'പാപഫലങ്ങള്‍ നിനക്കും; അതില്‍ നിന്നാര്‍ജ്ജിച്ച സമ്പത്ത് ഞങ്ങള്‍ക്കും!';പാപിയായ മനുഷ്യന്റെ ഏകാന്തത

ഒരേ സമയം കവിയും കഥാപാത്രവുമാണ് വാല്മീകി, രാമായണത്തില്‍. വാല്മീകിയാവുന്നതിനു മുന്‍പുള്ള രത്‌നാകരന്റെ കഥയാണത്. രണ്ട് ജന്മങ്ങള്‍ക്കു തമ്മിലുള്ള അന്തരമുണ്ടായിരുന്നു അവയ്ക്കു തമ്മില്‍. ഒന്നില്‍ അയാള്‍ അപരിഷ്‌കൃതനും പിടിച്ചുപറിക്കാരനുമെങ്കില്‍, രണ്ടാമത്തേതില്‍ ഋഷിയും കവിയും. ക്രൗഞ്ചങ്ങളിലൊന്നിന്റെ മരണം കണ്ട് കാട്ടാളനോടു കയര്‍ത്ത്, 'മാനിഷാദ...'എന്നാരംഭിക്കുന്ന ശ്ലോകരൂപമായ ശാപം (അഥവാ ശാപരൂപമായ ശ്ലോകം) പുറപ്പെടുവിക്കുന്നതും വാല്മീകിയെന്ന രത്‌നാകരന്‍. തന്നിലെ നിഷാദനെ ശപിച്ച് നി:സ്‌തേജനാക്കുകയായിരുന്നോ വാല്മീകി?
വാല്മീകിയുടെ ശാപകഥയെ മുന്‍നിര്‍ത്തി, രണ്ടു കവിതകളെങ്കിലുമുണ്ടായിട്ടുണ്ട് നമ്മുടെ ഭാഷയില്‍ - വയലാറിന്റെ 'മാനിഷാദ' യും പി. ഭാസ്‌കരന്റെ
'മാ മഹര്‍ഷേ'യും. വയലാറിന്റെ കവിത വായിച്ചിട്ടില്ലാത്തവര്‍ക്കും അതിലെ ഒരീരടിയെങ്കിലും സുപരിചിതമായിരിക്കും,'സ്‌നേഹിക്കയില്ല ഞാന്‍, നോവുമാത്മാവിനെ/സ്‌നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും.' നോവുമാത്മാവിനെ സ്‌നേഹിക്കുന്നവരുടെ പ്രത്യയശാസ്ത്രമാണ് കമ്മ്യൂണിസമെന്നും അതിനാല്‍ താനൊരു കമ്മ്യൂണിസ്റ്റാണെന്നും പറയുകയായിരുന്നു ഈ ഈരടിയിലൂടെ ഇടതുപക്ഷക്കാരനായ വയലാര്‍. മറ്റൊരിടതുപക്ഷകവിയായ
ഭാസ്‌കരന്റെ കാവ്യയുക്തി കുറിച്ചുകൂടി സങ്കീര്‍ണ്ണമാണ്. ഭക്ഷണത്തിനായി മറ്റൊന്നിനെ ഇരപ്പെടുത്തുക എന്നത് പ്രകൃതിനിയമമാണ്. അതാണ് പക്ഷിചെയ്യുന്നത്; അതു തന്നെ വേടനും ചെയ്യുന്നു. അപ്പോള്‍ ക്രുദ്ധനാവുകയും ശപിക്കുകയും ചെയ്യുന്നത് അന്യായം. അതിനാല്‍ 'മാ മഹര്‍ഷേ' എന്ന് പി. ഭാസ്‌കരന്‍.
