ആ കൊച്ചുകുട്ടി തിയേറ്ററില്‍ സ്‌ക്രീനിന് മുന്നില്‍നിന്ന് യഥാര്‍ഥ ശബ്ദക്രമീകരണത്തില്‍ 'കണ്ട' നോവല്‍

മനസ്സിന്റെ ഉള്ളില്‍നിന്ന് ആരോ ഒരാള്‍ എന്നോട് പലപ്പോഴായി ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഒരു കാര്യമാണ് എടോ നീ വായിച്ച ഏറ്റവും നല്ല പുസ്തകമേതെന്ന്? ഒറ്റ ഉത്തരമേയുള്ളൂ വിക്ടര്‍ യൂഗോവിന്റെ 'പാവങ്ങള്‍'. എന്റെ ഹൈസ്‌കൂള്‍ വിദ്യാഭ്യാസകാലത്തു വടകര ബി.ഇ.എം. ഹൈസ്‌കൂളില്‍ ലൈബ്രറി എന്ന സങ്കല്പം ഉണ്ടായിരുന്നില്ല. സമരപാരമ്പര്യമുള്ള സ്‌കൂളില്‍ അന്ന് ഏറ്റവും വലിയ പ്രാധാന്യം ലബോറട്ടറിക്കും എന്‍.സി.സിക്കുമായിരുന്നു.
ജനിച്ചതു മുതല്‍ വരയുടെ ലോകത്തിലൂടെ സഞ്ചരിച്ച എനിക്ക് വായന എന്നും രണ്ടാംസ്ഥാനത്തായിരുന്നു. വായനയുടെ മത്തുപിടിച്ചത് ശരിക്കും
ഹൈസ്‌കൂളിനു ശേഷമാണെന്ന് പറയാം. കവികളെല്ലാം ഹൃദയത്തില്‍ കയറിക്കൂടിയത് അക്കാലത്താണ്.
'എനിക്കു രസമീ നിമ്നോന്നതമാം വഴിക്കു തേരുരുള്‍ പായിക്കല്‍' എന്ന ഇടശ്ശേരിയുടെ വരികള്‍ എന്റെ ഹൃദയത്തില്‍ മിന്നിനിന്ന കാലം.
നല്ല കഥകള്‍ കണ്ടെത്തി വായിക്കാന്‍ തുടങ്ങി- കഥാകാരന്മാരെ ബഹുമാനത്തോടെ നോക്കിക്കണ്ടു. ആയിടയ്ക്കാണ് വളരെ പഴക്കംചെന്ന വടകര സെന്‍ട്രല്‍ ലൈബ്രറിയിലെ വെളിച്ചം കുറഞ്ഞ മുറിയില്‍ മരത്തില്‍ തീര്‍ത്ത, പൊടിനിറഞ്ഞ രണ്ടാള്‍പൊക്കത്തിലുള്ള റാക്ക് പോലുള്ള അലമാരയില്‍ ചരിച്ചുവെച്ച പഴയ പുസ്തകങ്ങളുടെ ഇടയില്‍ ഞാന്‍ വിക്ടര്‍ യൂഗോവിനെ കണ്ടെത്തുന്നത്. അഥവാ ലൈബ്രറിയെക്കാള്‍ എത്രയോ പഴക്കമായ 'പാവങ്ങള്‍' എന്ന വലിയഗ്രന്ഥം (ഓരോ പേജും പൊടിഞ്ഞുപോകാന്‍ വെമ്പുന്നതും നൂലു വിട്ട് ഇളകിയതും) ഞാന്‍ വീട്ടില്‍ കൊണ്ടുപോയി വായിക്കുന്നത്. ഒരുപാട് പുസ്തകങ്ങള്‍ എന്നിലൂടെ കടന്നുപോയെങ്കിലും പാവങ്ങള്‍ എന്നില്‍ ചിത്രകലപോലെ ഒന്നാം സ്ഥാനത്ത് നില്ക്കുന്നു. വൈരക്കല്ല്, കിടന്നു ദ്രവിച്ചുപോവാന്‍ നിവൃത്തിയില്ല.
