അന്ന് സുകുമാര്‍ പറഞ്ഞു; 'സങ്കടങ്ങളില്‍ ചിരിയാണ് പറ്റിയ മരുന്ന്'

അന്തരിച്ച കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍, ശതാഭിഷിക്തനായ വേളയില്‍ മാതൃഭൂമിയുമായി പങ്കുവെച്ച വാക്കുകള്‍...
കഷായമെന്നത് പലപ്പോഴും സുകുമാറിന്റെ നര്‍മപരിപാടികള്‍ക്കുള്ള പേരാണ്. ചിരിയില്‍ നേര്‍പ്പിച്ച ഈ കഷായം നല്ല ഫലം ചെയ്തിട്ടുണ്ട്. അതിനുള്ള ചേരുവകള്‍ എല്ലാം ശേഖരിക്കുന്നത് പതിവ് നടത്തത്തിലാണ്. കണ്ണിമാറ മാര്‍ക്കറ്റിലും ചാലയിലും പാളയത്തും സ്റ്റാച്യുവിലും, കിഴക്കേക്കോട്ടയിലും കാണുന്ന കാഴ്ചകള്‍, കേള്‍ക്കുന്ന വര്‍ത്തമാനങ്ങള്‍. അതിനിടയില്‍ കിട്ടുന്ന ഒരു ചിന്ത ചിരിയുടെ മധുരത്തോടെ അടുത്ത അരങ്ങില്‍ കേള്‍ക്കാമെന്ന് ഉറപ്പ്.
ഒരു വീഴ്ച
കുതികാല്‍ വെട്ടുകള്‍ക്ക് പേരുകേട്ട തലസ്ഥാനത്ത് സുകുമാര്‍ കഴിഞ്ഞ മാസം ഒന്നുവീണു. പക്ഷേ അത് എസ്.എം.വി. സ്‌കൂള്‍ വിട്ട സമയത്തെ കുട്ടികളുടെ ഓട്ടപ്പാച്ചിലിനിടെയാണെന്നു മാത്രം. ഇടതുകാലിന് ഒരു പൊട്ടല്‍. ഒരു മാസം കൊണ്ട് എല്ലാം ഭേദമായി. നര്‍മകൈരളിയുടെ ചിരിയരങ്ങില്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഹാജര്‍. മൈക്കിന് മുന്നില്‍ സരസഭാഷണം. സര്‍ക്കാര്‍ ഓഫീസിലെ ആളില്ലാത്ത കസേരകളെക്കുറിച്ച്, ഫയലുകളുടെ ചുവപ്പു നാടയെപ്പറ്റി...
''30 വര്‍ഷമായി നര്‍മകൈരളിയുമായി ബന്ധം തുടങ്ങിയിട്ട്. ആനന്ദക്കുട്ടന്‍ ഭാരവാഹിയായിരിക്കുമ്പൊ തുടങ്ങിയതാണ്...'' 30 വര്‍ഷമാണ് പോലീസ് ഡിപ്പാര്‍ട്ടമെന്റിലും ജോലി ചെയ്തത്. വഴുതക്കാട് പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് സി.ഐ.ഡി. വിഭാഗത്തില്‍ നിന്ന് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായി വിരമിച്ചു. രാത്രി ഇരുന്നു വരച്ചു കൂട്ടും. ഓഫീസില്‍ തൊട്ടടുത്ത കസേരയിലിരുന്നു ജോലിചെയ്യുന്നവര്‍ക്ക് പോലും അറിയില്ലായിരുന്നു സുകുമാര്‍ കാര്‍ട്ടൂണ്‍ വരയ്ക്കുമെന്ന്. പുറത്തു നിന്ന് ആളുകള്‍ കലാകാരനെ അന്വേഷിച്ച് വരാന്‍ തുടങ്ങിയതോടെ രഹസ്യം പുറത്തായി.
