എ.എസ്; സാല്‍വദോര്‍ ദാലിയുടെ നോട്ടവും തലയെടുപ്പുള്ള ആ നടത്തവും...- മദനന്‍

ഒരു ചിത്രകലാ അധ്യാപകനായി ഒതുങ്ങിപ്പോവുമായിരുന്ന ആര്‍ട്ടിസ്റ്റ് മദനനെ മാതൃഭൂമിയിലെ കേളികേട്ട ചിത്രകലാകാരന്മാരോടൊപ്പം പ്രതിഷ്ഠിച്ചത് മുതിര്‍ന്ന ചിത്രകാരന്‍ എ.എസ്സാണ്. നിറം മങ്ങിയ ജീവിതം നയിച്ചുകൊണ്ട് നിറങ്ങളോടൊപ്പം സഞ്ചരിച്ച മനുഷ്യന്‍- അത്തിപ്പറ്റ ശിവരാമന്‍ എന്ന എ.എസ്. എ.എസ്സിന്റെ നിര്‍ദ്ദേശത്താല്‍ വര തന്നെ ജീവിതമാക്കിയ മദനന്‍, എ.എസ്സിന്റെ അകാലവിയോഗത്തെക്കുറിച്ചും വ്യക്തിബന്ധത്തെക്കുറിച്ചും മദനന്‍ സംസാരിക്കുന്നു:
എ.എസ് എന്ന ചിത്രകാരനെ ഓര്‍ക്കാനുള്ള ദിവസമാണ് എന്നെ സംബന്ധിച്ചിടത്തോളം ജൂണ്‍ മുപ്പത്. കുട്ടിക്കാലം മുതലേ ചിത്രങ്ങളോട് എനിക്ക് വലിയ താല്പര്യമായിരുന്നു. ഞാന്‍ കണ്ടു വളര്‍ന്നതാവട്ടെ, എ.എസ്, ആര്‍ടിസ്റ്റ് നമ്പൂതിരി, ജനയുഗത്തിലെ ഗോപാലന്‍, മലയാള മനോരമ വാരികയിലെ ബോബനും മോളിയും തുടങ്ങിയവരുടെ ചിത്രങ്ങളെയാണ്. അക്കാലത്തും എക്കാലത്തും എന്നെ അത്ഭുതപ്പെടുത്തിയത് എ.എസ്സിന്റെയും നമ്പൂതിരിയുടെയും ചിത്രങ്ങളായിരുന്നു. എ.എസ്സിന്റെ ഗ്രാമഭംഗി, ശക്തി...അങ്ങനെ ഒരുപാട് വരകള്‍ കോറിയിട്ട് അതിന്മേല്‍ ചിത്രങ്ങളുണ്ടാക്കുന്ന ശൈലി എനിയ്ക്കത്ഭുതമായിരുന്നു. പഴയകാല ചിത്രീകരണ രീതി നോക്കുമ്പോള്‍ എ.എസ്സും നമ്പൂതിരിയും ഒരേ ശൈലിയിലാണ് തുടക്കത്തില്‍ വരച്ചുകൊണ്ടിരുന്നത്.
കാലങ്ങള്‍ക്കുശേഷം നമ്പൂതിരി നേരിയവരകളില്‍ കോറിയിട്ടുകൊണ്ട് ചിത്രങ്ങള്‍ വരയ്ക്കുന്ന ശൈലിയുണ്ടാക്കിയെടുത്തു. അത് അദ്ദേഹത്തിന്റ സ്വന്തം ശൈലിയായി മാറി. അതേസമയം ഒരുപാട് വരകളാല്‍ തന്റെ ജീവിതം നേരിട്ട അഗ്‌നിപരീക്ഷണങ്ങള്‍ക്ക് വരയിലൂടെ സൗന്ദര്യം നല്കുകയായിരുന്നു എ.എസ്. ജീവിതത്തിന്റെ എല്ലാ സങ്കീര്‍ണകളെയും ഈ കോറിയിടലുകളിലൂടെ എ.എസ് പ്രതിഫലിപ്പിച്ചു. ദാരിദ്ര്യം, പാലക്കാടന്‍ ഉള്‍നാടുകളിലെ ജീവിതങ്ങള്‍, പ്രതിസന്ധികള്‍ തുടങ്ങി ഓരോ ചിത്രവും എ.എസ്സിനെ വ്യക്തിപരമായി പ്രതിഫലിപ്പിക്കുന്നതായിരുന്നു. നിരാശയും മുന്നോട്ടുള്ള ജീവിതയാത്രയിലേക്കുള്ള ധൈര്യശേഖരണവുമൊക്കെ എ.എസ്സിന്റെ ചിത്രങ്ങളില്‍ കാണാമായിരുന്നു.
