പറഞ്ഞയക്കാൻ മാത്രം അവർ സ്നേഹിച്ചു; അന്ന് സുരക്ഷയ്ക്കായി അവൾ കത്തി കരുതി: വലിയ കാര്യങ്ങളുടെ ദൈവമാതാവ്

സമൂഹത്തിന്റെ ചുവരിൽ ചില്ലിട്ടുവെച്ച എത്രയോ വൈരൂപ്യങ്ങളെ അരുന്ധതി റോയ്തന്റെ പുതിയ പുസ്തകത്തിൽവലിച്ചു താഴെയിടുന്നു. പക്ഷേ, താനേറെ വെറുക്കുകയും അതുപോലെ സ്നേഹിക്കുകയും ചെയ്ത ഒരാൾമാത്രം അവരുടെ എഴുത്തിൽ ഉടഞ്ഞുചിതറാതെ തലയുയർത്തി നിൽക്കുകയും ചെയ്യുന്നു -മേരി റോയ്
എത്രയെത്ര തവണയാണ് സഹിക്കാനാവാത്ത ആളുകളെ വർഷങ്ങളോളം നമ്മൾ സഹിച്ചത്? നമ്മളെവരെ ചുവരിൽനിന്ന് വലിച്ച് താഴെയിട്ടില്ല; അങ്ങനെയൊരു കാര്യം സങ്കല്പിക്കുകപോലും ചെയ്തില്ല. മറ്റുള്ളവരുടെ വീട്ടിൽ നമ്മുടെ വിമർശനത്തിനിരയായ പലതും നമ്മുടെ വീട്ടിൽ നമ്മൾ സൂക്ഷിച്ചുവെച്ചു.” Time and Space: A Poetic Autobiography എന്ന പുസ്തകത്തിൽ സ്പാനിഷ് മഹാകവി ഹുവാൻ റമോൺ ഹിമേനെത്ത് (Juan Ramon Jimenez) എഴുതി. ഇപ്പോൾ അരുന്ധതി റോയിയുടെ ഓർമ്മക്കുറിപ്പായ Mother Mary Comes to Me വായിക്കുമ്പോൾ സമൂഹത്തിന്റെ ചുവരിൽ ചില്ലിട്ടുവെച്ച എത്രയോ വൈരൂപ്യങ്ങളെ അവർ വലിച്ചു താഴെയിടുന്നതായി കാണുന്നു. പക്ഷേ, താനേറെ വെറുക്കുകയും അതുപോലെ സ്നേഹിക്കുകയും ചെയ്ത ഒരാൾമാത്രം അവരുടെ എഴുത്തിൽ ഉടഞ്ഞുചിതറാതെ തലയുയർത്തി നിൽക്കുകയും ചെയ്യുന്നു. അവരുടെ അമ്മയായ മേരി റോയിയാണ് അത്.
“ദൈവത്തെയാണോ അച്ഛനെയാണോ തിരഞ്ഞെടുക്കുക എന്നു ചോദിച്ചാൽ ഞാൻ തിരഞ്ഞെടുക്കുന്നത് അച്ഛനെയായിരിക്കും.” -എന്ന് Oblivion എന്ന ഓർമ്മക്കുറിപ്പിൽ കൊളംബിയൻ എഴുത്തുകാരനായ എക്തൊർ അവാദ് (Hector Abad) പറയുന്നുണ്ട്. അതുപോലൊരു തിരഞ്ഞെടുപ്പ് തന്റെ അമ്മയെ സംബന്ധിച്ച് അരുന്ധതി റോയ് നടത്തുമോ എന്ന് നിശ്ചയമില്ല. പക്ഷേ, ക്രിസ്തീയ വിശ്വാസമനുസരിച്ച് യേശുവിന്റെ അടുക്കൽ മധ്യസ്ഥയായി നിൽക്കുന്ന ദൈവമാതാവായ കന്യാമറിയത്തിനെ അനുസ്മരിപ്പിക്കുന്ന പേര് തന്റെ ഓർമ്മക്കുറിപ്പുകൾക്കു നൽകുമ്പോൾ അവരും അത്തരമൊരു ചിന്തയിലൂടെ കടന്നുപോയിട്ടുണ്ടാകണം. ‘‘എന്നെ പറഞ്ഞയക്കാൻമാത്രം അവരെന്നെ സ്നേഹിച്ചിരുന്നു.” എന്ന് തന്റെ നോവലിന്റെ തുടക്കത്തിൽ അരുന്ധതി എഴുതിയത് തന്റെ അമ്മയുമായുള്ള ബന്ധത്തിന്റെ ഒരു അടിക്കുറിപ്പെന്ന നിലയിലാണ്. ആ നോവലിലെ യഥാതഥമായ ഒരേയൊരു കാര്യം അതാണെന്ന് എഴുത്തുകാരിയുടെ സഹോദരൻ തമാശയായി പറയുമായിരുന്നു.
