'ഇന്നത്തെ നോവല്‍: ചെറുത്തുനില്‍പ്പിനായി നാമെഴുതുന്ന ഭാവനാത്മകമായ സ്വപ്നം': ജയമോഹന്‍

ഇംഗ്ലീഷ് പ്രസാധനരംഗത്തെ പുതിയ പ്രവണത നോവലുകള്‍ മാത്രം പ്രസിദ്ധീകരിക്കുക എന്നതാണ്. നോവലുകള്‍ ഒഴിച്ച് മറ്റൊന്നും ആരും വായിക്കുന്നില്ലെന്നാണ് പ്രസാധകര്‍ പറയുന്നത്. മലയാളത്തിലോ തമിഴിലോ പൊതുവേ വലിയ തോതിലുള്ള വില്‍പ്പന നടക്കാത്തതിനാലാകാം നോവലുകളോടൊപ്പം എല്ലാത്തരം പുസ്തകങ്ങളും പ്രസിദ്ധീകരിക്കപ്പെടുന്നത്. മലയാളത്തില്‍ ചെറുകഥകളൊക്കെ ധാരാളം പ്രസിദ്ധീകരിക്കാറുണ്ട്. എന്നാല്‍, ഇംഗ്ലീഷില്‍ കുറച്ച് ചെറുകഥാസമാഹാരങ്ങളേ ഇറങ്ങുന്നുള്ളൂ. കവിതയ്ക്കാകട്ടെ പ്രസാധകന്‍ തീരെയില്ലെന്നു പറയാം. നോവലാണ് ഈ കാലഘട്ടത്തിന്റെ കല. നോവല്‍ ഒഴിച്ചു ആരും ഒന്നും വായിക്കാന്‍ താല്‍പ്പര്യപ്പെടുന്നുമില്ല. നോവല്‍ അല്ലാതെ വായിക്കാനിഷ്ടപ്പെടുന്നത് ഒന്നുകില്‍ ജീവചരിത്രമോ അതുമല്ലെങ്കില്‍ ചരിത്ര പഠനങ്ങളോ ആണ്. അങ്ങനെ നോവലുകള്‍ കുമിഞ്ഞുകൂടുകയാണ്.
ഈ പ്രവണതയ്ക്ക് ഒരു അപവാദമായിരുന്നു എന്റെ 'അറം' എന്ന കഥാസമാഹാരം - ഇംഗ്ലീഷില്‍ Stories Of the True-അതാണ് എന്റെ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്ത ആദ്യ പുസ്തകം. പല പ്രസാധകരെയും സമീപിച്ചപ്പോള്‍ നല്ല കൃതിയാണ് പക്ഷേ, നോവല്‍ കൊണ്ടുവരൂ അതിനുശേഷം നോക്കാമെന്നായിരുന്നു മറുപടി. പക്ഷേ, ആദ്യമായി പ്രസിദ്ധീകരിച്ചത് 'Stories Of the True' തന്നെയായിരുന്നു. ഇത് ശ്രദ്ധിക്കപ്പെട്ട ശേഷമാണ് എന്റെ നോവലുകളും ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടത്.
നോവലുകള്‍ക്ക് എന്തുകൊണ്ടാണ് ഇത്രയേറെ പ്രാധാന്യം കിട്ടുന്നത്? എന്തുകൊണ്ടാണ് ആളുകള്‍ ഇത്രയേറെ നോവലുകള്‍ എഴുതുന്നത്? എന്തുകൊണ്ടാണ് നോവലുകള്‍ ഇത്രയേറെ വായിക്കപ്പെടുന്നത്? കഴിഞ്ഞ തലമുറയിലെ നോവലിസ്റ്റുകള്‍ക്ക് അതിന് കൃത്യമായ ഉത്തരമുണ്ടായിരുന്നു. ഒരു ദര്‍ശനം അവതരിപ്പിക്കാന്‍ വേണ്ടിയാണ് നോവല്‍ എഴുതേണ്ടത് എന്നായിരുന്നു അവര്‍ നമ്മളെ പഠിപ്പിച്ചത്. പി.കെ ബാലകൃഷ്ണന്റെ 'നോവല്‍-സിദ്ധിയും സാധനയും' എന്ന നിരൂപണ ഗ്രന്ഥം ഇന്നും മലയാളത്തിലെ ഏറ്റവും നല്ല നോവല്‍ പഠനങ്ങളില്‍ ഒന്നാണെന്ന് ഞാന്‍ വിചാരിക്കുന്നു. ഈയടുത്ത കാലത്ത് സുഹൃത്തായ അഴകിയ മണവാളന്‍ തമിഴിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. നോവലിനെ പറ്റി അതിനു ശേഷം വന്ന പഠനങ്ങള്‍ ഒന്നും ഈ കൃതിയോളം വരില്ല എന്നുതന്നെയാണ് എന്റെ അഭിപ്രായം. ഇന്ത്യന്‍ ഭാഷകളില്‍ വന്ന ഏറ്റവും നല്ല നോവല്‍ പഠനങ്ങളില്‍ ഒന്നാണത്. ദര്‍ശനമാണ് നോവല്‍ എന്നാണ് പി.കെ.ബാലകൃഷ്ണന്‍ സമര്‍ഥിക്കുന്നത്. അത്-ദാര്‍ശനികത അവതരിപ്പിക്കാനുള്ള ഒരു മീഡിയം ആണ്.