17,18,19 നൂറ്റാണ്ടിലെ ഫ്രാന്‍സിന്റെ ചരിത്രവും അക്കാലത്തെ മനുഷ്യരുടെ ദുഃഖങ്ങളും തീരാദുരിതങ്ങളും ഇത്രയേറെ ഹൃദയാവര്‍ജ്ജകമായി പ്രതിപാദിച്ച ഒരു കൃതി വേറെയുണ്ടോ എന്ന് സംശയമാണ്.
ഫന്‍തീന്‍, കൊസത്ത്, ഡിയിലെ മെത്രാന്‍ മൊസ്സ്യു മിറിയേല്‍, ഴാങ് വാല്‍ വാങ്, ഫാദര്‍ മദലിയെന്‍, ഴാവേര്‍, ഫൂഷല്‍ വാങ്, സിസ്റ്റര്‍ സിംപ്ലീസ്, മരിയൂസ് തുടങ്ങി അനവധി അനശ്വര കഥാപാത്രങ്ങളും യുദ്ധവിവരങ്ങളും റോമിലെ ഓവുചാലുകളും ലുക്സെംബുര്‍ തോട്ടവും കന്യകാമഠങ്ങളും വോഗിതര്‍ ശ്മശാനവും പ്രകൃതിവര്‍ണനകളും സാങ് ആന്ത്വാങ്ങിലെ വഴിക്കോട്ടയും നിര്‍മലസ്നേഹവും മനഃശാസ്ത്ര ചിന്തകളും ചേര്‍ന്ന് പാവങ്ങള്‍ എന്റെ ഹൃദയത്തില്‍ തുടിച്ചുകൊണ്ടേയിരിക്കുന്നു.
പാവങ്ങള്‍ വായിക്കുമ്പോള്‍ പലയിടങ്ങളിലും വെച്ച് എന്നില്‍ കണ്ണുനീര്‍ നിറയുകയും ശ്വാസം മന്ദഗതിയിലാവുകയും കുറച്ചുനേരം ആ സംഭവങ്ങള്‍
സ്‌ക്രീനില്‍ എന്നപോലെ ഓര്‍ത്തുപോവുകയും ഹൃദയമിടിപ്പിന്റെ ശബ്ദം മാത്രം ഞാന്‍ കേള്‍ക്കുകയും ചെയ്തിട്ടുണ്ട്.
കഥാകാരന്‍ പറയുന്നു: മനുഷ്യന്‍ അജ്ഞനും നിരാശനുമായി എവിടെയുണ്ട്, ഭക്ഷണത്തിനു വേണ്ടി സ്ത്രീകള്‍ എവിടെ വില്‍ക്കപ്പെടുന്നു, അറിവുണ്ടാക്കാനുള്ള ഗ്രന്ഥവും തണുപ്പു മാറ്റാനുള്ള അടുപ്പും കിട്ടാതെ കുട്ടികള്‍ എവിടെ കഷ്ടപ്പെടുന്നു- അവിടെയെല്ലാം പാവങ്ങള്‍ എന്ന പുസ്തകം മുട്ടി വിളിച്ചുപറയും - എനിക്ക് വാതില്‍ തുറന്നുതരിക- ഞാന്‍ വരുന്നത് നിങ്ങളെ കാണാനാണ്.
