ജീവിതം സംഘടിപ്പിച്ച പ്രച്ഛന്നവേഷമത്സരത്തില്‍ മാധവിക്കുട്ടിയും കമലാദാസും കമലാസുരയ്യയുമായൊരാള്‍!

#സുലോചന നാലപ്പാട്ട്
മാധവിക്കുട്ടി
മാധവിക്കുട്ടി

മലയാളത്തിന്റെ മാധവിക്കുട്ടി വിട പറഞ്ഞിട്ട് പതിനാറ് വര്‍ഷമായിരിക്കുന്നു. നാലപ്പാട്ടെ ആമിയോപ്പുവില്‍ നിന്നു തുടങ്ങുന്ന ജീവസ്സുറ്റ ഓര്‍മകള്‍ പങ്കുവെക്കുകയാണ് സുലോചന നാലപ്പാട്ട് തന്റെ പുസ്തകമായ എന്റെ ജ്യേഷ്ഠത്തി കമലയില്‍. മാതൃഭൂമി ബുക്‌സ്  പ്രസിദ്ധീകരിച്ച പുസ്തത്തില്‍ നിന്നും ഒരു 
അധ്യായം.
 

നാലപ്പാട്ടിനെക്കുറിച്ചുള്ള കൊച്ചുകൊച്ചു കാര്യങ്ങള്‍പോലും ആമിയോപ്പുവിന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരിക്കുന്നതായി അവരുടെ വിവരണങ്ങളില്‍നിന്നു കാണാം. ജീവിതത്തിന്റെ ഭൂരിഭാഗം കഴിച്ചുകൂട്ടിയ ബോംബെയെപ്പറ്റിയോ പതിനാറു വയസ്സുവരെ ജീവിച്ച കല്‍ക്കത്തയെപ്പറ്റിയോ ഇങ്ങനെ തലനാരിഴകീറിയുള്ള പ്രതിപാദ്യമില്ല. ആ വിവരണങ്ങളിലൂടെ ഒരോട്ടപ്രദക്ഷിണം നടത്തുന്നത് രസാവഹമാണ്. ഇവയില്‍ സ്ഥൂലവും സൂക്ഷ്മവുമായ തലങ്ങള്‍ ഇടകലര്‍ന്നുകിടക്കുന്നു.

വന്യഭൂഭാഗഭംഗികള്‍

'പടിഞ്ഞാറേ മുറ്റത്ത് പാരിജാതം, ആടലോടകച്ചെടികള്‍, മാതളനാരകം, കഞ്ഞിക്കൂര്‍ക്ക. പാമ്പിന്‍കാവിന്റെ തെക്കുകിഴക്കു മൂലയിലാണ് കാഞ്ഞിരം. താഴെ ഈയനാണ്യങ്ങള്‍പോലെ കായ്കളും പച്ചപ്പൂക്കളും. അവയില്‍ സ്റ്റ്രിക്നീന്‍ എന്ന വിഷമുണ്ട്. കൂടാതെ പാമ്പിന്‍കാവില്‍ പരി, ഇലഞ്ഞി, കുങ്കുമം. പരിമേല്‍ തിപ്പലിയടക്കം പല വള്ളികള്‍ പടര്‍ന്നിരുന്നു. പാമ്പിന്‍കാവിനകത്ത് കൂരിരുട്ടാണ്, മാധവിയമ്മ മാത്രം അവിടെ പോയി തിരിവെക്കും. അവരവിടെ ചെറിയ കൃഷ്ണസര്‍പ്പങ്ങളെയും എട്ടടിമൂര്‍ഖന്മാരേയും കണ്ടിട്ടുണ്ടത്രേ, മൂര്‍ഖന്‍മാരുടെ ഊത്തും കേള്‍ക്കും അവിടെ.'

കാഞ്ഞിരം കണ്ട ഓര്‍മയെനിക്കില്ല. പക്ഷേ ഞാന്‍ ചെറുപ്പത്തില്‍ നാലപ്പാട്ടുമുറ്റത്തു നില്ക്കുന്ന ഒരു ഫോട്ടോവിന്റെ പശ്ചാത്തലത്തില്‍ കാഞ്ഞിരവും ഇലഞ്ഞിയും കാണാം. ഇലഞ്ഞി പടിഞ്ഞാട്ടും കാഞ്ഞിരം എതിര്‍ദിശയിലേക്കും ചാഞ്ഞാണ് നിലകൊള്ളുന്നത്. ആമിയോപ്പുവിന് ഒന്നര വയസ്സുമുതല്‍ക്കുള്ള സംഭവങ്ങള്‍ ഓര്‍മിക്കാനാവും എന്നെന്നോടൊരിക്കല്‍ പറഞ്ഞിട്ടുണ്ട്. അതു വാസ്തവമാണെന്നുതന്നെ ഞാന്‍ കരുതുന്നു. ഇലഞ്ഞിമേല്‍ എക്കാലത്തുമൊരൂഞ്ഞാലുണ്ടായിരുന്നു. ഇലഞ്ഞിച്ചുവട് കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരിടമായിരുന്നു. ആ പൂഴിയില്‍ ചങ്ങാതിമാരൊത്ത് ചുവന്ന നിറമുള്ള ഇലഞ്ഞിപ്പഴം രുചിച്ചും തവിട്ടുനിറത്തില്‍ മിനുസമുള്ള കുരുക്കള്‍ പെറുക്കിയും സൗമ്യമായൊരു സുഗന്ധമുള്ള നക്ഷത്രപ്പൂക്കള്‍ കോര്‍ത്ത് മാലകളുണ്ടാക്കിയും കളിക്കാത്ത ഒരു നാലപ്പാട്ടെ കുട്ടിയുമുണ്ടാവില്ല. ഊഞ്ഞാലിടുന്ന കൊമ്പ് ചാഞ്ഞതായിരുന്നതിനാല്‍ അതിലേക്ക് ഓടിക്കയറുകയുമാവാം. ഇലഞ്ഞി ഇന്നും അവിടെ നില്ക്കുന്നു. അതിലൂഞ്ഞാലുണ്ടോ എന്നറിയില്ല, ഇല്ലെങ്കില്‍ ഒരെണ്ണം ഇടാവുന്നതേയുള്ളൂ സാഹിത്യഅക്കാദമിക്ക്.

