ഓട്ടിസമുള്ള മകനെയും തന്നെയും തനിച്ചാക്കി, കമ്പനി ഓഹരി സഹോദരങ്ങൾക്ക്;ശ്രീധർ വെമ്പുവിനെതിരെ ഭാര്യ

തദ്ദേശീയ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രമന്ത്രിമാരും പ്രമുഖരും ഉൾപ്പടെ പ്രചാരം നൽകിയ ഇന്ത്യൻ ടെക്ക് കമ്പനിയാണ് ചെന്നൈയിൽ പ്രവർത്തിക്കുന്ന സോഹോ. 1996-ൽ ആരംഭിച്ച കമ്പനിയുടെ ജനപ്രീതി 2025-ൽ കുതിച്ചുയർന്നിരുന്നു. സോഹോയും കമ്പനിയുടെ സഹസ്ഥാപകൻ വെമ്പുവും നിരന്തരം വാർത്തകളിൽ ഇടംപിടിച്ചു. എന്നാൽ ഈ സംഭവവികാസങ്ങൾക്കിടെ അമേരിക്കയിലുള്ള ഭാര്യയുമായി രൂക്ഷമായ വിവാഹമോചന തർക്കങ്ങളിലുമായിരുന്നു ശ്രീധർ വെമ്പു.
വെമ്പുവും അദ്ദേഹത്തിൽനിന്നും അകന്നു കഴിയുന്ന ഭാര്യ പ്രമീള ശ്രീനിവാസനും തമ്മിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന, വിവാഹമോചന കേസിൽ 1.7 ബില്യൺ ഡോളർ (ഏകദേശം 15,278 കോടി രൂപ) ബോണ്ട് കെട്ടിവെക്കാൻ യുഎസ് കോടതി വെമ്പുവിനോട് നിർദ്ദേശിച്ചതായാണ് 'ദി ന്യൂസ് മിനിറ്റ്' റിപ്പോർട്ട് ചെയ്യുന്നത്. വിവാഹമോചനത്തോടൊപ്പം സോഹോയിലുള്ള അവകാശം ഉൾപ്പടെയുള്ള സ്വത്തുതർക്കവും കുട്ടിയുടെ സംരക്ഷണാവകാശം സംബന്ധിച്ച തർക്കങ്ങളും നടക്കുന്നുണ്ട്. ഇരുവരും കാലിഫോർണിയയിൽ ഉണ്ടായിരുന്നപ്പോൾ സമ്പാദിച്ച സ്വത്തുക്കളാണ് തർക്കവിഷയം. കാലിഫോർണിയയിലെ നിയമപ്രകാരം വിവാഹശേഷം സമ്പാദിക്കുന്ന സ്വത്ത് ഇരുവർക്കും തുല്യമായി അവകാശപ്പെട്ടതാണ്. എന്നാൽ 2019-ൽ വെമ്പു തന്നെയും ഓട്ടിസം ബാധിച്ച മകനെയും ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങിയെന്നാണ് കേസിൽ പ്രമീളയുടെ ആരോപണം.
കേസിന്റെ പശ്ചാത്തലം
ഐഐടി മദ്രാസിൽ നിന്ന് ബിരുദം നേടിയതിന് ശേഷം പ്രിൻസ്ടൺ സർവ്വകലാശാലയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിങിൽ പിഎച്ച്ഡി എടുക്കുന്നതിനായാണ് 1989ൽ ശ്രീധർ വെമ്പു യുഎസിൽ എത്തിയത്. നാല് വർഷങ്ങൾക്ക് ശേഷം, 1993 ൽ വെമ്പുവും പ്രമീള ശ്രീനിവാസനും തമ്മിലുള്ള വിവാഹം നടന്നു. 1996 ൽ വെമ്പുവും അദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാരും സുഹൃത്തായ ടോണി തോമസും ചേർന്ന് അഡ്വെന്റ് നെറ്റ് എന്ന പേരിൽ ഒരു സോഫ്റ്റ് വെയർ കമ്പനിക്ക് തുടക്കമിട്ടു. ഈ കമ്പനിയാണ് 2009 ൽ സോഹോ എന്ന് പേര് മാറ്റിയത്.