പാവങ്ങള്‍ വായിച്ചുതുടങ്ങുന്നത് നന്മയില്‍ നിന്നാണ്. ഡിയിലെ മെത്രാന്‍ മൊസ്സ്യു മിറിയേലിനെ സഗൗരവമായും പിതൃസമാനമായ വാത്സല്യത്തോടുംകൂടി സംസാരിക്കുന്നവനും ദാനശീലനും മേല്പോട്ടുനോക്കുമ്പോള്‍ കാണുന്ന സഹോദരത്വത്തെക്കാള്‍ കീഴ്പ്പോട്ടു നോക്കിയാല്‍ കാണുന്ന കഷ്ടപ്പാടുകള്‍ എപ്പോഴും അധികമായതുകൊണ്ട് കിട്ടുന്നതിനു മുന്‍പുതന്നെ ചെലവിടുന്നവനുമായാണ് കാണാന്‍ കഴിയുന്നത്. നെപ്പോളിയന്‍ ചോദിക്കുന്നു: എന്നെ സൂക്ഷിച്ചുനോക്കുന്ന ഈ നല്ലാള്‍ ആരാണ്? -ഇവിടുന്ന് ഒരു നല്ലാളെ കാണുന്നു- ഞാനൊരു വലിയ ആളെയും. നമ്മളില്‍ ഓരോരുത്തരും ഇതുകൊണ്ട് ഗുണമുണ്ടായേക്കാം-നന്മനിറഞ്ഞ മനുഷ്യനെയാണ് ഞാന്‍ മെത്രാനിലൂടെ കാണുന്നത്. സാര്‍വജനീനമായ കഷ്ടപ്പാടായിരുന്നു അദ്ദേഹത്തിന്റെ സ്വര്‍ണഖനി. ഒരുദിവസം ഒരെറുമ്പിന്റെമേല്‍ കാലുകൊള്ളാതിരിക്കാന്‍ വേണ്ടി ചാടിയതുകൊണ്ട് അദ്ദേഹത്തിന് കാലുളുക്കിപ്പോയെന്ന് പറയുന്നു. ആദിത്യന്റെ വരവെന്നപോലെ മെത്രാന്റെ വരവില്‍ കുട്ടികളും വയസ്സന്മാരും ഒതുക്കുകല്ലുകളില്‍ വന്നുചേരുന്നു. പരിചരണത്തിനായി മെത്രാന്റെ സഹോദരി മദാം വസേല്ല് സപ്തിസ്തീനും മദാം മഗ്ല്വാര്‍ എന്ന പ്രായംചെന്ന സ്ത്രീയും ഒപ്പം താമസിക്കുന്നുണ്ട്.
ഈ പുസ്തകത്തെ എന്നോട് ഏറ്റവും അടുപ്പിച്ചത് ഴാങ് വാല്‍ ഴാങ് എന്ന കഥാപാത്രംതന്നെ. ഈ രചനയിലെ മുഴുനീള കഥാപാത്രമാണ് ഇദ്ദേഹം. വിശപ്പ് എന്ന സത്യത്തെ അനശ്വരമാക്കിയ കഥാപാത്രം. കൈയില്‍ പൊന്തന്‍വടിയും പുറത്ത് കട്ടെടുത്തിട്ടുള്ള സാമാനങ്ങളുടെ പട്ടാളമാറാപ്പുമായി, അരയില്‍ വെച്ചുമുറുക്കിയ അടിക്കുപ്പായത്തോടെ നമ്മുടെ മുന്‍പില്‍ നില്ക്കുന്നു. ജീവിതത്തില്‍ പലപ്പോഴായി ജയില്‍ ചാടേണ്ടിവന്ന ഇദ്ദേഹം 19 കൊല്ലം തടവുപുള്ളിയായി ജീവിച്ചു. ഇദ്ദേഹത്തെ മെത്രാന്‍ സര്‍ എന്നാണ് വിളിച്ചിരുന്നത്. കഷ്ടതകള്‍ മാത്രം നിറഞ്ഞ തന്റെ ജീവിതാരംഭത്തില്‍ മൂത്ത സഹോദരിയുടെയും അവരുടെ ചെറിയ ചെറിയ ഏഴ് മക്കളുടെയും വിശപ്പിന്റെ വിളിയില്‍ ഒരുരാത്രി അപ്പം വില്പനക്കാരന്റെ കടയില്‍നിന്ന് അപ്പം കക്കാന്‍ ശ്രമിക്കുകയും പിടിക്കപ്പെടുകയും അതുമുതല്‍ ഒരു തടവുപുള്ളിയായിത്തീരുകയും ചെയ്യുന്നു. തടവുപുള്ളിയായി ആദ്യം 'ബിത്രെ' യില്‍ അവിടുന്ന് 'തൂങ്ങി'ലേക്ക്. തണ്ടുവലി ശിക്ഷക്കാരോടൊപ്പം കഴിഞ്ഞ്- നിരാശയുടെ അന്തര്‍ഭാഗത്തു കൂടി സഞ്ചരിക്കേണ്ടിവന്ന ഇദ്ദേഹം- ഇതെല്ലാം ഉണ്ടാക്കിത്തീര്‍ത്ത സമുദായത്തെയും ഈശ്വരനെയും കുറ്റക്കാരായിക്കാണുന്നു. 40-ാമത്തെ വയസ്സില്‍ സുലോങ്ങില്‍ തടവുപുള്ളികളുടെ പാഠശാലയില്‍ പഠിച്ച ഴാങ് വാല്‍ ഴാങ്, കൊസത്തെന്ന വളര്‍ത്തുമകള്‍ക്കൊപ്പം വാര്‍ധക്യത്തില്‍ പുസ്തകങ്ങള്‍ വായിക്കുന്നതില്‍ തത്പരനാവുന്നുണ്ട്.
