ഈ നാല് കഷ്ണം കൂട്ടിച്ചേര്‍ത്തതിനാണോ 2300 രൂപ?; ചര്‍ച്ചയായി 'സറ'യുടെ വസ്ത്രപരീക്ഷണം

സറയുടെ ഡെനിം ബെല്‍റ്റ്‌ | Photo: instagram/ nikitaghosh07
സറയുടെ ഡെനിം ബെല്‍റ്റ്‌ | Photo: instagram/ nikitaghosh07

വിപണി കീഴടക്കാന്‍ പല തരത്തിലുള്ള പരീക്ഷണങ്ങളും കമ്പനികള്‍ നടത്തും. വസ്ത്രവുമായി ബന്ധപ്പെട്ട കമ്പനികളാണെങ്കില്‍ അവരുടെ പരീക്ഷണം തീര്‍ത്തും വ്യത്യസ്തമായിരിക്കും. എന്നാല്‍ ചിലത് അല്‍പം കടന്നുപോകാറുമുണ്ട്. 

അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിങ്ങാകുന്നത് സ്പാനിഷ് റീറ്റെയ്ല്‍ ക്ലോതിങ് കമ്പനിയായ 'സറ'യുടെ ഒരു പ്രൊഡക്റ്റാണ്. ജീന്‍സിന്റെ അരഭാഗം വെട്ടിയെടുത്ത് കൂട്ടിച്ചേര്‍ത്തതുപോലെയാണ് ഒറ്റനോട്ടത്തില്‍ ഈ പ്രൊഡക്റ്റ് കണ്ടാല്‍ നമുക്ക് തോന്നുക.  

എന്നാല്‍ ഡെനിം കൊണ്ട് തയ്യാറാക്കിയ ഒരു സാഷ് ബെല്‍റ്റാണ് ഇതെന്ന് കമ്പനിയുടെ വെബ്‌സൈറ്റില്‍ പറയുന്നു. 2290 രൂപയാണ് ഇതിന്റെ വില. നികിത ഘോഷ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഈ പ്രൊഡക്റ്റിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. 'ഇത് എന്താണ്, ഇത് എങ്ങനെ ധരിക്കും' എന്ന ക്യാപ്ഷനോടെയാണ് നികിത വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ഇതിന് താഴെ നിരവധി പേരാണ് കമന്റുമായെത്തിയത്. പലര്‍ക്കും സാഷ് ബെല്‍റ്റാണെന്ന് മനസിലായില്ല. ഇതിന്റെ അടിയില്‍ മറ്റെന്തെങ്കിലും ധരിക്കണമെന്നും ഉര്‍ഫി ജാവേദില്‍ നിന്നാണോ ഇതുണ്ടാക്കുന്ന വിദ്യ പഠിച്ചത് എന്നുമെല്ലാം ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. വസ്ത്രത്തിന് മുകളില്‍ ഓവര്‍കോട്ട് ആയി ധരിക്കാനുള്ളതാണോ എന്നും ആളുകള്‍ ചോദിക്കുന്നുണ്ട്.
 

Content Highlights: zaras unusual denim belt baffles people