മൂന്ന് ദശാബ്ദക്കാലത്തോളം വെമ്പുവും പ്രമീളയും കാലിഫോർണിയയിൽ ഒന്നിച്ചുണ്ടായിരുന്നു. ഇരുവർക്കും 26 വയസുള്ള മകനുണ്ട്. ഓട്ടിസം ബാധിതനാണ് ഇദ്ദേഹം. 2019 ൽ വെമ്പു ഇന്ത്യയിലേക്ക് പോവുകയും തമിഴ്നാട്ടിലെ സ്വന്തം ഗ്രാമമായ മാതളം പാറയിൽനിന്ന് സോഹോയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്തു. 2021-ലാണ് അദ്ദേഹം വിവാഹമോചന നടപടികൾ ആരംഭിച്ചത്.
അതേസമയം, തന്നെയും ഓട്ടിസം ബാധിച്ച മകനെയും ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങിയെന്നും തന്റെ അറിവോ സമ്മതമോ ഇല്ലാതെ സോഹോയുടെ ഓഹരികളും ബൗദ്ധിക സ്വത്തവകാശങ്ങളും വെമ്പു സഹോദരങ്ങൾക്കും മറ്റും കൈമാറിയെന്നും പ്രമീള പരാതിപ്പെട്ടു. ഇന്ത്യാടുഡേ റിപ്പോർട്ട് പ്രകാരം, ശ്രീധർ വെമ്പുവിന്റെ സഹോദരി രാധയ്ക്ക് കമ്പനിയിൽ 47.8 ശതമാനം ഓഹരിയുണ്ട്. സഹോദരനും വെമ്പു ടെക്നോളജീസ് സ്ഥാപകനുമായ ശേഖറിന് 35.2 ശതമാനം ഓഹരിയുണ്ട്. ശ്രീധർ വെമ്പുവിനാകട്ടെ 22.5 കോടി ഡോളർ മൂല്യം വരുന്ന 5 ശതമാനം ഓഹരി മാത്രമാണുള്ളത്. പ്രമീളയുടേത് കെട്ടിച്ചമച്ച ആരോപണങ്ങളാണെന്നാണ് ശ്രീധർ വെമ്പുവിന്റെ ആരോപണം. ഭാര്യയെയും മകനെയും സാമ്പത്തികമായി സഹായിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.
2024 നവംബറിൽ കാലിഫോർണിയ സുപ്പീരിയർ കോടതിയിൽ പ്രമീള ഒരു അപേക്ഷ സമർപ്പിച്ചിരുന്നു. ഇതനുസരിച്ച് 2025 ജനുവരിയിൽ 1.7 ബില്യൺ യുഎസ് ഡോളറിന്റെ ബോണ്ട് കെട്ടിവെക്കാൻ കോടതി വെമ്പുവിനോട് ഉത്തരവിട്ടു. ദമ്പതികളുടെ സംയുക്ത ആസ്തികളിൽ പ്രമീള ശ്രീനിവാസനുള്ള അവകാശങ്ങൾ ഹനിക്കപ്പെടാതിരിക്കാൻ ഇത് അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി. ചില സാമ്പത്തിക ഇടപാടുകളിൽ സോഹോ (Zoho) സഹസ്ഥാപകൻ സുതാര്യത പുലർത്തിയിട്ടില്ലെന്നും, "നിയമത്തെ വകവെക്കാതെയാണ്" അദ്ദേഹം പ്രവർത്തിച്ചതെന്നും കോടതി നിരീക്ഷിച്ചതായും ന്യൂസ് മിനിറ്റ് റിപ്പോർട്ട് പറയുന്നു.
അതിനിടെ, റിപ്പോർട്ടുകളിൽ പ്രതികരിച്ച് വെമ്പുവിന്റെ അഭിഭാഷകൻ രംഗത്തുവന്നു. പ്രമീളയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വെമ്പുവിന്റെ അഭിഭാഷകൻ ക്രിസ്റ്റഫർ സി മെൽച്ചർ പറഞ്ഞു. തൻ്റെ ഓഹരികളിൽ 50% വെമ്പു പ്രമീളയ്ക്ക് വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ അവർ അത് നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 15,000 കോടി രൂപയുടെ ബോണ്ട് അസാധുവാണെന്നും ഇതിനെതിരെ അപ്പീൽ നൽകുമെന്നും അഭിഭാഷകൻ അറിയിച്ചു.
Content Highlights: Sridhar Vembu vs Pramila Srinivasan: Zoho Founder Faces ₹15,278 Crore Bond Order in US