സരസസംഭാഷണം

'സംഭാഷണം ഒരു കലയാണെന്ന് നാലപ്പാട്ടുവെച്ച് പഠിച്ചു. അമ്മാമനെ കാണാന്‍ നാട്ടിലെ പണ്ഡിതന്മാരും എഴുത്തുകാരും നയതന്ത്രജ്ഞരും വൈദ്യന്‍മാരും ജ്യോതിഷികളുമെല്ലാം വരും. പൂമുഖത്ത് ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കും, പൊട്ടിച്ചിരികളുയരും. ഞാനും ജ്യേഷ്ഠനും മുത്തശ്ശിമാരും തെക്കിനിയിലിരുന്ന് അതു ശ്രദ്ധിച്ചു കേട്ടുകൊണ്ടിരിക്കും.' ആ നേഴ്സറിക്ലാസിലെ പാഠങ്ങള്‍ നല്ലപോലെ താന്‍ ഹൃദിസ്ഥമാക്കിയെന്ന് നാലപ്പാട്ടെ കമല ജീവിതത്തിലുടനീളം തെളിയിച്ചു. പറഞ്ഞുഫലിപ്പിക്കാനുള്ള അവരുടെ കഴിവ് അപാരമായിരുന്നു. അതിനു മുന്‍പില്‍ അടിയറവു പറയാത്തവര്‍ വിരളമാണ്. ഞാനും ഉണ്ണിയും മൂന്നാറിലെ നല്ലതണ്ണി എസ്റ്റേറ്റിലായിരുന്ന കാലത്താണ് ഞങ്ങള്‍ക്കീ കാര്യം ആദ്യമായി ബോധ്യപ്പെട്ടത്. 1972-73 ലായിരിക്കണം, ഉണ്ണിയുടെ കൂടെ ജോലി ചെയ്തിരുന്ന ഒരു ഫീല്‍ഡ് ഓഫീസറുണ്ടായിരുന്നു, ശങ്കുണ്ണി നായര്‍. ഉണ്ണിക്ക് അദ്ദേഹത്തെ വലിയ ഇഷ്ടവുമായിരുന്നു. ഒരു ലീവിന് ഞങ്ങള്‍ അന്നു ബോംബെയിലായിരുന്ന ആമിയോപ്പുവിന്റെയും ദാസേട്ടന്റെയുമടുത്തേക്ക് പോയി. സാധാരണ പതിവാണത്. ശങ്കുണ്ണി നായരുടെ മൂത്ത മകള്‍ ഭാരതി ബിരുദാനന്തരപഠനമൊക്കെ കഴിഞ്ഞിരിക്കയാണ്. ഭാരതിക്കൊരു ജോലി ശരിപ്പെടുത്തിയാല്‍ നന്നായിരുന്നുവെന്ന് ഞങ്ങള്‍ പറയുകയുണ്ടായി. ജോലി തരായില്ലെങ്കില്‍ ഒരു വരനായാലും മതി എന്ന വ്യവസ്ഥയിലെത്തിനിന്നു പോരാറാവുമ്പോഴേക്ക്; രണ്ടുമായാല്‍ ഉത്തമം എന്നു പ്രത്യേകം പറയേണ്ടല്ലോ. ബോംബെയില്‍നിന്ന് കോഴിക്കോട്ടുംമറ്റും പോയശേഷം ലീവു തീരുന്ന ഒരു ഞായറാഴ്ച വൈകുന്നേരമാണ് ഞങ്ങള്‍ തിരിച്ച് എസ്റ്റേറ്റിലെത്തിയത്. സന്ധ്യയ്ക്ക് പുറത്തു വാതില്‍ക്കല്‍ ബെല്ലടിക്കുന്നതു കേട്ട് ഞാന്‍ പോയി വാതില്‍ തുറന്നു. ചവിട്ടുപടിയില്‍ ഒരു സുമുഖനായ ചെറുപ്പക്കാരന്‍ ചെറിയൊരു ബാഗും തൂക്കി നില്ക്കുന്നു. 'ഞാന്‍ വേണു. ബോംബെയില്‍നിന്നു വരുന്നു, കമലച്ചേച്ചി പറഞ്ഞിട്ടു വന്നതാണ്.' യുവാവ് സ്വയം പരിചയപ്പെടുത്തി. അദ്ദേഹം വി. വേണുഗോപാല്‍ എന്ന ജേണലിസ്റ്റായിരുന്നു. ഡി.എഫ്.കാരകയുടെ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു അപ്പോള്‍ എന്നാണ് എന്റെയോര്‍മ. തിരക്കുപിടിച്ച പരിപാടിയായിരുന്നു വേണുവിന്റെത്. രണ്ടാഴ്ചയോ മറ്റോ ലീവുണ്ട്, അതിനിടയില്‍ ഭാരതിയെ കണ്ട് കല്യാണം കഴിച്ച് ബോംബെക്ക് കൊണ്ടുപോവണം. അതാണ് ചേച്ചിയുടെ നിര്‍ദേശം. ഇതൊക്കെ രണ്ടാഴ്ചയ്ക്കുള്ളില്‍ നടത്തിയെടുക്കാമെന്ന് ആമിയോപ്പുവിനും വേണുവിനുമല്ലാതെ ആര്‍ക്കും തോന്നില്ല. ഏതായാലും അന്നു രാത്രി ഞങ്ങളുടെ വീട്ടില്‍ താമസിച്ച് പിറ്റേന്നു പെണ്ണുകാണാമെന്നു പറഞ്ഞു ഞാന്‍ രാത്രിതന്നെ ശങ്കുണ്ണി നായരെ വിവരമറിയിച്ചു. കാലത്ത് എട്ടരയോടെ ഞാനും വേണുവും കൂടി ഭാരതിയെ കാണാന്‍ പോയി. കുട്ടിയെ കണ്ട് ലഡ്ഡു തിന്ന് തിരിച്ചുപോരുമ്പോള്‍ ഞാന്‍ ചോദിച്ചു,
'വേണുവിന് കുട്ടിയെ ഇഷ്ടമായോ?'
'She is a little on the plump side, but that is fine,' എന്നായിരുന്നു മറുപടി.

വേണുവിന്റെ വീട്ടിലൊക്കെ പറയണ്ടേ, അവര്‍ വന്ന് കുട്ടിയെ കാണണ്ടേ, രണ്ടാഴ്ചയ്ക്കുള്ളില്‍ എങ്ങനെ ഒരു കല്യാണം നടത്തും എന്നിങ്ങനെ ഒരായിരം ആശങ്കകളുണ്ടായിരുന്നു എനിക്ക്. എല്ലാം അപ്രസക്തമെന്നു തള്ളി വേണു. പത്തുമണിയോടെ അമ്മയോടു വിവരം പറയാനായി വേണു നാട്ടിലേക്കു പോയി. അവര്‍ കല്യാണം കഴിക്കുകയും ചെയ്തു. അതാണ് ഞങ്ങളുടെ ആമിയോപ്പു! അത്രയ്ക്കു വരില്ല, നാലപ്പാട്ടു നാരായണമേനോന്‍.

പുസ്തകസാമ്രാജ്യം

നാലപ്പാട്ടെ പുസ്തകദാഹിയായ അന്തരീക്ഷം കമലാദാസ് എന്ന ഇന്‍ഡോ-ആംഗ്ലിയന്‍ എഴുത്തുകാരിയുടെയും മാധവിക്കുട്ടിയുടെയും സുരയ്യയുടെയുമൊക്കെ സൃഷ്ടിയില്‍ നിര്‍ണായകപങ്കു വഹിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. അമ്മാമന് മംഗളോദയം പ്രസ്സില്‍നിന്നു മാസം കിട്ടുക മൂന്നുറുപ്പികയായിരുന്നു. എന്നിട്ടും ലോകത്തിന്റെ നാനാഭാഗത്തുനിന്നു വരുത്തിയ വിശിഷ്ടഗ്രന്ഥങ്ങളുടേതായ ഒരു ലൈബ്രറി അദ്ദേഹമുണ്ടാക്കി. പൂമുഖത്ത് അമ്മാമനിരിക്കുന്ന ചാരുകസേരയുടെ പിന്നിലായിരുന്നു ലൈബ്രറി. അവിടെയിരുന്നാല്‍ ഒരു പരിചാരകന് ചാരുകസേരയ്ക്കു മുകളില്‍ തൂങ്ങുന്ന പിങ്കുഞൊറികള്‍വെച്ചു തുന്നിയ പങ്ക വലിക്കാം. സംവിധാനമെല്ലാമുണ്ടെങ്കിലും ആരെങ്കിലും ആ പങ്കവലിക്കുന്നതു കണ്ട ഓര്‍മ എനിക്കില്ല. നാലപ്പാട്ടെ മറ്റേതു കിടപ്പുമുറിയെക്കാളും വലുതായിരുന്നു ആ മുറി. മൂന്നു വശത്തെ ചുമരുകള്‍ നിറയെ പുസ്തകങ്ങള്‍. അങ്ങുനിന്ന് കുറെയെണ്ണം തെക്കിനിയിലുള്ള 'ചിന്തേരിടാത്ത' കാല്‍പ്പെട്ടികളിലേക്ക് കവിഞ്ഞൊഴുകുമായിരുന്നുവെന്ന് അമ്മയുടെ കുറിപ്പുകളിലുണ്ട്. അതില്‍ ഇന്നതു വായിക്കണം, ഇന്നതു വായിക്കരുത് എന്നാരും പറയില്ല അവിടെ. ദാസേട്ടന്റെ അച്ഛന്‍ സി.വി. സുബ്രഹ്‌മണ്യയ്യര്‍ അതിബുദ്ധിമാനും വായനാശീലനുമായിരുന്നു. 

