താനെഴുതിയ കഥയുടെ പരിഭാഷ വായിച്ച ബോര്‍ഹെസ് എഴുതി;'മേലില്‍ ഇതുപോലുള്ള പണി ചെയ്തേക്കരുത്'

ഇതിഹാസ സാഹിത്യകാരന് ബോര്‍ഹെസ് കേന്ദ്രകഥാപാത്രമാവുന്ന ബ്രസീലിയന്‍ എഴുത്തുകാരന് ലൂയിസ് ഫെര്നാന്ദോ വെരീസ്സിമോ(Luis Fernando Verissimo)യുടെ 'Borges and The Eternal Orangutans' എന്ന നോവലിനെക്കുറിച്ച്;
പോളിഷ്-ബ്രിട്ടീഷ് എഴുത്തുകാരനായ ജോസെഫ് കോണ്റാഡിന് Terra Firma (ഉറച്ചഭൂമി) എന്ന പദം ഇഷ്ടമല്ലായിരുന്നു. അവിടെ മനുഷ്യര്‍ കഥയില്ലാത്ത പിശാചുക്കളായിത്തീരും. അതുകൊണ്ടാവാം കഥപറച്ചിലിന് കടലാണ് നല്ലതെന്ന് അദ്ദേഹം വിശ്വസിച്ചു. അറ്റമില്ലാത്ത കടല്‍. ഇംഗ്ലീഷ് ഗണിതശാസ്ത്രജ്ഞനും ജ്യൗതിഷിയും മാന്ത്രികനുമായ ജോണ്‍ ഡീയുടെ(John Dee) 'നിത്യവാനരന്' (The Eternal Orang Utan) എന്ന സങ്കല്പം മറ്റൊരുതരം അപാരതയാണ്. അതില്‍ സമുദ്രംപോലുള്ള അനന്തതയില്‍ നിത്യവാനരന് ഉറപ്പേറിയ തൂലികയും വറ്റാത്ത മഷിയുമുപയോഗിച്ച് ലോകത്തിലെ എല്ലാ പുസ്തകങ്ങളും എഴുതിക്കൊണ്ടിരിക്കുന്നു. അവയില്‍ ആ ജീവി സ്വന്തമായി എഴുതിയവയുമുണ്ട്. ഈ സങ്കല്പത്തെ അടിസ്ഥാനമാക്കിയാണ് 'പ്രശ്നപരിഹാരങ്ങള്‍ ഗ്രന്ഥപ്പുരകളിലാണുള്ളത്' എന്ന് അര്‍ജന്റൈന്‍ എഴുത്തുകാരനായ ഹോര്‍ഹെ ലൂയിസ് ബോര്‍ഹെസ് അഭിപ്രായപ്പെട്ടത്. ബോര്‍ഹെസിന്റെ ഈ സിദ്ധാന്തത്തെ ബ്രസീലിയന്‍ നോവലിസ്റ്റും സംഗീതജ്ഞനും കാര്‍ട്ടൂണിസ്റ്റുമായ ലൂയിസ് ഫെര്നാന്ദോ വെരീസ്സിമോ (Luis Fernando Verissimo) ഒരു പുസ്തകമാക്കിമാറ്റി. അതാണ് ഇന്ന് ലാറ്റിനമേരിക്കയിലെ ഏറ്റവും പ്രശസ്തമായ കൃതികളിലൊന്നായ 'Borges and the Eternal Orangutan' എന്ന നോവല്‍.
നോവലിലെ കഥാപാത്രമായ വോഗെല്സ്റ്റെയ്ന് ഒരിക്കല്‍ ബോര്‍ഹെസിന്റെ ഒരു കഥ പോര്‍ച്ചുഗീസ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നു. പരിഭാഷ തീര്‍ന്നപ്പോള്‍ വോഗെല്സ്റ്റെയ്ന് തോന്നി കഥ അത്ര പോരായെന്ന്. ഉടന്‍തന്നെ അയാള്‍ സ്വന്തമായി ചിലഭാഗങ്ങള്‍ എഴുതിച്ചേര്‍ത്ത് കഥ 'ഗംഭീരമാക്കി.' കഷ്ടകാലത്തിന് ബോര്‍ഹെസ് ഈ പരിഭാഷ വായിക്കാനിടയായി. അധികം വൈകാതെ 'മേലില്‍ ഇതുപോലുള്ള പണി ചെയ്തേക്കരുത്' എന്ന് കാണിച്ചുകൊണ്ടുള്ള ബോര്‍ഹെസിന്റെ എഴുത്ത് വോഗെല്സ്റ്റെയ്ന് കിട്ടുന്നു. ബോര്‍ഹെസ് ആരാണെന്നറിയാത്ത വോഗെല്സ്റ്റെയ്ന്, തന്റെ പരിഭാഷയാണ് ഒറിജിനലിനെക്കാള് നന്നായത് എന്നും പറഞ്ഞ് മറുപടിയും കൊടുത്തു. അത് കഴിഞ്ഞിട്ടാണ് അയാള്‍ ബോര്‍ഹെസ് ആരാണെന്നറിയുന്നത്. പിന്നെ കരച്ചിലായി, കാലുപിടിത്തമായി. മാപ്പപേക്ഷിച്ചുകൊണ്ട് അയാളയച്ച കത്തുകള്‍ക്കൊന്നും പക്ഷേ, മറുപടിവന്നില്ല. ബോര്‍ഹെസിനെ നേരില്‍ക്കാണാനും അയാള്‍ക്ക് കഴിഞ്ഞില്ല.
