പഥേര്‍ പാഞ്ജലി കണ്ട് കണ്ണീര്‍ തുടക്കുകയായിരുന്നു അദ്ദേഹം; വ്യത്യസ്തനായ ഒരു സന്ന്യാസി

നിത്യചൈതന്യയതി നമ്മെ ക്ഷണിച്ചത് ഏതെങ്കിലും വിശ്വാസങ്ങളിലേക്കോ മതത്തിലേക്കോ തത്ത്വചിന്തയിലേക്കോ ഗുരുക്കന്മാരിലേക്കോ തന്നിലേക്കോ അല്ല. മറിച്ച് ജീവിതത്തിലേക്കാണ്
''ഇവിടെ ഒരു ബന്ധവും അറത്തുമുറിക്കേണ്ടതായിട്ടില്ല. ഞാന്‍ കാണുന്നത്, ഓരോ നിമിഷവും നാം പരസ്പരം ചൊരിയുന്ന സ്‌നേഹവിശ്വാസങ്ങള്‍കൊണ്ട് ധന്യമായ മാനുഷികബന്ധങ്ങള്‍ മാത്രമാണ്. അവയൊന്നും ഭയപ്പെടേണ്ടതായ ബന്ധനങ്ങളല്ല. ഈ ബന്ധങ്ങളിലൂടെ നാം പരസ്പരം പുലര്‍ത്തുന്ന സ്‌നേഹപൂര്‍ണമായ കരുതലാണ് സാര്‍ഥകമായ ഒരു ജീവിതത്തിന്റെ സാരാംശം. ഞാന്‍ മുക്തനാകേണ്ടതുണ്ടെങ്കില്‍ത്തന്നെ അത് എന്റെ ദീര്‍ഘവീക്ഷണമില്ലായ്മയില്‍നിന്നായിരിക്കണം. എന്റെ തെറ്റായ വിധികളില്‍നിന്ന്, തിരക്കിട്ട തീരുമാനങ്ങളില്‍നിന്ന്, പിന്നെ ഞാന്‍ കണ്ടുമുട്ടുന്ന സ്‌നേഹവാന്മാര്‍ക്കും സ്‌നേഹവതികള്‍ക്കും എന്നെ പൂര്‍ണമായി വിട്ടുകൊടുക്കാന്‍ സമയമില്ലാതെവരുമ്പോള്‍ അനുഭവപ്പെടാറുള്ള ആ നേരിയ ഒരു അസ്വസ്ഥതയില്‍നിന്ന് -ഇവയില്‍നിന്നെല്ലാമായിരിക്കണം ഞാന്‍ മുക്തിനേടേണ്ടത്''
-ഗുരു നിത്യചൈതന്യയതിയുടെ വാക്കുകളാണിത്. ഗുരുവിന്റെ നൂറാം ജന്മദിനമായ ഇന്ന് ഗുരുവിനെ സ്മരിക്കുമ്പോള്‍ അനിര്‍വചനീയമായ നിര്‍വൃതിയും ഹൃദയംനീറുന്ന വേദനയും ഒന്നിച്ചനുഭവിക്കുന്നുണ്ട്. കാലം അതിന്റെ എല്ലാ കാലുഷ്യങ്ങളോടെയും നമ്മെ ആവേശിക്കുമ്പോള്‍ ഇതുപോലെ വെളിച്ചംപകര്‍ന്ന സാന്നിധ്യങ്ങള്‍ അദൃശ്യമായെങ്കിലും നമുക്കൊപ്പമുണ്ടല്ലോ എന്നതാണ് സമാധാനം. എല്ലാതരത്തിലുള്ള അതിരുകളും ഇല്ലായ്മചെയ്യുന്ന വിശാലമായ ചിന്തയും വാക്കും പ്രവൃത്തിയും നമുക്കുമുന്നില്‍ ജീവിച്ച് കടന്നുപോയ അനേകം മനുഷ്യരുണ്ടായിട്ടും ജാതിയുടെയും മതത്തിന്റെയും ദേശത്തിന്റെയും പേരില്‍ വീണ്ടും വീണ്ടും നാം പോരടിക്കുന്നല്ലോ, അക്രമികളായി അഴിഞ്ഞാടുന്നല്ലോ എന്നതാണ് വേദന.