ഏതു ദുഃഖത്തിലാണ് വലുപ്പച്ചെറുപ്പമെന്ന് തിരിച്ചറിയാന്‍ കഴിയാതെ ഫന്‍തീനും കൊസത്തും ഴാങ് വാല്‍ ഴാങ്ങും എന്നില്‍ നിലകൊള്ളുന്നു.
അതിസുന്ദരിയായ ഫന്‍തീന്‍, സൈക്കിനെയും വീനസിനെയും തമ്മില്‍ വേര്‍തിരിക്കുന്ന ആ നേരിയ വ്യത്യാസരേഖയായിരുന്നു. ചെമ്പിച്ച മുടിയും ഭംഗിയേറിയ പല്ലുകളുമുള്ള ഒരു വേശ്യ. ഒരു വനദേവതയുടെ ആകൃതിയോടും ഒരു സംന്യാസിനിയുടെ ഒതുക്കത്തോടും ആകാശത്തിലേക്ക് പാടുകയും പ്രാര്‍ഥനകളെ അര്‍പ്പിക്കുന്നവളും തന്റെ കണ്ണുകളെ സ്വര്‍ഗത്തില്‍ ഊന്നിക്കൊണ്ട് ഭൂമിയുള്ളതിലധികം പക്ഷികളുള്ള ഒരു പൂന്തോപ്പില്‍ അലയുന്നവളുമായിട്ടാണ് ഫന്‍തീനെ കാണാന്‍ കഴിയുന്നത്. 30 വയസ്സ് പ്രായമുള്ള കഷണ്ടികയറിയ, പല്ലുപോയ തെമ്മാടിയായ തൊലോമിയെ എന്ന ചെറുപ്പക്കാരന്റെ കൂടെ കഴിഞ്ഞതില്‍ അവള്‍ക്കൊരു പെണ്‍കുഞ്ഞു പിറക്കുന്നു-കൊസത്ത്. ജീവിതം ഏറ്റവും ക്ലേശകരമായിത്തുടങ്ങിയ കാലത്ത് തന്റെ 22-ാമത്തെ വയസ്സില്‍ പാരീസില്‍നിന്നും പുറത്തുകടക്കാന്‍ ശ്രമിക്കുന്നു. മൂന്നു വയസ്സ് പ്രായംവന്ന കൊസത്ത് എന്ന തന്റെ കുട്ടിയെ നല്ലനിലയില്‍ വളര്‍ത്തുന്നതിനായി മദാം തെനാര്‍ദിയെ എന്ന സ്ത്രീയെ ഏല്പിക്കുന്നു, മാസംതോറും അവള്‍ക്കുള്ള ചെലവുകള്‍ അയച്ചുതരാമെന്ന വാക്കോടെ. ഇവിടംമുതല്‍ കുട്ടിയുടെ ജീവിതം ദുസ്സഹമായിത്തീരുന്നു. കൊസത്തിനെ ഏറ്റവും നികൃഷ്ടജീവിയായി കാണുകയും വളര്‍ത്തുകയും ചെയ്യുന്നതുകാണുമ്പോള്‍ വായിച്ചുമുന്നേറാന്‍ വിഷമിച്ചുപോവും. മറ്റുള്ളവരുടെ ഉച്ചിഷ്ടം തീറ്റി, പൂച്ചയ്ക്കും നായയ്ക്കുമൊപ്പം മേശയ്ക്ക് ചുവട്ടിലിരുന്ന് അവയ്ക്കുള്ളതുതന്നെ മരക്കോപ്പകളില്‍ നിന്നും അവളും ഭക്ഷിക്കും. ആറുവയസ്സുകാരി, പിന്നിയ വസ്ത്രങ്ങളിട്ട്, മഴക്കാലത്ത്, മെലിഞ്ഞു ചുവന്ന കൈകളില്‍ വലിയ ഒരു ചൂലും വലുപ്പമേറിയ കണ്ണുകളില്‍ ഒരു തുള്ളി കണ്ണുനീരുമായി നില്‍ക്കുന്ന കാഴ്ച ആ നാട്ടുകാരോടൊപ്പം ഞാനും കാണുന്നു.