തൊട്ടയല്‍പക്കത്തായിരുന്നുവല്ലോ അദ്ദേഹം താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ ശേഖരത്തിലെ കുറെ പുസ്തകങ്ങളുണ്ടായിരുന്നു അമ്മാമന്റെ ലൈബ്രറിയില്‍.

നിലയ്ക്കുനിര്‍ത്തപ്പെടേണ്ടവരോ മന്ദബുദ്ധികളോ ആണ് സ്ത്രീകളും കുട്ടികളുമെന്ന അഭിപ്രായം അമ്മാമന് തീര്‍ച്ചയായുമുണ്ടായിരുന്നില്ല. അന്നന്നെഴുതിയ കവിതകള്‍, ബുദ്ധിയിലുദിച്ച ആശയങ്ങള്‍ എന്നിവ സന്ധ്യാനാമം കഴിഞ്ഞ് തെക്കിനിയിലിരിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അദ്ദേഹം നിലവിളക്കിനു മുന്നിലിരുന്ന് വായിച്ചു കേള്‍പ്പിക്കയോ ഉലാത്തിക്കൊണ്ടു വിശദീകരിച്ചുകൊടുക്കയോ ചെയ്യുമായിരുന്നുവെന്നു കേട്ടിട്ടുണ്ട്. അമ്മാമന്‍ പാവങ്ങള്‍ തര്‍ജമ ചെയ്യുന്ന കാലത്ത് അതു മുഴുവന്‍ ഇങ്ങനെ വായിച്ചുകേട്ടിട്ടുണ്ടെന്ന് ഞങ്ങളുടെ ചെറിയമ്മ അമ്മിണിയമ്മ ഓര്‍ക്കുന്നു. ആമിയോപ്പു അമ്മാമന്റെ ലൈബ്രറിയില്‍നിന്ന് ആദ്യം വായിച്ചത് പാവങ്ങളായിരുന്നുവത്രേ. അത് മൂന്നു വോള്യങ്ങളുണ്ടായിരുന്നു. കൊസെത്തിനു പാവക്കുട്ടിയെ കിട്ടിയപ്പോഴും, മരിയൂസ് എന്ന യുവാവിനെ ഭര്‍ത്താവായി ലഭിച്ചപ്പോഴും നമ്മുടെ കഥാകാരി ഏറെ സന്തോഷിച്ചു. കളവിന് മാപ്പുകൊടുക്കാന്‍ തനിക്ക് കഴിയുന്നത്, മെഴുകുതിരിക്കാലുകള്‍ മോഷ്ടിച്ച കള്ളന് ബിഷപ്പ് മാപ്പുകൊടുത്തതുകൊണ്ടാണെന്ന് ആമിയോപ്പു എഴുതുന്നു. ഈ മാപ്പുകൊടുക്കല്‍ ഞങ്ങളുടെ അമ്മയിലും അന്തര്‍ലീനമായിരുന്നു. അമ്മ ആരെയും കുറ്റപ്പെടുത്തി സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല. അടുത്തുപഴകിയ ആരെങ്കിലും തെറ്റു ചെയ്തുവെന്ന് അമ്മയെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ സാധിക്കില്ലെന്ന് അനുഭവത്തില്‍നിന്നു പഠിച്ചു ഞങ്ങളൊക്കെ, അച്ഛനടക്കം.

ഇംഗ്ലീഷുപുസ്തകങ്ങള്‍ വായിച്ച് അമ്മാമനോ അമ്മയുടെ അച്ഛന്‍ കുഞ്ചുണ്ണിത്തമ്പുരാനോ വീട്ടിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കഥ പറഞ്ഞുകൊടുക്കും. മുത്തച്ഛന്റെ ഒരു ഫോട്ടോ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. ഭാര്യയെ ഏറെ സ്നേഹിച്ച ഭര്‍ത്താവെന്ന നിലയ്ക്ക് ആ മുത്തച്ഛനെപ്പറ്റി കൂടുതലറിയാന്‍ എനിക്കു മോഹമുണ്ടായിരുന്നു. ചെറിയമ്മയോടൊരിക്കല്‍ ഞാന്‍ ചോദിച്ചു, 'നിങ്ങള്‍ കുട്ടികള്‍ക്ക് എന്തു കഥയൊക്കെയാണ് മുത്തച്ഛന്‍ വായിച്ചുതന്നത്' എന്ന്. 'റോബിന്‍സന്‍ ക്രൂസോവിന്റെ കഥ' എന്നതായിരുന്നു പെട്ടെന്നു വന്ന ഉത്തരം. എന്റെ അമ്മയ്ക്ക് കല്യാണാലോചന വന്ന സമയത്ത്, 'കല്യാണം കഴിച്ചാല്‍ ആ മനുഷ്യനോട് വളരെ നേരം സംസാരിച്ചിരിക്കേണ്ടിവരില്ലേ, അതൊന്നും തന്നെക്കൊണ്ടു പറ്റില്ലല്ലോ എന്നായിരുന്നു ഏട്ടത്തിയുടെ പേടി' എന്ന് ചെറിയമ്മ പറഞ്ഞത് കേട്ടിട്ടുണ്ട്. സ്വതവേ അധികം സംസാരിക്കാത്ത പ്രകൃതമാണ് അമ്മയ്ക്ക്. ഏതായാലും റോബിന്‍സന്‍ ക്രൂസോവടക്കം താന്‍ വായിച്ച എല്ലാ ഇംഗ്ലീഷുപുസ്തകങ്ങളിലെയും കഥകള്‍ തമ്പുരാന്‍ തങ്ങളുടെ കിടപ്പറയായിരുന്ന മുകളിലെ വടക്കേ അറയിലിരുന്ന് കൊച്ചുവമ്മമ്മയ്ക്ക് പറഞ്ഞുകൊടുത്തിരിക്കണം. അമ്മയുടെ 'പുസ്തകങ്ങള്‍' എന്ന കവിതയില്‍ താന്‍ കുട്ടിക്കാലത്ത് അമ്മാമന്റെ അലമാരകളുടെ മുന്നില്‍ മിന്നുന്ന കണ്ണുമായ് പിന്നെയും പിന്നെയും ചെന്നുനിന്നതും, പുസ്തകങ്ങളിലൂടെ 'മര്‍ത്ത്യനും മണ്ണിനുമപ്പുറത്തേക്ക് കണ്ണെത്തുന്നവരും, വിശൈ്വക്യബോധമുണര്‍ന്നവരും, ശോകത്തെയുത്കര്‍ഷ സോപാനമാക്കിയവരു'മായ മഹത്തുക്കളോടു സംവദിച്ചതും വിവരിക്കുന്നു. 'ഇന്നും മിന്നുന്ന കണ്ണുമായ് നില്ക്കുന്നു നിങ്ങള്‍തന്‍ മുന്നില്‍ ഞാന്‍: എന്‍ കൈകള്‍ നീളുന്നു പിന്നെയും' എന്നു കവിത അവസാനിക്കുന്നു. 'സ്വപ്നങ്ങള്‍ക്കും വിവിധ വര്‍ണങ്ങളുണ്ടായി. അവ നിദ്രയില്‍ പൂമ്പാറ്റകള്‍പോലെ പറന്നുനടന്നു. മരിച്ചവരുടെ നാക്ക് പശുക്കുട്ടിയെന്നപോലെ എന്നെ നക്കിത്തുടച്ചു മിനുക്കി ലോകത്തിന്റെ പീഠത്തില്‍ ഒരു കാണിക്കയായി സമര്‍പ്പിച്ചു' എന്ന് ആമിയോപ്പു എഴുതിയതിലെ 'മരിച്ചവര്‍' സ്വന്തം ഹൃദയത്തില്‍ ചേക്കേറിയ പുസ്തകങ്ങളിലെ കഥാപാത്രങ്ങളും അവര്‍ക്കു ജന്മം നല്കിയ പ്രതിഭാധനരുംതന്നെയാണ്.

ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളില്‍ അമ്മ ആമിയോപ്പുവിന്റെ കൂടെ തിരുവനന്തപുരത്തു താമസിക്കുമ്പോള്‍ തന്റെ മകളുടെ പുസ്തകശേഖരത്തെക്കുറിച്ച് ഇങ്ങനെയെഴുതി. 'ഏറെ നേരമായിരിക്കണം മകളുടെയീ വായനമുറിയില്‍ ഞാന്‍ വന്നിരുന്നിട്ട്. മണിക്കൂറുകള്‍ക്ക് മിന്നല്‍വേഗമാണിവിടെ. പത്തു വയസ്സായപ്പോള്‍ എഴുതാന്‍ തുടങ്ങിയ പെണ്‍കുട്ടി കുടുംബിനിയായശേഷം വിലപ്പെട്ട വസ്ത്രാഭരണങ്ങളെയോ ഭക്ഷ്യപാനീയങ്ങളെയോ കുറിച്ചോര്‍ക്കാതെ അപ്പപ്പോള്‍ വാങ്ങിവെച്ച മികച്ച കാവ്യങ്ങളും വൈജ്ഞാനികഗ്രന്ഥങ്ങളും ഉണ്ടിവിടെ. വിദ്യാഭ്യാസം മുഴുമിപ്പിച്ചപ്പോഴേക്ക് സഞ്ചാരകുതുകിയായി വിശാലഭാരതം കണ്ടറിഞ്ഞ ധിഷണാശാലിയായ ദൗഹിത്രന്‍ സംഭരിച്ചുകൊണ്ടിരിക്കുന്ന നാനാവിഷയസ്പര്‍ശിയായ വിശിഷ്ടകൃതികള്‍, ജിദ്ദു കൃഷ്ണമൂര്‍ത്തി, രജനീഷ്, മാര്‍ക്സ്, വീരേന്ദ്രകുമാര്‍ ജെയിന്‍....'

വായനയുടെ ആത്യന്തികലക്ഷ്യം അറിവിനു പകരം പരീക്ഷകളില്‍ മാര്‍ക്കു ലഭിക്കലായതോടെ മിന്നുന്ന കണ്ണുമായ് പുസ്തക അലമാരയ്ക്കു മുന്നില്‍ നില്ക്കലും, അതിനകത്ത് ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് ആവാഹിച്ചു കുടിയിരുത്തപ്പെട്ട ധിഷണാശാലികളോട് സംവദിക്കലുമൊക്കെ മുക്കാല്‍ പങ്കും അന്യംനിന്നുപോയി. ആമിയോപ്പുവിന് ഒന്‍പതാം വയസ്സില്‍ വിറ്റ്മാന്റെ ലീവ്സ് ഓഫ് ഗ്രാസ് വായിക്കാന്‍ കൊടുത്ത അമ്മാമന്‍, ഞാനെന്ന സുലുവിന് വെള്ളിയാഴ്ച ഹോസ്റ്റലില്‍നിന്നെത്തുമ്പോള്‍ ആനവാരി രാമന്‍ നായരുടെയും ഉമ്മാച്ചുവിന്റെയുമൊക്കെ കഥകളുള്ള ആഴ്ചപ്പതിപ്പാണ് തന്നത് എന്നതും യാദൃച്ഛികമാണെന്നു കരുതാനാവില്ല. മാര്‍ക്കു കിട്ടുന്നതുതന്നെയാണ് മുഖ്യമെന്നു ഞാന്‍ വിശ്വസിച്ച കാലമായിരുന്നു അത്. പതിനാലു വയസ്സാകുമ്പോഴേക്ക് എല്ലാ ക്ലാസിക്കുകളും വായിച്ചുതീര്‍ത്തയാളാണ് എന്റെ ജ്യേഷ്ഠത്തി-ചാള്‍സ് ഡിക്കന്‍സ്, ടര്‍ജെനീവ്, ആനടോള്‍ ഫ്രാന്‍സ്, ടോള്‍സ്റ്റോയ്, ഓസ്‌കാര്‍ വൈല്‍ഡ്... ജ്യേഷ്ഠത്തി പിറന്ന് എട്ടു കൊല്ലവും എട്ടു മാസവും കഴിഞ്ഞ് ജനിച്ച ഞാനാകട്ടെ, ഇരുപതു വയസ്സിലും പി.ജി. വോഡ്ഹൗസും ഏള്‍ സ്റ്റാന്‍ലി ഗാര്‍ഡിനറും അഗതാ ക്രിസ്റ്റിയും വായിച്ചു രസിച്ചുകൊണ്ടിരുന്നു. സ്‌കൂളിലൊക്കെ കനപ്പെട്ട കാര്യങ്ങള്‍ വായിച്ച് മാന്ദ്യം ബാധിച്ച ബുദ്ധിക്ക് ഇത്തിരി വിശ്രമമോ ഉല്ലാസമോ വേണ്ടേ എന്നാണ് ഒഴികഴിവ്. 'നിര്‍വ്യഗ്രതയുടെ നിസ്തുലമാം സുഖ'മറിയാതെ പാഠാലയം വിട്ടു പാഠാലയം തേടിയുള്ള ഞങ്ങളുടെയൊക്കെ ഓട്ടത്തെപ്പറ്റി എഴുതിയിട്ടുണ്ട് അമ്മ. എന്റെ സ്‌കൂള്‍ വിദ്യാഭ്യാസം പുന്നയൂര്‍ക്കുളം, ഗുരുവായൂര്‍, കല്‍ക്കത്ത, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ വിന്യസിക്കപ്പെട്ടുകിടക്കുന്നു; ഓട്ടത്തിന് ഒരു കുറവും ഉണ്ടായിട്ടില്യാന്ന് ചുരുക്കം.

ആശ്രമം

നാലപ്പാട്ടുവീടിന്റെ സ്വഭാവത്തെക്കുറിച്ച് കമല ഇപ്രകാരമെഴുതുന്നു:
'കുളിമുറിയില്‍, പതിഞ്ഞ പുറവും ഇഷ്ടികനിറവുമുള്ള മരത്തവള, ഓവിലൂടെ കയറിവന്ന് വട്ടച്ചെമ്പിന്റെ പിന്നിലിരിക്കുന്ന വട്ടക്കൂറ എന്ന പാമ്പ്, തൊടിയിലും തൊഴുത്തിലും മഞ്ഞച്ചേരകളുടെ സൈ്വരവിഹാരം. അഹിംസയില്‍ വിശ്വസിച്ചിരുന്ന നാലപ്പാട്ടെ കുടുംബാംഗങ്ങളെ ആ മിണ്ടാപ്രാണികള്‍ പൂര്‍ണമായി വിശ്വസിച്ചു. അവിടെയാരും ആക്രമിക്കപ്പെട്ടില്ല. ചൊക്ലിപ്പട്ടികള്‍ക്കു കല്ലേറില്ല. എലിപെരുച്ചാഴികളെ കൂടുവെച്ച് പിടിക്കില്ല. കടന്നലിനെക്കൂടി തല്ലിയോടിക്കില്ല. ശാന്തിയുടെ ആശ്രമമായിരുന്നു അത്.