എന്നുവച്ചാല്‍, ഭാഷയിലൂടെ ഒരു ദര്‍ശനം മുന്‍പോട്ടു വെക്കാനുള്ള ഒരു ഉപാധിയാണ് നോവല്‍. അതെങ്ങനെ സംഭവിക്കുന്നുവെന്നാണ് ഒരുപാട് കൃതികളില്‍ കൂടി ബാലകൃഷ്ണന്‍ പറയുന്നത്. പിന്നെ, രാഷ്ട്രീയ-സാമൂഹ്യസത്യങ്ങള്‍ പ്രചരിപ്പിക്കാനുള്ള ഒരു മീഡിയം കൂടിയാണ് നോവല്‍ എന്നും ഒരു പരികല്‍പനയുണ്ട്. പുരോഗമന നിരൂപകന്മാര്‍, ചരിത്രകാരന്മാര്‍ അങ്ങനെ പലരും പറഞ്ഞിട്ടുണ്ട്.
നോവലുകളെക്കുറിച്ച് മൂന്നാമതായി പറയാനുള്ളത് അത് ഒരു സമാന്തര ചരിത്രം സൃഷ്ടിക്കുന്നു എന്നതാണ്. ഇത് മലയാളത്തില്‍ അത്ര പ്രചാരമുള്ള ആശയമല്ലെങ്കിലും നോവല്‍ എഴുത്തില്‍ ലോകം മുഴുവന്‍ ഇപ്പോള്‍ ഈ പ്രവണത കാണുന്നുണ്ട്. ചരിത്രത്തില്‍ വിട്ടുപോയ ഭാഗങ്ങള്‍ പൂരിപ്പിക്കുക, മറ്റൊരു ചരിത്രം എഴുതിച്ചേര്‍ക്കുക എന്നതാണത്. ഇതൊരു യൂറോപ്യന്‍ ആശയമാണ്. ഫ്രഞ്ച് ആശയമാണ് എന്നുവേണമെങ്കില്‍ പറയാം. തമിഴില്‍ സ്വാധീനിച്ച ആശയങ്ങളില്‍ ഒന്നാണിത്.
തമിഴകത്തിനു ഒരുപാട് ചരിത്രം ഉണ്ട്. എന്നാല്‍, എഴുതപ്പെട്ട ചരിത്രം കുറവുമാണ്. അങ്ങനെ വിട്ടുപോയ ചരിത്രങ്ങള്‍ എഴുതിച്ചേര്‍ക്കലാണ് തമിഴ് നോവലില്‍ കൂടുതല്‍ സംഭവിച്ചിട്ടുള്ളത്. പിന്നെയുള്ളത് ജനതയുടെ ചരിത്രമാണ്. അതായത് ശിലാലിഖിതങ്ങളില്‍ കൂടിയോ കോപ്പര്‍ പ്ലേറ്റുകളില്‍ കൂടിയോ ലഭ്യമാകാത്ത ചരിത്രമുണ്ട്; പാവപ്പെട്ട ജനങ്ങളുടെ ചരിത്രം. അത്തരം ചരിത്രമെഴുതുകയെന്ന തരംഗം തമിഴ് നോവലുകളില്‍ സംഭവിക്കുന്നുണ്ട്.
എന്തുകൊണ്ട് നോവല്‍ എഴുതുന്നു? എന്തുകൊണ്ട് വായിക്കുന്നു? എന്ന ചോദ്യത്തിന്. പരമ്പരാഗതമായി നമുക്ക് കിട്ടുന്ന ഉത്തരം ദര്‍ശനം അവതരിപ്പിക്കുക, സാമൂഹ്യ-രാഷ്ട്രീയ സത്യങ്ങള്‍ വിളിച്ചുപറയുക, സമാന്തര ചരിത്രം സൃഷ്ടിക്കുക എന്നീ മൂന്ന് ഉത്തരങ്ങളാണ്. പക്ഷേ, ഇന്ന് അങ്ങനെയല്ല. പുതിയകാലത്ത് നോവല്‍ രചനയ്ക്ക് പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട്. പ്രധാനമായും നമ്മളുടെ ജീവിതം അല്ലെങ്കില്‍ വ്യക്തിത്വം മറ്റൊരു രീതിയില്‍ ആവിഷ്‌കരിക്കാനുള്ള ഒരു ത്വരയാകാം അതിന് പിന്നില്‍. സ്വന്തം വ്യക്തിത്വം സ്വയം തീരുമാനിക്കാനുള്ള നിര്‍ബന്ധം.
