'മക്കളുടെ ജീവിതത്തില്‍ അമ്മയുടെ അമ്മക്കാലം മാത്രമേ ഉണ്ടാകൂ'; കണ്മുന്നില്‍ അവതരിക്കാത്ത സത്യം!

ഗീതാഞ്ജലി ശ്രീയുടെ 'മായി' എന്ന നോവലിന്റെ മലയാള പരിഭാഷ നിര്‍വഹിച്ച ഡോ. പി. കെ. രാധാമണി പുസ്തകത്തിനെഴുതിയ ആമുഖത്തില്‍ നിന്ന്.
മനുഷ്യജീവിതം വരയ്ക്കാനും ജീവിതത്തിന്റെ ആഴമളക്കാനും നോവലിനെക്കാള്‍ ഉചിതമായ കാന്‍വാസ് കണ്ടെത്തുക വിഷമമാണ്. 'മായി' അമ്മജീവിതത്തിന്റെ ആഴം വരയ്ക്കുന്ന കാന്‍വാസാണ്. ബുക്കര്‍ സമ്മാനജേതാവായ ഗീതാഞ്ജലി ശ്രീയുടെ ആദ്യനോവല്‍. പുതിയ ശൈലി, പുതിയ സംവേദനങ്ങള്‍, പുതിയ സമീപനം എന്ന ഒറ്റവാക്യത്തില്‍ വിശേഷിപ്പിക്കാവുന്ന നോവല്‍. ഇന്നും വിവേചനങ്ങള്‍ അനുഭവിച്ചുപോരുന്ന സ്ത്രീസമൂഹത്തെ അഭിസംബോധന ചെയ്യുന്ന നോവല്‍.
പെണ്ണായി പിറക്കുന്നത് മറ്റുള്ളവര്‍ക്കുവേണ്ടി തേഞ്ഞുതീരാനാണെന്ന് മറ്റുള്ളവരെപ്പോലെ സ്ത്രീകളും വിശ്വസിച്ചിരുന്ന കാലത്തെ ഒരമ്മയാണ് സുനൈനയുടെ അമ്മ.
'നീയരഞ്ഞരഞ്ഞില്ലാവുന്നു ദിനംതോറും,
സ്വീയമാം സൗരഭ്യവും നിറവും കുളുര്‍മയും,
എനിക്കും കിടാങ്ങള്‍ക്കുമങ്ങനെ ലോകത്തിന്നും,
കനിഞ്ഞു പകരുന്നു പരമാനന്ദത്തോടെ' എന്ന ഒളപ്പമണ്ണ വരികള്‍ ഓര്‍മിപ്പിക്കുന്ന അമ്മയാണ് നോവലിലെ മായി. അമ്മമനസ്സിന്റെ ആഴമളക്കുന്ന സുനൈനയുടെ കണ്ടെത്തലുകളാണ് ഈ കാന്‍വാസിന്റെ ചാരുത.
സ്വന്തം അനിയന്‍ സുബോധിനെയും ചേര്‍ത്ത് പലപ്പോഴും ബഹുവചനത്തിലാണ് സുനൈന കഥ പറയുന്നത്. കറയറ്റ മാതൃസ്‌നേഹവും സഹോദരസ്‌നേഹവും നോവലിന്റെ നെടുംതൂണുകളാണ്. ഈ തൂണുകളാവട്ടെ, മറ്റ് തൂണുകളെ നിഷ്പ്രഭമാക്കാന്‍ പര്യാപ്തവുമാണ്.