വ്യത്യസ്തനായ സന്ന്യാസി
ഗുരു നിത്യ തികച്ചും വ്യത്യസ്തനായ ഒരു സന്ന്യാസിയായിരുന്നു. എന്തെങ്കിലും ഉപേക്ഷിക്കുന്നതിനെക്കുറിച്ചല്ല അദ്ദേഹം പറഞ്ഞത്, കൂട്ടിച്ചേര്‍ക്കേണ്ടതിനെക്കുറിച്ചാണ്. ആത്മീയതയെന്നാല്‍ മൂല്യബോധവും സൗന്ദര്യബോധവുമാണെന്നാണ് അദ്ദേഹം ജീവിച്ചനുഭവിപ്പിച്ചത്. കലയുടെയും സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും ശാസ്ത്രത്തിന്റെയും സ്പര്‍ശമില്ലാതെ അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല; എഴുതിയിട്ടില്ല. കലയുടെ മനശ്ശാസ്ത്രം, മൂല്യങ്ങളുടെ കുഴമറിച്ചില്‍, നെരൂദയുടെ ഓര്‍മ്മക്കുറിപ്പുകള്‍, ഹെര്‍മന്‍ ഹെസ്സെയുടെ ദേശാടനം, സിമോണ്‍ ഡി ബുവ്വ അവരുടെ കഥ പറയുന്നു, റൂമി പറഞ്ഞ കഥകള്‍, ഊര്‍ജതാണ്ഡവം, സങ്കീര്‍ത്തനം, പരിശുദ്ധ ഖുര്‍ആന് ഹൃദയാഞ്ജലി, ദൈവം സത്യമോ മിഥ്യയോ?, പരിവര്‍ത്തനോന്മുഖ വിദ്യാഭ്യാസം, രോഗംബാധിച്ച വൈദ്യരംഗം, അപൂര്‍വവൈദ്യന്മാര്‍, ബൃഹദാരണ്യകോപനിഷത്ത് വ്യാഖ്യാനം തുടങ്ങിയുള്ള അദ്ദേഹത്തിന്റെ നൂറ്റമ്പതിലധികംവരുന്ന കൃതികളുടെ പേരുകളിലൂടെമാത്രം കടന്നുപോയാല്‍മതി, എത്ര വൈവിധ്യമാര്‍ന്ന ലോകത്തെയാണ് അദ്ദേഹം ഹൃദയത്തിലേക്ക് സ്വാംശീകരിച്ചതെന്നും അതിന്റെ വെളിച്ചം നമുക്ക് പകര്‍ന്നുതന്നതെന്നും അറിയാന്‍.
സ്‌നേഹമായിരുന്നു അദ്ദേഹത്തിന്റെ മതം. ലോകമായിരുന്നു അദ്ദേഹത്തിന്റെ ദേശം. ഏകലോകവീക്ഷണവും വിശ്വപൗരബോധവുമായിരുന്നു അദ്ദേഹത്തെ പുണര്‍ന്നുനിന്നത്. സാങ്കേതികമായി ഞാനൊരു ഇന്ത്യന്‍ പൗരനാണെങ്കിലും വൈകാരികമായി ഞാന്‍ വിശ്വപൗരനാണെന്ന് അദ്ദേഹം പറഞ്ഞത് തീവ്രദേശീയതയുടെ കാലത്ത് അത്രമാത്രം പ്രസക്തമാണ്. ഒരാള്‍ സന്ന്യാസിയാകുന്നത് കാലത്തിലും ദേശത്തിലും തന്നെ അടയാളപ്പെടുത്തുന്നതില്‍നിന്നും മുക്തിലഭിക്കുമ്പോഴാണെന്നായിരുന്നു ഗുരു പറഞ്ഞത്. ജീവിച്ചനുഭവിപ്പിച്ചത്.
വെളിച്ചം വീശിയ ദര്‍ശനം
കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് തെരുവിലിറങ്ങാന്‍ തീരുമാനിച്ച സമയത്ത് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട അധ്യാപകനായിരുന്ന ശേഷാദ്രിസാര്‍ തന്റെ ഭാവിപരിപാടികളെക്കുറിച്ച് നിത്യനോട് ചോദിച്ചു. എന്തിനുവേണ്ടിയാണോ തത്ത്വചിന്ത പഠിച്ചത്, ആ ലക്ഷ്യം നിറവേറ്റാനായി ഏതോ അജ്ഞേയതയിലേക്ക് ഞാന്‍ യാത്രതിരിക്കുകയാണെന്നായിരുന്നു നിത്യയുടെ മറുപടി. ഒരിക്കല്‍ തന്റെയും ലക്ഷ്യം അതായിരുന്നെന്ന് ആത്മഗതംചെയ്ത് ആ അധ്യാപകന്‍ പറഞ്ഞു: ''ഓരോ മനുഷ്യഹൃദയത്തിലും ദൈവം വസിക്കുന്നുണ്ട് എന്ന സത്യം ഓര്‍ക്കുക; വഴിയില്‍ കണ്ടുമുട്ടുന്ന ഏതൊരാളിലും നമുക്ക് ദൈവത്തെ തിരിച്ചറിയാന്‍ കഴിയണം. അതുകൊണ്ട് നമ്മുടെ സുഹൃത്ത് എപ്പോഴും ദൈവംമാത്രമായിരിക്കുന്നു. ക്ലാസ്മുറികളിലിരുന്നുപഠിച്ച തത്ത്വചിന്ത അതിന്റെ പ്രാഥമിക പാഠങ്ങള്‍മാത്രമാണ്; പ്ലേറ്റോ, ശങ്കരന്‍, കാന്റ്, ഹെഗല്‍ തുടങ്ങിയ ചിന്തകരുടെയൊന്നും കണ്ടെത്തലുകള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ജീവിതത്തില്‍ പ്രയോജനപ്പെട്ടെന്നുവരില്ല. അതിനാല്‍, മറ്റേതൊരു തത്ത്വചിന്തകനെയുംപോലെത്തന്നെ നിങ്ങളും നിങ്ങളുടെ സ്വന്തം തത്ത്വചിന്ത കണ്ടെത്തി അതിനെ സ്വന്തമാക്കുകയാണുവേണ്ടത്.''