ജീവിതപ്പച്ച
1932-ലായിരുന്നു കാര്‍ട്ടൂണിസ്റ്റ് സുകുമാറിന്റെ ജനനം. ആറ്റിങ്ങല്‍ വീരളത്ത് മഠത്തില്‍ സുബ്ബരായന്‍ പോറ്റിയുടെയും കൃഷ്ണമ്മാളിന്റെയും മകന്‍. 1947-ല്‍ രാജ്യത്തെ ഇളക്കിമറിച്ച സ്വാതന്ത്രസമരത്തില്‍ പങ്കെടുക്കുമ്പോള്‍ സുകുമാര്‍ വിദ്യാര്‍ഥിയായിരുന്നു. പിന്നീടിങ്ങോട്ട് പല കാലങ്ങളും ഭരണങ്ങളും കണ്ടു.''അച്ഛന്‍ വലിയ ഗാന്ധിഭക്തനായിരുന്നു. ഖദറേ ധരിക്കൂ. ജീവിതത്തില്‍ സ്വഭാവഗുണമാണ് ഏറ്റവും വലുതെന്ന് പഠിപ്പിച്ചത് അദ്ദേഹമാണ്. സത്യം,അഹിംസ. അന്നത്തെ രാഷ്ട്രീയക്കാര്‍ക്കും അതൊക്കെ വലുതായിരുന്നു. അച്ഛന്‍ തമ്പാനൂര്‍ സുബ്രഹ്‌മണ്യക്ഷേത്രത്തില്‍ ശാന്തിക്കാരനായിരുന്നു. ആറുമക്കളില്‍ മൂന്നാണും മൂന്ന് പെണ്ണും. ആണ്‍മക്കളില്‍ മൂത്തയാള്‍ സുകുമാരന്‍ പോറ്റി എന്ന സുകുമാര്‍. മിഥുനത്തിലെ ഉത്രം നക്ഷത്രം. സാക്ഷാല്‍ അയ്യപ്പന്റെ നക്ഷത്രമാണ്. പക്ഷേ, സുകുമാറിന് കോളേജ് കാലത്ത് സ്റ്റുഡന്റ്‌സ് ഫെഡറേഷനിലായിരുന്നു വിശ്വാസം. ഒരു സമരകാലത്ത് പോലീസ് പിടിച്ചു. പെറ്റിക്കേസ്. പൂജപ്പുര ജയിലില്‍ കിടന്നിട്ടുണ്ട്. ജയില്‍ നാളുകള്‍ ജീവിതം ഒരുപാട് മാറ്റി. കുറേ ആലോചിച്ചു.''ഇക്കണ്ടതൊന്നുമല്ല കാര്യം, ഇതിനുമപ്പുറം ലോകമുണ്ട് എന്ന് ഉള്ളില്‍ തെളിഞ്ഞു.
അക്കാലത്ത് അച്ഛന്‍ ഒരിക്കല്‍ എന്നെ വിളിച്ച് സംസാരിച്ചു.''ഇങ്ങനെ കൊടിയും പിടിച്ചു നടന്നാല്‍ മതിയോ നിന്റെ പെങ്ങന്മാരെ കെട്ടിച്ചയയ്ക്കേണ്ടേ?''അഴിച്ചുവെച്ച പൂണൂല്‍ ഞാന്‍ വീണ്ടുമിട്ടു.'' ആ നാളുകളെപ്പറ്റി സുകുമാര്‍. പല കാലങ്ങളും ഭരണങ്ങളും കണ്ടു. പലരുമായും അടുപ്പമുണ്ടായിരുന്നു. സ്വാമി ചിന്മയാനന്ദന്‍, രാഷ്ട്രീയത്തില്‍ കരുണാകരന്‍, നായനാര്‍... പണ്ടൊരിക്കല്‍ ഒരു സുഹൃത്ത് ഡല്‍ഹില്‍ പോയി വന്നപ്പോള്‍ പനമ്പള്ളിയെ കണ്ട കാര്യം പറഞ്ഞു. എടോ, നാട്ടില്‍ സുകുമാര്‍ എന്നൊരു പയ്യന്‍ വരയ്ക്കുന്നുണ്ട്. കൊള്ളാം എന്ന് പനമ്പള്ളി അദ്ദേഹത്തോട് പറഞ്ഞു. അതൊരു വലിയ അവാര്‍ഡ് തന്നെയായിരുന്നു എനിക്ക്.
