റേപ്പ് ക്യാപിറ്റൽ ഓഫ് ഇന്ത്യ! നടുക്കുന്ന ഓർമ്മപ്പെടുത്തലായി മുകുന്ദന്റെ ദൽഹി 1981

#ഹരിലാല്‍ രാജഗോപാല്‍

ഹിംസയുടെ രാജധാനിയെന്ന അപഖ്യാതി ദില്ലി നഗരത്തിനുണ്ട്. ഇതിഹാസത്തിലെ ഇന്ദ്രപ്രസ്ഥം മുതലിങ്ങോട്ട് ചോരകൊണ്ടു നനഞ്ഞുപാകിയ ചരിത്രം. പിതൃഘാതകർ ഭരിച്ച തലസ്ഥാനം. നഗരം വളർന്നു പന്തലിച്ചതോടെ ഹിംസയുടെ തലസ്ഥാനമായി അതു പരിവർത്തനം ചെയ്യപ്പെട്ടു. നാഷണൽ ക്രൈം ബ്യൂറോ കണക്കു പ്രകാരം ഏറ്റവും കൂടുതൽ ബലാൽസംഗങ്ങൾ നടക്കുന്ന നഗരം ദില്ലിയാണ്. റേപ്പ് ക്യാപിറ്റൽ ഓഫ് ഇന്ത്യ. ഡൽഹി എന്നും അങ്ങനെയായിരുന്നു ഡൽഹിയിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ഭീകരതയെ മുൻനിർത്തി നാൽപ്പത്തിയഞ്ചു കൊല്ലം മുമ്പ് എം. മുകുന്ദൻ എഴുതിയ ഒരു ചെറുകഥ വീണ്ടും പ്രസക്തമാകുകയാണ്- ദൽഹി 1981.

'അവൾ കുതറി മാറി മൈതാനത്തിലൂടെ ഓടാൻ തുടങ്ങി.
''ബെഹൻ ചൂത്ത്- അബ്ബെ, പിടിയവളെ-''
നാനക് ചന്ദ് കോപിച്ചു. രഘുവീർ പിറകെ ഓടിച്ചെന്ന് അവളെ കടന്നുപിടിച്ചു. ഇരുവരും കൂടി വീണ്ടും അവളെ വലിച്ചിഴച്ചുകൊണ്ടുപോയി...

പ്രവചനസ്വഭാവമുള്ള നടുക്കുന്ന ആ കഥ ഒരു ബലാൽസംഗത്തെപ്പറ്റിയാണ്. രഘുവീർ, നാനാക് ചന്ദ് എന്നീ രണ്ടു ഗുണ്ടകൾ മാറ്റ്നി കാണാനിറങ്ങിയ യുവദമ്പതികളെ തടഞ്ഞുനിർത്തി, യുവാവിനെ മൃതപ്രായനാക്കി, കുഞ്ഞിനെ കൊന്ന്, യുവതിയെ തകർന്ന ഒരു ശവകുടീരത്തിലേക്ക് ബലാത്സംഗം ചെയ്യാൻ വലിച്ചിഴച്ചു കൊണ്ടുപോകുന്നു. ദൂരെ ഒരു മുറിയുടെ ജനലിൽനിന്ന് സിഗരറ്റ് പുകച്ച് അത് കണ്ടാസ്വദിക്കുന്ന രണ്ടു പേർ.

2012-ലെ ഡിസംബർ 16-ന് രാത്രിയിൽ ‘ലൈഫ് ഓഫ് പൈ’ സിനിമകണ്ടു വരികയായിരുന്നു ജ്യോതി സിങ്ങും കൂട്ടുകാരൻ അവനീന്ദ്ര പ്രതാപ് പാണ്ഡേയും. സിനിമ തിയേറ്ററിൽനിന്ന് ഓട്ടോ പിടിച്ച് അവർ മുനീർക്ക ബസ് സറ്റാൻഡിൽ എത്തി. കറുത്ത ചില്ലുകൾ മൂടിയ ഒരു വെളുത്ത ബസ്സിലേക്ക് ഒരു പയ്യൻ അവരെ വിളിച്ചുകയറ്റി. ദ്വാരകയിലേക്കല്ലെ? കയറിക്കൊള്ളൂ..., ഇരുപതു രൂപ മതി. അവൻ പറഞ്ഞു. ബസ്സിൽ ആറുപേർ മാത്രമെ ഉണ്ടായിരുന്നുള്ളൂ. യാത്ര തുടങ്ങിയതോടെ കമന്റുകൾ ഉയർന്നു..

