നക്സലൈറ്റ് ലഘുലേഖകളിൽവരെ ഇടംപിടിച്ച ‘അധികാരംകൊയ്യണമാദ്യം നാം’, ഇടശ്ശേരിയുടെ വിയോഗത്തിന് 50 ആണ്ട്

#ആലങ്കോട് ലീലാകൃഷ്ണൻ
ഇടശ്ശേരി ​ഗോവിന്ദൻ നായർ | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്
ഇടശ്ശേരി ​ഗോവിന്ദൻ നായർ | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

ഇരുപതാം നൂറ്റാണ്ടിലെ മനുഷ്യനെ അവന്റെ സമസ്ത ശക്തിദൗർബല്യങ്ങളോടുംകൂടി ദർശിച്ച മഹാകവിയായിരുന്നു ഇടശ്ശേരി ഗോവിന്ദൻ നായർ. മനുഷ്യശബ്ദമുച്ചരിച്ചപ്പോൾ ഇടശ്ശേരികണ്ടത് നൂറുനൂറു യുഗങ്ങളിൽക്കൂടി തളരാതെ പോരാടിക്കയറിവന്ന മാനവികതയുടെ അജയ്യ നിശ്ചയദാർഢ്യത്തെയാണ്.

ഇടശ്ശേരിയുടെ മനുഷ്യൻ എന്നും സുന്ദരനായിരുന്നു. ആപേക്ഷികദർശനത്തിന്റെ ഉദാത്തസൗന്ദര്യം നിർവചിച്ചുകൊണ്ട് സൗന്ദര്യാരാധനയിൽ ഇടശ്ശേരി ഇങ്ങനെ എഴുതിയിട്ടുണ്ട്:

‘മർത്ത്യൻ സുന്ദരനാണു, കാരണമുയിർ-
ക്കൊള്ളും വികാരങ്ങൾതൻ
നുത്യത്തിനു മുതിർക്കുവാൻ സ്വയമണി-
ഞ്ഞിട്ടോരരങ്ങാണവൻ;
അത്യന്തം കമനീയമേ, മഹിതമാ-
യാലും മറിച്ചാകിലും
തൽഭാവങ്ങ, ളപൂർണമാണളവു കോ-
ലെന്നുള്ള കാലംവരെ’

നവോത്ഥാനാനന്തര മലയാളസാഹിത്യത്തിൽ പൊന്നാനിയുടെ മാനവികമുദ്രയായി ആഴത്തിൽ പതിഞ്ഞുകിടക്കുന്ന ഇടശ്ശേരിയുടെ സൗന്ദര്യദർശനത്തിൽനിന്നാണ് എല്ലാ പകർന്നാട്ടങ്ങൾക്കുമപ്പുറത്ത് പാവപ്പെട്ട മനുഷ്യഹൃദയം വിശ്വസുന്ദരമാണെന്നും എല്ലാ മനുഷ്യരും സുന്ദരികളും സുന്ദരന്മാരുമാണെന്നും ഉറൂബ് പിന്നീട് സമർഥിക്കുന്നത്.

ഒരു ഗ്രാമീണകർഷകന്റെ പരിപക്വമായ സമനിലയിലാണ് ഇടശ്ശേരി ജീവിതത്തെ സമീപിച്ചത്. ‘പുത്തൻകലവും അരിവാളും’ എന്ന കവിതയിൽ ഈ കർഷകകവി രണ്ടു പ്രധാന ചോദ്യങ്ങൾ ചോദിച്ചു:

‘ആരാണ് വിതച്ചത്?’
‘ആരാണ് കൊയ്തത്?’

വിതച്ചത് കോമനും ഭാര്യയും കുട്ടികളുമാണ്. കൊയ്തത് കോടതിയാൾക്കാരും ആമീനുമാണ്.

മൃഗബലിപോലെ ക്രൂരമെന്ന് കവിതന്നെ വിശേഷിപ്പിക്കുന്ന ‘വിളജപ്തി’യുടെ ഈ ദുരന്തചിത്രത്തിനുമുന്നിൽനിന്നാണ് മലയാളത്തിൽ ഏറ്റവുമധികം ഉദ്ധരിക്കപ്പെട്ടിട്ടുള്ള വലിയൊരു വിപ്ലവമുദ്രാവാക്യം, ആജന്മഗാന്ധിയനായ ഇടശ്ശേരി ഉച്ചരിച്ചത്:

‘അധികാരംകൊയ്യണമാദ്യം നാം,
അതിനുമേലാകട്ടെ പൊന്നാര്യൻ’

