ഒറ്റ രാത്രികൊണ്ട് നേടിയത് 3700 കോടി, ഇനി ആയുസ് നാല് മാസം മാത്രം; കുടുംബം സുരക്ഷിതമായതില്‍ ആശ്വാസം

ലോട്ടറി ടിക്കറ്റെടുത്ത് ഒറ്റ രാത്രികൊണ്ട് കോടീശ്വരന്‍മാരാകുന്നവരുടെ കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ആ ഭാഗ്യത്തിനായി കാത്തിരിക്കുന്നവരും ഒട്ടേറെപ്പേരുണ്ട്. യുഎസില്‍ 1.8 ബില്ല്യണ്‍ ഡോളറിന്റെ (ഏകദേശം 15000 കോടി രൂപ) പവര്‍ബോള്‍ നറുക്കെടുപ്പ് നടന്നിരിക്കുകയാണ്. മിസൗറിയിലേയും ടെക്‌സാസിലേയും ടിക്കറ്റുകളാണ് ഇത്തവണ സമ്മാനം നേടിയിരിക്കുന്നത്.
എന്നാല്‍ കഴിഞ്ഞ വര്‍ഷം 1.3 ബില്ല്യണ്‍ ഡോളറിന്റെ (ഏകദേശം 11000 കോടി രൂപ) പവര്‍ബോള്‍ ജാക്ക്‌പോട്ട് നേടിയ ചെങ് ചാര്‍ലി സെയ്ഫാന്റെ ജീവിതം അത്ര സുഖകരമല്ല. ആ ഭാഗ്യം ആസ്വദിക്കുന്നതിന് മുമ്പ് ആയുസ് അവസാനിക്കുമെന്ന പേടിയിലാണ് ഇപ്പോള്‍ ചെങ് ചാര്‍ലിയുടെ ജീവിതം.
ലാവോസില്‍ ജനിച്ച് അഭയാര്‍ത്ഥി ക്യാമ്പില്‍ വളര്‍ന്ന് അദ്ദേഹം 1994-ലാണ് അമേരിക്കയിലെത്തുന്നത്. ഇപ്പോള്‍ ഒറിഗോണിലെ പോര്‍ട്ട്‌ലാന്‍ഡിലാണ് താമസം. അന്ന് മൂന്ന് വിജയികളില്‍ ഒരാളായിരുന്ന ചെങ് ചാര്‍ലിക്ക് നികുതി കഴിച്ച് 422 മില്ല്യണ്‍ ഡോളറാണ് (ഏകദേശം 3700 കോടി രൂപ) ലഭിച്ചത്. അന്ന് ഭാര്യയോടും സുഹൃത്തായ ലൈസ ചാവോയോടുമൊപ്പം ചേര്‍ന്നാണ് അദ്ദേഹം വിജയ ടിക്കറ്റ് വാങ്ങിയത്.
എന്നാല്‍ അദ്ദേഹത്തിന് അത് ആസ്വദിക്കാനുള്ള അവസരമുണ്ടായില്ല. ജാക്ക്‌പോട്ട് നേടുമ്പോള്‍ ചെങ് ചാര്‍ലി കാന്‍സര്‍ ബാധിതനായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാന്‍സര്‍ കൂടുതല്‍ ശരീരഭാഗങ്ങളിലേക്ക് വ്യാപിച്ചു. ഇനി നാല് മാസത്തെ ആയുസ് മാത്രമാണ് അദ്ദേഹത്തിനുള്ളൂവെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കുടുംബത്തെ സംരക്ഷിക്കുമെന്നും കാന്‍സര്‍ ചികിത്സിക്കാന്‍ മികച്ച ഡോക്ടറെ കണ്ടെത്തുമെന്നുമാണ് അന്ന് ജാക്ക്‌പോട്ട് നേടിയപ്പോള്‍ ചെങ് ചാര്‍ലി പറഞ്ഞിരുന്നത്. അതുപോലെ മികച്ച ചികിത്സ നേടിയെങ്കിലും മാറ്റമൊന്നുമുണ്ടായില്ല. കുടുംബത്തിന് ജീവിക്കാനായുള്ള പണത്തിന് ഇനി ബുദ്ധിമുട്ടേണ്ടി വരില്ല എന്നത് മാത്രമാണ് അദ്ദേഹത്തെ ആശ്വസിപ്പിക്കുന്ന ഏക കാര്യം. പണത്തെ കുറിച്ച് ആലോചിച്ച് വിഷമിക്കുന്നില്ലെന്നും കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും ശരിയാക്കിയിട്ടുണ്ടെന്നും ചെങ് ചാര്‍ലി പറയുന്നു.
Content Highlights: winner of last year powerball jackpot has only 4 months left to live