ഉത്തര്‍പ്രദേശിലെ ഒരു ധനികകുടുംബം. ജമീന്ദാറായിരുന്ന മുത്തശ്ശനാണ് കുടുംബനാഥന്‍. അദ്ദേഹത്തിന്റെ ഭാര്യയും അവരുടെ മകനും ഭാര്യയും സുനൈന, സുബോധ് എന്ന രണ്ടു കൊച്ചുമക്കളുമടങ്ങുന്ന കുടുംബം. ഭര്‍ത്തൃഗൃഹത്തില്‍നിന്ന് ഇടയ്ക്കിടെ സ്വന്തം വീട്ടിലെത്തുന്ന സുനൈനയുടെ പിതൃസഹോദരിയും അവരുടെ ഭര്‍ത്താവ് ഫൂഫാജിയും വീട്ടുജോലിക്കാരുമാണ് മറ്റു കഥാപാത്രങ്ങള്‍. ഫ്യൂഡല്‍ അഭിരുചികളോടെ ജീവിക്കുന്ന കുടുംബം. ഫ്യൂഡല്‍ കാലഘട്ടത്തിന്റെ തുടര്‍ച്ചയെന്നോണം മുത്തശ്ശന്‍ പൂമുഖത്തുനിന്നും മുത്തശ്ശി വീടിനകത്തുനിന്നും ഭരണം നടത്തുന്നു.
ഗോതമ്പും മറ്റു വിളകളും സമൃദ്ധമായി കൃഷി ചെയ്യപ്പെടുന്ന വയലുകളും അനേകം ഫലവൃക്ഷങ്ങള്‍ നിറഞ്ഞ പറമ്പും ഉള്‍പ്പെട്ട വിശാലമായ പുരയിടത്തിനു നടുവിലെ മാളികവീട്. അല്പം മാറി വേലക്കാരുടെ കുടിലുകള്‍.
സ്വാതന്ത്ര്യാനന്തരകാലഘട്ടത്തിലും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കാത്ത യാഥാസ്ഥിതിക കുടുംബം. ആരോടും പരിഭവം പറയാതെ, ആവലാതികളില്ലാതെ അടുക്കളയില്‍ ഒതുങ്ങിക്കൂടുന്ന സുനൈനയുടെ അമ്മ. ഉറക്കം മതിയാവാത്ത കണ്ണുകളോടെ, കുനിഞ്ഞ മുതുകോടെ രാപകല്‍ അധ്വാനിച്ച് വീട്ടുകാരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റുന്ന ഒരു വീട്ടമ്മ. വീട്ടുവേലക്കാരുണ്ടെങ്കിലും ഇതെല്ലാം തന്റെ കടമയാണെന്ന് സ്വയം വിശ്വസിച്ച് അനുഷ്ഠാനംപോലെ ജോലികളില്‍ മുഴുകുന്ന മായി അഥവാ അമ്മ. ഭര്‍ത്താവിനും മക്കള്‍ക്കും കുടുംബത്തിനും വേണ്ടി വ്രതങ്ങള്‍ നോല്‍ക്കുന്ന അമ്മ.
അധ്വാനത്തിന്റെ പര്യായമായ അമ്മ. സദാ അടുക്കളയില്‍ സ്വയം തളച്ചിടുന്ന അമ്മ. കഠിനാധ്വാനത്തിന്റെ ഫലമായി മുതുകു കുനിഞ്ഞ അമ്മ. അമ്മയെ തന്റെ കഷ്ടപ്പാടുകളില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്ന മക്കള്‍ സുനൈനയും സുബോധും. സുനൈനയാണ് നോവലിലെ ആഖ്യാതാവ്. സുനൈനയ്ക്ക് അമ്മയെക്കുറിച്ചാണ് പറയാനുള്ളത്. അതിനനുബന്ധമായി മാത്രം നോവലില്‍ സുനൈനയുടെ അച്ഛന്‍ തന്റെ സാന്നിധ്യമറിയിക്കുന്നു.
സ്ത്രീയുടെ സ്വാതന്ത്ര്യത്തെ അതിരുകളില്‍ തളച്ചിട്ട കാലത്തെ ഈ അമ്മയും തന്റെ ഭാഗധേയത്തിന്റെ വിധാതാവാന്‍ മറ്റാരെയും അനുവദിക്കില്ലെന്ന് ശഠിക്കുന്ന മകളുമാണ് നോവലിലെ മുഖ്യകഥാപാത്രങ്ങള്‍. അമ്മയുടെ വളഞ്ഞ നട്ടെല്ല്, കുനിഞ്ഞ ശിരസ്സ്, അന്യരുടെ മുമ്പില്‍ മറയ്ക്കപ്പെടുന്ന മുഖം, കൂടാതെ അമ്മയുടെ മൗനവും ഇതിലെ കഥാപാത്രങ്ങള്‍തന്നെ. സാമൂഹികജീവിതത്തിലെ ആധുനികത അമ്മയ്ക്കജ്ഞാതമാണ്. സ്ത്രീസ്വാതന്ത്ര്യം, സ്ത്രീസമത്വം തുടങ്ങിയ ചിന്തകളൊന്നും പ്രസക്തമല്ലാത്ത കുടുംബം. പെണ്‍കുട്ടികള്‍ ഇഷ്ടമുള്ള വേഷമണിയുന്നതും ആണ്‍സുഹൃത്തിനൊപ്പം ഇറങ്ങിനടക്കുന്നതും സമൂഹത്തിന്റെ കണ്ണില്‍ കരടാവുന്ന കാലം.