പാലക്കാട് കാറല്‍മണ്ണയിലാണ് എ.എസ് ജനിച്ചത്. അത്തിപ്പറ്റ ശിവരാമന്‍ എന്ന ഗ്രാമീണന്റെ ഭാവുകത്വപരിണാമമാണ് എ.എസ് എന്ന ചുരുക്കപ്പേര്. 1936-ലാണ് അദ്ദേഹം ജനിച്ചത്. 1988 ജൂണ്‍ മുപ്പതിന് അദ്ദേഹം മരിക്കുന്നതുവരെ വിട്ടൊഴിയാതെ കൂടെയുണ്ടായത് ദാരിദ്ര്യമായിരുന്നു.
എ.എസ്സിനെ മദ്രാസിലേക്ക് ചിത്രകല അഭ്യസിക്കാന്‍ പറഞ്ഞയച്ചത് എ.എസ്സിന്റെ വീടിന്റെ തൊട്ടടുത്തുള്ള മനയിലെ നമ്പൂതിരിയായിരുന്നു. മദ്രാസ് ഫൈന്‍ ആര്‍ട്‌സ് കോളേജിലാണ് പഠിച്ചത്. അക്കാലത്ത് ആര്‍ടിസ്റ്റ് നമ്പൂതിരിയും അവിടെ പഠിക്കുന്നുണ്ടായിരുന്നു. കെ.സി.എസ് പണിക്കരായിരുന്നു ഗുരു. അതീവശക്തമായ രേഖകളായിരുന്നു എ.എസ്സിന്റെ മുഖമുദ്ര. 1961-ലാണ് മാതൃഭൂമിയില്‍ എ.എസ് ജോലിയ്ക്കായി എത്തുന്നത്.
1984-ലാണ് ഞാന്‍ ആദ്യമായി എ.എസ്സിനെ കാണുന്നത്. അക്കാലത്ത് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചിത്രകലാ അധ്യാപകനായിരുന്നു ഞാന്‍. ദേശാഭിമാനിയില്‍ വാരികയില്‍ പാര്‍ട്ട് ടൈമായിട്ട് ഞാന്‍ വരയ്ക്കുന്നുണ്ട്. തായാട്ട് ശങ്കരനായിരുന്നു അന്ന് ദേശാഭിമാനി വാരികയുടെ പത്രാധിപര്‍. പോള്‍ കല്ലാനോട് അന്ന് കോഴിക്കോട് സെന്റ്. ജോസഫ് ബോയ്‌സ് ഹൈസ്‌കൂള്‍ അധ്യാപകനാണ്. പോള്‍ മാഷിന് എ.എസ്സിനെ നേരത്തേ അറിയാം. പോള്‍ മാഷാണ് എന്നോട് പറയുന്നത് മദനന്‍ ആരാണ് എവിടുന്നാണ് എന്നെല്ലാം എ.എസ് അന്വേഷിച്ചു, പറ്റുമെങ്കില്‍ അദ്ദേഹത്തെ ഒന്ന് തിരുവനന്തപുരത്ത് പോയി കാണണമെന്നും. അങ്ങനെയിരിക്കേ 1984-ലെ സംസ്ഥാന ശാസ്ത്രമേളയുടെ എസ്‌കോര്‍ട്ടിങ് ടീച്ചറായി തിരുവനന്തപുരത്ത് പോകാന്‍ നിയോഗിക്കപ്പെട്ട ഞാന്‍ സമയം കണ്ടെത്തി എ.എസ്സിനെ പെരുന്താന്നിയിലെ മാതൃഭൂമിയില്‍ പോയി കണ്ടു.
ജെ. ആര്‍ പ്രസാദാണ് എ.എസ് താമസിക്കുന്ന വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത്. ''മദനന്റെ ചിത്രങ്ങള്‍ ഞാന്‍ കാണാറുണ്ട്. മാതൃഭൂമിയിലേക്ക് വരാന്‍ താല്പര്യമുണ്ടെങ്കില്‍ സ്‌കൂള്‍ ജോലി രാജിവെച്ചിട്ട് വരാം. ഒരു വര്‍ഷം ട്രെയിനിങ് ഉണ്ടാകും. അതു കഴിഞ്ഞാല്‍ സ്ഥിരമാകും''-എ.എസ് മുഖവുരകളൊന്നുമില്ലാതെ പറഞ്ഞു. ഞാനപ്പോള്‍ സന്തോഷിക്കുകയായിരുന്നു. എ.എസ്സിനെപ്പോലുള്ള മഹാനായ ചിത്രകാരനാണ് എന്നെ മാതൃഭൂമിയിലേക്ക് ക്ഷണിക്കുന്നത്. ഞാന്‍ ചോദിച്ചു: ''സര്‍ ഞാന്‍ എങ്ങനെയാണ് അപേക്ഷിക്കേണ്ടത്, ആര്‍ക്കാണ് അപേക്ഷിക്കേണ്ടത്?'' അപ്പോള്‍ത്തന്നെ എ.എസ് അപേക്ഷയുടെ ഒരു മാതൃക സ്വന്തം കൈപ്പടയില്‍ എഴുതിത്തന്നു. ആ കൈപ്പട ഞാനിന്നും സൂക്ഷിച്ചുവച്ചിരിക്കുന്നു.