'യു ആര്‍ ലൈക് ദിസ് 'എന്നൊരു ഡെഫിനിഷന്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് തന്നെ നമുക്കു കിട്ടിക്കഴിഞ്ഞു. ട്യൂഷനു പോകുന്നു, പഠിക്കുന്നു, ജോലിയ്ക്ക് പോകുന്നു, ഫ്ളാറ്റ് വാങ്ങുന്നു, EMI അടയ്ക്കുന്നു, മക്കളെ കല്യാണം കഴിച്ചയയ്ക്കുന്നു, ഒടുവില്‍ മരിച്ചുപോകുന്നു. ഇങ്ങനെ ഒരു ഗ്രാഫ് നമുക്ക് വളരെ വ്യക്തമായിത്തന്നു കഴിഞ്ഞു. നിങ്ങള്‍ക്ക് അതിനപ്പുറത്തേക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. അതിനപ്പുറം എന്തെങ്കിലും ചെയ്യണമെങ്കില്‍ അത്, അതിന്റെയുള്ളില്‍ സംഭവിക്കുന്ന ഒരു നാടകത്തിന്റെ ഭാഗമായിരിക്കും. ആവര്‍ത്തിച്ച് നമ്മള്‍ സിനിമകളില്‍ കൂടി കാണുന്ന ഒരു യാഥാര്‍ഥ്യമാണത്. Matrix എന്ന സിനിമയിലെ ഒരു രംഗം ഓര്‍മവരുന്നു. Matrix-ല്‍ മനുഷ്യരെ ഉറക്കി കിടത്തിയിരിക്കുകയാണ്. നിരന്തരമായ ഉറക്കത്തിലാണ് അവര്‍. അവരുടെ ശരീരത്തില്‍ നിന്നുള്ള ഊര്‍ജ്ജം കൊണ്ടാണ് മട്രിക്‌സിലെ യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ആ ഊര്‍ജത്തിന് വേണ്ടി മാത്രം അവരെ സംരക്ഷിച്ചുവെച്ചിരിക്കുകയാണ്. അപ്പോള്‍ ഈ ഉറക്കം ഇങ്ങനെ അവസാനം വരെ നിലനിര്‍ത്തണമെങ്കില്‍ ഒരുപാട് ജീവിതങ്ങള്‍ കൊടുക്കണം. ആ കിടന്ന കിടപ്പില്‍ തന്നെ അവരുടെ തലച്ചോറിനുള്ളിലേക്ക് സ്വപ്നങ്ങള്‍ കുത്തി നിറയ്ക്കുകയും ആ സ്വപ്നങ്ങള്‍ കൊണ്ട് അവര്‍ക്ക് പലതരം ജീവിതങ്ങള്‍ ഉണ്ടാക്കികൊടുക്കുകയും അതിലൂടെ അവരെ നിരന്തരം ഉറക്കി അവരുടെ ഊര്‍ജ്ജം എടുത്തു Matrix വര്‍ക് ചെയ്യുകയും ചെയ്യുന്നു. നിങ്ങള്‍ ആ സിനിമ കണ്ടിട്ടുണ്ടാകും. അത് ഒരുതരത്തില്‍ ഈ കാലഘട്ടത്തിന്റെ നല്ലൊരു ഉപമയാണ്. ഞാന്‍ എഴുതിയ 'പൊന്നിയന്‍ സെല്‍വന്‍' തിരക്കഥ അങ്ങനെ ഒരു സ്വപ്നമാണ്. രണ്ടാഴ്ചക്ക് ഒരു ഡ്രീം നിങ്ങള്‍ക്ക് തന്നുകൊണ്ടിരിക്കും. ഒരിക്കലും അതില്‍നിന്ന് പുറത്തുകടക്കാനാവില്ല. ഒന്ന് കെട്ടടങ്ങുമ്പോള്‍ അടുത്ത സ്വപ്നം വരും. ചിലപ്പോഴത് പേടിസ്വപ്നവും ആയിരിക്കാം. ഇതാണ് ഈ കാലഘട്ടം. ഇതില്‍നിന്നു പുറത്തുകടക്കാന്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍, ക്ലീഷേ ഉപയോഗിക്കുകയാണെങ്കില്‍ ഒരു ചെറുത്തുനില്‍പ്പിന് വേണ്ടി നമ്മള്‍ ഉണ്ടാക്കുന്ന ഒരു സ്വന്തം ഇമേജിനേഷന്‍ ഡ്രീം ആണ് ഇന്നത്തെ നോവല്‍.