'ഹായ് മഞ്ഞക്കിളീ, നിന്റെ മുഖമൊന്നു കണ്ടോട്ടെ..''
നാനക് ചന്ദ് ചെറുപ്പക്കാരിയുടെ മുഖത്തുനിന്ന് സാരി പിടിച്ചു നീക്കി. മാംസളമായ കവിളുകളും വിടർന്ന കണ്ണുകളുമുള്ള അതീവസുന്ദരമായ ഒരു മുഖം. തലമുടിയുടെ മദ്ധ്യരേഖയിൽ കുങ്കുമം വിതറിയിരിക്കുന്നു. നെറ്റിയിൽ പൊട്ടും. (ദൽഹി 1981)

സംഗതി പന്തിയല്ലെന്ന് ഇരുവർക്കും തോന്നി. ബസ്സ് വഴിതിരിച്ചു വിടാനാരംഭിച്ചപ്പോൾ അവർ ബഹളം കൂട്ടി. അശ്ലീല കമന്റുകൾ പറഞ്ഞ് ബസ്സിലെ ക്രിമിനലുകൾ അവരെ വളഞ്ഞു. ഹിംസയുടെ പുതിയ വൈകൃതത്തിൽ പങ്കാളിയായവരിൽ ഏറ്റവും ക്രൂരൻ പ്രായപൂർത്തിയാവാത്ത പയ്യനായിരുന്നു എന്നത് ഒരോ വീടകങ്ങളേയും ഞെട്ടിച്ചു. വിവരിക്കാനാവാത്ത ക്രൂരതകൾക്കു ശേഷം ഓടുന്ന ബസ്സിൽനിന്ന് തെരുവിലേക്ക് അവൾ വലിച്ചെറിയപ്പെട്ടു.

സഹായിക്കണേ എന്നു കരഞ്ഞപ്പോൾ ആ വഴി പോയ പോലീസുകാർ ഇതു ഞങ്ങളുടെ പരിധിക്കുള്ളിലല്ല എന്നു നിസ്സംഗതയോടെ പറഞ്ഞ് കടന്നുകളഞ്ഞു.

ആശുപത്രിക്കിടക്കയിൽ രണ്ടു ദിനം പ്രാണവേദനയോട് മല്ലിട്ട് അവൾ മരിച്ചു.

സ്ത്രീകൾക്കെതിരെയുള്ള നൃശംസതകളിൽ ഞെട്ടലും രോഷവും നാം രേഖപ്പെടുത്തിയെന്നല്ലാതെ, അവളെ നിർഭയയെന്നു വിളിച്ച് മെഴുതിരി കത്തിച്ചതല്ലാതെ ഡൽഹി തരിമ്പും മാറിയില്ല. ഘാതകർ തൂക്കുകയർ ഏറിയെങ്കിലും.

1981 സപ്തംബർ പതിമൂന്നിനിറങ്ങിയ ഓണപ്പതിപ്പിലാണ് മുകുന്ദന്റെ കഥ അടിച്ചുവന്നത്.

''അരേ യാർ, അവർ അവളെ ബലാൽസംഗം ചെയ്യുവാൻ കൊണ്ടുപോകുകയാ''
കിശോർ ലാൽ പറഞ്ഞു.
ഒരു ഈസ്റ്റ്മാൻ സിനിമാസ്‌കോപ്പ് ചിത്രം കാണുതുപോലെ അവർ മൈതാനിയെ നോക്കി നിന്നു....

ആവരണങ്ങളില്ലാത്ത, നിസ്സംഗതയുടെ മൂർച്ചയുള്ള ഭാഷ വായനക്കാരെ സ്തബ്ദധരാക്കും. രണ്ടുപേർ ഒരു സ്ത്രീയെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന എ.എസ്സിന്റെ ആ ചിത്രം കഥയുടെ വായനക്കാരെ വിടാതെ വേട്ടയാടി.

എം. മുകുന്ദന്റെ ദൽഹി 1981 എന്ന കഥയ്ക്ക് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എ.എസ് വരച്ച ചിത്രം

കഴിഞ്ഞമാസം ഓഗസ്റ്റ് ഇരുപത്തിയൊന്നിനും സെപ്തംബർ പത്തിനും ഡൽഹിയിൽ കൗമാരക്കാർ ക്രൂരമായ കൂട്ടബലാത്സംഗത്തിനിരയായി. അവരിലൊരാളുടെ പഴകിയ മൃതദേഹം നായ്ക്കൾ കടിച്ചു വലിച്ചതോടെയാണ് വാർത്തയായത്. വർഷം തോറും 1000 മുതൽ 1200 വരെ റേപ്പ് കേസുകളാണ് ദേശീയ തലസ്ഥാനത്ത് റിപ്പോർട്ടു ചെയ്യപ്പെടുന്നത്. രേഖപ്പെടുത്താത്ത അമർത്തിപ്പിടിച്ച നിലവിളികൾ അതിലുമെത്ര അധികമായിരിക്കും.