പഴയ തലമുറയിലെ പണ്ഡിതനും എഴുത്തുകാരനുമായ വടക്കുംകൂര്‍ രാജരാജവര്‍മ്മ 'വാല്മീകി' എന്ന പേരില്‍ ഒരു പുസ്തകമെഴുതിയിട്ടുണ്ട്. രത്‌നാകരന്റെ മാനസാന്തരത്തിന്റെ കഥ പറയപ്പെട്ടിരിക്കുന്നത് 'അധ്യാത്മരാമായണ' ത്തിലാണെന്ന് അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ആ കഥ എല്ലാവര്‍ക്കും അറിയാം. വലിയ പിടിച്ചുപറിക്കാരനായിരുന്ന രത്‌നാകരന്‍ ഒരിക്കല്‍ സപ്തര്‍ഷികളെയും വഴിയില്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിക്കാന്‍ മുതിരുന്നു. അവര്‍ ഒരു ചോദ്യമാണ് ചോദിച്ചത് ആ കൊള്ളക്കാരനോട് - 'നീയിത് ആര്‍ക്കുവേണ്ടി ചെയ്യുന്നു?' സ്വാഭാവികമായും ഉത്തരം ഇതായിരുന്നു- 'ഭാര്യയ്ക്കും മക്കള്‍ക്കും വേണ്ടി'. എങ്കില്‍ നിന്റെ പാപത്തില്‍ അവരും പങ്കുപറ്റുമോ എന്നായി മഹര്‍ഷിമാരുടെ അടുത്ത ചോദ്യം. രത്‌നാകരന്‍ വീട്ടില്‍ച്ചെന്ന് ചോദ്യമാവര്‍ത്തിച്ചു. വളരെ കണിശവും നിര്‍ദ്ദയവുമായിരുന്നു ഉത്തരം,' പാപഫലങ്ങള്‍ നിനക്കും; അതില്‍ നിന്നാര്‍ജ്ജിച്ച സമ്പത്ത് ഞങ്ങള്‍ക്കും!' ഏകാന്തതയുടെയും പരിത്യക്തതയുടെയും ഒരതിഭീമഗര്‍ത്തത്തിലേയ്ക്കാണ് ആ മറുപടിയുടെ ഇളവില്ലാത്ത പാരുഷ്യം ആ പാപിയെ വലിച്ചെറിഞ്ഞതെന്നു പറയേണ്ടതില്ലല്ലോ. ഈ അന്ത:ക്ഷോഭം, അതു കാട്ടിക്കൊടുത്ത നിരര്‍ത്ഥകതയുടെ നിലയില്ലാത്ത കയം, അയാളെ കഠിനമായ തപസ്സിന്റെ വല്മീക- മണ്‍പുറ്റ്-ത്തിനുള്ളിലെത്തിച്ചുവെന്നാണു കഥ. അതിനുള്ളില്‍ നിന്ന് അയാള്‍ പുറത്തുവന്നത് വാല്മീകിയായിട്ടായിരുന്നു.
പാപിയായ മനുഷ്യന്റെ ഏകാന്തതയെക്കുറിച്ചുള്ള അതിഗംഭീരമായ ഒരാഖ്യാനമാണിത്; ഒരു പക്ഷേ വിശ്വസാഹിത്യത്തില്‍ത്തന്നെ സമാനതകളില്ലാത്തത്. ഈ ഏകാന്തതയായിരുന്നു വാല്മീകിയുടെ വല്മീകം. അതിനുള്ളില്‍ നിന്ന് അയാള്‍ നന്മയുടെയും ഉദാരതയുടെയും ഹൃദയശുദ്ധിയുടെയും നേര്‍ത്ത, തിളങ്ങുന്ന നാരുകള്‍ ക്രമേണ നൂറ്റെടുത്തു. തന്നെത്തന്നെ സൃഷ്ടിക്കുകയായിരുന്നു വാല്മീകി. ഈ ആത്മപരിണാമത്തിന്റെയും പരിവര്‍ത്തനത്തിന്റെയും മഹാശില്പശാലയായിരുന്നു അയാളകപ്പെട്ട ആ വല്മീകം. അതാണ് വാല്മീകിയെ കവിയായും സാത്വികതേജസ്സിന്റെ മൂര്‍ത്തിയായും മാറ്റിയത്. പരിത്യക്തയായ സീതയുടെ സംരക്ഷകത്വവും അങ്ങനെയാണ് ആ ഹൃദയാലുവില്‍ വന്നുചേര്‍ന്നത്. 'പെരുമാരിയില്‍ മുങ്ങി മാഴ്കിടു -ന്നൊരു ഭൂമിക്കു ശരത്തു പോലവേ' എന്ന് ആശാന്റെ സീത.