മറ്റൊന്ന് ഓര്‍മ വരികയാണ്. കാള്‍ സേഗന്റെ 'ദി കോണ്‍ടാക്റ്റ്' എന്ന നോവല്‍. നിങ്ങളില്‍ പലരുമത് വായിച്ചിട്ടുണ്ടാകാം. എല്ലി അറോവേ എന്നാണ് അതിലെ നായികയുടെ പേര്. അവര്‍ ഒരു ശാസ്ത്രജ്ഞയാണ്. അവര്‍ ഒരു വാനനിരീക്ഷണ കേന്ദ്രത്തില്‍ ജോലിചെയ്യുകയാണ്. ഒരുപാട് കാലം കൊണ്ട് ബഹിരാകാശത്ത് നിന്നു വരേണ്ട, വന്നുകൊണ്ടിരിക്കുന്ന സിഗ്‌നലുകളെ കാത്തിരിക്കുന്ന ഒരിടമാണത്. പെട്ടെന്ന് അവിടെ സിഗ്നല്‍ വന്നു തുടങ്ങി. എവിടെനിന്നോ പ്രപഞ്ചത്തിന്റെ മറ്റേതോ കോണില്‍നിന്ന് വരുന്ന സിഗ്‌നലാണ്. ആ സിഗ്‌നല്‍ അവര്‍ ഡികോഡ് ചെയ്യുകയാണ്. അതൊരു യന്ത്രമുണ്ടാക്കാനുള്ള ബ്ലൂപ്രിന്റ് ആണ്. ആ യന്ത്രം അവര്‍ ഉണ്ടാക്കുന്നു. ആ യന്ത്രത്തില്‍ കയറി എല്ലി അറോവേ ബഹിരാകാശത്തേക്ക് യാത്ര പോവുകയാണ്. ഗാലക്സികളിലേക്ക് യാത്ര ചെയ്യുകയാണ് -ഇന്റര്‍ ഗാലക്സിയല്‍ ട്രാവല്‍ ചെയ്യുകയാണ്. ടൈം ടണലുകളില്‍ കൂടിയാണ് അവര്‍ യാത്ര ചെയ്യുന്നത്. ട്രാവല്‍ ചെയ്ത് വേറെ വേറെ ഗാലക്സികളിലേക്ക് പോകുന്നു. അവിടെ 'മാസ്റ്റേഴ്സ് ഓഫ് ദി യൂണിവേഴ്സ്' അവര്‍ കാണുന്നു. ഒരുപാട് യുഗങ്ങള്‍ക്ക് മുന്‍പ് ജീവിച്ചവര്‍, മസ്തിഷ്‌കമുള്ള ആളുകളായി ജീവിച്ചവര്‍. പിന്നീട് വികസിക്കുകയും പരിണാമത്തിലൂടെ വളര്‍ന്ന് വെറും മനസ്സ് മാത്രമായവര്‍. ഏകമനസായി മാറിയവര്‍.
അങ്ങനെ ഒരാളെ എല്ലി അറോറെ കാണുന്ന രംഗം ഈ നോവലിലുണ്ട്. എല്ലിയുടെ മനസ്സില്‍ സ്വന്തം അച്ഛനോടൊപ്പം കടപ്പുറത്ത് പോയ ഒരു ചിത്രം ഉണ്ട്. അത് അവര്‍ക്ക് നിര്‍മിച്ചു നല്‍കുകയാണ് ആ മാസ്റ്റര്‍. അങ്ങനെ ഒരു കടപ്പുറത്ത് എല്ലി ചെറിയ കുട്ടി ആയിട്ട് പോകുമ്പോ അവിടെ അച്ഛന്‍ വരുന്നു. അത് സ്വപ്നം ആണ്. അവര്‍ക്കറിയാം ഇത് അച്ഛന്‍ അല്ല, മാസ്റ്റേഴ്സ് ഓഫ് ദി യൂണിവേഴ്‌സ് ആണെന്ന്. അപ്പോള്‍ എല്ലിയോട് ആ മാസ്റ്റേഴ്സ് സംസാരിക്കുന്നുണ്ട്. അവള്‍ക്കറിയുന്ന ടെക്നോളജിയോ, സയന്‍സോ ഒന്നും ആ മാസ്റ്റര്‍ക്ക് അത്ര വലിയ കാര്യമല്ല. കാരണം, അവര്‍ യുഗങ്ങള്‍ക്ക് മുന്‍പേ കടന്നുപോയ ഒരു ലോകത്തിലാണ് ഇന്നത്തെ മനുഷ്യര്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. പക്ഷേ, ഒന്നില്‍ മാത്രം ഈ മാസ്റ്റേഴ്സിന് താല്പര്യമുണ്ട്. എല്ലിയുടെ സ്വപ്നങ്ങള്‍ എന്താണ് എന്ന് അവര്‍ ചോദിക്കുകയാണ്. അത് പറയുമ്പോള്‍ മാത്രം ഒരു ചെറിയ താല്‍പര്യം അതിനുണ്ടാകുന്നു. കാരണം, സാങ്കേതികവിദ്യ എത്രകണ്ട് വളര്‍ന്നുകഴിഞ്ഞാലും സ്വപ്നം എന്നത് യുണീക്ക് ആണ്.
