'പാണ്ഡിത്യം സ്ത്രീകള്‍ക്ക് കല്പിക്കാന്‍ യാഥാസ്ഥിതിക ഹിന്ദുമതം അനുവദിക്കുന്നില്ല'- ജെ. ദേവിക

ഡോ. എം. ലീലാവതി, ജെ. ദേവിക
ഡോ. എം. ലീലാവതി, ജെ. ദേവിക

ഗാസയിലെ കുട്ടികളെക്കുറിച്ച് ഡോ. എം. ലീലാവതി ടീച്ചര്‍ നടത്തിയ പരാമര്‍ശത്തില്‍ അവര്‍ക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണങ്ങളെ അപലപിച്ച് ജെ. ദേവിക എഴുതുന്നു. 

ലീലാവതി ടീച്ചര്‍ക്കെതിരെയുള്ള ഹിന്ദുത്വവാദികളുടെ ആക്രമണം അപ്രതീക്ഷിതമേ അല്ല. ടീച്ചര്‍ ജീവിതകാലം മുഴുവന്‍ വിശാല ഹിന്ദുചിന്തയിലും ചര്യയിലുമാണ് ചെലവഴിച്ചതെന്നൊന്നും പറഞ്ഞിട്ട് കാര്യമേ ഇല്ല. അതിന് സാമൂഹ്യമാധ്യമഗുണ്ടകളും ശശികലയെപ്പോലുള്ളവരും പുല്ലുവില കല്പിക്കുന്നില്ലെന്ന് പണ്ടേ വ്യക്തമാണ്. ട്രോളുകളുടെ ഭാഷ, അവര്‍ ഏതു പാര്‍ട്ടിക്കാരുടേതാണെങ്കിലും, ഇതു തന്നെയാണ് - മറ്റൊരു അഭിപ്രായം പറയുന്നവരെ ഒതുക്കാന്‍ വേണ്ടതെന്നു തോന്നുന്ന തെറി പറയാന്‍ അവര്‍ക്കു മടിയില്ല. 

ഇവിടെ പ്രസക്തമായ കാര്യം, ടീച്ചര്‍ പണ്ഡിതയാണെന്നതാണ്. പാണ്ഡിത്യം സ്ത്രീകള്‍ക്ക് കല്പിക്കാന്‍ യാഥാസ്ഥിതിക ഹിന്ദുമതം അനുവദിക്കുന്നില്ലെന്നതാണ്. കഴിഞ്ഞ നൂറ്റാണ്ടുകളില്‍ സാമൂഹ്യപരിഷ്‌ക്കരണവാദികളുടെ ശ്രമങ്ങളിലൂടെ ഉയര്‍ന്നുവന്ന പരിഷ്‌കൃത ഹിന്ദുമതദര്‍ശനം ഹിന്ദുമതം സ്ത്രീസൗഹൃദമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടുണ്ട്, ഗാര്‍ഗി മൈത്രേയി മുതലായ പേരുകളെ എടുത്തുപറഞ്ഞ് പുരാതന ഹിന്ദുമതം സ്ത്രീകള്‍ക്ക് പാണ്ഡിത്യം അനുവദിച്ചിരുന്നെന്ന് തെളിയിക്കാന്‍ അവര്‍ നോക്കി. പക്ഷേ ഹിന്ദുപക്ഷത്തുണ്ടായിരുന്ന കടുത്ത യാഥാസ്ഥിതികര്‍ അവരെ നഖശിഖാന്തം എതിര്‍ക്കുകയും ചെയ്തിരുന്നു. ഇന്ന് ഹിന്ദുത്വത്തിന് തണലേകുന്നത്, മനുഷ്യവിരുദ്ധം തന്നെയായ ഈ ജാതിവെറിയും സ്ത്രീവിരുദ്ധതയും സാധാരണമായ യാഥാസ്ഥിതിക ഹിന്ദുമതമാണ്. അതുകൊണ്ടാണ് സ്ത്രീകളുടെ പാണ്ഡിത്യത്തോടുള്ള വെറുപ്പ് ബി.ജെ.പിയുടെ ട്രോളുകള്‍ക്കിടയില്‍ മാത്രമല്ല. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ലേഡീ ശ്രീറാം കോളേജിലെ വിദ്യാര്‍ത്ഥിനികളോട് അവരുടെ മുഖ്യധര്‍മ്മം കുടുംബങ്ങള്‍ക്കുള്ളില്‍ പ്രജനനമാണെന്ന് പറഞ്ഞത് ബിജെപി അനുകൂലിയായ ഒരു മുന്‍ ഇന്ത്യന്‍ വിദേശനയതന്ത്ര പ്രതിനിധിയായിരുന്നു. യാഥാസ്ഥിതിക ഹിന്ദുമതത്തെ വാഴ്ത്തുന്നവര്‍ക്ക് നെതന്യാഹുവിനോട് സ്‌നേഹം തോന്നുന്നതിന് വ്യക്തമായ കാരണമുണ്ട്. കാരണം ആര്‍എസ്എസ് പ്രതിനിധീകരിക്കുന്ന എബ്രഹാമിക് മൂല്യങ്ങളുടെ ഏറ്റവും പൈശാചികമായ വ്യാഖ്യാനമാണ് അയാള്‍. തങ്ങള്‍ പുറന്തള്ളിയവരെ പരിപൂര്‍ണമായും ഇല്ലാതാക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന വിചാരം പഴയകാല ജാതിവ്യവസ്ഥയില്‍ രൂഢമൂലമായിരുന്നല്ലോ, പ്രത്യേകിച്ചു മലയാളപ്രദേശങ്ങളില്‍.

