ഗീതാഞ്ജലി ശ്രീ; അറുപത്തിനാലാം വയസ്സിലെ വിശ്വവിശ്രുത സമ്മാനം!

ഇന്ത്യക്ക് അഭിമാനമുണ്ടാക്കുന്നതാണ് ഈ വര്‍ഷത്തെ ബുക്കര്‍ അവാര്‍ഡ്. ഗീതാഞ്ജലി ശ്രീ രചിച്ച 'രേത് സമാധി' എന്ന ഹിന്ദി നോവലിനാണ് ഈ അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. ഡെയ്സി റോക്വെല്‍ നിര്‍വ്വഹിച്ച ഇംഗ്ലീഷ് വിവര്‍ത്തനത്തിലൂടെയാണ് ഈ നോവലിന്റെ മഹത്വം പുറംലോകമറിഞ്ഞത്.
2019-ല്‍ ഡല്‍ഹിയിലെ രാജ്കമല്‍ പ്രകാശന്‍ ആണ് ഈ നോവല്‍ പുറത്തിറക്കിയത്. ഇന്ത്യാ വിഭജനം സൃഷ്ടിച്ച മുറിവുകളെക്കുറിച്ചുള്ള നിനവുകളാണ് ഈ നോവലിന്റെ മുഖ്യപ്രമേയം. ഒരു അമ്മയുടെ മനോവ്യഥയും സംഘര്‍ഷവുമാണ് ഇതിന്റെ പ്രതിപാദ്യം. ഭര്‍ത്താവിന്റെ മരണശേഷം ഇതിലെ നായിക പാകിസ്താനിലേക്ക് പോവുകയാണ്. വാര്‍ധക്യത്തില്‍ കൈശോരകാല സ്മരണകള്‍ മനസ്സില്‍ ചേക്കേറുന്നത് ഇതില്‍ ഹൃദയദ്രവീകരണക്ഷമമായി ചിത്രീകരിച്ചിട്ടുണ്ട്.
''ഞാന്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാതെയാണ് ഈ സമുന്നത അവാര്‍ഡ് എന്നെ തേടിയെത്തിയത്. എനിക്ക് ഈ നിമിഷത്തില്‍ ആനന്ദവും ആശ്ചര്യവും അനുഭവപ്പെടുന്നു. അവാര്‍ഡ് എന്നെ വിനയാന്വിതയാക്കുന്നു. പരിഭാഷയുടെ പ്രാധാന്യം മനസ്സിലാക്കിയ സന്ദര്‍ഭമാണിത്'' എന്നാണ് എഴുത്തുകാരി പ്രതികരിച്ചത്.
നോവല്‍, ചെറുകഥ, നാടകം എന്നീ ശാഖകളില്‍ ഗീതാഞ്ജലി ശ്രീ നൂറില്‍പ്പരം ഈടുറ്റ കൃതികള്‍ രചിച്ചിട്ടുണ്ട്. നാസിറ ശര്‍മ്മയുടെ ജിന്ദാ മുഹാവരേ എന്ന നോവലിന്റെ വേറൊരു തലമാണ് 'രേത് സമാധി'യിലുള്ളത്. വിഭജന സമയത്ത് ആവേശത്തോടെ പാകിസ്താനിലേക്ക് പോയ ഒരു വ്യക്തി വീണ്ടുവിചാരമുണ്ടായി ഇന്ത്യയിലേക്ക് വരാന്‍ ശ്രമിക്കുന്നതാണ് നാസിറ ശര്‍മ്മയുടെ നോവലിലുള്ളത്.
ഉത്തര്‍പ്രദേശിലെ മൈന്‍പുരിയില്‍ ജനിച്ച ഗീതാഞ്ജലിക്ക് 64-ാം വയസ്സിലാണ് ഈ വിശ്വവിശ്രുത സമ്മാനം ലഭിച്ചത്. ബാബറി മസ്ജിദ് തകര്‍ച്ചയുടെ പശ്ചാത്തലത്തിലെഴുതിയ നോവലായ 'ഹമാരാ ശഹര്‍ ഉസി ബരസ്' വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
Content Highlights: Geethanjali Sree, Dr. Arsu, Tomb of Sand