'ഇനിയുമൊരു ജന്മമുണ്ടെങ്കില്‍ ചിത്രലേഖയുടെ ഭര്‍ത്താവാകണം,അവരില്ലാത്ത ലോകത്ത് ഞാന്‍ വെറും മണ്ണാങ്കട്ട'

കേരള രാഷ്ട്രീയ-ജാതി-തൊഴിലാളി- വര്‍ഗ സമരമുഖത്ത്ഏറെ കോളിളക്കം സൃഷ്ടിച്ച പേരാണ് ഇ. ചിത്രലേഖ. ഓട്ടോറിക്ഷാ ഡ്രൈവറായിരിക്കേ അനവധി തവണ സംഘടിത ആക്രമണത്തിന് ഇരയായി, തളരാതെ ജീവിതം തരണം ചെയ്ത ചിത്രലേഖ ഒടുക്കം കീഴടങ്ങിയത് കാന്‍സറിനു മുന്നിലാണ്. ജാതിവെറിയുടെയും രാഷ്ട്രീയ പകപോക്കലുകളുടെയും ഇരയാണ് താനെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ ചിത്രലേഖ മരണം വരെ നീതിക്കായി പോരാടി. ഒപ്പം നിന്ന ജീവിതപങ്കാളി ശ്രീഷ്‌കാന്തിനുനേരെയും അക്രമങ്ങള്‍ അനവധിയായിരുന്നു. ചിത്രലേഖയുടെ മരണം തന്നിലേല്‍പിച്ച ആഘാതത്തെക്കുറിച്ച് ശ്രീഷ്‌കാന്ത് എഴുതുന്നു.
ജീവിതയാത്രയില്‍ എത്ര തടസ്സങ്ങളും എന്തു പ്രയാസങ്ങളും മുന്നിലേക്ക് കടന്നുവരുമ്പോഴും അതിനൊക്കെയുള്ള പരിഹാരചിന്തകള്‍കൂടി മനസ്സിലേക്ക് കടന്നു വരുന്നുണ്ടെങ്കില്‍, നമ്മള്‍ ശരിക്കും ജീവിതത്തിന്റെ വിജയപാതയിലാണ്.
ചിത്രലേഖയുമായുള്ള ബന്ധത്തിന്റെ തുടക്കം വടകരയിലാണ്. നഴ്സിംഗ് വിദ്യാര്‍ത്ഥിയായിരുന്ന ചിത്രലേഖയുടെ ജീവിതപ്രതിസന്ധികളറിഞ്ഞ ഞാന്‍ അവളുമായി കൂടുതലടുത്തു. വടകരയില്‍നിന്ന് തുടങ്ങിയ ബന്ധം മരിക്കുന്നതുവരെ തുടര്‍ന്നു. ജീവിതത്തിലും സമരത്തിലും എന്നും അവള്‍ കൂടെയുണ്ടായിരുന്നു, ഒരു നിഴല്‍പോലെ, അവള്‍ പോയപ്പോള്‍ ഞാന്‍ തനിച്ചായി. എല്ലാ സങ്കടങ്ങളും ഞാനേകനായി അനുഭവിക്കുന്നു.
2024 ഒക്ടോബര്‍ നാലിന് രാത്രി കണ്ണൂര്‍ ചാലയിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നതുവരെ ചിത്രലേഖയ്ക്ക് നല്ല ബോധമുണ്ടായിരുന്നു. ഒക്ടോബര്‍ അഞ്ചിന് പുലര്‍ച്ചെ മൂന്നു മണിക്കാണ് ഡോക്ടര്‍ വിളിച്ചു പറയുന്നത്, ചിത്രലേഖ പോയെന്ന്. ഞാന്‍ സ്തബ്ധനായിപ്പോയി. എനിക്ക് എന്നെത്തന്നെ തിരിച്ചറിയറിയാനാകാത്ത നിമിഷങ്ങള്‍.
