'ഇനിയും വേദന സഹിക്കാനാകില്ല, നിങ്ങള്‍ പിരിയുന്നതാണ് നല്ലത്'-15-ാം വയസില്‍ യുവരാജ് മാതാപിതാക്കളോട് പറഞ്ഞു

യുവരാജ് സിങ്ങ്/ യുവരാജ് സിങ്ങ് അമ്മ ഷബ്‌നം സിങ്ങിനൊപ്പം | Photo: PTI/ ANI
യുവരാജ് സിങ്ങ്/ യുവരാജ് സിങ്ങ് അമ്മ ഷബ്‌നം സിങ്ങിനൊപ്പം | Photo: PTI/ ANI

ക്രിക്കറ്റില്‍ ഒരുപാട് നേട്ടങ്ങള്‍ സ്വന്തം പേരിലാക്കിയ താരമാണ് യുവരാജ് സിങ്ങ്. ഇംഗ്ലീഷ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ യുവരാജ് പറത്തിയ ഒരോവറിലെ ആറ് സിക്‌സറുകള്‍ ഒരു ക്രിക്കറ്റ് ആരാധകന്റേയും മനസില്‍നിന്ന് മായില്ല. അച്ഛനും ക്രിക്കറ്റ് താരവുമായിരുന്ന യോഗ്‌രാജ് സിങ്ങിന്റെ അതേ വഴിയിലൂടെയാണ് യുവരാജും ഗ്രൗണ്ടിലെത്തിയത്. എന്നാല്‍ അച്ഛനുമായി എപ്പോഴും പ്രക്ഷുബ്ധമായ ഒരു ബന്ധമാണ് യുവരാജ് സൂക്ഷിച്ചിരുന്നത്. അത് പലപ്പോഴും കളത്തിന് പുറത്തെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.

ഇതിനെ കുറിച്ച് അഭിമുഖങ്ങളില്‍ യുവരാജ് തുറന്ന് സംസാരിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്‌നം തന്നെ എങ്ങനെയാണ് ബാധിച്ചതെന്നും അച്ഛന്റെ ശിക്ഷണത്തില്‍ വളര്‍ന്നത് എത്രത്തോളം ദുഷ്‌കരമായിരുന്നുവെന്നും സിമി ഗരേവാളുമായുള്ള ടോക്ക് ഷോയില്‍ യുവരാജ് വെളിപ്പെടുത്തിയിരുന്നു. മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കില്‍ മനംമടുത്ത താന്‍ 15-ാം വയസില്‍ അവരോട് വേര്‍പിരിയാന്‍ ആവശ്യപ്പെട്ടുവെന്നും യുവരാജ് അന്ന് വ്യക്തമാക്കിയിരുന്നു.

കൗമാരപ്രായത്തില്‍ത്തന്നെ തന്റെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ് ജീവിക്കുന്നതാണ് നല്ലതെന്ന് താന്‍ തിരിച്ചറിഞ്ഞിരുന്നുവെന്നും അതിനെ കുറിച്ച് അവരോട് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. 'എനിക്ക് ഏകദേശം പതിനാലോ പതിനഞ്ചോ വയസ്സായിരുന്നു. മാതാപിതാക്കള്‍ എപ്പോഴും വഴക്കിടുന്ന അത്തരമൊരു അന്തരീക്ഷത്തില്‍ ജീവിക്കാന്‍ പ്രയാസമായിരുന്നു. ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന എന്റെ കരിയറിനെ തന്നെ അത് ബാധിക്കുമോ എന്ന് ഞാന്‍ കരുതി. ചുറ്റുമുള്ളവര്‍ക്കും വേദന മാത്രമുണ്ടാക്കുന്ന ആ ബന്ധത്തില്‍ നിന്ന് വേര്‍പിരിഞ്ഞ് സ്വന്തം വഴികളിലൂടെ സഞ്ചരിക്കണമെന്ന ആശയം ഞാന്‍ അവരുമായി പങ്കുവെച്ചു.'-യുവരാജ് പറയുന്നു.