രാജ്യതലസ്ഥാനത്ത് ബലാത്സംഗക്കേസുകൾ വർദ്ധിക്കുന്നതിൽ ഇടപെട്ട് സുപ്രിം കോടതി ഇപ്പോൾ സ്വമേധയാ കേസെടുത്തിരിക്കുകയാണ്. നിർഭയ സംഭവം നടന്ന് ഒരു പതിറ്റാണ്ടു കഴിഞ്ഞെങ്കിലും നിയമപാലനത്തിൽ എന്തു പുരോഗതിയാണ് ഉണ്ടായതെന്ന ജസ്റ്റിസ് പർദിവാലയുടെ ചോദ്യം ചെകിടടപ്പിക്കുന്നതാണ്. കേന്ദ്രസർക്കാരിനാണ് ഡൽഹിയിലെ ക്രമസമാധാനച്ചുമതല.

''ആരായിരിക്കും ആദ്യം''
കിശോർലാൽ ചോദിച്ചു.
''നാനാക് ചന്ദ് അല്ലാതെ ആര്''
പാണ്ഡെ പറഞ്ഞു.

ഡൽഹി കൽക്കോജിയിൽ ക്ഷേത്രദർശനത്തിനെത്തിയ കൗമാരക്കാരിയെ സമീപത്തെ പാർക്കിൽ പോലീസ് ചമഞ്ഞെത്തിയ മൂന്നുപേർ ബലാൽസംഗത്തിനിരയാക്കിയത് ഈ തിങ്കളാഴ്ച്ച, സെപ്തംബർ ഇരുപത്തിയൊന്നിനാണ്. അന്നവളുടെ പിറന്നാളായിരുന്നു.

ഡൽഹിവാസക്കാലത്ത് ഒരിക്കൽ ഗുരുനാനാക്ക് മാർക്കറ്റിൽവെച്ചു സാക്ഷിയാകേണ്ടിവന്ന പിടിച്ചുലച്ച സംഭവമാണ് പിന്നീട് കഥയായി വന്നതെന്ന് എം മുകുന്ദൻ ഓർമ്മിച്ചു. ലീലാവതി ടീച്ചർ കഥയേൽപ്പിച്ച ആഘാതത്തെപറ്റി അന്ന് പറഞ്ഞിരുന്നു.

[object Object]

ഡൽഹി വലുതായി. (കഥയെഴുതുമ്പോൾ 55 ലക്ഷമായിരുന്നു ജനസംഖ്യ ഇന്നത് 2.3 കോടിയായി) ആരോക്കെയോ അവിടേക്കു വരുന്നു. പല തരക്കാർ. ആക്രമവും ഹിംസയും കൂടി. കഥയിലെ മൈതാനം പോലെ നിയമപാലകർ നോക്കുകുത്തികളാവുന്നു. ഡൽഹി തരിമ്പും പരിഷ്‌കൃതമായിട്ടില്ല. ഇഷ്ടനഗരത്തോട് ഇപ്പോൾ ഭയം തോന്നുന്നു. അദ്ദേഹം പറഞ്ഞു.

കഥ അവസാനിക്കുന്നത് ഇങ്ങനെയാണ്:

കബറിന്റെ ഇരുളിൽ നിന്ന ഒരു കൊച്ചരിപ്രാവ് പറന്നുവന്ന് തന്റെ ഇളം കൊക്കുകൊണ്ട് നാനക് ചന്ദിന്റെ മൂർദ്ധ്വാവിൽ ഒന്നു കൊത്തുന്നു.

മരവിച്ച മനുഷ്യക്കൂട്ടം ഹിംസയാസ്വദിക്കുമ്പോൾ ഒരു ചെറുപ്രാവാണ് അവിടെ പ്രതികരിക്കുന്നത്. സുപ്രിം കോടതിയുടെ ഇടപെടൽ ഡൽഹിയിൽ എന്തു മാറ്റമുണ്ടാക്കുമെന്ന് കാത്തിരിക്കാം.