ഗുരു നിത്യയുടെ ജീവിതവും ദര്‍ശനവും പരിശോധിക്കുമ്പോള്‍ തന്റെ ആന്തരിക സ്വഭാവത്തിനനുസരിച്ച് രൂപപ്പെട്ടുവന്ന തികച്ചും സ്വതന്ത്രമായ മനുഷ്യപ്പറ്റുള്ള ജീവിതമാണ് നാം കാണുന്നത്. അതിന് അദ്ദേഹത്തെ സഹായിച്ചത് ശേഷാദ്രിസാര്‍ നല്‍കിയ മറ്റൊരു ഉപദേശമായിരുന്നു. ഒരുപക്ഷേ, അങ്ങനെയൊരു മനസ്സ് ജന്മസിദ്ധമായിത്തന്നെ നിത്യയില്‍ ഉണ്ടായിരുന്നതുകൊണ്ടാവാം ആ വാക്കുകള്‍ അത്രമാത്രം അദ്ദേത്തിന്റെ ജീവിതത്തില്‍ വെളിച്ചംവീശിയ ദര്‍ശനമായി മാറിയത്.
തത്ത്വചിന്തയില്‍നിന്ന് കവിതയെയും സംഗീതത്തെയും അന്യവത്കരിക്കരുത് എന്നതായിരുന്നു ആ ഉപദേശം: ''ഒരു തത്ത്വചിന്തകന്റെ കൈയില്‍ ഗണിതപരമായ താര്‍ക്കികത അതിശക്തമായ ഒരു ഉപകരണമാണ്; എന്നാല്‍, അത് കവിതയെയും സംഗീതത്തെയും പ്രത്യേകിച്ച് നമ്മുടെ ഭക്തിസാഹിത്യത്തിന്റെ ഗൂഢാവബോധപരമായ സൗന്ദര്യത്തെയും തത്ത്വചിന്തയില്‍നിന്ന് ഒഴിവാക്കാന്‍ കാരണമാകരുത്.
സിനിമ കാണുന്ന ഗുരു
വ്യക്തിപരമായ എന്റെ ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ച വ്യക്തിയായിരുന്നു ഗുരു നിത്യ. ഗുരുവിനൊപ്പം നാലു വര്‍ഷത്തോളം ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ താമസിക്കാന്‍ ഭാഗ്യമുണ്ടായി. ഗുരുകുലത്തിലെത്തിയ ആദ്യദിനങ്ങളിലൊന്നില്‍ ഗുരു ചോദിച്ചത് സത്യജിത്ത് റായ് യുടെ സിനിമകള്‍ കണ്ടിട്ടുണ്ടോ എന്നായിരുന്നു. ഭഗവദ്ഗീത വായിച്ചിട്ടുണ്ടോ, പ്രാണായാമം ചെയ്യാറുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് ആശ്രമത്തില്‍നിന്ന് നാം പ്രതീക്ഷിക്കുക. എന്നാല്‍, ചോദിക്കാന്‍ ഒരു സാധ്യതയുമില്ലാത്ത ചോദ്യമാണ് ഗുരുവില്‍നിന്നുണ്ടായത്. പിന്നീടുള്ള മൂന്നുദിവസം ഞങ്ങള്‍ കുറച്ചുപേര്‍ ഗുരുവിനൊപ്പമിരുന്ന് പഥേര്‍ പാഞ്ജലി, അപുര്‍സന്‍സാര്‍, അപരാജിതോ എന്നീ സിനിമകള്‍ കണ്ടു. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്കിടയ്ക്ക് ടൗവ്വലെടുത്ത് കണ്ണുനീര്‍ തുടയ്ക്കുന്ന ഗുരുവിനെ കണ്ടു. നാലാംദിവസം ക്ലാസില്‍ ഗുരു പറഞ്ഞു: മണ്ണില്‍ കാലുറപ്പിച്ചുനിന്ന് വിണ്ണിനെ സ്പര്‍ശിക്കുന്നതാണ് ആത്മീയത. കണ്ണിലും ഹൃദയത്തിലും നനവില്ലാത്ത യാത്രകളെല്ലാം നിരര്‍ഥകമാണ്. വേദനിക്കുന്നവര്‍ക്കായി വിതുമ്പുന്ന ഉള്ളം എന്നും നമുക്കൊപ്പമുണ്ടാകണം.
