌കാരിക രംഗത്തെ വ്യക്തിത്വങ്ങള്‍ക്കൊപ്പം അവര്‍ പ്രവര്‍ത്തിച്ചു.

എന്നാല്‍ അവരുടെ തനതായ പിന്തുടരല്‍, യഥാര്‍ത്ഥത്തില്‍, പാണ്ഡിത്യവും മികവും നേതൃപാടവവും ഭരണാധികാരവും സമന്വയിപ്പിച്ച ഒരു സ്ത്രീയുടെ അതുല്യമായ യാത്രയായിരുന്നു. അവര്‍ സ്വന്തം നിബന്ധനകളില്‍ ജീവിതം നയിച്ച വ്യക്തിത്വമായിരുന്നു, ആ ആദര്‍ശം മുഴുവനും പാലിക്കുന്ന ഒരു മാതൃകാ വ്യക്തിത്വം. എതിര്‍വാദങ്ങളുമായി വരുന്ന യുവഗവേഷകരോട് അവര്‍ പറയുമായിരുന്നു: 'ഓകെ, ഷൂട്ട്. ഷൂട്ട് യുവര്‍ ആര്‍ഗ്യുമെന്റ.്' ഗവേഷണത്തില്‍ അതനിവാര്യമാണു താനും.

 പല കാര്യങ്ങളിലും എനിക്ക് വിയോജിപ്പ് തോന്നിയിട്ടുണ്ട്. അവരുടെയും ആ ഒരു കാലഘട്ടത്തിന്റെയും ചിന്താധാരകളിലുണ്ടായിരുന്ന ബഹുസ്വരത പക്ഷേ അവര്‍ പടുത്തുയര്‍ത്തിയ സ്ഥാപനങ്ങളുടെ ഘടനയില്‍ വേണ്ട രീതിയില്‍ വികസിച്ചില്ല. കാശ്മീര്‍ മുതല്‍ കേരളം വരെയുള്ള പഠനങ്ങളുടെ പ്രതിനിധാനം പലപ്പോഴും ഒരു തരം വരേണ്യതയില്‍ കുടുങ്ങിക്കിടന്നു. 'പ്‌ളൂരല്‍ കള്‍ച്ചേഴ്‌സ്, മോണോലിത്തിക് സ്ട്രക്‌ച്ചേഴ്‌സ്' എന്ന പുസ്തകത്തില്‍ ഈ വൈരുദ്ധ്യത്തെ അവര്‍ നേരിടുന്നുണ്ട്.

2017-ല്‍ ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തിയ ഞാന്‍ കളിമണ്ണും പെയിന്റും ചാണകവും, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ഇരുമ്പ്, ചെമ്പ്, തടി തുടങ്ങി പലതരത്തിലുള്ള പദാര്‍ത്ഥങ്ങളും കൊണ്ട് വീട്ടിലും പറമ്പിലും ഓരോ നിര്‍മ്മാണ പ്രവര്‍ത്തനവുമായി നടന്നപ്പോള്‍ എനിക്ക് നഷ്ടപ്പെട്ട പല ചിത്രങ്ങളുടെയും കൂട്ടത്തില്‍ ഐ.ജി.എന്‍.സി.എയിലെ ഒരു ഫോട്ടോഗ്രാഫ് മനസ്സില്‍ പൊന്തി വന്നു. അവിടെ ജോലി ചെയ്തതിന്റെ അവസാന നാളുകളില്‍, ആ കെട്ടിടത്തിന്റെ ഏകാന്തത എന്റെ ക്യാമറ ആകാംക്ഷയോടെ പകര്‍ത്തിയപ്പോള്‍, അതിന്റെ അനിശ്ചിതഭാവിയും തുടര്‍ച്ചയുടെ ദിശയും അവഗണിക്കപ്പെട്ട അവസ്ഥയില്‍ മങ്ങിയ വെളിച്ചത്തില്‍ ഒരു കളിമണ്‍ കൊട്ടാരം അവസാനമായൊന്ന് തിളങ്ങി... മാട്ടി ഘര്‍. 

