ഗണേശ ചതുർത്ഥിയിലെ ബാലഗംഗാധര തിലകും മാധവിക്കുട്ടിയുടെ 'രുഗ്മിണി എന്ന പെൺകുട്ടി'യും!

തിങ്കളാഴ്ചയായിരുന്നു ഗണേശ ചതുർത്ഥി. തെക്കൻ ഡൽഹിയിൽ ഞാൻ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള മുഹമ്മദ് പുർ ചന്തയിൽ ചെറുകത്തി, വെട്ടുകത്തി, ഇരുമ്പുരുളികൾ, എലിപ്പെട്ടികൾ തുടങ്ങിയവ വിൽക്കുന്ന കുടുംബങ്ങളുണ്ട്. ഗഡിയ ലോഹർ സമുദായത്തിൽപ്പെട്ട ഇവരിലെ സ്ത്രീപുരുഷന്മാർ സുന്ദരികളും സുന്ദരന്മാരുമാണ്. അവർ കുടുംബസമേതമാണ് കച്ചവടത്തിനു വരുന്നത്. കയറ്റുകട്ടിലിൽ ഇരുന്ന് പുരുഷനും സ്ത്രീയും ഹുക്ക വലിക്കും. കുഞ്ഞുങ്ങൾ കത്തികളെടുത്ത് കളിക്കും. അവർ നാടോടികളാണ്. ഗഡിയ ലോഹർ സമുദായക്കാർ അഭിമാനപുരസ്സരം വിശ്വസിക്കുന്നത് അവരുടെ പ്രപിതാമഹർ മേവാറിലെ രാജാവ് മഹാറാണാ പ്രതാപിന്റെ സൈന്യമായിരുന്നുവെന്നാണ്. ആ പുരുഷന്മാരുടെ മീശയുടെ എണ്ണയിട്ട മുകളിലേക്കുള്ള പിരിവിൽ യുദ്ധസ്മൃതി ഇപ്പോഴും തിളങ്ങുന്നു. കഴിഞ്ഞ ഞായറാഴ്ച്ച അതിലൊരു കടയിൽ പോയി ഞാൻ ഒരു എലിപ്പെട്ടി ചോദിച്ചു. അപ്പോൾ കടയിലെ സ്ത്രീ മഞ്ഞയും ചുവപ്പും നിറഞ്ഞ സാരിത്തലപ്പു മാറ്റി എന്നോടു പറഞ്ഞു, 'ഗണേശ ചതുർത്ഥി കഴിയുന്നതുവരെ എലിപ്പെട്ടി വിൽക്കില്ല. മൂഷികവാഹനനല്ലേ ഗണേശ്ജി'. ആ സുന്ദരസ്ത്രീ കൃഷ്ണസങ്കൽപ്പത്തിലെ കാതരയായ ഗോപികയെപ്പോലെ തോന്നിച്ചു. സുഗതകുമാരി ടീച്ചറിന്റെ വരികൾ മനസ്സിൽ വന്നു,
'തീരെ ദരിദ്രമെൻ നാട്ടിലെയേതൊരു
നാരിയും രാധികയല്ലിയുള്ളിൽ.'