നാലപ്പാട്ടും പരിസരത്തും പല ജീവികളും ഞങ്ങളോടൊത്തു ജീവിച്ചു. കിഴക്കേ മുറ്റത്തുണ്ടായിരുന്ന അമരപ്പന്തലില്‍ ആയിരത്തോളം നീല വണ്ടുകള്‍ പറന്നുകൊണ്ടിരുന്നു. കുളത്തിലെ ചീങ്കണ്ണികള്‍ ഇടയ്ക്കിടയ്ക്ക് കരയ്ക്കു കയറി വെയിലില്‍ കിടന്നു മയങ്ങി. ചുമരില്‍ എട്ടുകാലികളും തേളുകളും പ്രത്യക്ഷപ്പെടും. വേലിക്കലാണ് കീരിക്കുടുംബങ്ങള്‍. ചവിട്ടുപടികള്‍ക്കിടയില്‍ ഓറഞ്ചുനിറമുള്ള അരണകള്‍ വിശ്രമിച്ചു. കുളിമുറിയില്‍ പഴുതാരകളും നാരകമരങ്ങളില്‍ കൊടുംവിഷമുള്ള പച്ചപ്പാമ്പുകളും നീങ്ങി. ഇവയുടെ നടുവില്‍ യാതൊരു ശത്രുതാമനോഭാവവുമില്ലാതെ ഞങ്ങള്‍ ജീവിച്ചു.'
അമ്മ പറഞ്ഞുകേട്ടിട്ടുണ്ട്, വിഷുവിന് കണികണ്ട് പടക്കം പൊട്ടിക്കലും മറ്റും കഴിഞ്ഞ്, താനും അനിയത്തി അമ്മിണിയും തെക്കേക്കോലായില്‍ പാമ്പിന്‍കാവിന്റെ നിഗൂഢതകളിലേക്ക് കണ്ണുംനട്ട് സൂര്യനുദിക്കുംവരെ ഇരിക്കുമായിരുന്നു എന്ന്. ദൈവങ്ങളിരിക്കുന്ന തറയ്ക്കുമേലും നിലത്തുമെല്ലാം ഉണക്കിലകള്‍ പൊഴിഞ്ഞുകിടക്കും. അവയ്ക്കിടയിലൂടെ ചെറിയ കൃഷ്ണസര്‍പ്പങ്ങളും സ്വര്‍ണവര്‍ണമുള്ള പാമ്പിന്‍കുഞ്ഞുങ്ങളും ഊതുന്ന മൂര്‍ഖന്മാരും ഇഴഞ്ഞുനടക്കും. ഇണചേര്‍ന്ന് മരങ്ങളുടെ വേരുകള്‍ക്കിടയിലൂടെ മാളങ്ങളില്‍ മുട്ടയിടും. ഞങ്ങളുടെ കാലത്ത് വല്ലപ്പോഴുമൊരിക്കലല്ലാതെ പാമ്പിനെ കണ്ടിട്ടില്ല. അച്ഛന്‍ പാമ്പിന്‍കാവ് വൃത്തിയാക്കി തറകെട്ടിക്കുംവരെ അതിലേ പോകാന്‍ പേടിയില്ലായിരുന്നുവോ എന്നൊരിക്കല്‍ ഞാന്‍ ചെറിയമ്മയോടു ചോദിച്ചു. 'ഏയ്, അതിന് അവര് നമ്മളെ ഒന്നും ചെയ്യില്ല്യാന്നേ- പൊറത്ത് വന്നാത്തന്നെ രണ്ട് നല്ലവാക്ക് പറഞ്ഞാ ചവറ്റിലടെ അടീല്ക്ക് അവര് പൊയ്ക്കോളും' എന്നാണ് ചെറിയമ്മ പറഞ്ഞത്.

ഇന്നവിടെ നിഗൂഢതകള്‍ കമ്മിയാണ്. തുറസ്സായ സ്ഥലം, സാഹിത്യ അക്കാദമി പണിയാന്‍ ഉദ്ദേശിക്കുന്ന ലൈബ്രറിയോ ഗവേഷണകേന്ദ്രമോ സ്വപ്നം കണ്ട് ഉച്ചമയക്കത്തില്‍ കിടക്കുന്നു.

സ്ഥലത്തെ സ്ഥിരവാസികള്‍

ആമിയോപ്പുവിന്റെ കുട്ടിക്കാലത്ത് നാലപ്പാട്ടും പരിസരത്തുമായി താഴെ പറയുന്നവരുണ്ടായിരുന്നുവത്രേ-അമ്മാമന്‍, അമ്മാമന്റെ അമ്മ മാധവിയമ്മ, അവരുടെ സഹോദരി വിവാഹം കഴിക്കാത്ത അമ്മാളുവമ്മ, ഞങ്ങളുടെ അമ്മമ്മ കൊച്ചുവമ്മ, അവരുടെ അമ്മ അമ്മുക്കുട്ടിയമ്മ, മഹാത്മാഗാന്ധി, അകംപണിക്കാരായ പരിചാരകവൃന്ദം, നാലപ്പാട്ടെ ആശ്രിതരും പുറംപണിക്കാരുമായി മാമ്പുള്ളിക്കുടുംബം ഇവരൊക്കെയാണ് 'ഇന്നര്‍ സര്‍ക്കിള്‍.' പെരുമാള്‍ച്ചെട്ടി, ശിവകാമിയെന്നു പേരും 300 വയസ്സുമുള്ള തത്തയെക്കൊണ്ട് ഭാവി പ്രവചിപ്പിക്കുന്ന കുറത്തി, (തത്തയ്ക്കേ പേരുള്ളൂ, കുറത്തിക്കില്ല) എന്നിത്യാദി മനുഷ്യരെയും ക്ഷുദ്രജീവികളെയും കൂടാതെ പിന്നെയുമുണ്ടായിരുന്നു ധാരാളം പേര്‍. അവര്‍ വ്യത്യസ്തമായൊരു തലത്തില്‍ വിഹരിക്കുന്നവരായിരുന്നു. നിലാവു പരക്കുമ്പോള്‍ അമ്മാമന്റെ ചില്ലലമാരകളില്‍നിന്നിറങ്ങി നാലപ്പാട്ടെ തോപ്പുകളിലലയുന്ന പുസ്തകങ്ങളിലെ കഥാപാത്രങ്ങളാണ് ഒരിനം. വടക്കുവശത്തെ നെല്ലിക്കു താഴെ തേര്‍വാഴ്ചയുണ്ട്. അതിലേ വേണം മറപ്പുരയിലേക്കു പോകാന്‍. അവിടെയാണെങ്കില്‍ തൂങ്ങിമരിച്ച് കയറിന്‍തുമ്പത്ത് വട്ടത്തിലാടി നൃത്തം ചെയ്യുന്ന നാണിയുണ്ട്. കൂടാതെ യക്ഷികിന്നരഗന്ധര്‍വന്‍മാര്‍, ഒടിയന്മാര്‍ എന്നിവരുടെ തേര്‍വാഴ്ച. സന്ധ്യകളില്‍ പുറത്തിറങ്ങുന്ന മനുഷ്യരെ വഴിതെറ്റിക്കുന്നവളും നിശ്വാസത്തില്‍ അഗ്‌നിസ്ഫുലിംഗങ്ങള്‍ പുറംതള്ളുന്നവളുമായ പൊട്ടിമുതല്‍പ്പേരുടെ സാന്നിധ്യവുമുണ്ടായിരുന്നു ആ പറമ്പില്‍. അവസാനം പറഞ്ഞ ക്ഷുദ്രജന്‍മങ്ങളുടെ പ്രഭവസ്ഥാനം പുസ്തകങ്ങളായിരുന്നില്ല, കമലയെ ഒരുപാടു സ്നേഹിച്ച് നാലപ്പാട്ടെ രാജകുമാരിയെന്നു പരിലാളിച്ച പരിചാരകവൃന്ദമായിരുന്നു. പട്ടിക അവസാനിക്കുന്നില്ല, കുളത്തിന്റെ പിന്നില്‍ ഒരു വശത്താണ് ശ്രാദ്ധപ്പുര. (കൊച്ചുവമ്മമ്മയുടെ ഭര്‍ത്താവ് കുഞ്ചുണ്ണിത്തമ്പുരാന്‍ നാലപ്പാട്ട് താമസിക്കുമ്പോള്‍ അദ്ദേഹത്തിനുള്ള ഭക്ഷണം ഈ ശ്രാദ്ധപ്പുരയിലായിരുന്നു പാകംചെയ്യാറുള്ളതെന്നു കേട്ടിട്ടുണ്ട്.) അതിനും പിന്നില്‍ മാമ്പുള്ളിക്കുടുംബം മാത്രമല്ല, ഒരു പ്രേതസമുച്ചയവും ഉണ്ട്. ഒരു ശ്രാദ്ധപ്പുരയുടെ ചുറ്റും വിഹരിക്കുന്ന ആത്മാക്കളുടെ കണക്കുവെക്കാന്‍ ആര്‍ക്കാണ് കഴിയുക? അങ്ങുള്ള മുളങ്കൂട്ടത്തിനുള്ളില്‍നിന്ന് നേര്‍ത്ത അനക്കങ്ങളുണ്ടാവും, ഊത്തുകളും കരിയിലയുടെ ചലനങ്ങളും കേള്‍ക്കാം.