അങ്ങനെ സ്വപ്നം കാണാനുള്ള ഒരു പ്രത്യേകത നമുക്കുണ്ട്. അത് ഈ കാലഘട്ടത്തില്‍ സംരക്ഷിച്ച് വെക്കാന്‍ വേണ്ടി, അതുമല്ലെങ്കില്‍ പ്രാക്ടീസ് ചെയ്യാന്‍ വേണ്ടി കൂടിയാണ് ഇന്ന് നാം നോവല്‍ എഴുതുന്നത്. അടുത്തദിവസങ്ങളില്‍ ഞാന്‍ കോലാപൂരിലേക്ക് പോവുകയയാണ്. അവിടെനിന്ന് രത്നഗിരിക്ക് പോകുന്ന വഴിക്കുള്ള ചില സ്ഥലങ്ങള്‍ കാണുകയെന്നതാണ് യാത്രയുടെ ലക്ഷ്യം. ഇന്ത്യന്‍ ശിലായുഗത്തിലെ സവിശേഷമായ ചില കാര്യങ്ങള്‍ അവിടെയുണ്ട്. അഞ്ചാറ് വര്‍ഷങ്ങള്‍ക്കിടയില്‍ മഹാരാഷ്ട്രയില്‍ ഒരുപാട് പെട്രോക്ലിപ്സ് കണ്ടെത്തിയിട്ടുണ്ട്. ഇരുപതിനായിരം അല്ലെങ്കില്‍ മുപ്പതിനായിരം കൊല്ലങ്ങള്‍ക്ക് മുന്‍പ്, അന്നുള്ള മനുഷ്യര്‍, കല്ലുകൊണ്ട് കല്ലില്‍ അടിച്ചുണ്ടാക്കിയ ചിത്രങ്ങളാണത്. നമ്മുടെ എടക്കല്‍ ഗുഹയിലുള്ളതുപോലെ. പക്ഷേ ഇവിടെ ഒരേക്കര്‍ വലിപ്പമുള്ള ചിത്രങ്ങള്‍ ഒക്കെയുണ്ട്. അതിന് ഒരുപാട് മിസ്റ്ററി ഉണ്ട്. സ്പേസില്‍ (space) നിന്നും കാണാന്‍ കഴിയുന്ന തരത്തിലാണ് അത് വരഞ്ഞതെന്നാണ് പറയപ്പെടുന്നത്. ഈ ചിത്രങ്ങളില്‍ ഉള്ള ഡീറ്റെയിലുകളെ കുറിച്ച് ഒരുപാട് പഠനങ്ങള്‍ നടന്നിട്ടുണ്ട്. പക്ഷേ, ഇന്നുള്ള സംസ്‌കാരത്തെ വെച്ചുകൊണ്ട് അത് ഒരിക്കലും നമുക്ക് മനസ്സിലാക്കാന്‍ കഴിയില്ല. ഉദാഹരണമായി സ്പെയിന്‍ മുതല്‍ കര്‍ണാടക വരേയ്ക്കും രണ്ടു തലയുള്ള കഴുകന്റെ ചിത്രമുണ്ട്. കര്‍ണാടകയുടെ ഐക്കണ്‍ തന്നെ രണ്ടു തലയുള്ള കഴുകനാണ്. ഈ ചിത്രം ഒരു മിത്തോളജിയിലും പരാമര്‍ശിച്ചിട്ടില്ല. നമ്മുടെ ഒരു പുരാണങ്ങളിലും കാണാന്‍ കഴിയില്ല. പിന്നെ ഇതെങ്ങനെ മനസ്സിലാക്കും? അതിന് വേണ്ടി ഒരു പ്രസ്ഥാനം ഉണ്ട്. അതാണ് ഞാന്‍ ഇവിടെ സൂചിപ്പിക്കാന്‍ കാരണം. എന്താണെന്ന് വെച്ചാല്‍ ഈ സ്ഥലങ്ങളിലേക്ക് പോകുകയും ആറോ-ഏഴോ ദിവസങ്ങള്‍ അവിടെത്തന്നെ ഉറങ്ങുകയും അവിടെ നിന്ന് സ്വപ്നം കാണുകയും ഈ സ്വപ്നം രേഖപ്പെടുത്തി, ഈ ഡോക്യുമെന്റ്സ് എല്ലാം കൂടി ചേര്‍ത്തുപഠിച്ച്, ഈ സ്വപ്നത്തിലൂടെ ഇതിനെ മനസ്സിലാക്കാന്‍ പറ്റുമോ, ഇതിനെ ഡീകോഡ് ചെയ്യാന്‍ പറ്റുമോ എന്ന് ശ്രമിക്കുന്ന ഒരു പ്രസ്ഥാനം ലോകം മുഴവന്‍ ഉണ്ട്. Archaeodreaming എന്നാണു അതിന്റൈ പേര്. (Archaeodreaming: lucid dreaming as a tool for exploring sacred sites) ഈ സ്വപ്നമാണ് ക്രിയേറ്റിവിറ്റിയില്‍ കൂടി നോവല്‍ എഴുത്തില്‍ കൂടി നമ്മള്‍ പരിശീലിക്കാന്‍ ശ്രമിക്കുന്നത്.