പതിനാറ് വയസ്സുള്ളപ്പോൾ ഒറ്റയ്ക്ക് താൻ ഡൽഹിയിലേക്ക് പോയതിനെപ്പറ്റി അരുന്ധതി എഴുതുന്നുണ്ട്. ഹിന്ദി ഭാഷയുടെ അടിസ്ഥാനബോധം പോലുമില്ലാതിരുന്ന ആ പെൺകുട്ടി നിസാമുദ്ദീൻ സ്റ്റേഷനെത്തിയപ്പോൾ വല്ലാതെ ഭയന്നുപോയി. സുരക്ഷയ്ക്കുവേണ്ടി സഞ്ചിയിൽ അവളൊരു കത്തി സൂക്ഷിച്ചു. ഡൽഹി മറ്റൊരു രാജ്യമാണെന്ന് അവൾക്കു തോന്നി. മറ്റൊരു ഭാഷ, മറ്റൊരു കാലാവസ്ഥ, മറ്റൊരുതരം ഭക്ഷണം, എല്ലാം വ്യത്യസ്തം. എന്തിനായിരുന്നു എഴുത്തുകാരി നാടുവിട്ടത്? ഓർമ്മക്കുറിപ്പിൽ അതിനുള്ള ഉത്തരമുണ്ട്: ‘‘അമ്മയോട് സ്നേഹമില്ലാത്തതു കൊണ്ടല്ല, തുടർന്നും സ്നേഹിക്കാൻ വേണ്ടിയാണ് ഞാനവരെ വിട്ടുപോയത്. അവരുടെ അടുത്തു തന്നെ നിന്നിരുന്നെങ്കിൽ അത് അസാധ്യമാകുമായിരുന്നു. വിട്ടുപോയതിനുശേഷം വർഷങ്ങളോളം ഞാനവരെ കാണുകയോ സംസാരിക്കുകയോ ചെയ്തില്ല. അമ്മ എന്നെയും അന്വേഷിച്ചില്ല. എന്തിനാണ് ഞാൻ അവരെ വിട്ടുപോയതെന്ന് അവരൊരിക്കലും ചോദിച്ചതുമില്ല. അതിന്റെ ആവശ്യവും ഇല്ലായിരുന്നു. അതറിയാമായിരുന്നു ഞങ്ങളിരുവർക്കും. ഞങ്ങൾ ഒരു നുണയിൽ സ്വസ്ഥമായിരുന്നു; നല്ലൊരു നുണയിൽ”
നിലവിലുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങൾക്ക് പലതരത്തിലും സമാന്തരമായി പ്രവർത്തിച്ച ഒരു സ്കൂൾ മേരി റോയ് നടത്തിയിരുന്നു. അവിടെത്തന്നെയാണ് അരുന്ധതിയും സഹോദരനും പഠിച്ചത്. മറ്റു കുട്ടികൾക്കില്ലാത്ത യാതൊരു പ്രത്യേകാവകാശവും മേരി റോയി മക്കൾക്ക് അനുവദിച്ചില്ല. അവർ സ്വന്തം അമ്മയെ മിസ്സിസ് റോയ് എന്നാണ് വിളിച്ചിരുന്നത്. മറ്റു കുട്ടികളെക്കാൾ അവർ അരുന്ധതിയെയും സഹോദരനെയും ശിക്ഷിച്ചു. ചിലപ്പോൾ മറ്റു കുട്ടികൾക്ക് കൊടുക്കേണ്ട ശിക്ഷകൂടി അവർക്കുകിട്ടി. ആസ്‌ത്‌മ രോഗം വരുമ്പോഴൊക്കെ താൻ മരിച്ചു പോകുമെന്ന് പറഞ്ഞ് അവർ അരുന്ധതിയെ പേടിപ്പിച്ചു: ‘‘അങ്ങനെ വന്നാൽ തെരുവിൽ കിടന്നുചാകുകയല്ലാതെ അവൾക്ക് മറ്റൊരു ഗതിയുമുണ്ടാവില്ല.’’ ഒടുവിൽ അമ്മ മരിക്കാതിരിക്കാൻ അവർക്കുവേണ്ടി ശ്വസിക്കാൻ അരുന്ധതി തീരുമാനിച്ചു. താനെങ്ങനെ അമ്മയുടെ അദൃശ്യമായ ശ്വാസകോശമായി എന്ന് സുന്ദരമായ ഭാഷയിൽ അവർ എഴുതുന്നു.