ജീവിതത്തില്‍ ഞാനേകനായതു പോലെ... ചിത്രലേഖയുടെ മകള്‍ മേഘയും പേരക്കുട്ടികളുമെല്ലാമുണ്ട്. എനിക്കൊന്നും പറയാനാകുന്നില്ല.. അഞ്ചിന് രാവിലെ കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് ചിത്രലേഖയുടെ മൃതദേഹം മാറ്റി. ഞാനാണെങ്കില്‍ വല്ലാത്ത അവസ്ഥയിലായിരുന്നു. ആറിന് രാവിലെ കാട്ടാമ്പള്ളിക്കുന്ന് കുതിരത്തടം റോഡിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുവന്നു. സ്വപ്രയത്നത്താല്‍ അവള്‍ കെട്ടിപ്പടുത്ത കൊട്ടാരത്തില്‍ ഏകയായി അവള്‍... സഹിക്കാവുന്നതിനപ്പുറമായിരുന്നു അത്. ജീവിതയാഥാര്‍ത്ഥ്യമാണെന്ന് ഉള്‍ക്കൊണ്ട് എല്ലാം സഹിച്ചു.
പതിനൊന്ന് മണിയാകുമ്പോഴേക്ക് ചിത്രലേഖയുടെ മൃതദേഹം പയ്യാമ്പലത്തെത്തിച്ചു. എളയാവൂര്‍ സിഎച്ച്എംഎച്ച് സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിയുടെ മൃതദേഹം കാണാന്‍ ഒരു മന്ത്രി വന്നിരുന്നു. ചിത്രലേഖയെ ഒരു നോക്കുകാണാന്‍ പോലും അദ്ദേഹം തയ്യാറായില്ല. വല്ലാത്ത സങ്കടം തോന്നി. പക്ഷേ, പരിചയക്കാര്‍, സ്നേഹിതന്മാര്‍, കൂടെ നിന്നവര്‍... അവരില്‍ ചിലരുടെ പേരുകള്‍ പറയാതെ വയ്യ. ഡോ. ഡി. സുരേന്ദ്രനാഥ്, മേരി, അഡ്വ. കസ്തൂരി ദേവന്‍, പളളിപ്രം പ്രസന്നന്‍, ഇംതിയാസ്, വിനോദ് കുമാര്‍ രാമന്തളി, കുഞ്ഞമ്പു കല്യാശേരി, ജമാല്‍ സിറ്റി, സ്റ്റീഫന്‍, ജയദേവന്‍, കെ.എം. വേണുഗോപാല്‍... അങ്ങനെയങ്ങനെ ഒരുപാടുപേര്‍... മാധ്യമരംഗത്തുള്ളവരും. അവരാണ് ചിത്രലേഖയുടെ പോരാട്ടങ്ങളെ പുറംലോകത്തെത്തിച്ചത്.
ചിത്രയുടെ മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിക്കാനും മരണാനന്തര ചടങ്ങുകള്‍ക്കും സാമ്പത്തികമായി സഹായിച്ചത് ഡല്‍ഹി യൂണിവേഴ്സ്റ്റിയിലെ പ്രൊഫസര്‍ ജെനി റൗവീന ആയിരുന്നു.
ഞാനിപ്പോള്‍ ശൂന്യതയാണനുഭവിക്കുന്നത്. ചിത്രലേഖയില്ലാത്ത ഈ ലോകത്ത് ഞാന്‍ വെറും മണ്ണാങ്കട്ട. സത്യമാണിത്.
സാമ്പത്തികമായി എനിക്ക് കുറച്ചുകൂടി കരുത്തുണ്ടായിരുന്നുവെങ്കില്‍ ചിത്രലേഖയെ ഇത്രവേഗം നഷ്ടപ്പെടില്ലായിരുന്നു. സഹായിച്ചവരെ മറക്കുന്നില്ല. ഇനിയുമുണ്ടൊരു ജന്മമുണ്ടെങ്കില്‍ ചിത്രലേഖയുടെ ഭര്‍ത്താവാകണം. ചിത്രയുടെ അവസാനനിമിഷങ്ങളില്‍ മക്കളായ മേഘയും മനുവും തൊട്ടടുത്തുണ്ടായിരുന്നു. പോരാട്ടം ബാക്കി വെച്ച് നിത്യതയിലേക്ക് യാത്രയായ പ്രിയതമയ്ക്കുള്ള ആദരമാണീ കുറിപ്പ്. പോരാട്ടത്തിന്റെ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങാന്‍ നിറഞ്ഞ സന്തോഷമേയുള്ളൂ. ചിത്രലേഖയുടെ ആത്മാവിന് നിത്യശാന്തി നല്‍കട്ടെ...
Content Highlights: M Sreeshkanth husband of Chithralekha writes about the life after the death of Chithralekha