കെ. വിശ്വനാഥിന്റെ ഈ നോവല്‍ ഈ കാരണങ്ങളെല്ലാം കൊണ്ടാണ് എനിക്ക് താല്‍പര്യം തോന്നിയത്. ഈ നോവല്‍ വായിക്കുമ്പോള്‍ എനിക്ക് ചില ചിത്രങ്ങള്‍ ഉണ്ടായി. ഇതിലേക്ക് കടക്കാനുള്ള ചില വഴികള്‍! ഒന്ന്, പുറത്തുനിന്നുള്ള ആളാണ് ഞാന്‍. മലയാളി ആണെങ്കിലും മലയാളി അല്ല. തമിഴന്‍ ആണ്. തമിഴ്നാട്ടില്‍ നിന്നു തന്നെയാണ് കേരളം നോക്കികാണുന്നത്. ഒരുപാട് കാലം കൊണ്ട് ഒരു തമിഴന്‍ ആയിട്ട് തന്നെയാണ് ഞാന്‍ മലയാള സാഹിത്യം വായിക്കുന്നത്. അങ്ങനെ വായിക്കുമ്പോള്‍ എനിക്ക് തോന്നുന്നത്, ചില ബൈനറീസ് മലയാള സാഹിത്യത്തില്‍ ഉണ്ട്. പ്രധാനമായിട്ടുള്ള ബൈനറി എന്നു പറയുന്നത്, യൂറോപ്പ്/ കേരള എന്നൊരു ബൈനറി ആണ്. ഇന്ത്യയില്‍ യൂറോപ്പിനോട് ഇത്രയേറെ അഭിനിവേശം ഉള്ള രണ്ട് സംസ്ഥാനങ്ങളെയുള്ളൂ. ഒന്ന് ബംഗാള്‍, മറ്റൊന്ന് കേരളം. ഇനി പ്രത്യേകിച്ച് പറയുകയാണെങ്കില്‍ ബംഗാളിന്, യൂറോപ്പിനോട് ഉള്ള അഭിനിവേശമെന്ന് പറയുന്നത് കൊല്‍ക്കത്തയുടെ മാത്രം ഫിനോമിനന്‍ ആണ്. കൊല്‍ക്കത്തയുടെ മനോവ്യാപരമായിരിക്കാം അത്. പക്ഷേ, കേരളം എപ്പോഴും യൂറോപ്പിനെ നോക്കി തപസിരിക്കുന്ന ഒരു സ്റ്റേറ്റ് ആയിട്ടാണ് എനിക്ക് അനുഭവപ്പെടാറ്. എവിടെ യൂറോപ്പ് തീരുന്നു, എവിടെ കേരളം തുടങ്ങുന്നു എന്നതിനെ വെച്ചാണ് ഒരു നോവല്‍ നമ്മള്‍ ജഡ്ജ് ചെയ്യുന്നത്. ചില നോവലുകളില്‍ യൂറോപ്പ് തൊണ്ണൂറ് ശതമാനം ആകും. 10 ശതമാനം കേരളം ഉണ്ടാകും. ചില നോവലുകളില്‍ കുറച്ചു കൂടുതല്‍ ആയിരിക്കും. എം.ടിയുടെ നോവല്‍ എടുത്തു നോക്കിയാല്‍ ഒരു 80-70 ശതമാനം കേരളവും 30 ശതമാനം യൂറോപ്പും ആയിരിക്കും.
