'മനുഷ്യന് ഇത്രയും ക്രൂരനാവാന്‍ കഴിയുമോ? മനുഷ്യനേ ഇത്രയും ക്രൂരനാവാന്‍ കഴിയൂ...'; കണ്ണാടി പറഞ്ഞത്!

ഈ കാലഘട്ടത്തിലെ ഏറ്റവും ശക്തവും പൈശാചികവും ഹിംസാത്മകവുമായ നാടകമേതെന്നു ചോദിച്ചാല്‍, ഉത്തരം ഒന്നേയുള്ളൂ: അര്‍ജന്റൈന്‍-ചിലിയന്‍-അമേരിക്കന്‍ എഴുത്തുകാരനായ ഏരിയല്‍ ദോര്ഫ്മന്റെ (Ariel Dorfman) 'ഡെത്ത് ആന്‍ഡ് ദ മെയ്ഡന്‍'(Death and the Maiden) എന്ന രചന. പൈശാചികതയും ഹിംസയുമൊന്നും പലപ്പോഴും അരങ്ങിലല്ല, നാടകത്തിലെ മൂന്നേമൂന്ന് കഥാപാത്രങ്ങളുടെ സംഭാഷണങ്ങളില്‍ തെളിയുന്ന അവരുടെ ഭൂതകാലത്തിലാണ് സംഭവിക്കുന്നത്. നാടകത്തെ വേറിട്ടതാക്കുന്നതും അതുതന്നെ.
അല്ലെങ്കിലും രാഷ്ട്രത്തിന്റെ മുഴുവന്‍ വേദനകളെയും ഒരു മനുഷ്യനിലേക്ക് ചുരുക്കിയെഴുതാന്‍ അര്‍ജന്റീനയില്‍ ജനിക്കുകയും ചിലിയന്‍ പൗരത്വം നേടുകയും പിന്നീട് ജനറല്‍ ഔഗുസ്തോ പിനോച്ചെയുടെ സൈനിക ഏകാധിപത്യ ഭരണസമയത്ത് അമേരിക്കയില്‍ അഭയംപ്രാപിക്കുകയുംചെയ്ത ദോര്ഫ്മനെപ്പോലെ മറ്റാര്ക്കാവും? 'അവളുടെ പാല്‍പ്പല്ലു കൊഴിയുമ്പോള്‍' എന്ന കവിതയില്‍ ദോര്ഫ്മന് എഴുതുന്നതിങ്ങനെ: അച്ഛന് മരിച്ചെന്ന് ഞാനവളോടു പറഞ്ഞാല്‍/ അതൊരു കള്ളമായിരിക്കും./ ജീവിച്ചിരിക്കുന്നുവെന്നു പറഞ്ഞാലും അങ്ങനെത്തന്നെ./അതുകൊണ്ട് കളവല്ലാത്ത ഒരേയൊരു കാര്യം ഞാനവളോടു പറഞ്ഞു:/അച്ഛനൊരിക്കലും വീട്ടിലേക്ക് വരാതിരുന്നത് /അദ്ദേഹത്തിനത് കഴിയാത്തതുകൊണ്ടുമാത്രമാണ്. കാരണമോ തെളിവുകളോ ഇല്ലാതെ അപ്രത്യക്ഷരായ, ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ചോ എന്ന് ഉറ്റവര്‍ക്ക് ഒരിക്കലും തീര്ച്ചപറയാനാകാത്ത അനേകായിരംപേരുള്ള ഒരു രാഷ്ട്രത്തിന്റെ അവസ്ഥയാണ് ഈ വരികളില്‍.
സ്ഥലത്തിന്റെ പേരുപറയുന്നില്ലെങ്കിലും 1990-കളിലെ ചിലിയാണ് 'ഡെത്ത് ആന്‍ഡ് ദ മെയ്ഡന്‍' എന്ന നാടകത്തിന്റെ അരങ്ങ്. പ്രസിഡന്റ് സാല്‍വദോര്‍ അയന്ദെയെ സൈനികനീക്കത്തിലൂടെ വധിച്ച് ഭരണാധികാരിയായിമാറിയ ജനറല്‍ പിനോച്ചെ അധികാരമൊഴിഞ്ഞെങ്കിലും ഏതുസമയത്തും ആവര്‍ത്തിച്ചേക്കാവുന്ന മറ്റൊരു സൈനിക അട്ടിമറിയുടെ നിഴലിലാണ് രാജ്യം. അങ്ങനെയൊരു രാത്രിയില്‍ നിയമജ്ഞനായ ഹെറാര്ദോ എസ്കോബര്‍ വീട്ടിലെത്തുന്നു. പട്ടാള അതിക്രമങ്ങളെപ്പറ്റി അന്വേഷിക്കാന്‍ പുതിയ പ്രസിഡന്റ് നിയോഗിച്ച കമ്മിഷനിലേക്ക് അയാള്‍ നാമനിര്ദേശംചെയ്യപ്പെട്ടിരിക്കയാണ്. ഇക്കാര്യമറിഞ്ഞ് അയാളുടെ ഭാര്യയായ പോളിന സലാസ് നിരാശയാകുന്നു. കാരണം, മരണങ്ങളെക്കുറിച്ചുമാത്രമേ കമ്മിഷന് അന്വേഷിക്കൂ.
