മായരുത് മലയാളം, മറക്കുന്നു മലയാളി

മുലപ്പാല് ശിശുവിന്റെ ജന്മാവകാശമാണ്. അതുപോലെ മാതൃഭാഷ പഠിക്കാനും പരിശീലിക്കാനും ഓരോ കുഞ്ഞിനും അവകാശം ഉണ്ടായിരിക്കേണ്ടതല്ലേ? സര്ക്കാരുകള്ക്കോ പാഠ്യപദ്ധതികള്ക്കോ വിദ്യാലയങ്ങള്ക്കോ മാതാപിതാക്കള്ക്കോ മാതൃഭാഷാപഠനം നിഷേധിക്കാന് അധികാരമുണ്ടോ? ആ നിഷേധം നടക്കുന്നുണ്ടെങ്കില് അതിലൊരു മനുഷ്യാവകാശ ലംഘനം ഉള്ളടങ്ങിക്കിടക്കുന്നില്ലേ? അത് ജനാധിപത്യവിരുദ്ധമല്ലേ? ഈ മാതൃഭാഷാദിനത്തില് മലയാളികള് സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളാണിത്. ബോധനമാധ്യമം, ഭരണഭാഷ, കോടതിഭാഷ എന്നീ രംഗങ്ങളിലെല്ലാം മാതൃഭാഷയോട് കുറ്റകരമായ അവഗണന കാണിക്കുന്ന കൂട്ടരാണ് കേരളീയര് എന്നതുതന്നെ കാരണം.
മനുഷ്യരുടെ വികാരവിചാരങ്ങള്ക്ക് രൂപം കൊടുക്കുന്നതില് മാതൃഭാഷയ്ക്ക് വലിയ പങ്കുണ്ട്; അതുപോലെത്തന്നെ കാര്യഗ്രഹണശേഷി വര്ധിപ്പിക്കുന്നതിലും. നമ്മുടെ ചിന്തയും യുക്തിയും ഭാവനയും വികാസംനേടുന്നത് മാതൃഭാഷയിലൂടെയാണ്. വ്യക്തിത്വം ഉരുവംകൊള്ളുന്നത് ഭാഷാസാഹചര്യത്തില് നിന്നാണ്. അതുകൊണ്ടാണ് ഓരോ സമൂഹവും ഭാഷയുടെ പേരില് അറിയപ്പെടുന്നത്-അറബികള്, ഇംഗ്ളീഷുകാര്, തമിഴന്മാര്, മലയാളികള് മറ്റും മറ്റും.
വടക്കന് യൂറോപ്പില് 56 ലക്ഷം ആളുകള് അധിവസിക്കുന്ന ചെറിയ രാജ്യമാണ് ഫിന്ലന്ഡ്. അവിടെ അധ്യാപികയായി ജോലിചെയ്യുന്ന എന്റെ സ്നേഹിത നവമി ഷാജഹാന് പറഞ്ഞാണ് ആ വിവരമറിഞ്ഞത്: ആ നാട്ടില് പല നാട്ടുകാരും പല ഭാഷക്കാരുമുണ്ട്. സ്കൂളില് ഫിന്നിഷ്, ഇംഗ്ളീഷ്, സ്വീഡിഷ് തുടങ്ങി പല ഭാഷയും പഠിപ്പിക്കുന്നുമുണ്ട്. അവിടെ രക്ഷിതാക്കളോട് അധ്യാപകരും സ്കൂള് അധികാരികളും നിഷ്കര്ഷിക്കുന്നത്, മക്കളോട് വീട്ടില് സ്വന്തം മാതൃഭാഷയില്മാത്രമേ സംസാരിക്കാവൂ എന്നാണ്. മാത്രമല്ല, ഒരു ക്ലാസില് ഒരു പ്രത്യേക ഭാഷ മാതൃഭാഷയായിട്ടുള്ള എട്ടോ അതിലധികമോ വിദ്യാര്ഥികളുണ്ടെങ്കില് ആ ഭാഷ പഠിപ്പിക്കാന് പ്രത്യേകം അധ്യാപകരെ നിയമിക്കും.
ലോകത്തില് വളരെ ചെറിയൊരു ന്യൂനപക്ഷമാണ് യഹൂദന്മാര് - ഒന്നരക്കോടിയേ അവരുള്ളൂ. 800 കോടി വരുന്ന ലോകജനസംഖ്യയുടെ 0.2 ശതമാനംമാത്രം. ശാസ്ത്രം, സാങ്കേതികവിദ്യ, ആയുധനിര്മാണം, വ്യാപാരം, വ്യവസായം, രാജ്യതന്ത്രജ്ഞത, യുദ്ധസാമര്ഥ്യം മുതലായവയിലെല്ലാം മറ്റേതുസമൂഹത്തെയും പിന്നിലാക്കുന്ന പുരോഗതി അവരിന്ന് കൈവരിച്ചിട്ടുണ്ട്. അവരുടെ ഒരു ശക്തി മാതൃഭാഷയാണ്. സമൂഹത്തിന്റെ ഒരുമയുടെയും ആത്മവിശ്വാസത്തിന്റെയും ഉറവിടം മാതൃഭാഷയായ ഹിബ്രുവാണ് എന്ന് അവര്ക്ക് എന്നും അറിയാമായിരുന്നു. ചരിത്രപരമായ കാരണങ്ങളാല് ലോകത്തിന്റെ പല ഭാഗത്തേക്ക് ചിതറിപ്പോവുകയും അനേകം നൂറ്റാണ്ടുകള് ഭിന്നഭാഷാസാഹചര്യങ്ങളില് ജീവിക്കാന് ഇടവരുകയും ചെയ്തിട്ടും അവര് എന്നും മുറുകെപ്പിടിച്ചത് ഹിബ്രുവിനെയാണ്. നമ്മുടെ സംസ്കൃതത്തെക്കാളും പഴക്കമുള്ള ആ പ്രചീന ഭാഷയെ പുനരുജ്ജീവിപ്പിക്കാനുള്ള പണികളാണ് 19-20 നൂറ്റാണ്ടുകളില് അവര് കാര്യമായെടുത്തത്;
ജറുസലേമിലെ വിദ്യാലയങ്ങളിലെ ബോധനമാധ്യമം 1913 മുതല് ഹിബ്രു ആയിരുന്നു. ആധുനിക ഹിബ്രുനിഘണ്ടു 1922-ല് പുറപ്പെട്ടു. 2000 കൊല്ലമായി ആരും സംസാരിക്കാതിരുന്ന ഭാഷയാണിത് എന്നോര്ക്കണം! 1948-ല് ഇസ്രയേല് നിലവില്വന്നപ്പോള് ആ ദേശത്തിന് രണ്ട് രാഷ്ട്രഭാഷകള് ഉണ്ടായിരുന്നു. ആധുനിക ഹിബ്രുവും ആധുനിക അറബിയും.
Content Highlights: International mother language day M.N. Karasseri writes about importance of Malayalam