ദേശീയകക്ഷികളും പ്രാദേശിക പാര്‍ട്ടികളുമെല്ലാം കാര്‍ട്ടൂണിനോട് അതിക്രമം ചെയ്തിട്ടുണ്ട് - ഇ.പി. ഉണ്ണി

കൊച്ചി: ''പാലക്കാട് വിക്ടോറിയ കോളേജില്‍ പഠിക്കുന്ന കാലംമുതല്‍ക്ക് പത്രത്തിലും മറ്റും കാണുന്ന കാര്‍ട്ടൂണുകളുടെ അബു, ഒ.വി. വിജയന്‍, രജീന്ദര്‍ പുരി തുടങ്ങിയവരുടെ സ്വാധീനം ആദ്യകാലത്ത് എന്റെ കാര്‍ട്ടൂണിലുണ്ടായിരുന്നു. ഇന്ന് തുടക്കക്കാര്‍ക്ക് ലോകത്തെ പ്രശസ്തരായ കാര്‍ട്ടൂണിസ്റ്റുകളുടെയെല്ലാം സൃഷ്ടികള്‍ കാണാം, ഒരു ക്ലിക്ക് മതി. ഇന്‍ര്‍നെറ്റ് ആഗോളസാധ്യതകള്‍ തുറന്നിട്ടു. പണ്ട് പേപ്പറില്‍ വരച്ചിരുന്ന ഞാനും ടാബില്‍ മൂന്നുവര്‍ഷമായി വരയ്ക്കാറുണ്ട്.''
പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഇ.പി. ഉണ്ണി, കാലത്തിന്റെ വേഗത്തെക്കുറിച്ച് പറയുന്നു. 1973-ലാണ് ഉണ്ണിയുടെ ആദ്യ കാര്‍ട്ടൂണ്‍ അച്ചടിച്ചുവന്നത്, ശങ്കേഴ്‌സ് വീക്കിലിയില്‍. കാര്‍ട്ടൂണ്‍ ജീവിതത്തിന്റെ തുടക്കം 1977 -ല്‍ ചെന്നൈയില്‍ ദ ഹിന്ദു പത്രത്തിലാണ്.
പിന്നെ രാഷ്ട്രീയത്തിലെ ചുഴിയും മലരിയും കണ്ട്, ഭരണകൂടങ്ങളുടെ ഉദയാസ്തമയങ്ങള്‍ക്ക് സാക്ഷിയായി ഡല്‍ഹിയില്‍. ആ കാര്‍ട്ടൂണ്‍യാത്രയുടെ ഡോക്യുമെന്ററിയാണ് കേരള മീഡിയ അക്കാദമി നിര്‍മിച്ച് ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'കറുപ്പ് വെളുപ്പിനെ വളയുമ്പോള്‍'. ഇതിന്റെ ആദ്യ പ്രദര്‍ശനം കൊച്ചി ബിനാലെയിലെ കബ്രാള്‍ യാര്‍ഡില്‍ ഈ ഞായറാഴ്ച രാവിലെ 11-ന് നടക്കും. അതിന്റെ പശ്ചാത്തലത്തില്‍ ഇ.പി. ഉണ്ണി 'മാതൃഭൂമി'യോട് സംസാരിക്കുന്നു;
കലയോടുള്ള അസഹിഷ്ണുതയെ കുറിച്ച്
പഴയ നെഹ്‌റുവിയന്‍ പാരമ്പര്യത്തിലെ ഭരണകൂടത്തിന്റെ സഹിഷ്ണുതയും സമീപനങ്ങളും... ആ അളവുകോല്‍ വെച്ചാണ് നാം സാഹചര്യത്തെ അളക്കുന്നത്. ഗാന്ധിജി, നെഹ്‌റു, എ.കെ.ജി., ഇ.എം.എസ്. അവരുടെ കാലമല്ല ഇന്ന്.
തലമുറമാറ്റം... കലയോട് മാത്രമല്ല, എല്ലാത്തിലും അസഹിഷ്ണുത കയറിവരുന്നുണ്ട്. അപ്രഖ്യാപിതവും വികേന്ദ്രീകരിക്കപ്പെട്ടതുമായ അത് നമ്മുടെ വാതില്‍ക്കലെത്തിക്കഴിഞ്ഞു. ആള്‍ക്കൂട്ടങ്ങള്‍ തല്ലിക്കൊല്ലുന്നതും മറ്റും...ആരു ഭരിക്കുമ്പോഴും എന്തും ചെയ്യാമെന്ന നില വന്നിട്ടുണ്ട്. ദേശീയകക്ഷികളും പ്രാദേശിക പാര്‍ട്ടികളുമെല്ലാം കാര്‍ട്ടൂണിനോട് അതിക്രമം ചെയ്തിട്ടുണ്ട്.
ഒരു തമാശ ഷെയര്‍ ചെയ്ത ജാദവ്പുര്‍ സര്‍വകലാശാലയിലെ പ്രൊഫസറെ മമത സര്‍ക്കാര്‍ തടവിലിട്ടിട്ടുണ്ട്. നമുക്ക് ചില നിയമങ്ങളോ വഴക്കങ്ങളോ വേണം. തമിഴ്‌നാട്ടില്‍ അത് ചെയ്തത് ഒരു ദ്രാവിഡപാര്‍ട്ടിയാണ്. കേരളത്തില്‍ ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ അവാര്‍ഡ് തടഞ്ഞത് ഒരു ഇടതുപക്ഷ സര്‍ക്കാരാണ്.
വരയില്‍ വിമര്‍ശിക്കുമ്പോഴും നെഹ്‌റുവും ശങ്കറുമായുള്ള സൗഹൃദമുണ്ടായിരുന്നല്ലോ.
ആ കാലം മാറി. നാലുതവണ ഞാന്‍ ഇ.എം.എസിനെ കണ്ടിട്ടുണ്ട്. ചിലത് ദീര്‍ഘസംഭാഷണങ്ങളായിരുന്നു. അതില്‍ രാഷ്ട്രീയവും സമൂഹവും കാര്‍ട്ടൂണുമെല്ലാം കടന്നുവരുമായിരുന്നു. തര്‍ക്കം രസിക്കുന്ന ആളായിരുന്നു. പോരാത്തതിന് ശങ്കറുമായി സൗഹൃദവുമുണ്ടായിരുന്നു. സൂക്ഷ്മമായി കാര്യങ്ങള്‍ നിരീക്ഷിക്കുമായിരുന്നു കരുണാനിധി. ഉള്ളില്‍ കാര്‍ട്ടൂണിന്റെ കുസൃതിയുണ്ടായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് രാഷ്ട്രീയനേതാക്കള്‍ പേരുവെച്ച് ലേഖനം എഴുതരുതെന്ന നിയമംവന്നപ്പോള്‍ പേരിന് പകരം ലേഖനത്തിനൊപ്പം ചിത്രം കൊടുത്ത് പ്രസിദ്ധീകരിച്ചയാളാണ് അദ്ദേഹം.
നിര്‍മിതബുദ്ധി കാര്‍ട്ടൂണിനെ ബാധിക്കുമോ
നിര്‍മിതബുദ്ധിയെ കുറിച്ചുതന്നെ അസംഖ്യം കാര്‍ട്ടൂണുകള്‍ വരയ്ക്കാം. രസകരമായ വിഷയമാണ്.
Content Highlights: E.P.Unni, Kochi-Muziris Biennale, Ernakulam, Mathrubhumi