'നാല് മരുമക്കളല്ല, പെണ്‍മക്കളില്ലാത്ത എനിക്കവര്‍ മക്കള്‍ തന്നെയാണ്'-ശാരദക്കുട്ടി പറയുന്നു

കോട്ടയം ജില്ലയിലെ കുമാരനല്ലൂര്‍ ശാരദാവിലാസം വീട്ടില്‍ എണ്‍പത്തിമൂന്നുകാരി ശാരദക്കുട്ടി വേറെ ലെവല്‍ അമ്മായിയമ്മയാണ്. ചിരിച്ചും കളിച്ചും വര്‍ത്തമാനം പറഞ്ഞും നാല് ആണ്‍മക്കളുടേയും ഭാര്യമാരെ ഒപ്പം കൂട്ടി ഒരു 'മാതൃകാ മോഡല്‍' അമ്മായിയമ്മ-മരുമകള്‍' ബന്ധമാണ് ശാരദക്കുട്ടി തീര്‍ത്തെടുത്തിരിക്കുന്നത്. ''നാല് മരുമക്കളല്ല, പെണ്‍മക്കളില്ലാത്ത എനിക്കവര്‍ പെണ്‍മക്കള്‍ തന്നെയാണ്.
'നാല് പേരിലും ഞാനൊരിക്കലും കുറവുകള്‍ കണ്ടിട്ടില്ല. നാല് പേരോടും നല്ല സ്‌നേഹത്തോടെയേ പെരുമാറൂ. അതാകാം അവരും വലിയ സ്‌നേഹത്തോടെ മുന്നോട്ട് പോകുന്നത്. അമ്മയും മക്കളുമായിട്ടാണ് ഞങ്ങള്‍ ജീവിക്കുന്നത്'-ശാരദക്കുട്ടി പറയുന്നു. 'അമ്മായിയമ്മ മരുമകളെ സ്‌നേഹിക്കുന്ന ഒരുദിനം വരും' എന്നുള്ള കാത്തിരിപ്പ് ഈ വീട്ടിലില്ല. പകരം 32 വര്‍ഷം മുമ്പ് മൂത്തമകന്‍ ശശികുമാര്‍ ബീനാകുമാരിയെ വിവാഹം കഴിച്ചപ്പോള്‍ മുതല്‍ 'അമ്മായിയമ്മ സ്‌നേഹ'ത്തിന്റെ ഒരുവസന്തം തീര്‍ത്താണ് ഈ വീട് മുന്നോട്ട് കൊണ്ടുപോകുന്നത്.
നാല് മരുമക്കളുടെയും കഴിവുകളിലും കാര്യപ്രാപ്തിയിലും അമ്മയ്ക്ക് തികഞ്ഞ മതിപ്പ്. അത് കൊണ്ട് ഒരാളും അമ്മയുടെ സ്‌നേഹത്തില്‍നിന്നും കരുതലില്‍നിന്നും മാറിനില്‍ക്കുന്നില്ല. അരുണാചല്‍ പ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് ഉദ്യോഗസ്ഥനായ ശശികുമാറും ഭാര്യ ബീനയും അരുണാചലിലാണ് താമസിക്കുന്നത്. ബീന അധ്യാപിക. രണ്ടാമത്തെ മകന്‍ ആര്‍ട്ടിസ്റ്റ് സുരേഷ് കുമാറും ഭാര്യ ബീനാ സുരേഷും ആലപ്പുഴയില്‍. ശ്രീകുമാറും ഭാര്യ പ്രതിഭയും (ഇരുവരും കണ്‍സ്ട്രക്ഷന്‍ മേഖലയില്‍) കുടുംബവീട്ടില്‍ താമസിക്കുന്നു. ഇളയമകന്‍ രാജേഷ് കുമാറും ഭാര്യ ജ്യോതി രാജേഷും തൊട്ടടുത്ത് താമസം. ചെറുമക്കള്‍ ഒന്പതുപേര്‍. മൂത്ത ചെറുമകന്‍ അടുത്തയിടെ വിവാഹിതനായി.
'അമ്മ എന്ത് കിട്ടിയാലും ഒരുപോലെ വീതിച്ച് കൊടുക്കും. കഴിഞ്ഞവര്‍ഷം അമ്മയുടെ 83-ാം പിറന്നാള്‍ ആഘോഷിച്ചു. കിട്ടിയ സമ്മാനങ്ങളൊക്കെ തുല്യമാക്കി. അത് സ്‌നേഹത്തിന്റെ കാര്യത്തിലുമായത് കൊണ്ടാണ് കുടുംബം കൂടുതല്‍ സന്തോഷമായിട്ട് പോകുന്നത്' ജ്യോതി പറയുന്നു. പലരും അമ്മായിയമ്മ ഇത്രയും പാവമാണോയെന്ന് ചോദിക്കാറുണ്ട്. ശരിക്കും ഇത് സത്യമാണോയെന്ന് അറിയണം പലര്‍ക്കും. ഞങ്ങള്‍ 'റിയല്‍ സ്‌നേഹത്തിലാണ' പ്രതിഭ പറയുന്നു.
രണ്ട് മക്കളുടെ കുടുംബം അകലെയാണെങ്കിലും എന്നും അമ്മ അവരേയും വിളിക്കും. എല്ലാ കുടുംബാംഗങ്ങളുടേയും പിറന്നാളിന് കൃത്യമായി കുമാരനല്ലൂര്‍ അമ്പലത്തില്‍ വഴിപാട് അമ്മ വകയാണ്. അമ്മയുടെ ചിരിയും സ്‌നേഹവുമാണ് നല്ല അമ്മായിയമ്മയാക്കുന്നതെന്ന് മകന്‍ ശ്രീകുമാര്‍. 13-വര്‍ഷം മുന്പാണ് ശാരദക്കുട്ടിയുടെ ഭര്‍ത്താവ് മില്‍മ ജീവനക്കാരനായിരുന്ന ഗോപാലകൃഷ്ണന്‍നായര്‍ മരിക്കുന്നത്. ശേഷം കുടുംബത്തിന്റെ നാഥരായി മാറിയത് നാല് ആണ്‍മക്കളാണ്.
ഒക്ടോബര്‍ നാലാം ഞായറാഴ്ച
ഒക്ടോബറിലെ നാലാമത്തെ ഞായറാഴ്ചയാണ് അമ്മായിയമ്മ ദിനം. 1934 മാര്‍ച്ച് അഞ്ചിന് ടെക്‌സസിലാണ് ആദ്യമായി അമ്മായിയമ്മ ദിനം ആഘോഷിച്ചത്.
Content Highlights: world mother in law day