ഗ്യാസ്അവനില്‍ തലവെച്ച് മരിക്കുകയെന്ന വിചിത്രമായ ആത്മഹത്യാമാര്‍ഗം കണ്ടുപിടിച്ച സില്‍വിയാ പ്ലാത്ത്, അബദ്ധത്തില്‍ കഴുത്തിലെ സ്‌കാര്‍ഫ് മുറുകി ശ്വാസംമുട്ടി മരിച്ച ഇസഡോറ ഡങ്കന്‍ എന്ന നര്‍ത്തകി, പാവങ്ങളിലെ നായകനെ ഒരു 'തൊയിരോം കൊടുക്കാതെ' പിന്‍തുടരുന്ന ഇന്‍സ്പെക്ടര്‍ ഴാവേര്‍, അന്നയ്ക്ക് അവളര്‍ഹിക്കുന്ന സ്നേഹം കൊടുക്കാത്ത റോണ്‍സ്‌കി, ഇവരുടെയെല്ലാം കൂടെ ശ്രാദ്ധപിണ്ഡമുണ്ണാനെത്തുന്ന ആത്മാക്കളും കൂടിയാലത്തെ സ്ഥിത്യൊന്നോര്‍ത്ത് നോക്ക്വാാ. കുട്ടി പത്ത് വയസ്സില് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കഥയെഴുതിയതില്‍ അദ്ഭുതപ്പെടാനില്ല.
അമ്മയുടെ 'ചേച്ചി' എന്ന കവിതയിലും തെക്കേപ്പറമ്പിന്റെ പരാമര്‍ശമുണ്ട്. മുതിര്‍ന്നവര്‍ മധ്യാഹ്നമയക്കത്തിലായിരിക്കെ അമ്മയും അനിയത്തിയുംകൂടി മരിച്ചവരുറങ്ങുന്ന ആ പറമ്പിലേക്ക് പുറപ്പെട്ടു. അവിടെ കളിക്കുന്നതില്‍ തെറ്റില്ല. പക്ഷേ മേല്‍ത്തട്ടിട്ടു കുലുക്കി അവരുടെ നിദ്രയ്ക്കു ഭംഗമുണ്ടാക്കരുത് എന്ന് ഏട്ടത്തി പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നുണ്ട്. അങ്ങുറങ്ങുന്നത്, നരച്ച മുടി പിന്നില്‍ ഞാലുന്നവരും രുദ്രാക്ഷംപോലെ ചുളുങ്ങിയ മുഖമുള്ളവരുമായ മുത്തശ്ശിമാരും ധിഷണാശാലിയായ ഒരമ്മാമനുമാണ്.

ഒരാള്‍ക്ക് എഴുതണമെങ്കില്‍ വല്ലവരുമെഴുതിയ പുസ്തകം വായിക്കുക, കഥകള്‍ കേള്‍ക്കുക, കഥാപാത്രങ്ങളെ സ്വന്തം തൊലിക്കു കീഴെ നുഴഞ്ഞുകയറാനനുവദിക്കുക. ഇതൊന്നും പോരെന്ന് എല്ലാവര്‍ക്കുമറിയാം, അതിനു ചിന്തിക്കണം. ഇക്കാര്യം ആമിക്കും ജ്യേഷ്ഠനും അമ്മാമന്‍തന്നെ പറഞ്ഞുകൊടുത്തതാണത്രേ. സന്ദിഗ്ധഘട്ടങ്ങളിലെല്ലാം കുട്ടികളുടെ ഭാഗംപിടിക്കുന്നത് അമ്മാമനാണ്. ഹെഡ്മാസ്റ്റര്‍ ചാമിയയ്യരുടെ മകന്‍ ഒരിക്കല്‍ നാലപ്പാട്ടുള്ളവര്‍ ശൂദ്രരാണ്, അതിലും മേലെയാണ് പട്ടന്‍മാര്‍ എന്നു മേനിപറഞ്ഞപ്പോള്‍, 'അങ്ങനെയല്ല, പട്ടരെക്കാള്‍ വലുതുതന്നെയാണ് ശൂദ്രന്‍, സംശല്യാ' എന്നു കുട്ടികളെ സമാധാനിപ്പിച്ചയാളാണ് നാലപ്പാടന്‍. അതുകൊണ്ട് അദ്ദേഹം ചിന്തിക്കണം എന്നുപദേശിച്ചപ്പോള്‍ ഉണ്ണിയേട്ടനും ആമിയോപ്പുവും ചിന്തിക്കാന്‍ തുടങ്ങി.

'പിന്നെ ഞാനും ജ്യേഷ്ഠനും ചിന്തിക്കാന്‍ നിരന്തരം പരിശ്രമിച്ചു. മൂവാണ്ടന്റെ വടക്കോട്ടുള്ള കൊമ്പത്ത് കുതിരപ്പുറത്തെന്നപോലെ ഇരുന്നുകൊണ്ട് ഏട്ടന്‍, ഇലഞ്ഞിയിലെ ഊഞ്ഞാലിലിരുന്നു ഞാന്‍. ചിന്തിക്കുമ്പോള്‍ കുളവക്കത്തെ ചേര്‍മരങ്ങളെയും, മഞ്ഞരളിമരങ്ങളെയും പിന്നെയങ്ങോട്ടുള്ള മയിലാഞ്ചിപ്പൊന്തകള്‍, തെക്കേ ശ്മശാനത്തിലെ തെങ്ങുകള്‍, വടക്ക് പാടം, പാമ്പിന്‍കാവിലെ നീര്‍മാതളം ഇവ കണ്ടു. കുളത്തില്‍നിന്നു പാടത്തേക്ക് തോട്ടിലൂടെയൊഴുകുന്ന വെള്ളത്തിന്റെ മന്ത്രോച്ചാരണം കേട്ടു. കാഞ്ഞിരം, ഇലഞ്ഞി, മാവ് എന്നീ മരങ്ങളുടെ ഇലകളിലൂടെ വന്നണയുന്ന തെക്കുപടിഞ്ഞാറന്‍കാറ്റിന്റെ സന്ദേശം കേട്ടു. ദൂരെ കനോലിക്കനാലിനുമപ്പുറം വിജനമായ കടലിലെ തിരയേറ്റം കേള്‍ക്കുന്നുവെന്നു തോന്നി.' തീവ്രമായ വായനയോട് ചിന്തകൂടി ചേര്‍ന്നാലുള്ള കുഴപ്പം കണ്ടുവല്ലോ, ഉള്ളതും ഇല്ലാത്തതുമൊക്കെ കണ്ടു, കേട്ടുവെന്നൊക്കെ തോന്നും.

