രൂപങ്ങളെ മാത്രമേ ഫ്രെയിം ചെയ്തുവെയ്ക്കാനാവൂ, വികാരങ്ങളെയല്ല; ചതുരങ്ങളിൽ ഒതുങ്ങുന്നതല്ല ഒരു ജീവിതം

ജൂൺ 4-ന് അന്തരിച്ച ഇറാനിയൻ ഗ്രാഫിക് നോവലിസ്റ്റും സിനിമാ സംവിധായകയുമായ മാർജാനേ സത്രാപ്പിയെപ്പറ്റി മാതൃഭൂമി പത്രത്തിലെ 'വാക്കോള'ത്തിൽ ജയകൃഷ്ണൻ എഴുതിയ ലേഖനം വായിക്കാം.
നാലു പെൺകുട്ടികളാണ് ചിത്രത്തിൽ. ഇടതു വശത്തുള്ള പെൺകുട്ടിയുടെ മുഖം ചിത്രത്തിന്റെ ചതുരക്കള്ളിക്കു പുറത്താണ്. എങ്കിലും മറ്റു പെൺകുട്ടികളുടെ മുഖങ്ങളിൽനിന്ന് അവളുടെ മുഖഭാവവും ഊഹിക്കാനാവും. അനിശ്ചിതത്വവും ഭയവുമാണ് ആ കണ്ണുകളിലെല്ലാം. ഭയാനകമായ ആ അവസ്ഥയിൽ നിന്ന്, തങ്ങളെ ചതുരക്കൂടുകളിലടയ്ക്കുന്ന വ്യവസ്ഥകളിൽ നിന്ന് രക്ഷപ്പെടാൻ അവളൊരു വഴി കണ്ടു പിടിച്ചു. വരകളിലൂടെയും എഴുത്തിലൂടെയുമായിരുന്നു ആ വഴി.
ജൂൺ 4ന് അന്തരിച്ച ഇറാനിയൻ എഴുത്തുകാരിയും കാർട്ടൂണിസ്റ്റും സിനിമാസംവിധായകയുമായ മാർജാനേ സത്രാപ്പിയുടെ (Marjane Satrapi) ലോകപ്രശസ്തമായ ഗ്രാഫിക്‌നോവലായ Persepolis-ലെ ഒരു ചിത്രത്തെക്കുറിച്ചാണ് മുകളിലെഴുതിയത്. ഫ്രെയിമുകളിൽ നിന്ന് പുറത്തു കടക്കാനാഗ്രഹിച്ച, പുറത്തു കടന്ന ഒരു പെൺകുട്ടിയുടെ അതിജീവനമാണ് ആത്മകഥാപരമായ ഈ നോവൽ. ഈ നോവലിനെ ആസ്പദമാക്കി മാർജാനേ ഒരു സിനിമയും സംവിധാനം ചെയ്തു.
1969-ൽ ജനിച്ച സത്രാപ്പിയുടെ പ്രപിതാമഹൻ ഇറാനിലെ ചക്രവർത്തിയായിരുന്നു. 1925-ൽ അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കിയാണ് റേസാ ഷാ പെഹ്ലവി തന്റെ സാമ്രാജ്യം സ്ഥാപിച്ചത്. സത്രാപ്പിക്ക് പത്തു വയസ്സുള്ളപ്പോഴായിരുന്നു ഇറാനിലെ ഇസ്ലാമിക് വിപ്ലവം. ഷാ ഭരണകൂടം അതിന്റേതായ ഭീകരത സൃഷ്ടിച്ചിരുന്നെങ്കിൽ കൂടി, അതുവരെ ഏറെക്കുറെ അഭിപ്രായസ്വാതന്ത്ര്യമുണ്ടായിരുന്ന ഇറാൻകാർ കൂടുതൽ വലിയ തടവറയിലകപ്പെട്ടു. സ്ത്രീകൾക് ഹിജാബ് ധരിക്കുക എന്നത് നിർബന്ധമായി. മതേതരത്വം പുലർത്തിയിരുന്ന ഷാ ഭരണത്തിൽ നിന്ന് വ്യത്യസ്തമായി തീവ്രമതശാസനകൾ അടിച്ചേൽപ്പിക്കപ്പെട്ടു. ഏതാണ്ട് ആ കാലഘട്ടത്തിൽ തന്നെയാണ് ഇറാൻ-ഇറാഖ് യുദ്ധം ആരംഭിക്കുന്നതും. ചരിത്രസംഭവങ്ങളെ തന്റെ ജീവിതവുമായി ബന്ധപ്പെടുത്തിക്കൊണ്ട് സത്രാപ്പി കഥ പറയുന്നു. അതിലേക്ക് വൈകാരികമായ, ധിഷണാപരമായ ചിത്രങ്ങൾ വരച്ചുചേർക്കുന്നു.