സാല്‍വദോര്‍ ദാലിയുടെ നോട്ടമാണ് എനിക്ക് പലപ്പോഴും എ.എസ്സിനെ കാണുമ്പോള്‍ ഓര്‍മ വരിക. കര്‍ക്കശമായ മുഖഭാവത്തോടെ, തലയെടുപ്പോടെ നടന്നു നീങ്ങുന്ന എ.എസ്. വൃത്തിയുള്ള മുണ്ടും ഷര്‍ട്ടും ഹവായ് ചെരുപ്പും-അതായിരുന്നു എ.എസ്സിന്റെ ആര്‍ഭാടം. ചിത്രങ്ങള്‍ വരച്ച് എ.എസ്സിനെ കാണിക്കാന്‍ പോകുമ്പോള്‍ എന്റെ നെഞ്ചിടിക്കുന്നത് ഞാനറിയുമായിരുന്നു. എ.എസ് ഇരിക്കാന്‍ പറയുമ്പോള്‍ ഇരിത്തം വരില്ല. ലോകപ്രശസ്തരായവര്‍ക്കുവേണ്ടി എത്രയോ ചിത്രങ്ങള്‍ വരച്ച് അവരേക്കാള്‍ പ്രശസ്തിയാര്‍ജിച്ച കലാകാരനാണ്.
ഒറ്റ നോട്ടത്തില്‍ ആരും അടുക്കാന്‍ ഒന്നു മടിക്കുന്ന വ്യക്തിത്വം. എന്നാല്‍ അടുത്തുപരിചയപ്പെട്ടാല്‍ ഇത്രയും സ്‌നേഹമുള്ള മനുഷ്യന്‍ വേറെയില്ലതാനും. പുറവും അകവും ഒരുപോലെ സൗമ്യമായ സ്വഭാവം. ഒരിക്കലും പിന്നില്‍ നിന്നും കുത്തിയിട്ടില്ല. കലാകാരന്മാര്‍ക്കു പറഞ്ഞ അസൂയയും കുശുമ്പും കുന്നായ്മയുമൊന്നുമില്ല. ആ സ്‌നേഹത്തില്‍ ജീവിതം നമുക്കനുഭവിക്കാമായിരുന്നു.
1978-ല്‍ ആഴ്ചപ്പതിപ്പിലെ 'യയാതി' എന്ന നോവല്‍ വിവര്‍ത്തനത്തിനു വേണ്ടിയുള്ള വരകളാണ് എ.എസ്സിനെ പ്രശസ്തിയുടെ ഉച്ചകോടിയിലെത്തിച്ചത്. പിന്നെ 'ഖസാക്കിന്റെ ഇതിഹാസ'ത്തിനു വേണ്ടി വരച്ച ചിത്രങ്ങള്‍. എ.എസ്സിന്റെ വരകളിലൂടെ രവിയ്ക്കും മൈമൂനയ്ക്കും അള്ളാപ്പിച്ചാ മൊല്ലാക്കയ്ക്കുമൊക്കെ ജീവന്‍ വെക്കുകയായിരുന്നു. എം. മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിലാണ് പിന്നീട് എ.എസ് വിസ്മയം തീര്‍ത്തത്.