അക്കാലത്ത് പലർക്കും ചിന്തിക്കാൻ പോലുമാവാത്ത ലൈംഗികവിദ്യാഭ്യാസംപോലും തന്റെ സ്കൂളിലെ കുട്ടികൾക്ക് മേരി റോയ് നൽകി. വെറും ലൈംഗികോപകരണങ്ങളായി ആൺകുട്ടികൾ പെൺകുട്ടികളെ കാണരുതെന്ന് അവർ തീർച്ചപ്പെടുത്തിയിരുന്നു. ഇറ്റാലിയൻ ചലച്ചിത്രകാരനായ ഫെദെറീക്കോ ഫെല്ലീനിയുടെ Amarcord എന്ന സിനിമയിലെ ‘തിത്ത’ എന്ന കൗമാരക്കാരൻ ഒരു സ്ത്രീയുടെ മാറിടം കണ്ട് വിഹ്വലനായി പനിപിടിച്ചുകിടന്ന് ‘എനിക്ക് ആഫ്രിക്കയിലേക്ക് പോകണം’ എന്ന് പിച്ചും പേയും പറഞ്ഞതുപോലുള്ള അവസ്ഥ സ്കൂളിലെ ആൺകുട്ടികൾക്കുണ്ടാകാതിരിക്കാൻ അവർ ചെയ്തതെന്തെന്ന് Federico Fellini and that Kottayam Santa എന്ന അധ്യായത്തിൽ അവർ വിവരിക്കുന്നുണ്ട്. എന്നാൽ, അതേസമയം ഒരു കിഴവനിൽനിന്ന് അരുന്ധതി പീഡനത്തിനിരയാവുകയും ചെയ്യുന്നുണ്ട്.
Walking with the Comrades എന്ന പുസ്തകത്തിൽ ഛത്തീസ്ഗഢിലെ ദന്ദെവാഡ എങ്ങനെയാണ് മാവോയിസ്റ്റ് കേന്ദ്രമായി രൂപപ്പെട്ടത് എന്നതിനെക്കുറിച്ച് അരുന്ധതി എഴുതിയിട്ടുണ്ട്. അവിടെ എല്ലാം വൈരുധ്യങ്ങളായിരുന്നു. കീഴ്‌മേൽ മറിഞ്ഞ അവിടെ പോലീസുകാർ സാധാരണ വസ്ത്രവും കലാപകാരികൾ യൂണിഫോമും ധരിച്ചു. ഗ്രാമങ്ങൾ വിജനവും കാടുകൾ ജനനിബിഡവും ആയിരുന്നു. ബലാൽക്കാരത്തിനിരയായ സ്ത്രീകൾ പോലീസ് കസ്റ്റഡിയിൽ കഴിയുമ്പോൾ അവരെ പീഡിപ്പിച്ചവർ അങ്ങാടിയിൽ സ്വതന്ത്രരായിനിന്ന് പ്രസംഗിച്ചു. ഈ പുസ്തകത്തിന്റെ രചനയ്ക്ക് കാരണമായ സംഭവങ്ങളും ഓർമ്മക്കുറിപ്പിലുണ്ടെങ്കിലും ഇവിടെ ചിലപ്പോഴൊക്കെ കാല്പനികതയുടെ ആധിക്യംകൊണ്ട് അരുന്ധതിയുടെ ഭാഷ ദുർബലമാകുന്നുണ്ടെന്ന് പറയാതെ വയ്യ.
‘‘ഏകാന്തത അത്രയേറെ വീര്യമുള്ളതായിരുന്നു. അതുകൊണ്ട് സ്വന്തം ജീവിതം ജീവിക്കേണ്ടതെങ്ങനെയെന്ന് എനിക്കറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ ഒടുവിൽ ആരുടേതുമല്ലാത്ത ഒരു ജീവിതം ഞാൻ ജീവിക്കാൻ തുടങ്ങി. ഞാനാരുമല്ലായിയിരുന്നു. ജീവിക്കുകയല്ലായിരുന്നെങ്കിലും ജീവിക്കുന്നതായി അഭിനയിക്കുകയായിരുന്നു ഞാൻ.” October Child എന്ന പുസ്തകത്തിൽ സ്വീഡിഷ് എഴുത്തുകാരി ലിൻദ ബൂസ്ട്രം ക്നൗസ്ഗോർഡ് (Linda Bostrom Knausgard) ഇങ്ങനെ എഴുതി. പക്ഷേ, അരുന്ധതി റോയ് ജീവിച്ചത് അവരുടെമാത്രം ജീവിതമായിരുന്നു; മറ്റനേകം ജീവിതങ്ങളിലൂടെ അവർ കടന്നുപോകുന്നുണ്ടെങ്കിൽക്കൂടി.
Content Highlights: Arundhati Roy's "Mother Mary Comes to Me": A Memoir of Love, Loss, and Liberation