ഈ പശ്ചാത്തലം കമലയെക്കൊണ്ട് ഇപ്രകാരം കുമ്പസാരിപ്പിക്കുന്നുണ്ട്:
'ഉറങ്ങിക്കിടക്കുമ്പോഴും സ്വപ്നത്തില്‍ വ്യാപരിക്കുമ്പോഴും ഞാന്‍ നാലപ്പാട്ടുകുടുംബത്തിലെ ഒരു സന്തതിയാണ്. അമ്പലനടയില്‍ കൈകൂപ്പി നില്ക്കുന്നവളാണ്, ഏകാദശി നോല്ക്കുന്നവളാണ്. ഉണര്‍ന്നിരിക്കുമ്പോള്‍ പാരമ്പര്യത്തിന്റെ വേരുകള്‍ പിഴുതുകളഞ്ഞ് സ്വതന്ത്രയും ഏറക്കുറെ ധീരയുമായ ഒരു സ്ത്രീയാണ്, ലോകം മുഴുവന്‍ തന്റെ തറവാടായിക്കാണാനിച്ഛിക്കുന്നവള്‍!'

ആമിയോപ്പുവിന്റെ മനസ്സിലെ തുലാസില്‍ നാലപ്പാടിരിക്കുന്ന തട്ട് കനത്തു താഴ്ന്ന് നില്ക്കുന്നു. ഇതിനു രണ്ടു കാരണങ്ങള്‍ ഞാന്‍ കാണുന്നു. ഒന്ന്, നാലപ്പാടനെന്ന വലിയമ്മാമനും അദ്ദേഹത്തിന്റെ പുസ്തകശേഖരവുമാണ്. രണ്ടാമത്തേത്, നാലപ്പാട്ട് തിരുത്തിക്കാട്ടേല്‍ കൊച്ചുകുട്ടിയമ്മയാണ്. വെളുത്തുമിനുത്ത തൊലിയും പെട്ടെന്നു തുടുക്കുന്ന മുഖവുമുള്ള ഞങ്ങളുടെ അമ്മമ്മ. അമ്മാമന്‍ 1954-ല്‍ മരിച്ചു; ആറു മാസം കഴിഞ്ഞ് കൊച്ചുവമ്മമ്മയും പോയി. രണ്ടുപേരും നാലപ്പാട്ടെ തെക്കേപ്പറമ്പിലുറങ്ങുന്നുണ്ട്. അതിനുശേഷം അക്കരെക്കടന്ന നാലപ്പാട്ടുകാരെല്ലാം മറ്റു പല വിശ്രമസങ്കേതങ്ങള്‍ തേടിപ്പോയി. കോഴിക്കോട്ടെ പുതിയപാലം ശ്മശാനം, എറണാകുളത്തെ രവിപുരം ശ്മശാനം, തിരുവനന്തപുരത്തെ പാളയം പള്ളി എന്നിങ്ങനെ. അവരിലാരെയും ഹൃദയമധ്യത്തിലൂടെയോടിയ ഒരു തെങ്ങിന്റെ തായ്വേര് പിറന്ന മണ്ണില്‍ ആണിയടിച്ചു നിര്‍ത്തുകയുണ്ടായില്ല. അതുകൊണ്ടവര്‍ 'മേനി ചുഴലെയിയന്ന' കൃഷ്ണസൗവര്‍ണനിറങ്ങള്‍ മിന്നിമറയുന്ന ഊര്‍ജജലപ്രവാഹത്തിലലിഞ്ഞുപോയിക്കാണും. കൊച്ചുവമ്മമ്മയുടെയും അമ്മാമന്റെയും സാന്നിധ്യം ഇന്നുമവിടെ ഞാനറിയുന്നു; കൊച്ചുവമ്മമ്മയുടെ പതിഞ്ഞ കാല്‍വെപ്പുകള്‍, മിനുത്ത കഴുത്തിലെ ചന്ദനസുഗന്ധം, നാലപ്പാട്ടുവീടിനെയോര്‍ത്ത് വ്യസനിച്ച് മൂക്കുപിഴിയുന്ന സ്വരം... എല്ലാമെല്ലാം അന്തരീക്ഷത്തില്‍നിന്നു പിടിച്ചെടുക്കാം. അമ്മാമനിട്ടുപോയത് ഗാംഗ്രീന്‍ ചവച്ചിട്ട ഇടതുചെറുവിരലിന്റെ തുമ്പും കടലാസുമര്‍മരങ്ങളും ഉറക്കെയുറക്കെയുള്ള ചിരിയുമാണ്.

കൊച്ചുവമ്മമ്മയും ആമിയോപ്പുവുമായി ഇത്ര ആഴത്തിലൊരു ബന്ധമുണ്ടായതിനു പിന്നില്‍ ഒരു കഥയുണ്ട്. തന്റെ ഭര്‍ത്താവു മരിച്ച് എട്ടു മാസം കഴിഞ്ഞ് മൂത്ത മകള്‍ ബാലയ്ക്കു ജനിച്ച കമല അദ്ദേഹത്തിന്റെ പുനര്‍ജന്മമാണെന്ന് അമ്മമ്മ വിശ്വസിച്ചിരുന്നു.

ആമിയോപ്പുവിന്റെ കണ്ണില്‍ രണ്ട് ആദര്‍ശദമ്പതിമാരാണുണ്ടായിരുന്നത്; അമ്മമ്മയും അവരുടെ തമ്പുരാനും പിന്നെ ഇന്നമ്മ എന്നു ഞങ്ങള്‍ വിളിച്ചുശീലിച്ച ചെറിയമ്മയും ഭര്‍ത്താവ് അപ്പുണ്ണിയേട്ടനും. അച്ഛനമ്മമാരുടെ മനഃപൊരുത്തത്തിന് ഒരു റൊമാന്റിക് പരിവേഷം നല്കുന്നു ഇന്നമ്മയുടേതായ ചില നുറുങ്ങുകള്‍. മുകളിലെ വടക്കേയറയായിരുന്നു അവരുടെ കിടപ്പറ. മുറിയുടെ മൂലയിലിട്ട വട്ടമേശമേല്‍ എന്നും പിച്ചിപ്പൂക്കള്‍ വെക്കാറുണ്ടെന്ന് ഇന്നമ്മ ഓര്‍ക്കുന്നു. പടിഞ്ഞാട്ടു തുറക്കുന്ന ജനലിലൂടെ നോക്കിയാല്‍ താഴെ മുറ്റത്ത് കൊച്ചുവമ്മമ്മയുടെ പനിനീര്‍പ്പൂന്തോട്ടം കാണാം. തന്റെ യാത്രകള്‍ക്കിടയില്‍ പലപ്പോഴായി മുത്തശ്ശന്‍ കൊണ്ടുവന്ന റോസാക്കമ്പുകളാണ് അതില്‍ നട്ടുപിടിപ്പിച്ചിരുന്നത്. തന്റെ ജീവിതത്തിലൂടെ എന്ന കൃതിയില്‍ അച്ഛന്‍തമ്പുരാന്‍ യൂഗോവിന്റെ ചിരിക്കുന്ന മനുഷ്യന്‍ എന്ന നോവല്‍ വായിച്ച് അതിന്റെ കഥ അപ്പപ്പോഴായി ഭാര്യയ്ക്ക് പറഞ്ഞുകൊടുക്കുന്നതിനെക്കുറിച്ച് ബാലാമണിയമ്മ പ്രതിപാദിച്ചിട്ടുണ്ട്.

കൊച്ചുവമ്മമ്മയുടെ തമ്പുരാന്‍ തന്റെ നാല്പതാം വയസ്സില്‍ 1931 ജൂലായ് 31-ാം തീയതി മൂന്നു ദിവസത്തെ പനിക്കുശേഷം നാലപ്പാട്ടെ താഴത്തെ തെക്കേയറയില്‍ക്കിടന്ന് മരിച്ചു. അദ്ദേഹം ബാലയുടെ മൂത്തമകന്‍ മോഹന്‍ദാസിനെ കണ്ടു, രണ്ടാമത്തെ കുട്ടി കമലയെ കണ്ടില്ല, അടുത്ത കൊല്ലം മാര്‍ച്ച് 31-ന് മുകളിലെ നടുവിലെ മുറിയില്‍ കമല ജനിച്ചു.