അവളെപ്പോലെ ക്രൂരമായി പീഡിപ്പിക്കപ്പെട്ടവരുടെ കാര്യമൊന്നും അതിന്റെ പരിധിയില്‍ വരുന്നില്ല. മാത്രമല്ല, അന്വേഷണറിപ്പോര്‍ട്ടില്‍ കുറ്റംചെയ്തവരുടെ പേരുകള്‍ എടുത്തുപറയരുതെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട് (തെറ്റുചെയ്തവരുടെ പേരുകള്‍ വെളിപ്പെടുത്താതെ പരസ്യമാക്കാന്പോകുന്ന, ഒരു വനിതാജഡ്ജി അധ്യക്ഷയായുള്ള കമ്മിഷന്റിപ്പോര്ട്ടിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ടപ്പോള്‍ കേരളവും ചിലിയും തമ്മില്‍ വലിയ ദൂരമില്ലെന്നു തോന്നിപ്പോയി).
രാത്രിയില്‍ ഒരാള്‍ അവരുടെ വാതിലില്‍ മുട്ടുന്നു. ഹെറാര്ദോയുടെ കാര്‍ കേടായപ്പോള്‍ അയാളെ സഹായിച്ച റൊബെര്‍ത്തോ മിരാന്ദ എന്ന ഡോക്ടറായിരുന്നു അത്. കമ്മിഷനില്‍ ഹെറാര്ദോ അംഗമായതറിഞ്ഞ് അഭിനന്ദിക്കാന്‍ വന്നതാണ് അയാള്‍. എന്നാല്‍, പട്ടാളഭരണകാലത്ത് തടവറയില്‍വെച്ച് തന്നെ ക്രൂരമായി മാനഭംഗപ്പെടുത്തുകയും പീഡിപ്പിക്കുകയുംചെയ്ത അതേ ഡോക്ടറാണ് റൊബെര്ത്തോയെന്ന് തിരിച്ചറിഞ്ഞ പോളിന അയാളെ കസേരയില്‍ കെട്ടിയിടുകയും തോക്കുചൂണ്ടി കുറ്റങ്ങള്‍ ഏറ്റുപറയാന്‍ ആവശ്യപ്പെടുകയുംചെയ്യുന്നു. അക്കാര്യം പാടേ നിഷേധിക്കുകയാണ് റൊെബര്ത്തോ. കമ്മിഷനില്‍ തന്റെ സ്ഥാനം നഷ്ടപ്പെടുമെന്നുഭയന്ന ഹെറാര്ദോയും അയാളെ വിട്ടയയ്ക്കാന് പോളിനയെ നിര്‍ബന്ധിക്കുന്നു.
ഇവിടെ മറ്റൊരു വിചാരണ തുടങ്ങുകയാണ്. താന്‍ പീഡനങ്ങള്‍ സഹിച്ചതുമുഴുവന് ഹെറാര്ദോയെ രക്ഷിക്കാന്വേണ്ടിയാണെന്ന് പോളിന പറയുന്നു. എത്രയൊക്കെ ക്രൂരതകള്‍ക്ക് വിധേയയാക്കപ്പെട്ടിട്ടും താന്‍ അയാളുടെ പേരുപറഞ്ഞില്ല. എന്നിട്ടോ? തടവറയില്‍നിന്ന് മോചിതയായി ചെന്നപ്പോള്‍, അയാള്‍ മറ്റൊരു സ്ത്രീയുടെ കൂടെ കിടക്കുന്നതാണ് അവള് കണ്ടത്. ഇപ്പോഴിതാ അയാള്‍ വീണ്ടും തന്നെ വഞ്ചിക്കുന്നു. തന്നെ കണ്ണുകെട്ടിയിട്ടാണ് റൊബെര്‍ത്തോ പീഡിപ്പിച്ചതെന്ന കാര്യം ശരിതന്നെ. പക്ഷേ, അയാളുടെ സ്വരം, ഗന്ധം, സ്പര്‍ശം എല്ലാം അവള് തിരിച്ചറിഞ്ഞുകഴിഞ്ഞു. കൂടാതെ മാനഭംഗപ്പെടുത്തുമ്പോള്‍ അയാള്‍ സ്ഥിരമായി കേള്‍ക്കാറുണ്ടായിരുന്ന ഓസ്ട്രിയന്‍ സംഗീതജ്ഞന് ഷൂബെര്‍ട്ടിന്റെ 'ഡെത്ത് ആന്‍ഡ് ദ മെയ്ഡന്‍' എന്ന സംഗീതശില്പത്തിന്റെ കാസറ്റ് അയാളുടെ പക്കല്‍നിന്ന് അവള് കണ്ടെടുക്കുകയുംചെയ്തുകഴിഞ്ഞു. അന്നുമുതല്‍ ഷൂബെര്‍ട്ടിന്റെ സംഗീതത്തെ അവള് വെറുത്തു; അതവളുടെ പഴയ മുറിവുകള്‍ വീണ്ടും തുറക്കുന്നതുകൊണ്ട്.