സുനൈനയുടെ അമ്മ സമര്‍പ്പണത്തിന്റെ ആള്‍രൂപമാണ്. തന്റെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട കടമകളെ അമ്മ വിവേചനബുദ്ധിയോടെ കാണുന്നില്ല എന്നാണ് മക്കളുടെ പരാതി. അവര്‍ അമ്മയ്ക്ക് പോരാടാനുള്ള ശക്തി പകര്‍ന്നുനല്‍കാന്‍ ആഗ്രഹിക്കുന്നു. തങ്ങള്‍ അമ്മയ്ക്ക് പോരാടാനുള്ള അഗ്നി നല്‍കുമ്പോഴും അമ്മ അത് എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല എന്നവര്‍ ചോദിക്കുന്നു. അമ്മയുടെ മൗനത്തിന്റെ ശക്തി നോവലിന്റെ അവസാനത്തില്‍ മകള്‍ തിരിച്ചറിയുന്നു. അമ്മ പകര്‍ന്നുതന്ന അഗ്നിയാണ് തന്റെയുള്ളിലുള്ളതെന്ന് അമ്മയുടെ മരണശേഷം മാത്രം മകള്‍ മനസ്സിലാക്കുന്നു.
കുട്ടിക്കാലത്തെ ചിന്തകള്‍ ഗൗരവമേറിയ ചിന്തകളിലേക്കും അന്വേഷണങ്ങളിലേക്കും വഴിമാറിയപ്പോള്‍ അമ്മയെന്ന അസ്തിത്വത്തിന്റെ അടിയൊഴുക്കുകള്‍ സുനൈന കണ്ടെത്തുന്നു. കാലങ്ങളായി സ്ത്രീയുടെ ചേതനയില്‍ അലിഞ്ഞുചേര്‍ന്ന ശീലങ്ങള്‍ക്കെതിരേയാണ് പൊരുതേണ്ടത് എന്ന തിരിച്ചറിവുണ്ടാകുന്നു. അമ്മയുടെ സഹനവും സഹിഷ്ണുതയും പുതിയ മാനം കൈവരിക്കുന്നു.
സ്വാതന്ത്ര്യാനന്തരകാലത്തെ മധ്യവര്‍ഗജീവിതത്തിന്റെ ഉള്ളറകള്‍ നോവലിലുണ്ട്. അന്നത്തെ പുരുഷാധിപത്യസമൂഹത്തില്‍ സ്ത്രീ പര്‍ദ്ദയ്ക്കുള്ളിലാണ്. പുരുഷന്‍ ചോദ്യംചെയ്യപ്പെടാനാവാത്ത തന്നിഷ്ടക്കാരനും. അമ്മ അമ്മ മാത്രമായിരുന്നാല്‍ പോരെന്നും അമ്മയ്ക്കും മനുഷ്യനെന്ന നിലയില്‍ വളരാനുള്ള അവസരങ്ങള്‍ വേണമെന്നും മകള്‍ ആഗ്രഹിക്കുന്നു. തന്റെ മകളുടെ സ്ഥാനം പര്‍ദ്ദയ്ക്ക് പുറത്തായിരിക്കണമെന്ന അമ്മയുടെ ആഗ്രഹം സുനൈനയ്ക്ക് മോചനമാര്‍ഗമാവുന്നു. അമ്മ പര്‍ദ്ദയ്ക്കുള്ളിലാണെങ്കിലും പര്‍ദ്ദയ്ക്ക് പുറത്ത് നില്‍ക്കാന്‍ തന്നെ സഹായിക്കുന്നത് അമ്മയാണെന്ന സുനൈനയുടെ തിരിച്ചറിവാണ് ഈ നോവലിന്റെ കാതല്‍.