അങ്ങനെയിരിക്കെയാണ് ബോര്‍ഹെസിന് ഏറ്റവും ഇഷ്ടമുള്ള എഴുത്തുകാരിലൊരാളായ എഡ്ഗാര്‍ അലന് പോയുടെ എഴുത്തിലെ നിഗൂഢതകള്‍ വിശകലനംചെയ്യുന്ന 'ഇസ്രാഫെല് സഭ' എന്ന സംഘടനയുടെ ഒരു യോഗം അര്‍ജന്റീനയില്‍വെച്ച് നടക്കുന്നുണ്ടെന്നകാര്യം അയാളറിയുന്നത്. പരിപാടിയില്‍ ബോര്‍ഹെസും പങ്കെടുക്കുന്നുണ്ടെന്നറിഞ്ഞതോടെ വോഗെല്സ്റ്റെയ്ന് ആവേശഭരിതനായി. അയാള്‍ അര്‍ജന്റീനയിലെത്തി. യോഗത്തിന് മുന്നോടിയായി ഹോട്ടലില്വെച്ചുനടന്ന വിരുന്നില്‍ അയാള്‍ക്ക് ബോര്‍ഹെസിനെ പരിചയപ്പെടാന്‍ അവസരം ലഭിച്ചു. അയാളുടെ ജീവിതത്തിലെ ഏറ്റവും ആഹ്ലാദംനിറഞ്ഞ സന്ദര്‍ഭമായിരുന്നു അത്.
ഇസ്രാഫെല് സഭയിലെ അംഗങ്ങളും പരസ്പരം തീവ്രമായി വെറുക്കുന്നവരുമായ ജൊവാഹിം റോത്കഫ്, സവിയര്‍ ഉര്‍ക്വിസ, ഒലിവര്‍ ജോണ്സണ് എന്നിവര്‍ താമസിക്കുന്ന ഹോട്ടലിലാണ് വോഗെല്സ്റ്റെയ്നും മുറികിട്ടിയത്. രാത്രി വോഗെല്സ്റ്റെയ്ന്റെ മുറിയിലേക്ക് റോത്കഫ് ഫോണ്‍ചെയ്യുന്നു. അവ്യക്തമായിരുന്നു അയാളുടെ ശബ്ദം. അയാളുടെ മുറി പൂട്ടിയിരിക്കയാണെന്ന് കണ്ടപ്പോള്‍ ഹോട്ടല്‍ ജീവനക്കാരന്റെ സഹായത്തോടെ വോഗെല്സ്റ്റെയ്ന് വാതില്‍ തുറന്നു. കുത്തേറ്റ് ചോരവാര്‍ന്ന് മരിച്ചുകിടക്കുന്ന റോത്കഫിനെയാണ് അയാള്‍ കണ്ടത്. ഉള്ളില്‍നിന്ന് പൂട്ടിയ മുറിയില്വെച്ചുനടന്ന കൊലപാതകത്തെപ്പറ്റി പോലീസിന് ഒരു തുമ്പും കിട്ടിയില്ല. പിറ്റേദിവസം അന്വേഷണോദ്യോഗസ്ഥനായ കുയെര്വോ, വോഗെല്സ്റ്റെയ്നിനെയും കൂട്ടി ബോര്‍ഹെസിന്റെ വീട്ടിലെ വിഖ്യാതമായ ലൈബ്രറിയിലെത്തി. അവിടെയിരുന്ന് അന്ധനായ ആ എഴുത്തുകാരന് വോഗെല്സ്റ്റെയ്ന് നല്കിയ സൂചനകള്‍ കോര്‍ത്തിണക്കി കൊലപാതകിയെ കണ്ടെത്തുന്നതാണ് നോവലിന്റെ ഇതിവൃത്തം.
ഒരു ത്രില്ലര്‍ എന്ന നിലയിലല്ല, ബോര്‍ഹെസിയന്‍ കഥകളിലെ നിഗൂഢതകള്‍ മുഴുവന്‍ ചേര്‍ത്തുവെച്ചാണ് വെരീസ്സിമോ നോവല്‍ രചിച്ചിരിക്കുന്നത്. അനേകം പുസ്തകങ്ങള്‍, അവയിലെ അനേകം ഉദ്ധരണികള്‍ എന്നിവ ഇതില്‍ ചേര്‍ത്തിരിക്കുന്നു.