ഒടുവില്‍ റൊബെര്‍ത്തോ കുറ്റസമ്മതം നടത്തുന്നു. പക്ഷേ, അതുകൊണ്ടായില്ല. പോളിനയ്ക്ക് തന്റെ ഭൂതകാലത്തെ മായ്ച്ചുകളയാന്‍, വീണ്ടും ഷൂബെര്‍ട്ടിന്റെ സംഗീതം ആസ്വദിക്കാന്‍ അയാളില്ലാതായേ തീരൂ. അവള് അയാളുടെനേരേ തോക്കുചൂണ്ടുന്നു. പെട്ടെന്ന് അവരെ മറച്ചുകൊണ്ട്, കാണികളെ പ്രതിഫലിപ്പിച്ചുകൊണ്ട് അരങ്ങിലേക്ക് ഒരു കണ്ണാടി താഴ്ന്നുവരുന്നു.
ചിലിയന്‍ സംവിധായകന് പാബ്ലോ ലറയിന്റെ (Pablo Larrain) 'പോസ്റ്റ്മോര്‍ട്ടം' എന്ന ചലച്ചിത്രത്തില്‍ മാരിയോ എന്ന കഥാപാത്രത്തോട് ക്യാപ്റ്റന്‍ പറയുന്നു: 'ധാരാളം ശവങ്ങള് വരാനുണ്ട്. വെടിയുണ്ട തറച്ച മുറിവുകളുടെ എണ്ണവും സ്ഥാനവും മാത്രം എഴുതിവെക്കുക.' നിസ്സഹായനായ മാരിയോ താന്‍ ആ ശവങ്ങള്‍ക്ക് നമ്പര്‍കൂടി നല്‍കാമെന്നു പറയുന്നു. ഏകാധിപത്യത്തില്‍ ശവങ്ങള്‍ക്ക് -ആളുകള്‍ക്കും - പേരില്ല, വെറും അക്കങ്ങള്മാത്രമാണ് അവര്‍. Unthinkable Tenderness എന്ന സമാഹാരത്തില്‍, 'നിനക്കുചേരാത്ത യാഥാര്‍ഥ്യങ്ങളില്‍നിന്ന് നിന്നെ മോചിപ്പിക്കാന്‍വേണ്ടി ഞാന്‍ മരണത്തിന്റെ വാതിലില്‍ മുട്ടുന്നു'വെന്ന് അര്‍ജന്റൈന്‍ കവി ഹുവാന്‍ ഹെല്‍മന്‍ (Juan Gelman) എഴുതിയത് ഇതോട് ചേര്‍ത്തുവായിക്കാം. ഏകാധിപത്യം അത്തരമൊരു യാഥാര്‍ഥ്യമാണ്. തന്റെയോ മറ്റുള്ളവരുടെയോ മരണം മാത്രമായിരിക്കാം പലപ്പോഴും അതില്‍നിന്നുള്ള ഒരേയൊരു മുക്തി.
പോളിന അനുഭവിച്ച ദുരിതങ്ങളുടെയും ക്രൂരതയുടെയും ആഴമാണ് ഈ നാടകത്തെ ഇത്രയും പൈശാചികമാക്കുന്നത്. അത് ഒരു സ്ത്രീയോടുമാത്രമല്ല, ഒരു രാഷ്ട്രത്തോട് മുഴുവനും ചെയ്യുന്ന ഹിംസയാണ്. ഈ നാടകം വായിച്ചുകഴിയുമ്പോള്‍ നമ്മള് സ്വയം ചോദിക്കുന്നു: മനുഷ്യന് ഇത്രയും ക്രൂരനാവാന്‍ കഴിയുമോ? ആ ചോദ്യം ഒരു കണ്ണാടിയാണ്. ഉത്തരം അതില്‍ത്തന്നെ തെളിയുന്നു: മനുഷ്യനേ ഇത്രയും ക്രൂരനാവാന്‍ കഴിയൂ.
Content Highlights: jayakrishnan column vakkolam death and maiden by ariel dorfman