അച്ഛനും ശങ്കറും
യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുമ്പോള്‍ മലയാളി ദിനപ്പത്രത്തില്‍ കാര്‍ട്ടൂണിസ്റ്റ് കെ.എസ്.പിള്ള വരച്ചുവിളങ്ങിനില്‍ക്കുന്ന കാലമാണ്. അദ്ദേഹത്തിന് ശിഷ്യപ്പെട്ടു. വരച്ചു. ഊണിന്റെ സമയത്ത് നേരെ സ്റ്റാച്യുവിലേയ്ക്ക് നടക്കും. അവിടെ കൗമുദി ബാലകൃഷ്ണനുണ്ടാവും. അദ്ദേഹത്തെ കാണാനാണ്. 1950-ലാണ് ആദ്യകാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചുവരുന്നത്- വികടനില്‍. മാതൃഭൂമി, മനോരമ, ജനയുഗം, ശങ്കേഴ്സ് വീക്കിലി... പലതിലും വരച്ചു. ''അന്നൊക്കെ ഇന്‍ഡ്യന്‍ ഇങ്ക്സ്റ്റിക്കാണ് വാങ്ങാന്‍ കിട്ടുക. അത് സ്ലേറ്റില്‍ ഉരച്ച് വെള്ളത്തില്‍ മുക്കിയാല്‍ കറുപ്പു നിറം വരും. ബ്രഷ് അതില്‍ മുക്കിയാണ് വരയ്ക്കുക...''
അന്നൊരിക്കലാണ് കാര്‍ട്ടൂണിസ്റ്റ് ശങ്കറിനെ ആദ്യമായി കണ്ടത്. അദ്ദേഹം വരുന്നുവെന്ന് അറിഞ്ഞു. കാണണമെന്നുണ്ട്. ''പക്ഷേ ആ ദിവസം സുകുമാര്‍ അച്ഛനെ പൂജയില്‍ സഹായിക്കാന്‍ ക്ഷേത്രത്തില്‍ നില്‍ക്കേണ്ടിവന്നു. ഒടുവില്‍ മടിച്ചു മടിച്ച് അച്ഛനോട് ചോദിച്ചു. അച്ഛന്‍ അടുത്തിരുന്ന അന്ന് കോര്‍ത്ത മുല്ലപ്പൂമാല എടുത്ത് വന്നിട്ടു തന്നിട്ട് ഇത് സമ്മാനമായി കൊടുത്ത് സ്വീകരിക്കാന്‍ പറഞ്ഞയച്ചു. വാഴയിലയില്‍ പൊതിഞ്ഞ ആ മാലയുമായി വിമാനത്താവളത്തില്‍ പോയത് ഇപ്പോഴും ഓര്‍മയിലുണ്ട്.'' കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ചെയര്‍മാനും സെക്രട്ടറിയുമായിരുന്നു സുകുമാര്‍. 1996-ല്‍ ഹാസ്യസാഹിത്യത്തിന് കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മനശാസ്ത്രം മാസികയില്‍ 17 വര്‍ഷം മുടങ്ങാതെ വരച്ച ഡോ. മനശാസ്ത്രി പ്രശസ്തമാണ്. ഹാസ്യസംബന്ധിയായ 43 പുസ്തകങ്ങള്‍ സുകുമാര്‍ എഴുതിയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ കേരളത്തിന്റെ കാര്‍ട്ടൂണ്‍ ചരിത്രമാണ്.