ഇടതുപക്ഷ ചിന്താഗതിക്കാരും പുരോഗമനവാദികളുമായിരുന്നു മാർജാനേ സത്രാപ്പിയുടെ മാതാപിതാക്കൾ. മാർക്‌സ്, ഫിദെൽ കാസ്‌ത്രോ തുടങ്ങിയവരെപ്പറ്റിയുള്ള പുസ്തകങ്ങളായിരുന്നു ചെറുപ്പത്തിൽ അവൾ വായിച്ചിരുന്നത്. എങ്കിലും ദൈവവിശ്വാസിയായിരുന്നു അവൾ. ദിവസവും രാത്രിയിൽ ദൈവം തന്നെ കാണാൻ വരുന്നുണ്ടെന്ന് അവൾ സങ്കല്പിച്ചു. തന്നെ വളർത്തിയ പരിചാരികയും അയൽവക്കത്തെ പയ്യനും തമ്മിൽ പ്രണയത്തിലായപ്പോൾ നിരക്ഷരയായ അവൾക്കു വേണ്ടി മാർജാനേ കത്തുകളെഴുതി. താൻ പ്രണയിക്കുന്നത് വെറുമൊരു വേലക്കാരിയാണെന്നറിഞ്ഞപ്പോൾ ആ ബന്ധത്തിൽ നിന്ന് പിൻമാറുകയാണ് അയൽക്കാരൻ.
തന്റെ പിതാവ് അവരുടെ പ്രണയത്തകർച്ചയെ അനുകൂലിക്കുന്നുവെന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പുരോഗമനവീക്ഷണത്തെക്കുറിച്ച് മാർജാനേക്ക് സംശയം തോന്നി. ഈ സമയത്താണ് അവിടുത്തെ ഒരു സിനിമാ തീയേറ്റർ അഗ്‌നിക്കിരയായതും നാനൂറോളം പേർ വെന്തുമരിക്കുന്നതും. മതമൗലികവാദികളായിരുന്നു അതിനു പിന്നിലെങ്കിലും ഷാഭരണകൂടം രക്ഷാപ്രവർത്തകരെ തടയുകയാണ് ചെയ്തത്. ഈ സംഭവം വിവരിക്കുമ്പോൾ അതിന്റെ കൂടെ മർജാനേ വരച്ചു ചേർക്കുന്ന ചിത്രം അതിതീവ്രമാണ്: തീജ്വാലകൾക്കിടയിലൂടെ അനേകം ആത്മാക്കൾ പറന്നുയരുന്നു. അടച്ചിടപ്പെട്ട വാതിലുകൾ കണ്ട് അവ ദയനീയമായി നിലവിളിക്കുന്നു.
വൈകാതെ ഇസ്ലാമിക വിപ്ലവം നടന്നു. ഷാഭരണകൂടം തടവറയിലടച്ച, മാർജാനേയുടെ പിതൃസഹോദരനായ ആനൂഷ് ഉൾപ്പെടെയുള്ളവർ മോചിപ്പിക്കപ്പെട്ടു. അവർ രാജ്യത്തിന്റെ വീരനായകരായി അവരോധിക്കപ്പെട്ടു. ഇതിഷ്ടപ്പെടാതിരുന്ന മതഭരണകൂടം അവരെ വീണ്ടും തടവിലാക്കി. ആനൂഷിന് അവർ വധശിക്ഷ വിധിച്ചു. ശിക്ഷ നടപ്പാക്കുന്നതിനു തലേദിവസം ഒരേയൊരാളെ മാത്രം കാണാൻ അദ്ദേഹത്തിന് അനുവാദം കിട്ടി. മാർജാനേയെയാണ് ആനൂഷ് കാണാൻ താത്പര്യപ്പെട്ടത്. അദ്ദേഹം വധിക്കപ്പെട്ടതോടെ അവളുടെ ദൈവവിശ്വാസം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു.
2023-ൽ സമാധാനത്തിനുള്ള നോബെൽപുരസ്‌കാരം ലഭിച്ച ഇറാനിയൻ മനുഷ്യാവകാശപ്രവർത്തക നാർഗെസ് മൊഹമ്മദിയെ(Narges Mohammadi) പാർപ്പിച്ച ഇറാനിലെ കുപ്രസിദ്ധമായ എവീൻ തടവറയിൽ വെച്ചാണ് ആനൂഷ് വധിക്കപ്പെട്ടത്. White Torture എന്ന പുസ്തകത്തിൽ നാർഗെസ് ഇങ്ങനെ എഴുതി: ''എല്ലാം താഴിട്ടുപൂട്ടിയിരിക്കുന്നു, കാറ്റ്, വെളിച്ചം, ശബ്ദം എല്ലാം ആ താഴിന് വെളിയിലാക്കപ്പെട്ടിരിക്കുന്നു.'' തടവറയും ഒരു ചതുരക്കള്ളിയാണ്, ജീവിതം അവിടെനിന്നും പുറത്താക്കപ്പെട്ടിരിക്കുന്നു.