ആ പ്രദേശത്തുകാര്‍ ഒരു വാനമ്പാടിപ്പക്ഷിയെന്നാണ് അവളെ വിളിക്കാറ്. ആ ചെറിയ വാനമ്പാടി പാടിയിരുന്നില്ലെന്നതാണല്ലോ സത്യം.
ഒരു രാത്രിയില്‍ തൊട്ടിയില്‍ വെള്ളം കോരാന്‍ കാട്ടിലേക്ക് കൊസത്തിനെ പറഞ്ഞയച്ച മദാം തെനാര്‍ദിയയെ, അവള്‍ ഇരുട്ടില്‍ തളര്‍ന്നു വീഴുന്നതും അവിടെ ഒരു വഴിയാത്രക്കാരന്‍ ദൈവപുത്രനെപ്പോലെ രക്ഷിച്ചതും അയാള്‍ തെനാര്‍ദിയയെ ദമ്പതികള്‍ക്ക് ആയിരത്തി അഞ്ഞൂറ് ഫ്രാങ്ക് നല്ലി കൊസത്തിനെ വാങ്ങിക്കുന്നതും കാണുന്നു. തന്നെ രക്ഷിച്ച വഴിയാത്രക്കാരനെ അവള്‍ അച്ഛനായും അമ്മയായും കാണുന്നു. ഫ്രാന്‍സിലെ കന്യകാമഠത്തില്‍ വളരുന്ന കൊസത്തിന് പല അമ്മമാരാണ്.
മറ്റൊരു ശ്രദ്ധേയമായ പാത്രസൃഷ്ടിയാണ് ഫാദര്‍ മദലിയെന്‍. 1815-ല്‍ ഡിസംബറില്‍ ഒരു വൈകുന്നേരം, പുറത്ത് പട്ടാളമാറാപ്പും കൈയില്‍ മുള്ളുവടിയുമായി ഏകദേശം 50 വയസ്സ് പ്രായംതോന്നിക്കുന്ന ആള്‍ M എന്ന പട്ടണത്തില്‍ കടന്നു വരുന്നു. അവിടുത്തെ ടൗണ്‍ഹാള്‍ അപ്പോള്‍ തീപിടിച്ച് കത്തുകയും അവിടുത്തെ പൊലീസുദ്യോഗസ്ഥന്റെ രണ്ടു കുട്ടികളെ അതില്‍നിന്ന് രക്ഷപ്പെടുത്തുകയും ചെയ്യുന്നതോടെ ഫാദര്‍ മദലിയെന്‍ ശ്രദ്ധേയനാവുന്നു. സ്ത്രീകള്‍ ഫാദര്‍ മദലിയെനെ മര്യാദക്കാരനായ കരടി എന്ന് കരുതിപ്പോന്നു. പുസ്തകം തുറന്നുവെച്ച് വായിച്ചുകൊണ്ട് തനിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന ശീലമുള്ള അദ്ദേഹം M എന്ന പട്ടണത്തില്‍ മൊസ്സ്യു മദലിയെനും മേയറുമാവുന്നു- ഇദ്ദേഹത്തിന്റെ വ്യവസായശാലയില്‍ ഫന്‍തീന് ജോലി കിട്ടുന്നുണ്ട്. മൊസ്സ്യു മദലിയെന്‍, ഴാങ് വാല്‍ ഴാങ്ങാണെന്ന് പിന്നാലെ അറിയുന്നു.