 ബിജെപി നിര്‍മ്മലാ സീതാരാമനെ വളര്‍ത്തുന്നുണ്ടല്ലോ എന്നു ചോദ്യമുണ്ടാകാം. പക്ഷേ നിര്‍മ്മലാ സീതാരാമന്‍ പണ്ഡിതയല്ല, സാങ്കേതികവിദഗ്ദ്ധ മാത്രമാണ്. ഹിന്ദുവിജ്ഞാനത്തിന്റെ ശ്രേണിയില്‍ എക്‌സ്‌പേട്ട് എന്ന നില പാണ്ഡിത്യത്തിനു താഴെയാണ്. മാത്രമല്ല, നിര്‍മ്മലാ സീതാരാമനായാലും, ശബരിമല സ്ത്രീപ്രവേശന വിരുദ്ധലഹളയില്‍ പങ്കെടുത്ത പത്മാ പിള്ളയായാലും, അവര്‍ക്കൊപ്പം റെഡി റ്റു വെയ്റ്റ് പറഞ്ഞ പ്രഫഷണല്‍ സ്ത്രീകളായാലും, യാഥാസ്ഥിതിക ഹിന്ദുമതത്തിന്റെ ജിഹ്വകളായി സ്വയം തിരിച്ചറിയുന്ന പുരുഷാധികാരികള്‍ക്ക് പരിപൂര്‍ണമായും കീഴ്‌പ്പെട്ടുതന്നെയാണ് - അതായത്, തങ്ങളുടെ പ്രൊഫഷണല്‍-സാങ്കേതികജീവിതങ്ങള്‍ എന്തുതന്നെയായാലും, ഹിന്ദു പിതൃമേധാവിത്വകുടുംബങ്ങള്‍ക്കുളളിലെ അവരുടെ നിലകളെയാണ് തങ്ങളുടെ യഥാര്‍ത്ഥസത്തയായി അവര്‍ തിരിച്ചറിയുന്നത്, വാചകമടിയുടെ തലത്തിലെങ്കിലും. ലീലാവതി ടീച്ചര്‍ ഈ നിലകളെ ഗൗരവമായി എടുക്കുകയും അവയെ ഹിന്ദുമൂല്യങ്ങളനുസരിച്ച് ജീവിക്കുകയും ചെയ്‌തെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. അവര്‍ തന്റെ പാണ്ഡിത്യനിലയെ അതിനു കീഴ്‌പ്പെടുത്തിയില്ല - യാഥാസ്ഥിതിക ഹിന്ദുമതക്കാര്‍ക്ക് - കേരളത്തിലും പുറത്തുമുള്ള ഹിന്ദുത്വവാദികള്‍ക്ക് - ക്ഷമിക്കാനാവാത്ത കുറ്റമാണത്. ലീലാവതി ടീച്ചറെ ഒരു യാഥാസ്ഥിതികയായി കരുതുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യമല്ല. അവരുടെ നിലപാടുകളെന്തുതന്നെയായാലും, യാഥാസ്ഥിതിക ഹിന്ദുമതത്തിന്റെ, ഇന്നത്തെ ഹിന്ദുത്വത്തിന്റെ ശ്രേണീപരമായ ഭാവനയില്‍ അവര്‍ ഭ്രഷ്ടയാണ്. ശശികലയുടെ പറച്ചിലാണ് ഏറ്റവും ദയനീയമായിത്തോന്നുന്നത്. അവരുടെ ആക്രമണം മലയാളിചരിത്രത്തിലെ സാമൂഹ്യ ഉച്ചനീചത്വങ്ങളെ തൊട്ടുപോകുന്നെങ്കിലും, ആ ഉച്ചനീചത്വങ്ങളെക്കുറിച്ച് ഗൃഹാതുരസ്വപ്നങ്ങളെ അയവിറക്കി സാമൂഹ്യനീതിയെ മൊത്തത്തില്‍ ശപിക്കുന്ന കൂട്ടത്തിലിരുന്നുകൊണ്ടാണ് അവര്‍ തന്റെ മുത്തശ്ശിയുടെ ദുരനുഭവത്തെപ്പറ്റി പറയുന്നത്. ആ മുത്തശ്ശിയുടെ പേരക്കുട്ടി ഇന്നത്തെ കേരളത്തില്‍ എന്തും പറയാന്‍ മടിയില്ലാത്ത ഒച്ചവെക്കല്‍ശേഷിയുടെ ഉടമയാണ് - ഇത് നല്ല കാര്യം തന്നെയാണെന്ന് വാദിക്കാവുന്നതാണ്. 