മുത്തശ്ശന്‍ മരിക്കുമ്പോള്‍ അമ്മ കല്‍ക്കത്തയിലായിരുന്നു. അച്ഛന് എന്തെങ്കിലും അസുഖമുണ്ടായിരുന്നുവെന്നുപോലും അമ്മയ്ക്കറിയാമായിരുന്നില്ല. എന്നിട്ടും അച്ഛന്‍ മരിച്ച രാത്രി മകള്‍ അച്ഛനെ സ്വപ്നം കണ്ടു. കണ്ടുശീലിച്ച, കണങ്കാലെത്തുന്ന വലിയ വെള്ളമുണ്ടിനു പകരം വെറുമൊരു തോര്‍ത്താണത്രേ സ്വപ്നത്തില്‍ അദ്ദേഹമുടുത്തിരുന്നത്. ഒരക്ഷരമുരിയാടാതെ യാത്രപറയുംപോലെ ഒരു കൈയുയര്‍ത്തിക്കാണിച്ച് അച്ഛന്‍ പോകുന്നതാണ് കണ്ടത്. പിറ്റേന്ന് വി.എം. നായരുടെ ഓഫീസില്‍ തമ്പുരാന്‍ മരിച്ച വിവരത്തിന് കമ്പി കിട്ടി. മരണസമയത്ത് അച്ഛന്‍ ഒരു തോര്‍ത്താണ് ഉടുത്തിരുന്നത് എന്നു പറയുന്നു, ആ നാളുകളില്‍ അദ്ദേഹത്തെ അടുത്തിരുന്നു ശുശ്രൂഷിച്ച ഇളയ മകള്‍ ഇന്നമ്മ. അങ്ങനെയാണ് പതിനഞ്ചാം വയസ്സില്‍ തന്റെ മൂത്ത മകള്‍ ബാലയെ പ്രസവിച്ച നാലപ്പാട്ട് കൊച്ചുവമ്മ തന്റെ മുപ്പത്തിയേഴാം വയസ്സില്‍ വിധവയായത്. ഞാനും സുന്ദരേട്ടനും കൊച്ചുവമ്മമ്മ എന്നു വിളിച്ചിരുന്ന അമ്മമ്മയെ മൂത്ത ജ്യേഷ്ഠനും കമലയും 'കൊച്ചു'എന്നുതന്നെയാണ് വിളിച്ചിരുന്നത്. അവര്‍ക്ക് ചെറിയമ്മ 'അമ്മിണി'യായിരുന്നു, ഞങ്ങള്‍ക്ക് 'എന്റെ അമ്മ' ലോപിച്ച ഇന്നമ്മയും.

അമ്മമ്മ പറഞ്ഞുതന്ന കഥകള്‍ക്കു പകരമായി താനവര്‍ക്ക് ഡിക്കന്‍സ്, ടോള്‍സ്റ്റോയി, ദൊസ്തയെവ്സ്‌കി കഥകള്‍ പറഞ്ഞുകൊടുത്തു കടം വീട്ടി എന്നു പറയുന്നു ആമിയോപ്പു. ആ കഥപറച്ചില്‍ മുകളിലെ വടക്കേ അറയിലല്ല, നടുവിലെ അറയിലാവണം നടന്നത്. അവിടെയായിരുന്നു അമ്മമ്മയും പേരമകളും കഥകള്‍ ചൊല്ലി കിടന്നിരുന്നത്.

കൊച്ചുവമ്മമ്മയുടെ മാറില്‍ ചേര്‍ന്നുകിടന്നുറങ്ങിയ ആ പെണ്‍കുട്ടിയാണ് പിന്നീട് ജീവിതം സംഘടിപ്പിച്ച പ്രച്ഛന്നവേഷമത്സരത്തില്‍ മാധവിക്കുട്ടിയും കമലാദാസും കമലാസുരയ്യയും ഒക്കെയായി പങ്കെടുത്ത്, കൈയടികളോടൊപ്പം അല്ലറചില്ലറ കൂവലുകളം വാരിക്കെട്ടി കാണികളോട് 'ഖുദാ ഹാഫിസ്' ചൊല്ലി ഈയിടെ അണിയറയിലേക്ക് വിടവാങ്ങിയത്.

കമലാദാസായുള്ള പ്രകടനത്തില്‍ മധ്യാഹ്നസൂര്യന്‍ ഭൂമിയിലെ നിഴലുകളെ വിഴുങ്ങിക്കൊണ്ട് ഉച്ചസ്ഥനായി നില്ക്കവേ ആ കുട്ടി പാടിയ ഒരു പാട്ട് നമ്മെ കരയിച്ചതോര്‍ക്കുന്നുവോ! 

വെയില്‍ ചാഞ്ഞ് നിഴലുകള്‍ നീളാന്‍ തുടങ്ങിയപ്പോള്‍ അന്നേരത്തേക്ക് കമലാസുരയ്യയുടെ കറുത്ത കുപ്പായം ധരിച്ചവളും എക്കാലവും സുരക്ഷിതതാവളങ്ങള്‍ തേടിനടന്നവളുമായ ആമി എന്ന പെണ്‍കുട്ടി വീണ്ടും നാലപ്പാടിനെപ്പറ്റി പാടി.'പുനെ പോയംസി'ല്‍ പഴയ വിതുമ്പല്‍ കേള്‍ക്കാം, ഹൃദയത്തില്‍ ഉറയുന്ന കണ്ണീരിന്റെ ഉപ്പു നുണയാം.

അതിനാല്‍ എന്റെ പ്രിയ വായനക്കാരാ, ഒരു കാര്യം ഞാനുറപ്പിച്ചു പറയുന്നു;
എന്റെ ജ്യേഷ്ഠത്തി കമല പുനെയിലെ ജഹാംഗീര്‍ ആശുപത്രി വിട്ടശേഷം മുംബൈ-തൃശൂര്‍-ആലപ്പുഴ-തിരുവനന്തപുരം സെനറ്റ്ഹാള്‍-വട്ടിയൂര്‍ക്കാവിലുള്ള മോനുവിന്റെയും ലക്ഷ്മിയുടെയും വീട്-പാളയം പള്ളിപ്പറമ്പ് എന്നിവിടങ്ങളില്‍ ഓട്ടപ്രദക്ഷിണം നടത്തിയശേഷം നാലപ്പാട്ടെത്തി അവിടത്തെ സ്ഥിരവാസികളുടെ കൂട്ടത്തില്‍ച്ചേര്‍ന്നിരിക്കുന്നു. തനിക്കു പ്രിയപ്പെട്ടവരല്ലേ അവിടെയുള്ളത്? രുദ്രാക്ഷംപോലെ ചുളിഞ്ഞ മുഖങ്ങളുള്ള മുത്തശ്ശിമാര്‍, ചന്ദ്രസമാനമായ മുഖം തുടുപ്പിച്ച് പൊട്ടിച്ചിരിക്കുന്ന ഒരു വലിയമ്മാമന്‍, വാള്‍ട്ട് വിറ്റ്മാന്‍, ഇസഡോറ ഡങ്കന്‍, അന്നാ കരനീന, ജയിലില്‍നിന്നു പരോളിലിറങ്ങിയ ജീന്‍വാല്‍ ജീന്‍, മാമ്പുള്ളി കൃഷ്ണനും വള്ളിയും- അങ്ങനെ കമലയെ സ്നേഹിച്ച, കമല സ്നേഹിച്ച, എത്രയെത്ര പേര്‍!


 

Content Highlights: kamaladas 16th death anniversary sulochana nalappatt writes