ഭൂമിയില് ജീവന് മരണഗന്ധിയാണ് | മേതില് | ആത്മകഥ ആവാതെ ഞാന് 18

എഴുത്തിൻ്റെ പശ്ചാത്തലത്തിൽ ചില കെട്ടുകളെക്കുറിച്ച് പ്രത്യേകമായി ചിന്തിക്കുകയാണ് ഞാൻ. സെമിത്തേരികൾ ഭൂദൃശ്യങ്ങളിൽ എവിടെയെങ്കിലും മറഞ്ഞു കിടന്നാലും, ദീപസ്തംഭങ്ങൾ ചിലപ്പോൾ ഉയർന്നു നിൽക്കുന്നത് കാണാം. ഉയർച്ചത്താഴ്ച്ചകളെ മാത്രം ആസ്പദിച്ചുള്ള ഈ സാധാരണ വസ്തുത എൻ്റെ സഞ്ചാരങ്ങൾക്കിടയിൽ, മറ്റൊരു തലത്തിൽ എന്നെ സ്വാധീനിച്ചിരിക്കണം.
പല സെമിത്തേരികൾക്കരികിലൂടെ ഞാൻ നടന്നിട്ടുണ്ട് — ഇന്ത്യക്കകത്തും പുറത്തും. അപ്പോളൊന്നും ചുവടുകൾക്കിടയിൽ തീക്ഷ്ണമായ മരണചിന്തകൾ എന്നെ അലട്ടിയിട്ടില്ല. ചുറ്റും പരേതരാണെന്ന ബോധം ഇല്ലായ്മയോളം മനസ്സിൽ അവ്യക്തമായിരുന്നിരിക്കണം. അഷൻറ്റ് എന്ന ഫ്രഞ്ച് ദ്വീപിനെ പശ്ചാത്തലമാക്കി ഒരു ശാസ്ത്രകഥ ('റെനിസെൻബിൻ്റെ തുമ്പികൾ') എഴുതുമ്പോൾ, അവിടത്തെ ചില പഴയ ശവസംസ്കാര രേഖകൾ തേടിപ്പിടിച്ചാണ് കഥാപാത്രങ്ങൾക്ക് ഞാൻ പേരിട്ടത്. സെമിത്തേരി ഒരു റെഫറൻസായിരുന്നു.
Content Highlights: maythil radhakrishnan athmakadha avathe njan column