ലീലാവതി ടീച്ചറുടെ ജന്മസിദ്ധമായ സാമൂഹ്യമൂലധനത്തിനും, അവരുടെ ആര്‍ജിത സാംസ്‌കാരിക -സാമൂഹ്യമൂലധനത്തിനും, അതിനെ തടസ്സപ്പെടുത്താന്‍ ശേഷിയില്ല. പക്ഷേ ആ തുറവി സാധ്യമാക്കിയ ചരിത്രപരമായ സമരത്തില്‍ അവരുടെ കക്ഷിയുടെ പൂര്‍വികര്‍ക്ക് യാതൊരു പങ്കുമുണ്ടായിരുന്നില്ല. ട്രോളുകള്‍ സി.പി.എമ്മിനും കോണ്‍ഗ്രസിനും ഉണ്ട്, സംശയമില്ല. പക്ഷേ ഈ കക്ഷികളുടെ പൂര്‍വികര്‍ക്ക് നേരത്തെ പറഞ്ഞ സാമൂഹ്യതുറവിയുടെ ചരിത്രപരമായ വികാസത്തില്‍ പലയളവില്‍ പങ്കുണ്ടായിരുന്നു. എന്നാല്‍ ഹിന്ദുത്വവാദികളുടെ പൂര്‍വികരും ഇന്നത്തെ ഹിന്ദുത്വ ട്രോളുകളും തമ്മില്‍ വലിയ അന്തരം ഇല്ല. രണ്ടു കൂട്ടരും സാമൂഹ്യനീതിയുടെ വിരോധികളാണ്. അതുകൊണ്ടുതന്നെ ശശികല ബി.ജെ.പി ട്രോള്‍ഗണങ്ങളെ നയിക്കുന്നത് അങ്ങേയറ്റം കഷ്ടമായിത്തോന്നുന്നു. സവര്‍ണജീവിതം നയിക്കുന്നെങ്കിലും പാണ്ഡിത്യമെന്ന നിഷിദ്ധനിലയെ വാശിയോടെ പിന്‍തുടര്‍ന്ന ഹിന്ദുസ്ത്രീയെ ആക്രമിക്കാന്‍ സവര്‍ണതയുടെ സാമൂഹ്യമെച്ചങ്ങളില്ലാത്ത ചരിത്രപശ്ചാത്തലമുള്ള സ്ത്രീയെ പ്രേരിപ്പിക്കുന്ന ഹിന്ദുയാഥാസ്ഥിതികപിതൃമേധാവിത്വത്തിന്റെ വക്രബുദ്ധിയെ അപലപിച്ചാല്‍ മാത്രം പോര, അതിനെ സൂക്ഷ്മമായി പഠിക്കേണ്ടതുമുണ്ട്.
 

Content Highlights: Dr.J Devika writes about cyber attack against Dr. M Leelavathy