'ഞാനാണ് ഭാര്യ, അല്ല ഞാനാണ്, ഞാന്‍ മകളാണ്', മരിച്ച മുൻ IAS-കാരന്റെ സ്വത്തുതേടിയെത്തി സ്ത്രീകൾ, തർക്കം

ലഖ്നൗ: ഹരിശങ്കര്‍ മിശ്ര എന്ന മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന് മരിച്ചിട്ട് പത്തുവര്‍ഷമായി. പക്ഷേ, നോയിഡയിലെ സെക്ടര്‍ 62-ല്‍ അദ്ദേഹം ഉപയോഗിച്ച ബംഗ്ലാവ് ആര്‍ക്കെന്നതില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. അവകാശം പറഞ്ഞ് മൂന്ന് സ്ത്രീകള്‍ രംഗത്തെത്തിയതോടെയാണ് അനന്തരാവകാശം ഇപ്പോഴും തീരുമാനമാകാത്ത അവസ്ഥയില്‍ നില്‍ക്കുന്നത്.
മിശ്രയുടെ മരണാനന്തരം സ്വത്ത് തന്റെ പേരില്‍ എഴുതിവെച്ചതായി അവകാശപ്പെട്ട് ഭാര്യ രംഗത്തെത്തി. ഇതിന്റെ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകവേയാണ് അപ്രതീക്ഷിതമായ വഴിത്തിരിവുണ്ടാകുന്നത്. വേറൊരു സ്ത്രീയെത്തി താനാണ് ഭാര്യ എന്ന് തെളിവുസഹിതം സമര്‍ഥിച്ച് സ്വത്തിലുള്ള അവകാശം ചോദിച്ചു. ഇതോടെ ആര്‍ക്ക് നല്‍കുമെന്നത് പ്രതിസന്ധിയായി. ഇരുവരും തമ്മിലുള്ള തര്‍ക്കം മുറുകി നില്‍ക്കവെയാണ് കാര്യങ്ങളെ അതിസങ്കീര്‍ണമാക്കി മറ്റൊരു സ്ത്രീകൂടി രംഗത്തെത്തിയത്. വേറൊരു ഭാര്യയിലുള്ള മകളാണെന്ന് അവകാശപ്പെട്ടാണ് അവര്‍ സ്വത്തില്‍ അവകാശം ഉന്നയിച്ചത്.
വിഷയത്തില്‍ എന്തുചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലാണ് ഉദ്യോഗസ്ഥര്‍. 2014 ജൂലായ് 11-നാണ് ഹരിശങ്കര്‍ മിശ്ര മരിച്ചത്. ഉദരസംബന്ധമായ അസുഖം കാരണം ദീര്‍ഘകാലം ചികിത്സയിലായിരുന്നു. മരണത്തെ തുടര്‍ന്ന് നോയിഡയിലെ സ്വത്ത് തന്റെ പേരില്‍ എഴുതിവെച്ചെന്ന് കാണിച്ച് ഷീബ എന്നു പേരുള്ള ഭാര്യയാണ് ഉദ്യോഗസ്ഥരെ ആദ്യം സമീപിച്ചത്.
ഷീബ ഇതിന്റെ പേപ്പര്‍ വര്‍ക്കുകള്‍ക്കായി ഉദ്യോഗസ്ഥരെ സമീപിച്ചു. വിവാഹ സര്‍ട്ടിഫിക്കറ്റും ഹരിശങ്കര്‍ മിശ്രയുടെ മരണ സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെടെ ഹാജരാക്കിയാണ് അവരുടെ അവകാശവാദം സാധൂകരിക്കാന്‍ ശ്രമിച്ചത്. ബന്ധപ്പെട്ട അധികാരികള്‍ സ്വത്ത് ഷീബയുടെ പേരിലേക്ക് മാറ്റുന്നതിനുള്ള നടപടികളുമായി മുന്നോട്ടുനീങ്ങുകയായിരുന്നു.
ഇതിനിടയ്ക്കാണ് അനിത മിശ്ര എന്ന സ്ത്രീ, ഹരിശങ്കര്‍ മിശ്രയുടെ ശരിയായ ഭാര്യയാണെന്ന അവകാശവുമായി രംഗത്തെത്തുന്നത്. 27 വര്‍ഷം മുമ്പ് വിവാഹം കഴിഞ്ഞതിന്റെ സര്‍ട്ടിഫിക്കറ്റുകളും ബന്ധത്തില്‍ രണ്ട് മക്കളുള്ളതിന്റെ തെളിവുകളുമെല്ലാം അധികൃതര്‍ക്ക് മുമ്പില്‍ വെച്ചു. ഇതോടെ ഉദ്യോഗസ്ഥര്‍ എന്തുചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായി. മറ്റൊരാള്‍ കൂടി രംഗത്തെത്തിയ സ്ഥിതിക്ക്, നിലവിലുള്ള കൈമാറ്റ പ്രക്രിയ നിര്‍ത്തിവെച്ചു.
ഈ തലവേദനയ്ക്കിടയിലേക്കാണ് മറ്റൊരു സ്ത്രീകൂടി വന്ന് മകളാണെന്ന് പറഞ്ഞ് ബംഗ്ലാവില്‍ അവകാശം ചോദിച്ചത്. ഇതോടെ ഉദ്യോഗസ്ഥര്‍ ആശയക്കുഴപ്പത്തിന്റെ നടുക്കടലിലായി. ഹരിശങ്കര്‍ മിശ്രയുടെ മകളാണെന്നും കുഷിനഗറിലുള്ള തന്റെ അമ്മയെ അദ്ദേഹം നിയമപരമായി വിവാഹം ചെയ്തതാണെന്നും അവകാശപ്പെട്ടാണ് മൂന്നാമത്തെ സ്ത്രീ രംഗത്തെത്തിയത്. അനന്തരാവകാശത്തിന് അവകാശികള്‍ വീണ്ടും കൂടി.
മൂവരുടെയും അവകാശവാദങ്ങളും അവര്‍ സമര്‍പ്പിച്ച തെളിവുരേഖകളും പരിശോധനയുടെ ഘട്ടത്തിലാണ് ഉള്ളതെന്നാണ് നോയിഡയിലെ ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തി രേഖകളുടെ ആധികാരികത അടിസ്ഥാനമാക്കി, സ്വത്ത് ശരിയായ അവകാശികള്‍ക്ക് നല്‍കുമെന്നാണ് ഇവര്‍ നല്കുന്ന ഉറപ്പ്. അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക്, ഉചിതമായ നടപടി കൈക്കൊള്ളുമെന്ന് നോയിഡ അതോറിറ്റിയുടെ അഡിഷണല്‍ ജനറല്‍ മാനേജര്‍ വ്യക്തമാക്കി.
Content Highlights: women claim deceased ias officers luxurious noida bungalow