തുടര്‍ന്ന് 17-ാം വയസില്‍ യുവരാജ് അമ്മ ഷബ്‌നം സിങ്ങിനൊപ്പം വീടുവിട്ടു. യോഗ്‌രാജ് വീണ്ടും വിവാഹം കഴിച്ചു. ആ ബന്ധത്തില്‍ അദ്ദേഹത്തിന് രണ്ട് മക്കളുണ്ട്. അന്ന് അമ്മ തന്നെ വളര്‍ത്താന്‍ ചെയ്ത ത്യാഗങ്ങളെ കുറിച്ചും യുവരാജ് സംസാരിച്ചു. 'അത്തരം ത്യാഗങ്ങള്‍ ഒരു അമ്മയ്ക്ക് മാത്രമേ ചെയ്യാന്‍ കഴിയൂ എന്നാണ് ഞാന്‍ കരുതുന്നത്. അങ്ങനെയൊരു അമ്മയെ ലഭിച്ചതില്‍ ഞാന്‍ ഒരുപാട് നന്ദിയുള്ളവനാണ്.'-യുവരാജ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനുള്ള അച്ഛന്റെ ആഗ്രഹങ്ങളെക്കുറിച്ചും ആ സ്വപ്നം എങ്ങനെ തന്നിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടുവെന്നും യുവരാജ് അഭിമുഖത്തില്‍ പങ്കുവെച്ചു. 'അദ്ദേഹം നന്നായി കഠിനധ്വാനം ചെയ്തിരുന്നു. കൂടാതെ പ്രതിഭാശാലിയുമായിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് കാര്യങ്ങള്‍ ചെയ്തിരുന്നത്. എന്നിലൂടെ അദ്ദേഹത്തിന്റെ സ്വപ്നം പൂര്‍ത്തിയാക്കാന്‍ ആഗ്രഹിച്ചു. ഞാന്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചു. അതിനായി എന്നെ കഠിനമായി പരിശീലിപ്പിച്ചു.

സുഹൃത്തുക്കളും കോളനിയിലുള്ളവരും അച്ഛനെ ഹിറ്റ്‌ലര്‍ എന്നാണ് വിളിച്ചിരുന്നത്. ഞങ്ങള്‍ക്ക് മനോഹരമായ ഒരു പൂന്തോട്ടമുണ്ടായിരുന്നത് ഞാന്‍ ഓര്‍ക്കുന്നു, എന്റെ അമ്മ ധാരാളം ചെടികള്‍ നട്ടുപിടിപ്പിച്ചിരുന്നു. അദ്ദേഹം അതെല്ലാം നീക്കം ചെയ്യുകയും അവിടെ ക്രിക്കറ്റ് നെറ്റുകള്‍ സ്ഥാപിക്കുകയും ചെയ്തു. തലേ ദിവസത്തെ പരിശീലനം കൊണ്ട് ഞാന്‍ ക്ഷീണിച്ചിരുന്നു. അടുത്ത ദിവസം നേരത്തെ എഴുന്നേല്‍ക്കുന്നതിനെ കുറിച്ച് എനിക്ക് ആലോചിക്കാന്‍പോലും പറ്റുമായിരുന്നില്ല. അന്നെല്ലാം അച്ഛന്‍ ഒരു ബക്കറ്റില്‍ തണുത്ത വെള്ളം നിറച്ച് എന്റെ പുതപ്പിലേക്ക് ഒഴിക്കുമായിരുന്നു. അച്ഛനെ വെറുത്തിരുന്ന സമയമായിരുന്നു അത്. കഠിനമായ പരിശീലനം കൊണ്ട് അച്ഛന്‍ തന്നെ കൊല്ലുമെന്ന് പലരും കരുതിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഇതെല്ലാമാണ് തന്നെ ക്രിക്കറ്റില്‍ വിജയങ്ങളിലേക്കെത്തിച്ചതെന്നും യുവരാജ് പറയുന്നു. 'ഞാന്‍ ചെയ്ത ത്യാഗങ്ങളും അദ്ദേഹം എന്നെ പരിശീലിപ്പിച്ച രീതിയുമാണ് ഇത്ര ചെറുപ്പത്തില്‍ ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ കാരണമായതെന്ന് ഞാന്‍ കരുതുന്നു.' -യുവരാജ് അഭിമുഖത്തില്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: yuvraj singh asked his parents to get divorced