മക്കളുടെ ജീവിതത്തില്‍ അമ്മയുടെ അമ്മക്കാലം മാത്രമേ ഉണ്ടാകൂ. അമ്മയായിട്ടല്ലാതെ ജീവിച്ച ഒരു കാലം അതിനു മുമ്പ് അമ്മയ്ക്കുണ്ടായിരുന്നു എന്ന കണ്ടെത്തല്‍ സുനൈനയുടെ പല വിശ്വാസങ്ങളുടെയും അടിത്തറയിളക്കി. അതവളെ പുതിയ തിരിച്ചറിവുകളിലേക്കെത്തിച്ചു. അമ്മയുടെ അച്ഛനെ കോളേജ് ഹോസ്റ്റലില്‍വെച്ച് ജീവിതത്തിലാദ്യമായി കാണുന്ന സുനൈന ഒരു യാഥാര്‍ഥ്യം മനസ്സിലാക്കുന്നു. കണ്മുന്നില്‍ അവതരിക്കുന്ന സത്യങ്ങള്‍ മാത്രമല്ല സത്യം. ഒരു പേരുപോലുമില്ലാതെ അമ്മയായി മാത്രം കണ്ട തന്റെ അമ്മയ്ക്ക് രജ്ജോ എന്നു പേരുള്ള ഒരു കുട്ടിക്കാലമുണ്ടായിരുന്നു. സുനൈന രജ്ജോയെ തിരഞ്ഞു.
കുടുംബത്തിന്റെയും സമൂഹത്തിന്റെയും വിലക്കുകള്‍ മറികടക്കണമെന്നാഗ്രഹിക്കുന്ന മനസ്സാണ് സുനൈനയുടേത്. മകളിലുള്ള അമ്മയുടെ വിശ്വാസം അച്ഛന്റെ ശിക്ഷണങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളും സാധ്യമാക്കിയെന്ന് സുനൈന മനസ്സിലാക്കുന്നു. തന്നെപ്പോലെ വേറെ മക്കളെയും രക്ഷപ്പെടുത്തേണ്ടതുണ്ടെന്ന തിരിച്ചറിവിലേക്കെത്തി; അതിനായി ഈ നാട്ടില്‍ത്തന്നെ നിന്ന് പൊരുതേണ്ടതുണ്ടെന്നും.
വിദേശത്തേക്ക് കുടിയേറാനുള്ള അവസരം നിഷേധിക്കാന്‍ അവളെ ശക്തയാക്കുന്നത് ഈ തിരിച്ചറിവാണ്. ഭാരതീയസങ്കല്‍പത്തില്‍ സ്ത്രീ ശക്തിസ്വരൂപിണിയായ മാതൃരൂപമാണ്. അതുകൊണ്ടുതന്നെ സ്ത്രീയെ ദുര്‍ബലയായി കാണുന്ന വൈരുദ്ധ്യം ഇല്ലാതാവണം എന്നാണ് നോവല്‍ പറഞ്ഞുവെക്കുന്നത്.
സുനൈനയും അമ്മയും ജീവിച്ച കാലത്തില്‍നിന്ന് കാലം ഏറെ മുന്നോട്ട് പോയിരിക്കുന്നു. സ്ത്രീയുടെ സ്വത്വം ഇന്ന് ബന്ധനത്തിലല്ലെങ്കിലും പൊതുബോധത്തില്‍ മാറ്റങ്ങള്‍ പ്രകടമാണെങ്കിലും സ്ത്രീജീവിതത്തില്‍ പ്രതിസന്ധികള്‍ ഇപ്പോഴും തുടരുന്നതുകൊണ്ട് 'മായി'പോലുള്ള നോവലുകള്‍ ഇന്നും പ്രസക്തമായി നിലനില്‍ക്കുന്നു.
Content Highlights: Gitanjali sree's novel Mayi book introduction by Dr. P.K. Radhamani