ഇവിടെയുള്ള മറ്റൊരു ദ്വന്ദം Sanskrit v/s Kerala എന്ന് പറയുന്നതാണ്. പക്ഷേ അത് വളരെ കുറച്ച് മാത്രമേ പ്രയോഗവത്കരിക്കപ്പെട്ടിട്ടുള്ളൂ. കൊടുങ്ങല്ലൂര്‍ കണ്ണകി എങ്ങനെയാണ് ദുര്‍ഗയായത് എന്നൊരു ചോദ്യം മലയാളത്തില്‍ ഒരു നോവലിസ്റ്റും നിരീക്ഷിച്ചിട്ടില്ല. ഇന്ദുചൂഡന്‍ ഒരു കൃതി എഴുതിയിട്ടുണ്ട്. ഒരു പഠനഗ്രന്ഥം. 'ദ സീക്രട്ട് ചേംബര്‍' വളരെ പ്രധാനപ്പെട്ട ഒരു പുസ്തകമാണത്. ആ പുസ്തകം വായിക്കുമ്പോള്‍ ഇതെന്താ ആരും നോവലായിട്ട് എഴുതാത്തതെന്ന് എനിക്ക് തോന്നാറുണ്ട്. മൂന്നാമത്തെ ബൈനറിയാണ് ഫോക് /ട്രൈബ്. കേരളത്തില്‍ ഫോക് കള്‍ച്ചറിനും ട്രൈബല്‍ കള്‍ച്ചറിനും ഇടയ്ക്ക് ഒരുപാട് വ്യത്യാസങ്ങളുണ്ട്. ഒരു ബൈനറി ഒപ്പോസിഷനായി മാത്രമാണ് അത് പ്രവര്‍ത്തിക്കുന്നത്. അതില്‍ മാവേലി മന്റം പോലുള്ള ചില നല്ല കൃതികള്‍ വന്നിട്ടുണ്ട്. അല്ലെങ്കില്‍ ഏഴിനും മീതെ പോലുള്ള കൃതികള്‍ വന്നിട്ടുണ്ട്.
വിശ്വനാഥിന്റെ നോവല്‍ ആദ്യത്തെ ജനുസ്സില്‍ പെടുന്നതാണ്. യൂറോപ്പ്, കേരള മനസ്സിനെ എവിടെ തൊടുന്നു, എവിടുന്നു മാറിപോകുന്നുവെന്ന് അടയാളപ്പെടുത്തുന്ന കൃതി. ഈ നോവല്‍ തുടങ്ങുന്നത് അത്ര ശ്രദ്ധിക്കപ്പെടാത്ത ഒരു ജര്‍മന്‍ കൃതിയെ ആസ്പദമാക്കിയാണ്. ഇപ്പോള്‍ ഒരു പരിധിവരെക്കും ക്ലീഷേയായി കഴിഞ്ഞ രചനാ സമ്പ്രദായമാണ്, ദ ലോസ്റ്റ് ടെക്സ്റ്റ് എന്നുപറയുന്നത്. അതിലൊരു കഥാപാത്രം, ആ കഥാപാത്രത്തിന്റെ സ്വത്വം സ്വയം പ്രതിഫലിപ്പിക്കുന്ന മറ്റൊരു യഥാര്‍ഥ കഥാപാത്രം. ഈ, കഥാപാത്രത്തിന്റെ ജീവിതത്തിലേക്ക് പോകുകയാണ് ചെയ്യുന്നത്. അങ്ങനെ യൂറോപ്പിലേക്ക് ഒരു കണക്ഷന്‍ നോവലിലൂടെ വരുന്നു. കേരള ചരിത്രം കുറച്ച് വായിക്കുന്നവര്‍ക്ക് അറിയാം, കേരളത്തില്‍ ഏറ്റവും കൂടുതല്‍ അടുപ്പമുള്ള രണ്ട് സംസ്‌കാരങ്ങളാണ് ജര്‍മനും പോര്‍ച്ചുഗീസുമെന്ന്. ബ്രിട്ടീഷ് സംസ്‌കാരത്തിന്റെ സ്വാധീനം ഇതിലും കുറഞ്ഞ തോതില്‍ മാത്രമേ കേരളത്തിനെ സ്വാധീനിച്ചിട്ടുള്ളൂ. മ്യൂണിച്ചിലെ മ്യൂസിയത്തില്‍ പോയാല്‍ കൂടുതല്‍ കാണാന്‍ കഴിയുന്നത് പഴയ കേരളത്തിലുണ്ടായിരുന്ന പുരാവസ്തുക്കളും മറ്റുമാണ്. പിന്നെ ഹെര്‍മന്‍ ഗുണ്ടര്‍ട്ട്. അങ്ങനെ നമുക്കു ഒരുപാട് ജര്‍മന്‍ കണക്ഷന്‍സ് ഉണ്ട്. ആ ജര്‍മന്‍ കണക്ഷന്‍സില്‍ കൂടിയാണ് ഈ നോവല്‍ ആരംഭിക്കുന്നത്. പിന്നെ അതില്‍ നിന്നും ഒരു ക്രിസ്ത്യന്‍ സ്വാധീനത്തിലേക്ക് കടക്കുന്നുണ്ട്. അതും സൂക്ഷ്മമായിട്ട് ഇട്ട ഒരുപേര്; അര്‍ണോസ് പാതിരിയുടെ ഓര്‍മയ്ക്ക് ഒരച്ഛന്‍ തന്റെ മകന് അര്‍ണോസ് എന്ന് പേരിടുന്നു. അര്‍ണോസിന്റെ കഥയാണ് ഈ നോവല്‍.