സൗഹൃദത്തിന്റെ രാജപാത
മനുഷ്യനനുഭവിക്കുന്ന ദുരിതത്തിന് ഏറ്റവും പ്രധാനമായ കാരണം വിഭാഗീയതതന്നെയാണ്. ഞങ്ങളും നിങ്ങളും എന്ന വിഭജനം. ദൈവത്തിന്റെയും അറിവിന്റെയും പേരില്‍ രൂപപ്പെട്ട ഇടങ്ങളില്‍പ്പോലും അതുണ്ട്. ജാതി-മത-ദേശ രാഷ്ട്രീയലോകങ്ങളില്‍ അതുണ്ട്. അതിന് ഒരറുതിയുണ്ടാകുക സൗഹൃദത്തിലൂടെമാത്രമാണ്. മതസൗഹാര്‍ദമല്ല നമുക്കുവേണ്ടത്. സൗഹൃദത്തെ മതമാക്കലാണാവശ്യം. ആ വഴിയേയാണ് നാരായണഗുരു ജീവിച്ചത്. ജാതിഭേദവും മതദ്വേഷവുമില്ലാതെ സോദരരായി കഴിയുന്ന ഇടമാണ് അകമേയും പുറമേയും ഉണ്ടാകേണ്ടതെന്നും അത് വാദിക്കാനോ ജയിക്കാനോ അല്ലെന്നും അറിയാനും അറിയിക്കാനുമാണെന്നും ഗുരു പറഞ്ഞു. അറിവും അറിയിക്കലും സമാധാനത്തെയാണെന്നും ഉണര്‍ത്തിച്ചു. ആ വഴിയിലൂടെത്തന്നെയായിരുന്നു ഗുരു നിത്യയുടെയും സഞ്ചാരം.
അതുകൊണ്ടുതന്നെയാണ് ഷൗക്കത്തിനും ജോസഫിനും മിയാക്കോ കമാട്ടയ്ക്കും ജ്യോതിക്കും സുഗതയ്ക്കും പീറ്റര്‍ ഓപ്പണ്‍ ഹൈമര്‍ക്കും എല്ലാം ഒരു അന്യഥാബോധവുമില്ലാതെ അദ്ദേഹത്തോടൊപ്പം കഴിയാനായത്; ലോകത്തുണ്ടായ സര്‍വദര്‍ശനങ്ങളും കലയും സാഹിത്യവും സംഗീതവും ശാസ്ത്രവും അദ്ദേഹത്തില്‍നിന്ന് അനുഭവിക്കാനായത്. അവിടെ ദര്‍ശനം സൗഹൃദമായിരുന്നു. എല്ലാവരോടും എല്ലാറ്റിനോടുമുള്ള സൗഹൃദം.
അദ്ദേഹം നമ്മെ ക്ഷണിച്ചത് ഏതെങ്കിലും വിശ്വാസങ്ങളിലേക്കോ മതത്തിലേക്കോ തത്ത്വചിന്തയിലേക്കോ ഗുരുക്കന്മാരിലേക്കോ തന്നിലേക്കോ അല്ല. മറിച്ച് ജീവിതത്തിലേക്കാണ്. പല കാരണങ്ങളാല്‍ നമ്മില്‍നിന്ന് അന്യമാണെന്നുതോന്നിയവരെ, തോന്നിയതിനെ ചേര്‍ത്തുപിടിക്കാനുള്ള ഒരുള്ളമാണ് നിത്യ നമുക്ക് പകര്‍ന്നത്. ആദ്യമായി ഗുരുവിനെ കണ്ടപ്പോള്‍ അദ്ദേഹമെന്നെ ചേര്‍ത്തുപിടിച്ചു. ആ അനുഗൃഹീതനിമിഷത്തില്‍ ഗുരു എന്നെ തന്നോടുചേര്‍ത്തുപിടിച്ചതായല്ല എനിക്കുതോന്നിയത്. ഞാന്‍ എന്നില്‍നിന്ന് അകറ്റിയതോ ഞാന്‍ അകന്നുമാറിയതോ ആയ എന്നെയും അത്രമാത്രം എന്റെതന്നെ ഭാഗമായ സര്‍വതിനെയും ചേര്‍ത്തുപിടിച്ചതുപോലെയാണ്.
(നിത്യചൈതന്യയതിയുടെ ശിഷ്യനാണ് ലേഖകന്‍)
Content Highlights: guru nithya chaithanya yathi birth anniversary