'ജീവിക്കുക എന്നാല്‍, അടയാളങ്ങള്‍ അവശേഷിപ്പിക്കുക എന്നതാണ്' എന്ന ജര്‍മന്‍ ചിന്തകന്‍ വാള്‍ട്ടെര്‍ ബെന്യാമിന്റെ വാക്കുകളെയാണ് ബോര്‍ഹെസിന്റെ കുറ്റാന്വേഷണം ഓര്‍മിപ്പിക്കുന്നത്. ഈ അടയാളങ്ങള്‍, അമേരിക്കന്‍ എഴുത്തുകാരനായ ലവ്ക്രാഫ്റ്റിന്റെ (H.P. Lovecraft) മൃതനാമങ്ങളുടെ പുസ്തകം (Necronomicon) എന്ന രചനയിലേക്ക് വായനക്കാരെ നയിക്കുന്നു. ലവ്ക്രാഫ്റ്റ് എഴുതി: 'ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവനായ മാര്‍ദൂക് ദുഷ്ടശക്തിയായ തിയാമാകിനെ നേരിടാന്‍ നിയോഗിക്കപ്പെട്ടു. അമ്പത് ചിഹ്നങ്ങള്‍ അതിനുവേണ്ടി ദൈവം അയാള്‍ക്ക് നല്കി.' കുത്തേറ്റുകിടന്ന റോത്കഫിന്റെ ശരീരവും കണ്ണാടിയിലെ അതിന്റെ പ്രതിബിംബവും സൃഷ്ടിച്ച ചിഹ്നങ്ങളില്നിന്നാണ് ബോര്‍ഹെസ് കുറ്റവാളിയെ കണ്ടെത്തുന്നത്.
'The Hieroglyphic Monad' എന്ന പുസ്തകത്തില്‍ ജോണ്‍ ഡീ, ബുധന്‍ എന്ന ഗ്രഹത്തെപ്പറ്റി പറയുന്നുണ്ട്. ഒരു അപരനുണ്ട് ബുധഗ്രഹത്തിന്. ഡീ എഴുതുന്നു: 'സൂര്യന്റെയും ചന്ദ്രന്റെയും മാന്ത്രികത്വത്തെപ്പറ്റി അറിയണമെങ്കില്‍ ഈ അപരഗ്രഹം രചിക്കുന്ന ചിത്രലിപികള്‍ മനസ്സിലാക്കിയിരിക്കണം.' വെരീസ്സിമോയുടെ നോവലില്‍ വോഗെല്സ്റ്റെയ്ന് പറയുന്ന കഥ കേള്‍ക്കുന്ന ബോര്‍ഹെസിന്റെ അപരനാണ് കുറ്റാന്വേഷകനായ ബോര്‍ഹെസ്. ആ അപസര്‍പ്പകനും നിഗൂഢലിപികളില്നിന്നാണ് തന്റെ കണ്ടെത്തലുകള്‍ നടത്തുന്നത്. ബോര്‍ഹെസിന്റെ തത്ത്വചിന്താപരമായ രചനകള്‍ക്ക് കുറ്റാന്വേഷണ കഥയുടെ ഘടനയാണുള്ളതെങ്കിലും അദ്ദേഹം സൃഷ്ടിച്ച ഇസിദ്രോ പരോദി എന്ന അപസര്പ്പകനെക്കുറിച്ചും അദ്ദേഹത്തിന്റെ കുറ്റാന്വേഷണത്തിലെ തത്ത്വചിന്തയെക്കുറിച്ചും പലര്‍ക്കുമറിയില്ല. 'Six Problems for Don Isidro Parodi' എന്ന പുസ്തകത്തില്‍ 'അപരന്മാര് എല്ലാവരുമാണ് ഞാന്‍' എന്നും 'എന്റെ കണ്ണുകൊണ്ട് ഞാന്‍ ചാരപ്രവൃത്തി ചെയ്യുന്നു'വെന്നും ബോര്‍ഹെസ് സൂചിപ്പിക്കുന്നു. ഈ പുസ്തകങ്ങള്‍കൂടി വായിച്ചെങ്കിലേ വെരീസ്സിമോയുടെ 'ബോര്‍ഹെസിയന്‍' നോവല്‍ പൂര്‍ണമായി മനസ്സിലാവുകയുള്ളൂ എന്നുകൂടി പറയേണ്ടതുണ്ട്.
ബോര്‍ഹെസിന്റെ ഗ്രന്ഥാലയത്തില്‍ ഇറ്റാലിയന്‍ ചിത്രകാരനായ ജ്യോവാന്നി പിറനേസിയുടെ അനേകം രചനകളുണ്ടായിരുന്നത്രേ. ഭാവനയില്‍, അന്ധനും മഹാനുമായ ആ എഴുത്തുകാരന് ചുറ്റിച്ചുഴലും വഴികള്‍ നിറഞ്ഞ എടുപ്പുകളും തടവറകളുമുള്ള ആ ചിത്രങ്ങളിലൂടെ നടന്നിട്ടുണ്ടാവും. കുറ്റാന്വേഷണത്തിലെ അടയാളങ്ങള്‍ ചോരപ്പാടുകള്‍ മാത്രമല്ല നിഗൂഢമായ, ആരും പറഞ്ഞിട്ടില്ലാത്ത കഥകളാണെന്നുകൂടി അറിഞ്ഞുകൊണ്ട്.
Content Highlights: Borges responds to Luis Fernando Verissimo's novel in Vakkolam by Jayakrishnan