 ഐ.ജി.എന്‍.സി.എ യുടെ ആകാശ, ആകാര, പ്രകൃതി എന്നിവയുള്‍ക്കൊള്ളുന്ന 'കാല' (Time) എന്ന പ്രദര്‍ശനത്തിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് മാട്ടിഘര്‍. അതിന്റെ ദര്‍ശനവും രൂപകല്പനയും സ്ഥാപക ഡയറക്ടര്‍ ആയിരുന്ന ഡോ. കപില വാത്സ്യായന്‍ തന്നെയാണ് ചെയ്തത്. ആ താത്കാലിക മണ്‍കൂര പിന്നീട് വര്‍ഷങ്ങളോളം നിലനിന്നു. ഇന്ത്യയിലെ പല ഐതിഹാസിക എക്‌സിബിഷനുകള്‍ക്കും മാട്ടിഘര്‍ ആതിഥേയത്വം വഹിച്ചു. നഗരഹൃദയത്തില്‍ സ്ഥിതി ചെയ്തിരുന്ന സെന്‍ട്രല്‍ വിസ്ത മെസ് എന്ന പഴയ കെട്ടിടം ഇന്ത്യയിലെ പ്രൗഢഗംഭീരമായ സാംസ്‌കാരിക കേന്ദ്രമാക്കി അവര്‍ മാറ്റിയപ്പോഴും കാലത്തിന്റെ നിതാന്ത സാക്ഷ്യങ്ങളായ മണ്ണും മരങ്ങളും അവിടെ സംരക്ഷിക്കണമെന്നത് മിഷന്‍ സ്റ്റേറ്റ്‌മെന്റ് ആക്കിയ കപില വാത്സ്യായന്‍ ഇന്ത്യയുടെ സാംസ്‌കാരിക ഹൃദയത്തില്‍ എന്നെന്നേക്കുമായി തന്റെ കയ്യൊപ്പ് ചാര്‍ത്തുകയായിരുന്നു. 

ഈ സീരീസില്‍ തന്നെ പതഞ്ജലിയുടെ യോഗ വസിഷ്ഠയില്‍ നിന്ന്  ഒരച്ചുതണ്ടില്‍ ചക്രം തിരിയുമ്പോലെ ആശയങ്ങളുടെയും സര്‍ഗ്ഗാത്മകതയുടെയും ഉറച്ചതും ചലനാത്മകവുമായ രൂപങ്ങളില്‍ സ്ഥല-കാലങ്ങളെ ബന്ധിപ്പിക്കുന്ന, 'ഖം' എന്ന പേരില്‍ കപിലാജി തന്നെ രൂപകല്പന ചെയ്ത പ്രദര്‍ശനം ബ്രിജ് മഹാരാജിന്റെ കഥക് നൃത്തവുമായി ബന്ധിപ്പിച്ചുള്ള സംയുക്ത സംരംഭമായി.

ഏഷ്യയുടെ നാനാത്വത്തിലുള്ള ഐക്യത്തില്‍ അടിയുറച്ച രാഷ്ട്രീയം അവരെ പിന്നീട് IIC യുടെ ഏഷ്യന്‍ പഠനത്തിന്റെ ചുമതലയിലെത്തിച്ചു. ദലൈലാമയുമായി ചേര്‍ന്ന് ടിബറ്റന്‍ പഠനങ്ങള്‍ക്കും ബുദ്ധ ചിന്തകള്‍ക്കും പ്രത്യേകം പിന്തുണയും സംഭാവനകളും നല്‍കിയിട്ടുണ്ട്. ഐ.ജി.എന്‍.സി.എയില്‍ ഞാന്‍ നടത്തിയ ജൂത സംസ്‌കാരത്തെക്കുറിച്ചുള്ള ഡോക്യുമെന്റേഷന്റെയും എക്‌സിബിഷന്റെയും ഇടയില്‍, പല സന്ദിഗ്ദഘട്ടങ്ങളിലും അവര്‍ എനിക്ക് ആശ്രയമായി.

അവരുടെ ഓരോ പ്രോജക്ടും ഒരോ പ്രകൃഷ്ട സൃഷ്ടി തന്നെയായിരുന്നു. ഓരോ ജോലിയും ഒരു വിശുദ്ധ വഴിപാടും. അത്തരം പദ്ധതികള്‍ക്കിടയില്‍ മതിയായ സമയം ഉണ്ടായിരിക്കും. ആശയവല്‍ക്കരണം മുതല്‍ നിര്‍വ്വഹണം വരെ, ആഴത്തിലുള്ള പഠനവും വിഷയത്തെ കുറിച്ചുള്ള അവഗാഹവും അവരുടെ അടിസ്ഥാന ആവശ്യമായിരുന്നു. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് എടുത്തു ചാട്ടമില്ല, ധൃതിയുമില്ല. 