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ക്രിസ്ത്യന്‍ ഐഡിയോളജി സ്വാധീനം ചെലുത്തിയിട്ടുള്ളത് കേരളത്തിലാണ്. ക്രിസ്ത്യാനിറ്റിയുടെ ഫിലോസഫിക്കല്‍ കോര്‍ എന്ന് പറയുന്നത് തന്നെ 'ദ കണ്‍സപ്റ്റ് ഓഫ് സിന്‍ ആന്‍ഡ് റിഡംപ്ഷന്‍'ആണ്. രണ്ടാമത് ഇന്‍ഹെറിറ്റന്‍സ്. അച്ഛന്‍ - മകന്‍. ഈ രണ്ടു കണ്‍സെപ്റ്റ് കൊണ്ടുള്ള ഒരു ചിത്രമാണ് ഈ നോവലില്‍ തുടര്‍ന്ന് പ്രകടമാവുന്നത്. അങ്ങനെ ഒരു വലിയ ചിത്രം ചെറിയ പേജുകളില്‍ കൂടി സൃഷ്ടിക്കുകയാണ് വിശ്വനാഥ്. ഇത്തരം ജനുസ്സില്‍പ്പെട്ട നോവലുകള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. അല്ലെങ്കില്‍ മറ്റൊരു രീതിയില്‍... ആലാഹയുടെ പെണ്‍മക്കള്‍ അല്ലെങ്കില്‍ ലന്തന്‍ ബത്തീനിയയിലെ ലുത്തിനിയകള്‍. രണ്ടു നോവലുകളും തമിഴില്‍ വായിക്കപ്പെട്ട കൃതികളാണ്. ഇരാ മുരുഗന്‍ പീരങ്കി പാടല്‍കള്‍ എന്ന പേരില്‍ വിവര്‍ത്തനം ചെയ്ത ലണ്ടന്‍ പത്തേരിയിലെ ലുത്തിനിയാകള്‍ തമിഴിലും ഒരു ക്ലാസിക് ആണ്. അതിന്റെ നിരയില്‍ പെടുന്ന ഒരു വര്‍ക്ക് ആണ് ഇത്.
മലയാളത്തിന്റെ ചില പ്രത്യേകതകള്‍ ഞാന്‍ കാണുന്നുണ്ട്. മുന്‍പ് ഞാന്‍ നമീബിയയിലൂടെ സഞ്ചരിക്കുകയായിരുന്നു. നമീബിയയുടെ തലസ്ഥാനമായ വിണ്ടുക്കില്‍വെച്ച് ഒരു മലയാളിയെ കണ്ടുമുട്ടുന്നു. രണ്ട് പതിറ്റാണ്ടായി അയാള്‍ അവിടുത്തെ സ്ഥിരതാമസക്കാരനാണ്. രണ്ടു മണിക്കൂര്‍ ഞങ്ങള്‍ ഒരുമിച്ച് യാത്രചെയ്യുന്നു. എന്നാല്‍, നമീബിയയെക്കുറിച്ച് അയാള്‍ ഒരുവാക്കു പോലും പറഞ്ഞില്ല എന്നത് എന്നില്‍ അദ്ഭുതമുളവാക്കി. സംസാരിച്ചത് മുഴുക്കെ, സ്വന്തം ഗ്രാമമായ കരിവെള്ളൂരിനെക്കുറിച്ചാണ്. മലയാളിയ്ക്ക് ഒരു വൈരുധ്യമുണ്ട്. കേരളത്തില്‍ ഇരിക്കുമ്പോള്‍ ലോകം സ്വപ്നം കാണുന്നു. എന്നാല്‍, കേരളത്തില്‍നിന്ന് വിട്ടുപോയാല്‍ പിന്നെ ചെര്‍പ്പുളശ്ശേരിക്കാരന്‍ മാത്രമായി ജീവിക്കുകയും ചെയ്യുന്നു. ഈ കൃതിയും അത്തരത്തില്‍ വ്യാഖ്യാനിക്കാവുന്നതാണ്. ഇവിടേ ഇരുന്നു അങ്ങോട്ടും അവിടെ ഇരുന്നു ഇങ്ങോട്ടും നടത്തുന്ന ഒരു സ്വപ്ന വ്യാപാരം. അതിലുടെ ഒരു സ്വത്വം ഉണ്ടാക്കാനുള്ള ശ്രമം. മലയാളികള്‍ അവരുടെ സ്വപ്നങ്ങള്‍ വ്യാപരിക്കുന്ന പല ലോകങ്ങളെ ഈ ചെറിയ കൃതിയില്‍ തൊട്ടെടുക്കാന്‍ കഴിയും.
Content Highlights: Jayamohan, K. Viswanath, Nagnanaya Kolayaliyude Jeevitham, Mathrubhumi Books