പിന്നീട് മാതാപിതാക്കൾ മാർജാനേയെ ഓസ്ട്രിയയിലേക്കയച്ചു. അവിടെ പാശ്ചാത്യസംസ്‌കാരത്തിന്റെ നല്ലതും ചീത്തയുമായ സ്വാധീനങ്ങളിൽ അവൾ അകപ്പെട്ടു. വീണ്ടും ടെഹ്‌റാനിൽ അവൾ തിരിച്ചെത്തി. നഗരമാകെ മാറിയിരുന്നു. രക്തസാക്ഷികളുടെ പേര് നൽകപ്പെട്ട തെരുവകളിലൂടെ നടക്കുമ്പോൾ താനൊരു ശ്മശാനത്തിലൂടെ നടക്കുകയാണെന്ന് അവൾക്ക് തോന്നിപ്പോയി. സർവകലാശാലയിൽ ചേർന്ന് കലാപഠനം നടത്തിയ ശേഷം മാർജാനേ ഫ്രാൻസിലേക്ക് പോയി. പിന്നീടവൾ തിരികെ വന്നില്ല.
ലളിതവും ഹാസ്യാത്മകവുമാണ് Persepolis-ലെ ചിത്രങ്ങൾ. പക്ഷേ തന്റെ ജീവിതത്തിലെ വികാരതീവ്രമായ സന്ദർഭങ്ങൾ മാർജാനേ അവിഷ്‌ക്കരിക്കുന്നത് ആ കാർട്ടൂൺചിത്രങ്ങളിലൂടെ തന്നെയാണ്. തന്റെ പങ്കാളിയായ മത്യാസ് റിപായുടെ മരണത്തിൽ ഹൃദയം തകർന്നാണ് മാർജാനേ മരിച്ചതെന്നു കൂടി അറിയുമ്പോൾ ആ വൈകാരികതയുടെ ആഴം വ്യക്തമാകുന്നു. അല്ലെങ്കിലും രൂപങ്ങളെ മാത്രമേ ഫ്രെയിം ചെയ്തുവെയ്ക്കാനാനാവൂ; വികാരങ്ങളെയല്ല.
ചതുരക്കള്ളികളെക്കുറിച്ച്, ഫ്രെയിമുകളെക്കുറിച്ച് പറയാതെ സ്വാതന്ത്ര്യമാഗ്രഹിക്കുന്ന ഇറാൻകാരുടെ ചിത്രീകരണം ഒരിക്കലും പൂർത്തിയാകില്ല. മറ്റൊരു ഇറാനിയൻ കാർട്ടൂണിസ്റ്റായ മനാ നെയസ്താനി(Mana Neyestani) രചിച്ച An Iranian Metamorphosis എന്ന ഗ്രാഫിക്‌നോവലിന്റെ തുടക്കത്തിൽതന്നെ ഇങ്ങനെയൊരു ചിത്രമുണ്ട്- ജയിലധികാരി എഴുത്തുകാരനോട് ആജ്ഞാപിക്കുന്നു: ''മുഴുവൻ കഥയും ചുരുക്കിയെഴുതൂ. പക്ഷേ അതെല്ലാം ഈ ചതുരത്തിനകത്ത് ഒതുങ്ങിയിരിക്കണം.''
തുടർന്ന് കടലാസ്സിൽ വരച്ച ഒരു കള്ളിയിലേക്ക് അയാൾ തന്റെ ഭീമാകാരമായ വിരൽ ചൂണ്ടുന്നു. എഴുതിവരുമ്പോൾ ഒരു വാക്ക് ചതുരത്തിന് പുറത്താകുന്നു. ഫ്രെയിമിനുള്ളിൽ ഒതുങ്ങി നിൽക്കാൻ അയാൾ വീണ്ടും അട്ടഹസിക്കുന്നു. ഭരണകൂടഭീകരത ജനങ്ങളെ കാഫ്കയുടെ കഥയിലെന്നപോലെ പാറ്റകളാക്കി മാറ്റുന്നതിനെ വിവരിക്കുന്ന ഈ പുസ്തകവും ആത്മകഥാപരമാണ്. പത്രത്തിൽ ജോലി ചെയ്തിരുന്ന നെയസ്താനിയുടെ ഒരു കാർട്ടൂൺ കലാപത്തിന് കാരണമായി. ഇറാനിലെ ഇസ്ലാമിക് ഗാർഡുകൾ അദ്ദേഹത്തെ തടവിലാക്കി. തടവറയിൽനിന്ന് പുറത്തിറങ്ങിയ അദ്ദേഹത്തിന് രാജ്യം വിടേണ്ടി വന്നു. ആ ഓർമകളാണ് An Iranian Metamorphosis എന്ന പുസ്തകം.
മാർജാനേ സത്രാപ്പിയും അനേകം രൂപാന്തരങ്ങളിലൂടെ കടന്നുപോയി. അതിർവരമ്പുകൾ മറികടക്കുന്ന പക്ഷികളായിട്ടായിരുന്നു അവയിൽ മിക്കവയും.
Content Highlights: Analysis of Marjane Satrapi's life and her autobiographical masterpiece, Persepolis., Examination of the intersection between political oppression in Iran and personal artistic expression., Comparison of Satrapi's work with Mana Neyestani's 'An Iranian Metamorphosis'., Reflection on the use of graphic novels as a medium for documenting trauma and survival., Insight into the recurring theme of breaking free from societal and political 'frames'.