മകളെ വളര്‍ത്താന്‍ ഒരു കഷണം അപ്പത്തിന് ഒരാത്മാവ് കഷ്ടപ്പാട് വില്ക്കുന്നു. ഫന്‍തീന്‍ സ്വന്തം പല്ലുകള്‍, മനോഹരമായ തന്റെ മുടി ഇവ വില്‍ക്കുന്നു. തന്നെ കളിയാക്കിയ പച്ചസുന്ദരനെ കോപത്താല്‍ തള്ളിവീഴ്ത്തുന്നുമുണ്ട്. രോഗപ്പുരയില്‍ തന്റെ മകളെ ഒരുനോക്കുകാണാന്‍ കാത്തു കിടന്ന്, അതിന് ഭാഗ്യം കിട്ടാതെ മരണത്തിനു കീഴടങ്ങുന്ന ഫന്‍തീന്‍ എക്കാലത്തെയും ഒന്നാന്തരം മാതൃത്വത്തിന് ഉദാഹരണമാണ്. ഇവരെ ചികിത്സിക്കുന്ന സിംപ്ലീസ് സത്യമല്ലാതെ, സര്‍വോത്കൃഷ്ടമായ സത്യമല്ലാതെ യാതൊന്നും ഒരുകാലത്തും പറഞ്ഞിട്ടില്ല എന്നുള്ളത് സ്വഭാവഗുണത്തിന്റെ മുഖ്യ സവിശേഷതയായി കാണാവുന്നതാണ്.
ഇവിടെ ഴാവേര്‍ എന്ന കഥാപാത്രം തലനീട്ടുന്നുണ്ട്. ഇദ്ദേഹം തടവുമുറിയില്‍ ജനിച്ചു. പൊലീസ് ഉദ്യോഗസ്ഥനായ ഴാവേര്‍ പാവങ്ങള്‍ എന്ന ഈ കൃതിയില്‍ മുഴുനീളെ ഴാങ് വാല്‍ ഴാങ്ങിന്റെ നിഴലായി അദ്ദേഹത്തെ ജയിലിലടയ്ക്കാന്‍ ശ്രമിക്കുന്നത് കാണാം. ഒരു ചെന്നായയുടെ കുട്ടിക്ക് ഒരു മനുഷ്യന്റെ മുഖം കൊടുക്കുക എന്നാല്‍ ഴാവേറായി. ഈ ഴാവേര്‍ ഫന്‍തീനെ 6 മാസത്തേക്ക് ജയിലിലിടാന്‍ ആജ്ഞാപിക്കുന്നുണ്ട്. അവള്‍ കേണുകരഞ്ഞുകൊണ്ട് അദ്ദേഹത്തോട് തന്റെ ദൈന്യത പുറത്തെടുത്തനേരം എത്തുന്ന മൊസ്സ്യു മദലിയെന്റെ മുഖത്ത് കോപത്താല്‍ തുപ്പുന്നു.
പാവങ്ങളിലെ യുദ്ധവിവരണങ്ങള്‍ നമുക്ക് മുന്‍പിലൂടെ ഈ വര്‍ത്തമാനസമയത്ത് നടക്കുന്ന രീതിയില്‍ കാണാവുന്നതാണ്. വാട്ടര്‍ലൂ യുദ്ധം ഇതില്‍ ഏറെ പ്രാധാന്യമുതാണ്. യുദ്ധം നടക്കുന്ന ഹൂഗാമോങ് എന്ന സ്ഥലത്തെ ചുടലക്കളമായി കാണാം. നെപ്പോളിയനും വെല്ലിങ്ടണും തമ്മില്‍- ഒന്നാംതരത്തിലുള്ള ഒരു യുദ്ധം രണ്ടാംതരത്തിലുള്ള ഒരു സേനാപതി ജയിച്ചതാണ് വാട്ടര്‍ലൂ.