ചിരിയോ നേരോ
ചില തമാശകള്‍ സുകുമാര്‍ പറഞ്ഞു ഫലിപ്പിക്കുമ്പോള്‍ നേരെത്ര, നേരമ്പോക്ക് എത്ര എന്നു സംശയം തോന്നാറുണ്ട് പലര്‍ക്കും. പക്ഷേ അതൊക്കെ സമൂഹത്തിലെ കാഴ്ചക്കൂട്ടങ്ങള്‍ തന്നെ. ഇതാ ഒരു സാമ്പിള്‍-വൃദ്ധദമ്പതികളില്‍ ഭര്‍ത്താവിന് ഹൃദ്രോഗം. ഐ.സി.യു വിലാണ്. ഇനി രക്ഷപ്പെടാന്‍ ഒരു സാധ്യതയുമില്ല. പുറത്ത് നില്‍ക്കുന്ന ഭാര്യയെ ആര് അറിയിക്കും ഈ വിവരം? ഡോക്ടര്‍മാര്‍ ഒടുവില്‍ സീനിയര്‍ ഡോക്ടറെ കാര്യം ഏല്‍പ്പിച്ചു. അങ്ങേരാവുമ്പൊള്‍ നയത്തില്‍ ചെയ്‌തോളുമല്ലോ. സീനിയര്‍ ഡോക്ടര്‍ ചെന്ന്സാവധാനം ഭാര്യയോട് സംസാരിച്ചു തുടങ്ങി. 'നോക്കൂ മാഡം... ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്. ഇനിയുള്ള അര മണിക്കൂര്‍ മനിര്‍ണായകമാണ്. പക്ഷേ എല്ലാം മുകളിലൊരാളുടെ കയ്യിലല്ലേ... മറിച്ച് എന്തെങ്കിലും സംഭവിച്ചാല്‍ പിടിച്ചു നില്‍ക്കണം.. 'അപ്പോള്‍ ഭാര്യയുടെ മറുപടി ഇങ്ങനെ-'40 വര്‍ഷമായി ഞാന്‍ പിടിച്ചു നില്‍ക്കുകയാണ്. ഇനിയിപ്പൊ അര മണിക്കൂറല്ലേ.. അതൊരു പ്രശ്‌നമല്ല ഡോക്ടറേ..'ചുറ്റും കാണുന്ന പൊങ്ങച്ചങ്ങളുടെയും ദാമ്പത്യനാട്യങ്ങളുടെയും കഥ വെച്ചുനോക്കുമ്പേള്‍ എന്ത് തോന്നുന്നു.. ഇത് സത്യമോ മിഥ്യയോ?
ചിരി എന്ന മരുന്ന്
2002-ല്‍ വിജെ.ടി. ഹാളില്‍ നടന്ന് ചടങ്ങില്‍ സ്വന്തം ഫലിതങ്ങള്‍ മാത്രം 12 മണിക്കൂര്‍ പറഞ്ഞ് റെക്കോഡ് ഇട്ടിട്ടുണ്ട് സുകുമാര്‍. ശതാഭിഷേക വര്‍ഷത്തിലും ചിരിയുടെ ഉത്സവങ്ങളില്‍ സജീവമാണ് അദ്ദേഹം. കൊച്ചിയില്‍ നടന്ന ദേശീയ കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ ഫെസ്റ്റിവലിന്തുടക്കം കുറിച്ച്അമ്പലപ്പുഴയിലെ കുഞ്ചന്‍സ്മാരകത്തില്‍ നിന്ന് പതാക ഏറ്റുവാങ്ങിയത് സുകുമാറാണ്.
സങ്കടങ്ങളില്‍ ചിരിയാണ് പറ്റിയ മരുന്ന് എന്ന് ജീവിതമാണ് പഠിപ്പിച്ചത്. മൂത്ത മകള്‍ രമ ഒന്‍പതാം വയസില്‍ ഓര്‍മയായതുപോലെ പല അനുഭങ്ങള്‍. കാര്‍ട്ടൂണ്‍ അക്കാദമിയുടെ ചിരിവരസഭയെന്ന എം.എല്‍.എമാരുടെ കാരിക്കേച്ചര്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കണം. വൈകീട്ട് മരുതും കുഴിയില്‍ റസിഡന്റ്‌സ്അസോസിയേഷന്റെ അനുമോദനയോഗമുണ്ട്. ഭാര്യ സാവിത്രിയ്ക്കും മകള്‍ സുമയ്ക്കും കൊച്ചുമോനുമൊപ്പം പോവണം.'' ലോകത്ത് വേണ്ടുവോളം ദുഖമുണ്ട് നമുക്കു ചുറ്റും. അതെക്കുറിച്ച് ആലോചിച്ചാല്‍ അന്തമുണ്ടാവില്ല. മനസ്തണുപ്പിക്കാന്‍ നോക്കണം. ചിരി തേടണം.''
Content Highlights: Cartoonist Sukumar passes away, Old interview with catoonist Sukumar