'ക്‌ളാസിക്കല്‍ ഇന്ത്യന്‍ ആര്‍ട്‌സ് ഇന്‍ ലിറ്ററേച്ചര്‍ ആന്‍ഡ് ആര്‍ട്‌സ്', 'ദി സ്‌ക്വയര്‍ ആന്‍ഡ് ദി സര്‍ക്കിള്‍ ഓഫ് ദി ഇന്ത്യന്‍ ആര്‍ട്‌സ്' എന്നിവയടക്കം ഇരുപതോളം ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ അവരുടേതായിട്ടുണ്ട്.

'സമയത്തിന്റെ ചലനം രേഖീയമല്ല, ചാക്രികവുമല്ല- അതൊരു സര്‍പ്പിളമായ ചുരുളലും ചുരുള്‍ നിവരലുമാണ്... കപില വാത്സ്യായന്‍ 'കോണ്‍സപ്റ്റ് ഓഫ് ടൈം' എന്ന പുസ്തകത്തില്‍ ഇങ്ങനെ എഴുതി: ഗീതാഗോവിന്ദത്തില്‍, കൃഷ്ണന്റെ ലീല ഒരാളും പലരും തമ്മിലല്ല; കൃഷ്ണനും രാധയും, അതിലേറെ കൃഷ്ണനും വിഷ്ണുവും തമ്മിലുള്ള കളിയും പരസ്പര ബന്ധവുമാണ്. 

സ്ത്രീകളുടെ കേന്ദ്ര സ്ഥാനവും തീരുമാനങ്ങളെടുക്കാനുള്ള കഴിവും പരിപോഷിപ്പിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുമ്പോള്‍, ഒരു സമൂഹം അസാധാരണവും ദൂരവ്യാപകവുമായ സംഭാവനകള്‍ നല്‍കുന്നവരുമായ വനിതാ നേതാക്കളെ സൃഷ്ടിക്കും. സ്വതന്ത്ര ഇന്ത്യയിലെ പ്രമുഖ സാംസ്‌കാരിക സ്ഥാപനങ്ങള്‍ കെട്ടിപ്പടുത്ത വനിതയും കലാകാരിയും ചിന്തകയുമായ ഡോ. കപില വാത്സ്യായന്‍ പാര്‍ലമെന്റ് മെമ്പര്‍ കൂടിയായിരുന്നു. 2011-ല്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് അവര്‍ക്ക് പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ചു.

സാംസ്‌കാരിക സ്ഥാപനങ്ങള്‍ സ്വയംഭരണമുള്ളതും സ്വയംപര്യാപ്തവുമായിരിക്കണമെന്ന് അവര്‍ വിഭാവനം ചെയ്തു. ജയ് ചന്ദിരാം അവരെക്കുറിച്ച് നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചിരുന്ന സിനിമ, ചന്ദിരാമിന്റെ ജീവന്‍ അപഹരിച്ച അസുഖം കാരണം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നു. അന്ന് അതില്‍ പങ്കാളിയാകാന്‍ എനിക്കും അവസരം ലഭിച്ചതാണ്. വേദനിപ്പിക്കുന്ന ഓര്‍മ്മ.

2020- ല്‍ സെപ്തംബര്‍ 16-ന് ഡല്‍ഹിയില്‍ സ്വന്തം വസതിയില്‍ വെച്ച് അവര്‍ നിര്യാതയായി. അവര്‍ സ്ഥാപിച്ച സ്ഥാപനങ്ങള്‍ നിരവധി. അവര്‍ പടുത്തുയര്‍ത്തിയ, അക്ഷീണം പ്രയത്‌നിച്ച സ്ഥാപനങ്ങളിലൊന്നെങ്കിലും അവരുടെ പേരില്‍ തന്നെ അറിയപ്പെടേണ്ടതാണ്. 

കപില വാത്സ്യായന്‍ ധിഷണയുടെ, നേതൃത്വത്തിന്റെ തീപ്പൊരി തിരിച്ചറിഞ്ഞ യുവതലമുറയിലെ ഗവേഷകരെ കണ്ടുമുട്ടുമ്പോഴെല്ലാം അവര്‍ക്ക് അസാമാന്യമായ ഊര്‍ജ്ജവും ഉത്സാഹവും ഉണ്ടായിരുന്നു. കാഴ്ച മങ്ങുന്ന ജീവിതാന്ത്യത്തില്‍ പോലും, പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് ഒരു ജോലിയുണ്ടായിരുന്നു, നിറവേറ്റാന്‍ ഒരു ആദര്‍ശവും.


 

Content Highlights: kapila vatsyayan 4th death anniversary sreekala sivasankaran writes