ഇതിലെ കഥാപാത്ര വിവരണങ്ങളെല്ലാം ചിതറിക്കിടക്കുകയാണ്. ഇവിടെ ചെറ്റപ്പുരയില്‍ നിന്ന് പുറപ്പെട്ട് അയല്‍പ്രദേശങ്ങളില്‍ ധര്‍മം കൊടുക്കുന്ന യാചകനായി ഴാങ് വാല്‍ ഴാങ് കൊസത്തുമായി നടന്നുനീങ്ങുന്നു.
ഫ്രാന്‍സിലെ കന്യകാമഠത്തിന്റ വിവരണങ്ങളിലൂടെ വിക്ടര്‍ യൂഗോ മധ്യകാലങ്ങളിലെ കത്തോലിക്കരുടെ അര്‍ഥശൂന്യതകളാണ് കാണിച്ചുതരുന്നത്. പെത്തിപിക് പ്യൂവിലെ കന്യകാമഠത്തിന്റെ അകവും പുറവും നമ്മള്‍ കണ്ടെത്തുന്നു. ഈ പരിശുദ്ധഭവനത്തിലെ തപോനിഷ്ഠകളും പ്രാര്‍ഥന, തത്ത്വശാസ്ത്രം, വിശ്വാസം, ധര്‍മം എന്നിവയെയും. ഇവിടുത്തെ സംന്യാസിനിമാര്‍ വിശിഷ്ടങ്ങളായ തിരുവത്താഴമേശയ്ക്കുചുവട്ടില്‍ തങ്ങളുടെ വര്‍ഗക്കാരെ സംസ്‌കരിക്കുന്നതിനുവേണ്ടി ഒരു കുണ്ടറ പോലും ഉണ്ടാക്കിയിട്ടുണ്ട്. സംന്യാസിമഠം മധ്യകാലഘട്ടങ്ങളിലെ ചളിക്കട്ടകളില്‍ ഏറ്റവും കറുപ്പ് കൂടിയ ഒന്നാണെന്നും കുഴിനിലമാണെന്നും വായിക്കപ്പെടുന്നു. കൊസത്തിനെയും എടുത്ത് രാത്രി ഈ മഠത്തിന്റെ മതില്‍ ചാടിക്കടന്ന് ഴാങ് വാല്‍ ഴാങ് എത്തിച്ചേരുന്നു. അവിടുത്തെ തോട്ടക്കാരനായ ഫൂഷല്‍ വാങ്ങിന്റെ സഹായത്തില്‍ അവിടെത്തന്നെ സഹായിയായി ജോലി സമ്പാദിക്കുന്നു. കൊസത്തിനെ അവിടത്തെ മഠത്തില്‍ പഠിപ്പിക്കുന്നു. മഠത്തില്‍നിന്നും പിടിക്കപ്പെടാതിരിക്കാന്‍ ഒരു ശവമഞ്ചത്തില്‍ വോഗിതര്‍ ശ്മശാനത്തില്‍ ഴാങ് വാല്‍ ഴാങ് എത്തുന്നതും കൊസത്തിനെ റുദ് ഷെമങ്വെറിലെ ഒരു പഴക്കച്ചവടക്കാരനെ തത്കാലം ഏല്പിക്കുന്നതും ഉദ്വേഗജനകമായി വായിക്കാം. 5 വര്‍ഷത്തെ കന്യകാമഠം വിട്ട് ഴാങ് വാല്‍ ഴാങ് കൊസത്തിനെയുംകൊണ്ട് വെളിയില്‍ വരുന്നു. കൊസത്തിന് അപ്പോഴേക്കും 14 വയസ്സ് കഴിഞ്ഞു.