ഒ.വി വിജന്റെ ഗുരുസാഗരം പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയപ്പോഴേയ്ക്കും ആഴ്ചപ്പതിപ്പ് തിരുവനന്തപുരത്തുനിന്നും കോഴിക്കോട് ചെറൂട്ടി റോഡിലുള്ള എം.എം പ്രസ്സിലേക്ക് മാറ്റിയിട്ടുണ്ടായിരുന്നു. ഗുരുസാഗരത്തിന് അദ്ദേഹം വരയ്ക്കുന്നത് നോക്കിനില്‍ക്കാനെനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ പെന്‍ ആന്‍ഡ് ഇങ്ക് ഡ്രോയിങ് ലോകപ്രശസ്തമായ ചിത്രകലയിലേക്കുള്ള വാഷിങ്ങായിരുന്നു നടത്തിയിരുന്നത്. അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ മലയാളികള്‍ ഒരുകാലത്തും മറക്കില്ല. യയാതിയ്ക്കു വേണ്ടി അദ്ദേഹം വരച്ച കുറേ ചിത്രങ്ങള്‍ എ.എസ്സിന്റെ മകള്‍ സുധ ഇന്നും സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
എ.എസ് ഊണ് കഴിക്കുന്നത് കാണാന്‍ നല്ല രസമായിരുന്നു. മാതൃഭൂമി കാന്റീനിലെ പ്‌ളേറ്റില്‍ നിന്നും പപ്പടമെടുത്ത് ആദ്യം ഇടതുകയ്യില്‍ പിടിക്കും. പിന്നെ ചോറ് കഴിക്കുന്നതോടൊപ്പം ഇടയ്ക്കിടെ പപ്പടം കടിച്ചുകൂട്ടും. വിശ്രമവേളകളില്‍ എ.എസ്സിനെ കാണാന്‍ കോഴിക്കോട്ടുള്ള മിക്ക നാടകപ്രവര്‍ത്തകരും വരും. ഇബ്രാഹിം വേങ്ങര, വിക്രമന്‍ നായര്‍, വില്‍സണ്‍ സാമുവല്‍ തുടങ്ങിയവരെല്ലാം നാടകാവശ്യത്തിനുവേണ്ടിയുള്ള ചിത്രങ്ങള്‍ എ.എസ്സിനെക്കൊണ്ട് വരപ്പിക്കുമായിരുന്നു.
ചിത്രകല ഞാന്‍ പഠിച്ചത് അച്ഛനില്‍ നിന്നാണെങ്കിലും എന്റെ ഗുരുസ്ഥാനീയനായി ഞാന്‍ കാണാനാഗ്രഹിക്കുന്നത് എ.എസ്സിനെയാണ്. എ.എസ്സിന്റെ പ്രകൃതിയും സ്ത്രീകളും മറ്റുകലാകാരില്‍ നിന്നും എക്കാലത്തും വേറിട്ടുനിന്നു. എനിക്ക് സ്വപ്നത്തില്‍ പോലും വിചാരിക്കാന്‍ കഴിയാത്തതായിരുന്നു എ.എസ്സിനെപ്പോലുള്ള ചിത്രകലയിലെ അതികായകരുടെ കൂടെ ജോലിചെയ്യാന്‍ സാധിക്കും എന്നത്. ആ കലാകാരന്മാര്‍ക്കിടയിലേക്ക് എന്നെയും കൂടി ക്ഷണിച്ചതാണ് എനിക്ക് മാതൃഭൂമിയോടുളള കടപ്പാട്.
പെട്ടെന്നാണ് എ.എസ് മരണപ്പെടുന്നത്. ഞാനും പ്രസാദും അദ്ദേഹത്തെയും കാത്ത് അദ്ദേഹത്തിന്റെ മുറിയിലിരിക്കുമ്പോളാണ് താഴെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട് ഓട്ടോറിക്ഷയില്‍ എ.എസ് വന്നിറങ്ങുന്നതും കുഴഞ്ഞുവീഴുന്നതും.
അന്നത്തെ ചീഫ് എഡിറ്ററായിരുന്ന എന്‍.വി കൃഷ്ണവാരിയരുടെ വളരെയടുത്ത സുഹൃത്തുകൂടിയായിരുന്നു എ. എസ്. അദ്ദേഹത്തിന്റെ ഭൗതികശരീരം അത്തിപ്പറ്റയില്‍ എത്തിച്ച് സംസ്‌കാരച്ചടങ്ങുകള്‍ക്കെല്ലാം അദ്ദേഹം നേതൃത്വം കൊടുത്തു. വാനില്‍ ഭൗതികശരീരം കയറ്റിയപ്പോള്‍ ഞാനും പ്രസാദും കൂടെ കയറി ഇരുന്നു. അമ്പത്തൊന്നു വയസ്സായിരുന്നു അദ്ദേഹത്തിന്. 1988 ജൂണ്‍ മുപ്പത് ഒരിക്കലും മറക്കാനാവില്ല. ഇനിയുമേറെ മുന്നോട്ടുപോകേണ്ടിയിരുന്ന ആ വരകള്‍ മാഞ്ഞുപോയത് അന്നായിരുന്നല്ലോ.
Content Highlights: Artist A.S Nair, Artist Madanan, Mathrub