നക്സലൈറ്റ് ലഘുലേഖകളിൽവരെ പിന്നീട് ‘മുദ്രാകാവ്യ’മായ ഈ മുദ്രാവാക്യം നാം കണ്ടു. ലോകവിപ്ലവചിഹ്നസഞ്ചയത്തിലേക്ക് അരിവാളിനും ചുറ്റികയ്ക്കുമൊപ്പം ഒരു പുത്തൻകലവുംകൂടി സമ്മാനിച്ചത് പൊന്നാനിക്കാരനായ ഈ ഗാന്ധിയനാണ്. പക്ഷേ, കവി ഒരു കക്ഷിയുടെ കളിയിലും ഒതുങ്ങാൻ കൂട്ടാക്കിയില്ല. ഒരു നിർണായകഘട്ടത്തിൽ കവി അർഥശങ്കയ്ക്കിടയില്ലാത്തവിധം ഇങ്ങനെ പ്രഖ്യാപിച്ചു:

‘വെളിച്ചം തൂകിടുന്നോളം
പൂജാർഹം താ, നൊരാശയം
അതിരു,ണ്ടഴൽചാറുമ്പോൾ
പൊട്ടിയാടുകതാൻ വരം’
(പൊട്ടി പുറത്ത് ശീവോതി അകത്ത്)

അപ്പോഴും പ്രത്യാശ കൈവിടാതെ ഇത്രയുംകൂടി പറഞ്ഞുവെച്ചു:

‘പിൻതള്ളപ്പെടുകയില്ലെന്റെ
നാടു സംക്രാന്തിനാൾകളിൽ
അതിന്നുകഴിവുണ്ടല്ലോ,
ശീവോതിയെ വരിക്കുവാൻ’

അജയ്യമായ പ്രത്യാശയുടെ കവിയായിരുന്നു ഇടശ്ശേരി. ഭൗതികവിഘാതങ്ങളുടെയും ആന്തരനിരോധങ്ങളുടെയും കുണ്ടും കുഴിയും നിറഞ്ഞ ജീവിതപ്പാതയെ അതിലംഘിച്ച് സ്വാതന്ത്ര്യത്തിലേക്ക് കാവ്യകലയുടെ തേരോടിച്ചുപോവുമ്പോൾ അദ്ദേഹം ഇങ്ങനെ വിളിച്ചുപറഞ്ഞു:

‘എനിക്കു രസമീ നിമ്നോന്നതമാം
വഴിക്കു തേരുരുൾപായിക്കൽ
ഇതേ,തിരുൾക്കുഴിമേലുരുളട്ടെ
വിടില്ല ഞാനീ രശ്മികളെ’

ഇത്ര ഉജ്ജ്വലമായ ജീവിതപ്രത്യാശയുടെ വരികൾ ലോകകവിതയിൽ അധികമൊന്നുമുണ്ടായിട്ടില്ല.

'ഇടയ്ക്ക് ‘കണ്ണീരുപ്പുപുരട്ടാതെന്തിനു ജീവിതപലഹാരം?’ എന്ന അസാധാരണമായ സമനിലയിലാണ് ഇടശ്ശേരിയുടെ ജീവിതദർശനം മൗലികമായ വ്യത്യസ്തത അടയാളപ്പെടുത്തിയത്.

ഇത് ബുദ്ധന്റെ സമനിലയാണ്. മലയാളത്തിലെ തീക്ഷ്‌ണമായ ആദ്യത്തെ പരിസ്ഥിതിപക്ഷനിലപാടാണ് ഏഴുപതിറ്റാണ്ടുമുമ്പ് ‘കുറ്റിപ്പുറം പാല’ത്തിൽ ഇടശ്ശേരി കൈക്കൊണ്ടത്. പ്രകൃതിയുടെ നാശത്തെയും മനുഷ്യവർഗ സർവവിനാശത്തെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് കവി ഇത്രയുംകൂടി ചോദിച്ചു:

‘കളിയും ചിരിയും കരച്ചിലുമായ്ക്കഴിയും നരനൊരു യന്ത്രമായാൽ.
അംബ! പേരാറേ നീ മാറിപ്പോമോ
ആകുലയാമൊരഴുക്കുചാലായ്’

നദി ഇന്ന് അഴുക്കുചാലിനുമപ്പുറമായി. മനഷ്യൻ പരിപൂർണയന്ത്രവുമായി ലോകം കുഴമറിഞ്ഞു. അമേരിക്കയിലേക്കുള്ള ദൂരം കുറഞ്ഞു. അയൽവീട്ടിലേക്കുള്ള ദൂരംകൂടി.

‘ഉണ്മയിൽപ്പുതുലോകത്തിനു തീർത്തോരുമ്മറപ്പടിയാമിപ്പാലത്തിന്മേൽനിന്ന് ’ സമാന്തരമായിവന്ന പുതുപാലത്തെ നോക്കി, മരിച്ചുമണ്ണടിഞ്ഞ് അമ്പതാണ്ടുകൾ കഴിഞ്ഞിട്ടും സമകാലിക ബുദ്ധനായിത്തീർന്ന, മഹാകവി ഇടശ്ശേരി ചിരിക്കുന്നുണ്ട്.
മനുഷ്യന്റെ മഹാകവിക്ക് മരണമില്ല.

Content Highlights: Alankode leelakrishnan Leelakrishnan about Poems Written by Edasseri Govindan Nair