അനുരാഗത്തെ ഇത്രയും തന്മയത്വത്തോടുകൂടി പ്രതിപാദിക്കാന്‍ വിക്ടര്‍ യൂഗോവിന് കഴിഞ്ഞുവെന്നതിന് ഉദാഹരണമാണ് മരിയുസ്-കൊസത്ത് ഒത്തുചേരല്‍. ലുക്സെം ബുറിലെ ഒരു നടവഴികളിലൊന്നില്‍ ഒരു പുരുഷനും വളരെ ചെറിയ പെണ്‍കുട്ടിയും ഒരേ ബെഞ്ചിന്‍മൂലയില്‍ ഇരിക്കുന്നതായി കാണാം. 14 കഴിഞ്ഞ കൊസത്ത് റ്യൂപ്ളുമെലില്‍ അനാഥപ്പുരയുടെ അയല്‍പക്കത്ത് ഒരു ഇരുമ്പുവേലിയുള്ള തോട്ടത്തില്‍ താമസിക്കുമ്പോഴാണ് മരിയുസുമായി പ്രണയത്തിലാവുന്നത്-ആകാശത്തിന്റെ അറ്റത്തെ അഗാധതകളില്‍പോലും അത് മിന്നുന്നതായി തോന്നുന്നുവെന്ന് കഥാകാരന്‍ പറഞ്ഞുവെക്കുന്നു. സ്നേഹിക്കുന്ന ഒരാളുമില്ലെങ്കില്‍ സ്യര്യന്‍ തനിയെ കെട്ടുപോകും എന്ന് എനിക്ക് തോന്നായ്കയില്ല.
6 മാസത്തെ പ്രണയകാലത്തിന് ഒരു ദിവസം തിരശ്ശില വീഴുന്നു. മനുഷ്യവര്‍ണനപോലെത്തന്നെ സൂക്ഷ്മതയോടെ തന്നെയാണ് വഴിക്കോട്ടകളുടെയും വര്‍ണന. സാദ് ആന്ത്വാങിലെ വഴിക്കോട്ടയ്ക്ക് നേരെയുള്ള പീരങ്കിപ്പടയുടെ കടന്നുകയറ്റം, ആന്‍ഷോല്‍രയും മരിയസും നേതാക്കന്മാരായുള്ള ലഹളകള്‍, ഫ്രാന്‍സിലെ ചക്രവര്‍ത്തി ഭരണത്തിലെ മാറ്റിമറിച്ചിലുകള്‍ നടന്ന സാങ് ദെനി നഗരം- ഇവിടെ ലഹളകളെ പരാമര്‍ശിക്കുന്നിടത്ത് കുറ്റിക്കാടുകളില്‍വെച്ചുള്ള യുദ്ധത്തിനും പാതവഴികളില്‍വെച്ചുള്ള യുദ്ധത്തിനും ഒട്ടും ഗൗരവക്കുറവില്ലെന്നും ഒന്നില്‍ കാട്ടുപുറങ്ങളുടെ ആത്മാവും മറ്റേതില്‍ നഗരങ്ങളുടെ ഹൃദയവുമാണെന്ന് വിക്ടര്‍ യൂഗോ പറയുന്നു.
മനുഷ്യമനസ്സിന്റെ അഗാധതകള്‍ കണ്ടറിഞ്ഞിട്ടുള്ളവര്‍ക്കേ ഇത്തരം രചനകള്‍ നിര്‍വഹിക്കാന്‍ കഴിയുകയുള്ളൂവെന്ന് ഞാന്‍ കരുതുന്നു. ഒരു 70 എം.എം. പടം ഒരു കൊച്ചുകുട്ടി തിയേറ്ററില്‍ സ്‌ക്രീനിന് തൊട്ടുമുന്നില്‍ നിന്ന് അതിന്റെ യഥാര്‍ഥ ശബ്ദക്രമീകരണത്തില്‍ കാണുമ്പോഴുള്ള ഞെട്ടലും ഹൃദയമിടിപ്പും പാവങ്ങളില്‍ ഞാന്‍ അനുഭവിക്കുന്നു.
ജി. യുടെ വരി ഓര്‍ത്തുപോകുന്നു:
മൂടുക ഹൃദന്തമേ മുഗ്ധഭാവന കൊണ്ടീ
മൂകവേദനകളെ, മുഴുവന്‍ മുത്താക്കട്ടേ!
Content Highlights: artist madanan memoir victor hugo novel Les Misérables