വാല്മീകിയുടെ ഈ പരിണാമത്തെക്കുറിച്ചു കൂടിയാണ് എന്നു തോന്നുംവിധമാണ് മഹാകവി ജീ. യുടെ 'കല്‍ക്കരിയുടെ കാവ്യം' എന്ന കവിത. കല്‍ക്കരിയും വൈരവും തമ്മിലുള്ള തര്‍ക്കമാണ് നടക്കുന്നത് കവിതയില്‍. ആരാണ് കൂടുതല്‍ മികച്ചത് എന്ന കാര്യത്തിലാണ് തര്‍ക്കം. വൈരം, ചക്രവര്‍ത്തിമാരുടെ കിരീടത്തിലും ലാവണ്യവതികളുടെ കമ്മല്‍ത്തിളക്കത്തിലും അഴകോടെ, പ്രഭയോടെ വര്‍ത്തിക്കുന്നു. കല്‍ക്കരിക്ക് ഈ ഭാഗ്യമില്ല. ഇരുളിലും ചെളിയിലും ആണ്ടുകിടക്കാനും ഇന്ധനമായെരിഞ്ഞു തീരാനുമാണ് അതിന്റെ വിധി. പക്ഷേ കല്‍ക്കരി തന്നെത്തന്നെ വാല്മീകിയോട് തുലനപ്പെടുത്തുന്നു. ഭൂഗര്‍ഭതപസ്സിന്റെ പാരമ്യത്തില്‍ സ്വയം വെളിച്ചമായും കാവ്യമായും മാറുകയാണ് താനുമെന്നാണ് കല്‍ക്കരിയുടെ വാദം. എന്നാല്‍ ഈ കവിതയില്‍ എഴുതപ്പെടാത്ത ഒരു ശാസ്ത്രസത്യമുണ്ട്. കല്‍ക്കരിയുടെ ആത്യന്തികപരിണാമമാണല്ലോ വജ്രവും വൈരവും. അതിനായി അതിന് അനവധി സമ്മര്‍ദ്ദങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. ഇത്തരം കഠിനസമ്മര്‍ദ്ദങ്ങളുടെ അന്തിമപരിണതിയായിരുന്നു വാല്മീകിയുടെ മനുഷ്യത്വവും കവിത്വവും.' കല്‍ക്കരിയുടെ കാവ്യം' എന്ന കവിതയെഴുതുമ്പോള്‍ ജീ. ഇതൊന്നും ചിന്തിച്ചു കാണില്ല. എങ്കിലും വൈരമായി മാറിയ കല്‍ക്കരിയായിരുന്നു വാല്മീകി എന്ന് വായനക്കാര്‍ മനസ്സിലാക്കുന്നു; കല്‍ക്കരിയുടെ പരിണാമമായിരുന്നു വാല്മീകിയുടെ പരിണാമം എന്നും.
ഇതിനനുബന്ധമായി ഒന്നു കൂടി പറയേണ്ടതുണ്ട്. 'രത്‌നാകരന്‍' എന്നായിരുന്നുവല്ലോ വാല്മീകിയാകും മുന്‍പ് അക്രമിയായിക്കഴിഞ്ഞിരുന്ന
ആ പിടിച്ചുപറിക്കാരന്റെ പേര്; രത്‌നം കിടക്കുന്ന ഖനി എന്നര്‍ത്ഥം. തന്റെ 'രത്‌നാകരത്വം' തിരിച്ചറിയുകയായിരുന്നു വാല്മീകിയിലേയ്ക്കുള്ള പരിണാമത്തിലൂടെ ആ പേരുകാരന്‍ എന്നോ വൈരമായിത്തീരാനുള്ള നിയോഗം ആ കല്‍ക്കരി തന്റെയുള്ളില്‍ പേറുകയായിരുന്നു എന്നോ പറയാം. എല്ലാ മികച്ച എഴുത്തുകാരിലും ഇത്തരമൊരു പരിണതിയുടെ നിറവേറലുണ്ട്.' എന്നില്‍ തമോമയമായതിനെ പ്രകാശമാനമാക്കുക' (What is dark in me, illumine) എന്ന പ്രാര്‍ത്ഥനയോടു കൂടിയാണല്ലോ മില്‍ട്ടണ്‍ തന്റെ മഹാകാവ്യം തുടങ്ങിവയ്ക്കുന്നത്! 'ഒരുവേള പഴക്കമേറിയാലിരുളും മെല്ലെ വെളിച്ചമായ് വരാം' എന്ന് ആശാന്റെ സീത. എഴുത്തുകാരന്‍ തന്നില്‍ സാക്ഷാല്‍ക്കരിച്ച ആ ആന്തരികപരിണാമമാണ് കഥാപാത്രത്തിന്റെ പരിണാമമായി മാറുന്നത്. ആ അര്‍ത്ഥത്തില്‍, ആരുടെ കഥാപാത്രമായിരുന്നു വാല്മീകി; തന്നിലെ രത്‌നാകരത്വത്തെ നീറ്റി, വാല്മീകിത്വമാക്കി മാറ്റുകയും തന്നെത്താന്‍ ശപിച്ചും ത്യജിച്ചും കവിത്വമാര്‍ജ്ജിക്കുകയും ചെയ്ത, 'തമ:പ്രകാശശബളശ്രീയൊത്ത' ഏതൊരജ്ഞാതപ്രതിഭയുടെ?
Content Highlights: mashipacha sajay kv writes about valmiki and epic ramayana